അവന്റെ കുസൃതി നിറഞ്ഞ വാക്കുകൾക്ക് ആരും കാണാതെ ആ കൈത്തണ്ടയിൽ ഒരു നുള്ള് കൊടുക്കുമ്പോൾ…

രുദ്രാക്ഷ ~ രചന: ദേവ സൂര്യ

“ദേ വിച്ചേട്ടാ…നാളെയാണ് ട്ടോ കോളേജിൽ ന്ന് ടൂറ് പോണത്… നിക്ക് ഒന്നും തരണില്ലേ… മിട്ടായി വാങ്ങിക്കാൻ….”

കണ്ണാടിയിൽ നോക്കി മുടി ചീക്കുമ്പോളാണ്…കണ്ണാടിയിലൂടെ…വാതിൽ പടിക്കൽ നിന്ന് ഉള്ളിലേക്ക് വന്ന് കട്ടിലിൽ ഇരുപ്പുറപ്പിച്ചു പരിഭവിച്ചു പറയുന്നവളെ കണ്ടത്…

“”നിനക്ക് എന്തേലും വാങ്ങിക്കണേൽ… നിന്റെ അപ്പൻ നാരായണ പണിക്കർ ഇല്ലേടി വീട്ടില്… അങ്ങേരോട് ചോദിക്കാതെ… ന്നോടാണോ ചോദിക്കുന്നെ…തത്കാലം നിനക്ക് തരാൻ അഞ്ചിന്റെ ഉർപ്യ ന്റെ കയ്യിൽ ഇല്ല…. “”

കുസൃതിയോടെ പറഞ്ഞു വരുന്നവനെ കണ്ടതും… ചുണ്ട് കോട്ടി തിരിഞ്ഞിരുന്നു…

“”ഓഹ് നിക്കെങ്ങും വേണ്ട നിങ്ങടെ കാശ്…അല്ലേലും ഈ വിച്ചേട്ടന് ഒരു സ്നേഹോം ഇല്ല…കെട്ടാൻ പോണതാ ന്ന് പറഞ്ഞിട്ട് എന്താ കാര്യം…ഇപ്പത്തെ ആമ്പിളേർ കെട്ടാൻ പോണ കുട്ട്യോൾക്ക് എന്തെല്ലാം വാങ്ങിച്ചു കൊടുക്കും…ഇവിടെ ഇണ്ട് ഒരു സാധനം..പോയ് വന്നാൽ നിക്ക് ഒന്നും കൊണ്ട് വരില്ല…ഞാൻ പോവാ…കിച്ചു വന്നു രുദ്രേ ന്ന് അമ്മായി പറഞ്ഞപ്പോ ഓടി വന്ന ഞാൻ മണ്ടി….””

ചുണ്ട് കോട്ടി എഴുന്നേറ്റു പോകാൻ ഒരുങ്ങിയവളെ കുസൃതിചിരിയോടെ നിമിഷനേരം കൊണ്ട് ചേർത്തണച്ചു…

“”അപ്പൊ നിനക്ക് കാശ് വേണ്ടേ രുദ്രേ… മ്മ്ഹ്ഹ്??””…

മുഖത്തേക്ക് അടുത്ത് വരുന്ന മുഖം കാൺകെ പേടിയോടെ തുറന്നിട്ട വാതിലിൽക്കലേക്ക് നോക്കി…അവളെ വലിഞ്ഞു മുറുകിയ കൈകളിൽ നിന്ന് കുതറി മാറാനായി വെറുതെ ഒരു പാഴ്ശ്രമം നടത്തി….

“”വിച്ചേട്ടാ…അമ്മായി ണ്ട് ട്ടോ അപ്പുറത്ത്…വിട്ടേ…കണ്ടോണ്ട് വന്നാൽ മോശം ആണ് ട്ടോ…””

അവന്റെ നോട്ടം താങ്ങാനാവാതെ മിഴികൾ താഴേക്ക് നട്ട് പതർച്ചയോടെ പറഞ്ഞു…

“”നിക്ക് സ്നേഹം ഇല്ല എന്നുള്ള പരാതി മാറ്റണ്ടേ രുദ്രകുട്ടി…””

അവന്റെ നിശ്വാസം മുഖത്തടിച്ചപ്പോൾ വിറയലോടെ അവൾ അവനെയൊന്ന് നോക്കി…മുഖത്ത് ചുവപ്പ് പടരുന്നതറിഞ്ഞു…

ആ കവിളിലേക്ക് അധരങ്ങൾ പതിയുമ്പോൾ…മിഴികൾ കൂമ്പി അടഞ്ഞിരുന്നു. ചുണ്ടിൽ നാണത്തിൽ വിരിഞ്ഞ പുഞ്ചിരി ബാക്കി ആയിരുന്നു…തിരികെ പാടവരമ്പത്തൂടെ വീട്ടിലേക്ക് വരുമ്പോൾ….കയ്യിൽ ഉണ്ടായിരുന്ന 500 രൂപ അവളെ നോക്കി കളിയായി എന്തെല്ലാമോ പറഞ്ഞിരുന്നു…അവളെ നോക്കി നാണത്താൽ മിഴികൾ ചിമ്മിയിരുന്നു….

“”വിച്ചേട്ടാാ….””

ഉറക്കത്തിൽ നിന്നെന്ന പോലെ…രുദ്ര ഞെട്ടി എഴുന്നേറ്റു….സ്വപ്നം ആയിരുന്നുവോ…വെറും സ്വപ്നം ആയിരുന്നുവോ…പിടപ്പോടെ ചുറ്റുമൊന്ന് നോക്കി…വിയർപ്പ് തുള്ളികൾ ചെന്നിയിൽ പൊടിഞ്ഞിരുന്നു…

അതേ….അവയെല്ലാം വെറും സ്വപനം മാത്രമാണ് തനിക്കിന്ന്…ഓർമകളുടെ കടലാഴങ്ങളിൽ ഒളിപ്പിച്ച ഓർമ്മകൾ…സ്വപ്‌നങ്ങൾ ആയി വെറുതേ തന്നെ ഇടയ്ക്കിടെ വന്ന് വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രം….

പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവൾ…ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറിലേക്ക് നോക്കി….ചുവന്ന അക്കത്തിലേക്ക് മിഴികൾ ചെന്നെത്തിയതും.
അവ നിറയുന്നതറിഞ്ഞു…വല്ലാതെ പിടയുന്നതറിഞ്ഞു….

“”ഇന്നാണ്….തന്റെ വിച്ചേട്ടൻ മറ്റൊരുവൾക്ക് സ്വന്തമാവുന്നത് എന്ന സത്യം അവളെ വല്ലാതെ വലിഞ്ഞു മുറുക്കുന്നതറിഞ്ഞു…”രുദ്രാക്ഷയുടെ മാത്രം വിഷ്ണു “എന്ന് അഹങ്കാരത്തോടെ പറഞ്ഞിരുന്നത് വേദനയോടെ ഓർത്തു. പിടപ്പോടെ കൈയിലെ വാച്ചിലേക്ക് മിഴികളെത്തി….മുഹൂർത്തം തീർന്നിരിക്കുന്നു….അതേ…എല്ലാ അർത്ഥത്തിലും….വിച്ചേട്ടൻ ഇന്ന് മറ്റൊരുവൾക്ക് സ്വന്തമാണ്….””

“”ടീച്ചർക്ക്‌ ഈ ഹവർ ക്ലാസ്സ്‌ ഇല്ലായിരുന്നോ??””…

ഗൗരവം നിറഞ്ഞ ആ സ്വരം കേട്ടപ്പോൾ ആണ് മിഴികൾ വലിച്ചു തുറന്നത്…

ദേവൻ മാഷ് ആണ്…സ്ഥലമാറ്റം കിട്ടി ഇവിടേക്ക് വന്നപ്പോൾ…തനിക്ക് കിട്ടിയ ഏറ്റവും നല്ല സൗഹൃദം…പുഞ്ചിരിയോടെ മാത്രം എല്ലാവരോടും സംസാരിക്കുന്നവൻ…ഒരു രസികൻ….കർക്കശക്കാരിയായ ഒരു കണക്ക് ടീച്ചർ ആയ തന്നിലെ സൗഹൃദം എന്ന് മുതലാണ് ദേവൻ സാറിനും പകുത്തു നൽകിയത് എന്നറിയില്ല…

“”ഹിറ്റ്ലർ രുദ്രാക്ഷ “”എന്ന് കുട്ടികൾ അടക്കം സ്കൂൾ മുഴുവൻ ഇരട്ടപ്പേര് തനിക്ക് ചാർത്തി തന്നപ്പോളും…ഇയാൾ മാത്രം തന്നോടെന്തിന് സൗഹൃദം കാണിക്കുന്നു എന്നറിയില്ല….ആദ്യമാദ്യം ദേഷ്യമാണ് തോന്നിയത്…തന്റെ സ്വകാര്യതയിലേക്ക് കടന്ന് വരുന്നവനോട് അനിഷ്ടത്തോടെയേ നോക്കിട്ടുള്ളു….പക്ഷെ ആ സൗഹൃദം മൗനമായി താനും ആഗ്രഹിക്കുന്നു എന്ന് പിന്നീടാണ് അറിയുന്നത്…

“”എന്താണ് ടീച്ചറെ ഈ ആലോചിച്ചു കൂട്ടുന്നത്??….എന്തിനാ ടീച്ചർ കരയുന്നത്??..””

ആ ചോദ്യം കേട്ടപ്പോൾ….ഞെട്ടലോടെ കൈകൾ കവളിലേക്ക് പോയി. കരയുകയാണോ താൻ….സ്വയം അറിയാതെ ചോദിച്ചു പോവുന്നു….

“”ഏയ്യ്…കരഞ്ഞതല്ല സർ…കണ്ണിൽ എന്തോ ചെറിയ കരട് കുടുങ്ങിയതാണ്…””

കൈ എത്തിച്ച് കവിളിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ വേഗം തുടച്ചുകൊണ്ട് പതർച്ചയോടെ പറഞ്ഞു…..

“”ഈയിടെ ആയിട്ട് ആരുമില്ലാത്ത നേരത്ത് ടീച്ചറുടെ കണ്ണിൽ കരട് കുടുങ്ങുന്നത് ഇത്തിരി കൂടിയിട്ടുണ്ടല്ലോ രുദ്ര ടീച്ചറെ…””

ദേവൻ സാറിന് മുഖം കൊടുക്കാതെ…പെട്ടെന്ന് എഴുന്നേറ്റ് നടന്നലുമ്പോൾ കേൾക്കുന്നുണ്ട് കുസൃതിയോടുള്ള ആ സ്വരം….കേട്ടിട്ടും മറുപടി ഒന്നും പറയാതെ വേഗം നടന്നകന്നു…

മുഖം കഴുകി…ഹാഫ് ഡേ ലീവും സ്കൂളിൽ പറഞ്ഞ്….ഫ്ലാറ്റിലേക്ക് പോരുമ്പോൾ മനസ്സ് കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്ത് വീർപ്പു മുട്ടുന്നുണ്ടായിരുന്നു….ഓർമ്മകൾ വിച്ചേട്ടനെ തന്നെ വട്ടമിടുന്നത് അസഹ്യതയോടെ നോക്കി നിൽക്കുന്നു….

ഫ്ലാറ്റിൽ എത്തി…നിറഞ്ഞു വരുന്ന കണ്ണുനീർ തുടച്ചു കളയാൻ പോലും മെനക്കെടാതെ ഒരു പൊട്ടിക്കരച്ചിലോടെ കിടക്കയിലേക്ക് മറിയുമ്പോൾ….ഓർമ്മകൾ മൂന്ന് വർഷങ്ങൾക്ക് മുൻപുള്ള ആ ദിവസങ്ങളിലേക്ക് ചേക്കേറി….

“”പോയിട്ട് വരുമ്പോ ഈ വിച്ചേട്ടന് എന്താ രുദ്രേ നീ കൊണ്ട് വരുവാ??””…

കോളേജ് വരാന്തയിൽ കുട്ടികളും രക്ഷിതാക്കളും ടൂർ ബസ്‌ വരുന്നത് നോക്കി നിൽക്കുമ്പോൾ ആയിരുന്നു…നിശബ്തമായി കൈകൾ കോർത്ത് വിഷ്ണുവിന്റെ ചോദ്യം…

“”എന്താ ന്റെ വിച്ചേട്ടന് വരുമ്പോ ഞാൻ കൊണ്ട് വരേണ്ടത്??..””

“”നിക്ക് ഒന്നും വേണ്ട….തിരിച്ചു വരുന്ന അന്ന് തന്നെ അമ്മാത്തേക്ക് വന്ന്…4 ദിവസത്തെ കടം ചൂടോടെ..നിക്ക് ഈ കവിളത്ത് തന്നാൽ മതി…അതിന്റെ മധുരം ഒരു മിട്ടായിക്കും ഇല്ലെടി…””

“”അയ്യടാ…ചെക്കന്റെ പൂതി കണ്ടില്ലേ…ഇനി കെട്ടുന്നത് വരെ…അമ്മാതിരി പരിപാടിക്ക് ഞാനില്ല ട്ടോ വിച്ചേട്ടാ…ആദ്യം അച്ഛനോട് പറഞ്ഞ് ഈ കഴുത്തിൽ ഒരു താലി ചാർത്ത്…എന്നിട്ട് മതി ഉമ്മയും ബാപ്പയും ഒക്കെ..””

“”എന്റെ പൊന്ന് രുദ്രേ…വല്ലപ്പോഴും കിട്ടുന്ന ഒരു ഉമ്മയാ…അതും നിന്റെ കയ്യും കാലും പിടിച്ചിട്ട്….അതും വേണ്ട ന്ന് പറയല്ലേ…കെട്ടിക്കഴിഞ്ഞാൽ ഈ കട്ട് തിന്നണതിന്റെ സുഖം ഇല്ലാടി…””

അവന്റെ കുസൃതി നിറഞ്ഞ വാക്കുകൾക്ക് ആരും കാണാതെ ആ കൈത്തണ്ടയിൽ ഒരു നുള്ള് കൊടുക്കുമ്പോൾ…ഇരുവരുടെ ചുണ്ടിലും പ്രണയത്തിൽ ചാലിച്ച പുഞ്ചിരി ഉണ്ടായിരുന്നു…ബസ് വന്നതും…അവളെ ശ്രദ്ധയോടെ ബസ്സിൽ കയറ്റുമ്പോൾ അവന്റെ കണ്ണുകളിൽ നോക്കി യാത്ര പറയുമ്പോൾ…അറിയുന്നുണ്ടായിരുന്നില്ല വിധി തങ്ങൾക്കായി കാത്ത് വച്ചത് മറ്റൊന്നാണ് എന്ന്….

കാളിങ് ബെൽ അടിക്കുന്ന ശബ്‌ദമാണ് രുദ്രയെ പഴയ ഓർമകളിൽ നിന്നും ഉണർത്തിയത്…ഒഴുകുന്ന കണ്ണുനീർ പതിയെ തുടച്ചു…സംശയത്തോടെ വന്നു ഡോർ തുറന്നപ്പോൾ…ദേവൻ സാർ ആയിരുന്നു…

ഒരേ അപ്പാർട്മെന്റിലെ അയൽവാസികൾ കൂടെയാണ് താനും ദേവൻ സാറും…സാറിന്റെ വീടും ദൂരെ എവിടെയോ ആണ്…തന്നെ പോലെ തന്നെ സ്ഥലമാറ്റം കിട്ടി വന്നതാണ് ഇങ്ങോട്ട്…

“”ഇപ്പോളും കരട് കുടുങ്ങിയതാണോ ടീച്ചറെ….””

കുസൃതിയോടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി പറയുന്നത് കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയി….

“”കയറി ഇരിക്കൂ സർ…ഞാൻ ചായ എടുക്കാം…””

വിഷയം മാറ്റാൻ എന്നപോലെ പറഞ്ഞ് ഉള്ളിലേക്ക് നടന്നപ്പോൾ…ആളും പുഞ്ചിരിയോടെ അകത്തേക്ക് വന്ന് സോഫയിൽ ഇരുന്നു….

“”ഉച്ചക്ക് ശേഷം എനിക്കും ക്ലാസ്സ്‌ ഇല്ലായിരുന്നു…അപ്പൊ പിന്നെ ഹാഫ് ഡേ ലീവ് എടുത്ത് ഞാനും ഇങ് പോന്നു….എനിക്ക് കുറച്ച് ഷോപ്പിംഗ് ഉണ്ടായിരുന്നു…ടീച്ചർക്ക് വിരോധമില്ലെങ്കിൽ എന്റെ കൂടെ വരുമോ….അമ്മക്ക് വേണ്ട കുറച്ച് സാധനങ്ങൾ വാങ്ങാൻ ആയിരുന്നു…പെണ്ണുങ്ങൾക്ക് അല്ലേ പെണ്ണുങ്ങളുടെ ടേസ്റ്റ് അറിയൂ….””

ചായ കുടിക്കുന്നതിനിടെ പറയുന്നത് കേട്ടപ്പോൾ സമ്മതം പോലെ തലയാട്ടി….ഇവിടെ ഇരുന്നാൽ ഓർമ്മകൾ തന്നെ കൊല്ലാതെ കൊല്ലുമെന്ന് തോന്നി….സാറിന്റെ കൂടെ ആവുമ്പോൾ സംസാരത്തിനിടക്ക് പലതും ഇത്തിരി നേരത്തേക്കെങ്കിലും മറവിക്ക് വിട്ട് കൊടുക്കും….

“”നമുക്ക് ഇത്തിരി നേരം ബീച്ചിൽ പോയി ഇരുന്നാലോ ടീച്ചറെ??…””

ഷോപ്പിംഗ് കഴിഞ്ഞ് ബീച് റോഡിൽ എത്തിയപ്പോൾ വെറുതെ തന്നോട് ചോദിച്ചു..ഒരുപക്ഷെ താനും അത് ആഗ്രഹിച്ചിരുന്നുവോ എന്ന് അത്ഭുതം തോന്നി പോയി…

“”ദേവൻ സാറ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ??….””

കടലിന്റെ ഇരമ്പുന്ന നിശബ്തതയിൽ ഓർമ്മകൾ പിന്നെയും തന്നെ വലയം ചെയ്യും എന്ന് തോന്നിയപ്പോൾ…തനിക്കരികിലായി ഇരിക്കുന്നവനോട് പതിയെ ചോദിച്ചു….

“”പ്രണയമോ….നല്ല കഥ…നല്ല അസ്സൽ തേപ്പ് കിട്ടിയവനാണ് ടീച്ചറെ ഞാൻ. അതിന്റെ പേരിൽ ഇന്നും നീറി ജീവിക്കുന്നവൻ…””

അവന്റെ ചുണ്ടിൽ എന്നെത്തെയും പോലെ ഒരു കുസൃതി ചിരി വിരിഞ്ഞു. അവളുടെ സംശയത്തോടുള്ള നോട്ടം കാൺകെ…അവൻ പതിയെ തുടർന്നു….

“”പക്ഷെ… സ്നേഹിച്ചവൾക്ക് വേണ്ടി അല്ല ട്ടോ…ഞാൻ നീറുന്നത്..അവൾ ഒന്ന് കെട്ടി ഇപ്പോൾ ഒരു കുഞ്ഞും ഉണ്ട്….പക്ഷെ ഞാൻ വേദനിക്കുന്നത്…ഞാൻ കാരണം ജീവിതം തകർന്ന ഒരു പെൺകുട്ടിയുണ്ട്…എനിക്ക് പറ്റിയ ഒരു തെറ്റ്…തിരുത്താൻ ആവാത്ത തെറ്റ്…അവളെ ഓർത്ത് വേദനിക്കാത്ത നിമിഷമില്ല എന്റെ ജീവിതത്തിൽ….””

ദൂരെ കാണാപുറം നോക്കി അവൻ പറഞ്ഞു തുടങ്ങി…ചങ്ക് പറിച്ചാണ് ഞാൻ രേണുവിനെ സ്നേഹിച്ചത്…അമ്മാവന്റെ മോൾ ആയിരുന്നു….അച്ഛൻ ഇല്ലാത്ത കുട്ടി എന്ന് തോന്നാതെ ഇരിക്കാനായി എന്നും ചേർത്ത് പിടിച്ചിട്ടേ ഉണ്ടായിരുന്നുള്ളു…സ്ഥിരം തേപ്പ് കഥകളിലെ പോലെ…ജോലി ആയി സ്വന്തം കാലിൽ നിൽക്കാൻ ആയപ്പോൾ അവൾക്കെന്നെ വേണ്ട…വേറെ കൂടെ പഠിച്ച ഒരുത്തനെ കെട്ടി….അതിന്റെ പേരിൽ ക ള്ളും ക ഞ്ചാവും അടിച്ചു കുറച്ച് കാലം നടന്നു….പിന്നീട് ബോധം വന്നപ്പോൾ…അതെല്ലാം നിർത്തി…ടീച്ചർ ഇന്ന് കാണുന്ന ദേവൻ ആയി മാറി…പക്ഷെ അതിനിടക്ക് പറ്റിയ ഒരു തെറ്റ്…തിരുത്താൻ ആവില്ല എന്നറിഞ്ഞിട്ടും…കാണുകയാണെങ്കിൽ കാലിൽ വീണ് മാപ്പ് പറയണം എന്ന് തോന്നിയ ഒരുവൾ…പറ്റുമെങ്കിൽ ആൾക്കും സമ്മദമെങ്കിൽ ജീവിതത്തിലേക്ക് കൂടെ കൂട്ടണം…മുഖം പോലും കാണാത്ത ഒരുവൾ.. നിറഞ്ഞ പേടമാൻ മിഴിയുള്ളവൾ…

“”അതെങ്ങെനെ…അപ്പൊ സാറിന് അവളോട് പ്രണയമാണോ??….””

രുദ്രയുടെ കണ്ണിൽ ആകാംഷ നിറഞ്ഞു….

“”ആവോ അറിയില്ല…പക്ഷെ ഒന്നറിയാം…കുറ്റബോധത്തിനപ്പുറം ഇന്നവൾ എന്റെ ഉറക്കം കെടുത്തുന്നു…വർഷങ്ങൾ പിന്നിട്ടിട്ടും ആൾക്കൂട്ടത്തിൽ ഇന്നുമവളെ ഞാൻ തിരയുന്നു…പിന്നെ…””

“”പിന്നെ??…””

“”പലപ്പോഴും ഞാൻ അവളെ മറ്റൊരുവളിൽ കാണുന്നു…””

“”അതെങ്ങെനെ??…””

“”അതൊക്കെ ഉണ്ട് ടീച്ചറെ….ജീവിതം അങ്ങനെ അല്ലേ…ടീച്ചറുടെ കണ്ണിൽ ഇടക്ക് കരട് വീഴുന്നത് പോലെ…””

അവന്റെ ചുണ്ടിലെ ചിരി അവളിലേക്കും പടർന്നു….അവന്റെ മേൽ ഉള്ള നോട്ടം മാറ്റി…കടലിലേക്ക് ഉറ്റു നോക്കിയവൾ….

“”ടീച്ചറുടെ പ്രണയവും നഷ്ടം ആയിരുന്നു ല്ലേ…””

അവന്റെ ചോദ്യത്തിന് പതിയെ ഒന്ന് പുഞ്ചിരിച്ചു….

“”അതേ…വേദനയുള്ള….സുഖമുള്ള….ഒരു നഷ്ടപ്രണയം…..””

ദൂരേക്ക് നോക്കിയവൾ പറഞ്ഞു തുടങ്ങി….അവളുടെ വാക്കുകൾക്ക് അവൻ കാതോർത്തു…..

എനിക്കും ഇത് പോലുള്ള പ്രണയം ആയിരുന്നു സർ…മുറചെക്കൻ ആയിരുന്നു വിച്ചേട്ടൻ…എന്നെ ജീവന് തുല്യം സ്നേഹിച്ചിരുന്നവൻ….എന്റെ മുഖമൊന്ന് വാടിയാൽ അറിഞ്ഞിരുന്നവൻ….ഒടുവിൽ സാറിന്റെ രേണുവിന്റെ പോലെ…വിച്ചേട്ടന് മുൻപിൽ തേപ്പ്കാരിയായി മാറി….വിച്ചേട്ടന്റെ രുദ്രക്ക് വിച്ചേട്ടനെ വേണ്ടാതായി..

അവളുടെ സ്വരം ഇടറി….കണ്ണുകൾ പെയ്യാൻ വെമ്പി…പതർച്ചയോടെ അവൾ കണ്ണുനീരിനാൽ കാഴ്ച മറക്കും മിഴികളോടെ ആർത്തിരമ്പി വരുന്ന തിരമാലകളിലേക്ക് മിഴിവുറ്റി…..

***********

തിരികെ ഫ്ലാറ്റിലേക്ക് വരുമ്പോൾ ഇരുവർക്കുമിടയിൽ മൗനം സ്ഥാനം പിടിച്ചിരുന്നു…കരഞ്ഞു വീർത്ത രുദ്രയുടെ കൺപോളകൾ പറയുന്നുണ്ടായിരുന്നു…ഭൂതകാലം അവനായി പറഞ്ഞു കൊടുത്തു എന്നത്….

അപ്പാർട്മെന്റിന് താഴെയുള്ള..പാർക്കിങ്ങിൽ എത്തിയപ്പോൾ…രുദ്ര പതിയെ അവനെയൊന്ന് നോക്കി…

“”ദേ സാറിന്റെ കണ്ണിലും കരട് വീണോ??… “”

രുദ്ര ഉള്ളിലെ വേദന മറന്ന്…കരഞ്ഞു കലങ്ങിയ ദേവന്റെ കണ്ണുകൾ നോക്കി കുസൃതിയോടെ ചോദിച്ചു…

അവൻ നിറഞ്ഞു തൂക്കിയ കണ്ണുകളാൽ അവളെയൊന്നു നോക്കി…പിന്നീട് പതർച്ചയോടെ നോട്ടം പുറത്തേക്ക് മാറ്റി…

“”എന്റെ കഥ കേട്ടിട്ട് ഇത്രയും സങ്കടം വന്നോ സർ…എല്ലാം വിധിയാണ് സർ…ആഗ്രഹിച്ചത് അർഹിക്കാത്തവളാണ് ഞാൻ…. ദൈവത്തിന് പോലും വേണ്ടാത്തവൾ… “”

അവളൊന്നു വിതുമ്പി…അവൻ ഒന്നും മിണ്ടിയില്ല…പതിയെ വേദന നിറഞ്ഞൊരു പുഞ്ചിരി മാത്രം സമ്മാനിച്ചു…

തിരികെ റൂമിൽ എത്തിയതും അവൾ പതർച്ചയോടെ സോഫയിലേക്ക് വീണു. പോയകാലങ്ങൾ മനസ്സിലേക്ക് ഓടിയെത്തി…

“”ഏയ്യ്…ശരണ്യ എന്ത് രസം ആയിരുന്നു ല്ലേ…മ്യൂസിയം കാണാൻ….അവിടെന്ന് പോരാനെ തോന്നുന്നില്ലായിരുന്നു…””

ടൂർ പോയ ഇടത്ത്.. രാത്രി ഫുഡ്‌ കഴിച്ചു…കൈ കഴുകാനായി പോകുമ്പോൾ ശരണ്യയോട് സംസാരിച്ചു വരുമ്പോൾ ആയിരുന്നു..രണ്ടു ആളുകൾ അവർക്ക് കുറുകെ നിൽക്കുന്നത് ശ്രദ്ധിച്ചത്…മറ്റുള്ള കുട്ടികൾ കഴിച്ചു എഴുന്നേറ്റിട്ടില്ലാത്തത് കാരണം…ആരും അത് കണ്ടിരുന്നില്ല…ഒഴിഞ്ഞു മാറി നടന്നപ്പോൾ…ശരണ്യയോട് അനാവശ്യം പറയുന്നത് കേട്ടു….ദേഷ്യം ഇരിച്ചു കയറി…അവരുടെ കൂട്ടത്തിൽ ഒരുത്തന്റെ കരണം നോക്കി ഒരെണ്ണം കൊടുത്തു…

“”നിനക്കുള്ളത് തരും ഞാൻ….നോക്കിയിരുന്നോ…””

എന്നയാൾ കൈ മുഖത്തോട് ചേർത്ത് പറയുമ്പോൾ ഒരിക്കലും വിചാരിച്ചില്ല തന്റെ സ്വപ്നങ്ങളെ അയാൾ നിമിഷനേരം കൊണ്ട് തല്ലി തകർക്കുമെന്ന്…

“”ഏയ്യ്…ശരണ്യ…ഞാൻ എന്റെ ഹാൻഡ് ബാഗ്…കഴിച്ച ഹോട്ടലിൽ വച്ച് മറന്നു. നീ റൂമിലോട്ട് പൊക്കോ…ഞാൻ എടുത്തിട്ട് ഇപ്പൊ വരാം…””

“”ടാ ഒറ്റക്ക് പോവണ്ട…ഞാനും വരാം…””

“”ഏയ്യ്…വേണ്ട ടാ…അല്ലേലെ ലേറ്റ് ആയി…നീ എനിക്ക് വേണ്ടി അറ്റെൻഡന്റ്സ് ഒപ്പിട്ടാൽ മതി…അപ്പോഴേക്കും എടുത്ത് ഞാൻ എത്തിക്കോളാം…””

ശരണ്യയോട് പറഞ്ഞു…ബാഗ് എടുക്കാനായി തിരികെ ഹോട്ടലിലേക്ക് പോകുമ്പോൾ വഴികൾ വിജനമായിരുന്നു….ബാഗും എടുത്ത് തിരിഞ്ഞതെ ഓർമയുള്ളു…എന്തോ മുഖത്തിന്‌ കുറുകെ വീഴുന്നതും താൻ ബോധം മറയുന്നതും അറിഞ്ഞു….

പിന്നീട് ബോധം വീഴുമ്പോൾ…വായമൂടി കെട്ടി ഒരു ഇരുൾ വീണ മുറിയിൽ…ഒന്നങ്ങാൻ പോലുമാവാതെ…ഏറെ നേരത്തിന് ശേഷം വന്ന ഒരുവൻ….ആ മ ദ്യത്തിന്റെ ഗന്ധം….ആ വിയർപ്പ് തുള്ളികൾ…വായിൽ തിരുകിയ തുണിക്കിടയിലൂടെ അലറി വിളിച്ചു കരഞ്ഞു..

കല്യാണം കഴിഞ്ഞു ആദ്യരാത്രി….വിച്ചേട്ടൻ മാത്രം കാണണം എന്നാഗ്രഹിച്ച തന്റെ ശരീരം..നാണത്തോടെ വിച്ചേട്ടനായി മാത്രം നൽകേണ്ട തന്റെ ശരീരം…ആരോടോ ഉള്ള വാശി പോലെ ക ടിച്ചു കീ റുന്നത് ഒന്നങ്ങാൻ പോലുമാവാതെ ഒഴുകുന്ന കണ്ണുനീരോടെ നോക്കി കിടന്നു….ആ മുഖം പോലും ഇരുട്ടിൽ ഒന്ന് കാണാതെ…ആ ഗന്ധം മാത്രം അറിഞ്ഞു…ആ ബലിഷ്ഠമായ കൈകൾ തന്നെ വല്ലാതെ തളർത്തിയിരുന്നു….ഒടുവിൽ കിതപ്പോടെ തന്നിലേക്ക് വീഴുന്നതിനോടൊപ്പം…അയാൾ തനിക്കായി നീട്ടിയ നോട്ട്കെട്ടുകൾ കാൺകെ ചെറുതേങ്ങലുകൾ പുറത്തേക്ക് ഉതിർന്നു വന്നു….

അല്പനേരത്തിന് ശേഷം…അയാൾ മുറിവിട്ട് പോയപ്പോൾ…എങ്ങനെയെങ്കിലും ആ മുറിയിൽ നിന്ന് പുറത്ത് കടക്കണം എന്നെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ഒരുപക്ഷെ അയാളെ പോലെ ഇനിയും പലരും വരുന്നതിന് മുൻപ്…എങ്ങോട്ടെങ്കിലും പോകണം….

അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങൾ വാരിചുറ്റി…വേച് വേച്…അവിടെന്ന് പോകുമ്പോൾ…മനസ്സ് ആർത്തു വിളിക്കുകയായിരുന്നു…വിച്ചേട്ടന്റെ ചിരിച്ച മുഖം മനസ്സിലേക്ക് തെളിഞ്ഞു വന്നു….

“”ഏയ്യ്…രുദ്രേ….നീയിത് എവിടെ ആയിരുന്നു??… “”

തന്നെ കണ്ടപാടെ ശരണ്യയുടെ ചോദ്യത്തിന് പൊട്ടിക്കരച്ചിലോടെ ആ മാറിലേക്ക് വീണു…ഇനിയെന്ത് എന്ന ചോദ്യം മാത്രം ബാക്കിയാക്കി….

“”എന്താ അമ്മേടെ കുട്ടിക്ക്…ടൂർ പോയി വന്നപ്പോൾ മുതൽ അമ്മ ശ്രദ്ധിക്കാണതാ…””

അടച്ചിട്ട മുറിക്കുള്ളിൽ ഇരിക്കുമ്പോൾ വാത്സല്യത്തോടെ വന്നു ചോദിച്ചപ്പോൾ പറയാതിരിക്കാൻ ആയില്ല….എല്ലാം കെട്ട് കഴിഞ്ഞതും…പൊട്ടിക്കരഞ്ഞു ചേർത്ത് പിടിക്കാനേ ആ പാവം സ്ത്രീക്ക് കഴിഞ്ഞുള്ളു…

“”നീയെന്താ വീട്ടിലേക്ക് വരാത്തത് രുദ്രേ…എത്ര ദിവസായി ഞാൻ കാത്ത് ഇരിക്കുന്നു ന്ന് അറിയുമോ…. “”

ഒഴിഞ്ഞു മാറി നടന്നതിനവസാനം…കോളജിലേക്ക് തിരഞ്ഞു വന്ന വിച്ചേട്ടൻ കുട്ടികൾക്കിടയിൽ നിന്നും കയ്യിൽ കയറി പിടിച്ചു കൊണ്ട് ചോദിച്ചു…

“”കാത്തിരിക്കാൻ മാത്രം നിങ്ങൾ എന്റെ ആരാ…പറയ്….ആരാന്ന്…””

കൈ തട്ടിയെറിഞ്ഞു…വിച്ചേട്ടന് നേരെ കയർക്കുമ്പോൾ….മനസ്സിൽ താൻ ആയിരം തവണ മരിച്ചു കഴിഞ്ഞിരുന്നു….

പിന്നീട് പലതവണകളിലായി തന്നോടായി സംസാരിക്കാൻ വരുന്ന വിച്ചേട്ടനെ ഒരോ വാക്കുകൾ കൊണ്ടും വേദനിപ്പിച്ചു….ഒടുവിൽ..ഒരുവനെ വിച്ചേട്ടന് മുൻപിൽ കാണിച്ചു കൊടുത്തു വീറോടെ പറഞ്ഞു….

“”എന്റെ പ്രണയം ഇവനാണ്…പേര് വൈശാഖ്…എന്ന്….””

മുഖത്ത് കിട്ടിയ പ്രഹരത്തെക്കാൾ…തന്നെ വേദനിപ്പിച്ചത്…ആ നിറഞ്ഞ കണ്ണുകൾ ആയിരുന്നു…വിശ്വസിപ്പിക്കാനായി പലതും ചെയ്തു…ഉറ്റ സൗഹൃദമായ വൈശാഖുമായി.താൻ പ്രണയത്തിൽ ആണെന്ന് വരുത്തി തീർത്തു…ഒടുവിൽ അമ്മായിക്കും അമ്മാവനും താൻ ഒരു ശത്രുവിനെ പോലെയായി…മനസ്സാകെ മരവിച്ചിരിക്കുമ്പോൾ ആയിരുന്നു…ഇവിടെ പഠിപ്പിക്കാൻ ഒരാളെ വേണമെന്ന് അറിഞ്ഞത്…ഒരു വാക്കൻസി ഉണ്ട് എന്നറിഞ്ഞത്…അവിടെ നിന്ന് എങ്ങെനെയെങ്കിലും മാറി നിൽക്കണം എന്നെ അന്ന് മനസ്സിൽ ഉണ്ടായിരുന്നുള്ളു…പിന്നീട് ആരുടേയും സമ്മതത്തിനായി കാത്തിരുന്നില്ല…ഇവിടേക്ക് വന്നിട്ടും…വിച്ചേട്ടന്റെ ഓർമകളും…ആ ബലിഷ്ഠമായ കൈകളും…ആ ഗന്ധവും തളർത്തിയ…രണ്ട് വർഷങ്ങൾ…..

പിന്നീട്…ദേവൻ സാർ വന്നതിന് ശേഷമാണ്…ആ സൗഹൃദം തനിക്കായി കിട്ടിയതിൽ ശേഷമാണ്…പലതും താൻ മറക്കാൻ പഠിച്ചത്….കഴിഞ്ഞ ദിവസം അമ്മ വിളിച്ചപ്പോൾ ആണ് അറിയുന്നത്…വിച്ചേട്ടന്റെ കല്യാണം ആണ് എന്ന്…മനപ്പൂർവം തന്നോട് പറയാൻ വൈകിപ്പിച്ചതാണ് പാവം…ഇനിയും വേദന നൽകേണ്ട എന്നോർത്ത്…

മൂന്ന് വർഷം വേണ്ടി വന്നു…ആ മനസ്സിൽ നിന്ന് തന്നെ വേരോടെ പിഴുത് എറിയാൻ എന്ന് തോന്നുന്നു…അറിയാതെ ചുണ്ടിൽ ചെറുചിരി വിരിഞ്ഞു. വേദന നിറഞ്ഞ ചെറുപുഞ്ചിരി….

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉറക്കത്തിൽ നിന്ന് ഉണരുന്നത്…ഇന്നലെ ഓർമകളുടെ തടവറയിൽ നിന്നെപ്പോളോ ഉറക്കത്തിലേക്ക് വഴുതി വീണതായിരുന്നു…

“”കുഞ്ഞാ അച്ഛൻ…നീ വേഗം ഒന്ന് വായോ..””

കണ്ണീരോടെയുള്ള അമ്മയുടെ സ്വരം കേൾക്കെ കൈകൾ വിറച്ചു…കണ്ണുകൾ നിറഞ്ഞു…സൈലന്റ് അറ്റാക്ക് ആണെത്രേ..തന്നെ കാണണം എന്ന് വാശി പിടിക്കുന്നു…

മിഴിനീരോടെ എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നപ്പോൾ….ഓർമവന്ന മുഖം ദേവൻ സാറിന്റെ ആണ്….

“”എന്താ ടീച്ചറെ…എന്തിനാ കരയുന്നെ??””….

ഉറക്കച്ചടവോടെ ഡോർ തുറന്ന് ചോദിക്കുന്നത് കേട്ടപ്പോൾ…അടക്കി നിർത്തിയ കരച്ചിൽ വിതുമ്പലായി പുറത്തേക്ക് വന്നിരുന്നു…

“”ടീച്ചർ വിഷമിക്കാതെ….നമുക്ക് പോയി കാണാം…””

തലയിൽ തലോടി പറയുന്നത് കേട്ടപ്പോൾ…ചുണ്ടുകൾ വീണ്ടും വിതുമ്പി പോയി….ആ നെഞ്ചിൽ അറിയാതെ ചാഞ്ഞു പോയി….

യാത്രയിൽ മുഴുവൻ….ആ ചുളിവ് വീണ മുഖം കാണാനുള്ള ആകാംഷ മാത്രമായിരുന്നു…ഒളിച്ചോട്ടത്തിനിടയിൽ…മനപ്പൂർവം കണ്ടില്ല എന്ന് നടിച്ച രണ്ട് മുഖങ്ങൾ…വീണ്ടും ചുണ്ടുകൾ വിതുമ്പി പോയി…ആ കയ്യിൽ തൂങ്ങി അമ്പലപ്പറമ്പിലൂടെ നടന്നതും…വൈകിട്ട് മുറ്റത്ത് വരുന്ന ആ എം.80 യുടെ ശബ്‌ദത്തിനായുള്ള കാത്തിരിപ്പും ഓർമയിൽ വന്നതും….കണ്ണുകൾ വീണ്ടും പേമാരി പോലെ പെയ്തിറങ്ങി…

“”ഒന്നുമില്ല ടീച്ചറെ…അച്ഛൻ സുഖമായി ഇരിക്കുന്നുണ്ടാവും…””

കയ്യിൽ പിടിച്ചു ആശ്വസിപ്പിക്കുന്ന സാറിനെ കണ്ടതും….ഒരിറ്റ് ആശ്വാസം തന്നിൽ മൂടുന്നതറിഞ്ഞു….

“”അമ്മേ….””

വിതുമ്പലോടെ അമ്മയുടെ മാറിലേക്ക് ചായുമ്പോൾ…ആ ചുളിവ് വീണ കൈകളും വിതുമ്പലോടെ ഐ.സി.യു വിലേക്ക് വിരൽ ചൂണ്ടിയിരുന്നു….

ചുറ്റും കൂടി നിന്നവർക്കിടയിൽ ഒരു നോക്ക് കണ്ടു…വിച്ചേട്ടനെയും…വിച്ചേട്ടന്റെ പെണ്ണിനേയും…ആ കണ്ണുകളിൽ തന്നോട് ദേഷ്യം ഇല്ലാത്ത പോലെ..എന്തോ സഹതാപമാണോ….അതോ തന്റെ തോന്നൽ മാത്രമാണോ…ആവോ അറിയില്ല….

ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടു…കിടക്കയിൽ അവശനായി കിടക്കുന്ന അച്ഛനെ…ആ കൈകളിൽ പിടിച്ചപ്പോൾ..ആ കണ്ണുകളും നിറയുന്നതറിഞ്ഞു…

“”അച്ഛേടെ കുട്ടിക്കും വേണ്ടേ ഒരു ജീവിതം…””

അവശതയോടെ പറയുന്ന സ്വരത്തോട്…വിതുമ്പലോടെ വേണ്ട എന്ന് തലയാട്ടി…

“”അച്ഛ ഇന്ന് വേദനക്കുന്നത് ന്റെ കുട്ടിയെ കുറിച്ചാലോചിച്ചാണ്….അച്ഛേടെ ആഗ്രഹം സാധിച്ചു തരുവോ…അല്ലേൽ ഒരുപക്ഷെ അച്ഛക്ക്…അത് ഒരിക്കലും കാണാൻ പറ്റിയില്ലെങ്കി…””

പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ…ആ ചുണ്ടുകൾ കൈകളാൽ മൂടി…

“”നിക്ക് സമ്മതം ആണച്ഛ….””

എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല…അപ്പോൾ അച്ഛന്റെ മുഖം മാത്രമാണ് മനസ്സിൽ തെളിഞ്ഞത്….

“”കൂടെ വന്ന പയ്യൻ…നല്ലവനാണ്…ദേവൻ എന്നോ മറ്റോ ആണ് പേര്…ആൾടെ വീട്ടിൽ ഒന്ന് പോയി സംസാരിക്കട്ടെ…””

അച്ഛയുടെ അസുഖം ഒന്ന് ബേധമായപ്പോൾ..തന്റെ കല്യാണം ആയി വീട്ടിലെ പ്രധാന ചർച്ച…ദേവൻ സാറിന്റെ പേര് അമ്മയുടെ വായിൽ നിന്ന് വീണപ്പോൾ ഞെട്ടലോടെ ആണ് കേട്ടത്….ഇതറിയുമ്പോൾ സാറിന്റെ പ്രതികരണം ആയിരുന്നു പേടി….

“”എനിക്ക് സമ്മതം ആണ് രുദ്ര ടീച്ചറെ….””

തനിച്ച് കിട്ടിയപ്പോൾ…വിതുമ്പലോടെ തന്റെ അവസ്ഥ പറഞ്ഞപ്പോൾ…ലഭിച്ച മറുപടി തന്നെ ഒരുപാട് തളർത്തുന്ന പോലെ….

“”സാറേ…അപ്പോ ആ പെൺകുട്ടി??…””

“”ടീച്ചറുടെ വിച്ചേട്ടന് ഞാൻ കൊടുത്ത വാക്കാണ്….വിഷ്ണുവിന്റെ രുദ്രാക്ഷയെ വഴിയിൽ കളയില്ല ഈ ദേവൻ എന്ന്…””

പറഞ്ഞ വാക്കുകൾ കേട്ടതും…ഒന്നും മനസ്സിലായില്ലെങ്കിലും…മനസ്സാകെ തളരുന്ന പോലെ….ഒരു പ്രതിമ പോലെ മണ്ഡപത്തിൽ ഇരിക്കുമ്പോളും…ആ താലി കഴുത്തിൽ വീഴുമ്പോളും….തന്നോട് തന്നെ ഒരുപാട് ചോദ്യങ്ങൾ ഉള്ള പോലെ….

“”ടീച്ചർക്ക് ഞാൻ എന്നും നല്ല സുഹൃത്ത് ആയിരിക്കും…””

സീമന്തരേഖയിൽ കുംകുമം അണിയിക്കുമ്പോൾ ചെവിയോരം പറഞ്ഞ വാക്കുകൾ കേൾക്കെ…ചുണ്ടിൽ തന്നോട് തന്നെ തോന്നുന്ന പുച്ഛം നിറഞ്ഞ ചെറുപുഞ്ചിരി വിരിഞ്ഞു….

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…