ഇരുപത്തിനാലു മണിക്കൂർ പോരാ ഒരുദിവസത്തിനെന്ന മട്ടിൽ തിരക്കിലാകുന്ന ഇക്കയുടെ ജീവിതം മുന്നോട്ടു ഒരുകുറവുമില്ലാതെ…

പ്രണയം

രചന: സുമയ്യ ബീഗം TA

എപ്പോളും തിരക്കായിരുന്നു ചെയ്തു തീർത്താൽ തീരാത്ത ജോലികളുമായി പകൽ ഒടുങ്ങുമ്പോൾ ഉറങ്ങാൻ സമയം തികയാത്ത രാത്രികൾ.പിന്നെ ഒന്നും ചെയ്യാനില്ലാതെ ഒന്നിനും കൊള്ളാത്ത ഒരു പാഴ്‍ശരീരമായി തണുത്തുറഞ്ഞു കിടക്കുമ്പോൾ ആ ദിവസങ്ങളെ വല്ലാതെ കൊതിച്ചുപോയി ഇനി ഒരിക്കലും അങ്ങനൊരു തിരക്കോ ആലസ്യമോ തനിക്കില്ലെന്ന യാഥാർഥ്യം ചുട്ടുപൊള്ളിച്ചു.

പൊട്ടിച്ചിരിക്കുന്ന പകലുകൾ, കാറ്റുകൊണ്ടിരുന്ന കടലോരങ്ങൾ, ആടിത്തിമിർത്ത വിശേഷദിവസങ്ങൾ, പ്രണയമൊഴുകി മത്തുപിടിപ്പിച്ച ഒന്നുചേരലുകൾ എല്ലാം മാഞ്ഞുപോയി പിന്നെ കൂട്ടുണ്ടായിരുന്നത് കനത്ത ഇരുട്ടിനേക്കാൾ പേടിപ്പെടുത്തുന്ന ഏകാന്തത.

ഇതിലും ഭേദം മരിച്ചുപോകുന്നതായിരുന്നു ഇതിപ്പോ ഇതിനെ ആര് നോക്കും റബ്ബേ എന്ന പ്രായം ചെന്ന ആമിന ആമിന ഉമ്മയുടെ വിലാപം കാതുകളിൽ പതിഞ്ഞപ്പോൾ ഈ ലോകം മൊത്തം ആഗ്രഹിക്കുന്നത് അതുമാത്രമെന്ന സത്യം മനസിനെ മഞ്ഞുമലയാക്കി തണുത്തു തണുത്തു ഉറഞ്ഞു കൂടിയ ഒരു ഹിമശില.

ഇരുപത്തിനാലു മണിക്കൂർ പോരാ ഒരുദിവസത്തിനെന്ന മട്ടിൽ തിരക്കിലാകുന്ന ഇക്കയുടെ ജീവിതം മുന്നോട്ടു ഒരുകുറവുമില്ലാതെ കൊണ്ടുപോയ എന്റെ വീഴ്ച അദ്ദേഹത്തിനും മടുത്തെന്നു തോന്നി.ആ സാമിപ്യം കൊതിച്ചു ദിവസങ്ങളോളം കാത്തിരുന്നിട്ടും അരികിൽ ഒന്നിരിക്കാൻ പോലും ഇക്കാ ഇപ്പോൾ മനസുകാണിക്കാത്തതു വേദനിപ്പിക്കുകയല്ല ചിന്തിപ്പിക്കുകയായിരുന്നു കഴുത്തിൽ കെട്ടുന്ന ചരടിന്റെ മൂല്യത്തെപ്പറ്റി.

കിടന്നകിടപ്പിൽ മലമൂത്ര വിസർജ്യം നടത്തുന്ന പാതി മെയ്യെ അറപ്പോടെ കണ്ട കാന്തന്റെ കണ്ണുകളെ കുറ്റപ്പെടുത്താമോ അല്ലേലും ഇക്കാക്ക് എല്ലാം അറപ്പായിരുന്നു നേരത്തെയും.അപ്പിയിട്ടാൽ കുഞ്ഞിനെ പോലും തിരിഞ്ഞുനോക്കത്തൊരാൾ എന്റെ മാലിന്യങ്ങളെ തുടച്ചു മാറ്റുന്നതെങ്ങനെ ?

കുറച്ചു ദിവസം കൂടെ നിർത്തി നോക്കിയ പെറ്റുമ്മക്കും മരുമകളുടെ അനിഷ്ടം വിലങ്ങുതടിയായപ്പോൾ ഞാൻ തന്നെ ഒരു തീരുമാനത്തിലെത്തുകയായിരുന്നു. ചികില്സിക്കുന്ന ഡോക്ടർ ഒരു സ്ത്രീയായതുകൊണ്ടു എന്റെ മനോവ്യാപാരങ്ങൾ കണ്ണാടിയിൽ എന്നപോലെ കണ്ടു എനിക്ക് തുണയായി നിന്നു.

വ്യക്തമല്ലാത്ത ശബ്ദങ്ങളാൽ കലഹിച്ചും മരുന്നും കഴിക്കാതെ പ്രതിഷേധിച്ചും ഞാനും ഡോക്ടറും കൂടി എല്ലാവരെയും കൊണ്ടു സമ്മതിപ്പിക്കുകയായിരുന്നു ഇങ്ങോട്ടുള്ള വരവ്.

ഈ ശരണാലയത്തിൽ വെച്ചാണ് ഞാൻ വീണ്ടും എബിയെ കാണുന്നത്. കൗൺസിലറുടെ രൂപത്തിൽ വന്ന ബുൾഗാൻ വെച്ച ചെറുപ്പക്കാരൻ ചിരിച്ചപ്പോൾ തെല്ല് അതിശയത്തോടെ ഞാൻ കണ്ടു പ്ലസ് ടു ക്ലാസ്സിലെ സഹപാഠിയെ.എബി എന്ന് പതിയെ വിളിച്ചപ്പോൾ സത്യത്തിൽ എബി ഞെട്ടിപ്പോയി.ആ കോലത്തിൽ പ്രകാശം നഷ്ടപെട്ട കണ്ണുകൾ കരയാൻ മറന്നപ്പോൾ എബിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

വല്ലപ്പോഴും ഇക്ക കാണാൻ വരുമ്പോൾ മുടങ്ങാതെ പൈസ അധികാരികൾക്ക് കൈമാറുമ്പോൾ എനിക്കൊന്നിനും കുറവുണ്ടായിരുന്നില്ല.ഭംഗിയും വൃത്തിയുമില്ലാത്ത ഉമ്മയെ തൊടാനോ കാണാനോ മകൻ ഇഷ്ടപ്പെടുന്നില്ല എന്നത് തിരിച്ചറിവായിരുന്നു ലോകത്തു ഒറ്റപെട്ടവളുടെ നഷ്ടപെട്ടവളുടെ.

അവിടുന്നെല്ലാം കൈപിടിച്ച് കയറ്റിയത് എബിയാണ്.നന്നായി കറുത്ത് തീരെ ഉയരമില്ലാത്ത കാണാൻ പ്രത്യേകിച്ച് യാതൊരു ആകർഷണീയതയും ഇല്ലാത്തോരാള് അന്നുതൊട്ട് പ്രകാശമാവുകയാരുന്നു.പ്രപഞ്ചത്തെ മൊത്തം ഉണർത്താൻ തരത്തിലൊരു ഊർജം ആ വാക്കുകളിൽ നിറഞ്ഞപ്പോൾ എന്റെ മരവിച്ച ശരീരത്തിലൊരു ജീവന്റെ ചൂട്.

ഇടക്കെപ്പോഴോ ഇക്കാ കാണാൻ വരവ് നിർത്തിയിരുന്നു അടുത്ത നിക്കാഹിനു വേണ്ടി വിവാഹബന്ധം വേർപെടുത്തി കൊടുക്കാൻ തയാറാണോ എന്ന സഹോദരന്റെ ചോദ്യത്തിൽ അങ്ങനെ സംഭവിച്ചാൽ നിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നൊരു ധ്വനി.മനസിലായി എല്ലാം എങ്കിലും നിലവിളിച്ചില്ല കാരണം കരഞ്ഞാലും കാണാൻ ആരുമില്ലെങ്കിൽ പിന്നെന്തിനു കണ്ണീർ പൊഴിക്കണം.

സിസ്റ്ററോട് ചോദിച്ചു പിറന്നാൾ ദിവസം നോക്കിവെച്ചു അന്ന് എബി എന്റെ പ്രിയപ്പെട്ട പിങ്ക് നിറത്തിൽ കുറെ പൂക്കൾ സമ്മാനിച്ചു.അതുപോലെ അപ്പൂപ്പൻതാടികളുമായി വന്നു റൂമിൽ പറത്തി പൊട്ടിചിരിപ്പിച്ചു പഴയ പാട്ടുകൾ കവിതകൾ ഫോണിൽ കേൾപ്പിച്ചു.

പതിയെ പതിയെ കൈകൾ ചലിപ്പിച്ചു ആരെങ്കിലും സഹായിച്ചാൽ എഴുന്നേറ്റിരിക്കാം എന്നായി വീൽ ചെയറിൽ പൂന്തോട്ടങ്ങൾക്കു നടുക്ക് കൊണ്ടിരുത്തി നീലാകാശവും പറവകളെയും കാണിച്ചു വീണ്ടും പറക്കാൻ കൊതിപ്പിച്ചു.

ഇപ്പോൾ ഏന്തിയാണെങ്കിലും നടക്കാം.എബി ഇപ്പോളും ഇവിടെ വരാറുണ്ട് മൂന്നു നാലു കൊല്ലം കൊണ്ടു ഞങ്ങൾ തമ്മിൽ ഒത്തിരി അടുത്തു.എങ്കിലും ഒരു സ്പർശം കൊണ്ടു പോലും എന്നെ വേറൊരു തരത്തിൽ കാണാത്ത എബിയെ ഞാൻ ആരാധിക്കാൻ തുടങ്ങി, എപ്പോളൊക്കേയൊ അതിനൊരു പ്രണയ ചായ്‌വും.

പലപ്പോഴും എബിയുടെ കണ്ണുകളുമായി ഇടഞ്ഞ എന്റെ കണ്ണുകളിൽ പരിഭ്രമം, അറിയാതെ ആ വിരൽത്തുമ്പു തൊടുമ്പോൾ നെഞ്ചിലൊരു പെടപ്പ്.ഇതെല്ലാം എബിക്കറിയുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ലാരുന്നു എന്തിഷ്ടമാണ് എബിയെ എന്നിലേക്ക്‌ അടുപ്പിക്കുന്നതെന്നു..

കുറച്ചുനാളുകളായി നാട്ടിൽ പോയിട്ട് അമ്മയെ കാണണം ഒരു കാര്യം സംസാരിക്കാനുണ്ട് എന്നുപറഞ്ഞപ്പോൾ അസ്തമിച്ച മനസ്സിൽ വീണ്ടുമൊരു തിര ഇളക്കം.അഞ്ചാറ് ദിവസങ്ങൾക്കു ശേഷം ഇന്ന് എബി വന്നപ്പോൾ വെമ്പുന്ന മനസോടെ ചെന്നപ്പോൾ കണ്ടത് എബിയുടെ കൂടെ ഇക്കയെയാണ്.

എബി കാണാൻ പോയത് ഇക്കയെ ആയിരുന്നു. എല്ലാം പറഞ്ഞു അയാളുടെ മനസ്സുമാറ്റി കൊണ്ടുവന്നതാണ്.ഇതായിരുന്നു എബി ഇന്നലെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞ സർപ്രൈസ്.വർഷങ്ങൾക്കു ശേഷം നല്ല ഡ്രെസ്സിൽ തെളിഞ്ഞ മുഖത്തോടെ എന്നെ കണ്ടപ്പോൾ ഇക്കയ്ക്കും സന്തോഷം.നാളെ എല്ലാരോടും പറഞ്ഞു സമ്മതം വാങ്ങി കൂട്ടിക്കൊണ്ടുപോകാൻ ഇക്ക വരും.അയാളുടെ കണ്ണിൽ ആനന്ദാശ്രുവുമോ നിർവൃതിയോ കുറ്റബോധമോ ഇല്ല മറിച്ചു കളഞ്ഞുപോയ വസ്തു കേടുപാടില്ലാതെ തിരിച്ചു കിട്ടിയ ഉടമസ്ഥന്റെ സന്തോഷം

ഇല്ല എബി ഞാൻ പോകില്ല. ബാഹ്യമായ വസ്തുതകളിൽ പുറംമോടികളിൽ തേച്ചുപിടിപ്പിച്ച ജീവിതത്തിന്റെ നിസാരത, നശ്വര അനുഭൂതികളിൽ ഒതുങ്ങുന്ന വികാരങ്ങൾ എല്ലാം മടുത്തു ആവർത്തന വിരസതയുള്ള ജീവിതമെന്ന അയാളോടൊപ്പമുള്ള കോമാളിത്തരം എനിക്ക് വയ്യ.ഒരിക്കലും എബി കുറ്റക്കാരനല്ല മറ്റൊരാളോടൊപ്പം ജീവിച്ചു, അയാളുടെ കാമത്തിൽ പുഷ്പിച്ച ഈ പൂവിനെ ചൂടാൻ നീ ആഗ്രഹിക്കുന്നില്ല.അതാണ് ശെരി എല്ലാ ഭാവുകങ്ങളും…..

ആയാസപ്പെട്ട് മുകളിലെ നിലയിലെത്തി താഴേക്കു ചാടുമ്പോൾ ഭാരം നഷ്ടപെട്ടു ഒരു അപ്പൂപ്പന്താടിപോലെ അവൾ ഒഴുകി……

ആരും കാണാതെ സിസ്റ്റർ തനിക്കായി അവളേല്പിച്ച കത്ത് വായിച്ചതിനു ശേഷം ആരോടെന്നില്ലാതെ എബി പുലമ്പി. ഞാനാണ് നിന്നെ ആകാശത്തോളം ഉയർത്തി അഗാധ ഗർത്തത്തിലേക്ക് തള്ളിയിട്ടത്.അറിയുമോ പെണ്ണെ പ്രാണനായിരുന്നു നീ എനിക്ക് മൈലാഞ്ചി ചോപ്പുള്ള കൈകളെ തട്ടത്തിലൊപ്പിച്ച നുണകുഴികളെ സ്വന്തമാക്കാൻ അന്നും ഇന്നും ധൈര്യമുണ്ടായിരുന്നില്ല ഈ താഴ്ന്ന ജാതിക്കാരനും വിരൂപനുമായ നിന്റെ സഹപാടിക്ക്.വീണ്ടും വിധി നിന്നെ എന്റെ കൈകളിലേല്പിച്ചപ്പോൾ മാണിക്യം കിട്ടിയ നാഗത്തെപോലെ കാവലിരുന്നു ഉയിര് നല്കിയപ്പോളും ഞാൻ അധൈര്യനായിരുന്നു.നിന്റെ സന്തോഷത്തിനു വേണ്ടിമാത്രമാണ് നിന്നെ വേണ്ടന്നുവെച്ചു പുതുമണവാളനാവാൻ മനസു കൊണ്ടും ശരീരം കൊണ്ടും ഒരുങ്ങിയ അയാളെ ചങ്കുപൊടിയുന്ന സങ്കടത്തോടെ വീണ്ടും നിന്റെ മുന്നിൽ തന്നെ എത്തിച്ചു തന്നത് എന്നിട്ടും തോൽപിച്ചല്ലോ നീ…………

ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തിൽ ആത്മാവില്ലാത്ത വരുമ്പോൾ മരിക്കുന്നതു ശരീരങ്ങൾ അല്ല പ്രണയമാണ്.ഈ ലോക സർവ ചരാചരങ്ങളെയും നിലനിർത്തുന്ന മൂർത്തീഭാവം.