Smiling ഡിപ്രെഷൻ
രചന: ബെസ്സി ബിജി
”സിസിലി ആ ത്മഹത്യ ചെയ്തെന്ന്………..”
“ഏത് ? നമ്മടെ തെക്കേമറ്റത്തിലെ ചാക്കപ്പൻ്റെ മോളേ……
“ഹ……..നമ്മടെ പീറ്ററിൻ്റെ ഭാര്യയെ….. “
“അയ്യോ അതെന്നാ പറ്റിയെ…… ” “ആ….ആർക്കറിയാം……..ഇന്ന് കാലത്ത് പതിനൊന്ന് മണിക്ക്…….ഫാനിൽ തൂ ങ്ങി മരിച്ചെന്നാ പറഞ്ഞത്………….”
“ഇന്നത്തെ പിള്ളേരുടെ ഓരേതോന്നലേ…… ഒന്നല്ലേ ഉള്ളു എന്ന് കരുതി ലാളിച്ച് വളർത്തിയതിൻ്റെ തകരാറാവും………. “
“അതിന് ആ കൊച്ചിൻ്റെ കല്യാണവും കഴിഞ്ഞ് രണ്ട് കുട്ടികളും ആയല്ലോ? നമ്മടെ പീറ്ററല്ലേ കെട്ടിയിരിക്കുന്നത്. “
“ആ…… ഇനി അവനും ആയിട്ടുള്ള വല്ല കുടുംബ പ്രശ്നവും ആയിരിക്കുമന്നേ……..”
“ദേ ….. തള്ളേ, വേണ്ടാത്തതൊന്നും തൊള്ളതൊറന്ന് വിളിച്ച് പറയല്ലേട്ടോ…അവൻ സിസിലിയെ പൊന്നുപോലെയല്ലേ നോക്കുന്നത്. അവര് തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ലന്നേ “.
“എന്നാ പിന്നെ അവൻ്റെ അമ്മ ആയിരിക്കും കാരണക്കാരി .”
“അല്ലന്നേ ……..അവര് തമ്മിൽ വഴക്കൊന്നും ഉണ്ടാകാറില്ലല്ലോ. അവർക്കാണെങ്കിൽ സിസിലിയെ വലിയ കാര്യമാണ്. “
“അവർക്ക് രണ്ട് പെൺകൊച്ചുങ്ങളല്ലേ…. ” “അതേന്നേ നല്ല പൊന്നും കുടം പോലത്തെ രണ്ട് മുത്തുകൾ.”
“അതുങ്ങടെ മുഖം ഓർത്താൽ പിന്നെ അവൾക്കെങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നും. “
“ഏഴും ഒൻപതും വയസല്ലേ ഉള്ളു അതുങ്ങൾക്ക് .എട്ടും പൊട്ടും തിരിയാത്ത ഇതുങ്ങളേയും കൊണ്ട് ആ പീറ്ററിനി എന്ത് ചെയ്യും ദൈവമേ…പോയവർക്കങ്ങ് പോയാൽ മതിയല്ലോ……… “
“അപ്പറത്തെ സരസ്വതി പറയണ കേട്ടു………. കാലത്ത് സിസിലിയെ കണ്ടപ്പോഴും വളരെ സന്തോഷവതി ആയിരുന്നെന്ന്. ചിരിച്ച് ഒത്തിരിവർത്തമാനമൊക്കെ പറഞ്ഞു. പ്രത്യേകിച്ച് കുട്ടികളെ കുറിച്ച്..’
“അവള് പള്ളീലെ ഗായക സംഘത്തിലൊക്കെ ഉണ്ടന്നേ… നല്ല പാട്ടുകാരിയല്ലേ…ചെറുപ്പം മുതലേ അതിലൊക്കെ വളരെ ആക്ടീവാണെന്നാ കേട്ടത്………കഴിഞ്ഞ ഞായറാഴ്ചയും ആ കുട്ടി പാടീന്നാ കേട്ടത്. അന്നും അതൊന്നും പറഞ്ഞില്ലാന്ന്……….അതിൻ്റെ മുഖത്ത് സന്തോഷം മാത്രമേ കണ്ടുള്ളൂന്ന്………”
“ഇനി വല്ലവരും കൊന്ന് കെട്ടി തൂക്കിയതാണോ……. വല്ലാത്ത ഒരു കാലമാണേ……. “
“നിങ്ങളെപ്പഴാ ബോഡി കാണാൻ പോകുന്നത്….”
” പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രിയിൽ കൊണ്ടേയേക്കുവല്ലേ? നാളയേ കൊണ്ടു വരൂ എന്നാ പറയണകേട്ടത്.”
എല്ലാവരും പല പല അഭിപ്രായങ്ങൾ പറഞ്ഞപ്പോഴും പീറ്റർ ഒന്നും മിണ്ടാതെ കുട്ടികളേയും ഒതുക്കി പിടിച്ച് ഇരിക്കുകയാണ്……
എൻ്റെ സിസിലി…. അവളെന്തേ ഈ കുഞ്ഞുങ്ങളെ കുറിച്ച് ഓർത്തില്ല. ഇവിടെ ഒന്നിൻ്റെയും കുറവില്ലായിരുന്നല്ലോ.
അവൾക്കെന്താവശ്യം ഉണ്ടായിരുന്നെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഈ പീറ്ററേട്ടൻ സാധിച്ച് കൊടുക്കുമായിരുന്നല്ലോ……….
എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം ഈ വീട്ടിൽ അവൾക്കുണ്ടായിരുന്നല്ലോ…ഇവിടെ അവൾ എന്നും സന്തോഷവതി ആയിരുന്നല്ലോ. ……..
ഇന്ന് കാലത്തും അവൾ കുട്ടികൾക്ക് പ്രീയപ്പെട്ട ചിക്കൻ ഫ്രെ ഉണ്ടാക്കി സ്കൂളിൽ കൊടുത്തുവിട്ടതാണ്. ഞങ്ങൾക്കുള്ള ഭക്ഷണവും എത്ര ഉത്സാഹത്തോടെയാണ് അവൾ ഉണ്ടാക്കിയത്…..
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് ഞാനൊന്ന് ചേട്ടൻ്റെ വീട്ടിൽ പോയതല്ലേ ഉള്ളൂ. അതിനിടക്ക് അവൾക്കിതെന്താ പറ്റിയത്……
കിടന്നിട്ട് ഉറക്കം വരുന്നില്ല….. കുട്ടികൾ ക്ഷീണിച്ച് ഉറങ്ങി കഴിഞ്ഞു.
പാവം എൻ്റെ സിസിലി…… ഒറ്റക്ക് മോർച്ചറിയിൽ…… വിറങ്ങലിച്ച്… ഇരുട്ടത്ത്…….
ഒറ്റയ്ക്കിരിക്കാൻ ഭയമുള്ള ഇരുട്ടിനെ പേടിയുള്ള എൻ്റെ സിസിലി……..
ഉള്ളിൽ നിന്നുള്ള ഒരേങ്ങൽ കടിച്ചമർത്തിയിട്ടും ഉച്ചത്തിലായി പോയി. കണ്ണിൽ നിന്നും ഉതിർന്ന കണ്ണീർ കണങ്ങൾ ആരും കാണാതെ അവൻ തുടച്ചു മാറ്റി.
പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണം തന്നെയാണെന് സ്ഥിരീകരിച്ചു.
ദൈവമേ…….. അവളെ തെമ്മാടി കുഴിയിൽ അടക്കേണ്ടി വരുമല്ലോ……..
ചെറുപ്പം മുതലേ ദൈവത്തിന് സ്തോത്രഗീതം പാടിയ എൻ്റെ സിസിലി……..
പീറ്ററിന് ശ്വാസം വലിച്ചിട്ട് കിട്ടുന്നില്ല……. ആരോ അവന് വെള്ളം കൊടുത്തു…പേപ്പറെടുത്ത് വീശി കൊടുത്തു…എന്നിട്ടും ശരീരം വെട്ടി വിയർക്കുകയാണ്…
സെമിത്തേരിയിൽ ഏറ്റവും അറ്റത്ത് മൂലയിലെ തെമ്മാടി കുഴിയിൽ അവൾക്കുള്ള ശയ്യയിൽ… മുടക്കപ്പെട്ടവരുടെ അടുത്ത്…… മൃദുലമായ മനസ്സുള്ള അവളെങ്ങനെ ഒറ്റക്ക് കിടക്കും ദൈവമേ……….
അടക്കെല്ലാം കഴിഞ്ഞ് തിരിച്ച് വീട്ടിൽ വന്നപ്പോഴും എല്ലാവരുടേയും സംസാരം ഇതുതന്നെ…
പലരും ചോദിച്ചു…… ” നിങ്ങൾ തമ്മിൽ എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ…അല്ല….. ചെറുതായാലും ഈ പെണ്ണുങ്ങൾക്ക് ചിലപ്പോൾ സഹിക്കാൻ പറ്റില്ലന്നേ….. “
” ചിലതുങ്ങൾക്ക് ചില സമയത്ത് ഒറ്റ ബുദ്ധിയാ…. അങ്ങനെ എന്തെങ്കിലും…നീയൊന്നാലോചിച്ചു നോക്കിക്കേ….. “
ഇല്ല അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല……..
പീറ്റർ സിസിലിയുടെ അമ്മയോട്…… “ചെറുപ്പത്തിലേ അവൾ എന്തെങ്കിലും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ടോ അമ്മേ……..ഒന്നോർത്ത് നോക്കിക്കേ…….. ഇവിടെ വന്നിട്ട് ഈ പതിനൊന്ന് വർഷത്തിനിടക്ക് ഉണ്ടായിട്ടില്ല അതുകൊണ്ടാ……. “
ഇല്ല മോനേ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല….. അവളിവിടേയും നല്ല സന്തോഷവതിയായിരുന്നു എന്നെ നിക്കറിയാം. ഇന്നലെ വിളിച്ചപ്പോഴും നിന്നേയും പിള്ളേരേയും കിട്ടിയത് കഴിഞ്ഞ ജന്മത്തിൽ അവൾ ചെയ്ത ഏതോ പുണ്യത്തിൻ്റെ ഫലമാണെന്ന് പറഞ്ഞതല്ലേ…… ഞാനും അത് കേട്ടപ്പോൾ ഒത്തിരി സന്തോഷിച്ചു……. എന്നിട്ടിപ്പോൾ…….”
അതെ, അവളുടെ കുട്ടിക്കാലമെല്ലാം എൻ്റെ കൺമുന്നിലൂടെയാണല്ലോ കടന്നു പോയത്. പള്ളിയിലെ ഗായക സംഘത്തിൽ പാടുന്ന നല്ല സ്വഭാവമുള്ള മിടുക്കിയായ സിസിലി. അതാണല്ലോ കല്യാണാലോചന തുടങ്ങിയപ്പോൾ അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കാനുണ്ടായ കാരണം.
രണ്ട് വീട്ടുകാരുടേയും പരിപൂർണ്ണ സമ്മതത്തോടെയുള്ള വിവാഹം.
“മേനേ…… ചെറുപ്പത്തിലേ അവള് പല നിസാര കാര്യങ്ങൾക്കും ഒത്തിരി വ്യാകുലപ്പെട്ടിരുന്നു. “
“അതെന്താമ്മേ………. “
അതേ….. അവളുടെ കൂട്ടുകാരിയുടെ കൈയ്യിൽ ആരോ കയറി പിടിച്ച ഒരു ദിവസം അവൾ ഇവിടെ വന്ന്… “അവൻ്റെ കൈ വെട്ടിക്കളയണം”……എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കി. ഞാനതന്നത്ര കാര്യമാക്കിയില്ല.
പിന്നെ അവൾ കോളേജിൽ പഠിക്കുമ്പോൾ ബസിൽ വെച്ച് കണ്ടക്ടർ ടിക്കറ്റ് കൊടുക്കുമ്പോൾ അവളുടെ കൈയ്യിൽ ചൊറിഞ്ഞ അന്ന്….. അവളിവിടെ ബ്ലേഡും സേഫ്റ്റി പിന്നും നോക്കി നടപ്പായിരുന്നു.
പിറ്റേ ദിവസം അവളതും കൊണ്ടാണ് കോളേജിൽ പോയത്. പക്ഷേ അതൊക്കെ അവൾ ചിരിച്ചു കൊണ്ടാണല്ലോ കൈകാര്യം ചെയ്തത്.
“അമ്മേ……അവളിവിടെ പിള്ളേരെ ഒറ്റക്ക് പുറത്തെങ്ങും വിടാറില്ല. അവർ അടുത്തുള്ള പിള്ളേരോടോ പണിക്ക് വരുന്നവരോടോ സംസാരിക്കുന്നത് കണ്ടാൽ വളരെ ദേഷ്യപ്പെടാറുണ്ട്. “
“അതൊക്കെ സ്വാഭാവീകമല്ലേ….. അതിലെന്താ തെറ്റ്….. ഇന്നത്തെകാലത്ത് ആരെയും വിശ്വസിക്കാൻ കൊള്ളില്ലാന്നേ……. കഴിഞ്ഞ ദിവസം കണ്ടില്ലേ തൊണ്ണൂറ്റി മൂന്ന് വയസ്സായ മുതുമുത്തശ്ശിയെ……… ഇതുങ്ങളൊക്കെ ഇങ്ങനെ മ്യഗങ്ങളേക്കാൾ അധ:പതിക്കുന്നതെങ്ങനാ ദൈവമേ……….”
അതെ സിസിലിയും മരിക്കുന്നതിൻ്റെ തലേ ദിവസം ഇതൊക്കെ തന്നെ പറഞ്ഞു. ” ആറ് മാസമായ കുഞ്ഞിനെ മുതൽ തൊണ്ണൂറ്റി മൂന്നായ മുത്തശ്ശിയെ വരെ വെറുതെ വിടാത്ത ഈ ലോകത്ത് നമ്മുടെ കുഞ്ഞുങ്ങളെങ്ങനെ വളരും പീറ്ററേട്ടാ…… ” ന്ന്.
ഇതുങ്ങളെ ഒന്നും തൂക്കി കൊല്ലാൻനമ്മുടെ നിയമത്തിൽ വകുപ്പൊന്നും ഇല്ലേ……
പീറ്റർ തൻ്റെ വാക്കുകൾ ബ്രേക്കിട്ടതുപോലെ നിർത്തി…
പഴയ ന്യൂസ് പേപ്പർ വെച്ചിരിക്കുന്ന ഷെൽഫിനടുത്തേക്ക് ഓടി. സിസിലി മരിച്ച അന്നത്തെ ന്യൂസ് പേപ്പർ അവൻ വലിച്ചെടുത്ത് ധൃതിയിൽ അതിനുള്ളിൽ പരതി….. അതിലെ ഒരു ന്യൂസിൽ അവൻ്റെ കണ്ണുകൾ ഉടക്കി…..
ഒൻപത് വയസ്സായ ഒരു പിഞ്ചു കുഞ്ഞിനെ അയൽവക്കത്തെ ക ഞ്ചാവിനടിമയായ ചെറുപ്പക്കാരൻ…
ദൈവമേ…….. ചായ കുടിച്ച് കഴിഞ്ഞ് ഞാൻ ചേട്ടൻ്റെ വീട്ടിൽ പോയ സമയത്ത് അവൾ ഈ വാർത്ത വായിച്ചിരുന്നു….
അവളാ കുഞ്ഞിനെ സ്വന്തം മകളായി കണ്ടു കാണും…..
ചുറ്റുമൊരു ആൾക്കൂട്ടം തന്നെ ഉണ്ടെങ്കിലും തനിച്ചായി പോയ നിമിഷങ്ങൾ…മനസ്സ് വല്ലാത്തൊരവസ്ഥയിലായി…… അപകടകരമായ ഒരു മുനമ്പിൽ….. എല്ലാ വാതിലുകളും മുറുക്കെ അടച്ച് മനസ്സ് സ്വയം ഒറ്റുകൊടുക്കുന്ന നിമിഷങ്ങൾ…ആ മുനമ്പിൽ നിന്ന് താഴേക്ക് ഒറ്റകുതിപ്പ്…… കണ്ണടച്ച് തുറക്കുന്ന നേരം…മനോഹരമായ ഈ ജീവിതം ഇല്ലാതാക്കി…..
പുറകിൽ നിന്നൊരു വിളി…..
ആ സമയത്ത് ഞാനിവിടെ ഉണ്ടായിരുന്നെങ്കിൽ……. മനസ് തുറന്നൊന്ന് സംസാരിച്ചിരുന്നെങ്കിൽ…………