പക്ഷേ വീട്ടിൽ വന്ന് കയറി നിമിഷം മുതൽ അമ്മ ആ ഇഷ്ട്ടകേട് അവളോട് തീർക്കാറ് ഉണ്ടായിരുന്നു..

കറുത്തവൾ….

രചന: റിൻസി പ്രിൻസ്

“നിനക്ക് ഭ്രാന്ത് പിടിച്ചോ…….?ആ പെണ്ണിനെ എന്ത് കണ്ടിട്ട് ആണ് നീ ഇഷ്ടപ്പെട്ടത്………കണ്ടാലും മതി……

” എനിക്ക് അവളെ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു……അതിൽ കൂടുതൽ ഒന്നും നോക്കിയില്ല………മാത്രമല്ല കൂടെ ജീവിക്കേണ്ടത് ഞാൻ അല്ലേ…അപ്പൊൾ എന്റെ ഇഷ്ടമല്ലേ കൂടുതൽ നോക്കേണ്ടത്…….

” എടാ ഇത്രയും സുന്ദരനായ നിനക്ക് അവളെ പോലെ ഒരു കറുമ്പി പെണ്ണിനെ അല്ല……അതിലും എത്രയോ നല്ല പെൺകുട്ടികളെ കിട്ടും…….

” അമ്മയുടെ വിചാരം തൊലി അല്പം വെളുത്തു ഇരുന്നാൽ എല്ലാമായി എന്നാണോ……..? അതിനുമപ്പുറം മനസ്സ് കറുത്തിട്ട് ആണെങ്കിൽ അവിടെ തീർന്നു എല്ലാം…….തൊലി വെളുത്തു ചുവന്നിരുന്ന ഒരുത്തിയെ ഞാൻ സ്നേഹിച്ചത് എല്ലാവർക്കും അറിയാമല്ലോ……..നിങ്ങളുടെ ഒക്കെ സപ്പോർട്ട് അതിന് ആയിരുന്നു…….അവസാനം കൊള്ളാവുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ റെ ആലോചന വന്നപ്പോൾ അവൾ പൊടിയും തട്ടി പോയപ്പോൾ എനിക്ക് ചെലവായത് ഏതാണ്ട് ഒരു ലക്ഷം രൂപയോളം അടുപ്പിച്ചു വരും……..അന്ന് തീരുമാനിച്ചതാ ഇനി ഒരു പെണ്ണിനെ കെട്ടുന്നുണ്ടെങ്കിൽ കൂടുതൽ സൗന്ദര്യവും തൊലിവെളുപ്പും ഒന്നും ഇല്ലാത്ത ഒന്നിനെ മതിയെന്ന്……..മാത്രമല്ല എനിക്ക് ആ കുട്ടിയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി……ആ വീട്ടിലെ അവസ്ഥകളും……!!

” അതൊക്കെ കൊണ്ട് തന്നെയാണ് ഞാൻ പറയുന്നത്, അവരുടെ വീട്ടിലെ അവസ്ഥ കണ്ടില്ലേ…….അവർക്ക് കാര്യമായിട്ട് ഒരു സ്ത്രീധനം തരാൻ ഉണ്ടാവില്ലെന്ന് മാത്രമല്ല, നമ്മൾ വല്ലതും അങ്ങോട്ട് കൊടുക്കുന്ന ഗതി വരും, എല്ലാം പോട്ടെ എന്ന് വെക്കാം കാണാൻ ഇത്തിരി ചന്തം ഉണ്ടായിരുന്നെങ്കിൽ……ഇത് നാട്ടുകാരെ മുഴുവൻ ചോദിക്കും എന്ത് കണ്ടിട്ട് കെട്ടിയതാണെന്ന്…….

” അങ്ങനെ നാട്ടുകാരെ മുഴുവൻ ബോധിപ്പിച്ച് ജീവിക്കാൻ ഒന്നും എന്നെ കിട്ടില്ല……..എന്നോട് ചോദിക്കുന്നവരോട് മറുപടി പറയാൻ എനിക്ക് അറിയാം…അമ്മയോട് ആരെങ്കിലും ചോദ്യം ആയിട്ട് വന്നാൽ എന്നോട് ചോദിക്കാൻ പറഞ്ഞാൽ മതി…….. അവർക്കുള്ള മറുപടിയും ഞാൻ കൊടുത്തോളാം……

ശരത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു എന്ന് അമ്മയ്ക്ക് മനസ്സിലായിരുന്നു…….പിന്നീട് എതിർത്തിട്ടും കാര്യം ഉണ്ടായിരുന്നില്ല……അമ്മയുടെ എതിർപ്പുകളെ മറികടന്ന് ശരത് അനാമികയെ തന്നെ ജീവിതസഖിയാക്കി…പക്ഷേ വീട്ടിൽ വന്ന് കയറി നിമിഷം മുതൽ അമ്മ ആ ഇഷ്ട്ടകേട് അവളോട് തീർക്കാറ് ഉണ്ടായിരുന്നു……പലപ്രാവശ്യം അവളെ കറുത്തവൾ എന്ന് മറ്റുള്ളവരുടെ മുൻപിൽ വച്ച് അപമാനിക്കുന്നതും അവളുടെ കുറവിനെ എടുത്തു പറയുന്നത് അവർക്ക് ഒരു പ്രത്യേകതരം ലഹരിയായിരുന്നു……

പലതും അവൾ കണ്ടില്ലെന്ന് നടിച്ചു……ചിലതൊക്കെ മനപൂർവ്വം ചെവി അടച്ചു……ഒന്നിനും അവൾ പ്രതികരിക്കാൻ പോയിരുന്നില്ല…അതിലെല്ലാമുപരി ആയിരുന്നു ശരത്തിനു അവളോടുള്ള സ്നേഹം…….അത് മാത്രം മതിയായിരുന്നു അവൾക്ക് എല്ലാ കാര്യങ്ങളും മറക്കാൻ വേണ്ടി…….പിന്നീട് അനുജന്റെ വിവാഹത്തോടെ അവളുടെ ആ വീട്ടിലെ അവസ്ഥ പൂർണമായും ഒറ്റപ്പെടൽ തന്നെയായിരുന്നു…….

അനിയന്റെ ഭാര്യയായി വീട്ടിലേക്ക് കയറിവന്ന സുന്ദരിയായ പെൺകുട്ടിയോട് കൂടുതൽ സ്നേഹവും കരുതലും വാത്സല്യവും ഒക്കെ അമ്മ കാണിക്കാൻ തുടങ്ങി……..അടുക്കളയിലേക്ക് എത്തിയ അവളോട് ആദ്യം അമ്മ പറഞ്ഞത് ഇതായിരുന്നു……

“മോള് കരിയും പുകയും കൊണ്ട് കറക്കാൻ നിൽക്കണ്ട…….പിന്നെ ഇതുപോലെ ഇരിക്കും…….വെറുതെ ഒരു ജോലിയും ചെയ്യേണ്ട…….മുറിയിൽ തന്നെ ഇരുന്നാൽ മതി…….ഈ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടാതെ……

അതോടെ ആ വീട്ടിൽ അവളുടെ അവസ്ഥ ഒരു വേലക്കാരിക്ക് സമമാണ് എന്ന് ഏകദേശം അവൾക്ക് മനസ്സിലായിരുന്നു……എങ്കിലും പരിഭവങ്ങൾ ഒന്നുമില്ലാതെ അവൾ ജീവിച്ചുപോന്നു…രണ്ടുപേരും ഏകദേശം ഒരേ പോലെ ആയിരുന്നു ഗർഭിണിയായത്………കൊടുക്കുന്ന ആഹാരത്തിൽ എല്ലാം അമ്മ വേർതിരിവ് കാണിച്ചിരുന്നു……ഇളയവൾക്ക് പാല് കൊടുക്കുമ്പോൾ വെള്ളം അൽപ്പം നീട്ടി വെച്ചായിരുന്നു മൂത്തവൾക്ക് ചായ അമ്മ നൽകിയിരുന്നത്…….പഴങ്ങളും മാംസ്യവും എല്ലാം ഒരാൾക്ക് മാത്രമായി അവർ നൽകി……..

പലപ്പോഴും ശരത് അനാമികയ്ക്ക് വേണ്ടി വാങ്ങി കൊണ്ടു വരുന്ന പോലും അവൾക്ക് ലഭിക്കാതെയായി…….എങ്കിലും അവൾ ആരോടും പരാതി പറഞ്ഞില്ല……..ഏഴാം മാസം ഇളയ മരു മകളെ വീട്ടിലേക്ക് വിടില്ല എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ മൂത്തവളെ വീട്ടിലേക്ക് കൊണ്ടു വിട്ടേ പറ്റൂ എന്ന് പറഞ്ഞു ശരത്തിനോട് വഴക്ക് ഉണ്ടാക്കാനും അമ്മ മറന്നില്ല……

പക്ഷേ അവിടെയും ശരത്ത് തന്നെയായിരുന്നു ജയിച്ചത്……തന്റെ ഭാര്യ തനിക്കൊപ്പം ജീവിക്കും ഗർഭകാലത്ത് ഒരു ഭർത്താവ് നൽകുന്ന സുരക്ഷിതത്വം വലുതായി അവൾക്ക് മറ്റൊന്നും ലഭിക്കാനില്ല എന്ന മകൻറെ തീരുമാനം ഉറച്ചത് ആണെന്ന് മനസ്സിലാക്കിയ അമ്മ പിന്നീട് ഒരു വഴക്കിനും പോയിരുന്നില്ല……എങ്കിലും ആ വീട്ടിലുണ്ടായിരുന്ന അവളുടെ ഗർഭകാലം ഇത്തിരി ബുദ്ധിമുട്ട് തന്നെയായിരുന്നു……

അങ്ങനെ അവൾ അവസാനം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു…കുഞ്ഞിനെ അവളുടെ അത്രയും കറുപ്പ് അല്ലെങ്കിൽ പോലും ഇരു നിറം എന്ന് പറഞ്ഞു അമ്മ കുഞ്ഞിനെ എടുക്കാൻ പോലും മടിച്ചു. മകന്റെ നിറം ലഭിക്കാത്ത കുഞ്ഞിനെ വെറുപ്പാണ് എന്ന് അവളുടെ മുഖത്ത് നോക്കി പറഞ്ഞു…….മരണ വേദന അനുഭവിച്ച് കുഞ്ഞിന് ജന്മം നല്കിയപ്പോൾ അനുഭവിച്ച വേദന യെക്കാൾ കൂടുതൽ അവളെ വേദനിപ്പിച്ചത് ആ വാക്കുകൾ ആയിരുന്നു…അവളെ നോക്കാൻ വേണ്ടി വീട്ടിലേക്ക് വന്ന അമ്മയെ അവഹേളനങ്ങൾ കൊണ്ട് മൂടി അമ്മ തിരിച്ച് അയക്കുമ്പോൾ വേദനയോടെ അത് കേൾക്കാൻ മാത്രമേ അവൾക്ക് കഴിയുമായിരുന്നുള്ളൂ……..

അങ്ങനെ സ്വന്തം കുഞ്ഞിനെ അമ്മ ഒന്നുതൊടാതെ വന്നപ്പോൾ അവൾ അവളുടെ എല്ലാ വേദനകളും മറന്ന് ഇറങ്ങി, പ്രസവം കഴിഞ്ഞ് പത്താം ദിവസം അവൾ തന്നെ കുഞ്ഞിനെ കുളിപ്പിക്കാൻ തുടങ്ങി…നിറംമങ്ങി എന്നതിൻറെ കാരണത്താൽ സ്വന്തം കുഞ്ഞിനെ അകറ്റിനിർത്തുന്ന അമ്മയുടെ പ്രവർത്തിയോട് മകനും യോജിക്കാൻ കഴിയുന്നതായിരുന്നില്ല…കാലചക്രം ആർക്കുവേണ്ടിയും കാത്തിരുന്നില്ല, മുത്തശ്ശിയുടെ അവഹേളനങ്ങൾ അമ്മയും ആ കുഞ്ഞും ഏറ്റുവാങ്ങിക്കൊണ്ടിരുന്നു……ഒരു കറുത്തവൾ ആയി തന്നെയായിരുന്നു ആ കുഞ്ഞു വളർന്നിരുന്നത്, ബന്ധുക്കൾക്കിടയിൽ നിന്നും ഉയരുന്ന മുറുമുറുപ്പുകളും മുത്തശ്ശിയുടെ മുറിവുകളും എല്ലാം അവർ കണ്ടില്ലെന്നു നടിച്ചു……..എന്തേലും പറയാൻ ശരത്തിനെ അവൾ അനുവദിച്ചില്ല……..അവസാനം ശരത് വേറെ വീട് വച്ചു മാറി……

അവസാനം ആ കുഞ്ഞു ഉയരങ്ങളുടെ കൊടുമുടികൾ ചവിട്ടിക്കയറി……അവൾ എല്ലാവരും അറിയപ്പെടുന്ന ഒരു പദവിയിലെത്തി…….തന്നെ അവഹേളിച്ചവരുടെയും നിന്ദിചവരുടെയും മുൻപിൽ ഒരിക്കലെങ്കിലും ഒന്നു ജയിച്ചു കാണിക്കണം എന്നുള്ള അവളുടെ വാശി ആയിരുന്നു അവളുടെ ഉയരങ്ങൾക്ക് കാരണം ആയിരുന്നത്. ഒപ്പം തൻറെ അമ്മയുടെ കണ്ണുനീരും. എല്ലാ പ്രതിബന്ധങ്ങളും അതിജീവിക്കാൻ അവൾക്ക് കഴിഞ്ഞത് ആ നിന്ദയിൽ നിന്നാരുന്നു. ജില്ലാ കളക്ടർ എന്ന ഒരു പദവിയിലേക്ക് ഉയർന്നവളും അവളുടെ കറുത്തവളയ അമ്മയും കൂടി ചെന്നു, ആ മുത്തശ്ശിയെ തേടി വന്നു ഇളയമരുമകളും അവരുടെ മകനും കൂടി കൊണ്ടാക്കിയ വൃദ്ധസധനത്തിൽ നിന്ന് ആ അമ്മയെ കൂട്ടികൊണ്ട് പോകാൻ……..ആ നിമിഷം ആ അമ്മ വളരെ അഭിമാനപൂർവ്വം അവിടെ ഉള്ളവരോട് പറഞ്ഞു…….അത് എൻറെ ചെറുമകളും മരുമകളും ആയിരുന്നു എന്ന്…..ആ നിമിഷം അവർ കറുത്തവൾ ആയതിൽ അവർക്ക് അപമാനം ആയിരുന്നില്ല അഭിമാനം ആയിരുന്നു….

പലരുടെയും ഉയരങ്ങളുടെ പിന്നിൽ പല കഥകളും ഉണ്ടാകും……അവൾ ഇന്ന് ഈ ഒരു നിലയിൽ എത്താനുള്ള ഒരു കാരണം കുട്ടിക്കാലത്ത് അവളുടെ മുത്തശ്ശിയുടെ വായിൽ നിന്നും അവൾ കേട്ടുമറന്ന ആ വാക്കുകൾ തന്നെയായിരുന്നു…….

“ഈ കറുമ്പിയെ എന്തിന് കൊള്ളാം, ഇവളെ കൊണ്ട് എന്നെങ്കിലും നിനക്ക് അഭിമാനിക്കാനുള്ള വക ഉണ്ടാകുമോ…….?”

അമ്മയുടെ മുഖത്തേക്ക് നോക്കി അത് ചോദിച്ച മുത്തശ്ശിയെയും നിറഞ്ഞ കണ്ണുകളാൽ അതിനു മറുപടി പറയാതെ നിന്ന അമ്മയുടെ മുഖവും ആ കൊച്ചു മനസ്സിൽ പതിഞ്ഞിരുന്നു…….അന്നുമുതൽ ഒരു വാശിയായിരുന്നു ഈ ജീവിതം ജീവിച്ചു കാണിക്കും എന്നുള്ള വാശി……

(ശുഭം )

(നിറത്തിൻറെ പേരിൽ ഒരു മനുഷ്യനെയും അപമാനിക്കാൻ പാടില്ല യഥാർത്ഥ നിറം മനസ്സിനാണ്)