രണ്ട് മാസം മുന്നേ എന്റെ അരികിലേക് വീണ്ടും വന്ന പഴയ സൗഹൃദത്തെ ഭാര്യയെയും മകനെയും മറന്നു കൊണ്ട് ഞാൻ എന്റേതാക്കുവാൻ പോകുന്നു.

മായാ കാഴ്ചകൾ

രചന: നൗഫു സെമി

ഇന്നാണ് ആ ദിവസം, കുറച്ചു മണിക്കൂറുകൾ മാത്രം..

സമയം പതിനൊന്നു മണിയോട് അടുക്കുന്നു..

ഞാൻ എന്റെ അരികിൽ കിടന്നുറങ്ങുന്ന ഭാര്യയെയും മകനെയും ഒന്ന് നോക്കി..

ഇല്ല എന്റെ ഉള്ളിൽ ഒരു കുറ്റബോധവും ഇല്ല..

എത്ര വിദഗ്ധമായാണ് ഞാൻ ഇവരെ ചതിച്ചിരിക്കുന്നത്..

രണ്ട് മാസം മുന്നേ എന്റെ അരികിലേക് വീണ്ടും വന്ന പഴയ സൗഹൃദത്തെ ഭാര്യയെയും മകനെയും മറന്നു കൊണ്ട് ഞാൻ എന്റേതാക്കുവാൻ പോകുന്നു..

❤❤❤❤

ക്ലിങ്..

മെസ്സേജ് വരുന്ന വൈബ്രേറ്റർ സൗണ്ട് ആണ് എന്നെ വെറുതെ കണ്ണടച്ചുള്ള ആ മയക്കത്തിൽ നിന്നും ഉണർത്തിയത്..

” മൂന്നു മണിക്ക് ഞാൻ എന്റെ വീടിന്റെ പുറത്ത് ഉണ്ടാകും.., “

സമയം ഒന്നര കഴിഞ്ഞിട്ടുണ്ട് ,

എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിലേക് അര മണിക്കൂർ മാത്രം ഡ്രൈവ് ചെയ്താൽ മതി..

ഞാൻ ആരാണെന്ന് പറയാം..

റഹീം..

ഇത് എന്റെ കഥയാണ്..

വഞ്ചിക്കപ്പെട്ട് പോയവരുടെ നിസ്സഹാവസ്ഥ മാത്രമേ ഇത് വരെ നിങ്ങൾ കഥയായി കേട്ടിട്ടുള്ളു.. വഞ്ചിക്കാൻ പോകുന്നവന്റെ കഥയാണ് ഇത്..

എന്റെ ഭാര്യ അമീനയെയും ഞങ്ങളുടെ മകൻ നിചുട്ടനേയും വഞ്ചിക്കാൻ പോകുന്ന എന്റെ കഥ.. ആഗ്രഹിച്ചതല്ല ഒരിക്കലും ഇങ്ങനെ ഒരു ജീവിതം.. പക്ഷെ ഇന്ന് എന്റെ അവസാന മണിക്കൂറുകളാണ് ഇവരുടെ കൂടെ..

ഒരു കുറ്റമോ കുറവോ ഇവരിൽ പറയാൻ എനിക്കില്ല, പിന്നെ എന്തിനാ നീ മറ്റൊരുവളെ കൂടെ കൂട്ടുന്നതെന്ന് ചോദിച്ചാൽ ഉത്തരമില്ല..

അവൾ.. അവൾ ആരാണെന്ന് പറയാം..

പണ്ടെങ്ങോ അടുത്ത് മറന്നു പോയൊരു സൗഹൃദം..

സബീഹാ (സുന്ദരി) പേര് പോലെ തന്നെ സൗന്ദര്യം ആവശ്യത്തിൽ കൂടുതൽ ഉള്ളവൾ..

അതായിരുന്നോ അവളോട്‌ അടുക്കാനുള്ള കാരണം.. അല്ലെങ്കിൽ കുറച്ചു വർഷങ്ങൾക്ക് മുമ്പേ അവളോടുള്ളിന്റെ ഉള്ളിലുള്ള ഇഷ്ടമോ ..

അവളുടെ വിവാഹം കഴിഞ്ഞിട്ട് പത്തു കൊല്ലമായി.. അവൾ അവിടെ പൂർണ്ണ തൃപ്തിയിൽ ജീവിക്കുന്നവൾ ആയിരുന്നു.. വെറുതെ ഒരു ഫ്രണ്ട്ഷിപ്പിന്റെ മുകളിൽ വീണ്ടും തുടങ്ങിയ ഒരു ബന്ധം..

രണ്ട് മാസങ്ങൾക് മുമ്പ് ഒരു ന്യൂ ഇയർ രാത്രിയിൽ എന്റെ ഫോണിലേക്കു ഒരു മെസ്സേജ് വന്നു.. ഹാപ്പി ന്യൂ ഇയർ എന്നും എഴുതി കൊണ്ട്.. എനിക്ക് അറിയാത്ത ഒരു നമ്പർ..

ഞാൻ അതിന് ഒരു മറുപടിയും കൊടുത്തില്ല മെസ്സേജ് റീഡ് ചെയ്തു അവിടെ തന്നെ വെച്ചു.. ആരാണെന്ന് അറിയാത്ത ഒരു മെസ്സേജ്.. ഒരു പ്രൊഫൈൽ ഫോട്ടോ പോലും ഇല്ല..

അവിടുന്ന് വീണ്ടും മെസ്സേജ് വന്നു, റഹീം അല്ലെ..

ഞാൻ അതെ എന്ന് പറഞ്ഞു..

പിന്നെ കുറച്ചു നേരത്തേക്ക് ഒരു മെസ്സേജും വന്നില്ല.. ഞാൻ ഫോൺ അവിടെ വെച്ച് മറ്റുള്ള പണിയിലേക് തിരിഞ്ഞു..

വീണ്ടും അര മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ഞാൻ ഫോൺ എടുക്കുന്നത്..

റഹീം.. ഞാൻ മുബീനയാണ്..

ഹലോ.. റഹീം..

അങ്ങനെ മൂന്നു മെസ്സേജ്..

എനിക്ക് ആരാണെന്ന് ഒരു ഓർമ്മ കിട്ടിയില്ല..പിന്നെ ഒരു പെണ്ണിന്റെ പേരും..

ഞാൻ മനസ്സിലായില്ല എന്ന് എഴുതി അയച്ചു..

എന്നെ മറന്നോ എന്നുള്ള മറുപടിയാണ് അവിടെ നിന്നും കിട്ടിയത്.. സമയം രാത്രി പതിനൊന്നരയായിട്ടുണ്ട്..

ഭാര്യയും മകനും നല്ല ഉറക്കത്തിലാണ്..

ആരാണെന്നു മനസ്സിലായില്ല അത് കൊണ്ടാണുട്ടോ… എന്റെ ഉള്ളിലെ പഞ്ചാര പൊടിതട്ടി എഴുന്നേറ്റു..

അങ്ങനെ ആണല്ലോ ഒരു വിധം മനുഷ്യർ, സ്വന്തം ഇണയോട് മധുരമായി സംസാരിച്ചില്ലെങ്കിലും അരികിലേക് വരുന്ന ഏതൊരു പെണ്ണിനോടും മധുരമായി സംസാരിക്കാൻ അവനെ ആരും പഠിപ്പിക്കണ്ട..

ഇക്കാ ഇത് ഞാനാ സബീഹാ..

ഒരൊറ്റ നിമിഷം കൊണ്ട് തന്നെ അവളുടെ മുഖം എന്റെ ഉള്ളിലേക്കു കയറി വന്നു..ഞാൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോൾ എന്റെ കോളജിന്റെ അടുത്ത് തന്നെ പ്ലസ് 1 പഠിച്ചു കൊണ്ടിരുന്നവൾ.. അവിടെ നിന്നും ഏതോ ഒരു സുപ്രഭാതതിൽ എന്റെ കൂട്ടുകാരിയായി മാറിയവൾ..

ആ സ്കൂളിൽ അവളെ പോലെ ഒരു സുന്ദരി ഉണ്ടായിരുന്നില്ല.. തൊട്ടാൽ പോലും ചോര പൊടിയുന്നത് പോലെ മുഖമെല്ലാം ചുവന്നു തുടുത്തു വരുന്നവൾ, കയ്യിൽ അവളുടെ പച്ചകളറിൽ ഞെരമ്പ് തെളിഞ്ഞു നിൽക്കുന്നത് കാണാം..

എന്റെ നോട്ടം എപ്പോഴും പെണ്ണിന്റെ കാലിലേക് ആദ്യം പോവുക.. എന്തൊരു രസമാണ് അവളുടെ കാൽ പാദം നോക്കി നിൽക്കാൻ..

അവളെ ഒന്ന് ലൈൻ വലിക്കാൻ നോക്കിയിരുന്നപ്പോൾ ഓൾ ഉടനെ പറഞ്ഞു നമുക്ക് ഫ്രണ്ട്സ് ആകാം.. സ്നേഹിക്കാൻ താല്പര്യമില്ല, കിട്ടിയില്ലെങ്കിൽ പിന്നെ അത് ആലോചിച്ചു ഭ്രാന്ത് പിടിച്ചു നടക്കാൻ അവളെ കിട്ടില്ല എന്ന് തന്നെ..

കാരണം, അവളെ വഴിയിൽ നിന്നും കണ്ട് ഇഷ്ട്ടമായി ആ സമയം തന്നെ ഒരു പാട് പേർ പെണ്ണ് ചോദിച്ചു വീട്ടിലേക് വരുന്നുണ്ട് പോൽ.. ഉടനെ വിവാഹം ഉണ്ടാവും, അന്ന് പിന്നെ പതിനെട്ടു എന്നുള്ള പ്രായം ഒരു വിഷയം ആകാത്ത സമയമായിരുന്നു.. അത് കൊണ്ട് തന്നെ പ്ലസ് 2 കഴിയുന്നതിന് മുമ്പ് തന്നെ വിവാഹം നടക്കാം..

ഞങളുടെ സൗഹൃദം ആ കോളേജിന്റെ അടുത്തുള്ള ബസ്റ്റാന്റിൽ മാത്രം ഒതുങ്ങി നിന്നു.. വേറെ മുന്നോട്ടു പോകാതെ അവൾ പറഞ്ഞത് പോലെ പ്ലസ്ടു കഴിയുന്നതിന് മുമ്പ് തന്നെ അവളെ ഏതോ ഗൾഫ് കാരൻ വന്നു കെട്ടി കൊണ്ട് പോയി..

❤❤❤

“സബീ.. നിനക്കെവിടെ നിന്നും കിട്ടി എന്റെ നമ്പർ..”

“അതെല്ലേ ഞാൻ പറഞ്ഞത് മുബീന യുടെ കയ്യിൽ നിന്നും കിട്ടി.. നിങ്ങളുടെ കൂടെ ഡിഗ്രി ക് ഉണ്ടായിരുന്ന മുബീനയെ മറന്നോ..”

“ഓർക്കാൻ എവിടെ ആണെടി സമയം,..”

“അവളെ ഞാൻ കുറച്ചു ദിവസം മുന്നേ കണ്ടിരുന്നു, അന്ന് ഞാൻ ഇക്കയുടെ നമ്പർ വാങ്ങി.. കുറെ ദിവസമായി കരുതുന്നു ഒരു മെസ്സേജ് അയക്കാൻ, ഇന്നാണ് പറ്റിയത്..”

“ഹ്മ്മ്..”

“ഇക്കാ, സുഖമല്ലേ..”

“സുഖം, നിനക്കോ..”

“ഇവിടെ സുഖം..”

“നിന്റെ ഇക്കാ ഇപ്പോ എവിടെയാണ്..”

“ഇക്കാ നാട്ടിൽ തന്നെയാണ് ഒരു വർഷമായിട്ട്.. കൊറോണയുടെ ഇടയിൽ വന്നതാ പിന്നെ പോകുവാൻ സാധിച്ചില്ല..”

“ഇപ്പോ എന്ത് ചെയ്യുന്നു..”

ഇവിടെ ഒരു ഇലക്ട്രോണിക് ഷോപ്പ് ഇട്ടിട്ടുണ്ട്..

“സ്വന്തമാണോ..”

“ഹ്മ്മ്.. അതെ..”

“അവിടെയുണ്ടോ..”

“ആ,.. ഇക്കയും മക്കളും ഉറങ്ങി..”

“ആഹാ,.. നിനക്ക് എത്ര കുട്ടികളായി..”

“രണ്ട് പേരുണ്ട് ഇക്കാ.. മൂത്തവൻ മോന്,.. അവൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു..രണ്ടാമത്തെത് മോള്.. അവൾക് രണ്ടര വയസ്സ്..”

“ആഹാ, അടിപൊളി..”

“ഇക്കയുടെ വിവാഹം കഴിഞ്ഞോ..”

“അതൊക്കെ കഴിഞ്ഞു.. അഞ്ചു വർഷമായി.. ഒരു മോനുണ്ട്..”

“ഓൾ എവിടെ ഉള്ളതാ..”

“ഇവിടെ അടുത്ത് തന്നെ ഉള്ളതാണ്..”

“ആളെങ്ങനെ എന്നെ പോലെ സുന്ദരിയാണോ..”

ഇനി ഇവളെ പോലെ സുന്ദരിയാണെന്ന് പറഞ്ഞാൽ പെണ്ണിന് കോംപ്ലക്സ് വരും.. അത് ചിലപ്പോൾ ഈ സൗഹൃദം പോലും നശിപ്പിക്കാം.. എന്റെ ഉള്ളിലെ ഇബ്‌ലീസ് ശക്തമായ താക്കീത് നൽകി..

“അല്ലടി, നിന്നെ പോലെ ഒരു സുന്ദരിയെ ഇനി എവിടുന്ന് കിട്ടാനാണ്..”

“എന്നാലേ ഇക്കാ ഞാൻ രാവിലെ മെസ്സേജ് അയക്കാം.. ഒന്ന് വിളിക്കണേ..ഇപ്പൊ കൂടെ ഇക്കയുണ്ട്.. എഴുന്നേറ്റൽ പ്രശ്നമാവും..”

“ഓക്കേ.. ഗുഡ് നൈറ്റ്‌..”

അതായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ രണ്ടാമത്തെ തുടക്കം..

അറിഞ്ഞിരുന്നില്ല അത് ഇത്രത്തോളം വലുതായി ഒരു ഒളിച്ചോട്ടത്തിലേക് എത്തുമ്മെന്ന്..

❤❤❤

സമയം രണ്ടരയോട് അടുക്കുന്നു..

ഇനിയും വൈകാൻ പാടില്ല..

ഞാൻ പതിയെ എന്റെ ബെഡിൽ നിന്നും എഴുന്നേറ്റു..

ഞാൻ ചെയ്യാൻ പോകുന്ന ചതി അറിയാതെ എന്റെ ഭാര്യ ഞങ്ങളുടെ മകനെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്.. അവൾക്കായി ഒരു കത്ത് ഞാൻ എഴുതി വെച്ചിട്ടുണ്ട്..

മകന്റെ മുഖത്തു ഒരു ഉമ്മ കൊടുത്തു.. ഞാൻ റെഡിയാക്കി വെച്ച പെട്ടിയുമെടുത്തു കാറെടുത്ത് കൊണ്ട് എന്റെ വീട്ടിൽ നിന്നും ഇറങ്ങി.. ഇനി ഈ വീട്ടിലേക് ഒരു തിരിച്ചു വരവ് ഇല്ലെന്ന തീരുമാനത്തോടെ..

❤❤❤

അന്നത്തെ ദിവസം എന്റെ ഉള്ളിൽ ഒരുപാട് സന്തോഷം വന്നു നിറഞ്ഞു..

വർഷങ്ങക്ക് ശേഷം പ്രിയപ്പെട്ടവളുടെ ശബ്‌ദം വീണ്ടും കേട്ടിരിക്കുന്നു..സംസാരത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.. എന്തൊരു ക്യുട്ട് വോയ്‌സ് ആണെന്നോ.. അവളുടെ ഓരോ വോയ്‌സ് മെസ്സേജും ഞാൻ വീണ്ടും വീണ്ടും കേട്ട് കൊണ്ടിരുന്നു.. ചെറിയ ഒരു കുട്ടി സംസാരിക്കുന്നത് പോലെ..

എന്റെ കൂടെ കിടക്കുന്ന പ്രിയപ്പെട്ടവളെ പോലും ഞാൻ മറന്നു തുടങ്ങി..

അന്നും പതിവ് പോലെ രാവിലേ ജോലിക്കായ് ഇറങ്ങി.. സമയം പതിനൊന്നു മണിയായപ്പോൾ സബീഹയുടെ മെസ്സേജ് വരുന്നത് ജോലിക്കിടയിലാണ്.. അവളെ ഒന്ന് വിളിക്കുവാനായി പറഞ്ഞു കൊണ്ട്..

എന്റെ ജോലി എന്ന് പറയുന്നത് റിയൽ എസ്റ്റേറ്റ് ആണ്.. സമയം ഒരുപാട് ഉണ്ടാവും അതിന്റെ ഇടയിൽ.. കാര്യങ്ങൾ നീക്കാൻ കൂടെ തന്നെ വേറെയും പാർട്ണർമാരായി രണ്ട് പേരുണ്ട്..

ഇക്കാ,.. ഫ്രീ ആണെകിൽ ഒന്ന് വിളിക്കണെ..

ഞാൻ ഉടനെ തന്നെ അവളെ വിളിച്ചു..

ഒരാളെ നമ്മളോട് ഏറ്റവും കൂടുതൽ അടിപ്പിച്ചു നിർത്താൻ ശബ്ദത്തോളം വലിയ ഒരു ഘടകം ഉണ്ടോ.. ഉണ്ടാവില്ല..

അവരെ നമ്മൾ കണ്ടിട്ടില്ലെങ്കിൽ പോലും അവരുടെ ശബ്ദം നമ്മളെ അവരിലേക് മെല്ലെ മെല്ലെ ഒഴുകി കൊണ്ട് പോകും..

ഫ്രീ സമയം അവളോട്‌ സംസാരിക്കുക്ക എന്നുള്ളത് എനിക്ക് ലഹരിയായി തീർന്നു, എന്നെ വിളിക്കാനായി അവളുടെ പണികൾ വളരെ എളുപ്പത്തിൽ തന്നെ തീർത്തു കൊണ്ടിരുന്നു..

മിനിട്ടുകളായി തുടങ്ങിയ സംസാരം വളരെ വേഗത്തിൽ ഒന്നും രണ്ടും മണിക്കൂർ ആവാൻ കുറച്ചു ദിവസം മാത്രമേ വേണ്ടിവന്നുള്ളു..

അത് വരെ എപ്പോഴും ഒരു ലോക്ക് പോലും ഇല്ലാതിരുന്ന ഫോണിൽ സ്ട്രോങ്ങ്‌ ആയിട്ടുള്ള ഒരു ലോക്ക് വന്നു.. കുറെ ഹിഡൻ ഫയലുകളും..

അവൾക് മാത്രമായി ഞാൻ ഒരു നമ്പർ എടുത്തു.. അവളും എനിക്കായ് മാത്രം ഒരു നമ്പർ സങ്കടിപ്പിച്ചു..

ഫ്രൻഷിപ് ആയി തുടങ്ങിയ വിളികൾ അതിൽ നിന്നും വഴി തെറ്റി സഞ്ചാരം തുടങ്ങി..

ഒരിക്കൽ അവൾ എന്നോട് ചോദിച്ചു.. ഇക്കാ.. നിങ്ങൾക് എന്നെ കെട്ടിക്കൂടായിരുന്നോ.. നിങ്ങളെ ഞാൻ ഇഷ്ട്ടപെട്ടിരുന്നു..

അവളൊരു ഭാര്യയാണെന്നും ഞാൻ ഒരു ഭർത്താവ് ആണെന്നും ഓർക്കാതെ.. അവളുടെ ആ ചോദ്യം എന്റെ മനസ്സിലും വലിയ ഓളം ഉണ്ടാക്കി.. ഞാൻ എന്റെ കുടുംബത്തെ മറക്കുവാനായി തുടങ്ങി..

അവളിലേക് എന്റെ മനസ്സും ശരീരവും ആറിഞ്ചു ഫോണിലൂടെ ചേക്കേറുവാനായി തുടങ്ങി.. ആദ്യമായി അവളുടെ മുത്തം കിട്ടിയ നേരം എന്റെ ഉള്ളിൽ വന്നു നിറഞ്ഞത് പോലും എന്താണെന്ന് എനിക്ക് പറയാൻ സാധിക്കില്ല..

എന്റെ കുടുംബ ജീവിതം ആർക്കോ വേണ്ടി എന്ന പോലെ വെറും കാട്ടി കൂട്ടലുകൾ ആയി തുടങ്ങി.. ഒരു കള്ളം മറക്കാൻ പല കള്ളങ്ങൾ ജീവിതത്തിൽ നിറഞ്ഞു വരുവാനായി തുടങ്ങി.. അവളോട്‌ സംസാരിക്കാൻ വേണ്ടി മാത്രം ഒമ്പത് മണിക്ക് മുന്നേ വീട്ടിൽ കയറിയിരുന്ന ഞാൻ അത് പത്തും പതിനൊന്നും ആയി തുടങ്ങി..

ഒരിക്കൽ ഞാൻ അവളോട്‌ ചോദിച്ചു, എന്റെ കൂടെ വരുമോ എന്റെ പെണ്ണായി.. അവളുടെ ഉള്ളിൽ എന്റെ ചോദ്യം കേൾക്കാൻ കൊതിക്കുന്നത് പോലെ വളരെ പെട്ടന്ന് തന്നെ ഉത്തരം വന്നു..

“ഞാൻ വരാം ഇക്കാ.. ഇക്കയുടെ കൂടെ എവിടേക് വേണമെങ്കിലും ഞാൻ വരാം..”

ഇന്നാണ് ആ ദിവസം രണ്ട് കുടുംബത്തെ വഴിയിൽ നിർത്തി സ്വന്തം ഇഷ്ട്ടത്തിനായി രണ്ട് മനസ്സുകൾ മറ്റൊന്നും ഓർക്കാതെ ഓടി ഒളിക്കാൻ വെമ്പുന്ന ദിവസം..

എന്റെ കാർ അവളുടെ വീടിന്റെ അടുത്തേക്കെത്തി..

ഒരു പർദ്ദയുംധരിച്ചു അവളുടെ വീടിന്റെ ഗേറ്റ് തുറന്ന് അവൾ വളരെ പെട്ടന്ന് തന്നെ കാറിലേക്ക് കയറി..

ഈ യാത്ര ഇവിടെ തുടങ്ങുന്നു..

ഞങ്ങളെ അറിയുന്നവരുടെ ശാപം ഈ തലക്കു മുകളിൽ തന്നെ ഉണ്ടാവുമെന്നുള്ള ഓർമ്മയോടെ ഞങ്ങളുടെ യാത്ര തുടങ്ങട്ടെ..

ഇതൊരു വിജയമോ പരാജയമോ ആർക്കറിയാം..

ചില കഥകൾ പൂർണ്ണതയിലേക് എത്തില്ല.. അത് ഇങ്ങനെ അപൂർണ്ണ മായി നിൽക്കും.. ആരുടെതാണീ വിജയമെന്നറിയാതെ

നിങ്ങൾക്കെന്ത് തോന്നുന്നു..

കമെന്റായി അറിയിക്കുക്ക..

നമ്മൾ കണ്ടും കേട്ടും പരിചയിച്ച അനുഭവങ്ങൾ…

😂😂😂

ഇഷ്ട്ടത്തോടെ..

നൗഫു ❤❤❤