സദാചാരികളെ ഇതിലെ…
രചന: ദിപി ഡിജു
‘വിമലേച്ചിയേ…. അരി ഉണക്കുവാണോ…??? പൊടിപ്പിക്കാനല്ല്യോ…???’
നാട്ടിലെ പ്രധാന വാര്‍ത്താ പിടുത്തക്കാരി രാധമ്മ വീട്ടുമുറ്റത്തു നില്‍ക്കുന്നതു കണ്ടു വിമല ഒന്നു പതിയെ പുഞ്ചിരിച്ചു.
‘ഹാ… ഇതാരാ ഇത്….??? ഒത്തിരിയായല്ലോ രാധമ്മേ ഇങ്ങോട്ടൊക്കെ കണ്ടിട്ട്…???നല്ല വെയില് കണ്ടതു കൊണ്ട് അരി അങ്ങ് ഉണക്കാല്ലോന്നു കരുതി… പുട്ടിന് പൊടിപ്പിക്കാനാടീ… പിള്ളേര്‍ടച്ഛനു പുട്ട് കിട്ടിയാല്‍ മതി… വേറൊന്നും വേണ്ട പ്രാതലിന്…’
‘ഇപ്പോള്‍ നല്ല പാക്കറ്റ് പൊടി ഒക്കെ കിട്ടുമ്പോള്‍ എന്തിനാ വിമലേച്ചീ ഈ പാടു പെടുന്നേ…’
‘നമ്മള്‍ ഉണക്കി പൊടിപ്പിച്ചു ഉണ്ടാക്കി തിന്നുന്ന ആ സുഖമൊന്നും പാക്കറ്റ് പൊടിക്ക് കിട്ടത്തില്ലെടി… ഹാ… നീ അങ്ങോട്ടു കയറിയിരിക്ക്… ഞാന്‍ ഈ വല കൂടി വിരിച്ചിട്ടു വരാം… ഇല്ലേല്‍ ആ കോഴി വന്നു മൊത്തം കൊത്തി പെറുക്കി കൊണ്ട് പോകും…’
‘എന്നാല്‍ ഞാനും കൂടി കൂടാം ചേച്ചി…’
അവര്‍ ഒരുമിച്ചു വല വിരിച്ചു ഉമ്മറത്തേക്കു കയറി.
‘കൃഷ്ണേട്ടന്‍ ജോലിക്കു പോയിരിക്കുമല്ലേ ചേച്ചി…’
‘അതേടി… ഇന്ന് കുറച്ചു ദൂരെയാണ് പണി… നീ ഇരിക്കു… ഞാന്‍ കുറച്ചു നാരങ്ങാവെള്ളം എടുത്തോണ്ടു വരാം… നല്ല ചൂടല്ലേ…’
‘ഞാനിവിടെ അതിഥി ഒന്നുമല്ലല്ലോ ചേച്ചി… നമ്മുക്ക് ഒരുമിച്ചങ്ങു നാരങ്ങവെള്ളം എടുക്കാം…’
‘എന്നാല്‍ നീയും വായോ…’
‘വേണിമോള്‍ ഇപ്പോള്‍ ടൗണിലെ കോളേജില്‍ ആണല്ലേ ചേച്ചി…’
‘ഹാ അതേടി… ഫസ്റ്റ് ഇയര്‍ ആണ്…’
‘ഞാനൊരു കൂട്ടം പറഞ്ഞാല്‍ ചേച്ചി ഒന്നും വിചാരിക്കരുത്…’
‘എന്താടി രാധമ്മേ നീ പറഞ്ഞോളൂ…’
‘അത് പിന്നെ…. വിമലേച്ചി ഇതൊന്നു നോക്കിയേ…’
രാധമ്മ നീട്ടിയ ഫോണ്‍ വാങ്ങി വിമല നോക്കി.
‘ഒരു ചെറുപ്പക്കാരന്‍റെ കൂടെ വേണിമോളെ സംശയാസ്പദമായ സാഹചര്യത്തില്‍ കോഫീഹൗസില്‍ കണ്ടെന്നു പറഞ്ഞു എന്‍റെ മോന്‍ കോമളന്‍ അയച്ചു തന്നതാ ഈ ഫോട്ടോ…. കണ്ടപാടെ ഞാനിങ്ങു പോന്നതാ… വിവരം പറയാല്ലോന്നു കരുതി…’
‘എങ്ങനെയുള്ള സാഹചര്യം ആയിരുന്നു രാധമ്മേ…’
വിമല പരിഭ്രമത്തോടെ ചോദിച്ചു.
‘ആ ചെറുക്കന്‍ കരഞ്ഞപ്പോള്‍ വേണിമോള്‍ അവന്‍റെ കൈയ്യില്‍ കയറി പിടിച്ചു എന്തോ പറഞ്ഞു കണ്ണീരൊക്കെ തുടച്ചു കൊടുത്തു… എന്നിട്ട് രണ്ടു പേരും ബൈക്കില്‍ കയറി പോയെന്നാ പറഞ്ഞേ…’
രാധയ്ക്കു പറയാന്‍ ഉത്സാഹം കൂടി.
‘ക്ളാസ്സുള്ള ഈ സമയത്ത് കോളേജില്‍ പോകാതെ… ആ പോക്കു ഒരു ശരിയല്ലാത്ത പോക്കല്ലേ ചേച്ചി…. അതാ ഞാന്‍ അധികം താമസിപ്പിക്കാതെ എല്ലാം അങ്ങ് പറയാന്നു കരുതിയെ… ഇല വന്നു മുള്ളേല്‍ വീണാലും… മുള്ളു വന്നു ഇലയില്‍ വീണാലും കേട് ഇലയ്ക്കല്ലേ ചേച്ചി… സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടല്ലോ… ചേച്ചി ഒന്നു നന്നായി ഉപദ്ദേശിച്ചേക്കണെ… ഞാന്‍ എന്നാല്‍ ഇറങ്ങിക്കോട്ടെ… ശാന്തേച്ചീടെ വീടു വരെ ഒന്നു പോണം… അതാ….’
പിന്തിഞ്ഞു നടക്കാന്‍ ഒരുങ്ങിയ രാധമ്മയുടെ കൈയ്യില്‍ വിമല പിടുത്തം ഇട്ടു.
‘ചൂടാറും മുന്‍പ് വിശേഷം എല്ലാവരുടെയും ചെവിയില്‍ എത്തിക്കാന്‍ ഓടും മുന്‍പ് ഇതു കൂടി കേട്ടിട്ടു പോയ്ക്കോ രാധമ്മെ…’
രാധമ്മ അമ്പരന്നു വിമലയുടെ മുഖത്തേക്ക് നോക്കി.
‘രാധമ്മ ഇപ്പോള്‍ ഫോട്ടോയില്‍ കാണിച്ചു തന്നില്ലെ… അതു വിമല്‍ ആണ്… വേണിമോള്‍ടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്… ആ പയ്യന്‍റെ അച്ഛന്‍ മരിച്ചിട്ട് അധികം ആയിട്ടില്ല… ഇന്ന് മോള്‍ ക്ളാസ്സില്‍ അല്ല… ആ കൊച്ചനെ കാണാന്‍ തന്നെയാണ് പോയത്… അച്ഛന്‍ മരിച്ചതിനുശേഷം വീട്ടില്‍ തന്നെ ആയിരുന്നു ആ പയ്യന്‍… അവനെ ഒന്നു സമാധാനിപ്പിച്ചേച്ചും വരാമെന്നു പറഞ്ഞു എന്‍റെയും അവള്‍ടെ അച്ഛന്‍റെയും അനുവാദം വാങ്ങി തന്നെയാ എന്‍റെ കൊച്ചു പോയത്… അവര്‍ ഒരുമിച്ച് ഇരുന്നു കോഫി കുടിച്ചു കാണും അച്ഛന്‍റെ കാര്യം പറഞ്ഞ് വിഷമിച്ചു ഇരുന്ന ആ കൊച്ചനെ വേണിമോള്‍ ആശ്വസിപ്പിച്ചും കാണും….’
‘എന്നാലും ചേച്ചി… ഒരു പയ്യന്‍റെ കൂടെ ഇങ്ങനെ…!!!’
‘എങ്ങനെ…??? എന്‍റെ രാധമ്മേ… ആണും പെണ്ണും ഒരുമിച്ചു ഇരുന്നു എന്നോ സംസാരിച്ചു എന്നോ വച്ചു അത് അത്ര ആനക്കാര്യം ഒന്നു ആക്കേണ്ട ആവശ്യം ഇല്ല… അവര്‍ക്കിടയില്‍ കറ വീഴാത്ത സൗഹൃദവും ഉണ്ടാകാറുണ്ട് എന്നു ആദ്യം മനസ്സിലാക്ക്… പിന്നെ ഞങ്ങളുടെ മോളുടെ കാര്യം… ഇനി ഇപ്പോ അവള്‍ക്ക് അവനോട് അങ്ങനെ ഒരു ഇഷ്ടം തോന്നിയാല്‍ തന്നെ അവനോട് അത് പറയുന്നേനു മുന്‍പേ അവള്‍ അത് ഞങ്ങളോട് പറയും… കാരണം ഞങ്ങള്‍ അവള്‍ക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും കൊടുത്തു തന്നെയാ വളര്‍ത്തിയേക്കുന്നേ…’
‘എന്നാല്‍ പിന്നെ വിമലേച്ചി… ഞാനങ്ങോട്…’
‘ഹാ… അങ്ങനെ അങ്ങ് പോകല്ലെ രാധമ്മേ… ദാ… നാരങ്ങവെള്ളം കുടിച്ചിട്ടു പോയാല്‍ മതി… എന്‍റെ മോളെ കുറിച്ചോര്‍ത്തു കുറേ വിഷമിച്ചതല്ലേ…’
വളിച്ച ചിരിയോടെ നാരങ്ങവെള്ളം കുടിച്ചു കൊണ്ടിരിക്കെ മുറ്റത്തു വന്നു നിന്ന ബൈക്കില്‍ നിന്ന് ഇറങ്ങുന്ന വേണിയേയും വിമലിനെയും അവര്‍ ഒന്നു നോക്കി.
‘ഹാ ഇതാര് രാധമ്മേച്ചിയോ… ചേച്ചി… ഇത് എന്‍റെ കട്ട ചങ്ക് വിമല്‍… അമ്മേ… ദാ… ഇവനും ഒരു നാരങ്ങവെള്ളം എടുത്തോ…’
‘ഞാനിറങ്ങുവാ മോളെ… നിങ്ങള്‍ ഇരിക്കു… വിമല്‍ മോനെ കണ്ടതില്‍ സന്തോഷം…’
ഗ്ളാസ്സ് താഴെ വച്ചു അവിടുന്ന് ഇറങ്ങുമ്പോള്‍ ശാന്തേച്ചിയുടെ വീട്ടില്‍ പോയി പറയേണ്ട പുതിയ കഥ എന്താവണം എന്ന ചിന്തയിലായിരുന്നു നമ്മുടെ സദാചാരവാദി രാധമ്മ.