അതിജീവനം ~ രചന: അബ്ദുൾ റഹീം, പുത്തൻചിറ
നിറഞ്ഞ തടാകത്തിലേക്ക് നോക്കി നീലിമ നെടുവീർപ്പിട്ടു. ഇതിന് ഒരുപാട് ആഴമുണ്ടായിരിക്കണം. കാരണം എന്റെ അമ്മയും ചേച്ചിയും ജീവൻ അവസാനിപ്പിച്ചത് ഇവിടെയാണ്. ഇപ്പോൾ ഞാനും അതാഗ്രഹിക്കുന്നു.അമ്മ അച്ഛന്റെ ഉപദ്രവത്തിൽ നിന്നും രക്ഷ നേടാനും, ചേച്ചി വിശ്വസിച്ച കാമുകൻ വയറ്റിൽ ഒരു സമ്മാനം കൊടുത്തത്കൊണ്ടും. ഇപ്പോൾ എന്റെ ഊഴമാണ്. അമ്മയുടെയും, ചേച്ചിയുടെയും ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച പാടങ്ങൾ എന്റെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ശക്തി നൽകിയിരുന്നു. പക്ഷെ ഒരു പെണ്ണിന്റെ ജീവിതത്തിന് തടസ്സം പുരുഷന്മാർ മാത്രമല്ല. സ്ത്രീകളും കാരണക്കാരാകും. അതിന് ഉദാഹരണമാണ് എന്റെ ജീവിതം.
കല്യാണം വേണ്ട എന്ന എന്റെ തീരുമാനം ഉറച്ചതായിരുന്നു. ജീവിത യാത്രയിൽ അത് കുറച്ചൊക്കെ ആശ്വാസമായിരുന്നു.പക്ഷെ..പ്രായമായിട്ടും വിവാഹം കഴിക്കാത്ത പെണ്ണിനെ നാട്ടുകാർ വേറൊരു രീതിയിലാണ് കാണുന്നത്.
“അവളൊരു പോക്ക് കേസ്സാണ് ” റേഷൻ കടക്കാരൻ രാജൻ ഞാൻ കേൾക്കെ പറഞ്ഞ വാക്കുകൾ. അതിനൊരു കാരണമുണ്ട്. ഒരുനാൾ കുറച്ചു റേഷൻ സാധനങ്ങൾകൂടുതൽ തന്നപ്പോൾ ഞാനതു നിരസിച്ചു.
“കൂടുതൽ കഴിക്ക്… തടി ഇങ്ങട് പോരട്ടെ… ആവിശ്യം വരും …”
അവന്റെ മുന വെച്ചുള്ള വാക്കുകൾക്ക് ചുട്ട മറുടി കൊടുത്തു. “ഇതു നിന്റെ അമ്മക്ക് കൊണ്ടു പോയി കൊടുക്കടാ. അതവിടെ ചാവാൻ കിടക്കല്ലേ ” അതിനു ശേഷം അവന്റെ നോട്ടത്തിൽ ഞാൻ പോക്ക് കേസാണ്.അതവൻ നാട്ടുകാരോട് തരം കിട്ടിയാൽ പറയുമായിരുന്നു.
“ഇവളുടെ വീട്ടിൽ ഇന്നലെ രാത്രിയും ഒരാൾ വന്നു പോയിരുന്നു .”ഓട്ടോ ഓടിക്കുന്ന സുലൈമാൻ മറ്റുള്ളവരോട് ഇടയ്ക്കിടെ പറയുന്ന വാക്കുകൾ. അവനും ഒരുനാൾ എന്റെ ഒരു രാത്രി വേണമായിരുന്നു. ഇപ്പോൾ അവന്റെ കണ്ണിലും ഞാൻ ദുർനടപ്പ് കാരിയാണ്.
പലരും ഞാൻ കേൾക്കെ പലതും പറയും.എല്ലാം ചിരിച്ചു കൊണ്ട് തള്ളിക്കളഞ്ഞു. കാരണം ഇതു ജീവിതമാണ്. അതും ആരുമില്ലാത്ത പെണ്ണിന്റ അതിജീവനം.എനിക്ക് ജീവിക്കണം അതിന് എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തിയെടുത്തിരുന്നു. പക്ഷെ… അവൾ… അവളാണ് എന്റെ ജീവിതത്തിന്റെ അവസാനം ആഗ്രഹിക്കുന്നത്.
‘മായ’… അവൾക്ക് വേണ്ടത് എന്റെ മരണമാണ് . അതിനു കാരണമോഅവളുടെ ഭർത്താവിനെ ഞാൻ മയക്കിയുടുത്തതാണെന്നു പോലും . രാജീവൻ..അതാണ് അവന്റെ പേര്..ആദ്യമായി ഒരു പുരുഷനിൽ ഒരു നല്ല ഹൃദയമുണ്ടന്ന് കാണിച്ചു തന്നവൻ. സഹോദരനായി കൂടെ നിന്നവൻ. പെണ്ണിന്റെ ശരീരത്തിനേക്കാൾ മനസ്സിന് ഭംഗിയുണ്ടന്ന് പറഞ്ഞവൻ.ഒരേ ഓഫിസിൽ ഒരുമിച്ചു ജോലി ചെയ്യുമ്പോഴുണ്ടായ പരിചയം. ആദ്യമൊക്കെ അകന്നു നിന്നെങ്കിലും, ആരുമില്ലന്നറിഞ്ഞ തനിക്ക് സഹോദരനായി കൂടെയുണ്ടന്ന് പറഞ്ഞവൻ
പക്ഷെ കൂടെ ജോലി ചെയ്യുന്ന വേറൊരുത്തൻ കൂടെ കിടക്കാൻ വിളിച്ചപ്പോൾ അറിയാതെ കൈ അവന്റെ മുഖത്തു പതിച്ചു.അവന്റെ ശപഥമായിരുന്നു എന്റെ നാശം. അതിൽ അവൻ വിജയിച്ചു എന്നു തന്നെ പറയാം.
ഒരുനാൾ പറയാതെ വന്ന അതിഥിയായിരുന്നു മായ.വന്നപാടെ മുഖമടിച്ചു ഒരു അടിയായിരുന്നു.പിന്നെ ഒരുപാട് ചീത്ത വിളികളും.പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ അവൾ തയ്യാറായില്ല. എങ്കിലും പിടിച്ചു നിന്നു. പക്ഷെ വീണ്ടും വീണ്ടും അവളുടെ വരവിനെ നിയന്ത്രിക്കാൻ രാജീവിന് കഴിയുമായിരുന്നില്ല. ഓരോ വരവിലും ഒരുപാട് ശാപവാക്കുകൾ അവളുടെ വായിൽ നിന്നും കേൾക്കുമായിരുന്നു.ഞാൻ കാരണം രാജീവന്റ ജീവിതം പോലും തകർന്നു.ഒരിക്കൽ ആരും കാണാതെ കരയുന്ന രാജീവിനെയാണ് കണ്ടത്.
ഇന്നും അവൾ വന്നിരുന്നു.ശാപങ്ങൾ ഒരുപാട് ചൊരിഞ്ഞു.അവസാനം അവൾ പറഞ്ഞ ആ വാക്ക്… “പി ഴച്ചവൾ ” ആണുങ്ങളുടെ വായിൽ നിന്നും ഒരുപാട് കേട്ടിട്ടുണ്ടങ്കിലും ഒരു പെണ്ണിന്റെ വായിൽ നിന്നും ആദ്യമായാണ് കേട്ടത്.ഇനി അതു കേൾക്കുവാൻ വയ്യ….
ഇപ്പോൾ ഈ അഴങ്ങളിൽ ഞാൻ പതിക്കുമ്പോൾ നാളെ മുതൽ നാട്ടുകാർക്ക് പറഞ്ഞു നടക്കാൻ ഒരു വാർത്തയായി.അവൾക്ക് വയറ്റിലുണ്ടന്നും, അല്ലങ്കിൽ അവൾ വഴി പിഴച്ചവളാണെന്നും. ഒരു കാര്യം നിങ്ങൾ ഓർമ്മയിൽ വെയ്ക്കണം
നിങ്ങളുടെ വീട്ടിലും ഒരു പെണ്ണുണ്ടന്ന്. അമ്മയായും, ഭാര്യയായും, അനുജത്തിയായും. ഒരു നാൾ അവൾക്ക് സംഭവിക്കുന്നതെ എനിക്ക് സംഭവിച്ചിട്ടുള്ളു….മനസ്സ് കൊണ്ട് പോലും ഞാൻ പിഴച്ചവളല്ല.പക്ഷെ ഞാനിത് ആരെയും ബോധ്യപ്പെടുത്തുന്നില്ല.ഈ നാട് എന്നെപോലെയുള്ളവരെ ജീവിക്കാൻ സമ്മതിക്കില്ല.
ആഴങ്ങളിൽ പതിക്കുമ്പോൾ അവളതു കണ്ടു. മിന്നി മറയുന്ന രണ്ടു മുഖങ്ങൾ. അമ്മയെയും ചേച്ചിയെയും. അവരുടെ മുഖത്തെ സന്തോഷത്തെയും….
********
കണ്ണു തുറന്ന് നോക്കുമ്പോൾ ആദ്യം കണ്ടത് രാജീവന്റെ മുഖമായിരുന്നു കൂടെ മായയുമുണ്ട് .അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.ചുറ്റുപാടും നോക്കിയപ്പോൾ ആശുപത്രിയിലാണെന്ന് മനസ്സിലായി.
“എന്നോട് ക്ഷമിക്കണം… അറിയാതെ എന്തൊക്കെയോ പറഞ്ഞു. താൻ മരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.. ഒരു ഭർത്താവിനെ കുറിച്ചു കേൾക്കാൻ പാടില്ലാത്തത് കേട്ടപ്പോൾ “… ചുണ്ടുകൾ വിതുമ്പിക്കൊണ്ട് മായ പറഞ്ഞു നിറുത്തി.
“എന്താടോ.. താൻ ഇങ്ങനെ ചെയ്തേ… ഞാൻ വിചാരിച്ചു താൻ സ്ട്രോങ്ങ് വുമൺ ആണെന്നാണ്”… രാജീവൻ ചിരി വരുത്തുക്കൊണ്ട് പറഞ്ഞു.
“എന്തായാലും ഞങ്ങൾ ആ വഴി വന്നത് നന്നായി. അല്ലങ്കിൽ..തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾക്കത് തീരാ നോവായേനെ “അതും പറഞ്ഞു രാജീവൻ മായയെ നോക്കി… രാജീവന്റെ നോട്ടത്തെ നേരിടാനാവാതെ മായ നോട്ടം മാറ്റി നീലിമയെ നോക്കി. മായയുടെ ചുണ്ടുകൾ മാപ്പ് എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു…എല്ലാം കണ്ടു നീലിമയുടെ കണ്ണുകൾ നിറഞ്ഞു….
(ചില ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്….എല്ലാം സഹിച്ചും, ക്ഷമിച്ചും ജീവിക്കുന്നവർ… അവർ നമ്മുടെ ചുറ്റും ധാരാളമുണ്ട്. അവർ അതി ജീവനത്തിന്റെ പാതയിലാണ്. )