എത്ര പറഞ്ഞിട്ടും അനുസരിക്കാത്തതിന്റെ പരിഭവം ഉണ്ടായിരുന്നു അമ്മയുടെ മുഖത്തു…

നീലശലഭങ്ങൾ ~ രചന: ഭദ്ര അനിൽ

“പോകാൻ തന്നെ തീരുമാനിച്ചോ..? “

എത്ര പറഞ്ഞിട്ടും അനുസരിക്കാത്തതിന്റെ പരിഭവം ഉണ്ടായിരുന്നു അമ്മയുടെ മുഖത്തു.

“പോണം അമ്മേ… അയാളെ ആയിരുന്നില്ലെ ഞാൻ ആദ്യം കാണേണ്ടിയിരുന്നത്.”

രണ്ടു ജോഡി ഡ്രസ്സ്‌ മടക്കി ബാഗിലേക് വച്ചു. എങ്ങോട്ടാണ് യാത്രയെന്ന് അമ്മക്ക് മാത്രമെ അറിയൂ.

“മോളെ.. അയാളെ നീ എങ്ങനെ കണ്ടു പിടിക്കും? “

“അറിയില്ല. !” അത്രയേ പറയാൻ കഴിയുമായിരുന്നുള്ളൂ. കാരണം അയാളുടെ പേരോ.. നാടോ.. രൂപമോ എനിക്ക് അറിയില്ലായിരുന്നു. പക്ഷേ… ആ ശബ്ദം.. അതെനിക്ക് പരിചിതമായിരുന്നു.

എന്താ എപ്പോഴും ഒറ്റക്ക്… എന്നും ചോദിച്ചു അടുത്ത് വന്ന അയാളോട് ആദ്യം ദേഷ്യമാണ് തോന്നിയത്.

സമാധാനമായി ഒരിടത്തു ഇരിക്കാനും സമ്മതിക്കില്ല… വന്നോളും ഓരോന്ന്. വോക്കിങ് സ്റ്റിക്നു വേണ്ടി തപ്പിയപ്പോൾ അയാളാണ് അതെടുത്തു തന്നത്.

ദേ… ഇവിടെയാണ് .

അയാളിൽ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നു അത്.

എന്തിനാ ഈ ദേഷ്യം… ആരോടാ..?

ചിന്തിക്കാതെയിരുന്നില്ല. ഞാൻ എന്തിനാണ് വെറുതെ അയാളോട് ദേഷ്യപ്പെട്ടത്.. ആൾക്കൂട്ടത്തിനു നടുവിൽ ഒറ്റക് ഇരിക്കുന്നത് കണ്ടു ചോദിച്ചതിന് ആയിരുന്നോ… അല്ല.. ഇത് അയാളോടുള്ള ദേഷ്യമല്ല.. പിന്നെ ആരോടാണ്.

സാരമില്ല പോട്ടെ.. ഞാൻ വെറുതെ ചോദിച്ചതാ.

എന്തോ… അയാളോട് കൂടുതൽ സംസാരിക്കണം എന്ന് തോന്നി. അയാളുടെ സംസാരത്തിൽ എന്തോ ഒന്ന് എന്നെ അയാളിലേക് കൂടുതൽ അടുപ്പിക്കുന്നുണ്ടായിരുന്നു. ഇരുട്ടിന്റെ ലോകത്തിൽ പെട്ടന്ന് വെളിച്ചം വന്നത് പോലെ. ഇത് വരെ കാണാത്ത പുലരിയും പൂക്കളും പല തരക്കാരായ മനുഷ്യരെയും അയാൾ എനിക്ക് പരിചയപെടുത്തി. കവിതകൾ ചൊല്ലി.എന്റെ മുന്നിലെ പാർക്കും അതിലെ ഓരോ പൊട്ടും പൊടിയും എനിക്ക് പറഞ്ഞു തന്നു. ഫ്ലാറ്റിൽ നിന്ന് കൃത്യം 25 പടികൾ.. അവിടുന്നു ഇടത്തോട്ട് പതിനഞ്ചു ചുവടുകൾ.. എപ്പോഴും മരവിച്ചു കിടക്കുന്ന ഇരുമ്പ് ഗേറ്റ് ഞാൻ തൊടുമ്പോഴേക്കും കിരു കിരാ കരഞ്ഞു കൊണ്ട് വഴി തുറക്കും. അകത്തു, ബഹളങ്ങൾ ഒഴിഞ്ഞ പേരറിയാത്ത മരച്ചുവട്ടിൽ ഒറ്റക്ക് കുറേ നേരം ഇരിക്കും. വെയിൽ വന്നു മുഖത്തടിക്കുമ്പോൾ തിരികെ ഫ്ലാറ്റിലേക്ക്. അവിടെ മകൾക് കാഴ്ചയില്ലാത്ത വേദനയിൽ പതം പറഞ്ഞു നെടുവീർപ്പിടുന്ന അമ്മ. അതായിരുന്നു എന്റെ ലോകം. ഇരുട്ട് മാത്രമുള്ള ലോകം. അവിടേക്ക് ആണ് നിസാരമായ ഒരു ചോദ്യം ചോദിച്ചു അയാൾ ഇടിച്ചു കയറിയത്.

മഴ കൊണ്ടിട്ടുണ്ടോ താൻ..?

ഹ്മ്മ്… പണ്ട്… വളരെ പണ്ട്. കുഞ്ഞായിരുന്നപ്പോൾ. പിന്നീടു ഒരു മഴ നനയാൻ സാധിച്ചിട്ടില്ല.

ഇനി നനയണം.ഞാനും കുറേ നനഞ്ഞിട്ടുണ്ട്.. നാട്ടിൽ വച്ചു. ചെറുപ്പത്തിൽ അമ്മയുടെ കയ്യും പിടിച്ചു കുറേ.. ചെമ്പിലയിൽ വെള്ളം നിറച്ചു പരൽ മീനെ പിടിച്ചു.. അങ്ങനെ അങ്ങനെ… നനഞ്ഞ മണ്ണിനു വല്ലാത്തൊരു ഗന്ധം ഉണ്ടെടോ.. അത് പലതും നമ്മളെ ഓർമിപ്പിക്കും. അയാൾ അയാളുടെ കുട്ടികാലത്തിലേക്ക് പോയി കാണണം. ഞങ്ങൾക്കിടയിൽ കുറേ നേരം മൗനം മറ തീർത്തു.

എന്താ മിണ്ടാത്തത് .?

ഒന്നുമില്ല. തനിക്കു കാഴ്ച കിട്ടാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ.?

അറിയില്ല. ഇതുവരെ അങ്ങനെ ഒന്ന് ഞാൻ ചിന്തിച്ചിരുന്നില്ലന്ന് വേണം പറയാൻ. ഇപ്പോൾ ഉള്ള താമസം തന്നെ അമ്മാവന്റെ കാരുണ്യത്തിൽ ആണ്. മകനും മരുമകൾക്കും ഒരു വേലക്കാരിയുടെ ആവശ്യം വന്നപ്പോൾ അമ്മയെ ഓർത്തു. അതുകൊണ്ട് മൂന്നു നേരം കഴിഞ്ഞു പോകുന്നു. ഇനി ഇത് കൂടി പറഞ്ഞാൽ മതി…

എന്താടോ… ഈ ലോകം തനിക്കു കാണണ്ടേ?

വേണം…പക്ഷേ..!

തന്നെ സഹായിക്കാൻ ഒരാളുണ്ട്. എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ… തനിക്കു കാഴ്ച കിട്ടിയാൽ ഇപ്പോഴത്തെ ഈ അവസ്ഥക്ക് മാറ്റം വരും.

പ്രതീക്ഷയുടെ പുത്തൻ വഴികളായിരുന്നു അയാൾ എനിക്ക് മുന്നിൽ തുറന്നത്. അവിടുന്ന് ഇങ്ങോട്ട് ദേ ഈ നിമിഷം വരെ അയാൾ ആണ് എന്റെ പ്രചോദനം. ഇനി അങ്ങോട്ടും.

നാട് അങ്ങ് ദൂരെയാഡോ..മണ്ണിന്റെയും സ്നേഹത്തിന്റെയും ഗന്ധമുള്ള ഒരു ചെറിയ ഗ്രാമം.

അത്രേ അയാളെ കുറിച്ച് പറഞ്ഞിരുന്നുള്ളൂ. പതിവായി പാർക്കിൽ എത്തുന്നവരിൽ നിന്ന് അയാളെ കുറിച്ച് ചില വിവരങ്ങൾ കിട്ടിയിരുന്നു. അത് വച്ചിട്ട് ആണ് അയാളുടെ നാട്ടിൽ.. നനഞ്ഞ മണ്ണിന്റെ മണമുള്ള സ്നേഹം നിറഞ്ഞവർ മാത്രമുള്ള വെല്ലൂർ എത്തിയത്.ചോദിച്ചറിഞ്ഞു അയാളുടെ മുന്നിൽ ചെന്നപ്പോൾ ആ മുഖത്തു അത്ഭുതമായിരുന്നു. നല്ല പൊക്കമുള്ള വെളുത്തു മെലിഞ്ഞ ചുരുണ്ട മുടിയുള്ള എപ്പോഴും പുഞ്ചിരിക്കുന്ന മനുഷ്യൻ. ലോകത്തെ ഇത്ര സുന്ദരമായി കാണുന്ന അയാളും സുന്ദരൻ അല്ലെങ്കിലെ അത്ഭുതമുള്ളു.

എങ്ങനെ എത്തി.. എന്തിനു..? അങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ.

നീല ശലഭങ്ങളെ കാണാൻ..

എന്റെ മറുപടി കേട്ട് അയാൾ കുറേ ചിരിച്ചു. പിന്നെ തൊടിയിലെക്ക് കൈ ചൂണ്ടി.

ദേ… അവിടെ കാണും.. അവ..ചിലപ്പോൾ തൊട്ടുരുമ്മി.. അല്ലെങ്കിൽ ഒന്ന് മറ്റൊന്നിനു വേണ്ടി തേൻ നുകർന്നു.. എന്റെ ചോദ്യം കേട്ടെന്ന പോലെ എവിടുന്നോ അവ എന്റെ മുന്നിൽ വന്നു. അത് പക്ഷേ അയാളുടെ മുഖത്തിനു മുന്നിലൂടെ ആയിരുന്നു പറന്നു കൊണ്ടിരുന്നത്.അപ്പോഴും അയാൾ അകലേക്ക്‌ കൈ ചൂണ്ടി കാണിച്ചു കൊണ്ടിരുന്നു.

ശെരിയാ… അവ അവിടെ തന്നെ ഉണ്ട്. . ഞാൻ കള്ളം പറഞ്ഞു. .

തന്റെ കണ്ണുകളെ ഞാൻ ഒന്ന് തൊട്ടോട്ടെ..?

എന്തിനു..?

വെറുതെ. കാണാതെ കഥ പറയുന്ന ആ കണ്ണുകളെ ഒന്ന് തൊടാൻ തോന്നി.

ഞാൻ സത്യം മനസിലാക്കി എന്നറിഞ്ഞിട്ടും അയാളിൽ ഒരു മാറ്റവും ഇല്ലായിരുന്നു.

എന്നെയും കൂടെ കൂട്ടാമോ.. ഇനിയുള്ള കഥകൾ ഞാൻ പറയാം.. എല്ലാം കണ്ടിട്ട്…അനുവദിക്കോ. ആ ചോദ്യത്തിൽ അയാൾ പതറി പോയിരിക്കണം.

ഞാൻ അന്ധനാണ്..

ഞാനും ആയിരുന്നു.. പക്ഷേ എന്നെ ലോകം കാണാൻ പ്രേരിപ്പിച്ചത് ഇയാളാണ്..

അതുകൊണ്ട്..?

ഞാൻ കാണാത്ത പലതും നിങ്ങൾ കാണുന്നുണ്ട്.. അവയൊക്കെ ഇനിയും എനിക്ക് കാണണം.

അയാൾ പതുക്കെ എന്റെ കൈ പിടിച്ചു.വിറക്കുന്ന കൈകൾ.

ഞാനില്ലേ കൂടെ… എന്ന് ചോദിച്ചു ആ നെഞ്ചോട് ചേർന്നു നിന്നു.

ഇന്ന് ഞാൻ ശെരിക്കും ഒരു നീല ശലഭതെ കണ്ടു.

എവിടെ..

ദേ.. ഇവിടെ.

ഇരു കൈകളും കൊണ്ടു എന്നെ ചേർത്ത് പിടിച്ചു.

പിന്നീടു വേണ്ടായിരുന്നു എന്ന് തോന്നോ..

ഇല്ല.. ഒരിക്കലും ഇല്ല.. ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനെ ആരെങ്കിലും കളയോ..

ആ നെഞ്ചോട് ചേർന്നു നിൽക്കുമ്പോൾ പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു. പൊടി മണ്ണിന്റെ നനുത്ത ഗന്ധം അവിടെ ആകെ നിറഞ്ഞു നിന്നു. അന്ന് വർഷങ്ങൾക്ക് ശേഷം ആ മഴ നനയ്മ്പോൾ ഞങ്ങൾക്ക് ഒപ്പം ആ നീല ശലഭങ്ങളും ഉണ്ടായിരുന്നു.