കഴുകിയാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ഞാനതെടുത്തു കത്തിക്കും…

ആൺമക്കളുടെ ഉമ്മ

രചന: സൗമ്യ മുഹമ്മദ്

“നാളെ മുതൽ ഞാനീ വീട്ടിൽ ആരുടേം അ ടിവസ്ത്രം കഴുകൂല്ല.”

ഒരുകയ്യിൽ കത്തിയും ഫിംഗർ ക്യാപ് ഇട്ട മറുകയ്യിൽ ഒരു പിടുത്തം ബീൻസും പിടിച്ച് അടുക്കളയിൽ നിന്നും സ്വീകരണ മുറിയിലേക്ക് വന്ന് നബീസു അത് പറയുമ്പോൾ കുടിച്ചോണ്ടിരുന്ന കട്ടൻകാപ്പി തൊണ്ടയിലേക്കിറക്കാതെ കെട്ട്യോൻ അബ്ദു അവളെ നോക്കി.

നബീസുവിന്റെ രണ്ട് ആണ്മക്കളിൽ മൂത്തവൻ ചെയ്തോണ്ടിരുന്ന രാവിലത്തെ കസർത്തു നിർത്തി നടു വിലങ്ങിയിട്ടെന്ന പോലങ്ങനെ രണ്ടു കയ്യും തറയിൽ കുത്തി അങ്ങനെ തന്നെ നിന്നു.

രാവിലെ തന്നെ ഫേസ്ബുക്കിലും, വാട്സ്ആപ്പിലും സന്ദേശവും അയച്ച് ലൈക്കെണ്ണി അലഞ്ഞു നടന്നുകൊണ്ടിരുന്ന രണ്ടാമൻ സർവ്വം വിസ്മരിച്ചങ്ങനെ ഉമ്മാനെ തന്നെ നോക്കിയിരുന്നു.

“നിങ്ങളെന്താണിങ്ങനെ കുന്തം വിഴുങ്ങിയ പോൽ എന്നെ തന്നെ നോക്കുന്നത്.

ഞാൻ പറഞ്ഞത് മനസ്സിലായില്ലേ എനിക്കിനി നിങ്ങളുടെ ആരുടേം ജെ ട്ടി കഴുകാൻ പറ്റൂല്ലാന്ന് “.

“അല്ല നബീസു! നിനക്കെന്താണ് ഈ രാവിലെ തന്നെ ഇങ്ങനൊരു മനം മാറ്റം?”.

കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തോളമായി അവൾ കഴുകി ഉണക്കി തന്ന അ ടിവസ്ത്രങ്ങളുടെ വാസന മനസ്സിലേക്ക് വന്നതും അയാൾ ദയനീയമായി ചോദിച്ചു.

നബീസു അതിനു മറുപടി പറയുന്നേനും മുന്നേ ഇളയവൻ അബ്ദുവിനോടായി ചിരിയോടെ പറഞ്ഞു “ഉമ്മാക്ക് ഫെമിനിസ്റ്റ് ബാധ കൂടീന്നാണ് തോന്നണത്. ഞാൻ അപ്പഴേ ഉപ്പാനോട് പറഞ്ഞതല്ലേ…ആ ഫേസ് ബുക്കൊന്നും ഉമ്മാടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണ്ടാന്ന്.”

“നീ ഒന്നു പോടാ!! അതൊന്നുമല്ല. നബീസുമ്മ നമ്മളെ രാവിലെ തന്നെ ഒന്നു ചൂടാക്കാൻ വേണ്ടി പറയണതല്ലേ.?”

മൂത്തവൻ ഉമ്മാന്റെ കഴുത്തിൽ കൈ ചുറ്റി കവിളിൽ തൊട്ടു.

“ഞാനാരേം ചൂടാക്കാനും തണുപ്പിക്കാനും ഒന്നും പറഞ്ഞതല്ല. ഇന്നു മുതൽ ഈ വീട്ടിൽ എഴുന്നേറ്റ് നടക്കുന്ന ആരുടേം അ ടിവസ്ത്രങ്ങൾ ഞാൻ കഴുകൂല്ല. “

അവൾ കട്ടായം പറഞ്ഞു.

ഉമ്മ പറഞ്ഞാൽ പറഞ്ഞതാണ്. മൂത്തവൻ റൂട്ട് അല്പം മാറ്റിപ്പിടിച്ചു. “നന്ദി വേണം ഉമ്മാ….നന്ദി!!

ഞാനല്ലേ ഉമ്മാനെ എവിടെ വേണേലും എന്റെ ബുള്ളറ്റിൽ കേറ്റി കൊണ്ടു പോകുന്നത്.”

“ഓ! വെല്യ കാര്യായി പോയി. നീ എന്നെ തലയിൽ ചുമന്നോണ്ടൊന്നും അല്ലല്ലോ പോണത്?”നബീസു അവനെ നോക്കി ചോദിച്ചു.

“ഇന്നാള് ഉമ്മാക്ക് കൈ മുറിഞ്ഞിരുന്നപ്പോൾ ആരാണുമ്മാ പാത്രം കഴുകിതന്നത്.
കൈ വേദനയാണെന്നും പറഞ്ഞ് മടി പിടിച്ച് എത്ര തവണ ഉമ്മ എന്നേം കൊണ്ട് തേങ്ങ ചിരണ്ടിച്ചേക്കുന്നു.”

ഇളയവൻ മുഖപുസ്തകം അടച്ച് കണക്കു പുസ്തകം തുറന്നു.

“ആ!! അതാണ് പറഞ്ഞത് ഇത്രേം പണിയൊക്കെ ചെയ്യുന്ന നിങ്ങൾക്ക് ഒരു ജെ ട്ടി കഴുകിയിടുന്നത് വളരെ നിസ്സാരമാണെന്നേ..”. അടുക്കളയിൽ നിന്നും ഇറച്ചിക്കറിയുടെ അവസാന വിസ്സിലും കേട്ടപ്പോൾ

” എനിക്ക് വേറെ പണിയുണ്ടെന്നും” പറഞ്ഞ് അവൾ അവിടുന്നും പിന്മാറി.

മക്കളുടേം അവരുടെ ഉമ്മാന്റേം അങ്കം മുഴുവൻ കണ്ടു കൊണ്ടിരുന്ന അബ്ദു വീണ്ടും ഓർത്തു “എന്തെ ഇവൾക്കിങ്ങനൊരു മനം മാറ്റം? “

പത്തൊൻപതാം വയസ്സിൽ തന്റെ മണവാട്ടിയായി ഇങ്ങോട്ട് കയറി വന്ന നബീസു അധികം വൈകാതെ തന്നെ എല്ലാരേം കൊണ്ടു മിടുക്കി, വകതിരിവുള്ളവൾ എന്നൊക്കെ പറയിപ്പിച്ചു. കയ്യിലെ മൈലാഞ്ചി ചോപ്പ് മായുന്നേനും മുന്നേ ഇവിടുള്ളോരുടേം തന്റേം അടിവസ്ത്രങ്ങൾ ഉൾപ്പെടെ വാരി കൂട്ടി തന്റെ ഉമ്മാന്റൊപ്പം ആറ്റിൻ കടവിലേക്ക് പോകുമായിരുന്നു അവൾ. എന്നിട്ടും അവളെന്താണ് ഇപ്പോൾ ഇങ്ങനെ പറയാൻ കാരണം.

അബ്ദു ചിന്തയോടെ പത്രത്തിൽ നിന്നും തല ഉയർത്തീത് നബീസുവിന്റ നേരെയാണ്. “അതേ! ഞാൻ അങ്ങനെ പറയാൻ കാരണം എന്താന്നറിയോ?”

അബ്ദു ചോദ്യ ഭാവത്തിൽ അവളെ നോക്കി.

“നമ്മുടെ തെക്കേലെ ആരിഫാന്റെ മൂത്ത പെങ്കൊച്ചില്ലേ ജാസ്മിൻ, അവള് പുതിയപ്പിളേടെ വീട്ടീന്ന് പിണങ്ങി പൊന്നു “.

അബ്ദു ചെറുതായൊന്നു മൂളി. “അവിടുള്ളോരുടെ അ ടിവസ്ത്രം മുഴുവൻ കഴുകാൻ അവളേം കൊണ്ട് പറ്റൂല്ലാന്ന്.” ഇക്കുറി അയാൾ വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ നിന്നും തല ഉയർത്തുക തന്നെ ചെയ്തു. നബീസു തുടർന്നു.

“അവളങ്ങനെ തീർത്തു പറഞ്ഞതോടെ അമ്മായി തള്ള അതേറ്റുപിടിക്കേം പിന്നെ അത് വെല്യ പ്രശ്നം ആവോം ചെയ്തൂന്നാണ് അപ്പുറത്തെ കൗസല്യ ചേച്ചി പറഞ്ഞത്.”

“എന്നിട്ട് ജാസ്മിന്റെ വാപ്പ എന്തു പറഞ്ഞു”.അബ്ദു ചോദിച്ചു. “എന്ത് പറയാൻ!

എന്റെ മോൾക്ക്‌ ഇഷ്ടമല്ലേൽ നമുക്കതിനു പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞൂന്ന്.”

ഒരു ദീർഘശ്വാസത്തിനു ശേഷം ” പെൺപിള്ളേരെ ഇന്നത്തെ കാലത്ത് പൊന്നു പോലെയാണ് ആൾക്കാര് വളർത്തുന്നത്. കരളിന്റെ കഷ്ണം പോലെ അവളെ വളർത്തുന്നത് മറ്റുള്ളവരുടെ അ ടിവസ്ത്രം കഴുകാൻ വേണ്ടി മാത്രമല്ലല്ലോ ” എന്ന് അവൾ പറയുമ്പോൾ അബ്ദു നോക്കിയത് നീല ഞരമ്പുകൾ ഭംഗിയോടെ ചെറുതായി തെളിഞ്ഞു നിന്നിരുന്ന അവളുടെ കയ്യിലേക്കാണ്. അവിടെ ഇപ്പോൾ പാത്രം കഴുകിയും തുണി അലക്കിയും മൃദുത്വം നഷ്ടപ്പെട്ട കൈകളെയാണ് അയാൾ കണ്ടത്.

“അല്ലെങ്കിലും ഇപ്പോൾ ജാസ്മിൻ പറഞ്ഞതിൽ എന്താ തെറ്റ്, എഴുന്നേറ്റ് നടക്കോം സകലമാന കസർത്തും ചെയ്യുന്നോർക്ക് ഇതും കൂടി ചെയ്താൽ എന്താണ്?” ആത്മഗതമെന്നോണം അങ്ങനെ പറഞ്ഞുകൊണ്ട് അടുക്കളയിൽ എത്തി മറ്റു ജോലികൾ ചെയ്‌തെങ്കിലും അവളുടെ മനസ്സിൽ ആ സംഭവം തന്നെയായിരുന്നു.

ജാസ്മിന്റെ അമ്മായിഅമ്മക്ക് ഇതൊരു മാനക്കേടായി തോന്നില്ലേ?അവരുടെ വളർത്തു ദോഷം എന്നല്ലേ ആളുകൾ പറയൂ?

അതേ!ഇന്നത്തെകാലത്ത് പെൺപിള്ളേരെ അല്ല ആൺകുട്ടികളെയാണ് ഏറെ വകതിരിവോടെ വളർത്തേണ്ടത്.ആൺകുട്ടികളുടെ ഉമ്മമാർക്ക് ഉത്തരവാദിത്വം കൂടുതലാണ്.

“ഉമ്മാ… വാപ്പയെന്തേ? എനിക്കൊരു കാര്യം പറയാനുണ്ട്.”അങ്ങോട്ട് വന്ന മകൻ അവളോട്‌ ചോദിച്ചു.

വാപ്പയെ അന്വേഷിച്ച് പുറത്തേക്കു നോക്കിയ ഉമ്മയും മോനും കണ്ടത് അലക്കുകല്ലിനരികിൽ സോപ്പ് പതച്ച്‌ തുണി കഴുകുന്ന വാപ്പയെയാണ്.

അതുകണ്ട് നബീസുവിന്റെ മുഖം ചെറുതായൊന്നു വാടി. അവളുടെ മനസ്സ് ആർദ്രമായി.

“പടച്ചോനേ! വാപ്പ പണി തുടങ്ങിയല്ലോ, ഉമ്മാ ഇന്നത്തെ എന്റെ ജെട്ടി ഞാൻ കഴുകീല. അത് ഞാൻ നാളെ കഴുകാട്ടോ.”

അതും പറഞ്ഞ് തന്റെ മുന്നിൽ നിൽക്കുന്ന അവനോട്

“ആം!!

കഴുകിയാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ഞാനതെടുത്തു കത്തിക്കും “

എന്നവൾ പറഞ്ഞെങ്കിലും, തന്നെക്കാൾ ഏറെ ഉയരമുള്ള മോന് ഒരു മുത്തം നൽകാനാണ് എന്തുകൊണ്ടോ അവൾക്കപ്പോൾ മനസ്സിൽ തോന്നിയത്.