എണ്ണ ഇട്ടാൽ ശബ്‌ദം ഇല്ലാതാവുമെന്നുള്ള തത്വമൊന്നും അവനറിയില്ല. മാത്രമല്ല ഇവിടെ ഒരു തുള്ളി എണ്ണ എടുക്കാനില്ല…

കള്ളൻ വന്ന രാത്രി

രചന: Vijay Lalitwilloli Sathya

പട്ടണത്തിലെ കടയിലാണ് സുകു അണ്ണന് ജോലി.. രാത്രി ഇച്ചിരി വൈകിയാണ് വരാറ്..

അന്നും സുകു അണ്ണൻ രാത്രിയിൽ കടയിൽനിന്ന് വീട്ടിൽ സ്കൂട്ടറിൽ വന്നു.

സ്കൂട്ടർ പോർച്ചിൽ വച്ച് ഗേറ്റ് അടക്കാൻ പോയി.ഗേറ്റിന് പഴയ കരകര ശബ്ദമില്ല
ഇതെന്നാ പറ്റിയതാ സ്മൂത്തു ആയി ഇരിക്കുന്നു. അയാൾക്ക് അത്ഭുതമായി…!ചേതമുള്ള ഒരു ഉപകാരം ഭാര്യ ചെയ്യൂല.. തനിക്ക് ആണെങ്കിൽ രാവിലെ പോയാൽ രാത്രി വൈകീയെ വരാനൊക്കൂൂ…!

ഭാര്യയുടെ ഈ സൽപ്രവർത്തി അഭിനന്ദിക്കാതെ വയ്യ..

“മാലു നീ ഗേറ്റ് ക്ലാമ്പിനു എണ്ണ ഇട്ടോടി?”

അയാൾ അത്താഴം കഴിക്കുമ്പോൾ ഭാര്യയോട് ചോദിച്ചു

“ഏയ് ഇവിടെ കടുക് വറക്കാൻ പോലും എണ്ണ ഇല്ലാതിരിക്കുമ്പോഴാ “

“ങേ ഇല്ലേ”

“ഇല്ലെന്നേ”

“അപ്പോൾ…….നമ്മുടെ വിച്ചുകുട്ടൻ ഗേറ്റിനുപുറത്തു കേറി സീസോ കളിക്കാറില്ലേ? “”

“അതിന്റെ ഒച്ചകേട്ട് ചെവി പുണ്ണായപ്പോൾ അവനിട്ട് നാല് പൊട്ടിച്ചു. പിന്നെ ഗേറ്റിൽ കളിച്ചിട്ടില്ല എന്ന് തോന്നുന്നു.”

“ആട്ടെ എന്താ ചേട്ടാ”

“അപ്പൊ കള്ളനിന്ന് രാത്രി വരുമെന്ന് ഉറപ്പായി”

“ങേ കള്ളനോ ചുമ്മാ പേടിപ്പിക്കാതെ മനുഷ്യ”

“അതേടി മാലു കള്ളന്മാരെക്കെ ഇപ്പോൾ കക്കാൻ പോകുന്നതിനു മുമ്പായി ആ വീട്ടിലെ ഗേറ്റിൽ എണ്ണ ഇടുന്നതാ പതിവ്.”

മാലു കഴുത്തിലെ മാലയും നോക്കി ചോദിച്ചു.

“ആണോ.. ആയ്യോ ഈശ്വര.. “

“ആടി…ഇനി ഈശ്വരനെ വിളിച്ചു കാര്യമില്ല”

“അങ്ങനെയെങ്കിൽഇന്ന് രാത്രി വരുമെന്ന് ഉറപ്പാ അല്ലേ? “

മാളു സങ്കടത്തോടെ ചോദിച്ചു.

“ഈ വീട്ടിൽ നിന്ന് ആരും എണ്ണയിട്ടില്ല എങ്കിൽ ഉറപ്പിക്കാം”

സുകു അണ്ണൻ പറഞ്ഞു.

“ഈ വീട്ടില് വേറെ ആരാ ചേട്ടാ നമ്മുടെ അഞ്ചു വയസുള്ള വിച്ചുമോനോ? എണ്ണ ഇട്ടാൽ ശബ്‌ദം ഇല്ലാതാവുമെന്നുള്ള തത്വമൊന്നും അവനറിയില്ല..മാത്രമല്ല ഇവിടെ ഒരു തുള്ളി എണ്ണ എടുക്കാനില്ല.”

മാലു വിശദീകരിച്ചു

” അപ്പോൾ ഇനി സീരിയസ് ആയിട്ട് എടുക്കണം”

“ഹല്ല പിന്നെ “

“കള്ളൻ ഗേറ്റിൽ എണ്ണ ഇട്ടത് പോലെ നമ്മൾ കണ്ണിൽ എണ്ണ ഒഴിച്ച് ഉറങ്ങാതിരിക്കും കള്ളനെ കൈയ്യോടെ പിടികൂടും”

സുകു അണ്ണൻ ഉറച്ചു.

സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും എല്ലാംജാഗ്രതയോടെ അടച്ചു വെച്ചു.വാതിലും കതകുകളും കുറ്റിയിട്ടു ഉറപ്പിച്ചു. പുറത്ത് ഓരോ ചലനങ്ങളുംകേൾക്കാനായി ഫാൻ പോലുംഓഫാക്കി.പേടിച്ചരണ്ട് അവർ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു

നേരം വെളുത്ത ഉടനെ മാലു ഗേറ്റിനടുത്ത്ക്കോടി .അമ്മയുടെ കൂടെ വിച്ചുമോനും ചെന്നു.

കള്ളൻ എണ്ണ ഇട്ടതൊക്കെ ശ്രദ്ധിച്ചു. വിച്ചുമോൻ വേഗം ഗേറ്റിൽ കേറി ആടാൻ തുടങ്ങി.

“ഇറങ്ങേടാ ചെക്കാ നിന്നോടല്ലേ അതിനു മോളിൽ കേറരുത് എന്ന് പറഞ്ഞത്”

മാലു കണ്ണുരുട്ടി.

” ഞാനിപ്പോ ഇതിന്മേൽ ആടിയാലെന്താ ഇതിനിപ്പോ കൊയപ്പം…അമ്മയുടെ ചെവി പൊട്ടുന്ന ശബ്ദം ഇല്ലല്ലോ?”

വിച്ചുമോൻ ചോദിച്ചു.

“അതെ… ശബ്ദമില്ല…അതെങ്ങനെ പോയി പറ ” മാലുന് കൗതുകമായി.

“അമ്മ ഇവിടെ ആടെണ്ട എന്ന് പറഞ്ഞു എന്നെ അടിച്ചില്ലേ… കുറച്ചു കഴിഞ്ഞ് ഞാൻ അപ്പുറത്തെ ശ്രീജ ചേച്ചിടെ വീട്ടിൽ പോയി അവിടത്തെ ഗേറ്റിൽ ആടി കളിക്കാൻ തുടങ്ങി…അപ്പോൾ ആ ചേച്ചി ചോദിച്ചു,മോന്റെ വീട്ടിൽ എന്താണ്ആടാത്തത് എന്നു അപ്പോൾ ഞാൻ പറഞ്ഞു കര കര ഒച്ച കാരണം അമ്മ ഞങ്ങളുടെ ഗേറ്റിൽ ആടാൻ സമ്മതിക്കിണില്ല എന്നു… അതുകേട്ടപ്പോൾ ചേച്ചി പറഞ്ഞു…’അത് ശരി, ഇപ്പോൾ ശരിയാക്കിത്തരാ’മെന്നു… എന്നിട്ട് ചേച്ചി വന്നു നമ്മുടെ ഗേറ്റിൽ എണ്ണയിട്ട് ‘മോൻ ഇനി ആടിക്കോ അമ്മ ഒച്ച ഒന്നുംകേക്കൂലാന്നു പറഞ്ഞു”

“അമ്പട കള്ള..ഈ ഗേറ്റിനു എണ്ണയിട്ടത് ആരെന്നറിയാതെ ഒരു രാത്രി മുഴുവൻ ഞാനുംഅച്ഛനും തീ തിന്നാണ് കഴിച്ചുകൂട്ടിയത്. അറിയോ നിനക്ക്…? നീയും അപ്പുറത്തെ അപ്പുറത്തെ വീട്ടിലെ നിന്റെ ചേച്ചിയും ആണല്ലേ ഇതിന്റെ പിന്നിൽ..”

മാലൂനു ഒരേസമയം കരച്ചിലും ചിരിയും വന്നു.

❤❤