സ്നേഹപൂർവ്വം ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
രാവിലെ ഹാജർ വിളിക്കുന്നതിനു ഇടയിലാണ് സതീശൻ പറഞ്ഞത്. നമ്മുടെ ഗീത ടീച്ചർ പോവാണെന്നു.
കേട്ടപ്പോൾ വിഷമം തോന്നി. സതീശന് ഒരുപാട് വിഷമമൊന്നും തോന്നിയില്ല മുഖത്തു. കൂടാതെ ഇങ്ങനെ പറയുകയും ചെയ്തു എന്തായാലും മിട്ടായി കിട്ടുമല്ലോ വൈകുനേരം. എന്നും പറഞ്ഞു അവൻ സ്ലേറ്റ് എടുത്തു എന്തൊക്കെയോ കോറി വരച്ചിരുന്നു. എന്നിട്ട് പിറുപിറുക്കുകയും ചെയ്തു എന്നാലും പോവണ്ടിരുന്നുടെ. ലേ.?
എന്റെ മനസ്സിൽ അപ്പോഴും ഗീത ടീച്ചർഎന്തിനായിരിക്കും ഈ സ്കൂളിൽ നിന്നു പോകുന്നത് എന്ന ചിന്തയായിരുന്നു.
നാലു വര കോപ്പിയിൽ ഉരുട്ടി എഴുതാൻ ശ്രമിക്കുമ്പോൾ അക്ഷരങ്ങളെല്ലാം നാലു വര പോരാ എന്ന മട്ടിൽ പുറത്തേക്കു തുറിച്ചു വന്നിരുന്നു.
ഇങ്ങനാണോ എഴുതണേ എന്ന് പിന്നിൽ നിന്നു കേട്ടപ്പോൾ. ഇപ്പോൾ ചെവിയിൽ പിടുത്തം വീഴും എന്ന പേടിയായിരുന്നു.
ഗോപി മാഷ് അങ്ങിനെയായിരുന്നല്ലോ ചെയ്യാറ്. കയ്യിൽ വടിയുണ്ടെങ്കിൽ അടിയും ഉറപ്പ്.
അങ്ങിനെ പേടിച്ചു ഇരിക്കുമ്പോൾ ആണ് ടീച്ചർ അടുത്തിരുന്നു എന്റെ കയ്യിന്റെ മുകളിലൂടെ കൈപിടിച്ചു എഴുതി തന്നത്.
അക്ഷരങ്ങൾക്കൊക്കെ നല്ല ഭംഗി. ഇങ്ങനെയും എഴുതാനൊക്കെ പറ്റുമെന്നു മനസിലാക്കിയത് അന്നാണ്.
ഇതുപോലെ എഴുതണട്ടോ. എന്നും പറഞ്ഞു ചിരിച്ചുകൊണ്ടു പറഞ്ഞു മുടിയിൽ തലോടി ടീച്ചറുപോയപ്പോഴാണ് നെഞ്ചിലെ ശ്വാസം നേരെ വീണതു.
ഞാനെന്നല്ല എല്ലാവർക്കും ടീച്ചറെ ഒരുപാടു ഇഷ്ടായിരുന്നു.
ഗോപിക പാട്ടു പാടുമെന്ന്. കണ്ടുപിടിച്ചത് ഗീത ടീച്ചർ ആണ്.
അനന്തുവിനു കഥപറയാൻ അറിയും എന്ന് കണ്ടുപിടിച്ചതും ടീച്ചർ ആണ്.
രാവിലെ ക്ലാസ്സിൽ വന്നാൽ ചുമ്മാ ഗേറ്റിലേക്കു നോക്കി നിൽക്കും. സാരിയുടെ തലപ്പ് കയ്യിലെ വളയിൽ കൊരുത്തു വെച്ചിട്ട് കുടയും ചൂടി ടീച്ചർ വരുന്നത് കണ്ടാൽ മനസു നിറയും. ആ വരുന്നത് ആരാണോ അതു അത്രക്കും പ്രിയപ്പെട്ടതാണെന്നു മനസുപറയും. ആ ഒരു സ്നേഹത്തെ എങ്ങിനെയാ പറയാ
മാനം കാണാതെ നോട്ട് ബുക്കിൽ ഒളിച്ചു വെച്ച മയിൽപീലിയോടുള്ള സ്നേഹം. അതുപോലൊരിഷ്ട്ടം.
ഓരോ വിളിയിലും വാത്സല്യമാണ്. വഴക്കു പറയാതെ തന്നെ കുറുമ്പൻമാരായ കിച്ചുവും. ഡേവിടും എല്ലാം നല്ല കുട്ടികളായതും പഠിച്ചു തുടങ്ങിയതും.
ആ ടീച്ചർ ആണ് പോവാ എന്ന് പറയുന്നത്.
മനസിലെ ചോദ്യങ്ങള്ക്കു ഉത്തരമില്ലാതെ ഗ്രൗണ്ടിലെ മാവിലേക്കു നോക്കി ചുമ്മാ ഇരുന്നു.സങ്കടംകൊണ്ടു തൊണ്ട വേദനിക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് പ്യൂൺ വേലായുധേട്ടൻ ഒരു പെട്ടികൊണ്ട് മേശപ്പുറത്തു വെച്ചത്.
അതിൽ നിറയെ ലഡ്ഡുവായിരുന്നു.
വേലായുധേട്ടൻ ഞങ്ങളൊരുത്തർക്കും എടുത്തു തരാൻ നോക്കിയപ്പോൾ ടീച്ചറു പറഞ്ഞു എന്റെ മക്കൾക്ക് ഞാൻ തന്നെ കൊടുത്തോളാം എന്ന്.
ചിരിക്കാൻ ശ്രമിച്ചു ടീച്ചർ അതു പറഞ്ഞപ്പോൾ കണ്ണുനീരോഴുകിയിരുന്നു കവിളിൽ നിന്നു.
അമ്മയോളം സ്നേഹം കിട്ടിയത് കൊണ്ടാകാം കുഞ്ഞി കൈകളിൽ മുറുകെ പിടിച്ച മധുരത്തിൽ സ്നേഹത്തിന്റെ കണ്ണുനീർ തുള്ളികൾ വീണു കുതിർന്നിരുന്നു.
വേറെ സ്കൂളിലേക്ക് സ്ഥലംമാറി പോയതാണെന്ന് അറിഞ്ഞിട്ടും രാവിലെ സ്കൂളിൽ ചെന്നാൽ ചുമ്മാ ഗേറ്റിലേക്ക് നോക്കിയിരിക്കും.ചുമ്മാ ആഗ്രഹിക്കും
സാരി തലപ്പ് കയ്യിലെ വളയിൽ കൊരുത്തിട്ട് കുടയും ചൂടി ടീച്ചർ ഒന്നുടെ വന്നാലോ എന്ന്. അടുത്തു വന്നിരുന്നു ഒന്നുടെ കൈപിടിച്ചു എഴുതിച്ചാലോ എന്ന്.