പെട്ടെന്ന് ഒരാൾ പിന്നിൽ നിന്നും ഇറുക്കെ കെട്ടിപ്പിടിച്ചു. അതു തന്റെ പ്രീയപ്പെട്ട…

എന്നും എന്റേതു മാത്രം…

രചന: സീമ ബിനു

അച്ഛന്റെ തറവാട്ടിലേക്കുള്ള യാത്ര പണ്ടും ഇഷ്ടമായിരുന്നു . അന്നൊക്കെ എല്ലാ ഓണത്തിനും വിഷുവിനും മുടങ്ങാതെ പോകും. പാടവരമ്പിൽ കൂടി ദേവൂന്റെ കൈ കോർത്തു പിടിച്ചു പുല്ലിനോടും പറവയോടും വരെ കിന്നാരം ചൊല്ലിയുള്ള നടത്തയും .. മെല്ലെ വീശുന്ന കാറ്റിലും തളരാതെ തെളിഞ്ഞു കത്തുന്ന കാവിലെ നെയ് വിളക്കും .. പിന്നെ ഉത്സവപറമ്പിൽ നിന്നും ചെറിയച്ഛൻ വാങ്ങിത്തരാറുള്ള മനോഹരമായ കുപ്പിവളകളും ഒക്കെ എന്നും പ്രീയപ്പെട്ടതായിരുന്നു .. എങ്കിലും അതു മാത്രമായിരുന്നോ ആ യാത്രകളോടുള്ള അടങ്ങാത്ത ഇഷ്ടത്തിനു പിന്നിൽ….

ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് അച്ചമ്മേടെ മരണം . അത് അച്ഛനെ ശരിക്കും തളർത്തി എന്നു തോന്നി . അനാഥനായിപ്പോയി എന്നു പറഞ്ഞു പല വട്ടം സങ്കടപ്പെട്ടു . ഞാനില്ലേ ?? പിന്നെയീ ലക്ഷ്മിക്കുട്ടി ദേ ഇങ്ങനെ കൂടെത്തന്നെയില്ലേ? എന്നു പറഞ്ഞ് അച്ഛനെയും അമ്മയെയും ചേർത്തു പിടിച്ചു . എന്നിട്ടും ആ സങ്കടപ്പുഴ അങ്ങനെ ഒഴുകുന്നത് കണ്ട് കൂടെ കരഞ്ഞു അമ്മയില്ലായ്മ എന്താണെന്ന് മനസിലാകാതിരുന്നിട്ടു കൂടി . അമ്മ ഒപ്പമുണ്ടായിരുന്നിട്ടും പക്ഷേ വർഷങ്ങൾക്കിപ്പുറം ഞാനും അറിഞ്ഞു അനാഥത്വം എന്തെന്ന് . അച്ഛൻ കൂടെയില്ലെന്ന് വിശ്വസിക്കാൻ തയ്യാറാകാതിരുന്ന മനസിനെ അതിന്റെ വഴിക്കു വിട്ടു. അകത്തെ എഴുത്തു മുറിയിൽ അച്ഛൻ തിരക്കിട്ട എഴുത്തിലാണെന്ന് വെറുതേ നിനച്ചും, അച്ഛൻ പലപ്പോഴായി പറഞ്ഞു കേട്ട അവരുടെ പ്രണയകഥയിലെ ചില നിമിഷങ്ങൾ അമ്മയ്ക്കായ് ഓർത്തെടുത്തും പിന്നെ മനപ്പൂർവം വിസ്മരിച്ച സ്വന്തം പ്രണയം വരികളായി പകർത്തിയും ഞാനും സന്തോഷത്തിന്റെ പുറം ചട്ടയണിഞ്ഞു .

അമ്മയുടെ കാര്യമായിരുന്നു കഷ്ടം .

ഏതു നേരവും അച്ഛന്റെ പിന്നാലേ തന്നെ ആയിരുന്നു പാവം . എന്തെങ്കിലും വേണോ എന്നുള്ള ചോദ്യവുമായി അച്ഛനെ നിരന്തരം ശല്യപ്പെടുത്തിയും….അച്ഛന്റെ രചനകളുടെ ആദ്യവായനക്കാരിയായും ഒക്കെ സദാ തിരക്കിലായിരുന്ന അമ്മയ്ക്കിപ്പോൾ ഒരു ശൂന്യതയാണ് . തനിക്കു വേണ്ടി ഒന്നുംചെയ്തിട്ടില്ലാത്ത അല്ലെങ്കിൽ ചെയ്യാൻ ഇഷ്ടമില്ലാതിരുന്ന അമ്മ …കൃഷ്ണനുണ്ണീടെ ദാസി എന്ന് പറഞ്ഞു കളിയാക്കുമ്പോഴൊക്കെ അതേടീ ഞാൻ അങ്ങേരുടെ ദാസി തന്നെയാ .. നിനക്കു നഷ്ടമൊന്നുമില്ലല്ലോ എന്ന് കൊമ്പു കോർക്കുമായിരുന്ന അമ്മയുടെ മൗനം ചിലപ്പോഴെങ്കിലും ഉള്ളിലൊരു നോവായി പടരാറുണ്ട് . കാലം അങ്ങനെയാണ് … എപ്പോഴും ഒന്നും അങ്ങനെയങ്ങ് സന്തോഷിപ്പിക്കില്ല . ഇടയ്ക്ക് ചിലപ്പോൾ വല്ലാണ്ടങ്ങ് മരവിപ്പിച്ചു കളയും ..

നാലു വർഷങ്ങൾക്കു മുൻപാണ് അവസാനമായി അമ്മയും ഞാനും തറവാട്ടിലെത്തിയത് . ഞങ്ങളേ കൂടാതെ ചെറിയച്ഛനും ചിറ്റയും അവരുടെ മകൻ നന്ദുവും മാത്രമായിരുന്നു ആ ദിവസങ്ങളിൽ അവിടെ ഉണ്ടായിരുന്നത്. ആയിടക്ക് വിവാഹിതയായ ചെറിയച്ഛന്റെ മകൾ ദേവിക ഭർത്താവിനൊപ്പം വിദേശത്തായിരുന്നു . ഇടയ്ക്ക് ശ്രീദേവിയപ്പ വന്നു . അച്ഛന്റെ ആണ്ടിന്റെ അന്നും ഞങ്ങൾ തിരിച്ചു മുംബൈക്ക് പോകുന്ന നേരത്തും മാത്രം വന്ന് സാന്നിധ്യം അറിയിച്ചു . വേറെ ആരെയും കണ്ടില്ല .. തിരക്കാനും പോയില്ല . അതിനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല എന്നുള്ളതാണ് സത്യം ..

ഓർമകൾക്കൊപ്പം സഞ്ചരിച്ചു വീടെത്തിയത് അറിഞ്ഞില്ല . വരുമെന്ന് നേരത്തേ അറിയിച്ചതു കൊണ്ടാവും ചെറിയച്ഛനും ചിറ്റയും മൂന്നിൽ തന്നെയുണ്ടായിരുന്നു . കാറിൽ നിന്നിറങ്ങി ചിറ്റേടെ നെഞ്ചിൽ ചേർന്നു നിന്നു . ആരും ഒന്നും മിണ്ടിയില്ല .. വാചാലമായ നിശബ്ദതയുടെ നിമിഷങ്ങൾ . മുഖം കൈകുമ്പിളിൽ എടുത്ത് മൂർദ്ധാവിൽ ഒന്നു മുത്തി ചിറ്റ .. എന്നിട്ട് കൈ മുറുകെ പിടിച്ചു അകത്തേക്കു നടന്നു . ചെറിയച്ഛന്റെ നിറഞ്ഞ കണ്ണുകളിലേക്കു നോക്കിയപ്പോൾ അവൾക്ക് അച്ഛനെ ഓർമ്മ വന്നു .നന്ദു ഉച്ചയ്ക്കു വരുമെന്നും ദിവ്യേച്ചീടെ വരവ് ഒരാഘോഷമാക്കും എന്ന് അവൻ പറഞ്ഞെന്നും ഒക്കെ ചെറിയച്ഛൻ പറയുന്നുണ്ടായിരുന്നു .. അടുത്ത ദിവസം ദേവു കൂടി വരുമെന്നറിഞ്ഞപ്പോൾ തന്നെ മനസു നിറഞ്ഞു . കാത്തിരിക്കാൻ ആരെങ്കിലും ഒക്കെയുണ്ട് എന്ന തിരിച്ചറിവ് ആർക്കും ഒരു സന്തോഷം തന്നെയാണ് .

കാലങ്ങൾക്കു ശേഷം ഇലയിൽ സദ്യ ഉണ്ടു . ചിറ്റേടെ കൈപ്പുണ്യത്തിൽ പിറന്ന കാളനും ഓലനും പുളിയിഞ്ചിയും പിന്നെ വറവും ഉപ്പേരിയും ഒക്കെയുള്ള സമൃദ്ധമായ സദ്യ. അതു കഴിച്ചു കഴിഞ്ഞപ്പോൾ ത്തന്നെ വയർ വല്ലാതെ നിറഞ്ഞു.. ഒപ്പം മനസും !!!

ഡ്രസ്സ് മാറി കട്ടിലിൽ കിടന്നതു മാത്രം ഓർമയുണ്ട് . ഉണർന്നു സമയം നോക്കിയപ്പോൾ രാത്രി മൂന്നു മണി . വിളിക്കണ്ടാ ഉണരുമ്പോൾ എഴുന്നേറ്റോളാം എന്നു പറഞ്ഞതു കൊണ്ടാവും ഇടയ്‌ക്കൊന്നും ആരും വിളിക്കാതിരുന്നത് . ഹാഫ് ഡേ ലീവ് ആക്കി വന്ന നന്ദൂനെ പോലും കാണാൻ നിൽക്കാതെ എന്തൊരു ഉറക്കമായിരുന്നു . മോശമായി പോയി . എന്തായാലും ഇന്നിനി ഉറക്കം കിട്ടില്ല . എപ്പോഴും കൂടെ കൊണ്ടു നടക്കാറുള്ള പുലർവേള തുറന്നു വെച്ചു . അച്ഛന്റെ അവസാനത്തെ രചനയാണ് .. അതു പക്ഷേ പൂർത്തിയാക്കാൻ അച്ഛനു കഴിഞ്ഞിരുന്നില്ല . അതു കൊണ്ട് മാത്രം പുറം ലോകം കാണാതെ പോകുമായിരുന്ന അച്ഛന്റെ ഏക രചന . അമ്മയ്ക്ക് അത് ഓർക്കാൻ കൂടി കഴിഞ്ഞില്ല . ആ ബുക്ക് എഴുതി പൂർത്തീകരിച്ചു പ്രസിദ്ധീകരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം അമ്മ ഏൽപ്പിച്ചപ്പോൾ അഭിമാനമായിരുന്നു . എങ്കിലും അതു വേണ്ടിയിരുന്നില്ല എന്ന് തോന്നിയത് അച്ഛൻ മൂന്നോ നാലോ ആഴ്ച്ച കൊണ്ട് എഴുതിയ ബുക്കിന്റെ അവസാന രണ്ടു് പേജ് എഴുതാനുള്ള കഠിന ശ്രമം ആഴ്ചകൾ കഴിഞ്ഞു മാസങ്ങളിലേയ്ക്ക് നീണ്ടപ്പോഴാണ് . വെട്ടിയും തിരുത്തിയും വീണ്ടും എഴുതിയും ഒക്കെ എങ്ങനെയൊക്കെയോ തീർത്ത ആ ബുക്ക് നൽകിയ ആത്മ വിശ്വാസം പക്ഷേ ചെറുതായിരുന്നില്ല .മുൻപ് ഒന്നു രണ്ടു് വട്ടം വായിച്ചതാ ണ് .. എന്നാലും പറഞ്ഞറിയിക്കാൻ ആവാത്ത എന്തോ ഒരിഷ്ടം .. ആർക്കും അറിയില്ലെങ്കിലും സ്വന്തം കയ്യൊപ്പു കൂടി പതിഞ്ഞ ആ അക്ഷരങ്ങൾ നോക്കിയിരിക്കുമ്പോൾ അച്ഛൻ കൂടെ ത്തന്നെ ഉണ്ടെന്ന് ഒരു തോന്നലാണ് .

മുറിയിൽ ലൈറ്റ് കണ്ടിട്ടാവും നന്ദു ആറു മണി ആയപ്പോഴേയ്ക്കും വന്നു കതകിൽ മുട്ടി .

” കാണാൻ തിടുക്കപ്പെട്ടു വന്നപ്പോൾ ദേ ഇവിടൊരാളു കിടന്നു സുഖമായിട്ട് ഉറങ്ങുന്നു . ആ കിടപ്പു കണ്ടപ്പോ സത്യം പറഞ്ഞാൽ വിളിക്കാൻ തോന്നിയില്ല . “

എന്ന് പറഞ്ഞു ചേർത്തു പിടിച്ചു . പഴയ നന്ദുവിൽ നിന്നും അവൻ ഒത്തിരി മാറിപ്പോയെന്ന് അത്ഭുതത്തോടെ ഓർത്തു . മാറ്റം തനിക്കുമുണ്ടെന്ന് അവന്റെ നോട്ടത്തിൽ നിന്ന് മനസിലായി . ജോഗിംഗിന് എന്നു പറഞ്ഞു നന്ദു പോയപ്പോൾ ഫ്രഷ് ആയി താഴേയ്ക്ക് ചെന്നു . അടുക്കളയിൽ ചിറ്റ തിരക്കിട്ട പണിയിലാണ് .

“മോൾക്കിഷ്ടപ്പെട്ട നൂലപ്പോം കോഴിക്കറീം തന്നെ വേണമെന്ന് ദേവുവാ പറഞ്ഞെ . ദേ ഇപ്പൊ ഈ ചായ കുടിച്ചേ . ഒരു അര മണിക്കൂറിനകം എല്ലാം മേശപ്പുറത്തു റെഡി. ” ചിറ്റ നേർമയായി ചിരിച്ചു . ഈ ചിരിയാണ് പണ്ട് ചെറിയച്ഛനേ വീഴ്ത്തിയതെന്ന് ആരോ പറഞ്ഞത് ഓർത്തപ്പോൾ അറിയാതെ ചിരി വന്നു .

ഓരോ കാര്യങ്ങൾ പറഞ്ഞും ചെറിയ ചെറിയ സഹായങ്ങൾ ചെയ്‌തും ചിറ്റയ്ക്കൊപ്പം കൂടി . പെട്ടെന്ന് ഒരാൾ പിന്നിൽ നിന്നും ഇറുക്കെ കെട്ടിപ്പിടിച്ചു . അതു തന്റെ പ്രീയപ്പെട്ട ദേവൂട്ടിയാണെന്ന് തിരിച്ചറിയാൻ നിമിഷാർത്ഥം പോലും വേണ്ടിയിരുന്നില്ല . കുറച്ചു നേരത്തേ നിശബ്ദതയ്ക്കു ശേഷം പരസ്പരം നോക്കിയ ഞങ്ങൾ രണ്ടു പേരുടെയും കാഴ്ച്ച കണ്ണുനീർ മറച്ചു കളഞ്ഞിരുന്നു . ചെറിയച്ഛനും നന്ദുവും ദേവൂന്റെ ഭർത്താവ് കണ്ണനും പിന്നെ ചിറ്റയും എല്ലാം സന്തോഷത്തോടെ ആ സംഗമത്തിനു സാക്ഷിയായി .

“എന്തൊരു തടിയാ പെണ്ണേ ഇതു് . ശരിക്കൊന്നു കെട്ടിപ്പിടിക്കാൻ കൂടി പറ്റണില്ലല്ലോ . ഇവളെന്താ വല്ല കോംപ്ലാൻ ഗേളോ മറ്റോ ആണോ ?” അടിമുടി നോക്കിയുള്ള എന്റെ ചോദ്യം കേട്ട ദേവൂന് നാണം വന്നു .

ദേവൂന് ഇതു് ആറാം മാസമാണെന്നും ഇനി ഡെലിവറി കഴിഞ്ഞേ തിരിച്ചു പോകുന്നുള്ളൂ എന്നും ചിറ്റയാണ് പറഞ്ഞത് . സന്തോഷവും സങ്കടവും ഒക്കെ ഒന്നിച്ചു വന്നിട്ടോ എന്തോ ദേവൂനെ വീണ്ടും നെഞ്ചോടു ചേർത്തങ്ങനെ നിന്നു .

ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും വീണ്ടും ഒന്നിച്ചു കൂടി .. എത്രയോ കാലങ്ങൾക്കു ശേഷമാണ് ഇതു പോലെ മനസു തുറന്ന് ഒന്നു ചിരിക്കുന്നത് !!!. കൂട്ടത്തിൽ നന്ദുവിന്റെ പൊട്ടിച്ചിരി മാത്രം ഉയർന്നു കേൾക്കാം . അതു പക്ഷേ ഉണർത്തിയത് ഒരു നൊമ്പരമാണ് .. അച്ഛന്റെ അതേ ചിരി . ഇവൻ എന്റെ മോനാ എന്നു പറഞ്ഞ് അവനേ ചേർത്തു പിടിക്കുന്ന അച്ഛന്റെ ഓർമ്മ കണ്ണിനേ ഈറൻ അണിയിച്ചു .

എല്ലാവരും ഉണ്ടല്ലോ നമുക്ക് എവിടെയെങ്കിലും ഒക്കെ ഒന്നു പോകാം എന്ന് നന്ദുവാണ് പറഞ്ഞത് . കേൾക്കേണ്ട താമസം ദേവൂം കണ്ണനും റെഡി .. നിങ്ങൾ പോയി വരൂ എന്ന് ചെറിയച്ഛനും ചിറ്റയും . വേറെ വഴിയില്ലാത്തതു കൊണ്ട് അവരോടൊപ്പം ഇറങ്ങി .

“നമുക്കാദ്യം കുട്ടേട്ടനേം അപ്പേം ഒന്നു കണ്ടാലോ ? ഒത്തിരി നാളായി അവിടേയ്ക്കു പോയിട്ട് .. ” എന്നിലേക്ക് നീളുന്ന ദേവൂന്റെ നോട്ടം കണ്ടില്ലെന്നു നടിച്ചു . മറുപടി പറഞ്ഞത് നന്ദുവായിരുന്നു . .

“കുട്ടേട്ടന്റെ കൃഷി ദിവ്യെച്ചി കണ്ടിട്ടില്ലല്ലോ ?ഇപ്പോൾ പുതിയ എന്തൊക്കെയോ കൂടി തുടങ്ങിയിട്ടുണ്ടെന്ന് ഇന്നലെ കണ്ടപ്പോൾ പറഞ്ഞിരുന്നു . ആളിപ്പോ ഇസ്ക്കൂൾ വാദ്ധ്യാരു മാത്രമല്ല .. നല്ലൊന്നാംതരം ഒരു കർഷകനും കൂടിയാ കെട്ടോ..”

അതും പറഞ്ഞ് അവൻ മുൻപിൽ നടന്നു .

“കുട്ടേട്ടാ ..ഓയ് .. “

നന്ദൂന്റെ ഉച്ചത്തിലുള്ള വിളിക്ക് മറുപടി വന്നത് വാഴത്തോട്ടത്തിൽ നിന്നാണ് . ആളേ കാണാനില്ല . ശബ്ദം കേട്ടിട്ട് അപ്പോഴേയ്ക്കും ശ്രീദേവിയപ്പ വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു ..

“അവൻ അവിടെ വാഴക്ക് വെള്ളം ഒഴിക്കുവാ .. നിങ്ങള് ഇങ്ങോട്ടു കയറി വാ പിള്ളേരേ ..അവനിങ്ങു വന്നോളും . “

“ഞങ്ങള് എന്തായാലും ഈ കർഷകശ്രീയേ ഒന്നു പരിചയപ്പെട്ടിട്ടേയുള്ളു ബാക്കി കാര്യം “

നന്ദുവും കണ്ണനും കണ്ടത്തിലേക്ക് നടന്നു .

തൊടിയിലും പറമ്പിലും ഉണ്ടായ മാറ്റങ്ങളൊക്കെ വീക്ഷിച്ചു പാടത്തു നിന്നു വരുന്ന ഇളം കാറ്റിൽ മുറ്റത്തങ്ങനെ നിന്നു. നന്ദുവിനോടും കണ്ണനോടും എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടു കയറി വന്ന കുട്ടേട്ടൻ പെട്ടെന്ന് നിശബ്ദനായി .

“ങാ ശ്രീദിവ്യ ..നീ വന്നിട്ടുണ്ടെന്ന് ഇന്നലെ ഇവൻ പറഞ്ഞു . എന്താണ് വിശേഷങ്ങൾ ? അമ്മായി എന്തു പറയുന്നു? എന്തേ ആളു നിന്റൊപ്പം വരാഞ്ഞേ ?”

ആ മുഖത്തേയ്ക്കു നോക്കി . ചോദ്യം തന്നോടാണെങ്കിലും നോട്ടം മറ്റെവിടേയ്ക്കോ ആണ് . എന്തായാലും പേരു മറന്നില്ലല്ലോ . ശ്രീദിവ്യ !!!

“അമ്മയ്ക്ക് എന്തു വിശേഷം ? ഒന്നൂല്ല . “

നിർവികാരയായി അത്രയും പറഞ്ഞു വീടിനുള്ളിലേക്ക് നടന്നു .

അകത്ത് ഇലയട ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് അപ്പ. . അവരുടെയൊപ്പം വെറുതേ നിന്നു .. തീർത്തും ഒരു കാഴ്ച്ചക്കാരിയായി .

“എന്തു പറ്റിയെന്റെ കുട്ടിക്ക് ?അപ്പ ഒരൂട്ടം ചോദിച്ചാ മോളു സത്യം പറയുമോ ? വല്യേട്ടന് തെറ്റൊന്നും പറ്റില്ലാന്ന് അപ്പയ്ക്കറിയാം .പിന്നെന്താ സംഭവിച്ചത് ? ആ പയ്യൻ അത്രയ്ക്കും മോശക്കാരനാ ?? “

അപ്പയോടെന്തു പറയണമെന്ന് ഒരു നിമിഷം ആലോചിച്ചു .

“അച്ഛനല്ല .. എനിക്കാ അപ്പേ തെറ്റിയത് . കിഷോർ മാത്രമല്ല ആ അച്ഛനും അമ്മയും ഒക്കെ നല്ലവരാ .. അവിടുത്തെ ആളാകാൻ പറ്റാതെ പോയത് എനിക്കാ . ഇപ്പോഴും ഞങ്ങളു തമ്മിൽ ഒരു പിണക്കോമില്ല കേട്ടോ . ആളു രണ്ടാമതു വിവാഹം ഒക്കെ കഴിച്ചു , ഒരു മോനുമായി …സുഖമായി കഴിയുന്നു . ഞങ്ങളുടെ വിവാഹമോചനത്തിന്റെ അന്ന് അവരു പറഞ്ഞതെന്താണെന്നറിയോ അപ്പയ്ക്ക് ? ഇന്നലെ വരെ നീ ഞങ്ങളുടെ മരുമകളായിരുന്നു . എന്നാൽ ഇന്നു മുതൽ ഞങ്ങളുടെ സ്വന്തം മോളാ എന്ന് . അതേ അതു ശരിയുമാ .. എന്നേ ശരിക്കു മനസിലാക്കിയിട്ടുള്ളത് സത്യത്തിൽ അവരു മാത്രമാണെന്ന് ചിലപ്പോൾ എനിക്കു തോന്നും . “

അപ്പ അതിനു മറുപടി എന്തോ പറയാൻ വാ തുറന്നപ്പോഴേയ്ക്കും എല്ലാവരും കൂടി കയറി വന്നു . പിന്നെ ആകയൊരു ബഹളമായിരുന്നു . അപ്പയുണ്ടാക്കിയ ഇലയടയും പാൽക്കാപ്പിയും .. മേമ്പൊടിക്ക് നന്ദൂന്റെ വളിച്ച കോമഡിയും . പഴയ ചില ഓർമ്മകൾ ഇടയ്ക്കിടയ്ക്ക് കണ്ണു നിറച്ചു . അതു മറ്റാരും കാണാതെ മറയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ മെല്ലെ എഴുനേറ്റു .

“എന്നാൽ ഞാനിനി പൊയ്ക്കോട്ടേ ?ഇറങ്ങിയപ്പോ ഫോൺ എടുക്കാൻ മറന്നു . അമ്മ വിളിക്കുമ്പോൾ കിട്ടിയില്ലെങ്കിൽ പിന്നതു മതി ബി പി കൂട്ടാൻ . അതാ ഞാൻ..”

ആരുടേയും അനുവാദത്തിനു കാത്തു നിൽക്കാതെ ഇറങ്ങി .

“ശ്രീ … “

കുട്ടേട്ടനാണ് . പഴുത്ത രണ്ടു് മൂന്നു പേരക്ക നീട്ടിപ്പിടിച്ചാണ് നിൽപ്പ് .

“ഇന്നാ ഇതു് വച്ചോ . പണ്ടേ നിനക്കിഷ്ടമല്ലേ?”

ഒരു നിമിഷം ആ കണ്ണിലേക്കു നോക്കി . നോട്ടം നേരിടാനാകാതെ അകലേക്ക് കണ്ണുമാറ്റുന്ന കുട്ടേട്ടൻ നെഞ്ചിൽ ഒരു വിങ്ങലായി .. പണ്ടും ഇങ്ങനെ ആയിരുന്നു . നോട്ടത്തിന്റെ തീക്ഷണതയിൽ നാണിച്ചു തല താഴ്ത്തിയിരുന്നത് പക്ഷേ കുട്ടേട്ടനായിരുന്നില്ലെന്നു മാത്രം .

“അതൊക്കെ പണ്ടല്ലേ കുട്ടേട്ടാ ??അങ്ങനെയുള്ള ഇഷ്ടങ്ങൾ ഒന്നും ഇപ്പോഴില്ല . അല്ലെങ്കിൽ തന്നെ പഴയതൊക്കെ ഓർക്കാൻ ആർക്കാ സമയം ? ഒന്നും എന്റെ ഓർമയിൽ പോലുമില്ല ..”

മെല്ലെ തിരിഞ്ഞു നടന്നു .

പെട്ടെന്നു വലം കയ്യിലൊരു പിടി വീണു .

“പഴയ ഓർമകളിൽ മാത്രം ജീവിക്കുന്ന ചിലരും ഉണ്ട് ശ്രീ “

കയ്യിലേക്ക് വിളഞ്ഞു പഴുത്ത പേരയ്ക്ക വച്ചു തന്നിട്ട് ആളു വെട്ടിത്തിരിഞ്ഞ വീടിനുള്ളിലേക്ക് നടന്നു .ആ പോക്കു നോക്കി ഒരു നിമിഷം നിന്നു . പറഞ്ഞറിയിക്കാൻ ആവാത്ത എന്തോ ഒരു വികാരം ഉടലിനേ വന്നു പൊതിയുന്നുവോ ???.

കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലെന്നു പറയുന്നതെത്ര ശരിയാ . തറവാട്ടിൽ എത്തിയിട്ട് മൂന്നാഴ്ച്ച കഴിഞ്ഞിരിക്കുന്നു . ദേവൂന്റെ കൂടെ ത്തന്നെയാണ് എപ്പോഴും .നീരു വെച്ചു വീർത്തിരിക്കുന്ന അവളുടെ കാലു കണ്ടപ്പോൾ കഷ്ടം തോന്നി . ഉദാത്തമായ സൃഷ്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പിൽ ഇതൊക്കെ എന്ത് ??

“എന്റെ ചേച്ചിപ്പെണ്ണിന് ഇന്ന് എന്താ ഇത്ര വല്യ ആലോചന ?? എന്തു പറ്റി ?? “

ദേവൂന്റെ ചോദ്യമാണ് ചിന്തയിൽ നിന്നുണർത്തിയത് .

“ഞാൻ ആലോചിക്കുവാരുന്നു !! ഏങ്ങനെ ഇരുന്ന പെണ്ണാ ? ഇപ്പോഴത്തെ ഒരു അവസ്ഥ കണ്ടോ ?? “

അത്രയും പറഞ്ഞപ്പോഴേക്കും ചിരി പൊട്ടി .

“ചിരിക്കണ്ടാ .. ഈ അവസ്ഥയൊക്കെ ആർക്കു എപ്പോ വേണേലും വരാം . വേണ്ടാന്നു വച്ചിട്ടല്ലേ ? സമയം ഒന്നും കഴിഞ്ഞു പോയിട്ടില്ല കേട്ടോ . നമുക്കൊന്നു നോക്കിയാലോ ?”

“എന്ത് ?”

“ഓ പിന്നെ .. ഒന്നുമറിയാത്ത ഒരു ഇള്ളക്കുഞ്ഞ്. .. ഈയെടയായി ചിലരുടെ മുഖത്തെന്താ തെളിച്ചം ? ഇങ്ങോട്ടുള്ള വഴിയൊക്ക പണ്ടേ മറന്ന വേറേ ചിലർക്കാണെങ്കിലോ ഇപ്പൊ ഇങ്ങോട്ടു വരാൻ ഭയങ്കര ഉത്സാഹോം ??

ഉം .. ഒക്കെ ഞാൻ കാണുന്നുണ്ട് കേട്ടോ.”

മറുപടി പറയാനാകാതെ ഇരുന്നുപോയി . ദേവൂന്റെ കുഞ്ഞിനെയൊക്കെ കണ്ട് പതിയെ തിരികെ പോകാമെന്നു കരുതിയതാ . പക്ഷേ ഇനി വൈകി കൂടാ . ജോലി കഴിഞ്ഞു വന്ന നന്ദുവിനോട് ആദ്യം ആവശ്യപ്പെട്ടത് ഒരു റിട്ടേൺ ടിക്കറ്റ് തരപ്പെടുത്തി തരാനാണ്. അതും ഏറ്റവും അടുത്ത ദിവസത്തിൽ ത്തന്നെ . ടിക്കറ്റ് ശരിയാകുന്നതിനു മുൻപ് ഈ കാര്യം ആരോടും പറയരുതെന്നും അവനേ ശട്ടം കെട്ടി .വൈകിട്ട് പുറത്തു പോയ നന്ദു തിരികെ വന്നത് വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്കുള്ള ട്രിവാൻഡ്രം മുംബൈ ഫ്ലൈറ്റിനുള്ള ഒരു ടിക്കറ്റുമായാണ് . കാര്യം അറിഞ്ഞപ്പോൾ എല്ലാർക്കും സങ്കടമായി. അതു കാര്യമാക്കിയില്ല .ഇനിയും രണ്ടു് ദിവസം കൂടിയുണ്ടല്ലോ . എല്ലാവരോടും യാത്ര പറയണം .ഇനിയൊരു വരവ് എന്നാണെന്ന് ഒരു നിശ്‌ചയോമില്ല . നാളെ കാവിലും കുന്നിലെ കൃഷ്ണന്റെ അമ്പലത്തിലും പോകണം . .

ഡ്രെസ്സൊക്കെ പാക്ക് ചെയ്തതു കൊണ്ട് ചിറ്റേടെ ഒരു മുണ്ടും നേര്യതും വാങ്ങിയിരുന്നു . കുളി കഴിഞ്ഞ് അതും ഉടുത്ത് അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ വൈകിയാൽ കൂട്ടികൊണ്ടു പോരാൻ വന്നേക്കാമെന്ന് നന്ദു പിന്നിൽ നിന്നു വിളിച്ചു പറഞ്ഞു . ഒന്നും വേണ്ടാ ഞാനിങ്ങു വന്നോളാമെന്നു പറഞ്ഞു തിടുക്കത്തിൽ നടന്നു .

കുട്ടേട്ടന്റെ വീടിനു മൂന്നിൽ എത്തിയപ്പോൾ അറിയാതെ നോട്ടം അവിടേയ്ക്കു പാറി വീണു . മുറ്റത്തു തന്നെ എന്തോ ചെയ്തുകൊണ്ടു നിന്ന അപ്പ ഓടി അടുത്തു വന്നു . അമ്പലത്തിലേക്കാണെന്നു പറഞ്ഞപ്പോൾ നേരത്തേ പറഞ്ഞിരുന്നെങ്കിൽ കൂടെ വന്നേനേ ഒറ്റയ്ക്ക് പോവേണ്ടിയിരുന്നില്ല എന്ന് പരിഭവിച്ചു . നാളെ തിരിച്ചു പോവുകയാണ് , കുട്ടേട്ടനോടു കൂടി പറഞ്ഞേക്കൂ എന്നു പറഞ്ഞപ്പോൾ കണ്ണു നിറച്ചു നോക്കി നിന്നു . ഒരു നനുത്ത ചിരി സമ്മാനിച്ച മെല്ലെ നടന്നു .

ഭഗവാനു മുന്നിലെത്തി കൈ കൂപ്പി കണ്ണടച്ചു നിന്നു . ഒന്നും ആവശ്യപ്പെടാനില്ല . അല്ലെങ്കിൽ തന്നെ കണ്ണന്റെ അടുത്ത് കന്യകമാർ ഒന്നും ചോദിക്കാൻ പാടില്ല പോലും . ആ സുന്ദര രൂപം മനസ്സിൽ കണ്ടങ്ങനെ നിൽക്കണം . എല്ലാ അനുഗ്രഹങ്ങളും പുള്ളി അറിഞ്ഞിങ്ങു തന്നോളും .പണ്ടു അച്ഛമ്മ പറഞ്ഞതോർത്തു. താനും കന്യകയല്ലേ ? അപ്പൊൾ അങ്ങനെയല്ലേ ചെയ്യാൻ പാടുള്ളു?

തൊഴുതു പ്രസാദം വാങ്ങി പുറത്തെത്തിയപ്പോൾ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ കുട്ടേട്ടൻ .

“കാണാഞ്ഞപ്പോൾ ഞാൻ കരുതി നീ പോയിട്ടുണ്ടാവുമെന്ന് . ഒരു രണ്ടു് മിനിട്ട് നിക്കുമോ ? ഞാൻ ഒന്നു തൊഴുത്തിട്ടു വരാം”

മറുപടിക്കു കാക്കാതെ ആളു നടന്നു കഴിഞ്ഞു . ആൽത്തറയിൽ കാത്തു നിന്നപ്പോൾ പഴയ ഓർമ്മകളിലേക്ക് മനസ് ഊളിയിട്ടു . പണ്ടും ഇങ്ങനെ ആയിരുന്നു . കുട്ടേട്ടൻ എന്നും വൈകും . എന്നാലും കാത്തു നിന്നില്ലെങ്കിൽ മുഖം വീർപ്പിക്കും . പ്രസാദം നീട്ടി പിടിച്ചു മൂന്നിൽ വന്നൊരു നിൽപ്പുണ്ട് . തൊട്ടുകൊടുത്തില്ലെങ്കിൽ കൈ ബലമായി പിടിച്ചു നെറ്റിയിൽ കുറി വരച്ചിട്ട് കണ്ണുകളിൽ കുസൃതി നിറച്ചു ചിരിച്ചു കാണിക്കും .

“കാത്തു നിന്നു മടുത്തോ ? വാ നടക്ക് ..”

“ഇത്ര പെട്ടെന്ന് തൊഴുതു കഴിഞ്ഞോ ? എന്നിട്ടു പ്രസാദം എവിടെ ?”

“അതിനൊന്നും നിന്നില്ല . നിനക്കു വൈകേണ്ടെന്നു കരുതി “

നോട്ടം എന്റെ കയ്യിലേ ഇലച്ചീന്തിലേക്ക് നീണ്ടു .

തൊടാൻ പാകത്തിന് നീട്ടി കാണിച്ചപ്പോൾ ഒരു നിമിഷം നോക്കി നിന്നിട്ട് മുന്നോട്ടു നടന്നു . കൂടെ എത്താൻ പാടുപെട്ടു ഞാനും

“എന്താ ഇത്ര പെട്ടെന്ന് ?”

പതിവു പോലെ തന്നെ മുഖത്തു നോക്കാതെയാണ് ചോദ്യം .

“എന്ത് ? “

“രണ്ടു മാസം എന്നു പറഞ്ഞു വന്നിട്ട് ഇപ്പൊ രണ്ടാഴ്ച്ചയല്ലേ ആയുള്ളൂ ??”

“ഓ അതൊ .. പോണം കുട്ടേട്ടാ .. അമ്മ തനിച്ചല്ലേ അവിടെ ? കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ കൂടി ചോദിച്ചു അമ്മേ മറന്നോ ശ്രീക്കുട്ടീന്ന് . “

മൗനത്തിന്റെ കൂട്ടു പിടിച്ചു മെല്ലെ നടന്നു . ആളിന്റെ വീടിനു മുന്നിലെത്തിയപ്പോൾ യാത്ര പറയാനായി നിന്നു .

” നടക്ക് ..വീടു വരെ ഞാൻ കൂടെ വരാം . നേരം ഇരുട്ടിയില്ലേ ??”

“വേണ്ടാ .. കുട്ടേട്ടൻ പൊയ്ക്കോ .. ഇരുട്ടിനോടുള്ള പേടിയൊക്കെ പണ്ട് . ഇപ്പോൾ ഞാൻ നല്ല സ്ട്രോങ്ങാ .”

ചിരിച്ചു കൊണ്ടു ആ നെറ്റിയിൽ ചന്ദനം തൊട്ടപ്പോൾ കയ്യിൽ പിടിച്ചു നെഞ്ചോടു ചേർത്തു .

“ശ്രീ .. നിനക്ക് ഇപ്പോൾ തിരിച്ചു പോകണമെന്നു നിർബന്ധമാണോ ?”

മറുപടി പറയാനാകാതെ ഒരു വേള ആ കണ്ണുകളിലേക്ക് നോക്കി … മെല്ലെ ആ കൈ വിടുവിച്ചു നടന്നു നീങ്ങുമ്പോൾ ഉള്ളിൽ കരയുകയായിരുന്നു . ഇപ്പോൾ പോകണോ എന്ന് ?? എന്താ അതിനർത്ഥം ? ഇന്നല്ലെങ്കിൽ നാളെ പോകണം. എന്നല്ലേ ? നീ പോകണ്ടാ … എന്ന് ഒന്നു പറയാമായിരുന്നില്ലേ കുട്ടേട്ടാ നിങ്ങൾക്ക്‌ ? ഇനിയെന്നാ കാണുന്നതെന്നും

കാണാതിരുന്നാൽ ഹൃദയം പൊട്ടി മരിച്ചു പോകും എന്നും പറഞ്ഞൊരു പെണ്ണ് പണ്ട് നിങ്ങളുടെ നെഞ്ചിൽ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ എന്തേ അറിഞ്ഞില്ല അവൾക്കു നിങ്ങളേ ഒത്തിരി ഒത്തിരി ഇഷ്ടമാണെന്ന് ??

അവളുടെ പ്രഭാതങ്ങൾ വിടരുന്നതും ഇരവുകൾ പൂക്കുന്നതും നിങ്ങൾക്ക് വേണ്ടി മാത്രമാണെന്ന് എന്തേ നിങ്ങൾ അറിയാതെ പോയി ?

ഈ ജന്മം അവൾ നിങ്ങളേ മാത്രമേ ഇത്രമേൽ ആഗ്രഹിച്ചിരുന്നുള്ളു എന്നു തിരിച്ചറിയാൻ ഈ ജന്മം പോരെന്നുന്നുണ്ടോ കുട്ടേട്ടാ ??

തികട്ടി വന്ന തേങ്ങൽ അടക്കാൻ പാടുപെട്ട് നടന്നു നീങ്ങിയ ഞാനും അറിഞ്ഞിരുന്നില്ലല്ലോ കണ്ണിൽ നിന്നു മറയുവോളം എന്നേ നോക്കി നിന്ന ആളിന്റെ നെഞ്ചിലും പെയ്യാൻ വെമ്പുന്നൊരു പ്രണയ മഴയാണെന്ന് ..

രാത്രി കിടക്കുന്നതിനു മുൻപ് യാത്രയ്ക്ക് തയാറാക്കി വച്ചതൊക്കെ ഒന്നു കൂടി നോക്കി എല്ലാം കൃത്യമാണെന്ന് ഉറപ്പു വരുത്തി . അനിവാര്യമായ തിരിച്ചു പോക്കിന് മനസുകൊണ്ട് തയ്യാറെടുത്ത് മെല്ലെ കണ്ണടച്ചു കിടന്നു .

രാവിലെ ദേവൂന്റെ വിളി കേട്ടാണ് കണ്ണു തുറന്നത് .

എന്തൊരുറക്കമാ ദിവ്യേച്ചീ ഇത് ? സമയം എത്ര ആയെന്ന് വല്ല പിടിയുമുണ്ടോ ? ദേ എഴുനേറ്റ് കുളിച്ചു സുന്ദരി ആയിട്ട് താഴേയ്ക്കു വന്നേ .. ആരൊക്കെയാ വന്നിരിക്കുന്നത് എന്നറിയാമോ ? “

“ആരാടീ ? “

“അതൊക്ക പറയാം . ആദ്യം കുളിച്ചു മിടുക്കിയായി വാ . പെട്ടെന്നു വരണേ . ഞാൻ താഴേയ്ക്കു പോവാ കേട്ടോ ..”

വന്നത് ആരാണോ എന്തോ ? മുടി കുളിപ്പിന്നൽ ചെയ്തുകൊണ്ട് താഴെ ചെന്നപ്പോൾ സന്തോഷോം അടക്കാനായില്ല …

അമ്മ .. സാക്ഷാൽ ലക്ഷ്മിക്കുട്ടി അവിടെ ഇരിക്കുന്നു . ആ വെപ്രാളത്തിൽ ബാക്കിയുള്ളവരൊന്നും കണ്ണിൽ പെട്ടില്ല . ഓടിച്ചെന്ന് ആ നെഞ്ചിൽ തലചേർത്തു നിന്നു .

“മോളേ ..”

ചെറിയച്ഛനാണ് .

“നിന്നോടു ചോദിക്കാതെ ഞങ്ങൾ എല്ലാരും ചേർന്ന് ഒരു കാര്യം അങ്ങു തീരുമാനിച്ചു . നിനക്ക് എതിർപ്പൊന്നും ഉണ്ടാവില്ലെന്ന് നിന്റെ മാനസാക്ഷി സൂക്ഷിപ്പുകാരി ദേവു തന്നെയാ പറഞ്ഞത് . വേറൊന്നുമല്ല . നിന്റെ കല്യാണം . ഇപ്പൊ ഇവിടെ വച്ചു നല്ലൊരു മുഹൂർത്തം നോക്കി എത്രയും പെട്ടെന്ന് അതങ്ങു നടത്താം എന്നാ ലക്ഷ്മിയേടത്തി പറയുന്നത് . മോള് എതിരൊന്നും പറയരുത് .”

“ചെറിയച്ഛാ.. നിങ്ങൾ … നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ ? “

കേട്ടപ്പോൾ ഒരു ഞെട്ടലായിരുന്നു ..

“മോളു ടെൻഷൻ ആവണ്ടാ . ആളേ നീ അറിയും . കൃഷ്ണജിത്ത് .നമ്മുടെ കുട്ടൻ . അവനെക്കാൾ നല്ലൊരാളെ നിനക്കായി ഞങ്ങൾ എവിടെ നിന്നും കണ്ടുപിടിക്കാനാ മോളേ ? എനിക്കു തന്നേക്കുമോ പൊന്നുപോലെ നോക്കിക്കോളാമെന്ന് അവൻ തന്നെയാ നിന്റമ്മയോടു പറഞ്ഞത് “

എല്ലാവരുടെയും മുഖങ്ങളിലേക്ക് മാറി മാറി നോക്കിയ എന്റെ കണ്ണുകൾ കുട്ടനിൽ എത്തി നിന്നു .

അരുതെന്ന് പറയരുതേ എന്നൊരപേക്ഷയാണോ ആ കണ്ണിൽ … സന്തോഷവും പ്രതീക്ഷയും നിറഞ്ഞ മുഖവുമായി അമ്മയും എന്നേ തീർത്തും ദുർബലയാക്കി കളഞ്ഞു .

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു . ചടങ്ങിന് ഒരു നിശ്ചയം നടത്തി . ഒരാഴ്ചയ്ക്ക് ശേഷം ഉള്ള ശുഭ മുഹൂർത്തത്തിൽ വിവാഹം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു . വളരെ ലളിതമായിരുന്നു ചടങ്ങ് . അങ്ങനെ മതിയെന്ന് കുട്ടേട്ടനാണ് പറഞ്ഞത്. കുടുംബ ക്ഷേത്രത്തിൽ വച്ചൊരു താലികെട്ട് . അതിഥികൾക്കായി അപ്പ ഒരു ചെറിയ സദ്യ ഒരുക്കിയിരുന്നു .

അങ്ങനെ കുട്ടേട്ടൻ ചാർത്തിയ താലിയും നെറുകയിൽ സിന്ദൂരവുമായി വലതുകാൽ വച്ച് ആ പടി കയറി . മുൻപ് ഒരുപാട് ഓടിക്കളിച്ച വീടായിട്ടും ഇന്നെന്തോ ഒക്കെ പുതിയതു പോലെ !!

ആളും ബഹളവും എല്ലാം ഒഴിഞ്ഞ വീട്ടിൽ ഞങ്ങൾ മൂന്ന് ആളുകൾ മാത്രം അവശേഷിച്ചു .

“മോളേ നീ ഇവിടിരിക്കുവാനോ ?നേരം ഒരുപാടായി . കിടക്കണ്ടേ ?”

അപ്പയാണ് .വീടിന്റെ ഉമ്മറത്തെ അരമതിലിൽ പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്ന ഞാൻ തിരിഞ്ഞു നോക്കി .

“ഉറക്കം വരുന്നില്ലപ്പേ . കുറച്ചു കഴിയട്ടെ. അപ്പ പോയി കിടന്നോളൂ . “

നിറുകയിൽ ഒന്നു തഴുകി അപ്പ പോയി .

കുറച്ചു നേരം അതേ ഇരുപ്പിരുന്നു . അപ്പയോട് അങ്ങനെ പറഞ്ഞെങ്കിലും എന്തു ചെയ്യണം എന്നൊരു അങ്കലാപ്പ് ഉള്ളിൽ ഉയർന്നു . അതുകൊണ്ടു തന്നെ വെറുതേ കണ്ണടച്ചിരുന്നു .

“ശ്രീ .. “

കുട്ടേട്ടൻ !!! ഞെട്ടിയുണർന്നാ കണ്ണുകളിലേക്കു നോക്കി .

“ഇവിടെ ഇരുന്നാണോ ഉറങ്ങുന്നത് ? എന്തു പറ്റി നിനക്ക് ?എന്താ നിന്റെ മനസ്സില് ? എന്തെങ്കിലും ഒന്നു പറയെന്റെ കൊച്ചേ .. ഇങ്ങനെ മനുഷ്യനേ തീ തീറ്റിക്കാതെ .. “

“ഒന്നുമില്ല …”

അതും പറഞ്ഞ് എഴുനേറ്റപ്പോൾ കാലിടറി. വീഴാതെ താങ്ങിയ കൈകൾ വിടുവിച്ചു മാറി നിന്നു.

“എന്റെ സ്വപ്നങ്ങളിൽ എപ്പോഴൊക്കെയോ ഞാൻ കണ്ടിരുന്ന കാഴ്ച്ച തന്നെയാണ് ഇതൊക്കെ . എങ്കിലും കാലം തെറ്റി വന്ന ഈ സൗഭാഗ്യം എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെ തളർന്നു പോകുവാ ഞാനിപ്പോൾ .എന്റെ മനസ്സിലിപ്പോൾ ഒന്നുമില്ല കുട്ടേട്ടാ .. നിങ്ങളോടുള്ള ഇഷ്ടോം പ്രണയോം ഒന്നും. വെറും ശൂന്യത മാത്രേയുള്ളൂ ..ഞാനെന്താ ചെയ്യേണ്ടത് ?? “

കുറച്ചു നേരം ആളെന്നെ തന്നെ നോക്കി നിന്നു ..

“നീയൊന്നും ചെയ്യണ്ടാ .. ഇങ്ങനെ എന്നും എന്റടുത്ത് ഉണ്ടായാൽ മാത്രം മതി .. എന്റെ മാത്രമായി “

അലിവോടെ ആ നെഞ്ചിലേക്ക് എന്നേ ചേർത്തു പിടിച്ചു കുട്ടേട്ടൻ . ഒരു വേള ഞാനും അത് ആഗ്രഹിച്ചിരുന്നു ..

എനികായ് തുടിക്കുന്ന ഹൃദയതാളത്തിനു കാതോർത്ത് … ഞാനാ കണ്ണുകളിലേയ്ക്ക് നോക്കി .. കരുതൽ .. വാത്സല്യം .. പിന്നെ എന്നൊടുള്ള കത്തുന്ന പ്രണയം …. ഒക്കെ ഞാനവിടെ കണ്ടു ..

ഇതാണോ എനിക്കു വേണ്ടിയിരുന്നത് ??

ഇതിനു വേണ്ടിയാണോ ഇക്കാലമത്രയും ഞാൻ കാത്തിരുന്നത് ?? എനിക്കു തന്നെ അത്ഭുതമായി !!!

പൊടുന്നനേ കുട്ടേട്ടൻ എന്നേ കോരിയെടുത്തു മെല്ലെ പടികൾ കയറി.. ആളുടെ മുറിയിലേയ്ക്ക് .. അല്ല ഞങ്ങളുടെ ജീവിതത്തിലേക്ക് !!!!

വരാൻ പോകുന്ന നല്ല നാളുകൾ സ്വപ്നം കണ്ടു ഞാനാ നെഞ്ചിലേക്ക് എന്റെ മുഖം ചേർത്തു വച്ചു ….ഒരുപാട് ഇഷ്ടത്തോടെ .. അതിലേറെ പ്രണയത്തോടെ …