പിന്നീടെപ്പൊഴോ വീണു കിട്ടിയ അവധി ദിനത്തിലെ ഒരു വിശ്രമ വേളയിൽ അവളാ നെയിൽ പോളീഷിൻ്റെ കുപ്പി തുറന്നു…

നെയിൽ പോളീഷ് ~ രചന: സൗമ്യ ദിലീപ്

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയാണ് അവളാ സ്റ്റേഷനറി കടയിൽ കയറിച്ചെന്നത്. മോൾക്ക് വള വാങ്ങണം. നിരത്തി വച്ച വള സ്റ്റാൻഡിനിടയിൽ നിന്ന് മോളുടെ അളവിൽ, ഭംഗിയുള്ള രണ്ട് ഡസൻ വളയെടുത്തു. പാക്ക് ചെയ്യാനായി കൊടുത്തപ്പോഴാണ് തൊട്ടടുത്ത സ്റ്റാൻഡിൽ ഭംഗിയിൽ അടുക്കി വച്ചിരിക്കുന്ന നെയിൽ പോളീഷ് കണ്ണിലുടക്കിയത്. പല വർണങ്ങളിൽ അടുക്കി വച്ചിരിക്കുന്നതിൽ നിന്ന് പ്രിയപ്പെട്ട ചുവപ്പു നിറം തെരഞ്ഞെടുത്തു.

അതും വാങ്ങി ബാഗിലിട്ട് ബസ് കയറി വീട്ടിലെത്തി. ചെന്നപാടെ മോൾക്കുള്ള വള കൈയിൽ കൊടുത്തു. നെയിൽ പോളീഷ് കുട്ടിക്കുറുമ്പിയുടെ കൈ എത്താത്തിടത്ത് സൂക്ഷിച്ചു വച്ചു.

കുളിയും വിളക്കു വയ്ക്കലും കഴിഞ്ഞ് കുഞ്ഞിന് ചോറു കൊടുത്തുറക്കി. മുറിയിൽ നിന്നിറങ്ങുമ്പോൾ നെയിൽ പോളിഷിൽ നോട്ടം ചെന്നു. പിന്നെയാവാം എന്നു മനസിൽ പറഞ്ഞത് അടുത്ത തിരക്കിലേക്ക്.

എല്ലാം കഴിഞ്ഞ് കിടക്കാനായി റൂമിലെത്തിയപ്പോൾ നോട്ടം വീണ്ടും നെയിൽ പോളീഷിലേക്കു നീണ്ടു. നാളെയാവട്ടെ മനസിൽ പറഞ്ഞു കൊണ്ടവൾ കിടക്കാനായി ചെന്നു.

തിരക്കിനിടയിൽ പിന്നെയാവട്ടെ എന്നു മാറ്റി വച്ച ഇഷ്ടങ്ങൾക്കിടയിൽ നെയിൽ പോളിഷിലേക്കുള്ള നോട്ടവും അവൾ മറന്നു.

പിന്നീടെപ്പൊഴോ വീണു കിട്ടിയ അവധി ദിനത്തിലെ ഒരു വിശ്രമ വേളയിൽ അവളാ നെയിൽ പോളീഷിൻ്റെ കുപ്പി തുറന്നു. ആ മണം ആസ്വദിച്ചു.

കൈകൾ വിടർത്തി വച്ച് നെയിൽ പോളിഷ് ഇടാൻ തുടങ്ങി. രണ്ടു വിരലിൽ ചായം പുരട്ടിയ നേരത്താണ് വീട്ടിൽ കയറി വന്ന കെട്ടിയോൻ്റെ വിളി. തുറന്ന കുപ്പി മുഴുവനായി അടക്കാതെ മാറ്റി വച്ച് അവളെണീറ്റോടി.

പിന്നെയും പിന്നെയും ദിവസങ്ങൾ കടന്നു പോയി. ഒഴുക്കിനൊത്ത് അവളും നീന്തി.

പിന്നീടെപ്പൊഴോ മോഹം തോന്നി അവളാ നെയിൽ പോളീഷിൻ്റെ കുപ്പി തിരഞ്ഞു. കുറെ തിരച്ചിലിനൊടുവിൽ അതവൾക്കു കിട്ടി. പക്ഷേ ഇനി ഉപയോഗിക്കാനാവാത്ത വണ്ണം അത് കട്ടപിടിച്ചിരുന്നു.

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവളാ കുപ്പി ചവറ്റുകൊട്ടയിലിട്ടു.