ദുർഗ
രചന: Vijay Lalitwilloli Sathya
നന്ദന്റെ ചെകിട്ടത്തു ഒന്ന് കൊടുത്തു..
”ടപ്പേ ‘
എന്നുള്ള ശബ്‌ദം മെഡിക്കൽ സ്റ്റോറിൽ അകത്തു മൊത്തം മുഴങ്ങി..!
ഹരിപ്രസാദ് കലികൊണ്ടു നില്കുകയാണ്
അടിയേറ്റ കവിളിൽ തടവി നന്ദു വേഗം മെഡിക്കൽ സ്റ്റോറിന് വെളിയിലിറങ്ങി ഹരിപ്രസാദിനെ നോക്കി ഇങ്ങനെ പറഞ്ഞു .
“തനിക്കു ഞാൻ കാണിച്ചു തരുന്നുണ്ട്.”
‘”ഒന്ന് ചിലയ്ക്കാതെ പോടാ “
ഹരിപ്രസാദിന് കോപമടങ്ങിരുന്നില്ല .
ഹരിപ്രസാദിന്റെ ഉടമസ്ഥതയിൽ ആണ് മെഡിക്കൽ സ്റ്റോർ .ഫർമസിസ്റ്റിനെ കൂടാതെ നന്ദു എന്ന പയ്യനെ കൂടി സ്റ്റോറിൽ ജോലിക്കായി നിർത്തിയിട്ടുണ്ട് .മരുന്ന് വാങ്ങിക്കാൻ വന്ന ആളിനോട് അലമ്പ് കാട്ടിയപ്പോൾ ഒന്ന് കൊടുത്തതാണ് അവനിട്ടു ! .
പിറ്റേന്ന് പോലീസ് വന്നു.ഒരു കംപ്ലയിന്റ് ഉണ്ടു എന്നു പറഞ്ഞു .പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അറിഞ്ഞു നന്ദു അവന്റെ പാർട്ടിക്കാരുടെ ഉപദേശപ്രകാരം തനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാ ണെന്ന്…പയ്യൻ എതിർ പാർട്ടിയിൽ പെട്ടവനാണ് .നന്ദുവിനെ തല്ലിയതിന്റെ പേരിൽ കേസായി .
കേസുമായി മുന്നോട്ടു പോകാൻ താൻ തയ്യാറാണെന്ന് ഹരിപ്രസാദ് പോലീസിനോട് പറഞ്ഞു .
എഫ് ഐ ആർ തയ്യാറാക്കി പോലീസ് കേസ് ഫയൽ ചെയ്തു കോടതിക്ക് മുന്നിലെത്തി .വിളിപ്പിച്ച ഡേറ്റിനു കോടതിയിൽ എത്തി ഹരിപ്രസാദ് .
“താങ്ങൾ കുറ്റം ചെയ്തിട്ടുണ്ടോ …?”
കോടതി ഹരിപ്രസാദിനോട് ചോദിച്ചു .
“യെസ് യുവർ ഓണർ ,ചെകിടത്തു നന്നായി ഒന്ന് വെച്ച് കൊടുത്തു .രണ്ടാമതും ഒന്ന് കൊടുക്കാൻ കൈ ഓങ്ങുമ്പോൾ അവൻ മാറിക്കളഞ്ഞു .”
ഹരിപ്രസാദ് സത്യം പറഞ്ഞു .
“എന്തിനാ തല്ലിയത് ?”
കോടതി വീണ്ടും ചോദിച്ചു
“അവൻ പറഞ്ഞു കാണുമല്ലോ ..?”
ഹരിപ്രസാദ് താഴ്മയോടെ കോടതിയോട് ചോദിച്ചു .
” അതെ അതു കോടതി വായിച്ചതാണ് ..തങ്ങൾക്കു പറയാനുള്ളത് പറയണം മിസ്റ്റർ ..!”
ഹരിപ്രസാദിനോട് കോടതി നിർദ്ദേശിച്ചു .
” എസ് യുവർ ഓണർ …പറയാം ജോലിയും കൂലിയും ഇല്ലാതെ തെക്കു വടക്കു നടക്കുകയായിരുന്നു മേൽ കക്ഷി .അവന്റെ അമ്മയുടെ നിര്ബന്ധപ്രകാരമാണ് മെഡിക്കലിൽ നിന്നോട്ടെ എന്ന് ഞാൻസമ്മതിച്ചതു .മാന്യമായ കൂലിയും നിശ്ചയിച്ചു ഒന്നുരണ്ടുമാസമായി ജോലിചെയ്തു വരികയായിരുന്നു . സംഭവം നടന്ന അന്നു മെഡിക്കലിൽ ഒരു പെൺകുട്ടി ഇച്ചു (ചൊറിച്ചിൽ) ന് ഓയിൽമെന്റ് ചോദിച്ചു വന്നിരുന്നു .ആ കുട്ടിയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഈ കേസിനു ആധാരം . ഇതു ആ സംഭവത്തിന്റെ cctv ഫൂട്ടേജ് ആണ് .കോടതിക്ക് പരിശോധിക്കാം .”
ജഡ്ജിന്റെ മുന്നിലെ സ്‌ക്രീനിൽ സംഭവം ഓരോന്നായി തെളിഞ്ഞു . പെണ്കുട്ടി മെഡിക്കൽ ഷോപ്പിൽ കയറി വരുന്നു കൗണ്ടറിനു സമീപം നിൽക്കുന്ന നന്ദുവിനോട് “ചേട്ടാ പ്രിസ്ക്രിപ്ഷൻ ഇല്ല എങ്കിലും ഒരു ഇച്ചു ഗാർഡ് ഓയിൽമെന്റ് വേണം കേട്ടോ “
“ചൊറിച്ചിലിനുള്ളതല്ലേ …? “
നന്ദു വളിച്ച ചിരിയോടെ പെൺകുട്ടിയെ നോക്കി ചോദിച്ചു . ക്യാഷ് കൗണ്ടറിൽ പത്രത്തിൽ കണ്ണ് നട്ടിരിക്കുന്ന ഹരിപ്രസാദ് നന്ദുവിന്റെ പെണ്കുട്ടിയോടുള്ള വർത്തമാനം ശ്രദ്ധിക്കാൻ തുടങ്ങി . അലമാര തട്ടിൽ നിന്നും മരുന്നെടുത്തു പൊതിഞ്ഞു നൽകുമ്പോൾ നന്ദുവിന്റെ ചോദ്യം വീണ്ടും..
“എവിടെയാ ചൊറിച്ചിൽ ..?? “
അവൾ അതു കേൾക്കത്തതായ് ഭാവിച്ചു മുഖം തിരിച്ചു .മരുന്ന് പായ്ക്കറ്റ് പെൺകുട്ടിക്ക് നൽകാതെ അവൻ ചോദ്യം ആവർത്തിച്ചു .
അവൾ കിടന്നു പരുങ്ങി .വീണ്ടും ചോദിക്കാൻ തുടങ്ങിയപ്പോൾ അതുവരെ പല്ലുകടിച്ചു ഇതൊക്കെ കേട്ടോണ്ടിരുന്ന ഹരിപ്രസാദ് തന്റെ കൈ ആഞ്ഞു വീശി നന്ദുവിന്റെ ചെകിട്ടത്തിട്ട് ഒന്ന് കൊടുത്തത് . ഷോപ്പിൽ മരുന്ന് വാങ്ങാൻ വന്ന പെൺകുട്ടി അപമാനിതയാകാനിടയായ സഹചര്യത്തിൽ ഹരിപ്രസാദിന്റെ ഇടപെടൽ ധാർമ്മികമാണെന്ന് കോടതിക്ക് ബോധ്യം വന്നു .
തുടർന്ന് നന്ദുവിനെ മൂന്ന് മാസം തടവിനും പിഴയൊടുക്കാനും വിധിച്ചു.വിധികേട്ട് നന്ദു കരയാൻ തുടങ്ങിയപ്പോൾ കൂടെ വന്ന പാർട്ടിക്കാർ കോടതി വരാന്തയിൽ നിന്നും വേഗം സ്ഥലം വിട്ടു
.കോടതി കൂട്ടിൽ നിന്നും നന്ദു കരയുന്നത് കണ്ടു മനസ്സലിഞ്ഞ ഹരിപ്രസാദ് കോടതിയോട് താഴ്മയോടെ അപേക്ഷിച്ചു .
ഈ കേസിന്റെ പെറ്റിഷണർ ഇപ്പോൾ പ്രതിയാണെങ്കിലും ഈ കേസിന്റെ ഹർജിക്കാരൻ എന്ന നിലയ്ക്ക് ഈ കേസ് മുന്നോട്ടു കൊണ്ട് പോകാനുള്ള അധികാരം പ്രസ്തുത കക്ഷിക്ക് ഉള്ളതിനാൽ ഈ കേസ് ഡിസ്മിസ് ചെയ്യാൻ കക്ഷിക്ക് താല്പര്യമുണ്ടോ എന്നു കോടതിക്ക് ചോദിക്കാമല്ലോ ..
ബഹുമാനപെട്ട കോടതി ഹരജിക്കാരനോട് ഈ കേസ് മുന്നോട്ടുകൊണ്ടുപോകണമോ എന്നു ചോദിക്കാൻ വിനയത്തോടെ അപേക്ഷിക്കുന്നു .”
“തീര്ച്ചയായും മിസ്റ്റർ ഹരിപ്രസാദ് !”
എന്നിട്ട് കോടതി നന്ദുവിനെ നോക്കി ചോദിച്ചു .
“നന്ദു എന്ന ഹർജിക്കാരന്റെ പരാതിയിൽ മുന്നോട്ടു പോകുമ്പോൾ പൊതു സ്ഥലത്തു വെച്ച് സ്ത്രീകളെ അപമാനിക്കുക എന്ന കുറ്റകൃത്യം ചെയ്തിട്ടുള്ളത് കോടതിക്ക് മനസിലായി എങ്കിലും പെൺകുട്ടിയുടെ പരാതി ഒന്നും കോടതിക്ക് മുമ്പാകെ ഇല്ല .ഈ സാഹചര്യത്തിൽ കോടതിക്ക് സ്വമേധയാ കേസ് അന്വേഷിക്കാവുന്നതാണ് പെറ്റിഷണറായ തങ്ങളുടെ പരാതിയിൽ താങ്കളെ ശിക്ഷിക്കുക എന്നത് എഫ് ഐ ആർ ,സത്യവാങ് മൂലം എന്നിവയുടെ പരാജയം ആയി വരികയാണ്… .
ഈ സാഹചര്യത്തിൽ താങ്കളുടെ ഭാഗത്തുള്ള വീഴ്ച മനസിലാക്കി ഈ കേസിൽ നിന്നും ഡിസ്മിസ് ചെയ്തു താങ്കൾക് ഒഴിഞ്ഞു പോകാൻ ഒരവസരം നിങ്ങളുടെ എതിർ കക്ഷി ഹരിപ്രസാദ് തന്നിരിക്കുകയാണ് .അങ്ങനെ ആണെങ്കിൽ കോടതിയുടെ വിധി റദ്ദു ചെയ്തു താങ്കളെ കേസിൽ നിന്നും മോചിപ്പിക്കാൻ ഒരവസരം കിട്ടുന്നതാണ് .!സമ്മതമാണോ ? “
“സമ്മതം സമ്മതം ..
നന്ദു സന്തോഷം കൊണ്ട് വിളിച്ചു പറഞ്ഞു . അതു കേട്ട് കോടതി പേനയെടുത്തു എഴുതാൻ തുടങ്ങുകയായിരുന്നു .അപ്പോൾ
“സമ്മതമല്ല ….സമ്മതമല്ല ..”
എല്ലാവരും ശബ്‌ദം കേട്ട ഭാഗത്തു നോക്കി .അത് ആ പെൺകുട്ടിയാണ് . ഹരിപ്രസാദ് കണ്ടു അവളെ തിരിച്ചറിഞ്ഞു .
അവൾ കോടതിക്കുള്ളിൽ കൂട്ടിൽ കയറി പറഞ്ഞു .
“ബഹുമാനപെട്ടകോടതിക്ക് മുമ്പാകെ ഈ കേസിലെ പെൺകുട്ടിയാണ് ഞാൻ !എന്റെ പേര് ദുർഗ എന്നാണ് .എനിക്കു മരുന്ന് കടയിൽ മരുന്ന് വാങ്ങാൻ ചെന്നപ്പോൾ നേരിട്ട അപമാനം വളരെ വലുതാണ് .ഈ കേസിൽ എനിക്കു പരാതിയുണ്ട് .എനിക്കു നീതി ലഭിക്കണം “
“തീർച്ചയായും …മൂന്ന് മാസം തടവ് ശിക്ഷ ആറുമാസമായി വർധിപ്പിച്ചു കൊണ്ട് ഈ കോടതി ഉത്തരവിടുന്നു .”
❤❤