മൗനം ~ രചന: അനഘ “പാർവ്വതി”
🎶മൊഴികളിൽ പറയാതെ മിഴികളിൽ നിറയുന്ന മധുരമാം നിൻ നേർത്ത മൗനം..😔
മൊഴികളിൽ പറയാതെ മിഴികളിൽ നിറയുന്ന മധുരമാം നിൻ നേർത്ത മൗനം..😔
പകുതിയിൽ നിന്നൊരാ പാട്ടിന്റെ ഒടുവിൽനീ എഴുതിയതിന്നേതു മൗനം..😔
കടലാസുതുണ്ടിൽനീ പകരുന്ന പ്രണയത്തിൻ വരികൾതൻ ഇടയിലും മൗനം..😔
ആദ്യമായി ഞാനെന്റെ പ്രണയം പറഞ്ഞപ്പോൾ പകരമായി നീ തന്നു മൗനം..😔
ഇന്ന് നാം പിരിയവേ കണ്മുഞാൻ നിൻ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ മൗനം…ഒരു തുള്ളി കണ്ണുനീർ മൗനം..😢🎶
ഷാനു…
മം….
ഷാനു. .
പറയടാ.
നിനക്കെന്തെങ്കിലും തോന്നുന്നുണ്ടോ.
എന്ത് തോന്നാൻ.
ഈ കവിത കേട്ടിട്ട് ഒന്നും തോന്നിയില്ല….കേൾക്കാൻ നല്ല ഫീലാണ്.
കു ന്തം. എടി ഇത് നമ്മളെ പറ്റിയല്ലെ. ഈ കവിതയും കേട്ട് കണ്ണടച്ച് ഇരിക്കുമ്പോ നമ്മടെ കോളേജ് ഓർമ്മവരും.
നീ എന്താ ഒന്നും മിണ്ടാത്തത്. അല്ലേലും ഞാൻ എന്ത് പറഞ്ഞാലും നീ ഇങ്ങനെ മൗനത്തെ കൂട്ടുപ്പിടിക്കും.
മം.ഇപ്പൊ എന്തിനാ ഇതൊക്കെ പറയുന്നത്.
നീ എന്നെ സ്നേഹിച്ചിരുന്നില്ലേ.
ജിത്തു മതി. ഈ വിഷയം ഇവിടെ നിർത്താം.
എന്തിനാ ഷാനു നീ മടിക്കുന്നത്. ഇന്നത്തെ നമ്മുടെ ജീവിതത്തെ അതൊരു വിധത്തിലും ബാധിക്കില്ല. നാളെ ഒരുനാൾ നിനക്ക് പറയണമെന്ന് തോന്നിയാൽ ഞാൻ കൺമുന്നിൽ ഇല്ലെങ്കിലോ.
നീ എവിടെ പോകുന്നു. ഇതിനാണോ ഹാഫ് ഡേ ലീവ് എന്നേ കൊണ്ട് എടുപ്പിച്ചത്. രാവിലെ വല്ല തട്ടും കിട്ടിയോ.
നീ ബാല്യകാലസഖി വായിച്ചിട്ടുണ്ടോ. സുഹറയും മജീദും ഒരിക്കലും ഒന്നായില്ല. ഇന്നും ഞാൻ ആലോചിക്കാറുണ്ട്. സുഹറ എന്താകും പറയാൻ ബാക്കിയാക്കി യാത്രയായത്. പക്ഷേ നീ പറയണ്ടതെന്താണെന്ന് എനിക്കറിയാം. പക്ഷേ നീ പറഞ്ഞു കേൾക്കണം.
ജിത്തു. നീ എന്തൊക്കെയാണ് പറയുന്നത്. നീയും ഞാനും ഇന്ന് മറ്റൊരാൾക്ക് സ്വന്തമാണ്. നമ്മളെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന നമ്മുടെ പാതി, നമ്മുടെ കുഞ്ഞുങ്ങൾ. സന്തോഷം നിറഞ്ഞ വർത്തമാനകാലത്തിലേക്ക് ഭൂതകാലത്തിനേ ക്ഷണിക്കുന്നതെന്തിനാണ്.
ഹഹഹ. നീ എന്താ കരുതിയത് പഴയ പ്രണയം കുത്തിപൊക്കുവാണെന്നോ. ഇന്നെൻ്റെ ലോകം എൻ്റെ മീരയും കുഞ്ഞുങ്ങളുമാണ്. അന്നും നിൻ്റെ മൗനം ബന്ധങ്ങളെ ഓർത്തായിരുന്നു. നിൻ്റെ മൗനം ഏൽപ്പിച്ച മുറിവ് ഉണങ്ങാൻ എൻ്റെ കൂടെ മീര നിന്നു. അവളെ മറന്നൊന്നും എനിക്കില്ല.
പിന്നെ നീ എന്തിനാണ് ഓരോന്ന് ചികയുന്നത്.
കാര്യമായാണ്. പെട്ടെന്നൊരു ദിവസം ഓർക്കാപ്പുറത്ത് എന്തെങ്കിലും സംഭവിച്ചാൽ ഒന്നും ബാക്കി വെച്ചതായി തോന്നരുതല്ലോ.
നീ ഒന്ന് നിർത്തൂ. കേൾക്കുമ്പോ തന്നെ പേടിയാകുന്നു.നിനക്കെന്താ സംഭവിച്ചത്.
എനിക്കെന്താ എനിക്കൊന്നുമില്ല. നിന്ന നില്പിൽ മനുഷ്യന്മാര് ഈ ലോകം വിട്ടു പോവുന്നു. ഇന്നവർ നാളെ ചിലപ്പോ ഞാനാണെങ്കിൽ.
മതി. നിർത്തൂ. ഈ വക സംസാരങ്ങൾ വേണ്ട. ഇതൊക്കെ പറയുമ്പോ നിൻ്റെ കുഞ്ഞുങ്ങളെ നീ ഓർക്കുന്നില്ല. പറഞ്ഞു പറഞ്ഞെങ്ങോട്ടാ. ഇതൊക്കെ പറയാൻ ഇപ്പൊ എന്തുണ്ടായി.
ശരി.എന്തായാലും നീ പറ. നീ എന്നെ പ്രണയിച്ചിരുന്നുവോ. ഒരു ചോദ്യ ചിഹ്നമായി അതിങ്ങനെ മനസ്സിൽ കിടക്കുവാണ്. പറ ഷാനു.
മം….നീ എൻ്റെ നല്ല സുഹൃത്തായിരുന്നു.എന്തും തുറന്നു പറയാവുന്ന എൻ്റെ ആത്മമിത്രം. വർഷങ്ങൾ കടന്നുപോയപ്പോൾ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നീയും എന്നെ പ്രണയിക്കുന്നു എന്ന് തന്നെ വിശ്വസിച്ചു. നമ്മളൊരുമിച്ചൊരു ജീവിതം ഞാനും സ്വപ്നം കണ്ടു.
എന്നിട്ട് എന്തുകൊണ്ട് നീ പറഞ്ഞില്ല ഷാനു.
നീ എന്നെ പ്രോപോസ് ചെയ്യുന്ന ദിവസവും നോക്കിയിരുന്ന എനിക്ക് മുന്നിൽ വെളിവായത് എൻ്റെ കൂട്ടുകാരിയുടെ പ്രണയമാണ് ജിത്തു. മീര..മീര നിന്നെ ഒരുപാട് മനസ്സിൽ കൊണ്ടുനടന്നു ജിത്തു.
നോ…നീ എന്തൊക്കെയോ കൽപ്പിച്ചു കൂട്ടിയേക്കുവാണ്.
അല്ല ജിത്തു.മീര നിന്നെ പ്രണയിച്ചിരുന്നു. അവൾടെ പുസ്തകങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ശ്രീ നീയായിരുന്നു. നിന്നോട് തുറന്നു പറയാൻ വന്ന അവളുടെ മുന്നിൽ വെച്ചാണ് നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്. നിറഞ്ഞ കണ്ണുകൾ മറച്ചു നടന്നുപോയ അവളെ നീ കണ്ടില്ല.
ശരി.സമ്മതിച്ചു. അതിന് എൻ്റെ പ്രണയത്തെ നീ എന്തിന് തട്ടിത്തെറിപ്പിച്ചു.പലരും അറിഞ്ഞും അറിയാതെയും പലരെയും പ്രണയിക്കും. ഇന്നും ഒന്നും മിണ്ടാതെ നടന്നു പോയ നിന്നെ ഞാൻ ഓർക്കുന്നു.
ഞാൻ നിന്നെ പ്രണയിച്ചിരുന്നു.പക്ഷേ ഞാൻ ധർമസങ്കടത്തിലായി ജിത്തു. ഒരു വശത്ത് മീര മറുവശത്ത് നീ.അവിടം കൊണ്ടും തീർന്നില്ല.നീ എന്നെ പ്രണയം അറിയിച്ചത് ആരോ വീട്ടിൽ അറിയിച്ചു. എല്ലാം നിന്നോട് പറയാനിരുന്ന ഞാൻ അറിഞ്ഞത് എൻ്റെ വിവാഹം തീരുമാനിച്ചെന്നാണ്. നിസഹായ ആയിരുന്നു. എല്ലാം ഉപേക്ഷിച്ച് നിൻ്റോപ്പം വന്നാൽ നിന്നെ ഉപ്പയും ഇക്കാക്കമാരും കൊല്ലും. അതിലും നല്ലത് മീരയുമൊത്ത് ഒരു ജീവിതമല്ലേ.
നീയാര് മദർ തെരേസയോ. നീ എല്ലാവരെയും രക്ഷിച്ചു. ജീവിതം കൊടുത്തു. നിന്നെ കെട്ടാനിരുന്ന മനുഷ്യനോ.
മം.അജൂക്കയോട് മാത്രം ഞാൻ തെറ്റ് ചെയ്തു.കല്യാണത്തിന് മുന്നേ ആളെ കണ്ടുപോലുമില്ല. എല്ലാം തുറന്നു പറഞ്ഞു കല്യാണം മുടക്കിയാലോ എന്നോർത്ത് വീട്ടിലാരും അനുവദിച്ചില്ല. എല്ലാം തുറന്നു പറഞ്ഞത് ആദ്യരാത്രിയാണ്. എനിക്ക് എത്ര സമയം വേണമെങ്കിലും എടുക്കാൻ ആ മനുഷ്യൻ സമ്മതിച്ചു. പിന്നീടാണ് അറിഞ്ഞത് സ്കൂൾ മുതൽ അങ്ങേരെന്നെ മനസ്സിൽ കൊണ്ടുനടന്നതാണെന്ന്. അങ്ങനെ ഒരാളോട് എനിക്ക് വേറൊരു പ്രണയം ഉണ്ടായിരുന്നെന്ന് പറഞ്ഞ് ഞാൻ ആദ്യമായി നോവിച്ചു. പിന്നീടാ സ്നേഹം ഞാനും അറിഞ്ഞ് തുടങ്ങി. എന്തായാലും അന്ന് നമ്മൾ ഒത്തിരി വിഷമിച്ചെങ്കിലും നമ്മളെ ഒരുപാട് സ്നേഹിക്കുന്ന പാതിയെ തന്നെ കിട്ടി. ചേരേണ്ടതെ ചേരൂ.
മം.മീര ഒരിക്കലും പറഞ്ഞിട്ടില്ല. നീ പോയപ്പോ തകർന്ന എനിക്ക് അവളൊരു താങ്ങായി. പിന്നീട് അമ്മ തന്നെയാണ് അവളെ ആലോചിച്ചത്. ഞാൻ അവളെ തെറ്റിദ്ധരിക്കും എന്ന് കരുതിക്കാണും.
ആവാം.നമ്മുടെ ഇടയിലെ സൗഹൃദം വീണ്ടും പൊടിതട്ടിയെടുത്തത് നീ ഓർക്കുന്നുണ്ടോ. ഞാൻ ഭയന്നിരുന്നു മീര എങ്ങനെ പ്രതികരിക്കുമെന്ന്. പക്ഷേ അവളെന്നെ ഞെട്ടിച്ചു.
എന്ത് പറ്റി.
ഇനിയിപ്പോ സ്വർഗ്ഗലോകത്ത് നിന്ന് അപ്സരസ് വന്നാലും അവടെ ശ്രീയേട്ടൻ അവളേ മറന്നു ജീവിക്കില്ലെന്ന്.
ഹഹഹ. എന്തായാലും എല്ലാം പറയുന്നവൾ ഇതൊന്നും എന്നോട് പറഞ്ഞില്ല. സാരമില്ല എന്നെങ്കിലും അവള് തന്നെ പറയും.അല്ല അജ്മൽ ഒന്നും പറഞ്ഞില്ലേ.
എന്ത് പറയാൻ. എന്നെ പോലൊരു പെങ്കൊച്ചു അജൂക്കേടെ ഭാഗ്യമല്ലെ മോനെ ശ്രീജിത്തേ.
ഉവ്വൂവെ.
ജിത്തു ഞാൻ പോകുവാണെ. ഇനിയും നിന്നാൽ താമസിക്കും.
ശരിയെടി.
****************
നീ തീർത്ത മൗനം കാലത്തിൻ്റെ കണക്കുപുസ്തകത്തിൽ വലിയൊരു ശരിയായിരുന്നു പെണ്ണേ. ഒന്നെനിക്കറിയാം നീ എന്നെ പ്രണയിച്ചിരുന്നു. നിൻ്റെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട്. ഒരു പക്ഷെ മീരയുടെയും അജ്മലിൻ്റെയും പ്രണയം അതിലും തീക്ഷ്ണമായിരുന്നിരിക്കും.വിരഹത്തിൻ്റെ നോവറിയിച്ചെങ്കിലും മനോഹരമായ ഒരു വസന്തകാലം നമ്മെ കാത്തിരുന്നു.
ശുഭം
ഇതൊരു തട്ടിക്കൂട്ടാണ്. ഉദ്ദേശിച്ചരീതിയിൽ എഴുതാൻ സാധിക്കുന്നില്ല.ആകെ ഒരു മിസ്സിംഗ്. തെറ്റുകൾ ക്ഷമിക്കുക.