കോളേജിൽ നിന്ന് ഇറങ്ങി പല വഴിയിലൂടെ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല അവനെ…

ഇവൾ അനന്യ

രചന: അനഘ “പാർവ്വതി”

നീ വരില്ലേ ഗെറ്റ് ടുഗെദറിന് ….”

“പിന്നെ വരാതെ ….എത്ര നാളായി എല്ലാവരെയും കണ്ടിട്ട് …”

കലാലയ കാലഘട്ടത്തിലെ സുഹൃത്ത് അയച്ച മെസ്സേജിന് മറുപടിയായി നവ്യ മറുപടിയയച്ചു ….

ഉള്ളിൽ നിറഞ്ഞ സന്തോഷമായിരുന്നു ….

അഞ്ചു വർഷത്തിനപ്പുറം എല്ലാവരെയും കാണാൻ പോകുന്നതിലുള്ള ഉൾപ്പുളകം….

പഠിച്ചിറങ്ങിയ ക്യാമ്പസിൽ ഓർമ്മകളുടെ മഞ്ചലിലേറി വീണ്ടും ആ പഴയ വിദ്യാർത്ഥിയായി കൂട്ടുകാരോടൊപ്പം സൊറ പറഞ്ഞിരുന്നു അങ്ങനെ സഞ്ചരിയ്ക്കാൻ ഒരു കൊതി …

എല്ലാവരും വരുമെന്നാണ് അറിഞ്ഞത് …

അപ്പോൾ അവനും കാണണം ….

പറയാൻ മടിച്ചതെല്ലാം ഇത്തവണ നേരിൽ കാണുമ്പോഴെങ്കിലും തുറന്നു പറയണം ….

കോളേജിൽ നിന്ന് ഇറങ്ങി പല വഴിയിലൂടെ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല അവനെ ….ഒരു സോഷ്യൽ മീഡിയയിൽ പോലും അവനില്ലായിരുന്നു …

ശാന്തനായിരുന്നു …ആരോടും അധികം സംസാരിയ്ക്കാതെ സദാ സമയം ലൈബ്രറിയിലെ പുസ്തകങ്ങളിൽ മുഖം പൂഴ്ത്തിയിരിയ്ക്കുന്ന ഒരു കണ്ണടക്കാരൻ …

അവനെക്കുറിച്ചു ആലോചിച്ചപ്പോൾ തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

കാത്തിരുന്ന ദിവസം വന്നെത്തി …

പതിവിലേറെ സുന്ദരിയായി അണിഞ്ഞൊരുങ്ങി ….

കോളേജിൽ ചെന്നതും കോളേജിനടുത്തുള്ള ചെറിയ ഓഡിറ്റോറിയത്തിനു പുറത്തായി എല്ലാവരും സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു ….

“നവ്യ …നീ ഇങ്ങോട്ട് വന്നേ ..നിനക്ക് അനൂപിനെ കാണണോ …”സുഹൃത്തിന്റെ മുഖത്തു വല്ലാത്തൊരു അമ്പരപ് ഉണ്ടായിരുന്നത് നവ്യ ശ്രദ്ധിച്ചു …

കാണാൻ കാത്തിരുന്ന ആളെ കാണിച്ചു തരട്ടെ എന്ന് ചോദിച്ചപ്പോൾ വല്ലാത്തൊരു ആവേശം സിരകളിൽ നിറഞ്ഞു ….കാലുകൾക്ക് വേഗത കൂടി …

“ദാ ..അവിടെ …”സുഹൃത്ത് ചൂണ്ടിയിടത്തേയ്ക്ക് കണ്ണുകൾ പോയപ്പോൾ അമ്പരപ്പായിരുന്നു കണ്ണുകളിൽ …

സാരി എടുത്തൊരു സ്ത്രീ രൂപം ….

അത് അനൂപ് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാൻ അധികം സമയമെടുത്തില്ല …

*****************

അനൂപ്….

നവ്യാ….ഞാൻ…ഞാനിപ്പോ അനൂപ് അല്ല അനന്യ. അതാണെൻ്റെ പേര്.

ബട്ട്….എനിക്ക് എനിക്കൊന്നും മനസ്സിലാകുന്നില്ല.അനൂപ് എങ്ങനെ അനന്യ. സോറി. പക്ഷേ…..

ഇയാൾ ഇങ്ങനെ വെപ്പ്രാളപ്പെടേണ്ട.

ഞാൻ….. എനിക്ക്….

ആദ്യം നവ്യ ഒന്ന് റിലാക്സ് ചെയ്യൂ. ജസ്റ്റ് inhale and exhale. ഇയാൾ ഇപ്പോ അനുഭവിക്കുന്ന കൺഫ്യൂഷൻ ഞാൻ….ഞാൻ കൊല്ലങ്ങളോളം അനുഭവിച്ചടോ. എനിക്ക് മനസ്സിലാകും. ഇപ്പൊ എല്ലാം സ്വസ്ഥം.

എനിക്ക് എനിക്കൊന്നും മനസ്സിലാകുന്നില്ല.

നവ്യ…….ആദ്യം നമുക്ക് അകത്തേക്ക് പോകാം. എല്ലാവർക്കും ഈ അമ്പരപ്പ് ഉണ്ടാകും. ഞാൻ എല്ലാവരോടുമായി പറയാം. വരൂ.

*****************

ജസ്റ്റിൻ….നീ വാ ഞാൻ നിന്ന നിൽപ്പിൽ അനൂപിനെ സ്വപ്നം കണ്ടു. അവൻ അനന്യ ആണെന്ന്. എന്താ അല്ലേ.എൻ്റെ …..എൻ്റെ ഒരു കാര്യം. വാ നമുക്ക് അവനെ പോയി കാണാം.

നവ്യാ …മോളേ… നീ കണ്ടത് സ്വപ്നമല്ല.അത് അനൂപ് തന്നെയാണ്. നീ അത് ഉൾക്കൊള്ളണം.

ഇല്ല. കള്ളം പറയുവാ നീ. ഞാൻ….ഞാൻ ഇത്രയും കാലം കാത്തിരുന്നത് വെറുതെയാകില്ല. ഇതെല്ലാരും.. എല്ലാരും ചേർന്ന് എന്നെ പറ്റിക്കുവാ. ഞാൻ…ഞാൻ വിശ്വസിക്കില്ല.

മോളേ…..മോളേ നവ്യാ. നീ ആത്മസംയമനം പാലിക്കണം.

ഇല്ല. ജസ്റ്റീ… പറ കള്ളമാണെന്ന്. പറ ജസ്റ്റീ. എന്നെ പറ്റിക്കുവാണെന്ന്. ജീവൻ്റെ പാതിയായി കണ്ട ആൾ പെട്ടെന്ന്….എന്നേ കൊണ്ടാകില്ല ജസ്റ്റീ.

നവ്യാ. നിർത്തൂ. നിൻ്റെ മനസ്സിൽ അവൻ ചേക്കേറിയപ്പോ തൊട്ട് നിന്നെ സപ്പോർട്ട് ചെയ്ത് ഞാൻ ഉണ്ട്. ആ ഞാൻ പറയുന്നു. ഇതാണ് സത്യം. നീ അംഗീകരിച്ചില്ല എന്നത് കൊണ്ട് സത്യം സത്യമല്ലാതാകില്ല. മോളെ….നീ എന്നെ സ്വന്തം ചേട്ടനായി കാണുന്നതു സത്യമാണെങ്കിൽ നീ എൻ്റൊപ്പം അകത്തേക്ക് വാ. എൻ്റെ പഴയ നവ്യയായി വരണം. വാ മോളെ..

ഞാൻ….ഞാൻ വരാം. നീ പറഞ്ഞപോലെ ഞാൻ ആഗ്രഹിച്ചാലും ഒന്നും തിരുത്താനാകില്ല. ഞാൻ വരാം. എനിക്കവനെ.. അല്ല അനന്യയെ കേൾക്കണം.

********************

പ്രിയ സുഹൃത്തുക്കളെ, അങ്ങനെ വർഷങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും ഒത്തുചേരുന്നു. ഇപ്പൊ ആരും എന്നെ കേൾക്കാനായ് ഇരിക്കുകയല്ല എന്നെനിക്കറിയാം. നിങ്ങൾ കാതോർത്തിരുന്ന ആളിതാ എത്തുന്നു. അനന്യ പ്ലീസ് കം റ്റു ദ സ്റ്റേജ്.

താങ്ക്സ് സൂരജ് , ഞങ്ങളുടെ സ്വന്തം ചെയർമാൻ.

ഇനി എന്നെ പറ്റി പറഞ്ഞു തുടങ്ങുകയാണെങ്കിൽ ഈ കോളേജ് എനിക്ക് പല തിരിച്ചറിവുകൾ നൽകിയ ഇടമാണ്. അതിൻ്റെ തെളിവാണ് അനൂപായി നിങ്ങളുടെ അടുത്ത് നിന്ന് പോയ ഞാൻ അനന്യയായി എത്തിയത്.

വട്ടക്കണ്ണട വെച്ച് ലൈബ്രറിയുടെ ഒരു കോണിൽ സദാസമയം പുസ്തകം വായിച്ചിരുന്ന അനൂപിനെ എല്ലാവർക്കും അറിയാം. കുറച്ചൂടെ നന്നായി പറഞ്ഞാലോ പുസ്തകപുഴു. പക്ഷേ അതിനപ്പുറം എനിക്കൊരു മനസ്സുണ്ടെന്ന് ആരും അറിഞ്ഞില്ല. പുസ്തകങ്ങൾ എൻ്റെ ഒളിത്താവളം ആയിരുന്നു.

ആദ്യമായി എൻ്റെ ഉള്ളിൽ ഒരു പെൺമനസ്സ് ഉറങ്ങിക്കിടക്കുന്ന കാര്യം ഞാൻ അറിഞ്ഞത് എൻ്റെ പതിനഞ്ചാം വയസ്സിലാണ്. പെൺകുട്ടികളെ പോലെ ഒരുങ്ങാനും നടക്കാനും ഞാൻ ആഗ്രഹിച്ച കാലം. എന്തുകൊണ്ടെന്ന് അറിയില്ല. അതുകൊണ്ട് തന്നെ അതൊരു abnormality ആയി തോന്നിയില്ല. പക്ഷേ കാലങ്ങൾ കഴിയും തോറും ഞാൻ മനസ്സിലാക്കി പുരുഷ ശരീരത്തിൽ ഒരു സ്ത്രീ കുരുങ്ങികിടക്കുന്നെന്ന്. ആൺകുട്ടികളോട് അടുത്ത് ഇടപെഴുകാൻ എനിക്ക് മടിയായിരുന്നു. കൂടുതലും പെൺസുഹൃത്തുക്കൾ ആയിരുന്നു. പക്ഷേ അവരുടെ ഇടയിലും ഇത് ചർച്ചയായപ്പോൾ പതിയെ അതും ഉപേക്ഷിച്ച് പോയി.

കോളേജിൽ ചേർന്നപ്പോൾ ഹോസ്റ്റലിൽ. ആൺകുട്ടികൾക്കൊപ്പം…. ആർക്കും സങ്കൽപ്പിക്കാൻകഴിയില്ല ഞാൻ കടന്നുപോയ അവസ്ഥ. എല്ലാത്തിൽ നിന്നും ഞാൻ പിൻവാങ്ങി എൻ്റേതായ ലോകത്തിലേക്ക് ചുരുങ്ങി.

പക്ഷേ അവിടെ എന്നെ തോൽപ്പിച്ചത് ഒരു പെൺകുട്ടിയാണ്. ചുറ്റിനും പ്രേമാഭ്യർത്ഥനയും കൊണ്ട് ഒത്തിരിപേർ നടന്നപ്പോൾ അവൾ എനിക്ക് ചുറ്റും കണ്ണുകൾ പായിച്ചു. അന്നാദ്യമായി ഞാൻ ഈ ജീവിതത്തെ വെറുത്തു. ഞാൻ കാരണം ഒരു പെൺകുട്ടി….. അതൂടെ എനിക്കാവില്ല. മരിക്കാനയാണ് ഒളിച്ചോടാൻ തുടങ്ങിയത്. പക്ഷേ വീട്ടിൽ പിടിക്കപ്പെട്ടു. എല്ലാം തുറന്നു പറയേണ്ടി വന്നു. തകർന്നു പോയി എൻ്റെ അച്ഛനും അമ്മയും. ഏകമകൻ വർഷങ്ങളായി അനുഭവിച്ച വിഷമം അവരെ തകർത്തു. പക്ഷേ അന്ന് രാത്രി എൻ്റെ മുറിയിലെത്തി അച്ഛൻ പറഞ്ഞു::

” ഞാൻ ആഗ്രഹിച്ചത് ഒരു കുഞ്ഞു മാലാഖയേ ആയിരുന്നു. നിൻ്റെ അമ്മ ഒരു കുറുമ്പനെയും. അതാവും നീ ഇത്ര കാലം അനുഭവിച്ചത്. നീ എന്ത് തീരുമാനിച്ചാലും ഞങ്ങൾ ഒപ്പമുണ്ട്. എൻ്റെ കുഞ്ഞിൻ്റെ വീർപ്പുമുട്ടൽ ഞങ്ങൾക്ക് കാണാനാകില്ല.”

അന്നാദ്യമായി ഇത്രയും കാലം സ്വയം ഉരുകിയതിൽ എനിക്ക് കുറ്റബോധം തോന്നി.പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ആൺ ശരീരത്തിൽ നിന്ന് ഞാൻ എന്നെന്നേക്കും മുക്തായായി. അനൂപ് അനന്യയായി. പകുതിക്ക് കളഞ്ഞ പഠിത്തം പൂർത്തിയാക്കി ജോലി ചെയ്യുന്നു.

അനുഭവിച്ചിട്ടുണ്ട്. അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും കളിയാക്കലുകളും കുറ്റപ്പെടുത്തലും. പക്ഷേ എന്നും താങ്ങായി എനിക്ക് അച്ഛനും അമ്മയും കൂടെ നിന്നു. ജോലിസ്ഥലത്ത് ഞാൻ നേരിട്ടത് കടുത്ത വിവേചനമാണ്. എൻ്റെ ശരീരം ഒരു വിൽപ്പനവസ്തുവായി കണ്ടവരുണ്ട്. ഞാനും മറ്റുള്ളവരെപ്പോലെ തന്നെയാണെന്നു ഉറക്കെ പറയാൻ തോന്നിയിട്ടുണ്ട്. ഒരിക്കലും തളരാതെ എൻ്റെയൊപ്പം നിന്നത് എൻ്റെ ബോസ് , കുറച്ചൂടെ കൃത്യമായി പറഞ്ഞാൽ എൻ്റെ പ്രണയം സുദേവേട്ടൻ ആണ്.

പ്ലീസ് മീറ്റ് മൈ വുഡ് ബി Mr സുദേവ്.

സുദേവ് സ്റ്റേജിൽ എത്തി അവളെ ചേർത്തുപിടിച്ചു.

അവസാനമായി ഞാൻ നന്ദി പറയുന്നത് ആ പെൺകുട്ടിക്കാണ്. എന്നെ ഞാൻ ആക്കിയതിൽ. ഒരു കോളേജ് ക്രഷ് എന്നതിലുപരി അവൾ എന്നേ കാത്തിരുന്നു എന്നെനിക്കറിയില്ലായിരുന്നു.

മാപ്പ്….ഞാൻ ദൈവത്തിൻ്റെ മറ്റൊരു വികൃതിയാണെന്ന് തുറന്നു പറയാൻ അന്ന് ധൈര്യം കാണിക്കാതിരുന്നതിന്.

മാപ്പ്…ഇന്നനുഭവിക്കുന്ന വേദനക്ക്…ഒരായിരം മാപ്പ്.

********************

നവ്യാ….

ഹാ അനൂ… സോറി അനന്യ. ഹായ് സുദേവ്.

എന്നോട് ദേഷ്യമാണോ. വെറുക്കരുത്. ശപിക്കയും അരുത്.

ഏയ്.എന്തിന്. ഇയാള് എന്ത് ചെയ്തു. ഞാൻ ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ലല്ലോ. അപ്പോ അങ്ങനൊരു ചോദ്യമില്ല. Anyways ഹാപ്പി മാരീഡ് ലൈഫ്.

താങ്ക്സ്. എന്നും നവ്യ എൻ്റെ നല്ല സുഹൃത്തായി കൂടെയുണ്ടാകുമോ.

തീർച്ചയായും.

തന്നെയും കാത്തൊരാൾ എവിടെയോ ഉണ്ട്. ജീവിതം കളയരുത്. എന്നും അത് ഒരു വേദനയാകും.

ഏയ്. കുറച്ച് സമയമെടുത്ത് ഞാൻ ഒക്കെ ആകും. Don’t feel bad.

ഞങ്ങൾ ഇറങ്ങുന്നു. വീണ്ടും കാണാം.

തീർച്ചയായും….

******************

ദൂരേക്ക് മറയുന്ന കാർ നോക്കിയവൾ കണ്ണീർ പൊഴിച്ചു.

ഉൾകൊള്ളാൻ സാധിക്കണം. നഷ്ടപ്രണയത്തെ ഓർത്ത് ഞാൻ വേദനി‌ക്കുന്നതിലും അധികം സ്വന്തം സത്വത്തെ ഓർത്ത് ആ പെണ്ണ് വേദനിച്ചിട്ടുണ്ട്. ഒന്നും ആരുടെയും തെറ്റല്ല. സന്തോഷമായി അവർ ജീവിക്കുമ്പോൾ ഞാനും സന്തോഷിക്കും.

ശുഭം.