മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
തനിക്ക് ചുറ്റും കൂടുകൂട്ടുന്ന കറുപ്പ് നിറത്തെ നോക്കി ഇരുണ്ടു തുടങ്ങിയ അവളുടെ മനസ്സ് പിറുപിറുത്തു.
സുകുവേട്ടൻ എന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു…
തന്റെ ഇരുകൈകളും ആൽത്തറയിൽ ഊന്നി .തെളിഞ്ഞു വരുന്ന നിലാവിലേക്കു മുഖം ഉയർത്തി നിസ്സഹായതയോടെ നോക്കി നിൽക്കുന്ന അവളുടെ മിഴികളിൽ നിന്നും നീർതുള്ളികൾ ഉതിർന്നു വീണു . കൈത്തലം കൊണ്ട് മുഖം തുടച്ചു നിവരുമ്പോൾ ,തന്റെ മുൻപിലായി ഒരു നിഴൽ അടുത്തേക്ക് നീണ്ടു വരുന്നത് ഉള്ളിൽ ഒരു വിറയലോടെ അവൾ കണ്ടു.
അവൾ മുഖമുയർത്തി നോക്കി ….ഏകദേശം അറുപതിനോട് അടുത്ത് പ്രായമുള്ള ഒരു ഒത്ത സ്ത്രീ രൂപം .നിലാവെട്ടത്തിൽ അവരുടെ തലമുടി പഞ്ഞികെട്ടുപോലെ തോന്നി . തോളറ്റം വരെ തൂങ്ങിയ കാതിന്റെ തട്ടിൽ വല്യ ഒരു
കുണ്ഡലം പോലുള്ള കമ്മൽ . വീതിയേറിയ നെറ്റിത്തടം നിറയെ ഭസ്മം പൂശിയിരുന്നു .
അവളുടെ കണ്ണുകളിൽ ഭയം നിഴലിട്ടു …
എന്നമ്മ ഇങ്കെ ഒറ്റയിലെ ഇറുക്ക് …? വളരെ സൗമ്യ്മായിരുന്നു അവരുടെ ശബ്‍ദം . അവരുടെ ശരീരവുമായി തീരെ യോജിക്കാത്ത പോലേ.
ഞാൻ …എന്നേ …അവരുടെ ചോദ്യം അവൾക്ക് മനസ്സിലായെങ്കിലും തമിഴിൽ മറുപടി പറയാൻ അവൾ പ്രയാസപ്പെട്ടു.
ഇന്ത നേരത്തിൽ നീ ഇങ്കെ ഒറ്റയിലെ ഇറുകിറത് നല്ലതില്ലേ?റൊമ്പ മോശമാന ഇടം .തല അനക്കാതെ അവരുടെ കണ്ണുകൾ മാത്രം ചുറ്റും വട്ടം കറങ്ങി …
അതുകേട്ട് രുഗ്മിണി കൂടുതൽ ഭയപ്പെട്ടു …
ഉൻ പേര് എന്നെ ..?
രുഗ്മിണി ….അവൾ പതിയെ പറഞ്ഞു. ഇന്ത രാത്രി നീ ഇങ്കെ ഒറ്റയിലെ ഇരിക്ക വേണ്ട രുഗ്മിണി നീ എൻ കൂടെ വാ …
അതും പറഞ്ഞു അവർ തിരിഞ്ഞു നടന്നു.
അവരുടെ വാക്കുകൾക്ക് ഒരു ആജ്ഞ ശക്തിയുള്ള പോലേ അവൾ പതിയെ എഴുന്നേറ്റു അവരെ പിന്തുടർന്നു.
അവർ ആശ്രമത്തിലെ ഒരു മുതിർന്ന അന്തേവാസിയായിരിക്കുമെന്നാണ് അവൾ കരുതിയിരുന്നത് .
എന്നാൽ അവർ ആശ്രമത്തിനു സമീപത്തുള്ള ഒറ്റയടി പാതയിലൂടെ മുന്നോട്ട് നീങ്ങി .നിലാവിൽ ഒറ്റയടിപ്പാത ഒരു വെളുത്ത നാട പോലേ നീണ്ടു വളഞ്ഞു കിടന്നു .
ഇടയ്ക്കു തന്റെ നടത്തം നിർത്തി രുഗ്മിണി തന്റെ പുറകിലുണ്ടോയെന്നു അവർ ഉറപ്പുവരുത്തുന്നുണ്ടായിരുന്നു.
എന്റെ ഈശ്വരാ ഈ യാത്ര എങ്ങോട്ടാണ് …? ഭീതിയിൽ പൊതിഞ്ഞ ചിന്തയും വേഗത്തിൽ മിടിക്കുന്ന ഹൃദയവുമായി അവൾ പതിയെ അവർക്ക് പിന്നാലെ നടന്നു .
ആ ഒറ്റയടി പാത അവസാനിക്കുന്നത് ഒരു ബഹുനില കെട്ടിടത്തിന് മുന്പിലായിട്ടാണെന്ന് രുഗ്മിണിക്കു മനസ്സിലായി …
ചുവന്ന സീരിയൽ ബൾബുകൾകൊണ്ട് കെട്ടിടത്തിന്റെ മുകളിലായി തമിഴിൽ എന്തോ എഴുതിയത് മിന്നിത്തിളങ്ങുന്നുണ്ട് ….
ആ കെട്ടിടത്തിനോട് അടുക്കുംതോറും അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടുതൽ വർദ്ധിച്ചു…കാലുകൾ മുന്നോട്ട് നീങ്ങാത്തതുപോലെയും തോന്നി ….
വേഗം വാമ്മ …തിരിഞ്ഞു നോക്കി അവർ രുഗ്മിണിയോട് പറഞ്ഞു .
അവരെ കണ്ടതും സെക്യൂരിറ്റി ഗേറ്റ് വിശാലമായി തുറന്നു.
അയാളുടെ ഭവ്യതയോടെയുള്ള നിൽപ്പ് കണ്ടപ്പോൾ ആ വീടിന്റെ ഉടമ അവരാണെന്ന് അവൾക്ക് മനസ്സിലായി.
ഇന്ത രാത്രി ഉനക്ക് ഇങ്കെ തങ്കലാം ….
തന്റെ സാരിയുടെ മുന്താണിയിൽ കെട്ടി ഇടുപ്പിൽ തിരുകിയ താക്കോൽകൂട്ടത്തിൽ നിന്നും ഒരു താക്കോലെടുത്തു താഴത്തെ നിലയിലെ കിഴക്കേ അറ്റത്തുള്ള മുറി തുറന്നു അകത്തുകയറി ലൈറ്റ് ഇട്ടുകൊണ്ട് അവര് പറഞ്ഞു .
ഇതു താൻ എന്നോടെ വീട് …
ഏതോ ഒരു അതിഥിക്ക് വേണ്ടി ഒരുക്കിയ പോലേ സുന്ദരമായിരുന്നു ആ മുറി .
ചന്ദനകളറിലേ വിരിപ്പും തലയിണയും …അതിനോട് ചേർന്നു മരംകൊണ്ടു നിർമ്മിച്ച ഒരു മേശ .അ മേശയിൽ ഒരു ചില്ലു കുപ്പിയിൽ മഞ്ഞയും വെള്ളയും കളറിലെ റോസാപ്പൂക്കൾ . ആ റോസപൂക്കൾ ആതീവസുന്ദരവും വാസന നിരഞ്ഞതുമായിരുനെങ്കിലും അവൾക്ക് അപ്പോൾ അത് നൽകിയത് വിരഹതിന്റെ വേദനയാണ് .
ബാത്‌റൂമിൽ സോപ്പ് ടൗവൽ എല്ലാം ഇറുക്ക് .നീ കുളിച്ചു ഫ്രഷ് ആക്.അതും പറഞ്ഞു അവർ മുറിക്കു പുറത്തേക്കു ഇറങ്ങി …
അവർ മുറിക്കു പുറത്തു ഇറങ്ങിയതും രുഗ്മിണി പെട്ടന്ന് തന്നെ മുറി പൂട്ടി .
അവൾ തിരിച്ചു വന്ന് ബെഡിന്റെ ഓരത്തായി ഇരുന്നു .അപരിചിതമയ സ്ഥലം അപരിചിതരായ വ്യക്തികൾ ഓരോന്ന് ഓർത്തു രുഗ്മിണിക്കു കരച്ചിൽ വന്നു. കുറച്ചു നേരം കഴിഞ്ഞു വീണ്ടും കതകിൽ മുട്ട് കേട്ട് തെല്ല് പരിഭ്രമത്തോടെ രുഗ്മിണി എഴുന്നേറ്റു .
ജനൽ കർട്ടൻ മാറ്റി നോക്കി .ആ സ്ത്രീ തന്നെയാണ് അവൾ കതകു തുറന്നു. ഒരു കുഴിഞ്ഞ സ്റ്റീൽ പാത്രത്തിൽ പഞ്ഞപ്പുല്ല്കൊണ്ടുല്ല കഞ്ഞിയും അച്ചാറും മഞ്ഞകളറിലെ ഒരു കറിയും പിന്നെ ഒരു ചുട്ടപപ്പടവും അവൾക്ക് നേരെ നീട്ടി അവര് പറഞ്ഞു .
ഇത് ശാപ്പിട് …
കുളികഴിഞ്ഞു ഭക്ഷണം കഴിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് തൊണ്ടയിൽ ഒരു തടസ്സം പോലേ . വിവാഹശേഷം സുകുവേട്ടൻ ഇല്ലാതെ ആദ്യമായാണ് ….എത്ര നിഷ്കരുണമാണ് സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി അയാൾ തന്നെ വലിച്ചെറിഞ്ഞത് . ഓർക്കുംതോറും അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല .
അവൾ എന്തൊക്കയോ പുലമ്പി കരഞ്ഞുകൊണ്ടിരുന്നു. ക്ഷീണത്താൽ അടഞ്ഞുപോകുന്ന കണ്ണുകളെ അവൾ വലിച്ചു തുറക്കുന്നുമുണ്ട് . തനിക്കു ചുറ്റും നിറയുന്ന അപരിചിതത്വത്തിന്റെ ഗന്ധവും ഉൾഭയമായുമായുള്ള ആ മല്പിടുത്തത്തിനിടയിൽ എപ്പോഴോ കണ്ണുകൾ നിദ്രക്കു കീഴടങ്ങി …
രാവിലെ കതകിലുള്ള മുട്ടുകേട്ടാണ് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത് .
കണ്ണുതുറന്നു ചുറ്റും നോക്കി … കുറച്ചു നേരത്തേക്ക് രുഗ്മിണിക്കു ഒന്നും മനസ്സിലായില്ല .താൻ ഇതെവിടെയാണ് …?സുകുവേട്ടൻ എവിടെ ? അവൾക്ക് കുറച്ചു നേരം വേണ്ടിവന്നു പരിസരബോധം ലഭിക്കാൻ.
പിന്നെ പതിയെ ചെന്ന് അവൾ കതകു തുറന്നു ,…സ്റ്റീൽ ഗ്ലാസിൽ ചൂടുള്ള പാൽ കാപ്പിയുമായി ആ സ്ത്രീയാണ് …
കാപ്പികുടിച്ചിട്ടു ശീക്രമാ വാ …നിന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കണം.
പ്രാതല് കഴിക്കുന്നതിനിടയിൽ അവര് കാര്യമായി ഒന്നും സംസാരിച്ചില്ല ….അതിനുശേഷം അവർ രുഗ്മിണിയുമായി പുറത്തേക്കിറങ്ങി .
മതില്കെട്ടിനുള്ളിലെ വിശാലമായ സ്ഥലത്തു പല തരത്തിലെ പച്ചക്കറി തോട്ടങ്ങൾ .ചെറിയ ചൂരൽ മുറത്തിൽ കായ് ഫലങ്ങൾ ശേഖരിക്കുന്ന കുറച്ചു പ്രായമായവർ …മറുവശത്തു ധാരാളം പൂചെടികൾ നട്ടുവളത്തിയിരിക്കുന്നു .പല വർണ്ണത്തിലുള്ള ആന്തൂറിയം ചെടികളുടെ ഒരു വൻ ശേഖരം അവിടെ ഉണ്ടായിരുന്നു. മുറ്റത്തു നട്ട കുറ്റിമുല്ലകളിൽ നിന്നും പ്ലാസ്റ്റിക് കൂടകളിൽ ചിലർ മുല്ലമൊട്ടുകൾ നുള്ളിയിടുന്നുണ്ട് .
അതിനു സമീപത്തുള്ള കാറ്റാടിമരത്തിനു താഴെയുള്ള സിമെന്റ് ബഞ്ചിൽ അവര് ഇരുന്നു …നിന്നെ നിന്റെ ഭർത്താവ് ഇങ്കെ വിട്ടിട്ടു പോയല്ലേ ?
അവളുടെ കഴുത്തിലെ താലി ചരട് നോക്കി അവർ ചോദിച്ചു ….
ഉം …അവൾ തലയാട്ടി നിറഞ്ഞു വരുന്ന കണ്ണുകൾ കാണാതിരിക്കാൻ അവൾ തല കുനിച്ചിരുന്നു .
എതുക്ക് ….?നീ മലയാളത്തിൽ ചൊല്ല് .എനിക്ക് മലയാളം കൊഞ്ചം അറിയാം .അവരിൽ ചില പേർ മലയാളികളാണ്. തോട്ടത്തിൽ നിൽക്കുന്ന ആ പ്രായമായ സ്ത്രീകളെ നോക്കി അവർ പറഞ്ഞു .
രുഗ്മിണി എൻ പേര് ഗോമതി .എല്ലാരും ഗോമതിയമ്മ എന്ന് കൂപ്പിടും .നീയും എന്നെ അങ്ങനെ വിളിച്ചോ ? തമിഴും മലയാളവും ഇടകലർത്തിയുള്ള അവരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ടെന്ന് അവളോർത്തു .
രുഗ്മിണി തന്റെ നോട്ടം തറയിൽ പാകിക്കൊണ്ടു തന്റെ കഥ പറഞ്ഞു തുടങ്ങി …
എല്ലാം കേട്ടതിനു ശേഷം ഗോമതിയമ്മ കുറച്ചു നേരം ഒന്നും മിണ്ടാതെ ചാരു ബെഞ്ചിൽ കണ്ണുകളടച്ചു ചാരിക്കിടന്നു .അവരുടെ കൺപീലികൾ ഈർപ്പം കൊണ്ട് നനഞ്ഞൊട്ടി .
അവർ കുറച്ചു സമയത്തിന് ശേഷം രുഗ്മിണിയോട് ചോദിച്ചു .
നിനക്ക് അവനെ റൊമ്പ ഇഷ്ടമാണോ ?
ഇഷ്ട്ടം ആയിരുന്നു …കാറ്റത്തുലയുന്ന കാറ്റാടിമരത്തിലേക്കു നോക്കി അവൾ പറഞ്ഞു .
നിന്റെ മുൻപിൽ ഇപ്പോൾ രണ്ട് കാര്യങ്ങൾ ഉണ്ടു ഏതുവേണമെന്ന് ഉനക്ക് തീരുമാനമെടുക്കലാം . ഒന്ന് നിനക്ക് വീട്ടിലേക്ക് മടങ്ങിപ്പോകാം തലകുനിച്ചു ….
രണ്ട് പഠിപ്പ് മുടിച്ചിട്ടു നീ നിനച്ചമാതിരി ഒരു കോളേജ് ലെക്ചർ ആയി മടങ്കലാം….തല നിവർന്ത് …
നീ ചിന്തിക്ക് …എത് വേണമെന്ന് ….
എനിക്കു തലനിവർത്തിപ്പിടിച്ചു മടങ്ങിയാൽ മതി …രുഗ്മിണിക്കു തോൽക്കണ്ട…..അവളുടെ മുഖത്ത് നിന്നും നിരാശയുടെ നിഴലുകൾ മാറി തുടങ്ങിയിരുന്നു .
മിടുക്കി …ഉനക്ക് എന്ന ഉതവി വേണാലും നാൻ ചെഞ്ചു തരാം …ഉതവിന്ന് സൊന്നാൽ തെരിയുമാ ..? …സഹായം…അത് പറഞ്ഞു അവർ വാ തുറന്നു ഉറക്കെ ചിരിച്ചു .
ഞാൻ കൊഞ്ചം കാര്യങ്ങൾ നിനക്ക് കാണിച്ചു തരാം.
അവർ കെട്ടിടത്തിലേക്ക് മടങ്ങുമ്പോൾ പച്ചക്കറികളും പൂക്കളും മേടിക്കാൻ ചില്ലറ വ്യാപാരികൾ തങ്ങളുടെ വണ്ടിയുമായി അങ്ങോട്ട് വന്നുകൊണ്ടിരുന്നു .
നോക്ക് രുഗ്മിണി ഈ ഒന്നാം നിലയിൽ താമസിക്കുന്നത് നീ പുറത്തുകണ്ട ആ വയസ്സാന ആളുകളാണ്. നിരയായി അടുക്കിയിട്ടിരിക്കുന്ന കട്ടിലുകൾ ചൂണ്ടി അവര് പറഞ്ഞു .
ഒരിക്കൽ വീടിന്റെ നെടും തൂണായി നിന്നവർ പിന്നീട് വീട്ടുകാർക്ക് കരടായി മാറിയവർ. അവരെ നോക്കുമ്പോൾ രുഗ്മിണിയുടെ നോട്ടത്തിൽ അലിവ് കലർന്നിരുന്നു .
പിന്നെ ഗോമതിയമ്മ രുഗ്മിണിയെ രണ്ടാം നിലയിലേക്ക് കൂട്ടികൊണ്ട് പോയി.
ചവിട്ടു പടികൾ കയറുമ്പോൾ തന്നെ കുട്ടികളുടെ ശബ്ദവും കരച്ചിലുമൊക്കെ കേൾക്കുന്നുണ്ടായിരുന്നു . അവരെ നോക്കി ദീർഘമായി നിശ്വസിച്ചുകൊണ്ടു രുഗ്മിണിയുടെകണ്ണുകൾ അവർക്കിടയിലൂടെ പാറിപ്പറന്നു.
നാലുവയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളാണ് അവരെല്ലാം … ആദ്യത്തെ നിലയിൽ മക്കൾക്ക് വേണ്ടാത്തവർ… രണ്ടാം നിലയിൽ മാതാപിതാക്കക്ക് വേണ്ടാത്തവർ …ജീവിതം തന്റെ മുഖങ്ങൾ ഓരോരുത്തർക്കും ഒരോ രീതിയിലാണ് കാട്ടികൊടുക്കുക.വിചിത്രം തന്നെ അവൾ തലകുടഞ്ഞു.
ഇവരെയെല്ലാം എനക്ക് കിടച്ചത് പിറന്ത ദിവസം തന്നെ …
ഇങ്കെ ഗേറ്റിനു വെളിയിൽ ഒരു തൊട്ടിൽ വച്ചിട്ടുണ്ട് ഒരു കയർ കെട്ടിയ മണിയും. ആ തൊട്ടിലിൽ വേണ്ടാമ്മ പോട്ടിട്ടു പോയ കൊളന്ത്യയ്കളാണ് ഇവങ്കെ…
പിന്നെ അവരെ നോക്കുന്ന ചെറുപ്പക്കാരികളായ പെൺകുട്ടികളെ നോക്കി അവർ പറഞ്ഞു .ഇത് നിന്നെപ്പോലെ ഇവിടെ എത്തിയവരാണ് .ഇവങ്ക താൻ പിള്ളകള്ക്ക് അമ്മമാർകൾ.
പിന്നീട് അവളെ അവര് ആ കെട്ടിടത്തിന് പുറകിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനത്തിലേക്ക് കൂട്ടികൊണ്ടുപോയി ….
അവിടെയും പല പ്രായത്തിൽ ഉള്ള സ്ത്രീകൾ തങ്ങളുടെ ജോലി തിരക്കിലാണ് .അവർ മനോഹരമായ പട്ടു സാരികൾ നെയ്തെടുക്കുന്നുണ്ടായിരുന്നു …മറ്റുചിലർ കുട്ടിയുടുപ്പുകൾ തുന്നുന്നുണ്ടായിരുന്നു . തുണികളിൽ ചായം മുക്കുന്നവർ …
പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കി പായ്ക്കറ്റിലക്കുന്നവർ . അങ്ങനെ പലരും . അവരിൽ പലരും ആരുടെയൊക്കയോ ചതിയിൽ അകപ്പെട്ടു ചുവന്ന തെരുവിലേക്ക് വലിച്ചെറിയപെട്ടവരായിരുന്നുവെന്ന് ഗോമതിയമ്മയിൽ നിന്നും അവൾ മനസ്സിലാക്കി .
സ്വയം സമ്മതത്തോടെയല്ലാതെ മാംസക്കച്ചവടത്തിൽ ഉരുകിത്തീരുന്നവർക്ക് മറ്റുള്ളവരുടെ മുൻപിൽ അഭിമാനത്തോടെ ജീവിക്കുവാൻ ഒരു ജീവിത മാർഗം ഉണ്ടാക്കി കൊടുക്കുന്ന ആ സ്ത്രീ ശരിക്കും ഒരു ദേവതയാണെന്ന് അവൾ ഓർത്തു.തന്റെ ഹൃദയത്തിൽ അവരോടുള്ള സ്നേഹത്തിന്റെ ഒരു ചെറിയ നീരുറവ പൊട്ടിപ്പുറപ്പെടുന്നത് അവൾ അറിഞ്ഞു …
പിന്നെ അവളെ അവർ തന്റെ ഓഫീസിൽ റൂമിലേക്ക് കൂട്ടികൊണ്ടുപോയി ….അവരുടെ കസേരക്ക് പുറകിൽ തീർത്ത മരത്തിന്റെ അലമാര നിറച്ചും അവർക്ക് ലഭിച്ച പുരസ്കാരങൾ ആയിരുന്നു .സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും പോരാടുകയും ചെയ്യുന്ന ഒരു മഹത് വ്യ്കതിയാണ് തന്റെ മുന്പിലെന്ന് ഓർത്തു അവൾക്ക് അഭിമാനം തോന്നി …
രുഗ്മിണി …എനക്ക് എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് പാർക്കതുക്കു ഇപ്പൊ മുടിയലെ .എനക്ക് സഹായത്തുക്ക് നാൻ ഒരാളെ തേടിയിട്ടിറുക്ക്. ഉനക്ക് അത് മുടിയും എന്ന് എനക്ക് തോന്ട്രുത്.
എനിക്ക് പറ്റും ….ഒട്ടും താമസിയാതെ രുഗ്മിണി ഉറച്ച ശബ്ദത്തോടെ പറഞ്ഞു .
രുഗ്മിണി തന്റെ പഠനത്തോടൊപ്പം അവരുടെ സ്ഥാപനത്തിന്റെ പ്രവത്തനത്തിൽ സജീവ പങ്കാളിയായി …
വൃദ്ധരായ അവിടുത്തെ മാതാപിതാക്കൾക്ക് ഒപ്പമിരുന്നു അവൾ കയ്യടിച്ചു നാടൻ പാട്ടുകൾ പാടി ഒരു മകളായി …സമൂഹത്തിൽ ചവിട്ടിയരക്കപ്പെട്ട പെൺകുട്ടികൾക്ക് ഒരു ചേച്ചിയായി …കൈത്താങ്ങായി. അവരെ വീണ്ടും സ്വപ്‌നങ്ങൾ കാണാൻ അവൾ പഠിപ്പിച്ചു . ഉപേക്ഷിക്കപ്പെട്ട അവിടുത്തെ കുഞ്ഞുങ്ങൾക്കു മാത്രമല്ല ആ നാട് ഒട്ടാകെയുള്ളവർ അവളെ സ്നേഹപൂർവ്വം രുഗ്മിണിയമ്മ എന്ന് വിളിച്ചു …രുഗ്മിണി ഇന്ന് അവൾ സ്വപ്നം കണ്ട ഒരു കോളേജ് അദ്ധ്യാപിക മാത്രമല്ല അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തക കൂടിയാണ് .
ഇഷ്ടമില്ലാത്ത ഓർമ്മകളെ അകറ്റി നിർത്താൻ ഇപ്പോൾ രുഗ്മിണി പഠിച്ചിരിക്കുന്നു.ഗോമതിയമ്മയേ അവൾ നന്നായി മലയാളം സംസാരിക്കാൻ പഠിപ്പിച്ചു .അവർ തമ്മിലുള്ള ആത്മബന്ധത്തിൽ രുഗ്മിണി കൂടുതൽ കരുത്താർജിച്ചു .തന്റെ ജീവിതത്തെക്കുറിച്ചു രുഗ്മിണിക്കു പുതിയ കാഴ്ചപ്പാടുകളുണ്ടായി.
രുക്കു എനിക്കു നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് . ഒരിക്കൽ അവർ ഒരുമിച്ചുള്ള സംസാര വേളയിൽ ഗോമതിയമ്മ പറഞ്ഞു . എന്താ അമ്മ …? ഞാൻ ഒറ്റതടിയായിപ്പോയി എനിക്കു ഭർത്താവ് നഷ്ടപ്പെട്ടു …മക്കളുമില്ല …ഇതൊക്കെ ആരെ ഏൽപ്പിക്കും എന്നോർത്തു വിഷമിച്ച സമയത്താണ് നിന്നെ എന്റെ ഭാഗ്യത്തിന് എനിക്കു മകളായി കിട്ടിയത് …ഇന്ന് നിന്റെ സമയമാണ് …നാളെ ഒരുസമയത്തു നീ ഒറ്റക്കായി പോകരുത് .നിനക്ക് ഒരു കൂട്ടുവേണ്ടേ …?
എങ്ങനെ ആളുകളെ വിശ്വസിക്കും അമ്മ …? ജീവിതത്തിൽ എന്നേക്കാൾ കൂടുതൽ ഞാൻ വിശ്വസിച്ച ആൾ എന്നോട് ചെയ്തത് കണ്ടില്ലേ ?
എല്ലാരും അങ്ങനെ ഒന്നുമല്ല രുക്കു ….
ആരുടേയും മനസ്സ് കാണാൻ പറ്റില്ലല്ലോ …അങ്ങനെയൊക്കെ ചിന്തിച്ചാൽ ജീവിക്കാൻ ബുദ്ധിമുട്ടാണ് രുഗ്മിണി ….ജീവിതം മുന്നോട്ടാണ് ഒഴുകേണ്ടത് പ്രതീക്ഷയോടെ …
അവരുടെ ആ സംസാരം അവിടെ അവസാനിച്ചെങ്കിലും രുഗ്മിണിയുടെ മനസ്സിൽ പുതിയ പ്രതീഷകളുടെ പൂവുകൾ പതിയെ വിരിഞ്ഞു തുടങ്ങിയിരുന്നു ..
രുഗ്മിണിക്ക് തന്റെ സഹപ്രവർത്തകരോട് എല്ലാവരോടും സ്നേഹമായിരുന്നുവെങ്കിലും മഹേഷ് സാറിനോട് രുഗ്മിണിക്കു കൂടുതൽ അടുപ്പം ഉണ്ടായിരുന്നു . മാഷിന്റെ അമ്മ മലയാളിയായിരുന്നതുകൊണ്ടും അയാൾക്ക് മലയാളം നന്നയി സംസാരിക്കാൻ കഴിഞ്ഞതും അവരുടെ സുഹൃത്‌ത് ബന്ധത്തിന് ആഴം കൂട്ടിയിരുന്നു . അവൾ തന്നെക്കുറിച്ചു മാഷിനോട് എല്ലാം പറഞ്ഞിരുന്നു.
ഒരിക്കൽ ഒരു ഒഴിവ് വേളയിൽ അവൾ അയാളോട് ചോദിച്ചു . മാഷ് എന്താ ഇതുവരേയും കല്യാണം കഴിക്കാഞ്ഞത് .ഒറ്റയ്ക്ക് മതിയെന്ന് തോന്നിയിട്ടാണോ ?
അതൊന്നുമല്ലടോ …എന്റെ ആദ്യ പ്രണയം ഹൈസ്കൂൾ പഠിക്കുമ്പോഴാണ് .രണ്ടു വര്ഷം കഴിഞ്ഞു ആ പെൺകുട്ടി സ്കൂൾ മാറിപ്പോയി .എനിക്ക് ഒത്തിരി വിഷമമായി …ഇനി ഒരിക്കലും ആരേയും പ്രണയിക്കില്ലന്നു തീരുമാനിച്ചു.
പക്ഷേ കോളജിലേക്ക് പോകുന്ന ബസ്സ് സ്റ്റോപ്പിൽ വീണ്ടും ഒരു പ്രണയം….പകുതിയിൽ വെച്ചു അവളും വേറെ ഒരാളെ വിവാഹം കഴിച്ചു പോയി …ആ മനഃപ്രയാസം എന്റെ പഠനത്തെ വരെ ബാധിച്ചു .ഇനി ഒരിക്കലും ആരേയും പ്രണയിക്കില്ലന്ന് ശപഥം ചെയ്തു ….ഈ പ്രണയമെന്നൊക്കെ പറയുന്നത് നമ്മളറിയാതെ തന്നെ നമ്മളെ കീഴ്പ്പെടുത്തുമെന്നു പിന്നീട് മനസ്സിലായി …പിന്നെയുണ്ടായ തീവ്രമായ പ്രണയം ജോലിചെയുമ്പോൾ വാടകയ്ക്ക് താമസിച്ച വീടിന്റെ ഉടമസ്ഥന്റെ മകളുമായിട്ടായിരുന്നു . മന്ദാരപ്പൂ വിരിഞ്ഞ പോലുള്ള ഒരു പെൺകുട്ടി. എന്ത് പറയുമ്പോളും അവൾക്ക് ചിരിയായിരുന്നു . ഒരുപാട് ഞങ്ങള് സ്നേഹിച്ചിരുന്നു .എത്രയോ രാത്രികളിൽ അവളുടെ വീടിന്റെ മട്ടുപ്പാവിൽ ഞങ്ങൾ ഒന്നിച്ചിരുന്നു …?
എന്നിട്ടോ ..?
എന്റെ അമ്മ ഒരിക്കൽ അവളെ കാണാൻ വന്നു.അമ്മയ്ക്കും അവളെ ഒരുപാട് ഇഷ്ടമായി .അമ്മ മടങ്ങിപ്പോകും മുൻപ് അവൾക്ക് കുപ്പിവളകൾ അണിയിച്ചു .മുടിയിൽ പൂ ചൂടിച്ചു .മനസ്സ് കൊണ്ട് അമ്മയും അവളെ മരുമളായി അംഗീകരിച്ചു
അമ്മയെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ പോയി മടങ്ങുമ്പോളാണ് ഞങ്ങളുടെ വീടിന് അടുത്തുള്ള പൈപ്പിൻ ചുവട്ടിൽ പൊട്ടി ചിതറി കിടന്നക്കുന്ന കുപ്പിവളകളും …റോട്ടിൽ രക്തകറയും കണ്ടത് .വീട്ട് മുറ്റത്തു ഒരാൾക്കൂട്ടം വീട് അടുക്കുമ്പോൾ ഒരു ആംമ്പുലൻസ് മൗനമായി വന്നു നിന്നു…വെള്ളതുണിയിൽ അവളെയും പൊതിഞ്ഞു കൊണ്ട്.
കണ്ടു നിന്ന ആളുകൾ പറഞ്ഞത് അവൾ ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടന്നപ്പോൾ എതിരെ വന്ന ടാങ്കർ ലോറി …
കുറച്ചു നേരത്തേക്ക് അയാൾ ഒന്നും മിണ്ടിയില്ല കുപ്പിവളകളും കിലുക്കി സ്വപ്നം കണ്ട് എന്റെ പെൺകൊച്ചു നടന്നിട്ടുണ്ടാവും ….മാഷ് കണ്ണുകൾ തുടച്ചു. എന്റെയും അനുഭവം മാഷിന് അറിയാമല്ലോ ?
ഉം …
കുറച്ചു നാളായി ഓർക്കുന്നു …ഒരു കൂട്ട് വേണമെന്ന് …എല്ലാരും ചുറ്റിനുമുണ്ടായിട്ടും ഒരു ഏകാന്ത…
മനസ്സിനോട് അത്രമാത്രം ചാരി ചേർന്നു നിൽക്കാൻ ഒരാളില്ലാത്ത ഒരു ശൂന്യത ….
എനിക്കും ചിലപ്പോളൊക്കെ അങ്ങനെ തോന്നാറുണ്ടടോ. മാഷ് തന്റെ കൈകൾ കൂട്ടിത്തിരുമ്മികൊണ്ടു പറഞ്ഞു.
നമുക്ക് ഒന്നിച്ചു ജീവിച്ചുകൂടെ മാഷേ …?
അവളിൽ നിന്നും തീരെ പ്രതിഷികതെയുള്ള ചോദ്യം കേട്ട് മാഷ് ചിരിച്ചു
കളിയാക്കുവാണോ മാഷേ …?
ഇല്ലെടോ ….ഞാനും ഇതേക്കുറിച്ചു തന്നോട് സംസാരിക്കണം എന്ന് ഓർത്തിരിക്കുവായിരുന്നു .
ഏതായാലും തന്റെ ചോദ്യം എനിക്ക് ഇഷ്ടമായി …
അങ്ങനെ രുഗ്മിണിയുടെ ജീവിതത്തിൽ പുതിയ ഏടുകൾ തുന്നിച്ചേർക്കപ്പെട്ടു.
പിന്നെയും ആൽമരത്തിന്റെ ഇലകൾ കൊഴിയുകയും തളിർക്കുകയും ചെയ്യ്തു.അതുപോലെ രുഗ്മിണിയുടെ വളർച്ചയും വളരെ വേഗത്തിൽ ആയിരുന്നു.
തന്റെ മൂന്നാം വിവാഹ വാർഷികത്തിന്റെ അന്ന് സ്ത്രീകളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള ആ വർഷത്തെ അവാർഡ് രുഗ്മിണിക്കാണെന്നുള്ള സന്തോഷ വാർത്ത അവളെതേടിയെത്തിയത് .
രുഗ്മിണി പുരസ്ക്കാരം ഏറ്റുവാങ്ങുന്ന ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു .
സാമൂഹ്യ മാധ്യമങ്ങളിൽ ‘രുഗ്മിണി തോറ്റിട്ടില്ല’ എന്ന തന്റെ കുറിപ്പ് അനേകം സ്ത്രീകൾക്ക് പ്രചോദനമായി.
രുഗ്മിണി ഏറെ ശ്രദ്ധിക്കപ്പെട്ട ആ വര്ഷത്തെ ഒരു വേനൽ മഴയുള്ള സായാഹ്നത്തിൽ അവളെ കാത്തു ഒരാൾ ആ പഴയ ആൽമരച്ചുവട്ടിൽ നിൽക്കുന്നുണ്ടായിരുന്നു …
പതിവ് പോലേ അമ്പലത്തിൽ പോയി മടങ്ങും വഴി ,രുക്കു എന്ന് തന്നെ പരിചയ സ്വരത്തിൽ ഒരാൾ വിളിക്കുന്നത് കേട്ട് രുഗ്മിണി അമ്പരന്നു അയാളെ നോക്കി .
ഇവിടെ താൻ എല്ലാവർക്കും രുഗ്മിണിയമ്മയാണ് തന്നെ വിളിച്ച ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ രുഗ്മിണി ബുദ്ധിമുട്ടി.
നീട്ടി വളർത്തിയ താടിയും കുഴിഞ്ഞു ഉള്ളിലേക്ക് ആണ്ടുപോയ കണ്ണുകളും ഉള്ള മെല്ലിച്ച ഒരാൾ …എത്ര ആലോചിച്ചിട്ടും രുഗ്മിണിയുടെ ഓർമ്മയിൽ അയാളുടെ മുഖം തെളിഞ്ഞില്ല ….
അയാൾ പതിയെ ആൽത്തറയിൽ ചാരിവെച്ച തന്റെ ഊന്നുവടി എടുത്തു രുഗ്മിണിക്ക് അരികിലേക്ക് നീങ്ങുമ്പോൾ …അവളുടെ സിരകളിലേക്ക് രക്തം ഇരച്ചു കയറി …കണ്ണുകൾ തീഗോളങ്ങൾ പോലെയായി ….ഒരായിരം വാക്കുകൾ നാവിലേക്ക് ഒന്നിച്ചു വന്നു സംസാരിക്കുവാൻ കഴിയാത്ത വിധം അവൾ ദേഷ്യം കൊണ്ട് വിറച്ചു
രുക്കു ….അയാൾ വിളിച്ചു
മിണ്ടിപ്പോകരുത് ….അവളുടെ കനത്ത ശബ്‌ദം കേട്ട് അവിടെ നിന്നവർ അവളെ തുറിച്ചു നോക്കി …
അത് മനസ്സിലാക്കി അവൾ സ്വയം നിയന്ത്രിച്ചു . പിന്നീട് ഒരു പുഛ്‌ഭാവത്തിൽ അവൾ ചോദിച്ചു. രുഗ്മിണി ജീവനോടെ ഉണ്ടോ ..?അതോ ഈ തെരുവ് അവൾക്ക് ഒരു അ ഭിസാരികളുടെ പട്ടം തീർത്തോയെന്നറിയാൻ വന്നതാണോ ?
അയാൾ കണ്ണുകൾ താഴ്ത്തി നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല …
രുഗ്മിണി തോറ്റിട്ടില്ലടോ ….താൻ വിചാരിച്ചാലൊന്നും രുഗ്മിണി തോൽക്കില്ല അത് രുഗ്മിണി വിചാരിക്കണം . അയാൾ ഒന്നും മിണ്ടിയില്ല നിസ്സഹായ ഭാവത്തോടെ അവളെ നോക്കി നിന്നു . തന്റെ ഭാര്യയും മക്കളും എവിടെ ?കൂടെ കൊണ്ടുവന്നില്ലേ ? രുഗ്മിണിയെ കാണാൻ? രുഗ്മിണി അത് പറഞ്ഞു പരിഹാസപൂർവ്വം ചിരിച്ചു .
രുക്കുവിന്റെ കുടുംബം ..?
ആഹാ അപ്പോൾ കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ടല്ലേ ?അതോ എന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ കണ്ടിട്ടാണോ ?ഇപ്പോൾ രുഗ്മിണിയെ ഉപേഷിക്കേണ്ടിയില്ലായിരുന്നുവെന്ന് തോന്നുന്നുണ്ടല്ലേ ?
എന്റെ ഭർത്താവ് മഹേഷ് …?എന്റെ ശക്തിയാണ് അദ്ദേഹം …പിന്നെ എനിക്കു രണ്ട് ഇരട്ടകുട്ടികൾ ഉണ്ട് .അത് പറയുമ്പോൾ അവളുടെ മുഖത്ത് അഭിമാനത്തിന്റെ തിളക്കമുണ്ടായിരുന്നു …
നിങ്ങളെ ഞാൻ സ്നേഹിച്ചതാണ് ഞാൻ ചെയ്‌ത തെറ്റ് .അന്ന് നമ്മൾ ഡോക്ടറെ കാണാൻ പോയത് ഓർമ്മയുണ്ടോ ?
റിസൾട് വന്ന ദിവസം ഞാൻ നിങ്ങളോടു പറഞ്ഞത് ഓർമ്മയുണ്ടോ ?
എന്നെ ഉപേക്ഷിക്കരുത് ….എനിക്കാണ് കുഴപ്പം എന്ന് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ ?ഒരു ഇടിനാദം തന്റെ കാതിന്റെ അടുത്തായി മുഴങ്ങുന്നതായിട്ടാണ് അയാൾക്ക് അവളുടെ ശബ്‌ദം കേൾക്കുമ്പോൾ തോന്നിയത് .
ഇനി കേട്ടോ സത്യത്തിൽ നിങ്ങൾക്കായിരുന്നു കുഴപ്പം.വൈകല്യത്തെ പ്രതി ഒരുപാട് വേദനിച്ച ഒരുമനസ്സ് നിങ്ങൾക്കുണ്ടന്ന് എനിക്കറിയാം .വീണ്ടും നിങ്ങൾ വേദനിക്കാതിരിക്കാൻ വേണ്ടിയാണു അന്ന് ഞാൻ അങ്ങനെ മാറ്റി പറഞ്ഞത് .അത്രമാത്രം നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു ..
രുക്കു എല്ലാം ഇപ്പോൾ നല്ലതിനായിരുന്നു എന്നോർത്തു …എന്നോട് ക്ഷമിച്ചൂടെ …
ഇല്ല ….നിങ്ങളോടു എനിക്കു ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല ….നിങ്ങൾ എന്നെ ചതിക്കുകയായിരുന്നു… …പിന്നെ എന്നെ ഇനി രുക്കു എന്ന് നിങ്ങൾ വിളിക്കരുത്
നിങ്ങളുടെ ശരീരത്തിനുമാത്രമല്ല മനസ്സിനും വൈകല്യം ബാധിച്ചിട്ടുണ്ട് ….
രുക്കു എന്നോട് ഒന്ന് ക്ഷമിച്ചൂടെ ….
എന്നെ ഇനി രുക്കു എന്ന് വിളിക്കരുതെന്ന് നിങ്ങളോടല്ലേ പറഞ്ഞത് . അത് ഒരു താക്കിതിന്റെ ശബ്ദം ആയിരുന്നു. ഇനി എന്നെ മേലാൽ കാണാനും ശ്രമിക്കരുത്….
അത് പറഞ്ഞു രുഗ്മിണി തിരിഞ്ഞു നടന്നു …ചുണ്ടിൽ ഒരു നിറഞ്ഞപുഞ്ചിരിയോടെ അവൾ ഒരു ദീർഘ നിശ്വാസമെടുത്തു മനസ്സിൽ പറഞ്ഞു, രുഗ്മിണി തോറ്റിട്ടില്ല …
അവൾ വേഗം തന്നെ ഗോമതിയമ്മയുടെ അടുത്തുചെന്നു അവരെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു …
എന്താ രുഗ്മിണി എന്തു പറ്റി ?
നിങ്ങൾ എനിക്കു ഈശ്വരനെപ്പോലെയാണ് …. കരച്ചിലിനിടയിൽ കൈകൾ കൂപ്പി അവൾ പറഞ്ഞൂ.
എന്താ രുഗ്മിണി ചൊല്ല്
എന്നെ ഉപേക്ഷിച്ചു കളഞ്ഞ ആ ദുഷ്ടനെ ഞാൻ ഇന്നു കണ്ടു. അതേ സ്ഥലത്തു വെച്ചു ….രുഗ്മിണി തോറ്റിട്ടില്ലെന്നു ഞാൻ അവനെ കാണിച്ചു കൊടുത്തു….നിങ്ങളാണ് അമ്മ എന്നെ പഴയ രുഗ്മിണി ആക്കിയത് …
ആര് ….സുകുവോ ?അവർ ചോദിച്ചു .
അതെ ….തല ഉയർത്തിപ്പിടിച്ചു കൊണ്ട് അല്പം ഗർവോടെ അവൾ പറഞ്ഞു .
അവൻ എന്നെ കാണാൻ വന്നില്ലല്ലോ ?ഗോമതിയമ്മ പറഞ്ഞു .
എന്താ അമ്മ പറഞ്ഞത് …? അമ്മയ്ക്കു അയാളെ അറിയുമോ ?
നീ ഇവിടെ ഇരിക്ക് രുക്കു …എനിക്കു അവനെക്കുറിച്ചു കുറച്ചു കാര്യങ്ങൾ നിന്നോട് പറയാനുണ്ട് …അവർ തന്റെ അടുത്ത് അവളെ പിടിച്ചിരുത്തി .
അമ്മയ്ക്കു എങ്ങനെ അയാളെ അറിയാം ..? അമ്മ എന്തൊക്കെയാണ് ഈ പറയുന്നത്..?
നിന്നോട് ഒരിക്കലും ഇതൊന്നും പറയരുത് എന്ന് അവൻ പറഞ്ഞതാണ് പറഞ്ഞില്ലെങ്കിൽ എന്റെ മനസ്സാക്ഷി എന്നെ വെറുതെ വിടില്ല …അവൻ എന്റെ മകൻ ….എന്റെ ഭർത്താവിന്റെ കുട്ടി…എനിക്കു കുട്ടികൾ ഇല്ലായിരുന്നു .അങ്ങനെ അദ്ദേഹം എന്റെ സമ്മതത്തോടെ ഒരു രണ്ടാം കല്യാണം കഴിച്ചു അതിൽ അദ്ദേഹത്തിന് ഉണ്ടായ മകനാണ് സുകു ….
വിശ്വാസം വരാത്ത പോലേ അവൾ അവരെത്തന്നെ നോക്കിയിരുന്നു …
നീ റിസൾട് കാര്യത്തിൽ നിനക്കാണ് കുഴപ്പം എന്ന് കള്ളം പറഞ്ഞില്ലേ ? അവനത് ആദ്യം വിശ്വസിച്ചു .നിന്നെ ഒരു വാക്കുകൊണ്ട് പോലും അവൻ അന്നൊന്നും വേദനിപ്പിച്ചിട്ടില്ല . പക്ഷേ നീ ഒളിപ്പിച്ചുവെച്ച ആ റിസൾട് അവൻ പിന്നെ എങ്ങനെയോ കണ്ടു.
അന്ന് അവൻ എന്നെ വിളിച്ചിരുന്നു .എന്നെപ്പോലെ ഒരുത്തന്റെ കൂടെ ജീവിച്ചു നാട്ടുകാരുടെയും വീട്ടുകാരുടെയും പഴികേട്ട് എന്റെ രുക്കു തോല്ക്കരുതെന്ന് അവൻ എന്നോട് പറഞ്ഞു .അവൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു .ഞാൻ സഹായിക്കണമെന്നും .. ഞാൻ എതിർത്തു. അവൻ പറഞ്ഞു ഇത് നടന്നില്ലെങ്കിൽ അവൻ ജീവൻ ഒടുക്കി കളയുമെന്ന് …എന്തായാലും അവന്റെ രുക്കു ജയിക്കണമെന്നും പറഞ്ഞു ….
ആ ആൽമരത്തിന് ചുവട്ടിൽ വെച്ച് അവൻ നിന്നെ ഉപേഷിച്ചതല്ല …ആരും അറിയാതെ അവന്റെ രുക്കുവിനെ എന്റെ കൈയിൽ ഏൽപ്പിച്ചു തന്നതാണ് ….
നിന്റെ വിശേഷങ്ങൾ അറിയാൻ ഇടക്കൊക്കെ എന്നെ വിളിക്കാറുണ്ടായിരുന്നു. നിന്നെ മറ്റൊരു വിവാഹത്തിനു ഞാൻ നിർബന്ധിച്ചതും അവൻ കാരണമാണ് .നിന്റെ വിവാഹ ശേഷം അവൻ എന്നെ വിളിച്ചിട്ടില്ല .പിന്നെ അവൻ ഒരു ദേശാടകനായി ….നിന്റെ അമ്മയ്ക്കും ഇതൊക്കെ അറിയാം അവരും മനഃപൂർവം പറയാതിരുന്നതാണ് .രുഗ്മിണിയുടെ കണ്ണുകൾ കണ്ണീരുകൊണ്ട് മൂടി …
അവൾ പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങി..,
നീ എങ്ങോട്ടു പോകുന്നു രുക്കു ..?
രുഗ്മിണി അതിവേഗം റെയിൽവേ സ്റ്റേഷനിലേക്കു നടന്നു .
വഴിയരുകിൽ നിന്നവരിൽ ചിലർ ബഹുമാനപുരസ്ക്കാരം അവൾക്ക് നേരെ കൈകൾ കൂപ്പിയതൊന്നും അപ്പോൾ അവൾ കണ്ടില്ല …
പുറപ്പെടാൻ തയാറായി നിൽക്കുന്ന ട്രെയിന്റെ ഒരോ കംപാർട്മെന്റ്ന്റെ ഉള്ളിലേക്കും അവളുടെ കണ്ണുകൾ പരതി നടന്നു …
ഒരോ ജനലരികിലും അവൾ ആകാംഷയോടെ ഓടി അടുത്തു …
രുക്കു …. വിളികേട്ട് അവൾ തിരിഞ്ഞു നോക്കി .പുറകിലെ കംപാർട്മെന്റിന്റ പടിയിൽ അയാൾ നിന്നിരുന്നു. അവൾ അയാൾക്ക് അരികിലേക്ക് ഓടിയെത്തി.
അയാളുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു കണ്ണീര് മൂടിയ തന്റെ മുഖത്തോടു ചേർത്തു …പതിയെ തീവണ്ടിയുടെ ചക്രങ്ങൾ പാളത്തിൽ ഉരസാൻ തുടങ്ങി…
സുകുവേട്ട …ഉറക്കെ നിലവിളിച്ചുകൊണ്ട് അയാളുടെ കൈകളിൽ അവൾ പിടിച്ചു കൊണ്ട് മുന്നോട്ട് ഓടി..,
എന്റെ രുക്കു കരയരുത് ….ഒരിക്കലും ആ കണ്ണുകൾ നിറയരുത് ….നിറഞ്ഞാൽ സുകുവേട്ടൻ തോറ്റുപോകും …
ന്റെ സുകുവേട്ട നിങ്ങൾ രുഗ്മിണിയെ തോൽപ്പിച്ചു കളഞ്ഞു …സ്നേഹം കൊണ്ട്…ട്രെയിനിന്റെ വേഗത പതിയെ പതിയെ കൂടിവന്നു .അവൾക്ക് അയാൾക്കൊപ്പം ഓടിയെത്താനാവാത്ത വേഗത്തിൽ ട്രെയിൻ മുന്നോട്ട് കുതിച്ചു .അവരുടെ കൈകൾ വേർപെടുമ്പോഴും അയാൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു ഇല്ല …എന്റെ രുഗ്മിണി തോറ്റിട്ടില്ല ….
തന്നെ ജയിപ്പിച്ച ആ മനുഷ്യനെ ഇരുകൈകളും കൂപ്പി കവിഞ്ഞൊഴുകുന്ന കണ്ണുകളുമായി രുഗ്മിണി നോക്കി നിന്നു ….ട്രെയിൻ കണ്ണുകളിൽ നിന്നും മാഞ്ഞു പോകുമ്പോഴും …..ഒരു ചെറുകാറ്റിന്റെ ചിറകിലേറി അയാളുടെ ശബ്ദം അവളെതേടിയെത്തി കതോരമായി പറയുന്നുണ്ടയിരുന്നു ….
എന്റെ രുഗ്മിണി തോറ്റിട്ടില്ല …