കൊറോണ ഒരു ചെറിയ ജീവിയല്ല
രചന: നിഹാരിക നീനു
സൂർത്തുക്കളെ,
ഈ കഥയുമായി ആർക്കും ഒരു ബന്ധവും ഇല്ല … അങ്ങനെ തോന്നും എന്നാലും, ഇല്ലഎന്ന് പറയാൻ പറഞ്ഞു,
ഇത് അവരുടെ കഥയാണ് …..
നീനു…. നീനുൻ്റെ കെട്ട്യോൻ…. കുട്ട്യോൾ.. അവരുടെ മാത്രം ഗദന ഗഥ…
കൊറോണ ചൈനയിൽ കൊടികുത്തി വാഴുന്ന സമയം, അങ്ങ് വുഹാനിലല്ലേ അയ്ന് നമ്മൾക്ക് എന്താ എന്ന് ചോദിച്ച് കെട്ട്യോൻ്റെ തുറിച്ച് നോട്ടവും കണ്ട് ഇരിക്കാരുന്നു…
അപ്പഴാ ആരാണ്ടൊക്കെയോ കേരളത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട് എന്നറിഞ്ഞത്, ചൈനക്കാര് എന്തും ഉണ്ടാക്കുന്നത് തന്നെ ഇന്ത്യക്കാരെ മുന്നിൽ കണ്ടാ…..അപ്പ പിന്നെ, ഇതും
സ്വാഭാവികം……
കേരളത്തിലും കൊറോണക്ക് വൻ മാർക്കറ്റ് കിട്ടി തുടങ്ങി… ഉള്ളവർ ഇല്ലാത്തവർക്ക് നൽകി ഉള്ളവർ അത് ആഘോഷമാക്കി നടക്കാൻ തുടങ്ങി…
ഒന്നിനെ പറ്റിം ഒരു ബോധവും ഇല്ലാത്ത എനിക്ക് വരെ ടെൻഷൻ….ഫോണിലാണെങ്കി ഇതിൻ്റെ വാർത്തകൾ മാത്രം….എവിടുന്നൊക്കെയോ പഴയ കുറേ വീഡിയോസും കണ്ട് പിടിച്ച് പഹയൻമാർ കോറോണ എന്ന സബ്ടൈറ്റിലും കൊടുത്ത് പടച്ചും വിട്ട് …നടക്കണേൻ്റ എടയില് വീണ് മരിക്കണതും, ജെസിബി കൊണ്ട് വന്ന് കുഴിയിലേക്ക് ആളുകളെ തട്ടുന്നതും, ഒക്കെ കണ്ട് എൻ്റെ തലയിലെ കിളികൾ ഫ്ലൈയിംഗ് കിസ്സും തന്ന് ടൂറ് പോയി (ഇപ്പഴും വന്നിട്ടില്ല)
കെട്ട്യോന്റെ ഓഫീസ് കുറച്ച് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സമയത്തൊക്കെ അടച്ചു പൂട്ടി, കേസ് കൂടാൻ തുടങ്ങിയപ്പോ മലർക്കെ തുറന്ന് കൊടുത്തു….(ആഹാ അന്തസ്സ്)
വേറെ വഴിയില്ലാണ്ട് ജോലിക്ക് പോവാൻ തുടങ്ങി,
രണ്ട് ദിവസം കാറിൽ പോയി…. (അഹങ്കാരം)
പെട്രോളിൻ്റെ വില ഞങ്ങളെ നോക്കി കൊഞ്ഞനം കുത്താൻ തുടങ്ങിയപ്പോ ബൈക്കിലായി….ഇനി സൈക്കളിലോട്ട് എന്നാ തിരികെ വരുന്നത് എന്നറിയില്ല …..
പിന്നെ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് കേട്ട് ജാഗ്രതിക്കാൻ തുടങ്ങി ..കെട്ട്യോൻ പിന്നെ, ഉപ്പ് തൊട്ട് കർപ്പൂരം വരെ കൊണ്ട് വരുന്ന എല്ലാം പാരച്യൂട്ട് വെളിച്ചെണ്ണ തേച്ച് ബേബി സോപ്പിട്ട് കുളിപ്പിച്ചേ അകത്തേക്ക് കയറ്റൂ…..
ഇതൊക്കെ എല്ലാരും ഒന്ന് കാണാൻ ലാവിഷായി പുറത്ത് വച്ച് ചെയ്തു….
ഇടക്ക് അയൽപക്കത്തേക്ക് ഒന്നു നോക്കി….
ഇതൊക്കെ കാണുന്നുണ്ടല്ലോല്ലല്ലല്ലേ??
“ഏട്ടൻ പണ്ടേ അങ്ങനാ! ഹൈ ജീനിക്കാ….. ഹോ ഞങ്ങൾ ഞങ്ങളെ കൊണ്ട് തോറ്റു;”
ഇത്യാദി ചളി പൊങ്ങച്ചമൊക്കെ ചെറിയ തോതിൽ ഞാനും അടിച്ചു ..
അയൽപക്കക്കാർ ഏട്ടൻ്റെ “”” കരുതൽ “”” കണ്ട് ഒന്നടങ്കം പറഞ്ഞു….
” യെന്ത് കരുതലാണാ മൻസന് നീനുൻ്റ ഭാഗ്യം എന്ന്””
അങ്ങനെ അത് സംഭവിച്ചു, ഓഫീസിലെ കാഷ്യർക്ക് കൊറോണ …..
ഞങ്ങൾ ക്വാറൻറയിനിലായി….
മതിലിൻ്റപ്പുറത്ത് കണ്ട മിഴിച്ച കണ്ണുകളോടൊക്കെ പറഞ്ഞു,
“ഹേയ് ഞങ്ങൾക്ക് എങ്ങനാ വരുന്നേ അഞ്ജാതി കരുതലല്ലേ ,? ഇത് വെറുതേ ഒരു ഫോർമാലിറ്റി…. ഗവൺമെൻ്റിൻ്റെ ഒരു കാര്യം…… “
അങ്ങനെ ഇരിക്കുമ്പഴാ കുറച്ച് ചിക്കൻ വാങ്ങിയത്….
അതൊക്കെ പാചകം ചെയ്തപ്പോഴാ ഞാനാ സത്യം മനസിലാക്കിയത്…
മണം വരുന്നില്ല …
ഉടൻ ഏട്ടൻ്റെ അടുത്തെത്തി….
“ഈ വീടിൻ്റെ വാസ്തു ശരിയല്ല ഏട്ടാ “
“എന്താ പ്പ അങ്ങനെ തോന്നാൻ ” വീട് മൊത്തത്തിൽ ഒന്ന് കണ്ണോടിച്ച് ആ മനുഷ്യൻ ചോദിച്ചു,
ഞാൻ ഉണ്ടാക്കിയ ചിക്കൻ്റെ മണം ഇങ്ങോട്ട് വരണം അല്ലാണ്ട് അപ്രത്തക്കല്ല പോണ്ട്….. “
അപ്പഴാണ് പുള്ളിം അത് ശ്രദ്ധിച്ചത്…
” ശരിയാണല്ലോ എനിക്കും കിട്ടീല മണം, ഇത് വാസ്തൂൻ്റെ പ്രശ്നല്ല, കോവിഡിൻ്റെ പ്രശ്നാന്നാ തോന്നുന്നേ “
“എൻ്റെ കളരി പരമ്പര ദൈവങ്ങളെ, എന്തൊക്കെയാ ഞാൻ അയൽപക്കക്കാരോട് തള്ളിമറിച്ചത്, ഇനി എന്നാ ചെയ്യും…… “
അങ്ങനെ ആൻ്റിജൻ ടെസ്റ്റ് നടത്തി…..എല്ലാർക്കും പോസിറ്റീവ്….
“ഹായ്….”
റിസൽട്ട് പോസിറ്റിവായപ്പോ ആരാ അങ്ങനെ ഒര് ഹായ് വിട്ടത്… ” ഞാനാ അച്ഛാ” എൻ്റെ മോൻ മുന്നോട്ട് വന്നു ..
“എങ്ങനെ സാധിക്കുന്നു ഈ സമയത്ത് നിനക്ക് ഇങ്ങനെ ഹായ് വിടാൻ…??”
ഞാൻ കണ്ണീർ സീരിയലിലെ നായിക കളിച്ചു …..
” അമ്മക്കറിയാഞ്ഞിട്ടാ നമ്മളെ ഇനി ക്യാമ്പിലേക്ക് കൊണ്ടോവാൻ ആംബുലൻസ് വരും, അവിടെ ചെന്നാ രാവിലെ ചിക്കനും ചപ്പാത്തിയും…ഉച്ചക്ക് ചോറും പിന്നെ മീൻകറിയും മീൻ ഫ്രൈയും രാത്രി ബിരിയാണി ” വിടർന്ന ലവൻ്റെ മുഖത്തേക്ക് നോക്കി, ഹോട്ടലിലെ സപ്ലയറെ പോലെ ഫുഡിൻ്റെ മെനു നിരത്തുന്നുണ്ട്,
“ഇതൊക്കെ എവടന്ന് കിട്ടിയ അറിവാ മഹാനുഭാവാ…. “
ഞാൻ ചോദിച്ചു…
അവൻ്റെ ക്ലാസിലെ സഞ്ചു പറഞവിവരാ….സഞ്ചു ഈ ക്യാമ്പ് കഴിഞ്ഞ് വന്നതാത്രെ…അന്ന് മുതൽ ഇവൻ പ്രാർത്ഥിക്കുവാന്ന്, കൊറോണ ഭഗവതി അനുഗ്രഹിക്കാൻ …
ഇത് കേട്ട് പ്രാന്തായ കെട്ട്യോനെ അടക്കാൻ ഞാൻ പെട്ട പാട് ‘…
അങ്ങനെ ഉച്ചക്ക് ഫുഡ് വിളമ്പി…..കഴിക്കാൻ തുടങ്ങി,
അപ്പഴാ മോനെ അടുത്ത് വിളിച്ച് ഏട്ടൻ സോറി പറയുന്നത് കേട്ടത് ,
“എന്തിനാ ഏട്ടാ സോറി പറഞ്ഞെ??”
“അല്ല നീനു അവനേയും കുറ്റം പറയാൻ പറ്റില്ല, എന്നും ഇമ്മാതിരി ഫുഡ് അല്ലേ കഴിക്കുന്നത് …. ഒരു ചെയ്ഞ്ച്.ആ പാവം ആഗ്രഹിച്ചു … ഞാനവനെ ചീത്ത പറയരുതായിരുന്നു ..ഞാനതിൽ ഇപ്പോ കുണ്ഠിതപ്പെടുന്നു….
മുഴുവനായും നാഗവല്ലി ആവുകയായിരുന്നു ആ നിമിഷം ഞാൻ….
അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് ഹാളിലേക്ക് വന്നപ്പഴാ ജനലിലൂടെ ഏട്ടൻ ആ കാഴ്ച കണ്ടത്….
” നീനു… നൂ.. നൂ”
എക്കോ വന്നതാ…
” ദേ നോക്കിയേ, എന്തോ ഒരു സാധനം നമ്മടെ തൊടീൽ???”
ചെന്ന് നോക്കിയപ്പോൾ കിളിച്ചുണ്ടൻ മാമ്പഴത്തിലെ വെള്ളാട്ട് പോക്കറെ, പോലൊരു സാധനം …
“വെള്ളാട്ട് പോക്കറ് ” എന്ന് പറഞ്ഞ് വാതിൽ ഞാൻ തുറന്ന്
” ആരാടാ ” എന്നൊരു ചോദ്യം …..
” അയ്യോ! ഇലക്ട്രിസിറ്റി മീറ്റർ റീഡിംഗ് എടുക്കാൻ വന്നതാണേ, അടുത്ത വീട്ടിലുള്ളോര് പറഞ്ഞ് ഇങ്ങക്ക് കൊറോണ യാന്ന്… പി പി ഇ കിറ്റ് കിട്ടീല, അതോണ്ട് അപ്പർത്ത്ന്ന് ഒര് ലുങ്കി വാങ്ങി… അതും പൊതച്ച് വന്നതാ, മാമനോട് ഒന്നും തോന്നല്ലേ മെക്കളേ”
ഇത്രയും ഓടുന്ന വഴിക്ക് പറഞ്, ബില്ല് മതിലിൻ്റെ മോളിൽ വച്ച് അങ്ങേര് പോയി,
” സില്ലി ബോയ്, അല്ലേ ഏട്ടാ ” എന്നും പറഞ്ഞ് അകത്ത് കയറിയ എന്നോട് ഏട്ടൻ ഒരു ചോദ്യം,
” ആതാരാ നീനു നീ പറഞ്ഞ ആ വെള്ളാട്ട് പോക്കര് ??”
പകച്ച് പോയി എൻ്റെ യൗവ്വനം….
ആളുകൾക്ക് ചുമ്മാ ഭയം സൃഷ്ടിക്കണ്ട എന്നു കരുതി ഉമ്മറത്തേക്ക് പോലും അധികം വരാതെ നോക്കിയിരുന്നു…
ഹാളിൽ തന്നെ ഇരുന്നു ….
അങ്ങനെ വൈകുന്നേരമായപ്പഴാ ഏട്ടൻ വീണ്ടും ആ കാഴ്ച കണ്ടത്..
വലിയൊരു വടിയും എടുത്തൊരാൾ വീടാക്രമിക്കാൻ വരുന്നത് …..
” നീനു…..ടീ….. “
“എന്താ …..” എന്നും പറഞ്ഞ് നോക്കിയപ്പഴാ ഞാനും, അയ്യോ ഞാനല്ല നീനുവും അത് കാണുന്നേ, ഒരാൾ തലയൊക്കെ മറച്ച് വടിയുമായി …
“പേടിക്കണ്ട നീനു, ഞാൻ കട്ടക്ക് ഒപ്പം ഉണ്ട്”
എന്ന് പറഞ് ധൈര്യം തന്നു ഏട്ടൻ, …
ഞാൻ ജനലിലൂടെ ചാഞ്ഞും ചരിഞ്ഞും നോക്കി… കാലിന് ഒരു ഞൊണ്ടൽ, ഞാനിതെവിടേയോ…..🤔
“ഇത് .. ?എട്ടാ…..” എന്നും പറഞ്ഞ് നോക്കിയപ്പോഴാ അറിഞ്ഞത് നേരത്തെ ധൈര്യം തന്നയാൾ ബാത്ത് റൂമിലേക്ക് പലായനം ചെയ്തിരിക്കുന്നു …..
ഞാൻ വരുന്നത് വരട്ടെ എന്ന് കരുതി ഒളിച്ചിരുന്ന് നോക്കി….
അയാൾ ആ വടി കൊണ്ട് കോളിംഗ് ബെൽ അമർത്തി,
എന്നിട്ട് അകത്തേക്ക് നോക്കി പറഞ്ഞു…
” അമ്മാവനാ മോളെ, പച്ചക്കറിയും സാധനങ്ങളും ആയി വന്നതാ.. വാതിൽ ഞാൻ പോയിട്ട് തുറന്നാ മതിയേ….. “
ഹോ ഇങ്ങോരാണോ.. ഓ കാളിംഗ് ബെൽ അടിക്കാനായിട്ടാ ആ വടി… ഓരോരോ പാഷനുകളേ…
ഫോൺ വിളിച്ചപ്പോ ഇത് ലാൻ്റ് ഫോണാ കണക്ഷൻ പോണതാ, അതിലൂടെ വൈറസ് ചെവീല് കേറും… മാറീട്ട് വിളിച്ചാ മതി എന്നും പറഞ്ഞ് വകേലൊരു ചെറിയമ്മേം ശാസ്ത്രത്തെ അവരുടെ കൂർമ ബുദ്ധിയാൽ തോൽപ്പിച്ചു….പകച്ച് പോയി വീണ്ടും ഫോൺ ചെയ്ത ഞാൻ.
ഹെൽത്ത് ഇൻസ്പെക്ടർ വിളിച്ചപ്പോ എങ്ങും പോവണ്ട ഞങ്ങൾ ഇവിടെ ജാഗരൂകരായി കഴിഞ്ഞോളാം….അങ്ങനെ അപ്പൂൻ്റേ കാമ്പിൽ പോവണ്ട ആഗ്രഹവും വെള്ളത്തിലായി….
പിന്നെ പറയാനായിട്ട്, ഫോണും ടിവിയും മാറ്റി വച്ച് ഫുൾ ടൈം ഞാനും ഏട്ടനും പിള്ളേര് ടെ കൂടെ ഇരുന്നു ..അവരുടെ കൂടെ കളിച്ചു …..അച്ഛനെയും അമ്മയെയും കൂടെ കിട്ടിയ സന്തോഷമായിരുന്നു പാവങ്ങൾക്ക്….അത്ര ആഹ്ലാദിച്ച് അവരെ മുമ്പ് കണ്ടിട്ടില്ല..
കിടക്കുമ്പോ ചെറുത് ഏട്ടനോട് പറയുന്നത് കേട്ടു …
” ഇങ്ങനാണെങ്കി കൊറോണ പതുക്കെ മാറിയാ മതി ല്ലേ അച്ഛാ ന്ന് ” ഞങ്ങടെ രണ്ടാൾടേം ഉള്ളിൽ, എവിടെയൊക്കെയോ അത് നോവ് പടർത്തിയിരുന്നു ….😪
ശുഭം