എന്തോന്നാ ഇച്ചായ ഇത് എല്ലാരും അവിടെ തകർക്കുമ്പോ നിങ്ങൾ എന്നതിനാ ഇവിടിരുന്നു കൊതുക് കടി കൊള്ളുന്നത്…

രചന: സുമയ്യ ബീഗം TA

ഇച്ചായ…………

എന്നതിനാടി രാവിലെ കിടന്നു കൂവുന്നത് ?

ദേ മനുഷ്യ നിങ്ങളിവിടെ എന്നകണ്ടോണ്ടു ഇരിക്കുക ?

കർത്താവെ സരള തൂക്കുന്നതും ഞാൻ നോക്കുന്നതും ഇവള് കണ്ടോ…

ഒന്നുമില്ല ഞാൻ ഇവിടെ ചുമ്മാ അകത്തു ചൂടായതുകൊണ്ടു കുറച്ചു കാറ്റുകൊള്ളാമെന്നു കരുതി.

ദേ ഇങ്ങൊന്നു വന്നേ.

എന്നാടി ?

നിങ്ങളീ ഫാനിലോട്ടു നോക്കിക്കേ എന്തോരം പൊടിയ ഇതൊന്നു ക്ലീനാക്കുവാണേൽ കുഞ്ഞുങ്ങടെ അല്ലർജി പകുതി മാറും ഇല്ലേൽ ഉണ്ടാക്കുന്നതുമൊത്തം സൂപ്പർസ്പെഷ്യലിറ്റിക്കാര് കൊണ്ടുപോകും..

നിനക്കങ്ങു ചെയ്തുകൂടെ ?

എന്ന ഈ കുഞ്ഞിനെ രണ്ടുമണിക്കൂർ നോക്ക് ഞാൻ ചെയ്യാം.

മിശിഹായെ നീ ചുമന്നതിലും വലിയ ഒരു കുരിശാണ് ഇവൾ അതു ചുമന്നു നടുവൊടിയാറായപ്പോൾ ആണ് അടുത്തത് രണ്ടുവയസ്സേ ഉള്ളെങ്കിലും കുരുത്തക്കേടിന്റെ കാര്യത്തിൽ ഇളയസന്താനം വല്യപ്പനാ.. ഇവനെ നോക്കുന്നതിലും ഭേദം ഈ വീട് കൂടാതെ ഈ പഞ്ചായത്തിലെ മൊത്തം വീടും വൃത്തിയാക്കുന്നതാ..

ടി പത്രം വായന കഴിഞ്ഞാൽ ഉടൻ ഞാൻ ക്ലീനിങ് തുടങ്ങും. അപ്പോൾ നീയും മക്കളും ഏതേലും ഒരു റൂമിൽ കേറി കതകടച്ചു ഫ്രീയായി ഇരുന്നോണം കേട്ടോ…

അയ്യടാ സുഖിപ്പിക്കണ്ട ഇന്നും നടക്കില്ലെന്നു മനസിലായി..

കഴിഞ്ഞ പൂരത്തിനിടഞ്ഞ രവിയുടെ പിടിയാന ഇവടെത്രേം വരില്ല എന്നോർത്തു പത്രം മറിക്കവേ ഒരു ഫോട്ടോയിൽ കണ്ണുടക്കി. ‘നാൻസി ‘

………….

അല്ല ഇച്ചായ എന്താപ്പോ വീട്ടിലോട്ടു പെട്ടന്നൊരു യാത്ര..അപ്പച്ചനെയും അമ്മച്ചിയേയും വിളിച്ചപ്പോൾ എല്ലാരും സുഖമായി ഇരിക്കുന്നു.. പിന്നെ എന്നാ പറ്റി. ?

ഞാൻ പറയാടി വീട്ടിൽ ചെല്ലട്ടെ.

സസ്പെൻസ് ആണോ ?

ഡ്രൈവ് ചെയ്യുമ്പോൾ കലപില വെക്കാതെ മിണ്ടാതിരിക്കുന്നുണ്ടോ ?അറിയാണ്ട് ചൂടായിപ്പോയി.

ഇങ്ങേർക്കെന്തിന്റെ കേടാ ചുമ്മാ കലിപ്പിക്കുകാണാല്ലോ ?

പിന്നെ ഒന്നും മിണ്ടാതെ സൂസനും മക്കളും ഒരു ചെറുമയക്കം കഴിഞ്ഞു ഉണരവെ വീടെത്തി.

അപ്പച്ചനും അമ്മച്ചിയും അപ്രതീക്ഷിതമായി വിരുന്നെത്തിയ മകനെയും കുടുംബത്തെയും സൽക്കരിച്ചു സന്തോഷിക്കുമ്പോളും ചാൾസ് മൗനത്തിലായിരുന്നു.

സന്ധ്യക്ക്‌ മാവിൽ ചോട്ടിൽ ചാരുകസേരയിൽ മലർന്നുകിടക്കെ ഓർമയിൽ ഒരു മഞ്ഞ മന്ദാരം നാൻസി….

പതിഞ്ഞ നടത്തം അലക്ഷ്യമായ മിഴികൾ നീണ്ട മുടി, പാലപ്പൂവിന്റെ നിറം..ബഹളങ്ങളില്ലാത്തൊരു അന്തർമുഖി..കോളേജിൽ ചെന്ന ആദ്യ ആഴ്ച തന്നെ ഞാൻ അവളിൽ വീണുപോയി. പിന്നെ പഠിച്ചതും പഠിക്കാത്തതുമായ എല്ലാ പണിയും പയറ്റി വളച്ചെടുത്തപ്പോൾ യുദ്ധം ജയിച്ച രാജാവായി..

മൂന്നുവർഷം പ്രണയിച്ചു.. ഇന്നത്തെ പോലെ മൊബൈലും ഇന്റർനെറ്റും സുലഭമാകതിരുന്നതിനാൽ ശരീരം കൊണ്ടു പ്രേമിച്ചില്ല പ്രേമിച്ചതു മൊത്തം മനസുകൊണ്ടായിരുന്നു….

അവധി ദിവസങ്ങളിൽ കൂട്ടുകാരന്റെ പഴഞ്ചൻ ബൈക്കിൽ അവടെ വീടിനു മുമ്പിലൂടെ ഒരു നോക്ക് കാണാൻ കൊതിച്ചു വെറുതെ അങ്ങോട്ടും ഇങ്ങോട്ടും പ്രദിക്ഷിണം വെച്ചു..

കോളേജ് ഇടനാഴിയിൽ ആ വിരൽത്തുമ്പിൽ തൊടാൻ കൊതിച്ചു കാത്തിരുന്നു.

ആരുമില്ലാതിരുന്ന ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിൽ വെച്ചു ഒരുമ്മ ചോദിച്ചപ്പോൾ ഒരു നുള്ള് തന്നവൾ ഓടിമറഞ്ഞു..

പാവമായിരുന്നു പാരിജാതം പോലെ മന്ദാരം പോലെ മുല്ലപ്പൂ പോലെ….

എന്തോന്നാ ഇച്ചായ ഇത് എല്ലാരും അവിടെ തകർക്കുമ്പോ നിങ്ങൾ എന്നതിനാ ഇവിടിരുന്നു കൊതുക് കടി കൊള്ളുന്നത്…

ടി സൂസമ്മോ?

എന്ന ഇച്ചായ.

അവൾ മരിച്ചുപോയെടി, നാൻസി !

ഏതു നിങ്ങളുടെ നാൻസിയോ ?

എന്റെ അല്ല ഞാൻ ഒരിക്കൽ സ്നേഹിച്ചിരുന്ന നാൻസി.

കർത്താവെ അതിനെന്ന പറ്റിയതാ. ?

കൂടുതൽ ഒന്നും തിരക്കിയില്ല ഇന്ന് പത്രത്തിൽ കണ്ടു നാളെ അടക്കും അതാ ഞാൻ ഇങ്ങോട്ട് വന്നത്.

പറഞ്ഞപ്പോൾ തൊണ്ട ഇടറുക മാത്രല്ല കണ്ണും നിറഞ്ഞു.

ഡി ഞാൻ നാളെ അവളെ പോയൊന്നു കണ്ടോട്ടേടി..

എന്നതാ ഇച്ചായ ഇത്….

തൊട്ടടുത്ത കസേരയിൽ വന്നിരുന്നു അവൾ തോളിലേക്ക് ചാഞ്ഞു.
അല്ലേലും ഇവളുമാരൊക്കെ ഇത്രേം ഉള്ളൂ പുരുഷന്മാരെ പോലല്ല എന്തും അവരെ പെട്ടന്നു തളർത്തും..വെള്ളയുടുപ്പണിഞ്ഞു നെറ്റിയിൽ പുഷ്പ്പകിരീടം ചൂടി അതിസുന്ദരിയായി, ശാന്തമായി അവൾ നാൻസി മയങ്ങുന്നു..കരഞ്ഞു തളർന്നു അവളുടെ മാറിലേക്ക് വീണു അവളുടെ കെട്ടിയോൻ അന്ത്യ ചുംബനം നൽകിയപ്പോൾ കൂടിനിന്നവരെല്ലാം കരഞ്ഞു..

എന്റെ കയ്യിലെ സൂസന്റെ പിടുത്തം മുറുകുന്നു നോക്കുമ്പോൾ അവൾ ഏങ്ങലടിച്ചു കരയുകയാണ്.

പിള്ളേരില്ലാരുന്നു ഈ കൊച്ചിന്. വയറ്റിൽ ക്യാൻസർ ആരുന്നു കേട്ടോ അറിഞ്ഞപ്പോൾ വൈകിപ്പോയി, രക്ഷിക്കാൻ പറ്റിയില്ല. ആരോ ആരോടോ പറയുന്ന കേട്ടു..

രണ്ടു സഭക്കാരായതിനാൽ ഒരുകാലത്തും സമ്മതിക്കില്ലെന്ന നാൻസിയുടെ അപ്പച്ചന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ സ്വതവേ ആരെയും എതിർക്കാനുള്ള ശേഷി ഇല്ലാത്തവൾ സമ്മതിച്ചുകൊടുത്തപ്പോൾ വെറുക്കാൻ തോന്നിയില്ല എല്ലാ ആശംസകളും നൽകി യാത്ര പറഞ്ഞു പിരിഞ്ഞു…

അന്ന് പ്രണയത്തേക്കാൾ വലുതായിരുന്നു മാതാപിതാക്കൾ വിശ്വാസങ്ങൾ സമൂഹം ജീവിതം ഉദ്യോഗം..

അങ്ങനൊരു കോളേജ് പ്രണയം അന്നത്തെകാലത്തു എല്ലാവരുടെയും പഴയ ഡയറി കുറിപ്പുകളിൽ നിറം മങ്ങി അക്ഷരങ്ങൾ മാഞ്ഞു കിടന്നിരുന്നു…ഇതും അതിൽ ഒന്നായി…

ആരോ വെച്ച റീത്തിലെ ചുവന്ന പൂക്കൾ കണ്ടപ്പോൾ വിളിച്ചുപറയണമെന്നു തോന്നി അവൾ അതിഷ്ടപ്പെടില്ല.അവളുടെ സ്വപ്നങ്ങളിലൊന്നിലും കടും നിറങ്ങളോ തീക്ഷ്ണ വികാരങ്ങളോ ഉണ്ടായിരുന്നില്ല..അവൾക്കു ചേരുക നിലാവുപോലത്തെ വെള്ളപ്പൂക്കളാണ് ഇല്ലേൽ ഇളം മഞ്ഞ.

നാൻസിയുടെ ശവമടക്ക് കഴിഞ്ഞു തിരിച്ചുള്ള യാത്രയിൽ കാറിലെ മാതാവിന്റെ മുഖം നാൻസിയുടെ പോലെ.മാതാവ് പറയുന്നു, മകനെ ചാൾസ്‌, അന്ന് നിന്നെ ഞാൻ നോവിച്ചതു ഇത്രേം വല്യൊരു വേദന താങ്ങാനുള്ള കരുത്തു നിനക്കില്ലന്നറിഞ്ഞു കൊണ്ടാണ്…

ശെരിയാണ് ഒന്നാകുന്നതിനു മുന്നേ പിരിച്ച ദൈവമേ നീ വലിയവൻ…..

രാത്രി സൂസൻ നെഞ്ചത്ത് കിടന്നു മയങ്ങുമ്പോൾ അവളില്ലാത്തൊരു രാത്രി മിന്നൽ പോലെ മനസിലേക്കോടിയെത്തി…ഇല്ല ചിന്തിക്കാൻ പോലും പറ്റുന്നില്ല…. പാവം നാൻസിയുടെ ഭർത്താവ്…..

കാറുമൂടിയ പകലൊന്നു കറുത്തു പേമാരി പെയ്തു, ശാന്തമായി ഉണർന്നു അടുത്ത പ്രഭാതത്തിനായി