ഹേമയെ ചൂണ്ടി ആ സ്ത്രീ പറഞ്ഞത് കേട്ടതും, മറ്റ് എല്ലാവരും ചേർന്ന് ഹേമയെ ഒറ്റപ്പെടുത്തിയത് പോലെ നീങ്ങിനിന്നു..

കാർമേഘം

രചന: നിമ്മി സേവ്യർ

ഏകദേശം ,അവളെ പോലെയിരിക്കും കണ്ടാൽ ….ഹേമയെ ചൂണ്ടിക്കാണിച്ച്‌ , ബസിലെ യാത്രക്കാർ പറഞ്ഞു… പോലീസുകാരുടെ നോട്ടം, ഹേമയിലേക്ക് തിരിഞ്ഞു… തന്നെ അടിമുടി നോക്കുന്ന പോലീസുകാരെ കണ്ട് ഹേമ പേടിയോടെ നിന്നു..

ഹേമ ഒരു പിജി സ്റ്റുഡന്റ് ആണ് ..കറുത്ത നിറമായിരുന്നു ഹേമയ്ക്ക്..കോളേജിലേക്ക് പോകുകയായിരുന്നു ഹേമ..പ്രൈവറ്റ് ബസിലായിരുന്നു യാത്ര.. വിദ്യാർഥിനി ആയതുകൊണ്ട് കൺസഷൻ ആയിരുന്നു… രാവിലത്തെ നല്ല തിരക്കുണ്ടായിരുന്നു ബസിൽ .. സ്ത്രീകളുടെ സീറ്റിന്റെ അവസാനഭാഗത്ത് ആയിട്ടാണ് ഹേമ നിന്നിരുന്നത്…

ബസ്സിലെ തിരക്കുകൾ മുതലെടുക്കാൻ പലപ്പോഴും മോഷ്ടാക്കൾ ശ്രമിക്കാറുണ്ട്.. അങ്ങനെയൊരു മോഷണശ്രമം, ഹേമ പോയ ബസിലും നടന്നു … ഒരു തമിഴത്തി ആയിരുന്നു മോഷ്ടാവ് .. ബസ് യാത്രക്കാരിയുടെ ബാഗ് കീറി രൂപ എടുത്തു ..രൂപ പോയതറിഞ്ഞ യാത്രക്കാരി ബഹളം വച്ചതിനെ തുടർന്നാണ്, ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്…

സ്റ്റേഷനിലെത്തിയ ബസിൽ നിന്നും യാത്രക്കാർ ഓരോരുത്തരായി ഇറങ്ങി..ബസ്സിലെ ഡ്രൈവറും കണ്ടക്ടറും പൈസ നഷ്ടപ്പെട്ട സ്ത്രീയും കൂടി പോലീസുകാരോട് കാര്യങ്ങൾ പറയുകയായിരുന്നു…

മറ്റൊരു പോലീസുകാരൻ അപ്പോൾ കൂടി നിന്ന മറ്റു യാത്രക്കാരോട് മോഷ്ടാവിനെ കുറിച്ച് ഒരു രൂപരേഖ ചോദിക്കുകയായിരുന്നു… ബസ്സിൽ നിന്നും ഒരു സ്റ്റോപ്പിൽ ഇറങ്ങി പോയ ഒരു തമിഴത്തിയെ ആണ് ,എല്ലാവരും സംശയമായി പറഞ്ഞത് …ആ സംശയത്തിന് ഒടുവിൽ ആയിരുന്നു, ഒരു യാത്രക്കാരി പറഞ്ഞത്, ആ തമിഴത്തിയെ കണ്ടാൽ ഹേമയെ പോലെ ആണെന്ന്…

ഹേമയെ ചൂണ്ടി ആ സ്ത്രീ പറഞ്ഞത് കേട്ടതും, മറ്റ് എല്ലാവരും ചേർന്ന് ഹേമയെ ഒറ്റപ്പെടുത്തിയത് പോലെ നീങ്ങിനിന്നു.. എല്ലാവരുടെ കണ്ണുകളിലും ഹേമയും ആ തമിഴത്തിയുടെ കൂട്ടാളി ആണെന്ന തോന്നൽ …അതു കണ്ടതും ആ പോലീസുകാരൻ ഹേമയുടെ അടുത്തേക്ക് വന്ന് ചോദിച്ചു..

പേരെന്താ തന്റെ …

ഹേമ … അല്പം വിറയലോടെ ഹേമ മറുപടി പറഞ്ഞു…

പഠിക്കാണോ …?പോലീസുകാരൻ ചോദിച്ചു….

അതെ ….

ഏത് കോളേജിൽ …? ഹേമ കോളേജിന്റെ പേര് പറഞ്ഞു ….

ഐഡി കാർഡ് ഉണ്ടോ ..? ഹേമ ,ബാഗ് തുറന്ന് തന്റെ ഐഡി കാർഡ് കാണിച്ചുകൊടുത്തു…

ഐഡി കാർഡ് വാങ്ങി, കാർഡിലേക്കും ഹേമയുടെ മുഖത്തേക്കും മാറിമാറി നോക്കിയിട്ട് അത് ഹേമക്കു തന്നെ പോലീസുകാരൻ തിരിച്ചുകൊടുത്തു….ഹേമയ്ക്കു ആ മോഷണത്തിൽ പങ്കൊന്നുമില്ല എന്ന് മനസ്സിലായ പോലീസുകാരൻ, പരാതി കൊടുക്കാൻ വന്ന സ്ത്രീയുടെ അടുത്തേക്ക് നടന്നു ……

അതുകണ്ട് ഹേമയുടെ പിറകിൽ നിന്നിരുന്ന രണ്ട് സ്ത്രീകൾ പിറുപിറുക്കാൻ തുടങ്ങി ……..ഇവളും ചിലപ്പോൾ അവരുടെ ഗ്യാങ് ആകും… ഇങ്ങനെ ചോദിച്ചാൽ ഒന്നും ഇവര് സമ്മതിക്കില്ല…..

അത് ശരിയാ… ഇവളും ആ തമിഴത്തിയും കൂടി ബസ്സിൽ നിന്ന് സംസാരിക്കുന്നത് ഞാൻ കണ്ടിരുന്നു…..എന്തൊക്കെ എങ്ങനെയ ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞുകൊടുത്തത് ആകും ….

അതുകേട്ട് പോകാനായി നിന്ന പോലീസുകാരൻ ഒരു നിമിഷം നിന്നു..അതുപറഞ്ഞ സ്ത്രീയെ തിരിഞ്ഞു നോക്കി …

അത് കേട്ട് ഹേമ അവരെ തിരിഞ്ഞു നോക്കി …കണ്ണിൽ നിറഞ്ഞു വന്ന കണ്ണീർ മൂലം ഹേമയുടെ കാഴ്ചകൾ മങ്ങി….

പോലീസുകാരൻ ഹേമയുടെ അടുത്തേക്ക് വീണ്ടും വന്നു ചോദിച്ചു..അവർ പറഞ്ഞത് ശരിയാണോ…നീയും ആ പെണ്ണും കൂടി സംസാരിച്ചിരുന്നോ ….? ഇത്തവണ പോലീസുകാരന്റെ ശബ്ദത്തിൽ ഒരു ഗൗരവം ഉണ്ടായിരുന്നു ….

ഇല്ല സർ …പേടിയോടെ ഹേമ പറഞ്ഞു …

ഇല്ലേ …? പോലീസുകാരൻ കണ്ണുരുട്ടി ഒന്നുകൂടി ചോദിച്ചതും ഹേമയുടെ കണ്ണ് നിറഞ്ഞൊഴുകി….

അതുകണ്ട് കൂടിനിന്നവർ അപ്പോഴേക്കും ഹേമയും ഇതിൽ കൂട്ടാളി ആണെന്ന മട്ടിൽ പിറുപിറുക്കാൻ തുടങ്ങി….അത് കേൾക്കാൻ തുടങ്ങിയതും ,പരാതി കേട്ടുകൊണ്ടിരുന്ന ഹെഡ്കോൺസ്റ്റബിൾ ഹേമയെ കൈകാട്ടി വിളിച്ചു …കൂടെ നിന്ന് പോലീസുകാരനും ഹേമയെയും കൂട്ടി ഹെഡ്കോൺസ്റ്റബിളിന്റെ അടുത്തെത്തി ..

ഹെഡ്കോൺസ്റ്റബിൾ :–നീയും സ്ത്രീയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ…?

ഹേമ:– ഇല്ല സർ

ഹെഡ്കോൺസ്റ്റബിൾ:– നിങ്ങൾ ഒരുമിച്ചാണോ നിന്നിരുന്നതു …?

ഹേമ :–ആ സ്ത്രീ എന്റെ പുറകിൽ ആയിട്ടാണ് നിന്നിരുന്നത്

ഹെഡ്കോൺസ്റ്റബിൾ:– നിങ്ങൾ തമ്മിൽ എന്തെങ്കിലും സംസാരിച്ചിരുന്നോ …?

ഹേമ :–അത് അത്…

ഹെഡ്കോൺസ്റ്റബിൾ:– പറയ് ..

ഹേമ:- എന്നോട് പഠിക്കാണോ അതോ ജോലിക്ക് പോകാണോ എന്ന് ചോദിച്ചു ..

ഹെഡ്കോൺസ്റ്റബിൾ:– പിന്നെ.

ഹേമസ് :– ഞാൻ പഠിക്കാ എന്ന് പറഞ്ഞു …

ഹെഡ്കോൺസ്റ്റബിൾ:– പിന്നെ ഒന്നും സംസാരിച്ചില്ലേ…?

ഹേമ :– ഇല്ല സർ …വേറൊന്നും പറഞ്ഞില്ല…

ഹെഡ്കോൺസ്റ്റബിൾ:–ആ സ്ത്രീയെ നീ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ ..?

ഹേമ :– ഇല്ല സർ (കവിളിലേക്കു ഒഴുകിയ കണ്ണുനീർ തുടച്ചു കൊണ്ട്, ഹേമ പറഞ്ഞു )…ഞാനാ സ്ത്രീയുടെ മുഖം പോലും ശരിക്കും കണ്ടിട്ടില്ല …

ഹെഡ്കോൺസ്റ്റബിൾ:– (അവളെ അടിമുടിയൊന്നു നോക്കിയിട്ട് പറഞ്ഞു) ഐഡി കാർഡ് എവിടെ…? ഹേമ ബാഗിൽ നിന്ന് കാർഡ് എടുത്ത് നീട്ടി…

അതു കണ്ടതും കൂടി നിന്ന യാത്രക്കാരിലെ കുറച്ച് പ്രായമായ ഒരാൾ പോലീസുകാരനോടായി പറഞ്ഞു,,… അത് വല്ല വ്യാജനും ആയിരിക്കും സാറേ……..ഇവളെയൊക്കെ കണ്ടാൽ തന്നെ അറിയില്ലേ പോക്ക് കേസാണെന്ന്…….

അത് കേട്ടതും അടക്കി നിർത്താൻ ശ്രമിച്ച ഹേമയുടെ സങ്കടം ഒരു പൊട്ടിക്കരച്ചിലായി മാറി…അത് കണ്ടപ്പോഴും നെറ്റി ചുളിച്ചു കൊണ്ട് ചിലർ പറയുന്നുണ്ടായിരുന്നു….പിടിക്കപ്പെട്ടപ്പോൾ അവളുടെ ഒരു കള്ളക്കരച്ചിലെന്നു……

നിർത്തെടാ…കാര്യങ്ങൾ ചോദിക്കാനും പറയാനും ആണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്….അതിന്റിടയിൽ നിങ്ങള് കേറിയങ്ങു കഥകളുണ്ടാക്കണ്ട…കേട്ടോടാ … ഹെഡ്കോൺസ്റ്റബിൾ ദേഷ്യത്തോടെ പറഞ്ഞു……അതുകേട്ടപ്പോൾ യാത്രക്കാർ നിശബ്ദരായി …..പരാതി വാങ്ങി പോലീസുകാർ ,സ്റ്റേഷനിലേക്ക് കയറിപ്പോയി..

കൂടി നിൽക്കുന്നവരുടെ അടക്കം പറച്ചിലുകൾ ഹേമയുടെ കരച്ചിലിന് ആക്കം കൂട്ടിയതേയുള്ളൂ…കാർമേഘം കണക്കെ അവളുടെ മുഖം കറുത്തു..അപ്പോഴാണ് കുറച്ച് ആളുകൾ ഒരു സ്ത്രീയേയും കൊണ്ട് സ്റ്റേഷനിലേക്ക് വന്നത് …..സൂക്ഷിച്ചു നോക്കിയപ്പോൾ യാത്രക്കാർക്ക് ആ സ്ത്രീയെ മനസ്സിലായി …..അവരുടെ ബസ്സിലെ മോഷണം നടത്തിയെന്ന് അവർ പറഞ്ഞ തമിഴത്തി ആയിരുന്നു അത്….

ഇതല്ലേ ആ തമിഴത്തി.. അവർ പറഞ്ഞു ……

ആ തമിഴത്തിയെ യും കൊണ്ടു , വന്നവർ സ്റ്റേഷനിലേക്ക് കയറിപ്പോയി …മറ്റൊരു സ്ഥലത്ത് മോഷണം നടത്തുന്നതിനിടെ പിടിയിലായതു ആയിരുന്നു ആ സ്ത്രീ …

ആ സ്ത്രീയേയും കൊണ്ട് ഹെഡ്കോൺസ്റ്റബിളും പോലീസുകാരും പുറത്തുവന്നു…..എല്ലാവരോടുമായി പറഞ്ഞു …

ഇതാണ് നിങ്ങളുടെ ബസ്സിൽ മോഷണം നടത്തിയ തമിഴത്തി …..തമിഴ്നാട്ടിലെ കള്ളന്മാർക്ക് പേരുകേട്ട ഗ്രാമത്തിൽ നിന്നും വന്നവളാണ് ഇവൾ … ഇതുപോലെ ഒരുപാട് ആളുകൾ ഇറങ്ങിയിട്ടുണ്ട് എല്ലാവരും സൂക്ഷിച്ചും കണ്ടും ഒക്കെ നടക്കുക…. എന്തായാലും തൊണ്ടിമുതൽ ഒക്കെ കണ്ടെടുത്തിട്ടുണ്ട് ഇനി എല്ലാവരും പൊയ്ക്കോളൂ…..

ഒന്ന് നിർത്തിയിട്ട്, ഹെഡ് കോൺസ്റ്റബിൾ വീണ്ടും പറഞ്ഞു ,മറ്റുള്ളവരോട് ആയിട്ട്………പിന്നെ നിങ്ങൾ ഈ പറഞ്ഞതുപോലെ ഈ കുട്ടിക്ക് ഇതിൽ പങ്കൊന്നുമില്ല …..ഈ കുട്ടിയോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നതിനിടയിൽ ആണ് ആ തമിഴത്തി മോഷണം ചെയ്തത്……. മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് അത്തരത്തിൽ ആ സ്ത്രീ ചെയ്തത് ……..

തിരിഞ്ഞുനിന്ന് ഹേമയെ നോക്കി ഹെഡ്കോൺസ്റ്റബിൾ പറഞ്ഞു …മോള് വിഷമിക്കേണ്ട.. പൊയ്ക്കോളൂ…….

അതുകേട്ടതും അതുവരെ അപമാനഭാരത്താൽ കരഞ്ഞുകൊണ്ടിരുന്ന ഹേമ തല ഉയർത്തി … പോകാനായി തിരിഞ്ഞ് ആളുകളെ നോക്കി , നിയന്ത്രണംവിട്ട് ഹേമ പൊട്ടിത്തെറിച്ചു …..

സമാധാനം ആയോ ഇപ്പോൾ നിങ്ങൾക്ക്…?.വിചാരണ ഒക്കെ കഴിഞ്ഞോ നിങ്ങളുടെ ……? അപ്പൊ എന്നെ പ്രതിയാക്കേണ്ടേ ഈ കേസിൽ….? അതായിരുന്നല്ലോ നിങ്ങളിൽ പലരുടെയും ഉദ്ദേശം…

ഹേമയെ ചൂണ്ടിക്കാണിച്ച സ്ത്രീകളുടെ അടുത്തേക്ക് നീങ്ങി, ഹേമ ചോദിച്ചു…..എന്നെ കണ്ടാൽ ചിലപ്പോൾ തമിഴത്തിയെ പോലെ ആയിരിക്കും…എന്ന് കരുതി ഞാനും ആ സ്ത്രീയെപ്പോലെ മോഷ്ടിക്കും എന്ന് നിങ്ങൾക്ക് എന്താ ഉറപ്പ്…….?

കണ്ണീർ തുടച്ചു കൊണ്ട് ഹേമ പറഞ്ഞു ………

ചേച്ചി നിങ്ങളും ഒരു പെണ്ണല്ലേ…? ഇതുപോലെ ഒരു ഇല്ലാക്കഥ മെനഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നതും ഒരു പെണ്ണാണെന്ന് ചിന്തിക്കാംമായിരുന്നില്ലേ …? ആ തമിഴത്തിയെ പോലെ കറുത്ത നിറം ആയതാണോ നിങ്ങൾ എന്നിൽ കണ്ട തെളിവ് …?

കറുത്തവരെല്ലാം കള്ളികളല്ല ……

തൊലി വെളുത്ത നിങ്ങളെക്കാളും മാന്യതയിൽ ജീവിക്കുന്നവരാണ് എന്നെപ്പോലുള്ളവർ ….

ഹേമയുടെ വാക്കുകൾ അപ്രതീക്ഷിതമായതിനാൽ , മറുത്തൊന്നും പറയാൻ കഴിയാതെ, ഉള്ളിലെ ദേഷ്യം കാണിക്കാതെ , ആകപ്പാടെ ഒരു പരവേശത്തിൽ നിൽക്കുകയായിരുന്നു, ആ സ്ത്രീകൾ …

ഹേമ അവിടെനിന്നും നീങ്ങി, അവളെ കണ്ടാൽ പോക്ക് കേസാണെന്നു പറഞ്ഞ പ്രായമായ ആളുടെ അടുത്തേക്ക് പോയി…..പ്രായത്തിന്റെ ബഹുമാനം തരണമെന്ന് കരുതിയതാ ഞാൻ, തനിക്ക് …പക്ഷേ പെണ്ണിന്റെ മാനത്തിനു പുല്ലു വില കൽപ്പിക്കുന്ന തനിക്കൊന്നും അതിനു അർഹതയില്ല …

കറുത്തവൾ ചൂടുന്ന പൂവിനും ഉടുക്കുന്ന വസ്ത്രത്തിനും , വേ ശ്യയുടെ പരിവേഷമുണ്ടോ ..?ഇല്ലെങ്കിൽ പിന്നെന്തിനാ കറുത്തവളൊന്ന് ഒരുങ്ങി വന്നാൽ അവരെ കണ്ടാൽ മറ്റേ ലുക്ക് ഉണ്ടെന്നു പോക്ക് കേസാണെന്നു ഒക്കെ പറയുന്നത്…….നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളുടെ സ്വഭാവമല്ല നാട്ടിലെ മറ്റു പെണ്ണുങ്ങൾക്കും …….

.പുച്ഛത്തോടെ അയാളെ നോക്കി ഹേമ തുടർന്നു ,എല്ലാവരോടുമായി…

പുറം കറുത്തവന്റെ അകം കാണാൻ അകക്കണ്ണ് വേണം ,…മനസിന് അന്ധത ബാധിച്ച നിങ്ങൾക്ക് അതിനു കഴിയില്ലായിരിക്കാം ….

പക്ഷെ , ദയവു ചെയ്തു, ഇല്ലാകഥകളുടെ പേരിൽ മറ്റൊരാളുടെ ജീവിതം വെച്ച് കളിക്കരുത് …പേമാരിയായ് പെയ്ത് തോർന്ന കാർമേഘം കണക്കെ ഹേമയുടെ മുഖം ശാന്തമായി….മനസ്സിലെ വേദനയും ഭാരവും ഇറക്കിവച്ച സന്തോഷത്തോടെ, അവിടെനിന്നും അവൾ നടന്നു , തല ഉയർത്തിപ്പിടിച്ചു തന്നെ….

ശുഭം