കൈകളിൽ വലിച്ചു നടന്ന യാത്ര ചെന്നെത്തിയത് അമ്പലപ്പടവിൽ ആയിരുന്നു. കൈയിലെ കുപ്പിവളകൾ രണ്ടെണ്ണം…

🖤 കൊലുസ്സ് 🖤

രചന: ദേവ സൂര്യ

“”ജിത്തുട്ടൻ ഉമ്മറത്ത് ഉണ്ട് അമ്മുവേ… നീയീ സംഭാരം അവന് കൊണ്ടോയി കൊടുത്തെ.. എനിക്കിവിടെ നൂറു കൂട്ടം പണി ഉള്ളതാണ്… “”

അടുക്കള തിണ്ണയിൽ വെറുതെ ദാവണി തുമ്പ് തെരുപ്പ് പിടിച്ചു ഇരുന്ന തന്റെ കയ്യിലേക്ക് അമ്മ ഒരു ഗ്ലാസ്സ് തനിക്ക് നേരെ നീട്ടി പറയുമ്പോൾ… ഉള്ളിൽ നിന്നെവിടെന്നോ ഒരു പിടപ്പ് ഉയരുന്നത് താൻ അറിഞ്ഞിരുന്നു…

വിറയലോടെ ഗൗരവം നിറഞ്ഞ ആ മുഖത്തേക്ക് നോക്കി സംഭാരം കൊടുക്കുമ്പോൾ…ഗൗരവം ഏറിയ മുഖത്ത് എന്നും വിടരാറുള്ള പുഞ്ചിരി വിരിഞ്ഞിരുന്നു.ഭയപ്പാടോടെ അല്ലാതെ ആ മുഖത്തേക്ക് ഇന്നെ വരെ നോക്കിയിട്ടില്ല… അത് കൊണ്ട് തന്നെ തിരിച്ചു ചിരിക്കുവാൻ പുഞ്ചിരി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം… കൈയ്യിൽ നിന്ന് ഗ്ലാസ്സ് വാങ്ങിയതും ധൃതിയിൽ ഉള്ളിലേക്ക് ഓടി ഒളിക്കുമ്പോളും ഹൃദയം വല്ലാതെ മിടിച്ചിരുന്നു…ആ മുഖത്ത് നോക്കി ചിരിക്കേണ്ടത് മുഴുവൻ ആയിരം സൂര്യചന്ദ്രന്മാരുടെ ശോഭയിൽ ചുണ്ടിൽ വിരിഞ്ഞു…പ്രണയച്ചുവയുള്ള പുഞ്ചിരി….

പ്രൗഢിയേറിയ തറവാട്ടിലെ പെൺകുട്ടിക്ക് തറവാട്ടിലെ കാര്യസ്ഥന്റെ ചെക്കനോട് പ്രേമം…കേട്ടാൽ കാർക്കിച്ചു തുപ്പും കാരണവന്മാർ…മനസ്സിൽ ആഗ്രഹം തോന്നിയപ്പോളേ ഒത്തിരി വേണ്ട എന്ന് മനസ്സിനെ ശാസിച്ചതാണ്…അരുതാത്തതാണ് എന്ന് പറഞ്ഞു പഠിപ്പിക്കുവാൻ ഒത്തിരി നോക്കി…പക്ഷെ പ്രണയം ചിലപ്പോൾ മായാജാലക്കാരൻ അല്ലെ..അരുത് എന്നാരു പറഞ്ഞാലും കേൾക്കാൻ കൂട്ടാക്കാത്ത മനസ്സിനെ തരുന്ന മായാജാലക്കാരൻ…ചിന്തകൾക്കൊടുവിൽ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…പതിയെ കണ്ണുകൾ കൈയ്യിലായി അണിഞ്ഞിരിക്കുന്ന മോതിരത്തിലേക്ക് ചെന്നെത്തി…ഓർമ്മകളിലേക്ക് വെറുതെ ഊളിയിട്ടു…

“”ഏയ്യ് അമ്മുട്ടിയെ…ഒന്ന് നിക്കടോ ഞാൻ വരുന്നു…””

കോളേജിലേ ആദ്യദിവസമായിരുന്നു അന്ന്…നല്ല മഴയത്ത് കുടയും നിവർത്തി…ഇത്തിരി പേടിയോടെ കോളേജ് വരാന്തയിലേക്ക് പോകുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് പരിചിത ശബ്‌ദം…

തിരിഞ്ഞു നോക്കുമ്പോളേക്കും തന്റെ അരികിലേക്ക് നനഞ്ഞു കുതിർന്നു വന്നിരുന്നു ജിത്തേട്ടൻ…വാര്യർ അമ്മാവന്റെ മകനാണ്…എപ്പോളും വീട്ടിൽ വരുന്നതാണ് എങ്കിലും…അങ്ങനെ മിണ്ടാറില്ല..കണ്ടാലും ചെറുപുഞ്ചിരി മാത്രം നൽകി ഒഴിഞ്ഞു മാറാറ് ആണ് പതിവ്…അത് കൊണ്ട് തന്നെ അവർക്കിടയിൽ ഒക്കെ മിണ്ടാപ്പൂച്ച എന്ന പേര് ഉള്ളതാണ്…ആദ്യമായാണ് ഇത്ര അടുത്ത് കാണുന്നത്…കണ്ണുകൾ ആദ്യം ചെന്നെത്തിയത്…വിടർന്ന പീലികൾ ഉള്ള ആ കണ്ണുകളിലേക്കാണ്…തന്നെ നോക്കി എന്താ എന്ന് പുരികം പൊക്കി ചോദിച്ചതും…ഒന്നുമില്ല എന്ന് ചുമൽ കൂച്ചി…കുട പകുത്തു നൽകി….

പിന്നീട് പലപ്പോഴും കോളേജിൽ വെച്ചു കണ്ടിട്ടുണ്ട്…കാണുമ്പോൾ ഒക്കെ ചെറുപുഞ്ചിരി തനിക്കായി സമ്മാനിക്കാറുണ്ട്…കൂട്ടുകാരോട് തന്നെ പരിചയപെടുത്തുന്നത് കാണാം…കളികൂട്ടുകാരിയാണ്…ആത്മിക..അമ്മു ന്നാണ് വീട്ടിൽ വിളിക്ക്യാ എന്നൊക്കെ…

“”പ് ഫാ പ**** ഇവളോട് തന്നെ നിനക്ക് നിന്റെ വൃത്തികെട്ട സ്വഭാവം എടുക്കണമല്ലേ **** “”

ഒരിക്കൽ കൂട്ടുകാരികളുമൊത്ത് കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അലർച്ച കേട്ടത്…എന്നും പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന ആളുടെ മറ്റൊരു ഭാവം തന്നെ ഭയപ്പെടുത്തുന്നതിനോടൊപ്പം തന്നെ. ആ പെൺകുട്ടിക്ക് വേണ്ടി സംസാരിച്ചത് നേരിയ വേദന നിറച്ചത് കൗതുകത്തോടെ അറിഞ്ഞു. ആളും ബഹളവും ഒഴിഞ്ഞപ്പോൾ ഒന്ന് കാണാൻ വേണ്ടി വാക ചുവട്ടിൽ ചെന്ന് നോക്കിയപ്പോളാണ് നിലത്ത് കിടക്കുന്ന മോതിരം കണ്ണിൽ പെട്ടത്…ഒറ്റനോട്ടത്തിൽ തന്നെ അത് ജിത്തേട്ടന്റെ ആണെന്ന് മനസ്സിലായി..മുൻപ് കണ്ടിട്ടുണ്ട് ആളുടെ കയ്യിലത്…ചെറുപുഞ്ചിരിയോടെ അത് എടുക്കുമ്പോളും പ്രണയം എന്ന വികാരം മനസ്സിൽ നിറഞ്ഞു…പ്രണയമെന്നത് വല്ലാത്ത മായാജാലക്കാരനാണ് എന്ന് താൻ അറിയുകയായിരുന്നു….

പിന്നീട് പലപ്പോഴും ജിത്തേട്ടനെ കോളേജിൽ വെച്ച് കണ്ടിട്ടുണ്ട്…അന്ന് വഴക്കിടുന്നത് താൻ കണ്ടെന്നു അറിഞ്ഞു കൊണ്ടാണെന്നു തോന്നുന്നു പിന്നീട് തന്നോട് മിണ്ടാൻ വരാറില്ല…കണ്ടാലും ഗൗരവം നിറഞ്ഞ മുഖത്ത് നേരിയ പുഞ്ചിരി മാത്രം തെളിയും…പക്ഷെ അതിനിടക്ക് എപ്പോളോ…ആ ഗൗരവം നിറഞ്ഞ മുഖം തന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു…പ്രണയം എന്ന മൂന്നക്ഷരം ഓർക്കുമ്പോളൊക്കെ ആ മുഖമാണ് മനസ്സിലേക്ക് ഓടി എത്തുക…ആ പെൺകുട്ടിക്ക് വേണ്ടി സംസാരിച്ചതിന് ചുണ്ടുകൾ പിളർത്തി ഒറ്റക്ക് പരിഭവിക്കുന്ന തന്നെ തനിക്കു തന്നെ മനസ്സിലാവുന്നില്ലായിരുന്നു…

“”അമ്മുട്ടിയെ…എവിടെ പോയതാ നീയ്…ഒന്നിങ്ങട് വന്നേ…””

അമ്മയുടെ വിളിയാണ് ചിന്തകളെ ഓർമയിൽ നിന്ന് വിടുവിച്ചത്…ചെറുപുഞ്ചിരിയോടെ കയ്യിലെ നീലക്കൽ മോതിരത്തിൽ അമർത്തി ചുംബിച്ച് മുറിവിട്ടിറങ്ങി….

“”ജിതിൻ..പൂരം നക്ഷത്രം..””

അമ്പലത്തിൽ വഴിപാട് കഴിച്ച്…പ്രസാദം വാങ്ങാൻ കൈകൾ നീട്ടുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് രണ്ട് കൈകൾ പ്രസാദം വാങ്ങിച്ചത്…ഞെട്ടലോടെ നോക്കുമ്പോൾ ഗൗരവം നിറഞ്ഞ മുഖത്ത് നേരിയ കുസൃതി വിരിഞ്ഞതറിഞ്ഞു…

“”അതേയ്…ഒന്ന് നിന്നെ….””

വിറയലോടെ തൊഴുത്…പെട്ടന്ന് പുറത്തേക്ക് ഇറങ്ങുമ്പോളെക്കും പിന്നിൽ നിന്ന് വിളി വന്നിരുന്നു…

ഞെട്ടി നിന്നപ്പോളേക്കും കൈകളിൽ പിടി വീണിരുന്നു…കൈകളിൽ വലിച്ചു നടന്ന യാത്ര ചെന്നെത്തിയത് അമ്പലപ്പടവിൽ ആയിരുന്നു…കൈയിലെ കുപ്പിവളകൾ രണ്ടെണ്ണം ആ കൈബലത്തിൽ പൊട്ടിയിരുന്നു…പേടിയോടെ നിറഞ്ഞ കണ്ണുകളോടെ നോക്കിമ്പോളേക്കും ആള് തന്നെ തന്നെ നോക്കി പടവിലിരിക്കുന്നുണ്ടായിരുന്നു….

“”നിന്റെ പേര് ജിതിൻ എന്നാണോ?? മ്മ്ഹ്ഹ്….””

തന്നെ നോക്കി ഗൗരവത്തോടെ ചോദിച്ചപ്പോൾ…അല്ല എന്ന് ചുമൽ അനക്കി തല താഴ്ത്തി…

“”മുഖത്തേക്ക് നോക്കടി മിണ്ടാപ്പൂച്ചേ…””

തന്നെ നോക്കി ഒച്ചയെടുത്തപ്പോൾ പേടിയോടെ മുഖത്തേക്ക് നോക്കി…

“”ആട്ടെ എന്ന് മുതലാണ് ഈ അസുഖം തുടങ്ങിയത്??…””

“”അല്ല…ഈ പ്രേമത്തിന്റെ…മ്മ്ഹ്ഹ്??…

മനസ്സില്ലാത്ത പോലെ താൻ നോക്കുന്നത് കണ്ടിട്ടാണ് എന്ന് തോന്നുന്നു മീശപിരിച്ചു വെച്ച് തനിക്കരികിൽ വന്ന് ചെവിയൊരമായി ചോദിച്ചു…

“”ശെരിക്കും ഇഷ്ട്ടാണോ..??””

ആ ചോദ്യം കേട്ടപ്പോൾ പിടച്ചിലോടെ കണ്ണുകളിലേക്ക് നോക്കി…ആ കണ്ണിലെ കുസൃതി കണ്ടതും പിടച്ചിലോടെ നോട്ടം മാറ്റി..

“”മ്മ്മ്ഹ്ഹ്…””

നേർത്ത മൂളൽ മാത്രം മറുപടിയായി നൽകി..ഒഴുകിയിറങ്ങിയ കണ്ണുനീർ പിടച്ചിലോടെ തുടച്ചു…

“”അച്ഛൻ അറിഞ്ഞാലോ??…എന്നെ വേണ്ട ന്ന് വെക്കില്ലേ??…അതുമല്ല എനിക്കും ഇഷ്ട്ടമാവണ്ടേ??…എനിക്കും മറ്റൊരു പ്രണയം ഉണ്ടെങ്കിലോ…””

അവന്റെ ചോദ്യം കേട്ടപ്പോൾ…പരിഭവത്തോടെ ആളെ നോക്കി…കണ്ണുകൾ വീണ്ടും കൂട്ടിന് നിറഞ്ഞൊഴുകി…

“”നിക്ക് അറിയാം…അന്ന് കണ്ട ആ കുട്ടിയല്ലേ…ന്നാലും എനിക്ക് ഇഷ്ട്ടാണ്…””

കണ്ണുകൾ താഴ്ത്തി പറഞ്ഞു..മറുപടിക്ക് കാത്ത് നിൽക്കാതെ പിന്തിരിഞ്ഞ തന്നെ ചേർത്തണച്ചു…

“”എന്റെ പ്രണയം അവിടെ നിൽക്കട്ടെ…അച്ഛൻ വേണ്ട ന്ന് പറഞ്ഞാൽ…എന്നെ വേണ്ട ന്ന് വെക്കാൻ അല്ലേ??..””

പിടച്ചിലോടെ ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ…ആ കണ്ണുകൾ തന്നിലേക്ക് ആഴിന്നിറങ്ങുന്ന പോലെ…മറുപടി കാത്ത് നിൽക്കുന്ന പോലെ….പതിയെ ഇല്ല എന്ന് തലയാട്ടി…ചുണ്ടുകൾ പിളർത്തി ആ മുഖത്തേക്ക് പരിഭവത്തോടെ നോക്കി…

“”നിക്ക് ഇഷ്ട്ടാണ് ന്ന് പറയും…ഇട്ടിട്ട് പോവാൻ അല്ല മനസ്സിൽ കൊണ്ട് നടന്നെ…””

“”ഓഹോ…ശെരിക്കും…??””

ആ ശബ്ദത്തിലെ കുസൃതി അറിഞ്ഞപ്പോൾ പതിയെ മിഴികൾ ഉയർത്തി നോക്കി..ഒരുപിടി മഞ്ചാടി കയ്യിൽ പിടിച്ചു തന്നെ തന്നെ നോക്കുന്നുണ്ട്…ആ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു…

“”ആ കുട്ടി എന്റെ ക്ലാസ്സ്‌മേറ്റ് ആണ്…ബെസ്റ്റീ..അവന്തിക…അതാണ് അന്ന് വഴക്കിട്ടത്…പിന്നെ ഈ മിണ്ടാപ്പൂച്ചയുടെ ഉള്ളിലത് അറിഞ്ഞിട്ട് കുറച്ചായി…അന്നൊരിക്കെ റൂമിൽ നീയില്ലാത്ത നേരം ബൾബ് മാറ്റാൻ അമ്മ പറഞ്ഞിരുന്നു…മേശപ്പുറത്ത് ഡയറിയുടെ മുകളിൽ കളഞ്ഞു പോയ എന്റെ മോതിരം കണ്ടപ്പോൾ…സംശയത്തോടെ നോക്കിയതാണ്..ഡയറിയൊക്കെ സൂക്ഷിച്ചു വെക്കണ്ടേ…അതും അതിനകത്ത് ആരുമറിയാത്ത പ്രണയം ഒക്കെ ഉള്ളപ്പോൾ… മ്മ്ഹ്ഹ്??..””

തന്നോട് ചേർന്ന് നിന്ന് പറഞ്ഞപ്പോൾ പിടച്ചിലോടെ ആ കണ്ണുകളിലേക്ക് നോക്കി…കയ്യിലെ മഞ്ചാടി ചെറുമുത്തം നൽകി..തനിക്കായി നീട്ടിയപ്പോൾ…പതർച്ചയോടെ നോക്കി….

“”ഇത്തിൾകണ്ണി ചെക്കന്റെ പ്രണയം അവന്റെ മഞ്ചാടി പെണ്ണിനോടാണ് അമ്മുവേ…വാടാമല്ലി ശിശിരകാലത്തെ പ്രണയിക്കുന്ന പോലെ…വാകപെണ്ണ് വേനലിനെ പ്രണയിക്കും പോലെ…വല്ലാത്ത മധുരമുള്ളവ…മൗനത്തിന്റെ മധുരം…””

അവളുടെ കൈകളിൽ മഞ്ചാടിക്കുരു വെച്ച് കൊടുത്ത് ചെവിയോരം പറയുന്നത് കേട്ടപ്പോൾ ആദ്യമായ് എന്നപോലെ അവളുടെ കവിളുകൾ ചുവന്നു തുടുത്തു…
മഞ്ചാടി പെണ്ണ് അവളുടെ ഇത്തിൾക്കണ്ണി ചെക്കനെ കാണുമ്പോൾ ചുവന്നു തുടുക്കുംപോലെ….പ്രണയത്തിന്റെ ചുവപ്പ്…

അവസാനിച്ചു….

ഇഷ്ട്ടായാലും ഇല്ലെങ്കിലും എനിക്കായ് ഒരു വാക്ക് എഴുതാതെ പോവല്ലേ ട്ടോ 🥰🥰