വൈകി വന്ന വസന്തം
രചന: അനഘ “പാർവ്വതി”
ഹായ്….
ഹലോ.
……….
ഞാൻ രമേശ്. ഇവിടെ ഗവ.കോളേജിൽ വർക് ചെയ്യുന്നു.
വിനീത. KSEB അസ്സി. എൻജിനീയർ.
……….
ടീ ഓർ കോഫീ
എന്താ…..
അല്ല….. ടീ ഓർ കോഫീ.
കോഫി…
ഹലോ… ഈ ടേബിളിലേക്ക് 2 കോഫി.
സാറിനും കോഫിയാണോ ഇഷ്ടം.
സർ എന്നൊന്നും വിളിക്കണ്ട.വിനീതക്കെന്നെ രമേശ് എന്ന് വിളിക്കാം.
മം.
…………..
വിനീത ഒട്ടും കംഫർട്ടബിൾ അല്ലെന്ന് തോന്നുന്നു.
അയ്യോ..അങ്ങനെ അല്ല. ഒരു സ്റ്റാർട്ടിങ് ട്രബിൾ.
മം. സിത്തു ഇങ്ങനെ ഒരു മീറ്റിംഗ് സൂചിപ്പിച്ചപ്പോൾ തന്നെ എനിക്കൊരു ഭയം ഉണ്ടായിരുന്നു. ഇയാള് എങ്ങനെ പ്രതികരിക്കുമെന്ന്.
സത്യം പറഞ്ഞാ ഞാൻ ഈ മീറ്റിംഗ് ഒഴിവാക്കാൻ ഒത്തിരി ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. സാർ… സോറി…. രമേശിന് എന്നേ കുറിച്ചു കേട്ടറിവ് മാത്രമല്ലേ ഒള്ളൂ. അപ്പോ എല്ലാം നേരിട്ട് ക്ലിയർ ആക്കാമെന്ന് കരുതി.
ഒരു പരിധി വരെ അറിയാം. ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ വന്നിരിക്കും എന്നു ഓർത്തിട്ടുകൂടിയില്ല.
അത്ര പ്രായമുണ്ടോ. കണ്ടാൽ തോന്നില്ല.
അത്രക്കൊന്നുമില്ല.ഒരു നാല്പത്. ഇയാൾക്ക് മുപ്പത്തി അഞ്ചല്ലേ.
ആഹാ. അതൊക്കെ അറിഞ്ഞാണോ വന്നത്.
സിത്തു പറഞ്ഞു.
മം.
ഇയാളെ പറ്റി പറ.
ഞാൻ മൂത്തമകളാണ്. അച്ഛനും അമ്മയും ഒന്നും കൂടില്ല.അവരൊക്കെ എന്നെ വിട്ടു ദൂരേക്ക് പോയി.അനിയനും കുടുംബമായപ്പോൾ ഞാൻ അവിടെ ഒരു ശല്യമായി. ജോലി ഒള്ളതുകൊണ്ട് ആർക്കും ഭാരമാകുന്നില്ല. ഇപ്പോ വല്ലാതെ ഒറ്റപ്പെട്ടു.അതുകൊണ്ടാണ് ഇങ്ങനെയൊരു കൂടികാഴ്ച തന്നെ.
ഓഹ് .. സോറി.
ഇട്സ് ഓക്കേ.
വിവാഹം കഴിക്കാത്തത് എന്താണ്. പറയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എങ്കിൽ പറയണ്ട.
ഏയ്. എന്ത് ബുദ്ധിമുട്ട്. അന്നങ്ങനെ തോന്നി. ഒരാളെ വല്ലാതെ പ്രണയിച്ചു.എന്നെ തന്നെ നഷ്ടപ്പെടുത്തി. അയാള് എന്ത് പറഞ്ഞാലും അനുസരിക്കുന്ന പാവയെപോലെ. അല്ലെങ്കിൽ പിന്നെ മിണ്ടില്ല.കൂട്ടുകാരോട് ഒത്തിരി കൂട്ട് പറ്റില്ല. വീട്ടുകാരോട് പറ്റില്ല.ഒരു സൈക്കോ. എല്ലാവരും ചോദിക്കും എന്തിനാണ് ഇതിനൊക്കെ നിന്ന് കൊടുത്തതെന്ന്. ഇപ്പോ മാഷും ചിന്തിച്ചില്ലേ.
അങ്ങനെ ചോദിച്ചാൽ സ്വാഭാവികം.
എൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.സൗഹൃദം എന്തെന്ന് പഠിപ്പിച്ചു. ആദ്യമായി സൗഹൃദത്തിൻ്റെ മധുരം നുണച്ചത് അയാളെ അറിഞ്ഞപ്പോഴാണ്. നഷ്ടപ്പെടുത്താൻ സാധിക്കില്ലയിരുന്നു. പക്ഷേ തിരിച്ചു അങ്ങനെ ഒരു ആത്മബന്ധം ഇല്ലെന്ന് തോന്നിയപ്പോ സഹിക്കാനായില്ല.
എന്നിട്ട്.
വല്ലാതെ ഒറ്റപ്പെട്ടപോലെ. മരിക്കാൻ തോന്നി. പിന്നെ സ്വയം പുച്ഛം തോന്നി. ഇന്നലെ കണ്ട ഒരാൾക്കായി ജീവിതം കളയാൻ ചിന്തിച്ചതിന്. പിന്നെ ഒരു വാശിയായിരുന്നു.പല പല തിരിച്ചറിവുകൾ. പ്രണയമായി ഞാൻ ധരിച്ചത് അയാളെ സംബന്ധിച്ച് വെറുമൊരു അടിമ ഉടമ ബന്ധമായിരുന്നു.
അയാള് എങ്ങനെ പ്രതികരിച്ചു.
ആൾക്ക് അതൊന്നും ഒരു പ്രശ്മായിരുന്നില്ല. അങ്ങനൊരാൾക്കയി കരഞ്ഞു തീർത്ത രാത്രികൾ എന്നെ നോക്കി കൊഞ്ഞനം കുത്തി. പക്ഷേ സ്വയം ഞാൻ ഉയർത്തെഴുന്നേൽറ്റൂ. പിന്നീട് എപ്പോഴോ നഷ്ടബോധം തോന്നിയപ്പോൾ അയാള് വീണ്ടും എന്നെ തേടി വന്നു. ആദ്യം സഹതാപം നേടാൻ നോക്കി പിന്നീട് കൂട്ടുകാർക്കിടയിൽ ഞാൻ പുള്ളിയെ ഉപേക്ഷിച്ച് ചതിച്ചു എന്നാക്കി. ഒന്നും നടക്കാതായപ്പോ പിന്നെ ഉപദ്രവം നിർത്തി.
ആള് കൊള്ളാല്ലോ. ഇതു കൊണ്ടാണോ വിവാഹം കഴിക്കാതെയിരുന്നത്.
പുള്ളിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും മനസ്സിലെ ഭയം അതുപോലെ നിലനിന്നു. ആരുമായും ഒരു ബന്ധം സ്ഥാപിക്കാൻ ഭയന്നു. എന്നിലേക്ക് തന്നെ ചുരുങ്ങി.പിന്നെ അതൊക്കെ ശരിയായപ്പോ പ്രായം കടന്നുപോയി.
മം. സിത്തുനെ എങ്ങനെയാ പരിചയം.
ഹഹഹ. ഞാൻ പറഞ്ഞ സൈകോയുടെ അനിയത്തിയാണ്. പതിനഞ്ച് വയസ്സിൻ്റെ വ്യത്യാസമുണ്ട്.
വാട്ട്.
അതെ.ഒരു റീയൂണിയന് അനിയത്തിയോടൊപ്പം വന്നു. ഞാനിപ്പോഴും അയാളെ ഓർത്തിരിക്കുവാണെന്ന് ആരോ പറഞ്ഞു ആ കുട്ടി കേട്ടു. പിന്നെ ഞങ്ങളങ്ങു കൂട്ടായി. ചേട്ടനോട് ഉള്ള ദേഷ്യം അനിയത്തിയോട് കാണിക്കണ്ട കാര്യമില്ലല്ലോ.
ഇപ്പോഴും അയാളെ പ്രണയിക്കുന്നില്ലെ.
അങ്ങനെ ഒന്നുമില്ല. പക്ഷേ ചങ്കിൽ കൊളുത്തിപ്പിടിക്കും. അപ്പോ പലതും ഓർമ വരും. അപ്പോ വെറുപ്പ് തോന്നും സ്വയം.
അതൊക്കെ പോട്ടെ. രമേശിനെ പറ്റി പറയൂ. സിത്തൂൻ്റെ ഫേവറിറ്റ് സാർ ആണന്നെ അറിയൂ.
സിത്താര എൻ്റെ വിദ്യാർഥിനി എന്നതിൽപരം മകളാണ്. ഒറ്റക്കാണ് താമസം. വീട്ടിൽ പാചകം ചെയ്യുന്നേ ഞാൻ തന്നെയാ. ഒരിക്കൽ വയ്യാതെ വന്നപ്പോൾ ഒന്നും കഴിക്കാതെ കോളേജിൽ വന്നു. ക്ലാസ്സിൽ പഠിക്കുമ്പോൾ തലകറങ്ങി വീണു. അന്നുമുതൽ ഒരു മകളായി ഗുണദോഷിക്കാനും സ്നേഹിക്കാനും അവളുണ്ട്. ഞാൻ വിവാഹം കഴിച്ചിട്ടില്ല. അവൾക്കൊരു അമ്മയെ വേണം. വിനുവമ്മയെ സ്വീകരിക്കാമോ എന്ന് എന്നോട് ചോദിച്ചു. ഒരുപക്ഷേ അച്ഛനും അമ്മയും പോയപ്പോൾ വീട്ടിൽ ഏട്ടത്തിയമ്മയുടെ ഭരണമാണ്. ഞാൻ വിനീതയെ കല്യാണം കഴിച്ചാൽ അവൾക്ക് അച്ഛനെയും അമ്മയെയും കിട്ടുമെന്ന് പറഞ്ഞു കരഞ്ഞപ്പോൾ ഞാനും മാറിച്ചിന്തിച്ചു. ആർക്കെങ്കിലും നമ്മളെ കൊണ്ട് സന്തോഷമുണ്ടെന്ന് സമാധാനിക്കാം.
രമേശ് എന്തുകൊണ്ട് വിവാഹം കഴിച്ചില്ല.
മനസ്സുകൊണ്ട് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. അവള് പോയപ്പോ വേറാരെയും അങ്ങനെ സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല.
ആ കുട്ടി വേറെ കല്യാണം കഴിച്ചോ. അങ്ങനാണോ പിരിഞ്ഞത്.
അല്ല. ഒരു നീണ്ട യാത്ര പോയി. എന്നെ തനിച്ചാക്കി. കഥകളിലെ പോലെ എന്നെയും കൂടെ കൂട്ടാൻ വരുമെന്നൊക്കെ ആശിച്ചു. മേഘപാളിക്കൾക്കിടയിലൂടെ ഞങ്ങൾ താഴേക്ക് നോക്കുമെന്നോക്കെ. പക്ഷേ വന്നില്ല. അല്ലേലും ആർക്കും അവളെ ഇഷ്ടമാകും. ദൈവത്തിനും അവളെ ഒത്തിരി ഇഷ്ടമായിരുന്നിരിക്കണം. കൂടെ കൂട്ടി. എന്നെ ഒറ്റക്കാക്കി. ഒരു ആക്സിഡൻ്റിൻ്റെ രൂപത്തിൽ വിധി ഞങ്ങളെ അകറ്റി.
അയാം സോറി.
എന്തിന്. അവളോടൊപ്പം ഞാൻ സന്തോഷിച്ചിട്ടേ ഒള്ളൂ. ജീവിതം ഇങ്ങനൊക്കെയാണ്. ഞാൻ കരഞ്ഞിരുന്നാൽ ഒന്നും തിരികെ കിട്ടില്ല. കൂടെ പോകാൻ പറ്റുമായിരുന്നില്ല.പറ്റിയിരുന്നെങ്കിൽ അന്നെ പോയേനെ. നമ്മൾ രണ്ടും പ്രണയത്തിൻ്റെ വിരഹത്തിൻ്റെ രണ്ടു വശങ്ങൾ അറിഞ്ഞവരാണ്. ഒരുപാട് പ്രണയിച്ചു. പ്രാണനെപോലെ. പക്ഷേ നേടാനായില്ല. വിരഹത്തിൻ്റെ കയ്പ്പറിഞ്ഞെങ്കിലും വിനീത ശരിക്കും രക്ഷപ്പെട്ടില്ലെ. അങ്ങനൊരു വ്യക്തിയോടൊപ്പം എത്ര കാലം അഡ്ജസ്റ്റ് ചെയ്തേനെ. എൻ്റെ കാര്യം പക്ഷേ എനിക്കറിയില്ല. എന്തെങ്കിലും നന്മ എനിക്കായും കാത്തിരിപ്പുണ്ടാകും.
ഇതൊക്കെ അറിഞ്ഞിട്ടും എന്തേ ഒറ്റക്ക് ജീവിച്ചു തീർത്തത്.
കാത്തിരുന്ന നന്മ എത്താൻ വൈകി. ഒറ്റ കാഴ്ചയിൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ലന്നറിയാം. പക്ഷേ എന്തോ ആ നന്മ ഇയാളാണെന്ന് ആരോ പറയുന്നു.
അത്…
പെട്ടെന്ന് വേണ്ട. ഇനിയും കണ്ടും മിണ്ടിയും പറ്റിയാൽ പ്രണയിച്ചും നമുക്ക് സിത്തുവിനൊപ്പം ജീവിക്കാം അല്ലെങ്കിൽ സുഹൃത്തുക്കളായിരിക്കാം. സമയം ഇഷ്ടം പോലുണ്ട്. അറുപത് വയസ്സ് വരെ ഒരു മനുഷ്യൻ ജീവിച്ചിരിക്കുവാണെങ്കിൽ എനിക്കിനിയും ഒരു ഇരുപത് കൊല്ലം കൂടെ കിട്ടും. സമയമെടുത്ത് മതി. അപ്പോ ഞാൻ ഇറങ്ങുന്നു. ഇനിയും കാണാം.
അതേ മാഷേ. ഇരുപത് കൊല്ലം ഒന്നും വേണ്ടിവരില്ല. പക്ഷേ പെട്ടെന്നൊക്കില്ല. ഒരിക്കൽ ഒത്തിരി വിഷമിച്ചു. ഇനിയും വയ്യ. കുറച്ചു സമയം …എത്ര എന്നറിയില്ല എനിക്ക് വേണം.
ഞാൻ പറഞ്ഞല്ലോ ടേക്ക് യുവർ ടൈം.
—————————
കോഫി ഷോപ്പിൽ നിന്നിറങ്ങി കൈ വീശി കാണിക്കുന്ന അയാളെ നോക്കി അവൾ നിന്നു. കാലം തനിക്കായി കാത്തു വെച്ച നന്മ തിരിച്ചറിഞ്ഞ്. വിനീത ആലോചിക്കട്ടെ. ജീവിതം അവരുടെതാണ്.
നോ എന്ന് പറയേണ്ടിടത്ത് അത് പറയണം എത്ര മനോഹരമായ ബന്ധമാണെങ്കിലും. കാരണം ടൈം മെഷീന് ജീവിതത്തിൽ സ്ഥാനമില്ല പോയ കാലം തിരുത്താനായി.
ആലോചിച്ചു എടുക്കുന്നതിൽ എല്ലാം ശരിയെന്നല്ല പക്ഷേ ഒരിക്കലും നഷ്ടബോധം വേട്ടയാടാതെ ഇരിക്കട്ടെ.
ശുഭം