(നിമിഷ നേരം കൊണ്ട് 15 വയസ്സിനു മുകളിലുള്ളോർക്ക് വായിച്ചു തീർക്കാം 🙃)
അയാളും ഞാനും തമ്മിൽ
രചന: RJ Sajin
ബൈക്കിന്റെ സ്പീഡ് നന്നായി കുറഞ്ഞു തുടങ്ങി. പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു.ബൈക്ക് ഓഫ് ആയി . പെട്രോള്‍ തീർന്നതാണ് കാരണം .ഇനി വീടെത്താൻ കുറച്ച് ദൂരം കൂടി ഉണ്ട് .ഞാന്‍ ചുറ്റും നോക്കി. നല്ല ഉരുട്ട്. റോഡിന്റെ സൈഡില്‍ കൂടെ ഞാൻ വണ്ടി ആഞ്ഞ് ഉരുട്ടാന്‍ തുടങ്ങി. സമയം 11.50 ആയി. അപ്പോഴേക്കും പട്ടികളുടെ ഓരയിടൽ ആരംഭിച്ചിരുന്നു . അപ്പോഴാണ് ഞാന്‍ ഇന്ന് വെള്ളിയാഴ്ച്ചയാണെന്ന നഗ്നസത്യം ഓർത്തത് .
എന്റെ മനസ്സില്‍ അപ്പോള്‍ ഒത്തിരി പ്രേതസിനിമയിലെ ഭയപ്പെടുത്തുന്ന രംഗങ്ങള്‍ കടന്നുവന്നു .ഞാന്‍ പതറാതെ വണ്ടി ഉരുട്ടി. ഉള്ളില്‍ ചെറിയ ഒരു ഭയം ഇല്ലാതില്ല .കുറച്ചു ദൂരം കഴിഞ്ഞാൽ സുമതിവളവ് കൂടെയാണ് .കൂടുതൽ അപകട മരണങ്ങൾ നടന്നിട്ടുള്ളതും ഈ സ്പോട്ടിൽ നിന്നുമാണ് .എന്നെ ആരെങ്കിലും പിന്‍തുടരുന്നുണ്ടോ ?
ഞാൻ പേടിയോടെ ഇടയ്ക്ക് തിരിഞ്ഞു നോക്കി .റോഡിലാണേൽ ഒരൊറ്റ വണ്ടിപോലും ഇല്ല .സ്ട്രീറ്റ് ലൈറ്റും ഇല്ല .രണ്ടു വശവും റബ്ബർകാട് .കരിയിലകൾ അനങ്ങും പോലെ തോന്നി .ഒരിക്കലും വിളിക്കാത്ത ദൈവങ്ങളെയെല്ലാം ഞാനപ്പോൾ വിളിച്ചു. ഏത് സമയത്ത് സിനിമക്ക് പോകാൻ തോന്നിയതാണോ എന്തോ .സ്വയം മനസ്സിൽ പിറു പിറുത്തു …ആദ്യായിട്ടാണ് രാത്രി ഒറ്റയ്ക്ക് സിനിമയ്ക്ക് പോയത് ,ആ ഇന്ന് തന്നെ നല്ല പണി കിട്ടിയല്ലോ ..പെട്ടെന്ന് ഫോണിൽ വൈബ്രേഷൻ അടച്ചു .ഞാൻ ഓർമ്മകളിൽ നിന്നും മടങ്ങി എത്തി . അല്പം വിറയലോടെ ഞാൻ ഫോണ്‍ കയ്യില്‍ എടുത്തു. ഈ സമയത്ത് ആര് വിളിക്കാനാണ് ..കാമുകി പോലുമില്ല.നോക്കിയപ്പോൾ പുതിയ നമ്പർ . ഗൗരവത്തോടെ ഞാൻ അറ്റന്റ് ചെയ്തു
ആരാ ?? ഞാന്‍ ചോദിച്ചു…
നമസ്കാരം. “ഞങ്ങൾ അവതരിപ്പിക്കുന്ന ക്കൂന്ന മെഗാ ഓഫര്‍ ……..”
കസ്റ്റമര്‍ കെയറില്‍ നിന്നായിരുന്നു ആ വിളി ..മനുഷ്യനിവിടെ പേടിയുടെ നെല്ലിപ്പലകയിൽ നിക്കുമ്പോളാണ് ഇമ്മാതിരി വിളി ..എനിക്കാണേൽ ദേഷ്യം വന്നിട്ട് അന്നേവരെ വിളിച്ചിട്ടില്ലാത്ത മുഴുവൻ തെറിയും അവിടെ നിന്ന് വിളിച്ചു .മനസ്സറിഞ്ഞു തെറി വിളിച്ചപ്പോ എന്തൊരാശ്വാസം. പേടി അൽപ്പം കുറഞ്ഞു. ഞാന്‍ വീണ്ടും വണ്ടി ആഞ്ഞ് ഉരുട്ടി.
അപ്പോളാണ് ഞാന്‍ ഒരു വണ്ടിയുടെ ശബ്ദം കേൾക്കുന്നത് .അങ്ങ് അകലെനിന്നു വരികയാണ് ഒരു കാര്‍…
കാര്‍ എന്റെയടുത്ത് കൊണ്ടുനിര്‍ത്തി. കാറിന്റെ സൈഡിലത്തെ ഗ്ലാസ് പതിയെ താഴ്ന്നു .ഒരു ചേട്ടന്‍,കണ്ടാൽ 30 വയസ്സിനകത്തു വരും. എന്നോട് കാര്യം തിരക്കി ഞാന്‍ പെട്രോള്‍ തിര്‍ന്ന കാര്യം പറഞ്ഞു .
വീട്ടിലേക്ക് ഇനിയും കുറേ ദൂരമുണ്ട്. ആ ചേട്ടന്റെ നിര്‍ദ്ദേശപ്രകാരം എന്റെ ബൈക്ക് ഒരു കടയുടെ സൈഡില്‍ ഒതുക്കിയിട്ട് ഞാന്‍ ആ ചേട്ടന്റെ കാറിൽ കയറി. ചേട്ടന്‍ എന്റെ വീടിന്റെ അടുത്ത് കൂടെയാണ് പോകുന്നത്. ഞാന്‍ ആ ചേട്ടനെ പരിചയപ്പെടാൻ മറന്നില്ല . ചേട്ടന്റെ പേര് സച്ചു എന്നായിരുന്നു .നല്ല സ്നേഹമുള്ള ചേട്ടന്‍,എനിക്ക് കുടിക്കാൻ വെള്ളമൊക്കെ തന്നു .യാത്രയുടെ ഇടയ്ക്കാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത് .ചേട്ടൻ വണ്ടി ഓടിക്കുന്നേരം കരയുന്നുണ്ടായിരുന്നു .എന്തേലും പേഴ്‌സണൽ പ്രോബ്ലം കാണും ..ചോദിച്ചു കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാനൊന്നും ചോദിച്ചില്ല .പെട്ടെന്ന് തന്നെ എന്റെ വീടും എത്തി .ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി. നന്ദി പറയും മുന്നേ വണ്ടി എടുത്തോണ്ട് ചേട്ടൻ സ്ഥലം വിട്ടു .മനസ്സിൽ നന്ദിപറഞ്ഞുകൊണ്ട് ഞാ൯ നേരെ വീട്ടിലോട്ട് നടന്നു.
മണി അപ്പോളേക്കും 12.30 ആയി.രാത്രി താമസിച്ചു വന്നതിനു അമ്മയുടെ വായിൽ നിന്നും കുറെ വഴക്ക് കിട്ടി .ഞാൻ നേരെ ചെന്ന് കിടന്നുങ്ങി..പിറ്റേ ദിവസം രാവിലെ അൽപ്പം താമസിച്ചാണ് ഞാൻ എഴുന്നേറ്റത് .8 മണിയായി…നേരെ പോയി ആ പത്രം ചെന്നെടുത്തു .മുമ്പിലത്തെ പേജ് മറിച്ച് നോക്കിയതും ഞാന്‍ ഒന്ന് ഞെട്ടി .ഇന്നലെ രാത്രി എന്നെ വീട്ടിലെത്തിച്ച ചേട്ടന്റെ ഫോട്ടോ .ഞാനങ് വിറയ്ക്കാൻ തുടങ്ങി .ആ ചേട്ടൻ മരിച്ചു .ആക്സിഡന്റായിരുന്നു .
എന്റെ മനസ്സ് വല്ലാതങ്ങ് തളർന്നു .കുറച്ച് മണിക്കൂറുകൾക്ക് മുൻപ് പരിചയപ്പെട്ട ചേട്ടൻ ഇപ്പൊ ജീവനോടില്ല .ഞാൻ വാർത്ത വായിച്ചു .. ‘ ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ലോറിയുമായി കാർ കൂട്ടിയിടിച്ചു സച്ചു (29)എന്ന ചെറുപ്പക്കാരന്‍ മരിച്ചു.
എന്റെ കണ്ണ് ഒന്നു തള്ളി ..ഞാനൊരിക്കൽ കൂടെ വായിച്ചു .എന്റെ കൈ വിറയ്ക്കാന്‍ തുടങ്ങി .ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഈ ചേട്ടന്‍ മരിച്ചെങ്കില്‍ ഇന്നലെ രാത്രി എന്നെ വീട്ടില്‍ എത്തിച്ചത് ആരാണ്. എന്റെ ഹൃദയമിടുപ്പ് കൂടിക്കൂടി വന്നു.
ബൈക്കിന്റെ പെട്രോള്‍ തീര്‍ന്ന സ്ഥലത്ത് വെച്ചാണ് ആക്സിഡന്റ് നടന്നിരിക്കുന്നത് .ഇന്നലെ എന്താ സംഭവിച്ചത്? ഇന്നലെ രാത്രി എന്റെ കൂടെയുണ്ടായിമുന്നത് അപ്പോൾ ആരാണ്? തുടങ്ങിയ ചോദ്യങ്ങള്‍ എന്റെ മനസ്സ് ചോദിച്ചുകൊണ്ടിരുന്നു .
ഞാന്‍ ഉടനെ അമ്മയെ അലറി വിളിച്ചു ..അടുക്കളയിൽ നിന്ന് ഓടി വന്ന അമ്മയോട് ഞാൻ കാര്യം തുടക്കം മുതൽ വിക്കി വിക്കി പറഞ്ഞു. ഇതു കേട്ടതും അമ്മ നിന്ന് ചിരിക്കുന്നു . എന്നിട്ട് ചെറുപുഞ്ചിരിയോടെ ചോദിച്ചു
“നീ എന്താടാ സ്വപ്നം കണ്ടോ?. ഇന്നലെ രാത്രി 8 മണിക്ക് ചെന്നുറങ്ങിയ നീ ഇപ്പോ
എന്തൊക്കെയാ പറയുന്നേ, സിനിമയക്ക് പോയി,പെട്രോള്‍ തീര്‍ന്നു…” അമ്മ ഇത്രയും പറഞ്ഞ് അടുക്കളയിലോട്ട് പോയി .
കിളി പറന്നപോലെ ഒരു നിൽപ്പ് ഞാൻ നിന്നു ..മുറ്റത്തേക്ക് നോക്കി. എന്റെ ബൈക്ക് സൈഡിൽ ഇരിക്കുന്നു .ഞാൻ ബൈക്കിന്റെ അടത്തു ചെന്നു വണ്ടി ഒന്ന് കുലുക്കി ..വണ്ടിയിൽ പെട്രോള്‍ ഉണ്ട്. അപ്പോള്‍ ഞാന്‍ കണ്ടത് സ്വപ്നമാണോ? സച്ചു എന്ന മരിച്ചുപോയ ചേട്ടനെ ഞാന്‍ എങ്ങനെയാ സ്വപനത്തില്‍ കണ്ടത്? ഒരു പരിചയംപോലും ഇല്ലാത്ത ചേട്ടനെ മരണ ശേഷം ഞാനെങ്ങനെ ഇന്നലെ കണ്ടു ?സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ ഞാന്‍ മുറ്റത്ത് പകച്ച് നിന്നു .
ശുഭം