ചിരുതയുടെ ചിരി ~ രചന: ശ്രീ
വിശാലമായ മുറിയിലെ അഴിച്ചുമാറ്റാത്ത തോരണങ്ങളും അലങ്കാരങ്ങളും നോക്കി ചിരുത ചിരിച്ചു. ചിരിക്കുമ്പോൾ ഒരു കവിളിൽ മാത്രം തെളിയുന്ന ഭംഗിയുള്ള നുണക്കുഴി. ഇന്നലെ അവളുടെ അറുപത്തിയെട്ടാം പിറന്നാളായിരുന്നു. മകന്റെ കുടുംബത്തോടൊപ്പം അത്യാഹ്ലാദപൂർവം അതാഘോഷിച്ചു.
ഏക മകൻ രോഹിത് മരുമകൾ മറിയ കൊച്ചുമക്കളായ അനുപമയും ആദിത്യനും, ഇതാണ് അവളുടെ കുടുംബം. ഡോക്ടർമാരായ മകനിൽ നിന്നും മരുമകളിൽ നിന്നും സ്നേഹം പരിചരണം ഇതെല്ലാം വേണ്ടുവോളം അവൾക് കിട്ടുന്നുണ്ട്. പന്ത്രണ്ട് വയസുള്ള അനുപമയും ഏഴു വയസുള്ള ആദിത്യനും അമ്മുമ്മയുടെ വാത്സല്യ നിധികളാണ്. ചിരുത ഒരു ഭാഗ്യവതിയാണ്, അല്ല മഹാ ഭാഗ്യവതി.
ഇനി ഒരു അൻപതു വേഷങ്ങൾക്കപ്പുറത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.. ചിരുത എന്ന പതിനേഴുകാരിയിലേക്ക്…
കൂലിപ്പണിക്കാരായ വേലുവിന്റെയും തങ്കത്തിന്റെയും നാലാമത്തെ മകൾ ചിരുത, തൊട്ട് അയൽ ഗ്രാമമായ ഏലം പാറയിലെ കൃഷ്ണന്റെയും ഭാർഗവിയുടെയും മകനായ പപ്പൻ എന്ന് വിളിപ്പേരുള്ള പത്ഭനാഭന്റെ വധുവായി പതിനേഴാംമത്തെ വയസിൽ കടന്നു വന്നു.
വിടർന്ന കണ്ണുകളും, ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴിയും അവളുടെ സൗന്ദര്യ ലക്ഷണങ്ങൾ ആയിരുന്നു. പുതുപ്പെണ്ണിന്റെ ഒതുങ്ങിയ ശരീരവും അടക്കവും ഒതുക്കവും ഗ്രാമത്തിലെ പെണ്ണുങ്ങൾ കുറേ കാലം പറഞ്ഞു നടന്നു.
പപ്പൻ ഒരു ദുർമർഗിയാണ്. കള്ളുകുടി വ്യഭിചാരം മോഷണം, എന്നീ ദുർ ഗുണങ്ങൾ അവനിലുണ്ട്. കല്യാണത്തോടെ അവൻ നന്നാവും എന്ന് വിചാരിച്ച കൃഷ്ണനും ഭാർഗവിക്കും തെറ്റി. അവനിൽ ഒരു മാറ്റവും കണ്ടില്ല. വിവാഹത്തിന്റെ ആദ്യ നാളുകളിൽ ചിരുത അവനെ നേരെയാക്കാൻ ഒരു ശ്രമം നടത്തി നോക്കി. എന്നാൽ ചീത്തവിളിയും ശരീരമാകെ പീഡനവുമായിരുന്നു അവൾക് കിട്ടിയ മറുപടി. ബുദ്ധിമതിയും സുന്ദരിയുമായ ചിരുത അതിൽ നിന്നും നിരുപാധികം പിന്മാറി. ചിരുത അവളുടേതായ ഒരു കുഞ്ഞു ലോകം സൃഷ്ടിക്കാൻ തുടങ്ങി. അതിൽ അവൾ ഏറെ കുറെ വിജയിക്കുകയും സന്തോഷം കണ്ടെത്തുകയും ചെയ്തു.
പരിചയമുള്ള ഒന്നുരണ്ട് വീടുകളിൽ അവൾ ജോലിക് പോയി തുടങ്ങി. സ്കൂൾമാഷായ രാമചന്ദ്രൻ സാറിന്റെ വീട്ടിലും, പിന്നെ താലൂക്കാശുപത്രിയിലെ നേഴ്സ് ആയ വിമലാമ്മയുടെ വീട്ടിലും, രാവിലെ മുതൽ ഉച്ച വരെയും, ഉച്ച മുതൽ വൈകുന്നേരം വരെയും അവൾ മാറി മാറി പണി എടുത്തു.
നല്ല ശമ്പളം, നല്ല വസ്ത്രം, നല്ല ഭക്ഷണം, ചിരുതയുടെ ജീവിതം പച്ചപിടിച്ചു തുടങ്ങി. കുടുംബസ്വത്ത് ഭാഗം ചെയ്തു കിട്ടിയ ഏഴു സെന്റ് ഭൂമി അവളുടെ നേരെ മൂത്ത സഹോദരൻ മുരുകന് കൊടുത്തു ഏലം പാറയിൽ അവൾ അഞ്ചുസെന്റ് വസ്തു വാങ്ങി ഒരു കൂരയും വെച്ചു. പപ്പന്റെ ഒരു സഹായവും ഒന്നിനും ഉണ്ടായില്ല. വേലു മരിച്ചപ്പോൾ തങ്കം ഇളയ മകളായ ചിരുതക്കൊപ്പം ഏലം പാറയിലേക്ക് പോന്നു. ചിരുതക്ക് അതൊരാശ്വാസമായി.
സ്വന്തമായി പൈസ കൈയിൽ വന്നതോടെ ചിരുതയുടെ ജീവിതം മാറി തുടങ്ങി. അമ്മൻ കോവിലിലെ ഉത്സവം, ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉത്സവം, ആ ഒരാഴ്ചയും ദേവിയെ ചിരുത കുളിച്ചു തൊഴുതു. പരിപാടികളിലും അവൾ സജീവമായി പങ്കെടുത്തു. കഥകളി, ഗാനമേള, നാടകം, നൃത്തം മറ്റു പെണ്ണുങ്ങൾക്കൊപ്പം അവളും അതൊക്കെ ആസ്വദിച്ചു. ഒന്നുരണ്ട് ദിവസം തങ്കവും വന്നിരുന്നു. അതിലൊന്നും പപ്പൻ എന്തോ ഒരു പരിഭവവും വഴക്കും ഉണ്ടാക്കിയില്ല. അല്ലെങ്കിൽ തന്നെ തങ്കം അവിടെ പൊറുതി തുടങ്ങിയതോടെ പപ്പൻ ഒന്ന് ഒതുങ്ങിയിട്ടുണ്ട്.
മിക്ക ഞായറാഴ്ചകളിലും ചിരുത അയല്പക്കത്തെ ശാന്തയും മാധവിയുമൊത്തു സുവർണ്ണ ടാകീസിൽ മാറ്റിനിക്ക് പോകും. അവൾ അമ്മയെ കൂടെ നിർബന്ധിക്കും, എന്തോ, തങ്കത്തിന് സിനിമ കാണാൻ വലിയ താല്പര്യം ഇല്ലായിരുന്നു. സിനിമ കണ്ടും, വീട്ടുകാര്യം നന്നായി നോക്കിയും, ഉത്സവം കൂടിയും ചിരുതയുടെ ദിവസങ്ങൾ മുന്നോട്ട് പോയി. വരാനിരിക്കുന്ന നാളെയെ ഓർത്ത് ഉത്കണ്ഡപെടാതെ, കഴിഞ്ഞു പോയ ഇന്നലകളിൽ ദുഖിക്കാതെ, ഇന്നിന്റെ സന്തോഷങ്ങളിൽ അവൾ മുഴുകി.
പത്തുവർഷം അങ്ങനെ കടന്നു പോയി. പപ്പന്റെ അമ്മ ഭാർഗവിക്കും തങ്കത്തിനും വലിയ വിഷമമുണ്ട്, ചിരുതക്കും പപ്പനും കുഞ്ഞില്ലാത്തതിൽ. രണ്ട് അമ്മമാരും കുറേ നേർച്ചകൾ നേർന്നു. അവരുടെ സ്വകാര്യ വാർത്തമാനത്തിൽ ഇത് പറഞ്ഞു സകടപ്പെടാറുണ്ട്. എന്നാൽ ചിരുതക്കും പപ്പനും ഇതിൽ ഒരു വിഷമം ഉള്ളതായി ആർക്കും തോന്നിയിട്ടില്ല.
രാമചന്ദ്രൻ മാഷിന് മാറ്റം കിട്ടിപോയതോടെ വിമലാമ്മയുടെ വീട്ടിൽ മാത്രമായി ചിരുതയുടെ പണി. ഒരു ദിവസം പണി തീർത്തു ഇറങ്ങാൻ നേരം വിമലാമ്മ അവളോട് ഒരു കാര്യം പറഞ്ഞു. പണ്ട് താലൂക്കാശുപത്രിയിലെ സൂപ്രണ്ടായിരുന്ന ഡോക്ടർ ജോർജ് തോമസ് പെൻഷൻ ആയി ഇങ്ങോട്ട് താമസം മാറുകയാണ്. വീട്ടുജോലിക് ഒരാളെ വേണം. ഡോക്ടർ പട്ടണത്തിലേക്ക് മാറ്റം കിട്ടി പോയപ്പോൾ മുതൽ വീട് പൂട്ടി കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട് ഏതാണ്ട് ഒരു കൊല്ലമാവുന്നു. ഏക മകൻ ഹോസ്റ്റലിൽ നിന്ന് മെഡിസിന് പഠിക്കുന്നു. പിന്നെ ഉള്ളത് ഒരു ഡ്രൈവർ ചെറുക്കൻ. അവൻ ഡോക്ടറുടെ കൂടെ വീട്ടിലുണ്ടാവും. അവർക്കുള്ള ശാപ്പാട് റെഡി ആക്കണം. വീടൊക്കെ അടിച്ചു വാരി വൃത്തി ആക്കണം. വേറെ വലിയ പണികൾ ഒന്നും ഇല്ല. നിനക്ക് സമ്മതമാണോ എന്ന് വിമലാമ്മ ചോദിച്ചപ്പോൾ, പെട്ടെന്ന് ഒരു മറുപടി പറയാതെ ചിരുത ഒന്ന് ചിരിച്ചു.
തങ്കത്തിന് ഇതിൽ എതിരഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. പപ്പന്റെ അനുവാദം അവൾ ചോദിച്ചതുമില്ല. അങ്ങനെ ഇംഗ്ലീഷ് മാസം ഒന്നാം തീയതി മുതൽ. അവൾ അവിടെ പണിക് പോയി തുടങ്ങി.
വൃത്തിയും വെടിപ്പുമുള്ള ഓട് പാകിയ ഒരു വലിയ വീട്. ആ വീട്ടിലെ എടുക്കും ചിട്ടയും കൗതുകത്തോടെ അവൾ നോക്കി കണ്ടു. അവിടേക്ക് പോകുമ്പോൾ വളരെ വൃത്തിയുള്ള വേഷം ധരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.
അൻപത്തിയാരു വയസു കഴിഞ്ഞ ഡോക്ടർ തോമസ്, കണ്ടാൽ അൻപതു വയസിനകത്തെ പ്രായം തോന്നുകയുള്ളു. സുമുഖനാണ്. ശാന്ത പ്രകൃതം. മകൾ റോഹൻ അവധിക്ക് വന്നു പോകും. വെളുത്തു നീണ്ട കൈവിരലുകളും സൗമ്യമായ ചിരിയും, അച്ഛനെ പോലെ.
വെജിറ്റേറിയനായ ഡോക്ടർക്കും മകനും ചിരുത ഉണ്ടാക്കുന്ന അവിയലും തോരനും സമ്പാറുമൊക്കെ വലിയ ഇഷ്ടമാണ്. ഡ്രൈവർ ഇടക്കൊക്കെ പുറത്തുപോയി ഇറച്ചിയും മീനുമൊക്കെ വാങ്ങി കഴിക്കും.
ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഡോക്ടറുടെ ഇഷ്ടങ്ങളും ചിട്ടകളും അവൾ മനസിലാക്കി. അദ്ദേഹം ഒരു കാപ്പി പ്രിയനാണ്. ചായ ഒരു നേരം മാത്രം മതി. ഒരു ദിവസം മൂന്നു നേരം ചൂടു കാപ്പി വേണം. പിന്നെ ഉച്ചക്ക്, ഊണിന് മുൻപ് പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത സംഭാരം നിർബന്ധം. ഓരോ ദിവസത്തെ വിശേഷവും ചിരുത അമ്മയോട് വിവരിക്കും. തങ്കം അതൊക്കെ കെട്ടിരിക്കും.
ഒരു പകൽ ഡ്രൈവർ നാട്ടിൽ പോയിരിക്കുകയാണ്. ഡോക്ടർക്കുള്ള ചൂടുകാപ്പി ടീപ്പോയിൽ വെച്ചിട്ട് അവൾ തിരിഞ്ഞു നടന്നു. പെട്ടന്ന് അവളുടെ കൈയിൽ ഒരു മൃദു സ്പർശം. പെട്ടന്നവൾ ഞെട്ടിതിരിഞ്ഞു. ഡോക്ടറുടെ ചിരിക്കുന്ന കണ്ണുകൾ. ആ കൈകൾ സാവധാനം അവളെ ബന്ധനത്തിലാക്കി. കുതറി മാറാനോ കൈകൾ തട്ടി മാറ്റാനോ അവൾ ശ്രമിച്ചില്ല. ഇരട്ടി പ്രായമുള്ള ആ മനുഷ്യന്റെ സാമീപ്യം അവൾ ഇഷ്ടപ്പെടുന്നതുപോലെ. അന്നാദ്യമായി ഇണ ചേരലിന് സുഖവും സൗന്ദര്യവും ഉണ്ടെന്നവൾ അറിഞ്ഞു. ഇതുവരെ ചിരുത രാത്രിയിലെ കളിപ്പാട്ടം മാത്രമായിരുന്നല്ലോ. പിന്നീട് ഇടക്കിടക്ക് ആ സുഖം അവൾ അറിഞ്ഞു തുടങ്ങി.
മദ്യവേനലവധി കഴിഞ്ഞ സമയം. റോഹൻ തോമസിന്റെ റിസൾട്ട് വന്നു. നല്ല മാർക്കോടെ മകൻ പാസ്സായതറിഞ്ഞു ഡോക്ടർ വളരെ സന്തോഷിച്ചു. ആ വീട്ടിലെ സന്തോഷത്തിൽ ചിരുതയും പങ്കാളിയായി. കഷ്ടിച്ച് അവളെക്കാളും എട്ടു വയസ്സിന്റെ വ്യത്യാസമേ റോഹനുള്ളു. എങ്കിലും ബഹുമാനത്തോടെ മാത്രമേ അവൻ അവളോട് ഇടപെടാറുള്ളു.
പട്ടണത്തിലെ വലിയ ഹോസ്പിറ്റലിൽ റോഹന് ജോലിയായി. അങ്ങോട്ട് താമസം മാറുന്നതിന്റെ ചർച്ചയിലാണിപ്പോൾ. വീട് വിറ്റ് അച്ഛനെ കൂട്ടി പോകണമെന്നാണ് റൊഹന്റെ തീരുമാനം. ഡോക്ടർക് എതിരാഭിപ്രായം ഒന്നുമില്ല. വീട്നോക്കാൻ പലരും വന്നും പോയും ഇരുന്നു. ഒടുവിൽ വടക്കുള്ള ഒരു പാർട്ടി നല്ല വിലപറഞ്ഞു ഉറപ്പിച്ചു.
വീട് വിറ്റ് രണ്ടാഴ്ച കഴിഞ്ഞാണ് ഡോക്ടർ പട്ടണത്തിലേക്ക് താമസം മാറിയത്. പോകുന്നതിന്റെ തലേന്ന് വരെ ചിരുത അവിടെ പണിക്ക് പോയി. അന്ന് ജോലി കഴിഞ്ഞു അവൾ ഇറങ്ങാൻ നേരം ഡോക്ടർ ശമ്പളത്തിന് പുറമെ നല്ലൊരു തുക അവൾക് കൊടുത്തു. മറ്റെന്തെങ്കിലും വേണമെങ്കിൽ പറയാൻ പറഞ്ഞു. ആ വീട്ടിൽ എന്തിനുമുള്ള സ്വാതന്ത്ര്യം അവൾക്കുണ്ടായിരുന്നു. പക്ഷെ അവൾ ഒന്നും ആവശ്യപ്പെട്ടില്ല, വെറുതെ ചിരിച്ചതല്ലാതെ. യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഡോക്ടറുടെ കണ്ണുകൾ തിളങ്ങിയിരുന്നു.
ഒന്ന് രണ്ട് ആഴ്ച കടന്നു പോയി. വിമലാമ്മയാണ് തങ്കത്തോട് അക്കാര്യം ആദ്യം പറഞ്ഞത്. ചിരുത രണ്ട് മാസം ഗർഭിണിയാണ്. തങ്കം സന്തോഷം കൊണ്ട് മതി മറന്നു. അറിഞ്ഞവർക്കൊക്കെ വലിയ സന്തോഷം. ഇതറിഞ്ഞപ്പോൾ പപ്പൻ അനുകമ്പയോടെ ചിരുതയെ നോക്കി. ഭാർഗവി ഇതൊന്നും കാണാൻ ഇല്ലല്ലോ എന്നോർത്തപ്പോൾ തങ്കത്തിന് വിഷമം തോന്നി. ഭാർഗവി മരിച്ചിട്ട് ആറു മാസം കഴിഞ്ഞിരുന്നു.
ഒൻപതു മാസവും ഏഴു ദിവസവും കഴിഞ്ഞപ്പോൾ, മകരമാസത്തിലെ പൂരം നക്ഷത്രത്തിൽ ചിരുത ഒരാൺകുഞ്ഞിന് ജന്മം നൽകി. വെളുത്തു തുടുത്ത ഒരാൺകുട്ടി. പാപ്പന്റെയും ചിരുതയുടെയും നിറമല്ല അവനു കിട്ടിയത്, ബന്ധുക്കളും അയൽക്കാരും ഒരു പോലെ പറഞ്ഞു. ഭാർഗവിയെ പോലെ, ഭാർഗവി വെളുത്തിട്ടാണ്.
കുഞ്ഞിന്റെ നൂല് കേട്ട് ചടങ്ങിൽ ചിരുത അവനെ രോഹിത് എന്ന് പേര് വിളിച്ചു. തങ്കത്തനു അത് വല്ലാത്ത വിഷമമുണ്ടാക്കി. കുഞ്ഞിന് ജയകൃഷ്ണൻ എന്ന് വിളിക്കാനായിരുന്നു അവർക്കാഗ്രഹം. അതവർ ചിരിതയോട് പറയുകയും ചെയ്തതാണ്. കുറച്ചു നാൾ വരെ ആ പരിഭവം തങ്കം മനസ്സിൽ വെച്ചിരുന്നു.
കുഞ്ഞിന്റെ ചോറൂണ് അമ്മൻ കോവിലിൽ നടത്തി. ഭാർഗവിയുടെ നേർച്ച ആയിരുന്നു. ചിറ്റാട്ടുകാവിൽ തൊട്ടിൽ തൂക്കി. ഒരു വർഷം വരെ എല്ലാ പൗർണമി നാളിലും വീട്ടിൽ പൊങ്കാലയിട്ടും തങ്കം ഓരോ നേർച്ചകളായി ചെയ്തു തീർക്കാൻ തുടങ്ങി.
രോഹിത്തിനു ഒരു വയസായപ്പോൾ മുതൽ ചിരുത പണിക്കു പോകാൻ തുടങ്ങി. ചെലവ് കൂടുന്നു. കുഞ്ഞിനെ നന്നായി നോക്കണ്ടേ. അവളുടെ ചിന്തയും അധ്വാനവും അവനെക്കുറിച്ച് മാത്രമായി. മൂന്നു വീടുകളിലായി ഓടി നടന്നു ചിരുത പണി എടുക്കും. കോഴിക്കും താറാവിനുമൊക്കെ പുറമെ അവൾ ഒരു പശുവിനെ കൂടി വാങ്ങിച്ചു. പാല് കച്ചവടം കൂടി ആയപ്പോൾ പൈസക്ക് വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകുന്നു.
പപ്പൻ ഇടക്കൊക്കെ മോന് കുഞ്ഞുടുപ്പുകളും പലഹാരങ്ങളും വാങ്ങിക്കൊണ്ട് വരാറുണ്ട്. തങ്കത്തിന് വലിയ സന്തോഷമാണ് അത് കാണുമ്പോൾ. എന്നാൽ ചിരിതക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല.
മൂന്നു വയസ്സ് തികഞ്ഞപ്പോൾ തന്നെ അടുത്തുള്ള ബലവാടിയിൽ രോഹിത്തിനെ ചേർത്തു. അവൻ പാടാറുള്ള കുഞ്ഞു പാട്ടുകൾ ചിരുതയും തങ്കവും സാകൂതം കേട്ടിരുക്കും. വീടിന്റെ മുന്നിലുള്ള ചാലിൽ കുഞ്ഞു മീനുകൾ നീന്തി പോകുന്നത് കാണുമ്പോൾ അവന്റെ കണ്ണുകളിൽ അത്ഭുതം നിറയും.
പപ്പൻ മരിക്കുമ്പോൾ രോഹിത്തിനു പത്തു വയസ്സ്. പെട്ടന്നായിരുന്നു പപ്പന്റെ അസുഖം കൂടിയതും ആശുപത്രിയിൽ ആയതും. ഒരു ഭാര്യയുടെ തികഞ്ഞ ഉത്തരവാദിത്തതോടെ ചിരുത അവനെ പരിചരിച്ചു. മരണ സമയത്ത് ചിരുതയും മോനും അടുത്തു തന്നെ ഉണ്ടായിരുന്നു.
അന്ത്യകർമങ്ങൾ എല്ലാം യഥാവിധി നടന്നു. രോഹിത് ചിതക് തീ കൊളുത്തി. നാട്ടുകാരും മറ്റു ബന്ധുക്കളും നിറ കണ്ണുകളോടെ നോക്കി നിന്നു. ചിരുതയിൽ പ്രാർത്യേകിച്ച് ഭവ വ്യത്യാസം ഒന്നും കണ്ടില്ല. ചുവരിൽ ചാരി തലകുനിച്ചവൾ ഇരുന്നു.
എന്നാൽ പിറ്റേന്ന് ബലിയിടുന്ന മകനെ കണ്ട ചിരുത പൊട്ടി കരഞ്ഞു പോയി. ആ രാത്രി അസ്വസ്ഥമായ മനസോടെ അവൾ കിടന്നു. ഉറക്കം നഷ്ടപ്പെട്ട രാത്രി.
പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി രോഹിത് സ്കൂളിൽ ഒന്നാമനായി. അധ്യാപകരും കൂട്ടുകാരും അവന്റെ നേട്ടത്തിൽ ഒരു പോലെ സന്തോഷിച്ചു. സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ ചിരുതയും പങ്കെടുത്തു. മകനെ ഓർമിച്ചു അഭിമാനിച്ച നിമിഷം. വെളുത്തു നീണ്ട അവന്റെ കൈ വിരലിലുകളും സൗമ്യമായ ചിരിയും. പറക്കാൻ തുടങ്ങിയ ചിന്തകളെ അവൾ കടിഞ്ഞാണിട്ടു.
രോഹിത് കോളേജിൽ ചേർന്നതോടെ ചിരുതയുടെ അധ്വാനവും കൂടി. രാവിലെ ആറു മണിക്ക് തുടങ്ങുന്ന പണി രാത്രി ഏഴു മണിവരെ നീളും.
വീടും പുരയിടവും പനയപ്പെടുത്തിയതിൽ ചിരുതക്ക് ഒരു വിഷമവും തോന്നിയില്ല, മോനുവേണ്ടി അല്ലേ.. രോഹിത്തിനു ഇനി ഒരു വർഷം കൂടി വേണം പഠിത്തം പൂർത്തിയാക്കാൻ. അത് കഴിഞ്ഞാൽ അവൻ ഡോക്ടർ രോഹിത്താണ്. ചിരുതയുടെ സ്വപ്നം സഭലമാവുകയാണ്.
കൊച്ചുമകൻ ഡോക്ടറായി കഴിഞ്ഞതിനു ശേഷമാണ് തങ്കത്തിന്റെ മരണം. അവന്റെ ചികിത്സയും പരിചരണവും കിട്ടാനുള്ള ഭാഗ്യം അവർക്കുണ്ടായി.
രോഹിത്തിനു ഗവണ്മെന്റ് ഡോക്ടർ ആയി നിയമനം കിട്ടിയത് വടക്കൻ ജില്ലയിലാണ്. എല്ലാം വിറ്റു പറക്കി പോകുന്നതിൽ ചിരുതക്ക് വിഷമം ഒന്നും തോന്നിയില്ല. മോന്റെ കൂടെയല്ലേ പോകുന്നത്. അവനെ പിരിഞ്ഞിരിക്കാൻ അവൾക്കാവില്ല.
യാത്ര പറയാനായി വിമലാമ്മയുടെ വീട്ടിൽ ചിരുത പോയി. അവർ ചെയ്തു കൊടുത്ത സഹായങ്ങൾ മറക്കാൻ പറ്റില്ലല്ലോ. രോഹിത് മെഡിസിന് പഠിക്കുമ്പോൾ കൈ അയഞ്ഞു സഹായിച്ചവരാണ്.
സംസാരത്തിനിടയിൽ തോമസ് ഡോക്ടറുടെ മരണത്തെ കുറച്ചു അവർ പറഞ്ഞു. അന്ന് രാത്രി ചിരുതക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നീടുള്ള രണ്ടുമൂന്നു രാത്രികളിലും അതാവർത്തിച്ചു. മകൻ കൊടുത്ത ഉറക്ക ഗുളികയുടെ സഹായത്തോടെ മാത്രമേ കുറച്ചു ദിവസത്തേക്ക് അവൾക്കുറങ്ങാൻ പിന്നെ കഴിഞ്ഞുള്ളൂ.
പുതിയ സ്ഥലം, പുതിയ താമസം ചിരുത അതുമയൊക്കെ പെട്ടന്നിണങ്ങി. സ്വന്തമായി സ്ഥലം വാങ്ങി വീട് വെക്കുന്നതിനെക്കുറിച്ച് രോഹിത് അമ്മയോട് സംസാരിച്ചു. അമ്മയോട് ആലോചിക്കാതെ അവൻ ഒന്നും ചെയ്യാറില്ല.
രോഹിത്തിനു വയസ്സ് ഇരുപത്തിയേഴ് കഴിയുന്നു. അവന്റെ വിവാഹത്തെ കുറിച്ചാണ് ഇപ്പോൾ ചിരുതയുടെ ചിന്ത. അവൾ മോനോട് അക്കാര്യം സംസാരിച്ചു. അമ്മയുടെ മെലിഞ്ഞ കൈകളെ ചേർത്തു പിടിച്ചുകൊണ്ടു അവൻ മറിയാ എന്ന കൂട്ടുകാരിയെ കുറച്ചു പറഞ്ഞു. കൂടെ പഠിച്ചവൾ, ഡോക്ടറാണ്. പക്ഷെ അവളൊരു ക്രിസ്ത്യാനി പെണ്ണാണ്. ചിരുത ചിരിച്ചു. ഭംഗിയുള്ള അവളുടെ അവളുടെ ചിരി. മോന്റെ തീരുമാനം ശരി ആണ്. അവൻ പോകുന്നത് ശരിയായ വഴിയിലൂടെ തന്നെയാണ്.
മറിയ കഴിവും, മിടുക്കിയുമായ പെൺകുട്ടിയാണ്. ചിരുതയുടെ പുത്രവധു ആകാൻ പറ്റിയവൾ. മറിയ വന്നതോടെ ചിരുതയുടെ ജീവിതഭാരങ്ങൾ ഒന്നൊന്നായി ഒഴിഞ്ഞു തുടങ്ങി. ജീവിത സായാഹ്നത്തിന്റെ സന്തോഷത്തിലാണ് ചിരുത ഇപ്പോൾ. ജീവിതത്തിൽ പാപം ചെയ്തതായി അവൾ കരുതുന്നില്ല. അത്കൊണ്ട് മനസാക്ഷിയുടെ കുമ്പസാരകൂട്ടിൽ അവൾ കയറില്ല. കുമ്പസരിച്ചിട്ടുമില്ല.
മായാത്ത പുഞ്ചിരിയോടെ ചിരുത ജീവിക്കുന്നു.. സമാധാനത്തോടെ….