കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ കാതിലൂടെ കടന്നു പോയതും അവന്‍ കാറ്റു പോലെ അവള്‍ക്കടുത്തേയ്ക്ക് ഓടി…

സ്വന്തം ~ ദിപി ഡിജു

‘ഡോക്ടര്‍…. ഇനിയും ഇങ്ങനെ എത്ര നാള്‍….??? ഒരു കുഞ്ഞിക്കാല് എന്നതു ഞങ്ങളുടെ സ്വപ്നം തന്നെയാണ്…. പക്ഷെ അതിനു വേണ്ടി അവള്‍ സഹിക്കേണ്ടി വരുന്ന ഈ വേദനകള്‍… കണ്ടു നില്‍ക്കാനാവുന്നില്ല…’

‘സീ… മിസ്റ്റര്‍ മോഹന്‍…. പ്രെഗ്നന്‍സിക്കു വേണ്ടിയുള്ള കൃതൃമ മാര്‍ഗ്ഗങ്ങള്‍ പെയ്ന്‍ഫുള്‍ തന്നെയാണ്… ബട്ട്…’

‘യേസ് മാഡം… ഐ നോ… എന്നാലും ഇന്‍ജെക്ഷന്‍ കഴിഞ്ഞു അവള്‍ അനുഭവിക്കുന്ന വേദനകള്‍ കാണുമ്പോള്‍… ഇതെല്ലാം എന്‍റെ കൈയ്യിലേയ്ക്ക്, എന്‍റെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ഒരു അവകാശിയെ തരാന്‍ വേണ്ടിയാണല്ലോ എന്നു ഓര്‍ക്കുമ്പോള്‍ നെഞ്ചു പിളര്‍ന്നു പോകുവാണ്… ഭാര്യമാരുടെ ശരീരം വേദനിക്കുമ്പോള്‍ പൊടിയുന്നതു സ്നേഹമുള്ള ഭര്‍ത്താക്കന്മാരുടെ നെഞ്ചിലെ ചോരയാണ്…’

‘എന്താണ് മോഹനേട്ടാ ഡോക്ടറുമായി ഒരു ചര്‍ച്ച…??? എന്തേലും പ്രശ്നം ഉണ്ടോ…??? എന്താ ഏട്ടന്‍റെ കണ്ണു കലങ്ങി ഇരിക്കുന്നേ…???’

നേഴ്സിങ്ങ് റൂമില്‍ നിന്നു ഡ്രസ്സ് നേരെയാക്കികൊണ്ട് ഇറങ്ങി വരികയായിരുന്നു പാര്‍വതി. ആധിയോടെ മോഹന്‍റെ മുഖത്തേക്ക് നോക്കി അവനടുത്തുള്ള സീറ്റിലേയ്ക്ക് അവള്‍ ഇരുന്നു.

‘ഒന്നുമില്ല പാര്‍വതി… താന്‍ ഭാഗ്യവതി ആണെന്ന് പറയുവാര്‍ന്നു ഞാന്‍…ഇത്രയും സ്നേഹമുള്ള ഒരു ലൈഫ് പാര്‍ട്ട്ണര്‍നെ കിട്ടിയതില്‍…’

‘ഡോക്ടര്‍ പറഞ്ഞതു ശരിയാ… എന്‍റെ ഭാഗ്യം തന്നെയാ മോഹനേട്ടന്‍… പക്ഷേ… മോഹനേട്ടന്‍റെ ഭാഗ്യക്കേട് ഞാനും… കല്ല്യാണം കഴിഞ്ഞു എട്ടു വര്‍ഷമായിട്ടും ഏട്ടനൊരു കുഞ്ഞിനെ കൊടുക്കാന്‍ എനിക്കാവണില്ലല്ലോ….’

‘ഡോണ്‍ഡ് ബി സില്ലി പാര്‍വതി… ചെറിയ ഒരു പ്രോബ്ളം അല്ലേ നിങ്ങള്‍ക്കുള്ളു…അത് കാര്യമാക്കേണ്ട… ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല…ഇതു വരെ ഉള്ള ടെസ്റ്റ് റിപ്പോര്‍ട്ട്സ് ഒരു ശുഭ പ്രതീക്ഷ നല്‍കുന്നതാണ്….’

‘ഡോക്ടറുടെ ഇങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഒരു ആശ്വാസം ആണ്… പക്ഷെ ഓരോ മാസവും ചുവപ്പു പടര്‍ത്തി ആ പ്രതീക്ഷകള്‍ കടന്നു പോകുമ്പോള്‍ സഹിക്കാനാവുന്നില്ല….’

‘ഹോപ്പ് ഫോര്‍ ദ ബെസ്റ്റ് പാര്‍വതി…’

‘ഓക്കെ ഡോക്ടര്‍… ഞങ്ങള്‍ ഇറങ്ങുന്നു…’

‘മോഹനേട്ടന്‍ എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നേ…??? എന്നോട് ദേഷ്യം തോന്നുന്നുണ്ടോ…???’

വീട്ടിലേയ്ക്ക് തിരിച്ചു ഡ്രൈവ് ചെയ്യുകയായിരുന്നു മോഹന്‍.

‘ദേഷ്യമോ… ഉംം… ദേഷ്യമുണ്ട്… പക്ഷെ അതു നീ വിചാരിക്കുന്ന കാര്യത്തിനല്ല…നീ എന്തിനാ ഡോക്ടറിനോട് അങ്ങനെയൊക്കെ പറഞ്ഞത്…???’

‘ഹോ… അതാണോ…???അതു പിന്നെ സത്യം തന്നെയല്ലേ…??? ഒരു കുഞ്ഞ്….’

‘മതി നിര്‍ത്തിക്കോ… ഇനി ഈ വിഷയം സംസാരിക്കേണ്ട… പത്തു വര്‍ഷം മുന്‍പ് നീ എന്‍റെ കാമുകിയായും പിന്നീട് എന്‍റെ ഭാര്യയായും വന്നപ്പോള്‍ എനിക്ക് നീ ആരായിരുന്നോ, അതു പോലെ തന്നെ ആകുകയുള്ളൂ ഇനി അങ്ങോട്ടും… അതിന് ഒരിക്കലും ഒരു കുഞ്ഞ് ഇല്ലാത്തത് ഒരു പ്രതിബന്ധം ആവില്ല… അതു നീ മനസ്സിലാക്കിക്കോളൂ… ഹാ… അതൊക്കെ വിടു… അടുത്ത ആഴ്ച്ച അല്ലെ ലക്ഷ്മിയുടെ നിശ്ചയം… തലേന്നു തന്നെ പോകണ്ടേ നമുക്ക്…???’

‘ഞാന്‍ വരുന്നില്ല മോഹനേട്ടാ… ചിലരുടെ ഒക്കെ മുള്ളും മുനയും വച്ചുള്ള സംസാരം കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റില്ല…’

‘അതെങ്ങനെയാ ശരിയാവുന്നത്…??? നിന്‍റെ അനിയത്തിയുടെ നിശ്ചയത്തിന് നീ പോയില്ലെങ്കില്‍ എല്ലാവരും എന്നെയും എന്‍റെ വീട്ടുകാരെയുമല്ലെ കുറ്റം പറയൂ…’

‘എന്നാലും മോഹനേട്ടാ…’

‘ഒരെന്നാലുമില്ല…നമ്മള്‍ തലേന്നു തന്നെ പോകുന്നു… അത്ര തന്നെ…’

‘എന്തായി മക്കളെ ഹോസ്പിറ്റലില്‍ പോയിട്ട്…???’

‘എന്താവാന്‍… ഇന്‍ജക്ഷന്‍ എടുത്തു… പോന്നു….ഇതെന്നും ഉള്ളതല്ലേ… മതിയായി അമ്മേ എനിക്ക്….’

‘മോള്‍ വിഷമിക്കേണ്ട… ഞങ്ങളൊക്കെ നിന്‍റെ കൂടെ ഇല്ലേ…. ഹാ പിന്നെ….പാര്‍വതിമോള്‍ ഇന്ന് ജോലിയൊന്നും ചെയ്യണ്ട… മോള്‍ക്ക് വേദന കാണുമെന്നു അമ്മയ്ക്ക് അറിയാം…’

‘അതു സാരമില്ല അമ്മേ….’

‘ഞാന്‍ പറയുന്നതങ്ങോടു കേട്ടാല്‍ മതി… പോയി കിടക്ക്… ടാ മോഹന്‍… മോളെ വിളിച്ചോണ്ടു പോയേടാ…’

‘എനിക്ക് ഇതെല്ലാം കാണുമ്പോള്‍ സങ്കടം ഇരട്ടിക്കുവാ ഏട്ടാ… നിങ്ങള്‍ടെ സ്നേഹത്തിനു പകരമായി…’

മുഴുമിക്കാന്‍ സമ്മതിക്കാതെ അവന്‍ അവളുടെ ചുണ്ടുകളില്‍ വിരല്‍ ചേര്‍ത്തു അവളെ തോളില്‍ പിടിച്ചു മുറിയിലേക്ക് നടത്തി.

‘അവള്‍ കിടന്നോടാ മോനേ…??? അമ്മ അവള്‍ക്കു ഇഷ്ടപ്പെട്ട ചക്ക അട ഉണ്ടാക്കുവാര്‍ന്നു…’

‘കിടന്നു അമ്മേ… ഇന്നും കുറെ കരഞ്ഞു… അവള്‍ ചെറിയ ഡിപ്രഷനില്‍ ആണെന്നാ ഡോക്ടര്‍ പറഞ്ഞേ… നമ്മള്‍ വേണം അവളെ അതില്‍ നിന്നു പുറത്തു കൊണ്ടു വരാന്‍ എന്നു… പക്ഷെ കുഞ്ഞ് ഇല്ലാത്തതിനേക്കാള്‍ അവളുടെ ഈ അവസ്ഥ ആണ് എന്നെ കൂടുതല്‍ തളര്‍ത്തുന്നത്….’

‘മോളോട് ആവശ്യമില്ലാതെ വിഷമിക്കേണ്ട എന്നു നീ പറയൂ… കുഞ്ഞുങ്ങള്‍ ദൈവം തീരുമാനിക്കുന്ന സമയത്തെ ഉണ്ടാകൂ… അതില്‍ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല…’

‘അവളെ ആശ്വസിപ്പിക്കാന്‍ ഞാനുണ്ട്… നമ്മളുണ്ട്… പക്ഷെ എന്നെ ആശ്വസിപ്പിക്കാന്‍….???’

‘മോനെ കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതില്‍ നിനക്ക് അവളോട് എന്തെങ്കിലും…’

‘ഒരിക്കലും ഇല്ല അമ്മെ… എനിക്ക് അവളുടെ ഈ വേദനകള്‍ താങ്ങാന്‍ പറ്റുന്നില്ല അമ്മെ… എല്ലാവരും കുഞ്ഞുങ്ങള്‍ ഇല്ലാത്തതില്‍ പൊതുവെ പെണ്ണുങ്ങളെ കുറ്റം പറയും… അതു കേള്‍ക്കുമ്പോള്‍ അവരേക്കാളധികം അവരെ സ്നേഹിക്കുന്ന ഭര്‍ത്താക്കന്മാരുടെ മനസ്സു വിങ്ങുന്നത് പലപ്പോഴും ആരും കാണാറില്ല അല്ലെ അമ്മേ… കുഞ്ഞുങ്ങള്‍ ഉണ്ടായാലും ഇല്ലേലും എനിക്ക് നമ്മുടെ പഴയ പാറൂനെ തിരിച്ചു കിട്ടിയാല്‍ മതിയായിരുന്നു… എന്‍റെ കിലുക്കാംപെട്ടിയെ…’

‘എല്ലാം മുകളിലിരുന്നൊരാള്‍ കാണുന്നുണ്ടെടാ… നീ വിഷമിക്കേണ്ട നമ്മുടെ പ്രാര്‍ത്ഥന സഫലമാകും…’

‘പാര്‍വതിയെ…. എന്താടി പെണ്ണെ… നിനക്ക് ഇതുവരെ വിശേഷം ഒന്നുമായില്ലേടി…??? നിന്‍റെ നാത്തൂനു ഇപ്പോള്‍ രണ്ടെണ്ണം ആയി അല്ല്യോ… ഹാ…ചിലതുങ്ങടെ ജന്മം ഇങ്ങനെയാ… മച്ചിയായി അങ്ങ് തീരും…’

നിശ്ചയത്തിനു വന്ന നാരായണിതള്ളയുടെ വാക്കുകള്‍ കേട്ട് നിറഞ്ഞു വന്ന കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ അവള്‍ മുഖം കുനിച്ചു പിന്തിരിഞ്ഞു നടന്നതും ആരെയോ തട്ടി നിന്നതും ഒരുമിച്ചായിരുന്നു.

കണ്ണുകളില്‍ അഗ്നിയുമായി നാരായണിത്തള്ളയെ നോക്കി നില്‍ക്കുന്ന മോഹനെ നോക്കി അവള്‍ അരുതെന്നു തലയാട്ടി.

അവളെ വകഞ്ഞു മാറ്റി അവന്‍ അവര്‍ക്കു നേരെ നീങ്ങി.

‘എന്താ നിങ്ങള്‍ക്ക് അറിയേണ്ടത്…???’

‘അല്ല അതു പിന്നെ…’

‘എന്‍റെ ഭാര്യ പ്രസവിച്ചിട്ടില്ലെങ്കില്‍ അതില്‍ എനിക്കില്ലാത്ത സങ്കടം നിങ്ങള്‍ക്ക് വേണ്ട മനസ്സിലായോ തള്ളേ… ഇനി മേലാല്‍ മറ്റുള്ളവരുടെ സങ്കടം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ നിങ്ങടെ പുളിച്ച നാവ് ചലിച്ചാല്‍ പ്രായമൊന്നും ഞാന്‍ നോക്കില്ല കേട്ടോ… പാഷാണതള്ളേ…’

വീണ്ടും അവര്‍ക്കരികിലേയ്ക്ക് നീങ്ങുന്ന മോഹനെ ഒരു വിധം പാര്‍വതി വലിച്ചു കൊണ്ടു പോയി മുറിയിലേക്ക് കയറ്റി.

‘ഞാന്‍ പറഞ്ഞതല്ലെ മോഹനേട്ടാ ഞാന്‍ വരുന്നില്ലെന്നു…’

അവളുടെ തുളുമ്പുന്ന കണ്ണുകള്‍ തുടച്ചു നീക്കി അവന്‍ അവളെ മാറോടണച്ചു.

‘നീ എന്തിനാടി പെണ്ണെ അങ്ങനെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ പോകുന്നേ… ആര് എന്തു പറഞ്ഞാലും കൂസാത്ത എന്‍റെ പഴയ പാറൂട്ടി എവിടെ പോയി…??? ആ പാര്‍വതിയെ എനിക്ക് തിരിച്ചു വേണം… കുഞ്ഞുങ്ങള്‍ ഇല്ലാത്ത ആരും ഈ ഭൂമിയില്‍ ജീവിക്കുന്നില്ലേടീ…??? ഇനി നമുക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായില്ലെങ്കില്‍ തന്നെ നിന്നെ ഞാന്‍ ഒരിക്കലും ഉപേക്ഷിച്ചു പോവുകയൊന്നും ഇല്ല… നിനക്ക് ഞാനും… എനിക്ക് നീയും… അത് പോരേടീ…???’

വാക്കുകള്‍ മുഴുവനാക്കുന്നതിനുമുന്‍പ് അവന്‍റെ കൈകളിലേയ്ക്ക് അവള്‍ കുഴഞ്ഞു വീണു. അവളെ കൈകളില്‍ കോരിയെടുത്ത് അവന്‍ കാറില്‍ ഇരുത്തി.

‘എന്താ എന്‍റെ കുഞ്ഞിനു പറ്റിയേ….???’

അമ്മയുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ അവന്‍ അവളുമായി ആശുപത്രിയിലേക്ക് കുതിച്ചു.

മോഹന്‍ കാഷ്വാലിറ്റിയുടെ മുന്‍പില്‍ അക്ഷമനായി നിന്നു. ഡോക്ടര്‍ പുറത്തേക്കിറങ്ങി വന്നതും അവന്‍ കണ്ണു തുടച്ചു കൊണ്ട് അങ്ങോട്ടു ചെന്നു.

‘കണ്‍ഗ്രാജുലേഷന്‍സ് മോഹന്‍… നമ്മുടെ പ്രയത്നവും പ്രാര്‍ത്ഥനയും വെറുതെ ആയില്ല… പാര്‍വതി പ്രഗ്നന്‍റ് ആണ്… ബട്ട് സൂക്ഷിക്കണം… കംപ്ളീറ്റ് റെസ്റ്റ് ആവശ്യമാണ്… ഒരു പാടു ടെന്‍സ്ഡ് ആയി എന്നു തോന്നുന്നു… ബി പി വേരിയേഷന്‍ വന്നതാ… നൗ ഷീ ഇസ് പര്‍ഫക്റ്റ്ലി ഓള്‍ റൈറ്റ്… ഒരു ഡ്രിപ്പ് ഇട്ടിട്ടുണ്ട്… കയറി കണ്ടോളൂ’

കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ കാതിലൂടെ കടന്നു പോയതും അവന്‍ കാറ്റു പോലെ അവള്‍ക്കടുത്തേയ്ക്ക് ഓടി. ചെറു നാണത്തോടെ അവനെ നോക്കി കിടക്കുന്ന അവളെ അവന്‍ വാരി പുണര്‍ന്നു.

‘സന്തോഷായില്ലെ മോഹനേട്ടാ…’

അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു കൊണ്ട് അവന്‍ അവളുടെ മുഖം കൈകളില്‍ കോരിയെടുത്തു.

‘നിന്‍റെ സന്തോഷം അല്ലേടി എന്നും എന്‍റെ സന്തോഷം…’