…….ദി പ്രസിഡന്റ്……
രചന: ഷിജു കല്ലുങ്കൻ
“നീയത് ഉച്ചത്തിലങ്ങോട്ട് വായിക്ക് സുനിലേ…. എല്ലാരും കേൾക്കട്ടെ…ആദ്യരാത്രി എന്നു പറഞ്ഞാൽ ഇങ്ങനേമൊണ്ടോ ഒരെണ്ണം ഇതു പീ ഡനമല്ലേ ….”
വലിയൊരു തമാശ പറഞ്ഞതുപോലെ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ട് വിലാസിനി ടീച്ചർ പ്രസിഡന്റിന്റെ കസേരയിലേക്ക് ചാഞ്ഞിരുന്നു. അട്ടിക്കളം പഞ്ചായത്തിലെ പുതിയ ഹാളിനുള്ളിൽ സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിംഗിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയായിരുന്നു. മെമ്പർമാർ പലരും എത്തിച്ചേരുന്നതേയുള്ളു.
പ്രസിഡന്റിന്റെ നിർദേശം കിട്ടിയ താമസം, സുനിൽ മെമ്പർ തന്റെ കയ്യിലിരിക്കുന്ന പേപ്പറിന്റെ വായന ഉച്ചത്തിലാക്കി.
“മുത്തേ…. വാ… ഇവിടെ വന്നിരിക്ക്…”
ജനലിന്റെ അഴികളിൽ ഇടതു കൈകൊണ്ടു മുറുകെപ്പിടിച്ച്, തല കുനിച്ച് അവൾ അനങ്ങാതെ നിന്നതേയുള്ളു.
“എന്താ നാണമാണോ…?”
ഇപ്പോഴും മറുപടിയില്ല.
“എന്നെ പേടിയുണ്ടോ…?”
ഇത്തവണ തല മെല്ലെയുയർത്തി ഉണ്ട് എന്ന അർത്ഥത്തിൽ അവൾ ചുമലുകൾ ഇളക്കി.
അവൻ പതിയെ ബെഡിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തേക്കു ചെന്നു.
“എന്നെ ഇഷ്ടമായില്ലേ…?” അവളുടെ താടി പിടിച്ചുയർത്തിക്കൊണ്ട് അയാൾ ചോദിച്ചു.
അവന്റെ ശ്വാസം ദേഹത്തു വീണപ്പോൾ അവൾ വിറക്കാൻ തുടങ്ങി.
“ചേട്ടാ…. അത്.. ഇന്നു വേണ്ട…!!”
“എന്ത്…?”
“ചേട്ടൻ ചെയ്യാൻ പോകുന്നത്….”
“ഞാൻ എന്നതാ ചെയ്യാൻ പോണേന്ന് മുത്തിനറിയുമോ…?”
“അതുപിന്നെ… ഇന്നു വേണ്ട… രണ്ടു ദിവസം കഴിഞ്ഞു മതി…!!”
“അപ്പൊ ആദ്യരാത്രി മൂന്നാം രാത്രി ആകില്ലേ മുത്തേ..”
“സാരമില്ലേട്ടാ…. രണ്ടു ദിവസം..”
“നിനക്ക് സാരമില്ല പക്ഷേ എനിക്ക് സാരമുണ്ടങ്കിലോ? …ആദ്യ രാത്രി തന്നെ മുത്തേ എന്നുള്ള വിളി മാറ്റി നത്തേ എന്ന് എന്നെക്കൊണ്ടു വിളിപ്പിക്കല്ലേ…”
“ചേട്ടൻ മ ദ്യപിച്ചു വന്നിട്ടല്ലേ…. എനിക്കു പേടിയാ…”
“ഓഹോ…. മ ദ്യം പേടിയാണോ അതോ എന്നെ പേടിയാണോ…
അവൾ ഭയന്നു ഭിത്തിയോടൊട്ടി.
“നിന്റെ അച്ഛൻ കുടിക്കത്തില്ലേ…?നിന്റെ ആങ്ങളമാർ കള്ളു കുടിക്കില്ലേ…പിന്നെന്താ എനിക്കു മാത്രം ഒരു പ്രത്യേകത…?”
പേടിച്ചു വിറച്ചു നിന്ന അവളെ അയാൾ കയ്യിൽപ്പിടിച്ചു വലിച്ചു ബെഡിലേക്കേറിഞ്ഞു……
പെട്ടെന്ന് പഞ്ചായത്ത് ഹാളിനുള്ളിൽ ഒരു പൊട്ടിക്കരച്ചിൽ ഉയർന്നു. ഒരു കഥപ്രസംഗക്കാരനെപ്പോലെ നല്ല ഈണത്തിൽ കഥ പറഞ്ഞു കൊണ്ടിരുന്ന സുനിൽ മെമ്പർ നടുങ്ങിപ്പോയി.
ഉത്തര!!!
പഞ്ചായത്തു ജീവനക്കാരിയായ ഉത്തര ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ട് തന്റെ കയ്യിലിരുന്ന പേപ്പർ ഫയലുകളുടെ കെട്ട് അപ്പാടെ നിലത്തേക്കിട്ടിട്ട് പുറത്തേക്കോടി.
അതുവരെ ആർത്തു ചിരിച്ചിരുന്ന മെമ്പർമാർ എല്ലാവരും ഒരു നിമിഷം കൊണ്ട് നിശബ്ദരായിപ്പോയി. ഉത്തര ഫയലുകളുമായി വന്നത് അവരാരും ശ്രദ്ധിച്ചിരുന്നില്ല.
“എന്താ സംഭവിച്ചേ…?” പണ്ട് ഒരുവട്ടം പ്രസിഡന്റും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പീതാംബരൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് സുനിൽ മെമ്പറുടെ അടുത്തേക്കു ചെന്നു.
“നിനക്കിത് എവിടുന്നു കിട്ടി സുനിലേ..?” പീതംബരൻ ആ പേപ്പർ കയ്യിലെടുത്തു കൊണ്ടു ചോദിച്ചു.
“പ്രസിഡന്റ് തന്നതാ…? “
ആദ്യം എത്തിയ കുറച്ചു അംഗങ്ങളും പ്രസിഡന്റും നേരമ്പോക്കുകൾ പറഞ്ഞിരിക്കുന്നതിനിടയിൽ വിലാസിനി ടീച്ചർ മെമ്പർ സുനിലിന്റെ കയ്യിൽ കൊടുത്തതായിരുന്നു ആ ആദ്യരാത്രി വിവരണം.
“ആരുടെ ആദ്യരാത്രിയാ പ്രസിഡണ്ടേ ഇത്..?”
“ആഹ് അറിയില്ല, അവളെന്തിനാ കരഞ്ഞത്…? ആരെങ്കിലും ഒന്നു പോയി നോക്കിക്കേ..” പ്രസിഡന്റും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു.
അവർ വെളിയിലേക്കു വരുമ്പോഴേക്കും ഉത്തര പഞ്ചായത്ത് ഓഫിസിൽ നിന്ന് വെളിയിൽ കടന്നിരുന്നു.
അവൾ പുറത്തു റോഡിൽ പാർക്കു ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോകുന്നതു കണ്ടുകൊണ്ടാണ് രണ്ടാം വാർഡിലെ മെമ്പറും വൈസ് പ്രസിഡന്റുമായ ജോൺ മാത്യു കയറി വന്നത്.
“എന്താ പ്രശ്നം? എല്ലാരുംകൂടി നോക്കി നിൽക്കുന്നുണ്ടല്ലോ, ഉത്തര എന്തിനാ കരഞ്ഞുകൊണ്ടു പോകുന്നത്…?”
ആരും ഒന്നും പറഞ്ഞില്ല.
അട്ടിക്കളം ഗ്രാമപഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ സ്വീപ്പർ ആയി ഉത്തര നിയമിതയായിട്ട് മൂന്നു മാസങ്ങൾ മാത്രമേ ആയിട്ടുള്ളു. ഡിഗ്രി വരെ പഠിച്ച, രണ്ടു കുട്ടികളുടെ അമ്മയായ, ഇരുപത്തി എട്ടു വയസ്സു പ്രായമുള്ള സാധാരണക്കാരിയായ നാട്ടിൻപുറത്തു കാരി.
വിലാസിനി ടീച്ചറുടെ ഭർത്താവും ഇതിനു മുൻപ് പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്ന പി കെ മാധവന്റെ സന്തതസാഹചാരിയായ മനോഹരന്റെ ഭാര്യയാണ് ഉത്തര. മനോഹരൻ മുഴുവൻ സമയയും രാഷ്ട്രീയം മാത്രം തൊഴിലാക്കി മാധവനു ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ടിരിക്കുന്ന ഒരു ‘സജീവ രാഷ്ട്രീയ പ്രവർത്തക’ നാണ്.
ഇത്തവണയും പ്രസിഡന്റു സ്ഥാനം സ്വന്തമാക്കാമെന്ന മോഹവുമായി ഇലക്ഷനും നോക്കിയിരിക്കുകയായിരുന്നു മാധവൻ. അപ്പോഴാണ് തലയിൽ വെള്ളിടി വീഴും പോലെ അട്ടിക്കളം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം ചെയ്ത വാർത്ത വന്നു വീണത്.
മത്സരിച്ചു ജയിച്ച് ഒരു സാദാ മെമ്പർ മാത്രമായിട്ടിരിക്കാൻ മാധവൻ തയ്യാറല്ലായിരുന്നു. കാർന്നോന്മാരുടെ കാലം മുതൽക്കെയുള്ള കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം കളഞ്ഞു കുളിക്കാതെ മാധവൻ നൈസായിട്ട് ഒരു പണി അങ്ങു പണിതു. സ്ഥലത്തെ മാനേജ്മെന്റ് സ്കൂളിൽ അദ്ധ്യാപികയായിരുന്ന സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കി രംഗപ്രവേശം ചെയ്യിച്ചു. കൊച്ചു പിള്ളേരേം പഠിപ്പിച്ചു സ്കൂളിൽക്കൂടി തേരാപ്പാര നടന്നിരുന്ന വിലാസിനി ടീച്ചർ അങ്ങനെ ഒരു സുപ്രഭാതത്തിൽ അട്ടിക്കളം പഞ്ചായത്തിന്റെ പ്രസിഡന്റു കസേരയിൽ തന്റെ ആസനം ഉറപ്പിച്ചു.
“എന്നാലും ആ സ്ത്രീ എന്തിനാണ് കരഞ്ഞുകൊണ്ടു പോയത്?” എന്നുള്ള പീതാംബരന്റെ ചോദ്യത്തിന് ‘ആവോ?’ എന്നൊരു മറുചോദ്യം കൊണ്ട് ഉത്തരം പറഞ്ഞെങ്കിലും വിലാസിനി ടീച്ചറും അതുതന്നെയായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്.
മീറ്റിംഗ് കഴിഞ്ഞയുടനെ അവർ ഫോണെടുത്ത് മനോഹരനെ വിളിച്ചു.
“മനോഹരാ… ഉത്തരയെവിടെ? അവൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?”
“അയ്യോ ടീച്ചറേ.. ഞാനിതാ ഇപ്പൊ മാധവേട്ടനെ വിളിച്ചു വച്ചതേയുള്ളു..”
“നീ കാര്യം പറ മനോഹരാ…”
“അവൾ രാവിലെ ജോലിക്കു പോയിട്ട് ഒരു ഒന്നന്നര മണിക്കൂർ മുൻപ് തിരിച്ചു വന്നു. ഇവിടെ വന്നിട്ട് ആരോടും ഒന്നും മിണ്ടാതെ മുറിയിൽ കയറിക്കിടന്നു കുറച്ചു നേരം കരഞ്ഞു.”
“നീ ചോദിച്ചില്ലേ, എന്താ കാരണമെന്ന്..?”
” പലവട്ടം ചോദിച്ചു ടീച്ചറേ.., എന്നെ കൊന്നില്ല എന്നേയുള്ളൂ, ഭയങ്കര കലിപ്പ്..കുറച്ചു നേരം കഴിഞ്ഞ് എന്തൊക്കെയോ തപ്പിപ്പെറുക്കിയെടുത്തോണ്ട് ഒരു പോക്കു പോയതാ, ദേ ഇപ്പം പോലിസ് സ്റ്റേഷനിൽ നിന്ന് എസ് ഐ വിളിച്ചിട്ടു പറഞ്ഞു എന്നോട് അങ്ങോട്ട് ചെല്ലാൻ.. “
“എന്താടാ നീ ഇന്നലെ അവളെ ഉപദ്രവിക്കുക വല്ലതും ചെയ്തോ..?
” എന്റെ രണ്ടു മക്കളാണേ സത്യം, ഞാൻ തൊട്ടിട്ടു കൂടിയില്ല..”
” പിന്നെന്താണിപ്പോ…? എന്നിട്ട് നീ എസ് ഐയോട് എന്തു പറഞ്ഞു?”
“വരുവാണെന്ന്….,മാധവേട്ടൻ വിളിച്ചു പറഞ്ഞോളും, ഞാൻ പോകുവാ സ്റ്റേഷനിലോട്ട്… “
മനോഹരന് പോലിസ് സ്റ്റേഷൻ ഒരു പുതിയ സ്ഥലമൊന്നുമല്ല. മിക്കവാറും പോലീസുകാർ നല്ല പരിചയക്കാർ. അയാൾ ചിരിച്ചു കൊണ്ടുതന്നെ എസ് ഐ യുടെ മുറിയിലേക്ക് കയറിച്ചെന്നു.
“സാർ, ഞാൻ മനോഹരൻ, ഇവിടെ നിന്നു വിളിപ്പിച്ചിരുന്നു….”
“ആഹ് താനാണോ മനോഹരൻ… താനാ വനിതാ സെല്ലിലോട്ടു ചെല്ല്, എസ് ഐ ശ്രീലത ഉണ്ട് അവിടെ..”
” സർ മാധവേട്ടൻ വിളിച്ചിരുന്നില്ലേ…?”
“താൻ ചെല്ലടോ…” എസ് ഐയുടെ ശബ്ദം അല്പമുയർന്നു.
വനിതാ എസ് ഐയുടെ മുന്നിൽ ഒരു കസേരയിൽ ഉത്തര ഇരിപ്പുണ്ടായിരുന്നു.
“താൻ അറിയുമോ ഈ സ്ത്രീയേ..?” ഉത്തരയുടെ അടുത്തായി കിടന്ന കസേരയിൽ ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് എസ് ഐ ചോദിച്ചു.
“അറിയാം, എന്റെ ഭാര്യ ഉത്തര.”
“താൻ ഇവരെ ഉപദ്രവിക്കാറുണ്ടോ?”
“ഹേയ് അത്…” മനോഹരൻ പരുങ്ങി.
“താൻ നന്നായി മദ്യപിക്കാറുണ്ട് അല്ലേ..?”
“അയ്യോ മാഡം അങ്ങനെയൊന്നുമില്ല… പിന്നെ ഈ പാർട്ടി പ്രവർത്തനം ഒക്കെയായതുകൊണ്ട് വല്ലപ്പോഴുമൊക്കെ ചെറുതായിട്ട്… ” അയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ഒരു ചമ്മിയ ചിരി ചിരിച്ചു.
“ഉണ്ടായിരുന്ന പുരയിടത്തിന്റെ പകുതി വിറ്റ് കള്ളുകുടിക്കുന്നതാണോടോ വല്ലപ്പോഴും…?”
അയാൾ മിണ്ടിയില്ല.
“അതിരിക്കട്ടെ, ആരൊക്കെയാ നിന്റെ കമ്പനികൾ, കള്ളുകുടിക്കാൻ? “
“അയ്യോ മാഡം അങ്ങനെ കമ്പനി കൂടീട്ടുള്ള കുടിയൊന്നുമില്ല, പിന്നെ വല്ലപ്പോഴും മാധവേട്ടന്റെ കൂടെ… “
“ഈ മാധവൻ തന്നെയല്ലേ ഉത്തര പറഞ്ഞ പ്രസിഡന്റിന്റെ ഭർത്താവ്..?” എസ് ഐ ഉത്തരയെ നോക്കി.
“അതെ.. “
“അപ്പോൾ അയാളുടെ കൂടെക്കൂടി മദ്യപിച്ചു ലക്കു കെട്ട് ആദ്യരാത്രിയിൽ സ്വന്തം ഭാര്യയെ പീ ഡിപ്പിച്ചതിന്റെ വീരസാഹസകഥകൾ അയാളോട് പറഞ്ഞു കേൾപ്പിച്ച്, അയാൾ അതു തന്റെ ഭാര്യ, അതായത് പ്രസിഡന്റിനോടു വിവരിച്ച് അവർ അത്പഞ്ചായത്തു ഹാളിൽ വച്ച് മറ്റു മെമ്പർമാരോട് പറഞ്ഞു ചിരിക്കുക… എടോ നാണമില്ലേടോ തനിക്കൊക്കെ..?”
ഒരു പെരുമ്പാമ്പ് കാലിലൂടെ ഇഴഞ്ഞു മുകളിലോട്ടുകയറി ശരീരം മുഴുവൻ വരിഞ്ഞു മുറുക്കിയതു പോലെ നിഷ്‌ക്രിയനായിപ്പോയി മനോഹരൻ. അയാളുടെ കണ്ണുകൾ മിഴിഞ്ഞു.
“ഞാനോ..? എപ്പോ..?” സ്വന്തം ശബ്ദം നഷ്ടപ്പെട്ട് കിളി കരയുന്നതുപോലൊരു ശബ്ദത്തിൽ ആയിരുന്നു അയാളുടെ ചോദ്യം.
“താനല്ലാതെ തന്റെ മണിയറ രഹസ്യം തന്റെ ഭാര്യ പോയി പറയുമോടോ പിന്നെ?”
“ആഹ്…. അതു…”
“ഉത്തരാ, കാര്യങ്ങൾ എനിക്കു മനസ്സിലായി, നിന്റെ തീരുമാനം ഉറച്ചതു തന്നെയാണല്ലോ അല്ലേ..?”
“അതേ മാഡം… എട്ടു വർഷങ്ങളായി ഇയാളെ ഞാൻ സഹിക്കാൻ തുടങ്ങിയിട്ട്. കിടപ്പാടം വിറ്റു തുലച്ചു കള്ളു കുടിക്കുന്നതും രാഷ്ട്രീയം കളിക്കുന്നതും കണ്ടിട്ടും ഒരുപാട് ദേഹോപദ്രവങ്ങൾ ഏറ്റിട്ടും ഞാൻ ഇയാളെ സ്നേഹിച്ചിട്ടു മാത്രമേയുള്ളു… പക്ഷേ ഇനി വയ്യ.. അത്രയും പേർ അങ്ങനെ ഒരു പൊതുസ്ഥലത്തു വച്ചു മാനഹാനി ഉണ്ടാക്കാൻ കാരണക്കാരനായ ഒരാളുടെ കൂടെ ഇനി ജീവിക്കാൻ എനിക്കു കഴിയില്ല.”
“നിന്റെ തീരുമാനത്തിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല ഉത്തരാ… ഞാനുമൊരു സ്ത്രീയല്ലേ, എനിക്കു മനസ്സിലാകും…” എസ് ഐ ശ്രീലത മനോഹരനെ തറപ്പിച്ചു നോക്കിക്കൊണ്ടു പറഞ്ഞു.
മുറ്റത്തു നിൽക്കുന്ന കൊന്നത്തെങ്ങിന്റെ തേങ്ങ പുരക്കകത്തു കിടന്നുറങ്ങുമ്പോൾ തലയിൽ വീണു എന്നു പറഞ്ഞ അവസ്ഥയിലായിരുന്നു മനോഹരൻ.
താൻ പറഞ്ഞതു തന്നെയാണോ അത്? എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ പറ്റുന്നില്ല, അതെങ്ങനെ? കള്ളുകുടിച്ചാൽപ്പിന്നെ എന്തൊക്കെ പറയുമെന്നോ എന്തു പ്രവർത്തിക്കുമെന്നോ പിന്നീട് ഒരോർമ്മയുമുണ്ടാവില്ല.
“ഉത്തരാ ഞാൻ കേസ് രജിസ്റ്റർ ചെയ്യുകയാണ്, അതിനുമുൻപ് പഞ്ചായത്തിൽ വരെപ്പോയി പ്രസിഡന്റിന്റെയും അവിടെ സന്നിഹിതരായിരുന്ന മറ്റു മെമ്പർമാരുടെയും മൊഴികൾ രേഖപ്പെടുത്തണം ” എസ് ഐ പറഞ്ഞു നിർത്തി.
റെജിസ്റ്റർ ചെയ്യപ്പെട്ട കേസിന്റെ മൂന്നാമത്തെ ഹിയറിങ്ങ് ആയിരുന്നു. കോടതി മുറി നിശബ്ദത കൊണ്ടു നിറഞ്ഞു. ഉത്തരയുടെ വിവാഹ മോചനക്കേസിൽ സാക്ഷി വിസ്താരത്തിന് പ്രസിഡന്റും മെമ്പർമാരും ഹാജരായിരുന്നു.
ജഡ്ജിന്റെ ചേമ്പറിൽ തന്നെയായിരുന്നു എല്ലാവരുടെയും ശ്രദ്ധ.
“എന്താണ് വിലാസിനി ടീച്ചർ, നിങ്ങൾക്കൊന്നും പറയാനില്ലേ..?”
“ഞാൻ അറിഞ്ഞുകൊണ്ട് അങ്ങനെയൊന്നും ചെയ്തിട്ടില്ല, എന്റെ മേശപ്പുറത്തിരുന്ന ആ പേപ്പറിൽ ഉള്ളത് സുനിലിനോട് ഉറക്കെ വായിക്കാൻ പറയുക മാത്രമാണ് ചെയ്തത്..”
“ശരി… എന്നിട്ട് ആ പേപ്പർ എവിടെ? ആരാണ് അത് എഴുതിയതെന്ന് നമുക്ക് കണ്ടുപിടിക്കാൻ ശ്രമിക്കാമല്ലോ..”
ഉത്തരയുടെ വക്കീൽ അഡ്വ. ശ്യാംലാൽ ഇടയ്ക്കു കയറിച്ചോദിച്ചു.
“അത്… ആ പേപ്പർ കാണാനില്ല, ഞങ്ങൾ എല്ലായിടത്തും തിരഞ്ഞു.”
“അതിന് അങ്ങനെയൊരു പേപ്പർ ഉണ്ടായിട്ടു വേണ്ടേ..” അഡ്വ. ശ്യാംലാൽ അർത്ഥം വച്ചു ചിരിച്ചു. വിലാസിനി ടീച്ചർ തല കുനിച്ചു.
“യുവർ ഓണർ, ഇത് ഉത്തര എന്ന സ്ത്രീ സമർപ്പിച്ച ഒരു വിവാഹ മോചനക്കേസ് മാത്രമായിരുന്നു ഇതുവരെ പക്ഷേ ഇപ്പോൾ മറ്റൊരു കാര്യം കൂടി പരിഗണിക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് എനിക്കൊരു അപേക്ഷയുണ്ട് “
കോടതിയുടെ ശ്രദ്ധ അഡ്വ. ശ്യാംലാലിന്റെ മേലേക്കായി.
“ഇവിടെ ഉത്തരയ്ക്ക് ബഹുമാനപ്പെട്ട കോടതി വിവാഹമോചനം അനുവദിച്ചാൽക്കൂടിയും അവൾക്ക് അതൊരു ശിക്ഷയായി മാത്രമല്ലേ മാറുക?രണ്ടു കുട്ടികളുമായി ഒരമ്മ നിരാലംബായായി നിൽക്കേണ്ടി വരും. പക്ഷേ അതിനു തക്ക എന്തു തെറ്റാണ് അവൾ ചെയ്തത്?”
“ശ്യാം ലാൽ, നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്…അവർ തന്നെയല്ലേ വിവാഹ മോചന ഹർജി ൽകിയിരിക്കുന്നത്? “
ജഡ്ജ് തന്റെ കസേരയിൽ അല്പം മുന്നോട്ട് ആഞ്ഞിരുന്നു.
“അതേ…. പക്ഷേ…ഇവിടെ സത്യത്തിൽ ആരാണ് തെറ്റുകാർ…?
വിവാഹം കഴിഞ്ഞ അന്നു മുതൽ സ്വന്തം ഭാര്യയ്ക്ക് സ്നേഹവും സംരക്ഷണവും നൽകാതെ അവളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച മനോഹരൻ നിരപരാധിയാണോ?
ഒരു പഞ്ചായത്തിലെ മുഴുവൻ വനിതകളുടെയും പ്രതിനിധിയായി നിൽക്കുമ്പോൾ അവർക്ക് സംരക്ഷണവും സഹായവും നൽകേണ്ട, ഉയർന്ന വിദ്യാഭ്യാസം ഉണ്ടെന്നു സ്വയം അഭിമാനിക്കുന്ന പ്രസിഡന്റ് തന്റെ അധികാര സ്ഥാനത്തു തന്നെയിരുന്നുകൊണ്ട് നിരാലംബായായ ഒരു സ്ത്രീയേ വ്യക്തിഹത്യ നടത്തി എന്ന് കോടതി മുമ്പാകെ ബോധ്യമായിട്ടും ഇനിയും അവർ ആ സ്ഥാനത്തു തുടരാൻ അർഹയാണോ..?
പ്രസിഡന്റ് തെറ്റുകാരിയാണെങ്കിൽ ആ സദസ്സിലിരുന്ന് ചിരിച്ചു രസിച്ച മറ്റു ജന പ്രതിനിധികളോ? പ്രത്യേകിച്ച് ഇല്ലാത്ത ഒരു പേപ്പറിൽ എഴുതിയത് എന്നും പറഞ്ഞു അ ശ്ലീലപ്രസംഗം നടത്തിയ മെമ്പർ സുനിൽ….?
ഇവരെയൊക്കെ വെറും സാക്ഷികളാക്കി, ഉത്തരയെ മാത്രം ശിക്ഷിക്കുക…. ഇതു വിരോധാഭാസമല്ലേ?
“നിങ്ങൾ പറഞ്ഞത് വളരെ ശരിയായ ഒരു കാര്യം തന്നെയാണ് അഡ്വ. ശ്യാംലാൽ, വിവാഹമോചനം അനുവദിച്ചു കിട്ടുന്ന മിക്കവാറും കേസുകളിൽ ആ വിധി കൊണ്ട് സ്ത്രീകൾ ശിക്ഷിക്കപ്പെടുക തന്നെയാണ് ചെയ്യുന്നത് പക്ഷേ….”
ജഡ്ജ് ഒരു നിമിഷം നിർത്തി.
“… ഇപ്പോൾത്തന്നെ ഉത്തരയുടെ കേസ് നോക്കൂ, അവൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് വിവാഹ മോചനം അനുവദിച്ചു കിട്ടുവാൻ വേണ്ടി മാത്രമാണ്…സത്യത്തിൽ ഈ വിവാഹ മോചനത്തിന് ഉത്തരവാദികൾ അട്ടിക്കളം പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും ആണെന്നു ബോധ്യം വന്നാൽപ്പോലും കോടതിക്ക് അവരെ ശിക്ഷിക്കാൻ ആവില്ലല്ലോ, കാരണം അവർക്കെതിരെ ആരും പരാതി കൊടുത്തിട്ടില്ല.
ഇനി മറ്റൊന്ന്, ആ സ്ഥാനത്തു തുടരാൻ അവർ യോഗ്യരാണോ അല്ലയോ എന്നത്…. സ്വന്തം മനസാക്ഷിയോടു ചോദിച്ചിട്ട് അവർ തന്നെ തീരുമാനിക്കട്ടെ.”
ജഡ്ജ് തന്റെ ദീർഘമായ പരാമർശം അവസാനിപ്പിച്ചുകൊണ്ട് കേസിന്റെ തുടർന്നുള്ള വാദം അടുത്ത മാസം 23ന് ഉണ്ടായിരിക്കുന്നതാണെന്ന് അറിയിച്ചു.
കോടതി ശിക്ഷിച്ചില്ലെങ്കിലും ആ കോടതി വളപ്പിനുള്ളിൽ വച്ചു തന്നെ വിലാസിനി ടീച്ചറും സുനിൽ മെമ്പറും തങ്ങളുടെ രാജി പ്രഖ്യാപിച്ചു. കൂടെ വന്ന മറ്റുള്ളവരോട് ചെറിയൊരു കൂടിയാലോചനയ്ക്കു ശേഷം, കോടതിയുടെ പരാമർശം ഉണ്ടാക്കിയ നാണക്കേടിൽ നിന്ന് രക്ഷപെടാൻ അതല്ലാതെ മറ്റു പോംവഴികളില്ല എന്നറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ആ തീരുമാനം.
അട്ടിക്കളം ഗ്രാമപഞ്ചായത്തിനെ ഇളക്കി മറിച്ചുകൊണ്ട് രണ്ടു വാർഡുകളിൽ ബൈ ഇലക്ഷൻ പ്രഖ്യാപിച്ചു.
തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർഥി ആരായിരിക്കണമെന്ന കാര്യത്തിൽ പീതാംബരന്റെ പാർട്ടിയിൽ എതിരഭിപ്രായമൊന്നുമുണ്ടായിരുന്നില്ല. വിലാസിനി ടീച്ചറെയും സുനിലിനെയും രാജി വയ്‌പ്പിച്ച പെൺകരുത്ത്… ഉത്തര!! അവൾ സ്ഥാനാർഥിയായാൽ വിജയം സുനിശ്ചിതമെന്ന് എല്ലാവർക്കും അറിയാമായിരുന്നു.
വൻഭൂരിപക്ഷത്തോടെ വിജയിച്ച് അട്ടിക്കളം ഗ്രാമ പഞ്ചായത്തിന്റെ പടികൾ വീണ്ടും ചവിട്ടുമ്പോൾ ഉത്തരയുടെ പാദങ്ങൾ ഭൂമിയിൽ ഉറച്ച ചുവടുകൾ തീർത്തിരുന്നു.
ആറു മാസങ്ങൾക്കു മുൻപ് അപമാനിക്കപ്പെട്ടു കണ്ണീരോടെ ഇറങ്ങിപ്പോയ അതേ ഹാളിൽ, അന്നു അപമാനിച്ച സ്ത്രീ ഇരുന്ന അതേ കസേരയിൽ അസാമാന്യ തലയെടുപ്പോടെ വശ്യമായൊരു ചിരിയോടെ അവൾ പിന്നോട്ടാഞ്ഞിരുന്നു.
അഭിനന്ദനപ്രവാഹങ്ങളുമായി വന്നവരെല്ലാം പിരിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിൽ നിന്ന് വൈസ് പ്രസിഡന്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ പീതാംബരൻ മെമ്പർ പ്രസിഡന്റിന്റെ ചേമ്പറിലേക്ക് കടന്നു ചെന്നു.
“ഇതൊക്കെയാണ് ലോട്ടറി അടിക്കുക എന്നു പറയുന്നത് അല്ലേ ഉത്തരാ..?” അയാൾ ചിരിച്ചു കൊണ്ട് കസേരയിലേക്കമർന്നു.
“എന്താണു പോലും പീതാംബരൻ ചേട്ടൻ ഉദ്ദേശിച്ചത്..?”
“പ്രതിപക്ഷ നേതാവിന് തൂപ്പുകാരിയോടു തോന്നിയ ഒരിഷ്ടം… അത് അവളെ പ്രസിഡണ്ടാക്കി എന്നു പറയുകയായിരുന്നു…” ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ട് അയാൾ ഒരു വഷളച്ചിരിയോടെ പറഞ്ഞു.
ഉത്തര വെറുതെ ചിരിച്ചതേയുള്ളു.
“അതിരിക്കട്ടെ, എവിടെ വരെയായി ഡിവോഴ്സ്…? ഒന്നു ഫ്രീ ആയിക്കിട്ടാൻ ഞാനിനി എത്ര കാലം കാത്തിരിക്കേണ്ടി വരും..?”
“ഓ അതു ഞങ്ങള് വേണ്ടാന്നങ്ങു വച്ചു…”
“എന്ത്…?”
“ഡിവോഴ്സേ… രാഷ്ട്രീയക്കളി അവസാനിപ്പിച്ച് ഉള്ള പറമ്പിൽ പണിത് വല്ലപ്പോഴും ഒരു പെഗ്ഗ് ഒക്കെ വീശി വീട്ടിൽത്തന്നെ കൂടിക്കോളാമെന്ന് മനോഹരൻ ചേട്ടൻ എനിക്കുറപ്പു തന്നു ഞാൻ ആ പെറ്റീഷൻ അങ്ങു പിൻവലിക്കാൻ തീരുമാനിച്ചു.”
“ഓഹോ… അപ്പോ ഇത്രേം നാളും നീയെന്നെ വെറുതെ കൊതിപ്പിച്ചു പിറകേ നടത്തുവാരുന്നുവല്ലേ…. നിനക്കീ പീതാംബരൻ ആരാണെന്നു ശരിക്കും മനസ്സിലായിട്ടില്ലെടീ…”
“ദേ പീതാംബരൻ ചേട്ടാ… ഈ എടീ പോടീ എന്നുള്ള വിളിയൊക്കെ വീട്ടിൽ ജാനാകിച്ചേച്ചിയെ…. പിന്നെ താനാരാണെന്നു….. കെട്ടിക്കാൻ പ്രായത്തിലുള്ള രണ്ടു പെൺപിള്ളേരുടെ അച്ഛനായ താൻ ജനപ്രതിനിധിയായി പഞ്ചായത്തിൽ എത്തിയിട്ട് വെറുമൊരു തൂപ്പുകാരിയായ എന്റെ പിറകേ ഒലിപ്പിച്ചു നടക്കാൻ തുടങ്ങിയ അന്നേ എനിക്കു മനസ്സിലായി താനാരാണെന്ന്…”
“നിന്നെ ഈ കസേരയിൽ കേറ്റി ഇരുത്താൻ ഈ പീതാംബരന് അറിയാമെങ്കിൽ ഇതിൽ നിന്ന് താഴെ ഇറക്കാനും എനിക്ക് നന്നായറിയാം…”
“ഓഹോ… താൻ അങ്ങനെയാണോ വിചാരിച്ചിരിക്കുന്നത്.. തന്റെ സാമർഥ്യം കൊണ്ടാണ് ഞാനീ കസേരയിൽ ഇരിക്കുന്നതെന്ന്…?”
“അല്ലാതെ എന്തു രാഷ്ട്രീയ പാരമ്പര്യം ഉണ്ടായിയിട്ടാടീ നീ ഇപ്പൊ ജനങ്ങളെ ഭരിക്കാൻ ഇറങ്ങിയേക്കുന്നെ…?”
“എടോ പീതാംബരാ.. ചേട്ടാ, മെമ്പറേ എന്നിങ്ങനെയുള്ള ബഹുമാനങ്ങൾ ഞാൻ തന്റെ കാര്യത്തിൽ അങ്ങു വേണ്ടാന്നു വച്ചോണ്ടു കൊറച്ചു കാര്യങ്ങൾ അങ്ങോട്ടു പറയാം…അപ്പൊ തനിക്കു മനസ്സിലാകും ഭരിക്കാൻ വേണ്ടത് പാരമ്പര്യമല്ല കഴിവാണെന്ന്…”
ഉത്തര ഒന്നു നിർത്തിയിട്ട് അയാളുടെ നേർക്ക് മുന്നോട്ടാഞ്ഞിരുന്നു.
“ഇല്ലായെന്നു താനടക്കം തന്റെ പാർട്ടിക്കാർ കോടതിയിൽ പറഞ്ഞ ആ ആദ്യരാത്രി വിവരണം എഴുതിയത് ആരാടോ…?”
“നീയ്യ്…. നിനക്കല്ലേ അറിയൂ നിന്റെ ആദ്യരാത്രി…”
“ആണല്ലോ… പക്ഷേ അതു പ്രസിഡന്റിന്റെ ഫയലിൽ വച്ചത്…?”
“അത്… അത്.. നീ പറഞ്ഞിട്ടല്ലേ ഞാനതു ചെയ്തത്..?” പീതാംബരൻ വിക്കാൻ തുടങ്ങി.
“ആ എഴുത്ത് സുനിലിന്റെ മുന്നിൽ നിന്ന് ആരും കാണാതെ എടുത്തു കീറിക്കളഞ്ഞതോ..?”
“അപ്പോ ഇതൊക്കെ നീയെന്നെക്കൊണ്ട് ചെയ്യിച്ചത് ഈ കസേരയ്ക്കു വേണ്ടിയാ അല്ലേ…?”
“ഇതുമാത്രമല്ലല്ലോ പീതാംബരാ… കോടതിയിൽ നീ കള്ളസാക്ഷി പറഞ്ഞത്, ഭരണകക്ഷിയിലെ ഒരുത്തനെ ചാക്കിട്ടു പിടിച്ച് വിലാസിനി ടീച്ചറിനെക്കൊണ്ടും സുനിലിനെക്കൊണ്ടും രാജി തീരുമാനം എടുപ്പിച്ചത്, ഇലക്ഷനിൽ സ്ഥാനാർഥിയായി എന്റെ പേരു നിർദ്ദേശിപ്പിച്ചത്….. ഇതെല്ലാം ഞാൻ നിന്നെക്കൊണ്ട് ചെയ്യിച്ചതു തന്നെയാണ്…!!! ഇനി അങ്ങോട്ട് കളിക്കാൻ പോകുന്നതും ഈ ഉത്തര തന്നെയാണ് പീതാംബരാ….”
“ഓർമ്മ വച്ച കാലം തൊട്ടേ രാഷ്ട്രീയത്തിലിറങ്ങി പകിട കളിച്ചു വളർന്നവരാടീ ഞാനും മാധവനുമൊക്കെ… അപ്പനും അപ്പൂപ്പനുമൊക്കെയായി ഭരിച്ചും ഭരിപ്പിച്ചുമുള്ള പാരമ്പര്യം… അതിനിടയിലാ നിന്നെപ്പോലൊരു പെണ്ണ്…” പീതാംബരൻ കോപം കൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു.
“ഇത്…. ഇതാണ് പീതാംബരാ എനിക്കിഷ്ടപ്പെടാതെ പോയത്… നാട്ടു ഭരണവും സർക്കാർ ജോലിയുമൊക്കെ ഞങ്ങളുടെ കുടുംബസ്വത്താണെന്നുള്ള നിന്റെയൊക്കെ ഈ ധാർഷ്ട്യം… അതുകൊണ്ടു മാത്രമാണ് വിലാസിനി ടീച്ചറിനെ ഈ കസേരയിൽ നിന്ന് താഴെയിറക്കാൻ ഞാൻ തീരുമാനിച്ചത്..ഇതൊന്നും തനിക്കും തന്റെ അച്ചി വീട്ടുകാർക്കും സ്ത്രീധനം കിട്ടിയ വകയൊന്നുമല്ലടോ”
“നീയ് ഇന്ത്യൻ പ്രസിഡന്റൊന്നും ആയിട്ടില്ലല്ലോ… ഇനി നാലു കൊല്ലം കൂടി, അതുകഴിഞ്ഞാൽ ഇലക്ഷൻ വരുമല്ലോ അപ്പൊക്കാണാം…” പീതാംബരൻ പോകാനായി എഴുന്നേറ്റു.
“വെറും മൂന്നു മാസക്കാലം പഞ്ചായത്ത് കെട്ടിടം അടിച്ചു വാരാൻ നിന്ന പരിചയം കൊണ്ട് പഞ്ചായത്തു പ്രസിഡണ്ടാകാമെങ്കിൽ നാലു കൊല്ലം ഈ കസേരയിൽ ഇരുന്നു കഴിഞ്ഞിട്ടും ഞാൻ ഈ അട്ടിക്കളം പഞ്ചായത്തിന്റെ ഇട്ടാവട്ടത്തിൽ നിങ്ങളോടു പകിട കളിക്കാൻ നിക്കുമെന്നു വിചാരിക്കുന്നത് അതിമോഹമല്ലേ പീതാംബരാ…?”
“ഒന്നു പോടീ…”മുണ്ടു മുകളിലേക്കു ചെരച്ചു കയറ്റി മടക്കിക്കുത്തിക്കൊണ്ട് പുറത്തേക്കു നടക്കുന്നതിനിടയിൽ പീതാംബരൻ പിറുപിറുത്തു.
“ഓയ്… വൈസ് പ്രസിഡന്റ് പീതാംബരൻ ചേട്ടാ… ഒന്നു നിന്നേ.. ഒരു കാര്യം ചോദിക്കാനാ…?”
എന്താണ് എന്നുള്ള അർത്ഥത്തിൽ അയാൾ തലതിരിച്ചു.
“ചേട്ടൻ കുറച്ചു മുൻപ് പറഞ്ഞില്ലേ… ഒരു ‘ഇന്ത്യൻ പ്രസിഡന്റ് ന്റെ കാര്യം… അത് ആകാൻ പ്രത്യേക പരീക്ഷ വല്ലോം പാസാകണോ…? ഒന്നു ശ്രമിച്ചു നോക്കാനാ….” ഉത്തര ഉച്ചത്തിൽ ചിരിച്ചു.
‘ഈശ്വരാ…!! ഇവൾ ഈ സ്പീഡിൽ പോയാൽ ഇന്ത്യൻ പ്രസിഡന്റല്ല ലോകത്തിന്റെ പ്രസിഡന്റ് ആയേക്കും..’ ചെരച്ചു കേറ്റിയിരുന്ന മുണ്ട് അഴിച്ചു താഴെക്കിട്ട് ഒരു പ്ലാസ്റ്റിക് ചിരി മുഖത്തു പിടിപ്പിച്ച് പീതാംബരൻ തിരിഞ്ഞു നോക്കാതെ നടന്നു.
തന്റെ മേശപ്പുറത്തിരുന്ന നെയിം ബോർഡ് ഒന്നുകൂടി നിവർത്തി ശെരിയാക്കി വച്ചു ഉത്തര.
ഉത്തര മനോഹരൻ, പ്രസിഡന്റ്, അട്ടിക്കളം ഗ്രാമപഞ്ചായത്ത്.