ഒരു വർഷത്തിനിപ്പുറം അവളുടെ വെള്ളികൊലുസ് പതിവിലും ശബ്ദത്തിൽ കുണുങ്ങി…

അറിയാതെ…

രചന: അഞ്ജലി മോഹൻ

അയാൾക്ക്‌ നാല്പത്തെട്ട് വയസ്സുണ്ട് അവൾക്ക് ഇരുപത്തിരണ്ടും… ആദ്യമാദ്യം അയാൾക്ക് നേരെ ഒന്ന് നോക്കാൻ പോലും അവൾക്ക് ഭയമായിരുന്നു…..അയാളെ കാണുമ്പോഴെല്ലാം നേര്യതിന്റെ തുമ്പിൽ വിരൽ വട്ടം കറക്കിക്കൊണ്ടവൾ വാതിൽ മറവിലേക്ക് ഒളിച്ചു നില്കും…..അവളെ കൺവെട്ടത്ത് കാണുമ്പോഴെല്ലാം അയാളവളെ കൊതിയോടെ നോക്കാറുണ്ട്….ചേർത്തണയ്ക്കാൻ കൊതിക്കാറുണ്ട്…. അവളുടെ തിരുനെറ്റിയിൽ നേർമയിൽ ഒന്ന് ചുംബിക്കാൻ അയാൾക്ക് വല്ലാത്ത മോഹമായിരുന്നു….. അയാൾ അരികിൽ ചെല്ലുമ്പോഴെല്ലാം പിടയ്ക്കുന്ന അവളുടെ കണ്ണുകളും വിറയ്ക്കുന്ന ദേഹവും കാണെ അയാൾ പതിയെ ഉള്ളിലേക്ക് വലിയും…..

രാത്രി നന്നേ ഇരുട്ടി മാത്രമേ അവൾ മുറിയിലേക്ക് കടക്കാറുള്ളൂ….കട്ടിലിനോരത്തായി വന്ന് കിടക്കുമ്പോൾ അവളിൽ നിന്നും കാച്ചെണ്ണയുടെയും തുളസി കതിരിന്റെയും ചന്ദനത്തിന്റെയും മണം അയാളുടെ മൂക്കിലേക്ക് തുളഞ്ഞുകയറും….. എങ്കിലും കണ്ണുകൾ ഇറുകെ മൂടി ഉറങ്ങിയതുപോലെ കിടന്നുകൊണ്ടയാൾ തന്റെ അരുകിൽ ഭയപ്പെടാതെ കിടക്കാനുള്ള ധൈര്യം അവൾക്ക് പകർന്നുനൽകും…. ഉറക്കത്തിൽ എപ്പോഴൊക്കെയോ അവളുടെ നനഞ്ഞ മുടിത്തുമ്പ് അയാളുടെ നെഞ്ചിലെ രോമക്കാടിനെ ചുറ്റിപിണയാറുണ്ട്…. അപ്പോഴെല്ലാം അയാളാ മുടിത്തുമ്പിൽ പ്രേമത്തോടെ വിരലോടിക്കാറുണ്ട്… അവളറിയാതെ അതിൽ ചുംബനങ്ങൾ തീർക്കാറുണ്ട്……ആ പെണ്ണിനോടുള്ള വല്ലാത്ത പ്രണയത്തോടെ…..

ഒരിക്കൽ വായനശാലയിൽ നിന്നും പുസ്തകങ്ങൾ വാരിക്കൂട്ടി വരുമ്പോഴായിരുന്നു പിന്നാമ്പുറത്തുനിന്ന് ‘പെണ്ണ്’ ആരോടോ സംസാരിക്കുന്നത് കേട്ടത്…..

“നെന്റെ കണവൻ എങ്ങനാ കുഞ്ഞേ…?? മ്മ്ഹ് മ്മ്ഹ് നെന്റെ മുഖത്തെ ചുമപ്പ് കണ്ടാൽ അറിയാം എല്ലാം… ഈ നാരായണി ഇതെത്ര കണ്ടതാ….” ഉറക്കെ ചിരിച്ചുകൊണ്ട് ആ സ്ത്രീ അവളുടെ കവിളിണകളിൽ പിടിച്ചു വലിച്ചു….അയാൾക്കവളെ കാണാൻ കൊതിയായി… അവളുടെ കവിളിണകൾ ചുവക്കുന്നുവോ എന്നറിയാൻ അയാൾക്കുള്ളിൽ ഭ്രാന്ത് പൂത്തു…..”അതോ ഈ ചുമപ്പ് ഇനി അകത്തെ നോവോണ്ടാണോ പെണ്ണേ….?? നെനെക്ക് ഇരുപത്തി രണ്ടെന്നല്ലേ പറഞ്ഞേ മഹേശ്വരന് ഈ ചിങ്ങം വരുമ്പോ പ്രായം നാല്പത്തൊമ്പതാ…നേരം പോലെ കെട്ടിയിരുന്നെങ്കിൽ അവന് ചെലപ്പോ നെന്നെക്കാൾ പ്രായം ഉള്ള കൊച്ചുണ്ടായനെ…. ഹാ പറഞ്ഞിട്ടെന്താ എല്ലാം നെന്റെ വിധി….” ഒന്ന് നെടുവീർപ്പിട്ട് ആ സ്ത്രീ ഇറങ്ങി പോകുമ്പോൾ അയാളൊന്ന് വിയർത്തു…. വാതിൽ മറവിലൂടെ അയാളുടെ കണ്ണുകൾ ആ പെണ്ണിനെ പരതി… അവളുടെ കുഞ്ഞുമുഖം താഴ്ന്നിരുന്നു…..അയാളുടെയും….

അയാൾ ഏറെനേരം കല്യാണത്തിന്റെ അന്നെടുത്ത അവർ രണ്ടുപേർ ചേർന്നുനിൽക്കുന്ന ഫോട്ടോയിലേക്ക് നോക്കി നിന്നു……ഒരു കുഞ്ഞ് പെണ്ണ്…. അവളുടെ കണ്ണുകളിൽ നേർത്ത ഭയം…..അവൾക്കുള്ളം വിങ്ങുന്നു….. അയാളാ ഫോട്ടോയ്ക്ക് മുകളിലൂടെ പതിയെ തഴുകി……

“ആ പെണ്ണിനെ ഏത് അഴുക്ക് ചാലിൽ നിന്ന് കിട്ടിയതും ആയിക്കോട്ടെ, അവൾടെ ആറാമത്തെ വയസ്സ് തൊട്ട് ഞാൻ തിന്നാൻ കൊടുത്ത് ഉടുക്കാൻ കൊടുത്ത് പോറ്റി വളർത്തിയതാ…. നിന്റെ പ്രായൊന്നും അവൾക്കൊരു പ്രശ്നം ആവില്ല….അവളാകുമ്പോ എന്നേം നോക്കി ഇവിടെ കിടന്നോളും മഹി…..അല്ലാണ്ട് എന്റെ മ ലോം മൂ ത്രോം കോരാനൊക്കെ പുറത്തൂന്ന് ഒരു കുട്ടി തയ്യാറാവുംന്ന് നീ നീരീക്കണുണ്ടോ…?? ഇനിപ്പം അങ്ങനെ ഒരു കുട്ടിയെ പുറത്തൂന്ന് കൊണ്ടോരുവാണേൽ തന്നെ വല്ല രണ്ടാം കെട്ടോ ചട്ടുകാലിയോ മറ്റൊ വേണ്ടി വരും അല്ലാണ്ട് നിന്റെ ഈ പ്രായത്തിൽ ഇതുപോലൊരു കിളുന്തുപെണ്ണിനെ എവിടന്ന് കിട്ടാനാ….” അമ്മയുടെ വാക്കുകൾ അയാൾക്കുള്ളിലെ ചിന്തകളിലൂടെ പാഞ്ഞോടി…..അന്നും ഇഷ്ടമായിരുന്നു അയാൾക്കവളെ…..

ഒരു പാവം പെണ്ണ്….. പട്ടുപാവാടയും ദാവണിയും ചുറ്റി അയാളുടെ നാലുകെട്ടിനുള്ളിലെ എടുത്താൽ പൊങ്ങാത്ത പണികൾ ഓരോന്നായി ചെയ്തുകൊണ്ട് പാഞ്ഞുനടക്കുന്ന ഒരുവൾ….കിടപ്പിലായ അയാളുടെ അമ്മയുടെ മ ലവും മൂ ത്രവും മടികൂടാതെ വൃത്തിയാക്കുന്നവൾ…..അടുത്ത വീടുകളിലെ കുറുമ്പൻ ചെക്കന്മാരോട് വാതോരാതെ കിന്നാരം പറയുന്നവൾ…..ഒരു പാവം പെണ്ണ്…..അന്നും അവൾക്ക് അയാളെ പേടിയായിരുന്നു….അന്നും അയാളെ കാണുമ്പോൾ മാത്രമവൾ പിടച്ചിലോടെ ഓടി മറഞ്ഞിരുന്നു…..

“നീയൊന്ന് പറ മഹി…. നിനക്കവളെ വിവാഹം ചെയ്തൂടെ…?? ആാാ വടക്കേലെ രഘൂനു അവൾടെ മേലൊരു കണ്ണുണ്ട്…. ഈയിടെയായിട്ട് അവൾക്കും അവനോട് ചെറിയൊരു ഇളക്കം തട്ടിയതുപോലെ നിക്ക് തോന്നണുണ്ട്…..” വീണ്ടും അമ്മയുടെ ശബ്ദം കാതിനെ വേദനിപ്പിച്ചു….സ്വപ്നത്തിലെന്നപോലെ അയാൾ ഞെട്ടിയുണർന്നു……ഓർമകളിൽ അസ്വസ്ഥനായിക്കൊണ്ടയാൾ അവശതയോടെ കിടക്കയിലേക്ക് ചാഞ്ഞു….

“ഒന്നും വേണ്ടിയിരുന്നില്ല…. അവൾക്ക്‌ നോവുന്നുണ്ടായിരിക്കുമോ….” അയാളുടെ നെഞ്ചം വിങ്ങി…..

പിറ്റേന്നയാൾ വരുമ്പോൾ കയ്യിലൊരു കടലാസും ചുരുട്ടി പിടിച്ചിരുന്നു…..”ദാ നിനക്കുള്ളതാ…. ബാക്കി പഠിക്കാനുള്ളതിന്റെ കടലാസാ പൂരിപ്പിച്ചിട്ട് തന്നാൽ മതി ഞാൻ കൊണ്ട് കൊടുത്തോളാം…” ഉടുത്തമുണ്ടിന്റെ അറ്റം ഉയർത്തി വിയർപ്പൊപ്പികൊണ്ടയാൾ വാതിൽ മറവിലേക്ക് കടലാസുകൾ നീട്ടിപിടിച്ചു….അയാളെ ഇടം കണ്ണാൽ ഒന്ന് നോക്കിക്കൊണ്ടവൾ മെല്ലെ അത് കൈകളിലേക്ക് വാങ്ങി……

അയാളവൾക്ക് പുസ്തകങ്ങൾ വാങ്ങി നൽകി, നിറമുള്ള പേനകളും പെൻസിലുകളും നല്ല ഉടുപ്പുകളും അവളുടെ മാത്രമായ ചില്ലലമാരയിൽ നിറഞ്ഞുവന്നു…..അവൾ ഉറക്കൊമൊഴിച്ച് പഠിക്കുന്ന രാത്രികളിൽ അയാളവളറിയാതെ അവൾക്ക് കാവലിരിക്കും…..ഇടയ്ക്കിടെ അയാളവളെ വന്ന് നോക്കി പോകും…. അയാളുടെ നിഴലനക്കം മുറിയിലെ മഞ്ഞവെളിച്ചത്തിൽ കാണുമ്പോൾ അവൾ ഒന്നുകൂടെ പുസ്തകത്തിനുള്ളിലെ അക്ഷരങ്ങളെ വ്യഗ്രതയോടെ പരതും…..

ഒരു വർഷത്തിനിപ്പുറം അവളുടെ വെള്ളികൊലുസ് പതിവിലും ശബ്ദത്തിൽ കുണുങ്ങി….. അതവരുടെ മുറിവാതിൽക്കൽ കിതപ്പോടെ ചെന്ന് നിന്നു….കൊലുസിന്റെ കിന്നാരം കേട്ടുകൊണ്ടയാൾ കണ്ണിനെ മറച്ചിരുന്നു കൈകൾ മാറ്റിക്കൊണ്ട് വാതിൽക്കലേക്ക് നോക്കി…..

“പരീക്ഷെടെ ഫലം വന്നു…. ഫസ്റ്റ് ക്ലാസ്സുണ്ട്…..” അവളുടെ കണ്ണുകളിൽ വല്ലാത്ത സന്തോഷം…. അയാൾ കൗതുകത്തോടെ അവളെ നോക്കിക്കിടന്നു…. പിന്നൊന്ന് ചിരിച്ചു….. ഒരുപാട് സന്തോഷമായെന്ന് പറയാതെ പറഞ്ഞു….അവൾ വാതിൽപൊളിയിൽ തലചായ്ച്ചുകൊണ്ട് അതേ ചിരിയോടെ അയാളെ മാത്രം നോക്കികൊണ്ട് അനങ്ങാതെ നിന്നു….

“രഘു വരുന്നുണ്ട്…. ഇന്ന് പുലർച്ചെ കവലേൽന്ന് കേട്ടതാ….” അയാൾ മച്ചിലേക്ക് നോക്കികൊണ്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…… അവളുടെ കൺപീലികൾ വിടർന്നു….. അവളൊന്ന് ചിരിച്ചു…… അയാളുടെ കണ്ണൊന്ന് നിറഞ്ഞു……വീണ്ടുമയാൾ കണ്ണുകളെ കൈകൊണ്ട് മറച്ച് ഉറങ്ങിയതുപോലെ കിടന്നു……

രാത്രി അയാൾക്ക് നെഞ്ചോന്ന് കലങ്ങി…. വയറിൽ നിന്ന് ഉരുണ്ട് മറിഞ്ഞെന്തോ തൊണ്ടക്കുഴിയോളം എത്തുന്നതുപോലെ തോന്നി… ശ്വാസമൊന്ന് വിലങ്ങി….അയാളൊന്ന് പിടഞ്ഞു…… അവൾ അനക്കം കേട്ട് ഉറക്കം ഞെട്ടിയയാളെ തിരിഞ്ഞുനോക്കി…..അയാൾ വിറയ്ക്കുന്നു….വിയർക്കുന്നു……കിടക്കവിരിപ്പിനെ ബലമായി പിടിച്ചുടയ്ക്കുന്നു….അയാളുടെ വായിൽ നിന്നും നുരയും പതയും ഒലിച്ചിറങ്ങി..അവൾ ഭീതിയോടെ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു….

“മഹേശ്വരന് നന്നേ ചെറുതില് അപസ്മാരത്തിന്റെ അസുഖം ഉണ്ടായിരുന്നു കുട്ട്യേ….. മുതിർന്നപ്പോ പിന്നെ അത് അങ്ങനെ വന്ന് കണ്ടിട്ടില്ല….” അവളുടെ തലയ്ക്കുള്ളിലൂടെ അയാളുടെ അമ്മയുടെ വാക്കുകൾ അരിച്ചെത്തി…..ഓടിചെന്നവൾ മേശവലിപ്പ് തുറന്ന് താക്കോൽ കൂട്ടമെടുത്ത് അയാളുടെ കൈകളിൽ പിടിപ്പിച്ചു….ഏറെനേരത്തിന് ശേഷം അയാളുടെ ശരീരമൊന്നടങ്ങി…. അവളയാളെ തലോടി…അലിവോടെ…..സ്നേഹത്തോടെ….പ്രണയത്തോടെ……

അയാൾ കണ്ണ് തുറക്കുമ്പോൾ അവൾ അരികിൽ ഉണ്ടായിരുന്നു…..അവളുടെ ചുണ്ടിലെ പുഞ്ചിരി കാണെ അവശതയിലും അയാളൊന്ന് ചിരിച്ചു…..

“രഘു വരുന്നുണ്ട്…” അയാൾ പതിഞ്ഞ ശബ്ദത്തിൽ വീണ്ടും പറഞ്ഞു…..അവളുടെ ചുണ്ടുകൾ അയാളുടെ നെറ്റിത്തടത്തിൽ അമർന്നു……

“മ്മ്ഹ്…” അവളൊന്ന് മൂളി….

അയാളുടെ കണ്ണുകൾ മിഴിഞ്ഞുവന്നു…… അയാൾക്കതൊരു സ്വപ്നമായി തോന്നി….അവളുടെ നീർമിഴിതുള്ളിയൊന്ന് അയാളുടെ കവിൾത്തടത്തിൽ ഇറ്റു വീണു…. അവളുടെ ചുണ്ടുകൾ പരിഭവത്താലോ സങ്കടത്താലോ വിതുമ്പി തുടങ്ങി…..

“എന്തുപറ്റി…? എന്തിനാ കണ്ണ് നിറച്ച് വച്ചേക്കുന്നേ…??” അയാൾ പരിഭ്രാന്തിയോടെ അവളെ തുറിച്ചുനോക്കി…

“നിക്കി നിങ്ങളല്ലാതെ മറ്റാരുല്യ…..” അവളുടെ ചുണ്ടുകൾ വിറച്ചു…. കണ്ണുകളിൽ നിന്നും മഴപെയ്തിറങ്ങി….. കരച്ചിലിന്റെ ആക്കം ഏറി വരുന്നത് കണ്ടയാൾ അവളെ നെഞ്ചിലേക്ക് വലിച്ച് ചേർത്തു….. വല്ലാത്ത പ്രണയത്തോടെ……

“നിനക്കെന്നെ ഇഷ്ടാണോ പെണ്ണേ….?” അയാളുടെ ശബ്ദമൊന്ന് ഇടറി….

“മ്മ്ഹ്….” അവൾ നേർമയിൽ മൂളി….

“നുണ…. നിനക്കെന്നെ പേടിയല്ലേ…. ഞാൻ അരികിൽ വരുമ്പോഴെല്ലാം നിനക്ക് വിറയലല്ലേ….?” അയാളവളുടെ എണ്ണപറ്റിയ മുടിയിഴകളിലൂടെ പ്രേമത്തോടെ തഴുകി…..

“പേടിയാ നിക്കി നിങ്ങളെ….. നിങ്ങളെപ്പോഴേലും നിങ്ങക്ക് ചേരാത്തോളാ ഞാനെന്ന് പറഞ്ഞു കളയോന്നുള്ള പേടിയാ നിക്കി…. ന്നെ വഴീന്ന് കളഞ്ഞ് കിട്ടിയതല്ലേ നിങ്ങടെ അമ്മയ്ക്ക്…. അതാ ഞാൻ ഒളിച്ചിരിക്കുന്നെ…..നിക്കി… നിക്കി വല്യ ഇഷ്ട നിങ്ങളെ….. കുഞ്ഞിലേതൊട്ടേ ഇഷ്ടാ….വല്ലാത്ത ഇഷ്ടാ….” അവളുടെ കണ്ണൊന്ന് കലങ്ങി….. അയാളവളെ അത്ഭുതത്തോടെ നോക്കി…..അവളെ ചുറ്റിപിടിച്ച അയാളുടെ കൈകളുടെ മുറുക്കം അറിയാതെ തന്നെ കൂടി…..ഏറെനേരം പരസ്പരം ഒന്നും പറയാതെ ഇരുവരും പുണർന്ന് കിടന്നു……അയാളുടെ ചുണ്ടുകൾ എപ്പോഴോ അവളുടെ തുടുത്ത കവിളിൽ അമർന്നു….. അവളൊന്ന് ചിരിച്ചു…..

“ന്തേ പെണ്ണേ….??” അയാളാ കവിളിൽ വിരലുകൾ കൊണ്ടൊന്ന് വേദനിപ്പിക്കാതെ പിച്ചി വലിച്ചു…

“നാരായണിയമ്മ ചോയ്ക്കാ നിങ്ങളെന്നെ മുത്തീട്ടുണ്ടോന്ന്….” അവളുടെ കവിൾത്തടം നാണത്താൽ ചോരകിനിഞ്ഞിറങ്ങി ചുവന്നു….അയാളവളുടെ നാണം പൂത്ത ഇരുകവിളിലും നെറ്റിയിലും ഭ്രാന്തമായി ചുംബിച്ചുകൊണ്ടിരുന്നു…… ഒടുവിൽ അവളയാളുടെ നെഞ്ചിലേക്ക് പതുങ്ങി….

“ഇനി പറഞ്ഞോളൂ ഒന്നല്ല നൂറു മുത്തങ്ങൾ അയാളെനിക്ക് നൽകാറുണ്ടെന്ന്….” അവളുടെ കാതിൽ സ്വകാര്യമായയാൾ കുറുമ്പോടെ പറഞ്ഞു…..മറുപടിയായി അയാൾക്ക് മാത്രം കേൾക്കാനായി അവളൊന്ന് മൂളി…..വല്ലാത്ത ഇഷ്ടത്തോടെ….വല്ലാത്ത പ്രണയത്തോടെ…..

അവസാനിച്ചു….