പ്രേയസി
രചന: ദിവ്യ കശ്യപ്
“ആരെ ഓർത്താ ന്റെ വരുണേ നീയിങ്ങനെ താടീ വളർത്തി പെണ്ണും കെട്ടാതെ ജീവിതം പാഴാക്കുന്നെ…നിന്നെ തേച്ചിട്ട് പോയ ആ പെണ്ണിനെ ഓർത്തോ..??അവളുടെ കല്യാണം കഴിഞ്ഞ് ഒരു കൊച്ചുമായി… വർഷം അഞ്ചു കഴിഞ്ഞെടാ… മതിയാക്കാറായില്ലേ നിന്റെയീ ഒറ്റയാൾ ജീവിതം…തേച്ചിട്ട് പോയ ഒരു പെണ്ണിന് വേണ്ടി കരഞ്ഞോണ്ട് നടക്കുന്നു നാണംകെട്ടവൻ..”
“നിർത്തുന്നുണ്ടോ ആദി നീ… തേപ്പ്.. തേപ്പ്….തേപ്പ്….എവിടുന്നു കിട്ടി നിനക്കീ വാക്ക്… പുതിയ കുറെ പരിഷ്കാര കോലങ്ങൾ കുറെ വാക്കുകൾ കണ്ടുപിടിച്ചിട്ടുണ്ട്… തേപ്പ്…പോലും തേപ്പ്…”വരുൺ ക്രോധത്തോടെ മുണ്ടും മടക്കി കുത്തി എഴുന്നേറ്റു….
“ഹാ.. പോകല്ലേടാ… എനിക്ക് നിന്റെയീ വിഷമം കാണാൻ വയ്യ… അതോണ്ട് പറഞ്ഞതല്ലേ…”ആദി അവന്റെ കയ്യിൽ പിടിച്ചു വലിച്ച് വീണ്ടും ആ കലിങ്കിന്റെ മുകളിലേക്കിരുത്തി…
വരുൺ നിസ്സഹായതയോടെ ആദിയെ നോക്കി….
………………………………..🌷
വരുണിന്റെ ഓർമ്മകൾ അഞ്ചുകൊല്ലം പിന്നിലേക്ക് തെന്നി മാറി …
തൊടിയിലെ പണി കഴിഞ്ഞു തൂമ്പായും കഴുകി വെച്ചു തെക്കെകുളത്തിൽ കയ്യും കാലും മുഖവും കഴുകാനിറങ്ങുമ്പോൾ അടുക്കളപ്പുറത്തെ തേങ്ങാപ്പുരയുടെ അടുത്ത് നിന്നും അമ്മ വിളിച്ചു ചോദിച്ചു…
“വിച്ചൂട്ടാ… നല്ല വെള്ളയവൽ നനച്ചതും പഴവും ഉണ്ട് എടുത്തു വെയ്ക്കട്ടെ… നിക്കൊന്നു കാവിൽ തൊഴാൻ പോണം…”
“മ്മാ.. എടുത്തു വെച്ചിട്ട് പൊയ്ക്കോളൂ… ഞാൻ കഴിച്ചോളാം…”കുളക്കടവിൽ നിന്ന് താൻ വിളിച്ചു പറഞ്ഞു…
കയ്യും കാലും മുഖവും കഴുകി..കുളത്തിലെ വെള്ളത്തിൽ തോർത്തൊന്നു മുക്കിപ്പിഴിഞ്ഞു ദേഹമൊന്നു ഓടിച്ചു തുടച്ചു.. കയ്യിൽ കെട്ടിയ രുദ്രാക്ഷമൊന്നു തെറുത്ത് കയറ്റി മുകളിലേക്കു വെച്ചു കൊണ്ടവൻ അടുക്കളയിലേക്ക് ചെന്നു…
അമ്മ പോയെന്നു തോന്നുന്നു… അടുക്കളയിൽ ആളനക്കമില്ല… അടുക്കളയുടെ ഒരു മൂലയിൽ ഒതുക്കിയിട്ടിരുന്ന തടിമേശയുടെ ഓരത്തിട്ടിരിക്കുന്ന കസേരയിലേക്കിരുന്നു കൊണ്ടവൻ മൂടി വെച്ചിരുന്ന പാത്രം തുറന്നു… നല്ല ശർക്കരയും ജീരകവും ഏലക്കയും പൊടിച്ചിട്ട് നനച്ച അവൽ…
പെട്ടെന്നാണ് വെളുത്തു നീണ്ട കൈകൾ കൊണ്ടൊരാൾ ഒരു ഗ്ലാസ് ചായ മുന്നിലേക്ക് കൊണ്ട് വെച്ചത്…
ആശ്ചര്യത്തോടെ മുഖമുയർത്തി നോക്കിയപ്പോഴേക്കും ആൾ അപ്പുറത്തെ ചായ്‌പ്പിലേക്ക് പോയിരുന്നു… ചായ്പ്പിൽ തൂക്കിയിട്ടിരുന്ന ആറ്റുകണ്ണൻ കുലയിൽ നിന്നും രണ്ട് പഴം കൂടി ഉതിർത്തവൾ മുന്നിൽ കൊണ്ട് വന്നു വെച്ചു…
വായിലേക്ക് അവൽ വെച്ചു കൊണ്ടവൻ സാകൂതം അവളെ നോക്കി…
ദാവണിയാണ് വേഷം…. ഒത്തിരി വലുതായ പോലെ… ഒരു വർഷമാകുന്നു കണ്ടിട്ട്… പെണ്ണ് ടീച്ചറാകാൻ പഠിക്കാൻ പോയിരിക്കുകയായിരുന്നു….
“എന്തെ വിച്ചൂവേട്ടാ… ന്നെ കണ്ടിട്ടില്ലേ…”??
“അല്ല…. പട്ടുപാവാടക്കാരിയിൽ നിന്ന് ദാവണിക്കാരിയിലേക്കുള്ള മാറ്റം ഒന്ന് നോക്കീതാ….”അവൻ ചിരിച്ചു…
“അപ്പൊ ഞാൻ സാരിയുടുത്തത് കണ്ടാലോ.. ഞാനേ ബിഎഡ് നാ പഠിക്കുന്നെ… അവിടെ സാരിയാ യുണിഫോം…”
“മ്മ്… മ്മ്.. നിക്ക് നീ പഴയ ന്റെ ദേവൂട്ടി തന്നെയാ… ഒരു ടീച്ചറമ്മ വന്നേക്ക്ണ്… ഒന്ന് പോടീ…”അവൻ തന്റെ മീശയൊന്നു പിരിച്ചു കാണിച്ചു….
“മ്മ്.. മാഷിവിടെ മീശേം പിരിച്ചിരുന്നോ.. ടീച്ചിങ് പ്രാക്റ്റീസും കൂടി കഴിഞ്ഞാൽ കല്യാണം നടത്തുംന്നാ അച്ഛ പറഞ്ഞേക്കണേ… ഇപ്പൊ തന്നെ ഒന്ന് രണ്ടെണ്ണം നോക്കി വെച്ചിരിക്കുന്നു….”അവളുടെ വാക്കുകൾ നെഞ്ചിൽ ഒന്ന് തട്ടിയെങ്കിലും ചിരിച്ചു തള്ളി…
എന്തോ… വല്യ വിശ്വാസമായിരുന്നു… അവൾ തനിക്കുള്ളത് തന്നെയാണെന്ന്….കാലം തങ്ങളെ രണ്ടാളേം ചേർത്തു വെയ്ക്കുമെന്ന്…
അവളുടെ നിർബന്ധത്തിന് വഴങ്ങി സ്ഥലത്തെ പ്രമാണിയായ അവളുടെ അച്ഛന്റെയടുത്തു ഒന്നും ഓർക്കാതെ പെണ്ണ് ചോദിക്കാൻ പോയ പാവം തന്റെ അമ്മ…. ആട്ടിയിറക്കി വിട്ടു പാവത്തിനെ….
കാവിലെ വലിയ കാട്ടിലഞ്ഞിയുടെ ചുവട്ടിൽ നിന്ന് നെഞ്ച് പൊട്ടികരഞ്ഞവളെ കൂടെ കൂട്ടാൻ മനസ് വെമ്പി… കൂട്ടുകാരും എരി കയറ്റാനുണ്ടായിരുന്നു…
ആദിയുമായാണ് അവളെ വിളിച്ചിറക്കാൻ ആ രാത്രി ചെന്നത്…
തെക്കേവാരത്തെ അവളുടെ മുറിയോട് ചേർന്നുള്ള ഇളംതിണ്ണയിൽ കയറി നിന്ന് ആ ജനാലക്കൽ നേർത്ത ശബ്ദത്തിൽ കൊട്ടി..
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവളുടെ മുഖം ആ ജനലിങ്കൽ കണ്ടു…
“വാ… ദേവൂട്ടി… വേഗം ഇറങ്ങ്…”
“വിച്ചുവേട്ടാ… ന്നോട് പൊറുക്കണേ… നിക്ക് കഴീല്യ… ന്റച്ഛൻ… അച്ഛനെ ധിക്കരിച്ച്… അച്ഛനെ നാട്ടുകാരുടെ മുന്നിൽ അപമാനപ്പെടുത്തീട്ട്… അച്ഛനെ വേദനിപ്പിച്ചിട്ട്… നിക്ക് വരാൻ കഴീല്യ…ന്നോട്.. പൊറുക്കണേ…..അച്ഛനെ വേദനിപ്പിക്കാൻ നിക്ക് വയ്യ…..”അവളുടെ തൊഴുതു പിടിച്ചുള്ള കൈകൾ കണ്ടുകൊണ്ടാണ് നെഞ്ച് കലങ്ങി ആ പടിയിറങ്ങിയത്…
മാസങ്ങൾക്കു ശേഷം അവളുടെ കല്യാണവും കഴിഞ്ഞു…ഇപ്പൊ ഒരു കുട്ടിയുമായി….വർഷം അഞ്ചു കഴിഞ്ഞു….എന്നിട്ടും നെഞ്ചിലെ തീ കെട്ടടങ്ങിയിട്ടില്ല….
………………………………..🌷
വരുണൊരു ദീർഘ നിശ്വാസം ഉതിർത്തു….
“നീയെന്താ ആലോചിക്കുന്നേ വരുണേ… ഞാൻ പറഞ്ഞതിനെ കുറിച്ചാണോ…സങ്കടം കൊണ്ടല്ലേടാ….”ആദി അവന്റെ കൈകളിൽ അമർത്തിപ്പിടിച്ചു….
“അവളെന്നെ തേച്ചതല്ലെടാ….അവൾക്കതിന് കഴിയില്ല….ഒരു പ്രണയിനി എന്നതിലുപരി അവൾ നല്ലൊരു മകളായിരുന്നു…. അതാണ് അവളെ എന്നിൽ നിന്ന് പിരിച്ചത്….”
“കാലം മായ്ക്കാത്ത മുറിവില്ല വരുണേ… കാലം കെടുത്താത്ത തീയും….”
❣️”അതിനീ മുറിവ് ന്റെ ഹൃദയം പൊട്ടിയുണ്ടായതല്ലേ…..ഈ തീ കെട്ടുപോകുന്നതെങ്ങനാ…. അതെന്റെ നെഞ്ചിലല്ലേ ആളിക്കത്തുന്നെ….!!!
വരുൺ ഒരു സങ്കടചിരി ചിരിച്ചു നടന്നു നീങ്ങി…..
………………………….
പ്രണയത്തിന്റെ വേദനയിൽ അടിപതറി പോകുന്ന ചില ജന്മങ്ങൾ…കാലത്തിനും മറുസ്നേഹത്തിനുമൊന്നും അണയ്ക്കാൻ പറ്റാതെ മനസിടറി പൊയ്മുഖവുമായി മറ്റു ചിലർ….❣️
ആശയം :: ഒരു നാലുവരി കവിത…