നല്ലതു പറഞ്ഞാലും ചീത്തതു പറഞ്ഞാലും എല്ലാം ജാതകത്തിന്‍റെ മേല്‍ വയ്ക്കുന്നതാ അവളുടെ ഒരു രീതി…

ആകാശവാണി ~ രചന: ദിപി ഡിജു

‘ഹാ… എന്താ ലളിതേ കല്ല്യാണം കൂടുന്നത്തിനു വന്നിട്ട് മാറി നിന്നൊരു ചര്‍ച്ച…???’

‘ഹോ ഒന്നുമില്ല ശാരദേച്ചി… ഞാന്‍ നമ്മുടെ സുകുവിന്‍റെ കാര്യം പറയുവാര്‍ന്നേ…’

അതെന്താണപ്പാ സുകുവിന് ഇത്രയും വലിയ വിശേഷം…???’

‘ഹാ… അപ്പോള്‍ അറിഞ്ഞില്ലേ…??? സുകുവിന്‍റെ ഭാര്യ ഇല്ലേ…??? ആ നഴ്സ് പെണ്‍കൊച്ച്… അത് പോയതറിഞ്ഞില്ലേ…???’

‘പോയോ…??? ആരുടെ കൂടെ…???’

‘ആരുടെയും കൂടെ അല്ലെന്നേ… ആ പെണ്‍കൊച്ചിന് ലണ്ടനിലെ ആശുപത്രിയില്‍ ജോലി കിട്ടി…’

‘ആഹാ… അപ്പോള്‍ അവനും പോകാല്ലോ…!!!’

‘ഹാ… പിന്നില്ല… ആരാ അവന്‍റെ ജാതകം എഴുതിയേ…??? ന്‍റെ ശേഖരേട്ടന്‍ അല്ലെ… അങ്ങേര്‍ പറഞ്ഞാല്‍ അച്ചട്ടാ… അവന്‍റെ ജാതകത്തിലുണ്ട് വിദേശവാസം ഉണ്ടാകും എന്ന്… പിന്നെ രാജയോഗവും… പത്താം ക്ളാസ്സ് പോലും ജയിക്കാതെ തേരാ പാരാ നടന്നിരുന്നവനാ… ജാതകഗുണം… അല്ലാതെന്താ…??? അല്ല ശാരദേച്ചി… നിങ്ങളുടെ മകളും കുടുംബവും കാനഡയ്ക്ക് പോകാന്‍ നോക്കുന്നു എന്നു പറഞ്ഞിട്ട് എന്തായി…???’

‘എന്തു പറയാനാ ലളിതേ… അവള്‍ IELTS ഒക്കെ പാസ്സ് ആയി… പക്ഷെ കാലക്കേട്… അവളുടെ കല്ല്യാണം കഴിഞ്ഞു ജോലിക്കു പോയിരുന്നില്ലല്ലോ… അതു കൊണ്ട് അവള്‍ക്ക് എന്തൊക്കെയോ പോയിന്‍റ് കുറവാണെന്ന്… അതു കൊണ്ട് ഇനി ഇപ്പോള്‍ നടക്കുമോ ഇല്ലയോ എന്നു ഉറപ്പൊന്നും ഇല്ല… കൊറോണ കൂടി വന്നതോടെ ആകെ പ്രശ്നം ആയി… കിട്ടിയോരുടെ പോലും പേപ്പര്‍ നീങ്ങുന്നില്ലെന്നാ അവള്‍ പറഞ്ഞേ…’

‘ചുരുക്കി പറഞ്ഞാല്‍ കയ്യാലപ്പുറത്തെ തേങ്ങ പോലെ അല്ലേ…??? അങ്ങോട്ടോ ഇങ്ങോട്ടോ വീഴാം… ഞാന്‍ അന്നേ പറഞ്ഞതല്ലെ ശാരദേച്ചി… ശേഖരേട്ടന്‍ അല്ലെ അവളുടെയും ജാതകം എഴുതിയെ…??? അതില്‍ വിദേശവാസം ഒന്നും ഇല്ലെന്നേ…’

‘എന്നാലും നമ്മള്‍ ശ്രമിച്ചില്ല എന്നു വേണ്ടല്ലോ… എന്നാല്‍ ഞാന്‍ പോട്ടേടി ലളിതേ… ഏട്ടന്‍ തിരക്കുന്നുണ്ട്…’ ശാരദ ഭര്‍ത്താവിന്‍റെ അടുത്തെയ്ക്ക് ചെന്നു.

‘എന്താണ് ലളിതയുമായി കാര്യമായ ചര്‍ച്ച…???’

‘ഹോ… ഒന്നും പറയേണ്ട വേണുവേട്ടാ… നല്ലതു പറഞ്ഞാലും ചീത്തതു പറഞ്ഞാലും എല്ലാം ജാതകത്തിന്‍റെ മേല്‍ വയ്ക്കുന്നതാ അവളുടെ ഒരു രീതി…’

‘അതിനിപ്പോള്‍ എന്താടീ…???’

‘എന്താണെന്നോ…??? നിങ്ങള്‍ ഇവിടെ ഇല്ലാതിരുന്നതു കൊണ്ട് അറിയാത്തതല്ലെ ചില കാര്യങ്ങള്‍… ശേഖരന്‍ കണിയാന്‍ എഴുതി കൊടുക്കുന്ന കാര്യങ്ങള്‍ പലതും കൃത്യമായി നടക്കാറുണ്ട്… പക്ഷെ അവള്‍ക്ക് അത് ഒരു തരം അന്ധവിശ്വാസം ആണ്… ഏട്ടനറിയോ അവള്‍ടെ മോന്‍റെ കാര്യം…???’

‘ആരുടെ സതീശന്‍റെയോ…???’

‘ആ… സതീശന്‍റെ തന്നെ… നല്ല ഒരു പെണ്‍കൊച്ചിനെ കൊണ്ട് അവനെ കെട്ടിച്ചതാണ്… ശേഖരേട്ടന്‍ എഴുതിയ ജാതകവശാല്‍ ആദ്യത്തെ വിവാഹം പിരിയും എന്നും രണ്ടാം വിവാഹം കഴിഞ്ഞാല്‍ അവനു വിദേശവാസവും രാജയോഗവും ആണെന്ന് പറഞ്ഞ് കല്ല്യാണം കഴിഞ്ഞ് അവരെ ഒരുമിച്ചു താമസിക്കാന്‍ സമ്മതിച്ചില്ല ആ പെണ്ണുമ്പിള്ള…. ആ ചെറുക്കന്‍ ആണേല്‍ ഒരു മണുകൊണാഞ്ചന്‍… അമ്മ പറയുന്നതും കേട്ട് ആ പെണ്ണിനെ കൊണ്ടു പോയി വീട്ടിലും ആക്കി… ഡിവോര്‍സ് കേസ് കൊടുത്തു ഇപ്പോള്‍ ഡിവോര്‍സ് ആയി… അവരിപ്പോള്‍ രണ്ടാം കെട്ടിന് പെണ്ണന്വേഷിച്ചു നടക്കുവാ… നേഴ്സ് ആണേല്‍ മതി എന്നു… വിദേശവാസം ജാതകത്തില്‍ ഉള്ളതല്ല… രാജ്യം വിടാന്‍ കച്ച കെട്ടി ഇരിക്കുവാണ്…’

‘അയ്യോ… അപ്പോള്‍ ആ പെണ്‍കൊച്ചിന്‍റെ ജീവിതമോ…???’

‘അതല്ലേ രസം… അവള്‍ നല്ല ഒരു ചെറുക്കനേയും കെട്ടി ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ആണ്… അവര്‍ക്ക് രണ്ടു പിള്ളേരുമായി…’

‘അപ്പോള്‍ ജാതകം ഒന്നൂടി നോക്കാന്‍ പറയൂ… അവള്‍ക്കാകുള്ളു ആ രാജയോഗം… അവന്‍ മിക്കവാറും മൂക്കില്‍ പല്ലും മുളച്ച് അവിടെ ഇരിക്കേ ഉള്ളൂ… എന്തായാലും ആ കുട്ടി രക്ഷപെട്ടതു നന്നായി…അല്ല ശാരദേ… ഈ ശേഖരന്‍ കണിയാന്‍ എങ്ങനെയാ മരിച്ചേ…???’

‘ഓ… അതു അതിനേക്കാള്‍ വലിയ കഥയാ… അങ്ങേരുടെ ജാതകപ്രകാരം അങ്ങേരുടെ മരണദിവസം എന്നു രേഖപ്പെടുത്തിയിരുന്ന ദിവസം പേടിച്ച് അങ്ങേര്‍ക്ക് പ്രഷര്‍ കൂടി നെഞ്ചു വേദന വന്നു…. ആശുപത്രിയില്‍ കൊണ്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ ലളിത സമ്മതിച്ചില്ലത്രേ… ശേഖരേട്ടന്‍ അന്ന് മരിക്കും എന്നു ജാതകത്തിലുണ്ടെന്ന് പറഞ്ഞു അവള്‍ വട്ടം നിന്നു… കുറെ മണിക്കൂര്‍ അങ്ങേര്‍ വേദന തിന്നു… ഒടുക്കം നാട്ടുകാര്‍ ഇടപെട്ടു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും തീര്‍ന്നു… കൃത്യസമയത്ത് കൊണ്ടു വന്നിരുന്നേല്‍ രക്ഷിക്കാമായിരുന്നു എന്നാ ഡോക്ടര്‍ പറഞ്ഞേ… അപ്പോഴും ആ പെണ്‍മ്പ്രിന്നോത്തി പറഞ്ഞൂത്രേ… അതിലൊന്നും കാര്യമില്ല… ജാതകം പോലെയെ നടക്കൂ എന്നു…’

‘ഹോ…. ഇങ്ങനെയുമുണ്ടോ ജന്മങ്ങള്‍…???’ ശാരദയുടെ ഫോണ്‍ ബെല്ലടിച്ചത് പെട്ടെന്നായിരുന്നു.

‘ആ മോളെ പറയൂ… ആണോ…?? ആ അച്ഛനോട് ഞാന്‍ പറഞ്ഞേക്കാം… ശരി… ശരി…’

‘എന്താ…??? വല്ല്യ സന്തോഷത്തിലാണല്ലോ…???’

‘മോള്‍ ആണ് വിളിച്ചത്… അവള്‍ക്ക് മെയില്‍ വന്നു എന്നു… മൂന്നു മാസത്തിനുള്ളില്‍ അവര്‍ക്ക് പോകാന്‍ പറ്റുമെന്ന്…’

”അപ്പോള്‍ ജാതകം…???’

‘ഒന്നു പോ വേണു ചേട്ടാ…!!!’

അവരുടെ പൊട്ടിച്ചിരിക്കിടയിലും അവര്‍ കണ്ടു ജാതകമാഹാത്മ്യം പ്രസംഗിച്ചു നടക്കുന്ന ലളിതയെ.

[Inspired from true events]