ഒരിക്കൽ കൂടെ
രചന: Daniya Najiha
നിലീന അവിടെയെത്തുമ്പോൾ അയാൾ മെനു കാർഡ് മറിച്ചുകൊണ്ട് ജനാലയോട് ചേർത്തിട്ട ടേബിളിൽ ഇരിക്കുകയായിരുന്നു. വെള്ളയിൽ ചുവന്ന പൂക്കൾ തുന്നിപ്പിടിപ്പിച്ച കർട്ടനുകൾ തൂക്കി, പെയിന്റിംഗ്‌സും ഇൻഡോർ പ്ലാന്റ്സും കൊണ്ടലങ്കരിച്ച മനോഹരമായ ഒരു കഫെ. നഷ്ടപ്രണയത്തിന്റെ നൊസ്റ്റാൾജിയകളെ ഇച്ചിരിനേരം കെട്ടഴിച്ച് വിടാൻ പറ്റിയ സ്ഥലം തന്നെയെന്ന് മനസ്സിലോർത്തുകൊണ്ട് അവൾ അവന്റെയടുക്കലേക്ക് നടന്നു.
പുതിയ ജോലിയും മെച്ചപ്പെട്ട ശമ്പളവും അവന്റെ വേഷത്തിലും മനോഭാവത്തിലും കൂടുതൽ പ്രസരിപ്പ് കൊണ്ട് വന്നിരിക്കുന്നു.
” വർഷങ്ങളെത്ര കഴിഞ്ഞല്ലേ കണ്ടിട്ട്.. “
അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു..
“നീയാകെ മാറിപ്പോയല്ലോ..വേഷത്തിലും ആറ്റിട്യൂഡിലും ഒക്കെ. ഫേസ്ബുക്കിൽ നിന്റെ ഫോട്ടോ കണ്ടപ്പോ ആദ്യം മനസ്സിലായില്ല… “
“അത് പിന്നെ, ജീവിതത്തിൽ ഓരോരുത്തരായി ഓരോന്ന് പഠിപ്പിച്ച് ഇറങ്ങി പോവുമ്പോൾ മാറ്റങ്ങളൊക്കെ സ്വാഭാവികമാണല്ലോ” അവൾ അർത്ഥം വെച്ചൊരു ചിരിയോടെ അവനെ നോക്കിയതും അവന്റെ മുഖം വല്ലാതായി.
“നിനക്കിപ്പോഴും എന്നോട് ദേഷ്യമാണല്ലേ “
“ഒരിക്കലുമില്ല കിരൺ.. ഇപ്പൊ ഓർക്കുമ്പോ ഓക്കെ ഒരു തമാശ പോലെ “..
“ന്നിട്ട്.. എന്താണിപ്പോഴത്തെ അവസ്ഥ? ജോലി ഓക്കെ എങ്ങനെ?” വിഷയം മാറ്റാനെന്നവണ്ണം അവൾ ചോദിച്ചു.
“തനിക്കറിയാലോ വീട്ടിലെ കാര്യങ്ങളൊക്കെ…പ്രഷർ എല്ലാം കൂടെ സഹിക്കാതെ ഡിപ്രെഷൻ അടിച്ച് നടന്നു കുറേ കാലം. ഒടുവിൽ അച്ഛന്റെ ഒരു പരിചയക്കാരൻ വഴി ആണ് മുംബൈയിലെ ഈ കമ്പനിയിൽ ജോലി ശരിയായത്.. ഇപ്പോ വീട്ടുകാരും ഹാപ്പി.. ഞാനും “
അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ, അവനെ കേൾക്കുമ്പോഴൊക്കെ ഹൃദയത്തിന്റെ കോണിൽ നീറ്റുന്ന ഒരു വേദന ഇപ്പോഴുമുണ്ടെന്നവളറിഞ്ഞു.
“ഇയാളല്ലേ ഗവണ്മെന്റ് ജോലിക്കേ പോവൂ എന്നൊക്കെ പറഞ്ഞു നടന്നിരുന്നത്?”
“അതൊക്കെ പണ്ടല്ലേ!!!”
“എല്ലാം പണ്ടായിരുന്നല്ലോ “
രണ്ട് പേരും ചിരിച്ചു.
എതിരെ ഇരുന്നവരും എഴുന്നേറ്റ് പോയപ്പോൾ കഫെയിലവർ മാത്രം ബാക്കിയായി. രണ്ട് ഓറഞ്ച് ജ്യൂസിനു ഓർഡർ കൊടുത്ത് കിരൺ അവൾക്ക് നേരെ തിരിഞ്ഞു.
“ഇപ്പോഴും ഓറഞ്ച് ജ്യൂസ് തന്നെയല്ലേ ഇഷ്ടം?”
“ഓർമ്മയുണ്ടല്ലേ? “
ദീർഘ നേരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നത്, ഇഷ്ടം പറഞ്ഞത്, അസംഖ്യം വൈകുന്നേരങ്ങളിൽ കൈ കോർത്ത് നടന്നത്..പിറന്നാളുകൾ ആഘോഷമാക്കിയത്.. ക്ലാസ്സ് കഴിയുന്ന ദിവസം പിരിയാമെന്ന് പറഞ്ഞ് നടന്നകന്നത് എല്ലാം ഞൊടിയിടയിൽ ഉള്ളിലെ തീവണ്ടിപ്പാതകളിലൂടെ ചൂളം വിളിച്ചുകൊണ്ട് കടന്ന് പോയി.
“എന്നാലും ഇപ്പൊ കാണണമെന്ന് തോന്നാൻ??” അവനതറിയാൻ കൗതുകമുണ്ടായിരുന്നു.
“ഒരിക്കലും കാണരുത് എന്ന് തന്നെയാണ് വിചാരിച്ചിരുന്നത്..” ഒന്ന് മന്ദഹസിച്ചു കൊണ്ട് അവൾ തുടർന്നു.
“എന്നോടുണ്ടായിരുന്നത് ശക്തമായ പ്രണയം അല്ലായിരുന്നുവെന്നും ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം മാത്രമായിരുന്നെന്നും പറഞ്ഞു നീ ഇറങ്ങിപോയപ്പോൾ ഞാൻ ശരിക്കും തകർന്നിരുന്നു കിരൺ..ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു.. ഒട്ടും എളുപ്പമായിരുന്നില്ല അക്കാലങ്ങളൊന്നും… പിന്നെ എപ്പോഴൊക്കെയോ ജീവിക്കണമെന്ന് തോന്നി..നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവൂ എന്ന് തിരിച്ചറിഞ്ഞു തുടങ്ങി.. അങ്ങനെയങ്ങനെ..”
“എന്നെങ്കിലും നിന്നെ വീണ്ടും കാണാൻ, പതറാതെ സംസാരിക്കാൻ ഓക്കെ പറ്റുന്ന കാലത്ത് ഞാൻ ആ സമയങ്ങളെയെല്ലാം അതിജീവിച്ചു എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തണം എന്നുണ്ടായിരുന്നു.. ഇപ്പോ എനിക്കതൊക്കെ കഴിയുന്നുണ്ട് ” അവളുടെ മുഖത്ത് ആത്മവിശ്വാസം നിറഞ്ഞു.
“ഞാൻ… സോറി നിലി.. എനിക്കറിയാം തന്നോട് ചെയ്തത് വളരെ ക്രൂരമായിപ്പോയെന്ന്..ആ സിറ്റുവേഷൻ കുറച്ചൂടെ നന്നായി ഹാൻഡിൽ ചെയ്യാമായിരുന്നു എനിക്ക്.. ഇനി പറഞ്ഞിട്ടെന്ത്..”
“പിന്നെ നീ ആരുമായിട്ടും കോൺടാക്ട് ഇല്ലാതെ ഏകാന്ത വാസത്തിൽ ആണെന്നൊക്കെ അറിഞ്ഞപ്പോഴാണ് ഞാൻ ചെയ്തതിന്റെ ആഴം ബോധ്യപ്പെട്ടത്… നിന്നെ കാണണമെന്നും മാപ്പ് ചോദിക്കണമെന്നും ഓക്കെ ഉണ്ടായിരുന്നു.. പക്ഷെ അതിനി നിന്നെ കൂടുതൽ വിഷമിപ്പിച്ചെങ്കിലോ എന്നോർത്ത് ചെയ്തില്ല എന്ന് മാത്രം…”
അവൾ എല്ലാം മൂളിക്കേൾക്കുക മാത്രം ചെയ്തു.. നേരത്തെ ഉള്ളിലുണ്ടായിരുന്ന നീറ്റൽ കൂടിക്കൂടി വരുന്നതവൾ അറിഞ്ഞു.
“ഇനി കാണാൻ ചിലപ്പോ കൂടുതൽ ബുദ്ധിമുട്ടായേക്കും എന്നത് കൊണ്ടാണ് ഇപ്പൊ തന്നെ നമ്പർ ഓക്കെ ഒപ്പിച്ച് വിളിച്ചത്. വീട്ടിൽ കല്യാണലോചനകളുടെ ബഹളമാണ്…”
“ആഹാ.. ഈ അടുത്ത് സദ്യ വല്ലതും തടയുവോ!! ആരാണാവോ ആ ഭാഗ്യവാൻ “
തമാശ രൂപേണ പറഞ്ഞുവെക്കാൻ ശ്രമിക്കുമ്പോഴും അവന്റെ ഉള്ളൊന്ന് പിടഞ്ഞു. അവളുടെയും…
കഴിഞ്ഞ് പോയ വർഷങ്ങളിലൊക്കെയും നടന്ന കാര്യങ്ങൾ, കണ്ടുമുട്ടിയ ആളുകൾ എന്നിവയെക്കുറിച്ചെല്ലാം അവർ സംസാരിച്ചു കൊണ്ടിരുന്നു. കാലം തങ്ങളുടെ ആത്മബന്ധത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് അവർ തിരിച്ചറിയുകയായിരുന്നു.
പ്രണയം അങ്ങനെയാണല്ലോ!! എത്ര മറന്നാലും എവിടെയോളിപ്പിച്ചാലും ഉള്ളിലൊരു നോവിന്റെ കൂട്ടിൽ അത് സ്വയം ബന്ധിച്ച് ജീവിച്ചുകൊണ്ടിരിക്കും. കാലങ്ങൾക്കതീതമായി അണയാതെ കത്തുന്ന ഒറ്റ ചിരാത് പോലെ..
“സമയം വൈകുന്നു കിരൺ .. എന്നെങ്കിലുമൊക്കെ കാണാം.. ഇടക്ക് വിളിക്കാം.. ” അവൾ ബാഗിന്റെ സിബ്ബടച്ച് പോകുവാനെഴുന്നേറ്റു.
“നിലീ, ഒരു പത്ത് മിനിറ്റ്..”
“ഞാൻ ചോദിക്കുന്നത് തെറ്റാണോ എന്നറിയില്ല..ചോദിച്ചില്ലെങ്കിൽ എനിക്കൊരിക്കലും സമാധാനം കിട്ടില്ല.. ഒരിക്കൽ കൂടെ നിനക്കെന്റെ ജീവിതത്തിലേക്ക് വന്നുകൂടെ നിലീ ? ഇനി ഒരിക്കലും നിന്നെ വേദനിപ്പിക്കില്ലെന്ന് വാക്ക് തരാം..നിന്നോളം എന്നെയാരും സ്നേഹിച്ചിട്ടില്ല, മനസ്സിലാക്കിയിട്ടില്ല “
അവന്റെ കണ്ണുകളിൽ ഒരേ സമയം ഒരുപാട് വികാരങ്ങൾ നിറഞ്ഞുനിന്നു.
അവൾ സ്തബ്ധയായിരുന്നു പോയി. ഒരിക്കൽ ഒരുപാട് സ്നേഹിച്ചതാണ്.. ആഗ്രഹിച്ചതാണ്..ഇന്നിങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചതേയല്ല..
അഞ്ചു വർഷം മുൻപൊരു വിഷുത്തലേന്ന്, കിരണില്ലാത്ത ജീവിതം വേണ്ടെന്നുറപ്പിച്ച ആ രാത്രി അവൾ ബ്ലേഡ് ഞരമ്പിനു നേരെ വെച്ചു. മുറിക്കുവാൻ ആഞ്ഞപ്പോൾ, മുറിയുടെ വാതിലിൽ അമ്മ ശക്തിയായി മുട്ടി. നിമിഷനേരത്തിന്റെ വത്യാസത്തിൽ മരണത്തിൽ നിന്നു ജീവിതത്തിലേക്കോടിക്കയറിയ ആ ദിവസത്തെ കുറിച്ചൊർത്തപ്പോൾ അവളിൽ വീണ്ടും നടുക്കമുണ്ടായി..
കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം പതിഞ്ഞ സ്വരത്തിൽ അവൾ സംസാരിച്ച് തുടങ്ങി.
“ഇല്ല കിരൺ… നമുക്കിനി ഒരിക്കലും പഴയതു പോലെയാവാൻ കഴിയില്ല. ഒരുമിച്ച് ജീവിക്കുന്നിടത്തോളം കാലം നിന്റെ സ്നേഹത്തിൽ ഞാൻ സംശയിച്ചു കൊണ്ടേയിരിക്കും…നിന്നെ സ്നേഹിക്കും തോറും ഞാൻ വർഷങ്ങളോളം കടന്നുപോയ ഉറക്കമില്ലാത്ത രാത്രികൾ, കരഞ്ഞു തീർത്ത സമയങ്ങൾ ഒക്കെയും എന്നെ കുത്തി നോവിച്ചുകൊണ്ടിരിക്കും…ഏതെങ്കിലും ഒരു നിമിഷം അന്നത്തേ പോലെ നീ ഇറങ്ങിപോയേക്കുമോ എന്ന് ഭയന്ന് ഭയന്ന്..അങ്ങനെയൊരു ജീവിതം എത്ര നരക തുല്യമായിരിക്കും എന്നോർത്തു നോക്കൂ ?!!”
“നീ തിരിച്ച് വരണമെന്നും വീണ്ടും ഒന്നിക്കണമെന്നും ഓക്കെ പ്രാർത്ഥിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു കിരൺ.. അവിടെ നിന്ന് ഞാൻ ഒരുപാട് മാറിപ്പോയി.. ഒരു നല്ല സുഹൃത്തായി ഞാനെന്നും കൂടെയുണ്ടാവും.. അതിലപ്പുറം ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്..”
വീണ്ടും കാണാം എന്നയുറപ്പിൽ അവിടെ നിന്ന് മടങ്ങുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു..തിരിഞ്ഞ് നടക്കുമ്പോൾ അവൾ ചിന്തിച്ചതത്രയും തങ്ങളുടെയൊക്കെ ജീവിതത്തെ കുറിച്ചായിരുന്നു.
ജീവിതമെത്ര വിചിത്രമാണല്ലേ!!!.. ചിലത് നേടിയെടുക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന മനുഷ്യർ.. എന്നാൽ ആഗ്രഹിച്ചത് കൈവരുമ്പോഴേക്കും ആ ആഗ്രഹത്തെ തന്നെ തട്ടിയെടുക്കുന്ന കാലം..ഇതിനിടയിൽ പലകുറി ഓടിത്തളരുന്ന മനുഷ്യായുസ്സുകൾ…