വിശപ്പെന്ന അമൃത്…
രചന: Krishna Priya Sudhish
രാവിലെ അമ്മയുണ്ടാക്കി വെച്ച ദോശയും ചമ്മന്തിയും കണ്ടതെ കലികയറി…വിളമ്പി വെച്ച പാത്രവും തള്ളി നീക്കി ഞാൻ എഴുന്നേറ്റുപോയി..അമ്മയോട് ഒരു വാക്കുപോലും പറയാതെ ബാഗും എടുത്ത് ജോലിക്ക് പോകാൻ ഇറങ്ങി…
“മോനെ എന്തെങ്കിലും കഴിച്ചിട്ട് പോടാ..ഇല്ലേൽ വിശക്കില്ലേ നിനക്ക്..”?
എനിക്കെങ്ങും വേണ്ട നിങ്ങളുടെ ദോശയും ചമ്മന്തിയും കൊണ്ടുപോയി പട്ടിക്ക് കൊടുക്ക്..
അത്രയും പറഞ്ഞു ദേഷ്യപ്പെട്ടു ഞാൻ വണ്ടിയും എടുത്തു പോയി..പോകുമ്പോൾ മിററിലൂടെ കണ്ടു സാരി തലപ്പുകൊണ്ടു കണ്ണു തുടക്കുന്ന അമ്മയെ…
🔆🔆🔆🔆🔆🔆🔆🔆🔆
വിശപ്പിന്റെ വിളി കലശലായപ്പോഴാണ് ഞാൻ സമയം നോക്കിയത്..ഉച്ചക്ക് 1:30 …രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് വല്ലാത്ത ക്ഷീണം…എന്തെങ്കിലും കഴിച്ചിട്ട് വരാം എന്ന് കരുതി ഞാൻ വണ്ടിയുമായി അടുത്തുള്ള ഹോട്ടൽ ലക്ഷ്യമാക്കി പാഞ്ഞു…ഓഫീസ് ക്യാന്റീനിലെ ഭക്ഷണം വായിൽ വെക്കാൻ കൊള്ളില്ല…അഞ്ചു മിനിറ്റ് നേരം കൊണ്ട് ഹോട്ടലിൽ എത്തി..
ഹോട്ടലിലേക്ക് കേറുമ്പോഴേക്കും കണ്ടു പുറത്തു പൊരിവെയിലിൽ ഇരിക്കുന്ന അമ്മയും രണ്ടു കുഞ്ഞുങ്ങളും..പാറിപ്പറന്ന മുടികൾ..കുളിച്ചിട്ടു തന്നെ മാസങ്ങൾ ആയെന്നു തോന്നും കണ്ടാൽ…എല്ലും തോലുമായ ശരീരം..വയർ ഒട്ടികിടക്കുന്നു..അവരെ ഒന്നു നോക്കി ഞാൻ ഹോട്ടലിലേക്ക് കയറി…ഒരു ഫുൾ പ്ലേറ്റ് ബിരിയാണിക്ക് ഓർഡർ കൊടുത്തു..
വെറുതെ ഒന്ന് പുറത്തേക്കു നോക്കിയപ്പോൾ അവരുടെ കണ്ണുകൾ ആ ഹോട്ടലിലേക്ക് വരുന്നവരെയും പോകുന്നവരെയും മാറി മാറി നോക്കുന്നുണ്ട് ഇടക്ക് അകത്തേക്കും നോക്കുന്നു..എനിക്ക് എന്തോ അതു കണ്ടതും വല്ലാത്ത ഒരു അസ്വസ്ഥത എന്നെ പൊതിഞ്ഞു…
അച്ഛന്റെ മരണ ശേഷം ഭക്ഷണം കഴിക്കാൻ വകയില്ലാതെ പട്ടിണി കിടന്ന നാളുകൾ ഓർമ വന്നു..എന്റെ കരച്ചിൽ സഹിക്കാൻ വയ്യാതെ എനിക്കായി അയല്പക്കത്തെ ചേച്ചിയോട് ഒരു പിടി അരി ഇരന്നു വാങ്ങിയ അമ്മയുടെ മുഖം ഓർമ വന്നു..
പിന്നെ ഒന്നും ഞാൻ നോക്കിയില്ല പുറത്തേക്ക് ഇറങ്ങി ആ അമ്മയെയും മക്കളെയും വിളിച്ചു കൊണ്ടുപോയി അവർക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തു..ആർത്തിയോടെ അവരതു കഴിക്കുന്നതു കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി…
രാവിലെ ഭക്ഷണം തട്ടി തെറുപ്പിച്ചത് ഓർവന്ന ഞാൻ അറിയാതെ തേങ്ങിപ്പോയി…അവരുടെ ഭക്ഷണം കഴിഞ്ഞു കാശും കൊടുത് ഇറങ്ങുമ്പോൾ എന്റെ പേഴ്സ് കാലിയായിരുന്നു പക്ഷെ വയറു നിറഞ്ഞതിലുള്ള സന്തോഷത്തോടെ അവർ എന്റെ നേരെ നോക്കി കൈ കൂപ്പിയത് ഓർത്തപ്പോൾ എന്റെ മനസ്സ് നിറഞ്ഞു..അതിന്റെ മുമ്പിൽ മറ്റെന്തു നഷ്ടവും ഒന്നുമല്ലെന്ന് എനിക്ക് തോന്നി…ഓഫീസിൽ ചെന്നു ഹാൾഫ് ഡേ ലീവും എടുത്തു ഞാൻ വീട്ടിലേക്ക് പുറപ്പെട്ടു അമ്മയെ കാണാൻ മാപ്പു പറയാൻ……
ഭക്ഷണം പാഴാക്കരുത്…ഇന്നും ഒരു നേരത്തെ അന്നത്തിനു വേണ്ടി ബുദ്ധിമുട്ടുന്നവർ നമുക്ക് ചുറ്റും ഉണ്ട്…..