നല്ല കുളിരുള്ള രാത്രിയിൽ ഒരുപുതപ്പിൽ ഒന്നായി പുണർന്നു ബാക്കിവെച്ച അഭിനിവേശങ്ങളെല്ലാം ഭ്രാന്തമായി പെയ്തുതീർക്കണമെന്നു…

രചന: സുമയ്യ ബീഗം TA

മനസൊരു ത്രില്ലിലാണ് .കാണാത്ത ദേശങ്ങളിലൂടെ കണ്ടിട്ടില്ലാത്ത കാഴ്ചകളിലൂടെ ഒരു പട്ടം പോലങ്ങനെ ഒഴുകി ഒഴുകി. ഇന്ന് ഞാൻ കാണും ഞാൻ കാണാനേറെ കൊതിക്കുന്ന ആരാധന മൂർത്തിയെ.

സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളിലെ പറയാത്ത പ്രണയത്തിന്റെ തീവ്രത വാകപ്പൂവുപോലെ ഇടനെഞ്ചിൽ വാരിവിതറിയവനെ.. മഞ്ഞുതുള്ളിയേക്കാൾ കുളിരുപകരുന്ന കവിതകളാൽ പെണ്ണിന്റെ ഉടലിനെ അതിനുള്ളിലെ ഹൃദയത്തെ വാരി പുതച്ചവനെ…

ശെരിക്കും ഓർക്കുന്നുണ്ട് അന്ന് അഭിയുമായി ഉള്ള ഉടമ്പടികളുടെ ചങ്ങലകൾക്കുള്ളിൽ തളച്ചിട്ട വർഷങ്ങൾക്കു എന്നെന്നേയ്ക്കുമായി ബൈ പറഞ്ഞു ഹോസ്റ്റൽ റൂമിലെ മുറിയിൽ സർവത്ര സ്വതന്ത്രയായി സന്തുഷ്ടയായി ഒരു മയക്കത്തിന്റെ താഴ്വാരങ്ങളിലേക്കു ഊളയിടുമ്പോൾ ഫോണിലെ ബീപ് ശബ്ദത്തിൽ കണ്ട സന്ദേശം അതെ അതു അദ്ദേഹമായിരുന്നു. അക്ഷരങ്ങളെ മാന്ത്രിക മുത്തുകൾ പോലെ കൊരുത്തൊരു മാസ്മര ചരടാക്കി സാഹിത്യദേവതയുടെ മാറിൽ ചാർത്തുന്ന എഴുത്തിന്റെ രാജകുമാരനെ…

അദ്ദേഹത്തിന്റെ സ്ഥിരം വായനക്കാരിയായിരുന്ന ആസ്വാദക്ക് ഒരു നന്ദി. കൂടാതെ അദ്ദേഹത്തിന്റെ പുതിയ ഷോർട് സ്റ്റോറി ഒരു ഷോർട് ഫിലിം ആക്കിയതിന്റെ വിഡിയോയും.

അതിലൂടെ അന്നുമുതൽ അറിയാത്ത രണ്ടാത്മാക്കൾ പ്രപഞ്ചത്തിന്റെ അറിയാത്ത രണ്ടുകോണുകളിൽ ഇരുന്നു ഒരുപോലുള്ള ഹ്രദയഭാഷ രാപകലില്ലാതെ കൈമാറി. വെറും വായനക്കാരിയായിരുന്ന അവളിന്നു കുറിക്കുന്ന വരികളിലെ പ്രണയത്തിന്റെ കടുംചോരചുവപ്പു ഒരായിരം യുവത്വങ്ങളെ ചൂടുപിടിപ്പിച്ചു.

ഫേസ് ബുക്കിലെ അറിയപ്പെടുന്ന കവയത്രി, ഒരുപാടുപേരുടെ സൗഹൃദകൂട്ടത്തിലെ നായിക. ഇതൊക്കെ അദ്ദേഹം കാരണം അവൾ ഉണ്ടാക്കിയെടുത്ത വിശേഷണങ്ങൾ ആണ്.

പലപ്പോഴും അര്ധരാത്രികളിലെ സംസാരങ്ങളിലെ കാ മബാണങ്ങൾ അവളിലെ പെണ്ണിന്റെ നെഞ്ചിലെ ശ്വാസമിടിപ്പിൽ കിതപ്പായി മാറുമ്പോൾ ഉറക്കം വരുന്നു എന്ന മട്ടിൽ സംസാരം അവസാനിപ്പിച്ചു നെറ്റ് ഓഫാക്കി പുറത്തു പോയി നിലാവുനോക്കി നെടുവീർപ്പെടാൻ കാരണം ഇനിയൊരു വട്ടം കൂടി ചതിക്കപ്പെട്ടാലോ എന്നൊരു ഭയം മാത്രമായിരുന്നു.

എങ്കിലും കൊതിച്ചുപോയി അയാളെപ്പോലൊരു ആരാധനാമൂർത്തിയുടെ സ്വന്തമാകാൻ., ആ ഇടനെഞ്ചിലെ ചൂടിൽ വിയർപ്പു നുണഞ്ഞു കേക്കാത്ത കഥകളിലൂടെ യുഗാന്തരങ്ങളോളം ഒരുമിച്ചു സഞ്ചരിക്കാൻ…..

പക്ഷേ എന്തോ പുറകോട്ടു വലിക്കുന്നു അറിയാൻ ഇനിയെന്തൊക്കെയോ ബാക്കിയുള്ളപോലെ… എല്ലാം അറിഞ്ഞിട്ടുമതി ഇനിയൊരു തീരുമാനം. അതുകൊണ്ടാണ് കാണാൻ ശ്രെമിച്ചതു പക്ഷേ അതൊരു സർപ്രൈസ് ആവണം അതെനിക്ക് നിര്ബന്ധമാണ്. വളരെ നാളത്തെ ശ്രമഫലമായി അദ്ദേഹത്തിന്റെ വിലാസം കയ്യിൽ കിട്ടിയപ്പോൾ പെട്ടിയുമെടുത്തു ഇറങ്ങിയതാണ്.

നേരിൽ കാണുമ്പോളുള്ള ഞെട്ടലിൽ പകച്ചു നിൽക്കുന്ന അദ്ദേഹത്തിന്റെ താടിയിലെ കുറ്റിരോമങ്ങളിൽ വിരലോടിച്ചു ചുണ്ടോടു ചേർത്തു ചെവിയിൽ മന്ത്രിക്കണം ഇഷ്ടമാണ് ഇനിയെന്നും കൂടെപോറുക്കാനെന്നു . നല്ല കുളിരുള്ള രാത്രിയിൽ ഒരുപുതപ്പിൽ ഒന്നായി പുണർന്നു ബാക്കിവെച്ച അഭിനിവേശങ്ങളെല്ലാം ഭ്രാന്തമായി പെയ്തുതീർക്കണമെന്നു….

ഓരോന്നോർക്കുമ്പോളും ശരീരം വിറകൊള്ളുന്നു കാത്തിരിപ്പിനവസാനമായി വീടെത്തുകയാണ്. ഇന്ന് ജോലിക്കു പോയിട്ടില്ലെന്ന് ഉറപ്പുവരുത്താൻ ഒരു മെസ്സേജ് കൂടി സെൻഡ് ചെയ്തു. ഇല്ല പോയിട്ടില്ല അദ്ദേഹം വീട്ടിലുണ്ട്…..

അഡ്രെസ്സ് തപ്പി ചെന്നപ്പോൾ എല്ലാർക്കും അദ്ദേഹത്തെ നന്നായി അറിയാം. പെട്ടന്ന് വഴി കണ്ടെത്തി വീടിന്റെ മുമ്പിൽ വണ്ടി ഒതുക്കി ഇറങ്ങി ചെല്ലുമ്പോൾ ആകെ ഒരു ആശയകുഴപ്പം.

ഇന്നത്തെകാലത്തു ഇത്രേം പരിതാപകരമായ അവസ്ഥയിൽ ഒരു വീട് ചിന്തകൾക്കപ്പുറം. വാതിലിൽ മുട്ടവേ മുഷിഞ്ഞ പിഞ്ചിയ തീരെ വിലകുറഞ്ഞ ചുരിദാറിൽ ഒരു മെലിഞ്ഞുണങ്ങിയ പെൺരൂപം ദയനീയതയോടെ എത്തിനോക്കി കയ്യിൽ രണ്ടുവയസ്സുള്ള തേജസ്‌ വറ്റിയ മുഖത്തോടെ ഒരു പെൺകുഞ്ഞു.

ആരാ എന്നുചോദിക്കാൻ ആ രൂപം തുടങ്ങവേ പുറകിൽനിന്നും മറ്റൊരു പരുക്കൻ ശബ്ദം. ആരാ…..

എന്തുപറയണമെന്നു അറിയാതെ നിക്കുമ്പോൾ കൈലി ഉടുത്ത ആ സ്ത്രീരൂപം ഉച്ചത്തിൽ പറഞ്ഞു. എന്റെ സാറെ, ബാങ്കിൽ നിന്നും പറഞ്ഞു വിട്ടതാണേൽ ഇപ്പോൾ തന്നെ ജപ്തി ചെയ്തോളൂ ഈ ഇടിഞ്ഞു വീഴാറായ പുരയും ആരോരുമില്ലാത്ത ഈ പാഴ് ജന്മങ്ങളെയും.

വൈശാഖൻ സാർ…….

ഫ് ഭ സാറോ ആ നാറി ഒറ്റ ഒരുത്തനാ എന്റെ കുഞ്ഞിനെ മയക്കി ഈ ഗതി വരുത്തി എന്റെ കിടപ്പാടം കൂടി കളഞ്ഞു കുടിച്ചത്.

കഥ എഴുതുന്ന വൈശാഖന്റെ വീടല്ലേ ?

കഥ !ആ ചെറ്റ ക ഞ്ചാവടിച്ചു അകത്തുകിടപ്പുണ്ട്. അവൻ ആ ഫോണിലിടുന്ന പൈസ ഉണ്ടായിരുന്നേൽ എന്റെ കുഞ്ഞിന് ഒരു കവർ പാലെങ്കിലും വാങ്ങി വിശപ്പ്‌ മാറ്റമായിരുന്നു. അവന്റെ എഴുത്തും കോപ്പും കണ്ടു ചാടിപ്പോയതാ ഈ ഒരുമ്പെട്ടോള് കണ്ടില്ലേ കൊച്ചുമായി നിന്ന് മോങ്ങുന്നതു.

പിന്നെ ഒന്നും പറഞ്ഞില്ല കേട്ടില്ല. ബാഗിൽ നിന്നും രണ്ടായിരത്തിന്റെ മൂന്നു നോട്ടെടുത്തു കുഞ്ഞിന്റെ കയ്യിൽ തിരുകുമ്പോൾ ആ ഒട്ടിയ വയറു പൊള്ളിച്ചു മനസിനെ മറ്റൊന്നും ഓർത്തില്ല…

തുളസികതിർ അണിഞ്ഞു ചന്ദനകുറിയിട്ട നിന്റെ നെറുകിലെ സിന്ദൂരമായി ഞാൻ ചിരിക്കുമ്പോൾ, എന്റെ നെഞ്ചിൽ കണ്ണനെപ്പോലെ വെണ്ണ ഉണ്ടു ഓരോമന പൈതൽ നമ്മുടെ മകൾ മയങ്ങുന്നതോർക്കേ എനിക്കിപ്പോൾ കാണണം നിന്നെ എന്റെ പ്രണയമേ. ഇന്നലെ അർധരാത്രി അയാൾ അയച്ച ഫോണിലെ വരികൾ…

ഫ് ഭൂ… നീട്ടി ഒന്ന് ആട്ടി ഫോൺ വലിച്ചെറിഞ്ഞു മടക്ക യാത്ര തുടരുമ്പോൾ മനസ്സ് ചരടുപൊട്ടിയ പട്ടമായി……