കാറ്റിന്റെ കൂടെ ബസിലെ സിനിമ പാട്ടിനൊപ്പം അകന്നുപോയതു ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടികാലമാണ്…..

രചന: സുമയ്യ ബീഗം TA

ആരവങ്ങളൊക്കെ ഒടുങ്ങി, മാനത്തെ താരങ്ങളോടൊപ്പം ഭൂമിയിലെ താരങ്ങളും മാഞ്ഞു. എങ്ങും മുഴങ്ങിയിരുന്ന തിരുപ്പിറവി ഗാനങ്ങളും എങ്ങോ പോയൊളിച്ചു….

സുമികൊച്ചു മുഷിഞ്ഞ കുട്ടിയുടുപ്പിന്റെ അറ്റവും ചവച്ചു കാപ്പിയിലകൾക്കിടയിൽ തുടുത്തുനിക്കുന്ന കാപ്പികുരുവൊന്നു പൊട്ടിച്ചെടുത്തു….. വായിലിട്ടു ചവക്കവേ ആ ചവർപ്പിനുള്ളിലെ ഇളം മധുരം വീണ്ടും ഒന്ന് രണ്ടെണ്ണം കൂടി പറിച്ചെടുക്കാൻ പ്രേരിപ്പിച്ചു..

സുമിയെ … ആ നീ ഇവിടെ അന്തിച്ചുനിക്കുവാണോ. എന്നാ കുരുത്തക്കേടാ കൊച്ചേ നീ, എന്തൊന്നിനാ ആ കാപ്പിക്കുരു ഒക്കെ പറിച്ചുകളയുന്നെ…

ഒന്നും മിണ്ടാതെ അടുത്ത തൊടിയിലോട്ടു ചാടി.. കുരുമുളക് വള്ളിനിറയെ കുരുമുളക് പഴുത്തുകിടപ്പുണ്ട് കാണാൻ നല്ല ശേല്. വേണ്ട പറിക്കുന്നില്ല കടിച്ച എരിക്കും… എന്നാലും ഒന്ന് തൊട്ടു തലോടി…

ആഹാ ആറ്റിലൊരു പൊന്മാൻ. ഈ തൊടിയുടെ താഴെ പാറക്കല്ലുകളും മീനുകളും നിറഞ്ഞ ആറു ആണ്. പൊന്മാൻ മീൻപിടിക്കുന്നതും നോക്കി കാപ്പിച്ചോട്ടിലെ ഉരുളൻ കല്ലിൽ കേറിയിരുന്നു. പതിവ് ഇരുപ്പിടമാണ്…

വെള്ളമൊഴുകുന്ന സ്വരവും ദൂരെ കോലാഹലമേടിന്റെ വരച്ചുവെച്ചപോലത്തെ ദൃശ്യഭംഗിയും ആസ്വദിച്ചങ്ങനെ ഇരിക്കെ എല്ലാം നശിപ്പിച്ചു ദാണ്ടെ വരുന്നു പെൺപട…

ആ ഹാ കൊച്ച് എപ്പോൾ വന്നു ?കോട്ടയം കാരി അല്ലെ ?ലൈലടെ മൂത്തമോളല്ലേ അതെ മുഖം ?

ആരാ രമണി ഈ കൊച്ച്.

നമ്മുടെ സിസ്റ്ററിന്റെ മൂത്തമോളുടെ കൊച്ചാ കോട്ടയത്ത്‌ കെട്ടിച്ച ലൈലടെ..

ഈ കൊച്ചങ്ങു കോലം കെട്ടല്ലോ കുഞ്ഞിലേ എങ്ങനെ ഇരുന്നതാ… അല്ലേ രമണിയെ…

പണ്ടാരം ഉള്ള സമാദാനം കളയാനായിട് പെൺപട ഇറങ്ങിയേക്കുവാ ഇവർക്ക് കുളിക്കാൻ കണ്ട സമയം… ഓരോന്ന് പിറുപിറുത്തു അടുക്കള വാതിലിൽ ചെന്നപ്പോൾ ചക്ക രണ്ടെണ്ണം മുറിച്ചുവെച്ചിട്ടുണ്ട്…

ഇന്ന് രാവിലെ ചക്കപുഴുക്കാണ് വേണ്ടാന്ന് പറഞ്ഞാലും തിന്നേണ്ടി വരും വേറൊന്നും കാണില്ല.. ഒരുപാത്രം നിറച്ചു ചക്കപ്പുഴുക്കും അതിന്റെ ഇരട്ടി പോത്തു കറിയും ഒഴിച്ചു അമ്മച്ചിയുടെയും അനിയത്തിമാരുടെയും തീറ്റ ഒന്ന് കാണേണ്ടത് തന്നെ……

മുറ്റത്തെ നന്ത്യാർവട്ടം നിറച്ചും പൂവിട്ടിട്ടുണ്ട്. അതിന്റെ തൊട്ടടുത്തുള്ള ചെത്തിയിൽ ഇത്തിരികുരുവി ഒത്തിരി പാറി തേനുണ്ണുന്നു. ആ പൂവ് രണ്ടെണ്ണമിറക്കാൻ തുടങ്ങിയതേ ഉള്ളൂ വിളി വന്നു.. ടി പെണ്ണെ ചുമ്മാ നടക്കാതെ മുറ്റം തൂത്തിടാൻ…

മനസില്ലാമനസോടെ ചൂലെടുത്തു മുറ്റത്തിന് നോവാതെ മെല്ലെ തലോടി കഴിഞ്ഞപ്പോൾ കാപ്പികുടിക്കാൻ ടൈം ആയി എനിക്ക് വേണ്ട ചക്ക. കുറച്ചു പഴങ്കഞ്ഞി എടുത്തു മോരും കാന്താരി മുളകുമിട്ടു ഉറിയിൽ കെട്ടിത്തൂക്കിയ ചീനിച്ചട്ടിയിൽ നിന്നും ഒരു ഉണക്ക ഏട്ട കഷ്ണം വറുത്തതും കൂട്ടി ഒരു പിടിപിടിച്ചു…..

കഴിപ്പുകഴിഞ്ഞു കൈകഴുകി കയ്യാലയിൽ കയറി ഇരുന്നു ബാലരമ വായിക്കുമ്പോൾ ഒറ്റ തള്ള്. അനിയന്മാരാ സ്വന്തവും ചിന്നമ്മാടെ മക്കളും ഉണ്ട്. എല്ലാം ആൺപിള്ളേരാ പെണ്ണ് ഞാനേ ഉള്ളൂ..

ടി പാണ്ടിക്കാരി വാ കുളിക്കാം ആറ്റിൽ പോവാം..അപ്പൊ ഒരു ഉഷാറുതോന്നി തോർത്തും ലൈഫ് ബോയ് സോപ്പ്‌മെടുത്തു ബെറ്റികോട്ടുമിട്ടു തലക്കൽ ചാടി..

ആറ്റിലെ വെള്ളത്തിൽ അങ്ങ് മുങ്ങികിടന്നപ്പോ എന്താ ഒരു സുഖം. ഇടയ്ക്കു അഞ്ചാറ് മീനിനെയും തോർത്ത്‌ വെച്ചു പിടിച്ചു കുപ്പിയിലാക്കി അമ്മച്ചിയെ കാണിച്ചപ്പോൾ പറയുവാ മീനല്ല വാലുമാക്രി ആണെന്ന്. ഛെ കുപ്പി എടുത്തു ഒരേറു കൊടുത്തു വീണ്ടും ആറ്റിലേക്ക്..

പാറയുടെ മോളിൽ കേറി താഴോട്ടു ചാടാൻ ആഞ്ഞതേ ഉള്ളൂ വീണുകഴിഞ്ഞു കുരങ്ങന്മാർ പുറകിന്നു തള്ളിയിട്ടതാ.. അരമണിക്കൂർ കഴിഞ്ഞും കാണാത്തതുകൊണ്ട് അമ്മച്ചിയുടെ ഇളയ അനിയത്തി വടിയുമായി കയ്യാലക്കപ്പുറം തൊടിയിൽ നിന്നു.ശോ കേറിപ്പോകാൻ മനസുവരുന്നില്ല എങ്കിലും കേറി ഇല്ലേൽ ഒരു മനഃസാക്ഷിയുമില്ലാതെ ചാമ്പും..

ചക്കക്കുരു തോരൻ ചക്കക്കുരു മാങ്ങ കറി പാട വറുത്തത് എല്ലാം കൂട്ടി ഒരു ഉച്ചയൂണ്. പടച്ചോനെ ഇതിനുമാത്രം ചക്കക്കുരു എവിടുന്നാണോ ?പറമ്പിൽ നെഞ്ചും വിരിച്ചു നിക്കുകല്ലേ പലവലുപ്പത്തിൽ തരത്തിൽ…

ഒരു ഉച്ചമയക്കം കഴിഞ്ഞപ്പോൾ നാലുമണിയായി പിന്നെ ചക്ക വറുത്തതും ചായയും. നല്ല വെളിച്ചെണ്ണയിൽ വറുത്തു നല്ലപോലെ പൊള്ളിയ ചക്ക വറുത്തത് അതി രുചികരം. പിന്നെ രണ്ടു കൊപ്രയും ഇത്തിരി ചക്കരയും ഒരു കഷ്ണം കേക്കും.. വയറു നിറഞ്ഞു..

പിന്നെ അമ്മച്ചിമാരുടെ കൂടെ അയലോക്ക സന്ദർശനം പണ്ട് കൂടെപഠിച്ച കൂട്ടുകാരി, വിറകു പെറുക്കാൻ സഹായിക്കുന്ന കൂട്ടുകാരൻ, കഥ പറഞ്ഞുകൊടുത്ത നാണിത്തള്ള,തൊട്ടടുത്തു താമസിച്ചിരുന്ന ത്രേസ്സ്യ ചേടത്തി ഇങ്ങനെ എല്ലാരേയുംകണ്ട്‌ കിന്നാരം പറഞ്ഞു തിരിച്ചുവരുമ്പോ മൂവന്തി..

പ്രാർഥനകൾ കഴിഞ്ഞു അമ്മമാർ അടുക്കളയിലോട്ടും ഞാൻ അവന്മാരുടെ കൂടെ മുറ്റത്തു പാരിജാതം പൂത്തതും നോക്കി വെറുതെ ഇരിക്കും..

അമ്മേടെ രണ്ടാമത്തെ അനിയത്തി അപ്പോൾ പോത്തിന്റെ പതപ്പ കുരുമുളകിട്ടു വെളിച്ചെണ്ണയിൽ ഇരുമ്പുചീനിച്ചട്ടിയിൽ വറുത്തെടുക്കും.. ഞങ്ങൾ എടുത്തു കൊണ്ടുവരുന്ന കാപ്പിയിലയിൽ ചൂടോടെ ഇതുവിളമ്പി എല്ലാരും കൂടി ഒരു കഴിപ്പുണ്ട്. ആ രുചിയൊന്നും ഒരിക്കലും നാവിൽ നിന്നും പോവില്ല.

നേരത്തെ ഇരുട്ടുവീഴുന്ന മലയടിവാരത്തിലെ ഈ ഗ്രാമത്തിൽ അന്നേരം കോഴിയെ തേടി കുറുക്കൻ ഇറങ്ങി തുടങ്ങും. കുറ്റാകൂരിരുട്ടിൽ തിളങ്ങുന്ന ആ കണ്ണുകൾ എത്ര വട്ടം കണ്ടിരിക്കുന്നു. ടോർച്ചും വടിയുമെടുത്തു വല്യച്ഛൻ അവയെ ഓടിക്കുമ്പോൾ നിലത്തു പായയിൽ പുതപ്പു വലിച്ചു തലയിലിട്ടു ഞാൻ ഉറക്കം പിടിക്കും…

നേരം വെളുക്കുമ്പോൾ എട്ടുമണി എങ്കിലും ആവും അത്രയ്ക്ക് മഞ്ഞാണ്. നല്ല ചൂട് കട്ടൻ ഊതികുടിച്ചു വാതിൽപ്പടിയിൽ ചാരിയിരിക്കുമ്പോൾ അമ്മച്ചി പറയും പോയി ഒരുങ്ങിക്കോ നമ്മളിന്ന് പോകുവാ എന്ന്.. അശേഷം ഇഷ്ടമില്ലാതെ മടിച്ചുമടിച്ചൊരുങ്ങി പെട്ടിയും കെട്ടുമായി വണ്ടിക്കു കാത്തുനികുമ്പോ വല്യമ്മക്കു രണ്ടുമ്മ കൊടുത്തു യാത്രപറയും.. അന്നേരം കയ്യിൽ വെച്ചുതരുന്ന നോട്ടുകൾ എക്കാലത്തെയും വിലമതിക്കാനാവാത്ത സമ്പത്തായിരുന്നു….

ബസിന്റെ സൈഡ് സീറ്റിൽ മഞ്ഞിനോടും മലയോടും ആറിനോടും യാത്ര പറഞ്ഞു കാറ്റിന്റെ കൂടെ ബസിലെ സിനിമ പാട്ടിനൊപ്പം അകന്നുപോയതു ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടികാലമാണ്…..