മുംബൈയിലേയ്ക്ക് പറിച്ചു നടപ്പെട്ട ആദ്യനാളുകള്‍ അവളെ വളരെയധികം വിഷമിപ്പിച്ചു. സാവധാനം അവള്‍..

ഒരു പെണ്ണിന്‍റെ കഥ ~ രചന: ദിപി ഡിജു

‘ഇച്ചായാ… എനിക്ക് ഇച്ചിരി ക ള്ള് കുടിക്കണം… നല്ല പ നങ്കള്ള്… കാന്താരി മുളകിട്ട് വരട്ടിയ ഇടിയിറച്ചിയും കൂട്ടി കുടിക്കണം… നമ്മള്‍ മുന്‍പ് പിള്ളാരെയും കൊണ്ട് അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ കുടുംബക്കാരെല്ലാം ചേര്‍ന്നിരുന്നു സൊറ പറഞ്ഞു കള്ളു കുടിച്ചിരുന്നതു പോലെ… ഒന്നൂടെ ഒന്നു കുടിക്കണം ഇച്ചായാ…’

‘എന്നതൊക്കെയാ റബേക്കാ നീ പറയണേ…??? ഈ അവസ്ഥയില്‍ അതൊന്നും കഴിക്കാന്‍ പറ്റില്ലെന്നു അറിയില്ലേ…???’

‘അതൊക്കെ എനിക്കറിയാം ഇച്ചായാ… പക്ഷെ… ഇപ്പോള്‍… ഇപ്പോളെനിക്ക് വല്ലാത്ത കൊതി തോന്നുന്നു…. ആ ഓര്‍മ്മകളിലേക്ക് തിരിച്ചു പോകാന്‍… ആ രുചികള്‍ ആസ്വദിക്കാന്‍… ഇത്ര നാള്‍ മനപ്പൂര്‍വ്വമല്ലെങ്കിലും ഞാന്‍ മറന്ന പലതും… എനിക്കിപ്പോള്‍ കൊതി തോന്നുന്നു ചാണ്ടിച്ചായാ… ഈ മരുന്നുകളുടെ ചവര്‍പ്പ്…!!! ഹോ…!!! എനിക്ക് മടുത്തു…!!! സഹിക്കാവുതിനപ്പുറമാകുന്നു വേദന…!!! എനിക്ക് മതിയായി ഇച്ചായാ ഈ കിടപ്പ്… എന്നെ കൊണ്ടു പോകുവോ…??? നമുക്ക് ഒരുമിച്ചു പണ്ടത്തെ പോലെ ആ തെങ്ങിന്‍ തോപ്പില്‍ പോയി വട്ടം ചുറ്റി ഇരുന്നു കഥകള്‍ പറയാം…!!!!’

മുഴുമിപ്പിക്കുന്നതിനു മുന്‍പേ ഓര്‍മ്മകള്‍ അവളെ വര്‍ഷങ്ങള്‍ പിന്നോട്ടു നടത്തി.

തോമാസ്ലീഹ നേരിട്ട് മാര്‍ക്കം കൂടിച്ച ആളുകളായിരുന്നു റബേക്കയുടെ മുന്‍തലമുറക്കാര്‍. അതു കൊണ്ട് തന്നെ നാട്ടില്‍ അറിയപ്പെടുന്ന പ്രമാണികളും. തങ്ങളോളം പോന്ന ചാണ്ടിച്ചന്‍റെ കുടുംബക്കാരുമായി ചേര്‍ന്നാലോചിച്ചു തന്നെയാണ് അവളുടെയും ചാണ്ടിച്ചന്‍റേയും കെട്ടുറപ്പിച്ചത്.

സ്വതവേ ഉള്‍വലിയുന്ന പ്രകൃതക്കാരിയായിരുന്നതിനാലും നാടും വീടും ഏറെ സ്വാധീനം ചെലുത്തിയിരുന്നതിനാലും അവള്‍ക്ക് ആ നാടു വിട്ടു പോകാന്‍ തീരെ താല്‍പര്യം ഇല്ലായിരുന്നു. മുംബൈയില്‍ ജോലിയായിരുന്ന ചാണ്ടിച്ചന്‍റെ ആലോചന അവള്‍ക്ക് അതു കൊണ്ടു തന്നെ അരോചകം ആയി തോന്നിയിരുന്നു. എന്നാല്‍ അപ്പച്ചനെ ധിക്കരിക്കാന്‍ ഭയമായിരുന്നതു കൊണ്ട് അവള്‍ തന്‍റെ സങ്കടം ഉള്ളിലൊതുക്കി.

മുംബൈയിലേയ്ക്ക് പറിച്ചു നടപ്പെട്ട ആദ്യനാളുകള്‍ അവളെ വളരെയധികം വിഷമിപ്പിച്ചു. സാവധാനം അവള്‍ നഗരജീവിതവുമായി ഇഴ ചേര്‍ന്നു. ബി എഡ് എടുത്തിരുന്ന അവള്‍ക്ക് ചാണ്ടിച്ചന്‍ അവിടെ ഒരു സ്കൂളില്‍ ജോലി കൂടി ശരിയാക്കി കൊടുത്തതോടെ ജീവിതം കൂടുതല്‍ തിരക്കേറി.

രണ്ടു കുഞ്ഞുങ്ങളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും ജോലിക്കാര്യങ്ങളും എല്ലാം തലയില്‍ വന്നതോടെ സ്വന്തം കാര്യങ്ങള്‍ക്ക് സമയം കിട്ടാതെ ആയി.

ആകെ മനസ്സു കുറച്ച് റിലാക്സ്ഡ് ആകുന്നത് അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ മാത്രമായിരുന്നു. അതു കൊണ്ടുതന്നെ ആ യാത്രകള്‍ അവള്‍ ആവോളം ആസ്വദിച്ചു.

എന്നാല്‍ എല്ലാം തകിടം മറിയുന്നത് ഒരിക്കല്‍ അവള്‍ക്ക് സ്കൂളില്‍ വച്ചു കലശലായ വയറുവേദന വന്നപ്പോളാണ്. ഒത്തിരി തവണ ചെറിയ വേദനകള്‍ വന്നിട്ടുണ്ടെങ്കിലും ചെയ്തു തീര്‍ക്കാന്‍ ഉള്ള കാര്യങ്ങള്‍ അവളെ അതെല്ലാം കണ്ടില്ലെന്നു നടിക്കാന്‍ പഠിപ്പിച്ചിരുന്നു.

മറ്റു അധ്യാപകരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ ഡോക്ടറെ കാണാന്‍ തീരുമാനിച്ചു.

‘മിസ്സിസ്സ് റബേക്ക… നിങ്ങള്‍ ഭക്ഷണം സ്കിപ്പ് ചെയ്യാറുണ്ടോ…??? പ്രത്യേകിച്ച് ബ്രേക്ക് ഫാസ്റ്റ്…???’

‘അതു പിന്നെ ഡോക്ടര്‍ കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് ചെയ്തു തീര്‍ക്കാനുള്ള ഓട്ടത്തില്‍ ഞാന്‍… ശരിയാണ് ഡോക്ടര്‍ ഞാന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ല…പലപ്പോഴും ഭക്ഷണം ക്രമത്തിലും ആയിരുന്നില്ല…’

‘റബേക്ക… നിങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ മനസ്സിലാക്കണം… നിങ്ങള്‍ക്ക് ഗ്യാസ്റ്റ്രല്‍ കാന്‍സറിന്‍റെ തുടക്കം ആണ്… പേടിക്കേണ്ട… ഈ സ്റ്റേജില്‍ ഒരു സര്‍ജറി കൊണ്ടു പരിഹാരം നേടാം… നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് പ്രഭാതഭക്ഷണം… പലപ്പോഴും മറ്റു കാര്യങ്ങളുടെ തിരക്കിന് പ്രാധാന്യം നല്‍കുന്നതു മൂലം കൂടുതലും നിങ്ങള്‍ സ്ത്രീകളാണ് ഈ അവസ്ഥ ക്ഷണിച്ചു വരുത്തുന്നത്…’

ഡോക്ടര്‍ പറഞ്ഞത് പലതും അവള്‍ പിന്നെ കേട്ടില്ല. രാവിലെ ഉറക്കമുണരുന്നതു മുതലുള്ള അവളുടെ ഓട്ടം അവളുടെ മനസ്സില്‍ ഒരു സിനിമ പോലെ മിന്നി മറഞ്ഞു. അതില്‍ അവളുടെ കാര്യങ്ങള്‍ക്കു വേണ്ടി അവള്‍ സമയം കൊടുത്തിരുന്നില്ല എന്നത് അവള്‍ ഞെട്ടലോടെ ഓര്‍ത്തു.

‘റബേക്ക… നീയിത് എന്തു ചിന്തിക്കുവാണ്… സര്‍ജറിക്ക് സമയമായി… ഞാന്‍ പുറത്തേക്കിറങ്ങുവാ… സിസ്റ്റര്‍ പറഞ്ഞു പുറത്തിറങ്ങാന്‍…’

ചാണ്ടിച്ചന്‍ റബേക്കയുടെ അടുത്ത് നിന്ന് എഴുന്നേറ്റു.

‘ഇച്ചായാ… എനിക്ക്…’

‘മനസ്സിലായെടി… നമുക്ക് പോകാം… നിന്‍റെ ആഗ്രഹം പോലെ തന്നെ…പക്ഷേ… നീ ഇനി എനിക്ക് ഉറപ്പു തരണം… ഇനി കുറച്ചു സമയം നിനക്കു വേണ്ടി നീ ചിലവിടുമെന്നു… നിന്‍റെ ഭക്ഷണവും ഉറക്കവും എല്ലാം കൃത്യമായിരിക്കുമെന്ന്… ഇപ്പോള്‍ സമയത്ത് കണ്ടുപിടിച്ചതു കൊണ്ട് നമ്മള്‍ വലിയ ആപത്തില്ലാത്ത അവസ്ഥയില്‍ ആണ്… ഈ സര്‍ജറി കഴിഞ്ഞാല്‍ നമുക്ക് പഴയ ജീവിതത്തിലേയ്ക്ക് മടങ്ങാം… ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കരുത് കേട്ടോ… എല്ലാം കഴിഞ്ഞു നമുക്ക് പോകാം… നിന്‍റെ ഇഷ്ടങ്ങള്‍ എല്ലാം തീര്‍ക്കാന്‍… അപ്പോള്‍ എങ്ങനെയാ…?? ഫസ്റ്റ് യുവര്‍ ഹെല്‍ത്ത്… ദെന്‍ കംസ് റെസ്റ്റ്…’

അവളുടെ കവിളില്‍ തലോടി കൊണ്ട് അയാള്‍ പറഞ്ഞു കൊണ്ടു മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി.

അവളുടെ കവിളിലൂടെ ഒരു മിഴിനീര്‍ തുള്ളി പെയ്തിറങ്ങി.

‘ഇല്ല ഇച്ചായാ… ഇനി ഞാനിത് ആവര്‍ത്തിക്കില്ല… എന്‍റെ കാര്യങ്ങള്‍ക്കും ഞാന്‍ ഇനി സമയം കണ്ടെത്തും… എനിക്കിപ്പോള്‍ അറിയാം… മറ്റുകാര്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം എന്‍റെ സ്വന്തം കാര്യങ്ങള്‍ക്ക് നല്‍കാതിരുന്നതാണ് എന്നെ ഈ ആശുപത്രി കിടക്കയില്‍ എത്തിച്ചതെന്ന്… ഇനിയിത് ഉണ്ടാവില്ല… ഫസ്റ്റ് മൈ ഹെര്‍ത്ത്…ദെന്‍ കംസ് റെസ്റ്റ്…’

[വീട്ടുകാര്യങ്ങളും ജോലിക്കാര്യങ്ങളും തലയില്‍ വച്ചു സ്വന്തം ആരോഗ്യം മറന്നു പോകുന്ന ഞാനടക്കമുള്ള സ്ത്രീ സമൂഹത്തിനു സമര്‍പ്പിക്കുന്നു…]