പൂവാലൻ
രചന: Vijay Lalitwilloli Sathya
ശേഖരൻ മുതലാളി തന്റെ പുതിയ ഫോർച്ചുണർ കാർ എടുത്തു പുറത്തിറങ്ങി….
നമ്പർ പ്ലെറ്റ് പിടിപ്പിക്കണം .R T O ഓഫീസിൽ രൂപ പതിനായിരം കൊടുത്തു ഇഷ്ടമുള്ള നമ്പർ തന്നെ എടുത്തത്താണ് ഇന്നലെ.
ഏറ്റവും നല്ല മണമുള്ള ഇന്റീരിയർ സ്പ്രൈ എക്സ്പോർട്ട് ക്വാളിറ്റിയുള്ളതു ഈ പ്രാവശ്യം കൊണ്ട് വന്നിരുന്നു .
അതു മുഴുവനും കാറിൽ അടിച്ചു പിടിപ്പിച്ചിട്ടിട്ടുണ്ട് .
അയാൾ ആലോചിച്ചു..എത്ര പാവങ്ങളാണ് മുക്കാൽ ചക്രം കൈയിൽ ഇല്ലാണ്ട് തെണ്ടി നടക്കുന്നത് ഈ ലോകത്ത്…!
ഇവിടെ സ്വന്തമായി വീടില്ലാത്ത എത്ര ജന്മങ്ങൾ അലയുന്നു .
സ്വന്തമായി വാഹനമോ .കുടുംബമോ ,ഭാര്യയോ മക്കളോ ഇല്ലാത്ത എത്ര മനുഷ്യരാണ് ലോകം ഒട്ടുക്കും…
ഓർക്കുമ്പോൾ ശേഖരൻ മുതലാളി തന്നെത്താൻ അഹങ്കാരം വർദ്ധിച്ചു .
തനിക്കു വേണ്ടി കാലം എന്തൊക്കെയാണ് ഒരുക്കിത്തന്നത് ഇപ്പോഴും നല്ല ആരോഗ്യം ഉള്ള അപ്പനും അമ്മയും .സുന്ദരികളിൽ സുന്ദരിയായ ഭാര്യ കുസുമം. മൂന്നു കുട്ടികൾ!
രണ്ടു പെണ്ണും ഒരാണും…!
മൂത്തതും അതിന്റെ ഇളയത്തും പെണ്ണാണ് .
അപ്പോൾ ഒരാണിന് ആശിച്ചു അതു കിട്ടി..
മൂത്തവൾ ശ്രേയ ശേഖർ പ്ലസ് ടു വിനു പഠിക്കുന്നു .
അതിനു താഴെയുള്ളവൾ ശ്രീശ ശേഖർ ഏഴില് പഠിക്കുന്നു .
ആൺകുട്ടി അച്യുത് നെ അടുത്ത വർഷം കിന്റർ ഗാർഡനിൽ ചേർക്കാൻ ഉള്ളതാണ്..
അഞ്ചേക്കർ വളപ്പിൽ വലിയ വീട്…..!
അനിയന്മാർക്കും പെങ്ങൾമാറും വേറെ പുരയിടവും സൗകര്യങ്ങളും .
ഏതായാലും തന്റെ അപ്പൻ ചാത്തൂട്ടി ആശന്റെ കഠിന പ്രയത്നം കാരണം ഒരു പാട് സമ്പത്തു കുടുബത്തിൽ ഉണ്ടായിരുന്നു .
കുടുബം നന്നായി പോകുന്നു .അതിനിടയിൽ താനും മൈഗ്രേറ്റ് ചെയ്തു സൂപ്പർ മാർക്കറ്റ് തുടങ്ങി…!
അതിൽ നിന്നും പിന്നെ കടല് പോലെ സമ്പാദ്യം തന്റെ കൈയിൽ കുമിഞ്ഞു കൂടി..! അയാൾ ചിന്തിച്ചു
ഇതൊക്കെ സത്യമാണ്.. ഇതൊക്കെ തന്ന ദൈവത്തോട് നന്ദി പറഞ്ഞിട്ട് ആയിരുന്നെങ്കിൽ അതിനൊരു മര്യാദ ഉണ്ടാകുമായിരുന്നു..
ഏതായാലും ശേഖരൻ മുതലാളി നമ്പർ പ്ലേറ്റ് പിടിപ്പിച്ചു തിരിച്ചു വരവേ ഉറ്റ സുഹൃത്ത് ദാമു തന്റെ മൈബൈലിൽ വിളിക്കുന്നു.
” ഷമീറിന്റെ നിക്കാഹിനു വരുന്നില്ലേ ശേഖരേട്ടാ.. “
” വരുന്നില്ലേ എന്നോ ഇത നല്ല കഥ വരൂന്നു ..
വൈകിട്ട് ഞാൻ നിന്റെ വിട്ടിൽ വരാം ഇന്നു നമുക്ക് എന്റെ ഫോർച്യൂണർ വണ്ടിയിൽ പോകാം എന്തെ? “
ശേഖരൻ മുതലാളി പറഞ്ഞു ചോദിച്ചു
“ഓക്കേ അങ്ങനെയാവട്ടെ ശേഖരട്ടാ..”
“അപ്പോൾ ശേഖരേട്ടന്റെ പാസ്പോർട്ട് പോയത്… പോയത് തന്നെ അല്ലേ “
“അതിന്റെ ഒരു വിവരവും ഇല്ല ദാമു ..”
സന്തോഷത്തിലും ശേഖരൻ മുതലാളിയുടെ ഒരു ദുഃഖം എന്തെന്നാൽ ,ഇപ്രാവശ്യം വരുമ്പോൾ നെടുമ്പശ്ശേരി എയർപോർട്ടിൽ വെച്ച് പാസ്‌പോർട്ടും മറ്റു രേഖകൾ അടങ്ങിയ ഒരു ബാഗ് മറന്നു വെച്ചു .
തിരിച്ചു ചെന്നിട്ട് അന്വേഷിച്ചപ്പോൾ എല്ലാവരും കൈ മലർത്തി!
CCTV യിൽ നോക്കിയപ്പോൾ ആരോ എടുത്തു കൊണ്ട് പോകുന്നത് കണ്ടു എന്നുമാത്രം എയർപോർട്ട് അധികൃതർ പറഞ്ഞു..!
കിട്ടിയാൽ വിവരം അറിയിക്കാം .അഡ്രെസ്സ് നൽകാനും പറഞ്ഞതനുസരിച്ച് അഡ്രെസും കൊടുത്തു ഇങ്ങു പോന്നു .
ഇനിയെല്ലാം ശേഖരൻ മുതലാളിക്ക് എല്ലാം നൽകിയ കാലത്തിന്റെ കൈയിൽ …
“നീ വൈകിട്ട് റെഡി ആയി നില്ക്കു…കുറെ നാളായി ഒരു കല്യാണം കൂടിട്ടു നാട്ടിലെ “
ശേഖരൻ മുതലാളി ദാമുവിനോട് പറഞ്ഞു
“ഓക്കേ ശേഖരേട്ടൻ വൈകിട്ട് പോരൂ “
ദാമു സമ്മതിച്ചു .
തിരിച്ചു വീട്ടിലേക്കു വണ്ടിയിൽ വരുമ്പോൾ ;വീടിനടുത്തുള്ള വഴിയിലിലൂടെ മകൾ ശ്രേയ ക്ലാസ്സ് കഴിഞ്ഞു നടന്നു വരുന്നു .
അവൾ വീടിന്റെ ഗേറ്റിനടുത്തു എത്തി .
അപ്പോഴേക്കും ശേഖരൻ മുതലാളിക്ക് വീണ്ടും മൊബൈലിൽ കാൾ വന്നു .
അയാൾ ഫോണിൽ സംസാരിച്ചു കൊണ്ട് സ്വന്തം വീടിന്റെ ഗേറ്റിനു സമീപത്തു ഓരം ചേർത്ത് വണ്ടി നിർത്തി..
അവിടെവെച്ച് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു..
പെട്ടെന്ന് രണ്ടു ബൈക്കിൽ നാലു മുതിർന്ന സ്കൂൾ കുട്ടികൾ ഗേറ്റിനു സമീപത്തു വന്നു നിന്നു…!
കുറച്ച് സമയം അവിടെ കറങ്ങുന്നതു ശേഖരൻ മുതലാളി കാറിനകത്തു നിന്ന് കണ്ടു
ആ പിള്ളേർ കാറിനകത്ത് ഉള്ള അയാളെ ശ്രദ്ധിച്ചില്ല..
പിള്ളേര് തന്നെ കണ്ടിട്ടില്ല അയാൾക്ക് മനസിലായി..
പൂവാലന്മാർ ആണിത്…!
തന്റെ മകളുടെ പിറകെ കൂടിയവർ…! പാവം പെൺകുട്ടികൾ ഇപ്പോൾ എവിടെ തിരിഞ്ഞാലും അവിടെ ഇവറ്റകൾ കാണും..!
വായ്‌നോക്കാനും വഴിതെറ്റിക്കാനും…!
ദേഷ്യം കൊണ്ട് ശേഖരൻ മുതലാളി കാറിന്റെ ഡോർതുറന്നു ശബ്‌ദം വെച്ച് തെറി വിളിച്ചു അവരെ പിടിക്കാൻ ഓടിയടുത്തു..
കാറിൽ നിന്നും പടകുതിരയെ പോലെ ഒരു ഭീകരൻ വരുന്നത് കണ്ടു പിള്ളാരിലൊരുവൻ വിളിച്ചു പറഞ്ഞു .
“ദേണ്ടേ ശ്രേയയുടെ അപ്പൻ ഓടിക്കോ ടാ..”
പിള്ളേർ ബൈക്കിൽ പാഞ്ഞു കയറി ഞൊടിയിടയിൽ സ്ഥലം വിട്ടു .
ശേഖരൻ മുതലാളി അണച്ചുകൊണ്ട് പിള്ളാര് പോയ വഴി നോക്കി കുറെ ത ന്തയ്ക്കും ത ള്ളയ്ക്കും വിളിച്ചു കലി തീർത്തു .
വീണ്ടും കാറിനകത്തു കയറാനൊരുങ്ങുമ്പോൾ വേറൊരുത്തൻ ബൈക്കിൽ വന്നു തന്റെ ഗേറ്റിൽ എത്തിനോക്കുന്നതു കണ്ടു…!
കൊള്ളാമല്ലോ…ഇത്തവണ വന്നവൻ ഒറ്റയ്ക്കാണ് .ഇവന്മാരിൽ ഒരുത്തനെയെങ്കിലും പിടികൂടിയെ പറ്റൂ . ശേഖരൻ മുതലാളി ഉറച്ചു.
ബൈക്കിൽ വന്ന ആ പയ്യൻ പെട്ടെന്ന് പൊയ്ക്കളഞ്ഞു..!
അവൻ തന്നെ കണ്ടു വേഗം അവിടന്നു കടന്നു കളഞ്ഞതായി തോന്നി..
ഇനി ആരെങ്കിലും വന്നാൽ മിസ്സ് ആകാതെ നോക്കണം…
തന്നെ കാണേണ്ട കാറിനകത്തു ഇരിക്കാം..
അപ്പോഴതാ അതാ വീണ്ടും ഒറ്റയ്ക്ക് വന്നു ഒരു പയ്യൻ ഗേറ്റിനു സമീപം നിൽക്കുന്നു…
ഇപ്രാവശ്യം കൈയിൽ ഒരു തുണ്ട് പേപ്പറിൽ എന്തോ എഴുതുന്നു
‘ലൗ ലെറ്റെറോ? ‘
‘ഫോൺ നമ്പറോ’
രണ്ടിലൊന്നാണ് ആദ്യം തന്നെ വളയ്ക്കാൻ ആയി പെൺകുട്ടികൾക്ക് ഇവർ മുഖ്യമായും കൈമാറുക.. ശേഖരൻ മുതലാളിക്കു അതറിയാം..!
ശബ്‌ദമില്ലാതെ കാറിന്റെ ഡോർ തുറന്നു…!
പയ്യൻ വീണ്ടും ഗേറ്റിനു വിടവിലൂടെ അയാളുടെ വീട്ടിലേക്കു നോക്കുകയാണ് .
അയാൾ പതുക്കെപ്പതുക്കെ പിന്നിലൂടെ ചെന്നു പയ്യന്റെ കോളറിൽ കടന്നു പിടിച്ചു.
തുടർന്ന് മലർത്തി അടിച്ചു നിലത്തു കിടത്തി.
അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ ശേഖരൻ മുതലാളിയുടെ ഇര നിലംപരിശായി..!
അയാൾ അവനെ പൊക്കിയെടുത്തു ഗേറ്റിനു സമീപമുള്ള ഇലക്ട്രിക് പോസ്റ്റിൽ നിർത്തി..
അപ്പോഴേക്കും പൂവാലനെ പിടിച്ചത് കണ്ട കുറെ നാട്ടുകാർ ഓടിക്കൂടി.!
അതിൽ ഒരുവൻ കയറുകൊണ്ട് പൂവാലനെ പോസ്റ്റിൽ കൈ പിറകിൽ ചേർത്ത് കെട്ടി..
പിന്നെ അടിയുടെ പൂരമായിരുന്നു .എന്താണ് സംഭവിക്കുന്നതറിയാണ്ട് പാവം പയ്യൻ വിരണ്ട മുഖഭാവത്തോടെ നിന്ന് വിറച്ചു..
അടികൊണ്ടു അവന്റെ ചുണ്ടും നാവും പൊട്ടി ചോരയൊഴുകാൻ തുടങ്ങി .കലിയടങ്ങാണ്ട് ശേഖരൻ മുതലാളി കാലിലെ ചെരുപ്പ് ഊരി പയ്യന്റെ മൂക്ക് തകർത്തു..
ഇതൊക്കെ നാട്ടുകാർ പലരും സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ടോണ്ടിരുന്നു
‘വിടരുത്’ ,’ചവിട്ടികൂട്ടണം’ ,’കഥകഴിക്കണം, ‘പെണ്പിള്ളാരുടെ ഭാവി തകർക്കുന്നവനെ വെച്ചേക്കരുത്’, ഇമ്മാതിരി ലൈവിന് നല്ല കമെന്റ് കിട്ടികൊണ്ടിരുന്നു . ശേഖരൻ മുതലാളി കാറിനകത്തു നിന്നും പെട്രോൾ കുപ്പിയെടുത്തു പയ്യന്റെ ബാഗിന് തീയിട്ടു..
‘ഇവനെ പോലുള്ളവർ ഇനി പഠിക്കേണ്ട ‘
തീയാളുമ്പോൾ ശേഖരൻ മുതലാളി പറയുന്നത് കേട്ടു അവിടെ കൂടിയവർ കൈയടിച്ചു .
പൂവാലനെ ലൈവ് ആയി ചവിട്ടി തേക്കുന്ന വാർത്ത ആരൊക്കെയോ അറിഞ്ഞു !
അവന്റെ അമ്മ അലമുറയിട്ടു കരയാൻ തുടങ്ങി .
“അവനെപ്പഴാണ് പൂവാലനായത് ,ആരുടെയൊക്കെ കയ്യും കാലും പിടിച്ചു അവനെ ഇന്ന് ഒരു ജോലിക്ക് വിട്ടതായിരുന്നല്ലോ എന്റെ ദൈവമേ..”
പൂവാലനെ കെട്ടിയിട്ടു മർദ്ധിക്കുന്നിടത്തു ഒരു ജീപ്പ് വന്നു നിൽക്കുന്നു .രണ്ടു പേര് ചാടിയിറങ്ങി..
നാട്ടുകാർ കരുതിയത് പോലീസ്കാർ എന്നാണ് .ജീപ്പിൽ നിന്നും ഇറങ്ങിയ ഒരാൾ ചോദിച്ചു
“ആരാ ഇതിൽ ശേഖരൻ..?”
“ഞാനാ “
ശേഖര മുതലാളി കൂസലില്ലാതെ നെഞ്ചും വിടർത്തി അവർക്ക് മുന്നിൽ വന്നു നിന്നു പറഞ്ഞു.
“നിങ്ങൾ പൂവാലനാണെന്നും പറഞ്ഞു കെട്ടിയിടുകയും മർദിക്കുകയും ചെയ്തത് സ്പീഡ് മെയിൽ എന്നുപറയുന്ന കൊറിയർ സെർവീസിfലെ ഞങ്ങളുടെ സ്റ്റാഫിനെ ആണ്…”
“ങേ “
“നിങ്ങൾ കാര്യമറിയാതെയാണ് ഈ പാവത്തിനെ മൃതപ്രായനാക്കിയത് .”
അപ്പോൾ കൂടിനിന്ന മർദ്ദിച്ചവർ അമ്പരന്നു ചോദിച്ചു .
“അവനു പറയാമായിരുന്നില്ലേ “
“നിങ്ങൾ കണ്ടവർ കണ്ടവർ വന്നു കലിതീർത്തതല്ലാണ്ട് ഇവനോട് എന്തെങ്കിലും ചോദിച്ചു നോക്കിയോ ..
.ഹേ മനുഷ്യരെ നിങ്ങൾ ചോദിച്ചാൽ പോലും അവനൊന്നും പറയാൻ പോണില്ല .കാരണം അവനൊരു ഊമയാണ് .അവനെന്തെങ്കിലും പറയാനുള്ള ആ രണ്ടു കൈയാണ് നിങ്ങൾ പിന്നിൽ ചേർത്ത് പോസ്റ്റിനു കെട്ടിയിട്ടിരിക്കുന്നത്…..അവനു ആംഗ്യ ഭാഷയിൽ മാത്രമേ കാര്യങ്ങൾ പറയുള്ളൂ…!”
“കഷ്ടം അയ്യോ മോശമായിപ്പോയി”
തല്ലി കലിപ്പ് തീർത്തവർ തലകുമ്പിട്ടു അങ്ങനെ പറഞ്ഞു..
പോസ്റ്റിൽ കെട്ടിയിരിക്കുന്ന അവനെ തലോടിക്കൊണ്ട്ആ കമ്പനിക്കാർ തുടർന്ന് പറഞ്ഞു
“അപ്പു എന്നാണ് ഇവന്റെ പേര് .അവന്റെ അമ്മ കമ്പനിയിൽ വന്നു കരഞ്ഞു പറഞ്ഞത് കൊണ്ടാണ് അവനെ പോലെ പരിമിതിയുള്ള ആളായിട്ട് കൂടി കമ്പനി ജോലിക്കെടുത്ത്… ഇവിടെ ശേഖർ എന്ന ആൾക്കുള്ള പാർസൽ കൊണ്ടാണ് അവൻ വന്നത് .”
ആൾക്കൂട്ട കൊലപാതകത്തിന് ഒതുങ്ങിയ നാട്ടുകാർ കുറ്റബോധത്തോടെ വേഗം കെട്ടു അഴിച്ചു മാറ്റി…!
പയ്യനെയും കൊണ്ട് കുറെ പേർ ഹോസ്പിറ്റലിൽ പാഞ്ഞു .
ആരോ ഒരാൾ മുതലാളി പെട്രോൾ ഒഴിച്ച് കത്തിച്ച പയ്യന്റെ ബാഗിന്റെ അവശിഷ്ടങ്ങൾ ചിക്കി ചികഞ്ഞു നോക്കി അപ്പോൾ കണ്ട കാഴ്ച ശേഖരൻ മുതലാളിയെ ആകെ തകർത്തു .ഞെട്ടി തരിച്ചു നിൽക്കാനേ അയാൾക്ക് ആയുള്ളൂ .
കാരണം എയർപോർട്ട് അധികൃതകർ കണ്ടു കിട്ടിയപ്പോൾ കൊറിയർ ചെയ്ത തന്റെ പാസ്‌പോർട്ടും ബിസ്സിനസ്സ് രേഖകളും ഒരു പിടി ചാരമായി മാറിയിരിക്കുന്നു.
പിന്നാലെ പോലീസ് എത്തി.. അംഗപരിമിതനെ വധിക്കാൻ ശ്രമിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു ജാമ്യമില്ലാതെ കുറേക്കാലം ജയിലിലടച്ചു
തന്റെ വീട്ടിലെ മുതലും അരിയും മുളകും മോഷ്ടിച്ചു കളയുമോ? തന്റെ വീട്ടിലെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുമോ? തന്റെ മകളെയും ഭാര്യയെയും എന്തെങ്കിലും ചെയ്തു കളയുമോ? എന്ന ആശങ്ക മൂലം കരുതലുകളും പ്രതിരോധവും ഒരു പരിധി വിട്ടു ഇപ്പോൾ വർദ്ധിച്ചു വരികയാണ്..സ്വാർത്ഥതയ്ക്ക് വേണ്ടി മുൻപിൻ നോക്കാതെയുള്ള അതിക്രമങ്ങൾ ഒരുപാട് ജീവനെടുത്തു.
കരുതലുകൾ വേണ്ടെന്ന് ആരും പറയുന്നില്ല. പക്ഷേ മുൻപിൻ നോക്കാതെയുള്ള ആൾക്കൂട്ടകൊലപാതകങ്ങൾ പോലുള്ള നടപടികളെ ഒരിക്കലും ന്യായീകരിക്കാൻ ആവില്ല… നമ്മൾക്ക്
❤❤ നന്ദി