തന്റെ ജനലോരത്തു ചാരിവെച്ചപൊട്ടിയ കണ്ണാടി തുണ്ടിൽ നോക്കി രുഗ്മിണി പറയും, രുഗ്മിണി തോറ്റിട്ടില്ല…

രുഗ്മിണി തോറ്റിട്ടില്ല…

രചന: നിവിയ റോയ്

ന്റെ രുക്കു പഠിത്തമൊക്കെ മതി…. എഴുതാനും വായിക്കാനും അറിയണം അത്രേ വേണ്ടു. കുടുംബത്തെ നാല് വയറുകൾ നിറയാൻ ഞാൻ ഇവിടെ നീറിപ്പുകയുകയാണ്.

മുതലാളിയുടെ വീട്ടിലെ വിരുന്നുകാർക്കു വെച്ചുവിളമ്പിയ വലിയ അലൂമിനിയ ചരുവങ്ങൾ കിണറ്റിൻ കരയിലിട്ട് കരി കൂട്ടി തേച്ചു മിനുക്കുന്നതിനിടയിൽ ഭാരതിയമ്മ പറഞ്ഞു

ഒന്നും പറയാതെ, ആകാശത്തു കൂടി തന്റെ വഴി മുടക്കി നിൽക്കുന്ന കാർമേഘ കൂട്ടങ്ങളെ തെക്കൻ കാറ്റ് തള്ളി നീക്കുന്നതും നോക്കി നിൽക്കുന്ന രുഗ്മിണിയെ കണ്ടപ്പോൾ ഭാരതിയമ്മയ്ക്കു കണ്ണുകൾ നിറഞ്ഞു വന്നു.

അമ്മയ്ക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല രുക്കു ….പട്ടണത്തിലൊക്കെ വിട്ട് അവിടെ താമസിപ്പിച്ചു പഠിപ്പിക്കാനുള്ള ശേഷി അമ്മയ്ക്കില്ല കുഞ്ഞേ….

എന്താ അമ്മയും മോളും ഒരു കുശാലം പറച്ചിൽ…?

കറി താളിക്കുവാനുള്ള കറിവേപ്പില പൊട്ടിക്കുവാൻ പുറത്തേക്കിറങ്ങിയ മുതലാളിയുടെ ഭാര്യ ചോദിച്ചു.അവർ എപ്പോഴും കടുത്ത വർണ്ണത്തിലുള്ള മുന്തിയതരം വസ്ത്രങ്ങളാണ് ധരിക്കുന്നതു .കറിവേപ്പില തണ്ടുകൾ അടർത്തുന്നതിനോടൊപ്പം അവരുടെ കൈയിലെ കൂട്ടിമുട്ടി കിലുങ്ങുന്ന സ്വർണ്ണ വളകളിലേക്ക് തന്റെ നോട്ടം ഇടക്കിടയ്ക്ക് തിരിച്ചുകൊണ്ടു ഭാരിയമ്മ പറഞ്ഞു.

രുക്കു പത്താം തരം നല്ല മാർക്കോടെ ജയിച്ചു. അത് പറയാൻ വന്നതാണ്.

അത് പറയുമ്പോൾ ഭാരതിയമ്മയുടെ മനസ്സ് എന്തോ പ്രതീഷിക്കുന്നപോലെ കണ്ണുകൾ തിളങ്ങി. അവൾക്ക് പട്ടണത്തിൽ പോയി പഠിക്കണമെന്ന്

അഹ് കൊള്ളാല്ലോ…. പട്ടണത്തിൽ പോയി പഠിക്കാനോ? അതിനുള്ള വരുമാനം നിന്റെ അമ്മയ്ക്കുണ്ടോ? പെൺകുട്ടികൾക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണത് നല്ലത് തന്നെ .അത്രേ ഒക്കെ ധാരാളം. രണ്ടു മൂന്ന് കൊല്ലം കഴിയുമ്പോൾ കൊള്ളാവുന്ന ഒരുത്തന്റെ കൂടെ പറഞ്ഞു വിടുക. ഇതുപോലെ ഇനിയും രണ്ടെണ്ണം കൂടി വളർന്നു വരുന്നില്ലേ.

രുക്കു നീ ഒരു കാര്യം ചെയ്യൂ നാളെ മുതൽ അമ്മയുടെ കൂടെ ഇങ്ങോട്ടു പോരെ. ഇവിടെ ഇപ്പോൾ പിടിപ്പതു പണിയുണ്ട് ദേവി ഇപ്പോ കുട്ടികളുമായിട്ട് ഇവിടെ ഉണ്ട്… ഇനി ഇവിടെ ഉണ്ടാവും…

ഭർത്താവിനോട് വഴക്കിട്ടിട്ടാണെങ്കിലും പ്രായമായ കാലത്ത് മോള് കൂടെ താമസിക്കുന്ന സന്തോഷം അവരുടെ മുഖത്ത് കണ്ടു.

അവർ അടുക്കളയിലേക്കു നീങ്ങി.അവരുടെ സംസാരം കേട്ട് തന്റെ മനസ്സിൽ കുരുത്ത വെറുപ്പുകൊണ്ടാവാം കൊഴുത്തുരുണ്ട ഒരു താറാവ് നടന്നുപോകുന്നപോലെയാണ് അവരുടെ പോക്ക് കണ്ടു രുഗ്മിണിക്കു തോന്നിയത് .

കുട്ടിത്താറവ് നടക്കുന്നപോലുണ്ട് ….അവൾ പിറുപിറുത്തു . ന്റെ രുക്കു ആളുകളെ കളിയാക്കുന്നത് അത്ര നല്ലതല്ല കേട്ടോ. പിന്നെ അവര് പറഞ്ഞത് അമ്മ കേട്ടില്ലേ ?

മറ്റുള്ളവർ പറയുന്നതിനനുസരിച്ചു നീ നിന്നെമാറ്റി തരം താഴുന്നതെന്തിനാണ് ?

പെണ്കുട്ടികളായാൽ എഴുത്തും വായനയും അറിഞ്ഞാൽ മതിയെന്ന്.പിന്നെന്തിനാണ്‌ അവര് മകളെ എം ടെക് പഠിപ്പിച്ചത് ?

ന്റെ രുക്കു നീ ഒന്ന് വായടക്കു അവരെങ്ങാനും കേട്ടാലുണ്ടല്ലോ

അവറുപോയ വഴിയിലേക്ക് നോക്കി തന്റെ കരിപുരണ്ട കൈകൾ കുടഞ്ഞു അടക്കിപ്പിടിച്ചു അവർ പറഞ്ഞു .

കാശ് ഉള്ളവർക്ക് ഡോക്ടറോ എഞ്ചിനിയറോ ഒക്കെ ആവാം.പാവപ്പെട്ടവന് അതൊക്കെ മോഹിക്കനേ വിധിയുള്ളു .ഭാരതിയമ്മയുടെ വാക്കുകൾ നെടുവീർപ്പിൽ കുതിർന്നു .

എന്തു വിധി …?തോൽക്കാൻ മനസ്സില്ലെങ്കിൽ ഒരു വിധിയും നമ്മളെ തോൽപ്പിക്കില്ല.

നിന്നോട് തർക്കിക്കാനൊന്നും ഞാൻ ഇല്ല .തേച്ചു മിനുക്കിയ ചരുവങ്ങൾ എടുത്തു കുറച്ചു നേരം നടുവ് നിവർത്തി നിന്നു അടുക്കളപ്പുറകിലെ മഴവെള്ള ടാങ്കിന് മുകളിലെ വെളുത്ത സിമെന്റ് തട്ടിൽ പാത്രം വെച്ചുണക്കുവാനായി ഭാരതിയമ്മ നീങ്ങി .

രുക്കു ഈ പാത്രമൊന്നു ഇതിന്റെ പുറത്തേക്കു വെച്ചേ

രുക്കു അമ്മ പറയുന്നതൊന്നും കേട്ടില്ല …ചിന്തകൾ വിഴുങ്ങിയ മനസ്സുമായി അവൾ വീട്ടിലേക്കു നടന്നു. അവളുടെ സ്വപ്‌നങ്ങളുടെ നിറങ്ങൾ വിധി മായ്ക്കുമ്പോഴും. തന്റെ ജനലോരത്തു ചാരിവെച്ചപൊട്ടിയ കണ്ണാടി തുണ്ടിൽ നോക്കി രുഗ്മിണി പറയും രുഗ്മിണി തോറ്റിട്ടില്ല….രുഗ്മിണിക്ക് തോൽക്കാൻ മനസ്സില്ല …

മുതലാളിയുടെ വീട്ടിലെ പണിയ്ക്കിടയിൽ വീണു കിട്ടുന്ന ഇടവേളകളിൽ വിറകു പുരയിൽ ഒളിപ്പിച്ചു വെച്ച പുസ്തകത്തിൽ അടുപ്പിലെ കരിപുരണ്ട അവളുടെ കൈവിരൽ പാടുകൾ പതിഞ്ഞിരുന്നു.

മറ്റുള്ള കുട്ടികളുടെ പരീക്ഷകഴിയുമ്പോൾ അവരുടെ ചോദ്യക്കടലാസ് മേടിച്ചു നോക്കി ഉത്തരം എഴുതി രുഗ്മിണി മുഴുവൻ മാർക്കും നേടി.. താൻ നോക്കിയ ഉത്തര കടലാസ്സിൽ നൂറിൽ നൂറു മാർക്കും ഇട്ട്
അവൾ നിറഞ്ഞു ചിരിക്കും എന്നിട്ട് പറയും

രുഗ്മിണി തോറ്റിട്ടില്ല …രുഗ്മിണിക്കു തോൽക്കാൻ മനസ്സില്ല .അവൾ തന്റെ ചേരിയിലെ കുട്ടികളെ പഠിപ്പിച്ചു…അങ്ങനെ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അവൾ അവർക്കിടയിൽ രുഗ്മിണി ടീച്ചർ ആയി…

അവളുടെ മനസ്സിലും മോഹങ്ങൾ എപ്പോഴോ വിരുന്നിനെത്തി. നിറയെ നക്ഷത്ര പൂവുകൾ തലയിൽ ചൂടിയ രാത്രിയെ നോക്കി അവൾകണ്ണുകൾ തുറന്നു കിനാവ് കണ്ടിരുന്നു.

ഇരു നിറത്തിൽ നല്ല പൊക്കമുള്ള, തലമുടി വശത്തുനിന്നും ചീകിയിട്ട ചിരിക്കുമ്പോൾ നിരയൊത്ത പല്ലുകൾ കാണാൻ നല്ല ഭംഗിയുള്ള ഒരാൾ….പട്ടണത്തിൽ പഠിക്കുന്ന മുതലാളിയുടെ മകന്റെ മുഖത്തോട് അവളുടെ സ്വപ്നത്തിന് സാമ്യം ഉണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് അവിടെ വരുമ്പോൾ അവളെ കാണുമ്പോൾ ഉള്ള അയാളുടെ ചിരിയുടെ അർത്ഥം മനസ്സിലാക്കിയ അവൾ ഒരിക്കലും അയാളോട് അടുത്ത് പെരുമാറിയിട്ടില്ല.

ഒരിക്കൽ മുറ്റത്തു തഴ പായയിൽ മുളക് ഉണക്കാൻ ഇടുമ്പോഴാണ്പുതിയ പ്രിന്റിംഗ് പ്രെസ്സ് കവലയിൽ തുടങ്ങുന്നു വിവരം മുതലാളിയെ അറിയിക്കാൻ സുകു വന്നത്.

തന്റെ കാറിൽ നിന്നും ഊന്നു വടി കുത്തി ഇറങ്ങിയ ആ ചെറുപ്പക്കാരനെ അവൾ സഹതാപത്തോടെ നോക്കി. വെയിലേറ്റ് ചുവന്നു നിന്ന അവളെയും അയാൾ നോക്കിയത് സഹതാപത്തോടെയായിരിക്കും.

സുകു പോയിക്കഴിഞ്ഞു മുതലാളി അമ്മയോട് എന്തോ സംസാരിക്കുന്നതും അമ്മയുടെ മുഖം പണ്ടെങ്ങുമില്ലാത്തപോലെ ശോഭിക്കുന്നതും അവൾ കണ്ടു.

രാത്രി വിളക്ക് അണച്ചു തന്റെ തലമുടിയിൽ തഴുകിക്കൊണ്ട് അമ്മ സുകുവിനെക്കുറിച്ച് അവളോട് പറഞ്ഞു.

നല്ല പയ്യനാണ്…. അധ്വാനിയാണ് അവനു കുടുംബം പുലർത്താനറിയാം . കാലിനു കുറച്ചു സ്വാധീനം ഇല്ലന്നേയുള്ളു , എന്റെ മോളെ പൊന്നുപോലെ നോക്കിക്കോളും. അവളിൽ നിന്നും ഒരു മൂളൽ പോലും കേൾക്കാതായപ്പോൾ അമ്മ സംസാരം മറ്റൊരു വഴിയിലേക്ക് തിരിച്ചു .

സുകുവിന്റെ അമ്മ ആനന്ദവല്ലി എനിക്ക് നന്നായിട്ടറിയാം. നമ്മടെ പൂക്കടയുടെ പുറകിലുള്ള ഇല്ലത്തെ കുട്ടി. എന്നേക്കാൾ അഞ്ചാറ് വയസ്സ് ഇളപ്പം ഉണ്ടാവും.

എന്തൊരു സുന്ദരി ആയിരുനെന്നോ. ആനന്ദവല്ലിയെപ്പോലെ വെളുക്കാൻ മുഖത്ത് അമ്മ എത്ര മഞ്ഞള് അരച്ച് പുരട്ടിയിട്ടുണ്ടന്നറിയാമോ നിനക്ക്?മുഖം മഞ്ഞ കളറിലായതു മിച്ചം.പിന്നെ കുട്ടികൾ മഞ്ഞ ഭാരതി എന്ന് വിളിച്ചു കളിയാക്കാൻ തുടങ്ങിയപ്പോൾ അതും നിർത്തി .

അതുപറഞ്ഞ് ഭാരതിയമ്മ ചിരിച്ചുവെങ്കിലും അവരുടെ ഉള്ളിന്റെ പിടച്ചിൽ അവൾക്കു മനസ്സിലായി. തന്നെ ചേർത്തു പിടിച്ചിരുന്ന അമ്മയുടെ കൈകൾ ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ച് അവൾ കഥ കേട്ടു.

എപ്പോളും ആനന്ദവല്ലിയുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു .

നല്ല ചുരുണ്ട മുടിയായിരുന്നു അവൾക്ക് . ചുരുണ്ടതെന്നു പറഞ്ഞാൽ ശരിക്കും ചുരുണ്ട മുടി. മേൽ ചുണ്ടിന് മുകളിൽ നല്ല നനുത്ത കറുത്ത കുഞ്ഞി രോമങ്ങൾ ഉണ്ടായിരുന്നു .പിന്നെ ഇടത്തെ പുരികത്തിനു താഴെ ഒരു ചുവന്ന കാക്ക പുള്ളിയും കാക്ക പുള്ളി കറുപ്പല്ലേ അമ്മേ ?

ആണോ ?എന്തായാലും അതൊക്കെ അവൾക്കു ഭംഗി കൂട്ടിയിട്ടേയുള്ളൂ.

അതൊന്നുമല്ല അമ്മയ്ക്ക് വെളുത്ത നിറത്തോടുള്ള ആരാധന ആയതുകൊണ്ടാണ്.

ആയിരിക്കും രുക്കു. കറുത്ത നിറത്തിന്റെ പേരിൽ എത്ര ആലോചനയാണ് എനിക്ക് മുടങ്ങിയത്. നിന്റെ അച്ഛൻ എന്നെ കെട്ടാൻ കാരണം ഉണ്ട്. നാടിനും വീടിനും കൊള്ളില്ലാത്തവൻ എന്നൊരു പേര് അദ്ദേഹത്തിന് ഉണ്ടായിരുന്നു. പിന്നെ ആവശ്യത്തിന് ചീത്ത പേരും. പഠിപ്പും സൗന്ദര്യവും കാശും ഒക്കെയുള്ള കൊള്ളാവുന്ന വീട്ടിൽനിന്നൊന്നും അദ്ദേഹത്തിന് പെണ്ണിനെ കിട്ടിയില്ല .

ഇതൊന്നും ഇല്ലാത്ത എനിക്കാണ് നറുക്ക് വീണത്. ആ മനുഷ്യൻ എന്നെ സ്നേഹിച്ചിട്ടുണ്ടോ എന്നുപോലും എനിക്കറിയില്ല . പുറമേ കണ്ടിട്ടില്ല. ഉള്ളിൽ ഉണ്ടായിരുന്നു കാണും .അവർ സ്വയം സമാധാനിച്ചു . പിന്നെ അവർ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

തുപ്പൽ വിഴുകുന്ന ശബ്ദം മാത്രം കേട്ടു പാവം അമ്മ കണ്ണീരു കുടിച്ചിറക്കുന്നതായിരിക്കാം.രുക്കു ഓർത്തു . അമ്മ കരയല്ലേ അമ്മക്ക് രുക്കുവില്ലേ പിന്നെന്താ?

അമ്മ ആനന്ദവല്ലിയുടെ കഥ പറഞ്ഞു തീർന്നില്ലല്ലോ അത് പറ .അവൾ അമ്മയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു .

അത് ശരിയാ…. ആനന്ദവല്ലി അവരുടെ വീട്ടിലെ പുറം പണിക്കാരൻ ചെറുക്കനുമായി ഇഷ്ടത്തിലായി. ആരും അറിഞ്ഞുമില്ല .വേലുവെന്നോ മറ്റോ ആയിരുന്നു അയാളുടെ പേര് .അവർ ഒരു ദിവസം നാടുവിട്ടു. തമിഴ് നാട്ടിൽ ഏതോ വല്യ ജന്മിയുടെ സ്ഥലം പാട്ടത്തിനു വാങ്ങി അയാൾ കൃഷി ചെയ്തു വരികയായിരുന്നു.പിന്നെ ഒരിക്കൽ അയാൾക്ക്‌ പെട്ടന്നു എന്തോ ദീനം വന്നു മരിച്ചു.

എന്നിട്ടോ….?

രുഗ്മിണി തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായപ്പോൾ അമ്മയ്ക്ക് ഉത്സാഹമായി .

ആനന്ദവല്ലി തീർത്തും ഒറ്റപ്പെട്ടു .അവൾക്ക് പോകാൻ ഒരു ഇടവും ഇല്ലായിരുന്നു .ആദ്യ ഭാര്യയിൽ കുട്ടികൾ ഇല്ലായിരുന്ന ആ ജന്മി അവളെ രണ്ടാം വിവാഹം കഴിച്ചു. അതിൽ ഉണ്ടായ മകനാണ് സുകു.

ആനന്ദവല്ലിയുടെ ക്ഷയിച്ചു തുടങ്ങിയ തറവാട് സുകുവിന്റെ അച്ഛന്റെ കാശ് കൊണ്ട് പഴയ പ്രതാപമൊക്കെ തിരിച്ചു പിടിച്ചു . ഒന്ന് നേരെ ആയപ്പോൾ പിന്നെ തറവാട്ട് മഹിമ തലപൊക്കി.പിന്നെ അയാളോട് പുച്ഛം തുടങ്ങി .

ആ വാശിക്ക് അയാൾ ഇപ്പോൾ കാണുന്ന ആ കൊട്ടാരം പോലുള്ള വീട് അവരുടെ ഇല്ലാത്തിനടുത്തു പണിതു. എത്രയാ സ്ഥലങ്ങളും സ്ഥാപനങ്ങളും മേടിച്ചു കൂട്ടിയിരിക്കുന്നത് .എല്ലാത്തിനും ഒരേ ഒരു അവകാശിയുള്ളു …സുകു.

ഒന്നിലും ഒരു അഹങ്കാരവുമില്ലാത്ത ഒരു പാവം പയ്യനാണ് സുകു . എന്നാലും മനുഷ്യരുടെ കണ്ണിൽ ആദ്യം കുറവുകളല്ലേ കാണു. പോരാത്തതിനു കാലിനു നടക്കുമ്പോൾ ബുദ്ധിമിട്ടും.

ഈ കല്യാണം നടന്നാൽ എന്റെ രുക്കു നിന്റെ ഭാഗ്യമാണ്.

ഭാഗ്യത്തിന് സ്ത്രീധനം ഒന്നും കൊടുക്കണ്ട. നിന്നെ ഒരാളെക്കുറിച്ചുള്ള വേവലാതി അമ്മയ്ക്കു കുറയുമല്ലോ

അന്ന് രാത്രിമുഴുവൻ അവൾ സുകുവിനെ ഓർത്തു .താൻ കിനാവുകണ്ട ചെറുപ്പക്കാരനുമായി സുകുവിന് ഒരു സാമ്യവും ഉണ്ടായിരുന്നില്ല. അയാളുടെ മുഖത്തിന്‌ പറയത്തക്ക ന്യൂനത ഒന്നുമില്ല .എന്നിട്ടും എന്തോ ഒരു കുറവ് പോലേ . കുറച്ചു കൂടുതൽ ഉയർന്നു പൊങ്ങിയ മൂക്കാണോ ? തീരെ നേർത്ത ചുണ്ടുകളാണോ ? അതോ ഒട്ടിയ കവിൾ തടങ്ങളോ ?അവൾ ഓർത്തു… സ്വയം തിരഞ്ഞെടുക്കുന്നതല്ലെങ്കിലും നിറത്തിന്റെ പേരിലും സൗന്തര്യത്തിന്റെ പേരിലും എത്ര പേരാണ് പിന്തള്ളപ്പെടുന്നത് .താൻ അങ്ങനെ ഒക്കെ ചിന്തിച്ചതിൽ അവൾക്ക് സ്വയം നീരസം തോന്നി .

മനസ്സുകൊണ്ട് അവൾക്കു അയാളോട് വല്യ ഇഷ്ടം തോന്നിയില്ലെങ്കിലും അവൾ അമ്മയോട് സമ്മതം മൂളി…

അവളെ പെണ്ണുകാണാൻ വന്ന ഉമ്മറത്തിരുന്ന പെണ്ണുങ്ങളുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് അകത്തളങ്ങളിലേക്ക് നീണ്ടു . കുശുകുശുത്തു.

തനി തങ്ക വിഗ്രഹം പോലുണ്ടല്ലേ …ചായയും കൊണ്ട് വന്ന അവളെ കണ്ടു പെണ്ണുകാണാൻ വന്നവരുടെ കൂട്ടത്തിലെ മൂക്കുത്തിയിട്ട തീരെ മെലിഞ്ഞ ഒരു സ്ത്രീ പതിയെ സുകുവിന്റെ ബന്ധുവായ പെൺകുട്ടിയോട് പറഞ്ഞു .

അവരുടെ കൂട്ടത്തിൽ വന്ന മുടിക്ക് തീരെ ഉള്ളും നീളവുമില്ലാത്ത പെൺകുട്ടി നോക്കിയത് രുഗ്മിണിയുടെ നല്ല നീണ്ടു പുറകുവശം മുഴുവൻ പറന്നു കുടിയ്ക്കുന്ന ചുരുൾമുടിയാണ് .

എന്തോരം മുടിയാണല്ലേ …?എന്തു തരം എണ്ണയാകും തേക്കുന്നത് ?കാച്ചെണ്ണ ആയിരിക്കുമോ ?തന്റെ അടുത്തിരുന്ന അമ്മായിയോട് അവൾ അടക്കി പറഞ്ഞു.

അവര് എന്തോ പറയാൻ മുതിർനെങ്കിലും പിന്നീട് ആ വാക്കുകളെ വിഴുങ്ങി. കൂട്ടത്തിലുള്ള കുറച്ചു പ്രായമുള്ള പ്രൗഢയായ സ്ത്രീ പറഞ്ഞു. അവനു നല്ല വല്യ വീട്ടിൽ നിന്നും ആലോചനകൾ വന്നതാ .ഇട്ട്മൂടാൻ സ്വത്തും പണവുമൊക്കെ കിട്ടിയേനെ.

പക്ഷെ കുട്ടിയെ മതിയെന്ന് ഒറ്റ വാശി …മറ്റുള്ളവരും അത് ശരിയെന്ന് രീതിയിൽ തലയിളക്കി

ഞങ്ങൾക്ക് പൊന്നും പണവും ഒന്നുമില്ല …ഞാൻ ഒരു കന്യകയാണ് അതാണ് എന്റെ സമ്പാദ്യം അത് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ . പൊന്നിന്റെയും പണത്തിന്റെയും പേരിൽ തന്നെ താഴ്ത്താൻ ശ്രമിച്ചവരുടെ ഇടയിലൂടെ തല ഉയർത്തിപ്പിടിച്ചവൾ മുറിയിലേക്ക് നടന്നു .

അപ്പോൾ അവളുടെ ചുരുൾമുടിയിൽ ഇളകിയിരുന്ന തുളസിക്കതിരിനൊപ്പം അയാളുടെ മനസ്സും ഉലഞ്ഞു . നേർത്ത ഒരു പുഞ്ചിരിയോടെ സുകു അവൾ പോകുന്നതും നോക്കിയിരുന്നു .

പോകാൻ നേരം അടുക്കളപ്പുറത്തു മതിലും ചാരി ,മുറ്റത്തു കൊത്തിപ്പെറുക്കി നടക്കുന്ന മഞ്ഞക്കോഴിയെ നോക്കി എന്തോ ഓർത്തു നിൽക്കുന്ന അവളുടെ അടുത്തേക്ക് അയാൾ വന്നു .

എനിക്ക് രുഗ്മിണിയെ ഒത്തിരി ഇഷ്ടമായി .രുഗ്മിണിക്കു എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ?

വളവുകളില്ലാത്ത അയാളുടെ ചോദ്യം അവൾക്ക് ഏറെ ഇഷ്ടപ്പെട്ടു .

ഉം ….അവൾ മൂളിക്കൊണ്ട് തുടർന്നു ….എനിക്കു ഇനിയും പഠിക്കണമെന്നുണ്ട്.ഒരു കോളേജ് അധ്യാപിക ആകുകയെന്നത് എന്റെ വല്യ മോഹം ആണ് .

അതിനെന്താ രുഗ്മിണിക്കു ഇഷ്ട്ടം ഉള്ളത്ര പഠിച്ചോളു. എനിക്കും പഠിക്കാൻ വല്യ മോഹം ഉണ്ടായിരുന്നു.ശരീരത്തിന്റെ വൈകല്യം മറികടക്കാം. പക്ഷേ ചിലരുടെ മനസ്സിന്റെ വൈകല്യത്തെ മറികടക്കാനാണ് ബുദ്ധിമുട്ടു,കുട്ടികളുടെ കളിയാക്കൽ സഹിക്കാതായി .

എനിക്കെന്റെ മനസ്സിനെക്കൂടെ നഷ്ടമാകുമെന്ന് തോന്നിയപ്പോൾ പഠനം നിർത്തി.നിരാശപടർന്ന വാക്കുകളെ ഒരു ചെറിയ ചിരികൊണ്ടു അയാൾ മറച്ചു.

യാത്ര പറഞ്ഞു പിരിയുന്ന നേരം രുഗ്മിണി അയാളോട് പറഞ്ഞു .എന്നെ രുക്കു എന്ന് വിളിച്ചോളൂ …എന്നോട് കൂടുതൽ അടുപ്പമുള്ളവർ എന്നെ അങ്ങനെയാണ് വിളിക്കാറ് .

അതുകേട്ട് ഒരു നീണ്ട ചിരിയോടെ അയാൾ തലയാട്ടി തിരിഞ്ഞു നടന്നു .

കല്യാണം കഴിഞ്ഞു അയാൾക്കൊപ്പം വീടിന്റെ പടി ഇറങ്ങുമ്പോൾ, ഏറെ നാളുകൾക്കു ശേഷം അമ്മയുടെ ചുവന്നു തീ ഗോളം പോലെ കത്തിയിരുന്ന കണ്ണിൽ നനവ് ഓരിയിടുന്നതും അത് തിളക്കമുള്ള രണ്ടു പളുങ്കുമണികൾ ആവുന്നതും അവൾ കണ്ടു..

അയാളുടെ ഭംഗിക്കുറവിനെയും വൈകല്യത്തേയും ഓർമിപ്പിച്ചു ആവശ്യം ഇല്ലാത്ത ചിന്തകൾ അവളെ അലട്ടുമ്പോൾ, അവളുടെ വീട്ടിലെ വിണ്ടുകീറിയ ചുമരിനെയും ചാണകം മണക്കുന്ന തറയും വിശന്നു ഒട്ടിയ മൂന്ന് വയറുകളെയും ഓർക്കും.

ഇന്ന് ആ ചുമരുകൾ ചായം പൂശി വെടിപ്പാക്കിയിരിക്കുന്നു… തറയ്ക്കു നല്ല മിനുസവുമുണ്ട്… നിറഞ്ഞ വയറുകൾ ആണ് ഇപ്പോൾ അവിടെ ഉള്ളത്…അയയിൽ കഴുകിയ പുതിയ പുള്ളിപ്പാടയും ഉടുപ്പുകളും കാറ്റത്തുലയുന്നുണ്ട് …

അതൊക്കെ ഓർക്കുമ്പോൾ അയാളാണ് ഈ ലോകത്തിലേക്കും വച്ചു ഏറ്റവും സുന്ദരനെന്നു അവളോർക്കും. മനസ്സിന്റെ സൗന്ദര്യം അത് കൈവശമുള്ള ഒരാളുടെ പാതിയായിതീരുന്നതോളം ഭാഗ്യം മറ്റൊന്നിനുമില്ലെന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കും.അങ്ങനെ തന്നെ തളർത്താൻ വരുന്ന ചിന്തകളെ അവൾ തളക്കും .

തന്റെ പഠന പുസ്തകം നെഞ്ചോട് ചേർത്തു അവൾ പറയും രുഗ്മിണി തോറ്റിട്ടില്ല…രുഗ്മിണിയെ തോൽപ്പിക്കാൻ ഒരു ചിന്തക്കും ആവില്ല …

ബിരുദ പഠനം ഉയർന്ന മാർക്കോടെ കരസ്ഥമാക്കിയ ദിവസമാണ് രുക്കു ജീവിതത്തിൽ ഏറെ സന്തോഷിച്ചത്. അയാളെ കെട്ടിപ്പിടിച്ചു കിടന്നവൾ പറഞ്ഞു .

സുകുവേട്ട ആകാശത്തു കാഴ്ച്ചകൾ കണ്ടു പാറിപ്പറക്കുന്ന ഒരു പട്ടമാണ് ഞാനെന്നു തോന്നുന്നു .സുകുവേട്ടന്റെ ഈ കൈകളാണ് എന്നേ ഇത്രയും ഉയരത്തിൽ എത്തിച്ചത്. അയാളുടെ കൈകളിൽ മുത്തമിട്ടു അവളത് പറയുമ്പോൾ . അഭിമാനത്തിന്റെ നീർമണികൾ അയാളുടെ കണ്ണുകളെയും ചുംബിച്ചു നിന്നു .

തുടർന്നും പഠിക്കണമെന്നുള്ള അവളുടെ ആഗ്രഹം കേട്ട് വീട്ടിലുള്ളവർ നെറ്റിചുളിച്ചു .അവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള തന്റെ ഒട്ടിയ വയറിനെക്കുറിച്ചുള്ള പരാതികൾ രുഗ്മണി കേട്ടതായി ഭാവിച്ചില്ല.

അനിയത്തിയുടെ കുട്ടിയുടെ ഇരുപത്തെട്ട് കെട്ടിന് പോയ അന്നാണ് രുക്കു ആദ്യമായി സുകുവിനോട് പറഞ്ഞത് .

നമ്മുക്ക് ഒരു ഡോക്ടറെ കണ്ടാലോ…?

എന്തിനാ രുക്കു ഇപ്പോ അങ്ങനെ തോന്നാൻ …?അവളുടെ തലമുടി തടവിക്കൊണ്ട് അയാൾ ചോദിച്ചു.

ഇപ്പോൾ നമ്മുക്കിടയിൽ ഒരു പ്രശ്നവും ഇല്ല .ഇനി ഇതൊക്കെ അറിഞ്ഞു കഴിഞ്ഞു നമ്മുക്ക് ഒരാൾക്ക് കുഴപ്പമുണ്ടന്നു കണ്ടാൽ ആ കുറവ് നമ്മുടെ ഇടയിൽ ഒരു അകൽച്ച ആവില്ലേ ? ഇല്ല സുകുവേട്ട …നിങ്ങൾക്കാണ് കുഴപ്പമെങ്കിൽ എന്റെ സ്നേഹം ഒരു തരിപോലും കുറയില്ല …

എനിക്കാണെങ്കിലോ …?അവൾ ചോദിച്ചു

ന്റെ രുക്കുവിനെ മറന്ന് എനിക്ക് ഒരു ജീവിതമോ ?മറുചോദ്യം ചോദിച്ചു അയാൾ ചിരിച്ചു .

ന്റെ കൂട്ടുകാരി ദേവൂന്റെ ചേച്ചി ഗൈനോക്കോളജിസ്റ്റ് ആണ് .നമുക്ക് അവരെ പോയി ഒന്ന് കാണാം സുകുവേട്ട .

നിനക്ക് നിർബന്ധമാണെങ്കിൽ നമുക്ക് പോകാം

ഡോക്ടറെ ‌ കണ്ടു കഴിഞ്ഞു പരിശോധനയുടെ റിസൾട് വന്ന ദിവസം രുക്കു ഭയങ്കര അസ്വസ്ഥയായിരുന്നു .

അയാളുടെ കാർ വന്ന് നിൽക്കുന്ന ശബ്ദം കേൾക്കുമ്പോൾ അവൾ സാധാരണ ഓടി വരാറുള്ളതാണ്.

അന്ന് വീട്ടുജോലിക്കാരിയാണ് പതിവില്ലാതെ കതകു തുറന്നതു വന്നത്

രുക്കു എവിടെ …?

കിടക്കുവാണ് …

അയാൾ വേഗം മുറിയിലേക്ക് ചെന്നു .

രുക്കു എന്തു പറ്റി അവളുടെ വാടിയ മുഖം കണ്ടു അയാൾ ചോദിച്ചു .

അവൾ ഒന്നും മിണ്ടിയില്ല

പനിക്കുന്നുണ്ടോ …?

അവളുടെ അടുത്തിരുന്നു നെറ്റിയിൽ തന്റെ കൈത്തലം വെച്ച് കൊണ്ട് അയാൾ ചോദിച്ചു . ഇല്ല ….ആസ്പത്രിയിൽ പോയതിന്റെ റിസൾട് വന്നു ….

അതിനാണോ വിഷമിച്ചിരിക്കുന്നത് . അവളുടെ കണ്ണുകൾ നീർചാലുകളായി

എന്തിനാണ് രുക്കു നീ ഇത്ര വിഷമിക്കുന്നത് …?

എനിക്ക് ….എനിക്ക് ആണ് കുഴപ്പം അവൾ കണ്ണുകൾ അടച്ചു തേങ്ങിക്കരഞ്ഞു .

ശേ ഇതെന്താണ് രുക്കു …..

എന്നേ നിങ്ങൾ ഉപേക്ഷിക്കരുത് നിങ്ങൾ ഇല്ലാതെ എനിക്കു ചിന്തിക്കുവാൻ കൂടി വയ്യ …

അയാളുടെ കൈകൾ ചേർത്തു പിടിച്ചു അവൾ കരഞ്ഞു . എന്നേ മറ്റുള്ളവരുടെ മുൻപിൽ നിങ്ങൾ തോൽപ്പിക്കരുത്

ജീവനുള്ള കാലത്തോളം ന്റെ രുക്കുവിനെ ഞാൻ ഉപേക്ഷിക്കില്ല.ആരുടെ മുൻപിലും തോൽപ്പിക്കുകയുമില്ല .

ഇടയ്ക്കിടക്കു അമ്മായിയും ബന്ധുക്കളും വരുമ്പോൾ അവർക്ക്‌ ഏറെയും ‌ സംസാരിക്കാൻ ഉള്ള വിഷയം രുഗ്മിണിയുടെ ഒട്ടിയ വയറിനെക്കുറിച്ചായിരുന്നു .

ഇക്കണ്ട സ്വത്തിനെല്ലാം അവകാശി ഇല്ലാതെ പോകുവോ? അവരുടെ നീണ്ട പരിഭവങ്ങൾ എന്നും അവസാനിക്കുന്നത് ഈ ഒറ്റ ചോദ്യത്തിൽ ആയിരുന്നു .

രുഗ്മിണി അതെല്ലാം കേട്ടില്ലെന്നു നടിച്ചു.മനസ്സിലെ ദുഃഖം തൊണ്ടകുഴിവരെ എത്തുമ്പോൾ രുഗ്മിണി ഒന്ന് ദീർഘമായി നിശ്വസിക്കും എന്നിട്ട് മനസ്സ് കേൾക്കെ അവൾ പറയും രുഗ്മിണി തോറ്റിട്ടില്ല .ഉയർന്നു പൊങ്ങിയ ദുഃഖങ്ങൾ ആ നിശ്വാസത്തിന്റെ ചൂടിൽ ഉരുകി തീരും…

നാളുകൾ കഴിയും തോറും സുകുവിന് തന്നോട് ഒരു അകൽച്ച പോലേ രുഗ്മിണിക്കു തോന്നി തുടങ്ങി . എപ്പോളും അയാൾ ആലോചനയിൽ ആണ് . അയാൾ ഇപ്പോൾ ഉറക്കെ പൊട്ടിച്ചിറിക്കാറില്ല .ചുണ്ടിലെ ഒരു നേർത്ത വരയിൽ അയാളുടെ ചിരികളെല്ലാം ലോപിച്ചപോലെ .

രുക്മിണി അവരുടെ വിശാലമായ സ്വീകരണ മുറിയിലെ വശം ചേർന്നുള്ള വല്യ ആട്ടുതൊട്ടിലിൽ അയാളുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അവളുടെ മുടികളിൽ വിരലോടിച്ചു അയാൾ മൂളിപ്പാട്ടുകൾ പാടാറില്ല.

രുഗ്മിണിയിൽ നിന്നും അയാൾ എന്തൊക്കയോ മറയ്ക്കും പോലേ . സുകുവേട്ട നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുത്താലോ? ഒരിക്കൽ ആട്ടുകട്ടിലിൽ അയാളുടെ മടിയിൽ തലവെച്ചു കിടന്നുകൊണ്ട് അവൾ ചോദിച്ചു

അയാൾ മൗനമായി …എന്താ സുകുവേട്ട ഒന്നും പറയാത്തത്. നിന്നോട് ഒരു കാര്യം പറയണമെന്ന് ഓർത്തിരിക്കുവാണ്.

അയാൾ പതിഞ്ഞുപോയ തന്റെ ശബ്ദം തൊണ്ട അനക്കി ശരിയാക്കികൊണ്ടു തുടർന്നു

അമ്മ ആകെ വിഷമത്തിലാണ്.അമ്മായി എനിക്കു വേറെ ഒരു ആലോചനയുമായി വന്നിരുന്നെന്നു അമ്മ പറഞ്ഞു .

എത്ര ലാഘവത്തോടെയാണ് സുകു സംസാരിക്കുന്നതു എന്ന് അവൾ ഓർത്തു. അതാണ് ഈ അകൽച്ചയുടെ കാരണം

സുകുവേട്ട നിങ്ങൾ എന്നേ ഉപേക്ഷിക്കാൻ പോകുവാണോ ….?

ഇല്ല രുക്കു

നമ്മുക്ക് ഒരു സ്ഥലം വരെ പോകണം കുറച്ചു ദൂരെയാണ് അവിടെ ഒരു ജ്യോത്സ്യനുണ്ട് .നല്ല പേരുകേട്ട ആളാണ് . കവലയിലെ പോറ്റി ഹോട്ടൽ നടത്തുന്ന രാമനുണ്ണിയാണ് പറഞ്ഞത് .അയാളുടെ ഒരു ബന്ധുവിന് കുറെ വർഷങ്ങൾ ആയി കുട്ടികൾ ഇല്ലെന്നു .കുറേ ചികിത്സകൾ ഒക്കെ ചെയ്‌തു ഒന്നും ഫലം കണ്ടില്ല അവസാനം ആ ജ്യോത്സ്യര് പറഞ്ഞ പരിഹാര ക്രിയകൾ ചെയ്തു കഴിഞ്ഞു അവർക്ക് കുട്ടികൾ ഉണ്ടായത്രേ.നമ്മുക്കും അവിടെ വരെ ഒന്ന് പോകാം .

അങ്ങോട്ടേക്കുള്ള ആ ട്രെയിൻ യാത്രയിൽ അയാൾ ഒത്തിരി കാര്യങ്ങൾ അവളോട് സംസാരിച്ചു .തന്റെ നഷ്ടപ്പെട്ടുപോയ ദിവസങ്ങൾ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു രുഗ്മിണിക്ക്.

ഏകദേശം വൈകുന്നേരമായപ്പോൾ അവർ ഇറങ്ങേണ്ട സ്റ്റേഷനിൽ ട്രെയിൻ എത്തി . അടുത്തുള്ള ഓട്ടോക്കാരനോട് തന്റെ കൈയിലുള്ള അഡ്രസ്സ് സുകു കാണിച്ചു.അയാൾ വലിയ ഒരു തെരുവിന്റെ അറ്റത്തുള്ള ഒരു ആശ്രമകവാടത്തിൽ മുൻപിൽ അവരെ കൊണ്ടുവിട്ടു .

ഓടുപാകിയ പഴയ ഒരു ആശ്രമം. കരിങ്കല്ലിൽ തീർത്ത മതിലിന്റെ വിള്ളലുകളിൽ പായൽ പിടിച്ചിരുന്നു .

ആശ്രമ വളപ്പിൽ നിറയെ മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. ആശ്രമത്തിനു മുൻപിലെ റോഡിന്റെ മറുവശത്തു ഒരു പടുകൂറ്റൻ ആൽമരം നിന്നിരുന്നു .

തെരുവിന്റെ നടുവിലായി വലിയ ഗോപുരങ്ങൾ കൊണ്ട് നിർമ്മിതമായ ഒരു ക്ഷേത്രം ഉണ്ടായിരുന്നു .അതിനു സമീപത്തായി കൊത്തുപണികളാൽ അലംകൃതമായ ധാരാളം മണ്ഡപങ്ങളും .അതൊരു തീർത്ഥാടന കേന്ദ്രമാണെന്നു തോന്നിക്കുമാറ് ധാരാളം തീർത്ഥാടകർ വലുതും ചെറുതുമായ സംഘങ്ങളായി അവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു.

വീതികുറഞ്ഞ റോഡിനിരുവശത്തുമായി ധാരാളം ചെറിയ കടകൾ നിരയായി നിന്നിരുന്നു . കല്ലുമാല വില്പനക്കാരും പൂക്കടകളും ചായക്കടക്കാരും തിങ്ങിനിറഞ്ഞ ഒരു തെരുവ്. അങ്ങിങ്ങായി കൈനോട്ടക്കാരും പക്ഷിശാസ്ത്രക്കാരും ഇരിക്കുന്നുണ്ട് .അവർ ആളുകളെ നീട്ടി വിളിക്കുന്നുണ്ട്. അവരുടെ മുറുക്കാൻ കറ വീണു റോഡ് ചുവന്നു തുടുത്തു കിടന്നു.

രുക്കു നീ ഇവിടെ ഇരിക്ക് നമ്മുക്കു കഴിക്കാൻ എന്തെങ്കിലും ഞാൻ വാങ്ങി വരാം .

അത് പറഞ്ഞു അയാൾ അവളെ സമീപത്തുള്ള ആൽത്തറയിൽ ഇരുത്തി ആ ആശ്രമത്തിനു പിറകിലുള്ള പെട്ടിക്കടകളിരിക്കുന്ന സ്ഥലത്തേക്ക് നീങ്ങി …

ആൽത്തറയുടെ എതിർവശത്തു വെള്ള അടിമാടുകളെ പൂട്ടിയ ഒരു കാളവണ്ടി കിടന്നിരുന്നു .അതിൽ നിറയെ പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങളിലെ പ്ലാസ്റ്റിക്
കുടങ്ങൾ .

രുഗ്മിണി ആ നിറങ്ങൾ നോക്കി ഇരുന്നു.തിരിച്ചുപോകുമ്പോൾ അതിൽ ഒരെണ്ണം മേടിക്കണം .അവൾ ഓർത്തു . അയാൾ ഭക്ഷണവുമായി തിരിച്ചു വരും വരെ ആ കുടങ്ങൾക്കു ചുറ്റും അവളുടെ ചിന്തകൾ കറങ്ങി നടന്നു .

രുക്കു നല്ല ഇഡലിയും ചമ്മന്തിയും കൂടെ മൊരുമൊരാന്ന് മൊരിഞ്ഞ ഉഴുന്നുവടയും ഉണ്ട്. വാഴയിലപ്പൊതി തുറക്കുന്നതിനിടയില്‍ അയാൾ പറഞ്ഞു.

ഇടക്കൊക്കെ അയാൾ ഉഴുന്നുവട ചമ്മന്തിയിൽ മുക്കി അവൾക്ക് നല്കി. രുക്മിണിക്കു ഒരുപാട് സന്തോഷവും തോന്നി. ഇനി കടുപ്പത്തിൽ ഒരു ചായ ആയാലോ ?

അവൾ തലയാട്ടി

ഊന്നുവടി കുത്തി നടന്നു നീങ്ങുന്ന അയാളെ രുഗ്മിണി കുറച്ചു നേരം നോക്കിയിരുന്നു. വീണ്ടും അവളുടെ ശ്രദ്ധ ആ വർണ്ണാഭമായ പ്ലാസ്റ്റിക് കുടങ്ങൾ കവർന്നു.

തീരെ മെല്ലിച്ച ഒരു പെൺകുട്ടി തന്റെ ഒക്കത്തു ഒരു കുഞ്ഞു മായി ആ കാളവണ്ടിക്ക് അരികിലേക്ക് വന്നു. അവളുടെ സാരി തീരെ നിറം മങ്ങിയതും ചവുണ്ടതുമായിരുന്നു .എണ്ണയില്ലാതെ ചെമ്പിച്ച മുടി പിന്നി അടിയിൽ മുത്തുകൾ തുന്നിച്ചേർത്ത കറുത്ത കുഞ്ചലം കെട്ടിയിട്ടിരുന്നു . അവൾ നടക്കുന്ന താളത്തിൽ ആ കുഞ്ചലം ഭംഗിയായി തുള്ളിച്ചാടിക്കൊണ്ടിരുന്നു .

അവളുടെ ഒക്കത്തിരുന്ന പെൺകുഞ്ഞു ആ നാട്ടിലെ ഏതോ നാടൻ പലഹാരം കടിച്ചു തിന്നുണ്ടായിരുന്നു. അവളുടെ പഞ്ഞികെട്ടുപോലുള്ള മുടി ശിരസ്സിൽ ഉയർത്തി മഞ്ഞ റബർ ബാൻഡ് ചുറ്റി ഇട്ടിരുന്നു . നിറയെ മുത്തുകളുള്ള നിറം മങ്ങിയ ഒരു വെള്ളി അരഞ്ഞാണം മാത്രമേ അവളെ ധരിപ്പിച്ചിരുന്നുള്ളു. ചെളിപുരണ്ട മുഖത്ത് മൂക്കൊലിപ്പ് പടർന്നു ഉണങ്ങി ഒട്ടിപ്പിടിച്ചിരിപ്പുണ്ട് .

ആ പെൺകുട്ടി ചുവന്ന കുടത്തിലേക്കു വിരൽ ചൂണ്ടി വിലപേശി കൊണ്ടിരുന്നു . അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടുമിരുന്നു. കുറച്ചു നേരത്തെ വിലപേശലിനു ശേഷം അവൾ തന്റെ എളിയിൽ തിരുകിയ ചെറിയ മഞ്ഞകളറിലെ മുഷിഞ്ഞ ചെറിയ സഞ്ചി തുറന്നു കാശ് കൊടുത്തു എന്തൊക്കയോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊൺട് തിരിച്ചു നടന്നു. കുഞ്ഞിന്റെ കാലുകളിൽ അവളുടെ മുടിയിൽ കെട്ടിയ കുഞ്ചലം ആടിയാടി വന്നു തലോടി അകന്നു .

രുക്കു ആ കാഴ്ചകൾ ആസ്വദിച്ചിരിക്കെ പതിയെ പതിയെ പെട്ടിക്കടകളിലും പരിസരങ്ങളിലുമുള്ള വീടുകളിലേ വിളക്കുകൾ തെളിഞ്ഞു തുടങ്ങി . അപ്പോഴാണ് അവളുടെ കണ്ണുകൾ ആ തെരുവിലാകെ അയാളെ തിരഞ്ഞു തുടഞ്ഞിയത്

സുകുവേട്ടനെ കാണുന്നില്ലല്ലോ ….ഉള്ളിൽ ആകെ ഒരു വെപ്രാളം .ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുപോലെ. നിറമുള്ള പ്ലാസ്റ്റിക് കുടങ്ങൾക്കു അരികിലൂടെയാണ് അവൾ അയാളെ തിരഞ്ഞു ഇറങ്ങിയത് .അപ്പോൾ അവളുടെ കണ്ണുകളിൽ ഇരുട്ട് മാത്രമേ നിറഞ്ഞു നിന്നുള്ളൂ .ആ തെരുവാകെ അവൾ അയാളെ തിരഞ്ഞു നടന്നു .

തളർന്ന മനസ്സോടെ അവൾ വീണ്ടും ആൽത്തറയിൽ വന്നിരുന്നു .

തനിക്ക് ചുറ്റും കൂടുകൂട്ടുന്ന കറുപ്പ് നിറത്തെ നോക്കി ഇരുണ്ടു തുടങ്ങിയ അവളുടെ മനസ്സ് പിറുപിറുത്തു.

സുകുവേട്ടൻ എന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു…

തന്റെ ഇരുകൈകളും ആൽത്തറയിൽ ഊന്നി .തെളിഞ്ഞു വരുന്ന നിലാവിലേക്കു മുഖം ഉയർത്തി നിസ്സഹായതയോടെ നോക്കി നിൽക്കുന്ന അവളുടെ മിഴികളിൽ നിന്നും നീർതുള്ളികൾ ഉതിർന്നു വീണു . കൈത്തലം കൊണ്ട് മുഖം തുടച്ചു നിവരുമ്പോൾ ,തന്റെ മുൻപിലായി ഒരു നിഴൽ അടുത്തേക്ക് നീണ്ടു വരുന്നത് ഉള്ളിൽ ഒരു വിറയലോടെ അവൾ കണ്ടു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….