അമ്മ എത്തുന്നതിന് മുന്‍പ് അവളെ പറഞ്ഞുവിടണം അല്ലെങ്കില്‍ ഇവള്‍ അമ്മയുടെ മുന്‍പില്‍വച്ച്…

റൗഡി മമ്മി

രചന: നൗഷാദ് കണ്ണേരി

രാവിലെ അമ്പലനടകള്‍ക്ക് താഴെ ബൈക്കിനടുത്ത് അമ്മവരുന്നതും കാത്ത് മൈബൈല്‍ഫോണില്‍ കളിച്ചു നില്‍ക്കുകയായിരുന്നു അതുല്‍..

കിച്ചുവേട്ടാ എന്നുളള വിളികേട്ടാണ് അവന്‍ തലഉയര്‍ത്തിനോക്കിയത്.. തന്നെ വിളിച്ച ആളെകണ്ട അവന്‍ ദൈവമെയെന്ന് പറഞ്ഞ് പരിഭ്രമത്തോടെ അമ്പലനടകളിലേക്ക് തിരിഞ്ഞു നോക്കി..

അമ്മ തൊഴുത് കഴിഞ്ഞതിനുശേഷം നടയിറങ്ങിവരുന്നു.. അതുല്‍ തലയില്‍ കൈവച്ചു.

ആഹാ പൊളിച്ചിട്ടുണ്ട്.. ഇന്ന് എന്‍റെ മാനം കപ്പല് കയറ്റിവിടും ഇവള്‍ ഉറപ്പാ..

അപ്പോളേക്കും തലയില്‍ മുല്ലപ്പൂചൂടി സ്വര്‍ണ്ണക്കരയുളള പട്ടുപാവാടയും ദാവണിയുമുടുത്ത് സുന്ദരിയായ ഒരു പെണ്‍കുട്ടി അവന്‍റെ മുന്‍പിലേക്ക് തുളളിച്ചാടിയെത്തി..

കിച്ചുവേട്ടാ ഒറ്റെക്കെയുളളുവോ അമ്മയില്ലേ..?

അമ്മ എത്തുന്നതിന് മുന്‍പ് അവളെ പറഞ്ഞുവിടണം അല്ലെങ്കില്‍ ഇവള്‍ അമ്മയുടെ മുന്‍പില്‍വച്ച് നാണംകെടുത്തുമെന്ന് ചിന്തിച്ച അവന്‍ കൈകൊണ്ട് ആഗ്യം കാണിച്ച് പറഞ്ഞു..

അമ്മയൊന്നും കൂടെയില്ല പൊക്കോ പൊക്കോ.. പിന്നെ കാണാം വേഗം പോക്കോളൂ.. എനിക്കിത്തിരി ധൃതിയുണ്ട്.

പക്ഷേ ഇരു കൈകള്‍കൊണ്ടും പട്ടുപാവാട ഇരു വശത്തേക്കും വിടര്‍ത്തിപ്പിടിച്ച് ചാഞ്ചാടിനിന്നുകൊണ്ട് അവള്‍ ചോദിച്ചു..

എങ്ങനെയുണ്ട് കിച്ചുവേട്ടാ.. സൂപ്പറല്ലേ.? പുതിയതാ..

ദയവു ചെയ്ത് നീ ഒന്നു പോയിത്തരുമോ ഇവിടുന്ന്.? നാക്കിന് എല്ലില്ലാതെ ഓരോന്നും വിളിച്ചുപറയും ഇനി..

അത് കേട്ട് അവളുടെ മുഖംവാടി.

ഭംഗിയില്ല അല്ലേ.? എനിക്കും തോന്നി അത്..

മകന്‍റെ അരികില്‍ നില്‍ക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ അമ്മദുരെനിന്നുതന്നെ ശ്രദ്ധിച്ചിരുന്നു..

അടുത്തേക്കെത്തുമ്പോള്‍ മകന്‍റെ മുഖത്തെ പരിഭ്രമം കണ്ട് അമ്മക്ക് എന്തോ ഒരു വശപ്പിശക് തോന്നി.

പെണ്‍കുട്ടിക്ക് തന്നെ മനസിലായിട്ടില്ലെന്ന് അവളുടെ അതുലിനോടുളള സംസാരത്തില്‍നിന്നും അവര്‍ക്ക് മനസിലായിരുന്നു..

അടുത്തേക്കെത്തി അവരെ രണ്ടുപേരേയും നോക്കി പാര്‍വ്വതിയമ്മ ചോദിച്ചു…

മക്കളെ നിങ്ങള്‍ എവിടുത്തെയാണ്.. നിങ്ങള്‍ എന്താണ് ഇവിടെനിന്ന് വഴക്ക്കൂടുന്നത്.? ആളുകള്‍ കാണില്ലേ.?

അതുലിന് ഒന്നുപറയാന്‍ കഴിയുന്നതിന് മുന്‍പ് പെണ്‍കുട്ടി ചാടിക്കയറിപ്പറഞ്ഞു..

വഴകൊന്നും അല്ല ആന്‍റീ.. ഞങ്ങള്‍ ലൗവ്വേര്‍സാണ്.. മുടിഞ്ഞ പ്രണയമാണ്..

അത്കേട്ട് പാര്‍വ്വതിയമ്മ ഈശ്വരാന്ന് വിളിച്ച് താടിക്കുകൈവച്ചു.. അതുല്‍ വലത്കൈ തന്‍റെ നെറ്റിയിലിടിച്ച് ബൈക്കിലേക്ക് കുഴഞ്ഞിരുന്നു.

തീര്‍ന്നു.. എല്ലാംതീര്‍ന്നു..

പാര്‍വ്വതിയമ്മ മകനെ രൂക്ഷഭാവത്തോടെനോക്കി.. ചുണ്ടില്‍ വിരല്‍വച്ച് മിണ്ടിപ്പോതെന്ന് അവന് വാണിംഗ് കൊടുത്തു. കൂടുതല്‍ അറിയാനായി അവര്‍ പെണ്‍കുട്ടിയോട് ചോദിച്ചു..

അതേയോ.? എന്നിട്ട് എന്തിനാണ് ഇപ്പോള്‍ രണ്ടുപേരും വഴക്ക്കൂടുന്നത്.. അതും ഈ അമ്പലപ്പറമ്പില്‍ വച്ച്.?

അവന്‍ പറയുകയാണ് അവന്‍റെ അമ്മ ഒരു ഭദ്രകാളിയാണ്.. ദേഷ്യക്കാരിയാണ് എന്നെ അവര്‍ക്ക് ഇഷ്ടമാവില്ലെന്ന്.. എന്‍റെ പെരുമാറ്റം വളരെ മോശമാണത്രേ.. ഒന്ന് പോയിതരൂന്ന്.. അമ്മക്കിഷ്ടമില്ലാത്തത് ഒന്നും അവന് വേണ്ടെന്ന്.. എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ നോക്കുകയാണിവന്‍.. കിച്ചുവിന്‍റെ അമ്മക്ക് നല്ലസ്വഭാവമായിരിക്കും കിച്ചുവിനെപോലെതന്നെ.. എനിക്കറിയാം അത്.

കിച്ചുവോ. അതാരാ.?

പെണ്‍കുട്ടി നാണത്തോടെ പറഞ്ഞു..

അതുലേട്ടനെ ഞാന്‍ കിച്ചൂന്നാണ് വിളിക്കുക.

നിന്‍റെ പേരെന്താണ്..?

ആതിര..

പാര്‍വ്വതിയമ്മ അതുലിനെ നോക്കി.. അവന്‍ മൃതപ്രാണനായി ബൈക്കില്‍ തലതാഴ്തി ചാഞ്ഞിരിക്കുകയാണ്..

ടാ കിച്ചൂ.. ഇവള്‍ പറയുന്നത് ശരിയാണോ.. നിന്‍റെ അമ്മ ഭദ്രക്കാളിയാണോടാ.?

അതുല്‍ തലയുയര്‍ത്തികൊണ്ട് ദേഷ്യപ്പെട്ടു..

ഈ പെണ്ണിന് പ്രാന്താണമ്മേ.

അയ്യോ അമ്മേ.. അമ്മ.!? ആതിരയുടെ വായില്‍നിന്നും ഒരു നിലവിളിയുയര്‍ന്നു..

അവള്‍ തിരിഞ്ഞോടാന്‍ തുടങ്ങിയതും പാര്‍വ്വതിയമ്മയുടെ കനത്ത ശബ്ദമുയര്‍ന്നു..

നിക്കടി ആവിടെ..

തിരിഞ്ഞോടാന്‍ തുടങ്ങിയ അവളുടെ കാലുകള്‍ നിശ്ചലമായി

പുറംതിരിഞ്ഞു നില്‍ക്കുന്ന ആതിരയോടെ പാര്‍വ്വതിയമ്മ കടുപ്പത്തില്‍ പറഞ്ഞു.

ഇങ്ങോട്ട് തിരിഞ്ഞുനില്‍ക്കെടീ..

തിരിഞ്ഞുനിന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

കരയാന്‍ മാത്രം നിന്നെ ഞാന്‍ എന്തെങ്കിലും ചെയ്തോ അതിന്.?

അവള്‍ കണ്ണുകള്‍തുടച്ച് ഇല്ലെന്ന് തലയാട്ടി.

പിന്നെ എന്തിനാണ് നീ മോങ്ങുന്നത്.?

അമ്മക്ക് എന്നെ ഇഷ്ടമായില്ലെല്ലോ.? എനിക്കറിയാം..

ഇല്ല.. നിന്‍റെ പെരുമാറ്റം ഒട്ടും ഇഷ്ടമായിട്ടില്ല.. പാര്‍വ്വതിയമ്മ കടുപ്പിച്ചാണ് അത് പറഞ്ഞത്..

അത്കേട്ട് ആതിര ചെറിയകുട്ടികളെപോലെ ഉറക്കെ നിലവിളിച്ചു…കരച്ചിലിനിടയില്‍ ആവള്‍ തേങ്ങികൊണ്ട് പറഞ്ഞു..

എന്നെ ആര്‍ക്കും ഇഷ്ടമാവില്ല..?

അതെന്താ..?

അമ്മയുണ്ടായിരുന്നെങ്കില്‍ ഞാനും കുറച്ചെല്ലാം നന്നായേനെ.. എനിക്ക് അമ്മയില്ലാത്തത് കൊണ്ടല്ലേ ഞാന്‍ ഇങ്ങനെയായത്..

പാര്‍വ്വതിയമ്മയുടെ ഹൃദയത്തെ അത് വേദനിപ്പിച്ചു.

നിന്‍റെ അമ്മ.?

എനിക്ക് മുന്ന് വയസുളളപ്പോളാണ് മരിച്ചത്.. ചെറിയമ്മക്ക് എന്നെ അത്രക്ക് ഇഷ്ടമൊന്നും അല്ല അമ്മേ..

പാര്‍വ്വതിയമ്മയുടെ സ്വരം മൃദുലമായി.. ആതിരയുടെ ചുമലില്‍ തട്ടി അവര്‍ ആശ്വസിപ്പിച്ചു..

ഇപ്പോള്‍ ചെറിയമ്മേടെ ബന്ധത്തിലുളള ഒരുത്തന് എന്നെ കെട്ടിച്ചുകൊടുക്കാന്‍ നില്‍ക്കുകയാണ്.. എന്‍റെ ഇഷ്ടമൊന്നും ചെറിയമ്മ നോക്കില്ല.. പണ്ട്മുതലെ അങ്ങിനേയാണ്..

പാര്‍വ്വതിയമ്മക്ക് എന്താണ് ആതിരയോട് പറയേണ്ടതെന്ന് അറിയില്ലായിരുന്നു..

ആ വിഷമിക്കേണ്ട.. നീ പൊക്കോളൂ.. നട്ടുകാരെകൊണ്ട് പറയിക്കരുത് പെണ്‍കുട്ടികള്‍..

തലയാട്ടി കണ്ണുകള്‍ തുടച്ച് ആതിര തിരിഞ്ഞുനടന്നു.. അപ്പോള്‍ അവളുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരിയുണ്ടായിരുന്നു..

അടുത്തതവണ കാണുമ്പോള്‍ അമ്മയെ ഒടിച്ചുമടക്കി ഞാന്‍ പോക്കറ്റിലാക്കും കിച്ചുവേട്ടാ.. എന്‍റെടുത്താണ് അമ്മയുടെ കളി, അവള്‍ മനസില്‍പറഞ്ഞു..

ആതിര ഇടക്കിടെ കണ്ണുകള്‍ തുടച്ചു നടന്നു നീങ്ങുന്നത് കണ്ട് പാര്‍വ്വതിയമ്മ ചോദിച്ചു..

ഏതാണെടാ ആ കുട്ടി.? പാവമാണെന്ന് തോന്നുന്നു..

പാവമാണമ്മെ.. എനിക്കറിയാം അവളുടെ എല്ലാകാര്യങ്ങളും..

ഉം.. അര്‍ത്ഥംവച്ചൊരു മൂളലുമായി അമ്മ ബൈക്കിനു പുറകില്‍ കയറിയിരുന്നു.

******************

ഒരാഴ്ചകഴിഞ്ഞു.. വൈകിയിട്ട് വീട്ടിലേക്ക് കയറിവരുമ്പോള്‍ ആതിര വീട്ടില്‍ നിന്നും ഇറങ്ങിവരുന്നത് കണ്ട് അതുല്‍ അമ്പരന്നു..

നീ എന്താ ഇവിടെ.? നിനക്കെന്താഭ്രാന്തുണ്ടോ.? നീയെന്താണ് കരുതിയത്..ഇതെല്ലാം കുട്ടിക്കളിയാണെന്നാണോ.?

അല്ല.! കാര്യമായിട്ടാണ്.. ഈ വീട്ടിലേക്ക് കയറിവരാനുളളവളല്ലെ ഞാന്‍.. അതുകൊണ്ട് അമ്മയെ ഒന്ന് കാണാന്‍ വന്നതാണ്.

ഈ വീട്ടിലേക്കോ.? എന്നിട്ടൊ..?

അമ്മയെ കണ്ടു.. പറയാനുളളത് പറഞ്ഞു.. ഞാന്‍ പോകുന്നു…

കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ ആതിര നടന്നുനീങ്ങി..

ഇന്നിനി എന്തെല്ലാം നുണകളാണ് തന്നെപ്പറ്റി പറഞ്ഞിട്ടുണ്ടാവുക എന്നറിയില്ലെന്ന് ചിന്തിച്ച് അതുല്‍ വീട്ടിലേക്ക് കയറി..

കരഞ്ഞു കലങ്ങിയ കണ്ണുമായിനില്‍ക്കുന്ന അമ്മയെയാണ് അവന്‍ കണ്ടത്…അതുലിന് കാര്യമൊന്നും മനസിലായില്ല..

നിനക്ക് ആ പെണ്‍കുട്ടിയെ ഇഷ്ടമാണോടാ..?

ആ പെണ്ണ് നുണപറയുകയാണമ്മെ.. ഞാന്‍ അവളോട് അങ്ങിനെയൊന്നും പറഞ്ഞിട്ടില്ല..

ആ എനിക്കറിയാം അത്.. നീ വിചാരിക്കുന്നപോലെ അവള്‍ ഒരു പൊട്ടിപ്പെണ്ണൊന്നും അല്ല.. കുറേകാര്യങ്ങള്‍ അവള്‍ എന്നോട് സംസാരിച്ചു.. നിനക്ക് അവളെ ഇഷ്ടമില്ലായി ഒന്നും ഇല്ലല്ലോ.?

ഇല്ല.

എങ്കില്‍ നാളെ നമുക്ക് അവളുടെ വീട് വരെ ഒന്ന് പോകണം.. അവളുടെ കല്ല്യാണം ഉറപ്പിച്ചിട്ടുണ്ട്..

അത് ഞാനും അറിഞ്ഞതാണ്.. അതിന് നമ്മളെന്തിനാണ് പോകുന്നത്.?

നിനക്ക് വേണ്ടി അവളെ ഞാന്‍ ചോദിക്കും.

അമ്മക്കെന്താണ് ഭ്രാന്തുണ്ടോ.?

നിന്‍റെ കാര്യത്തില്‍ എനിക്ക് കുറച്ച് ഭ്രാന്തുണ്ടെന്ന് വച്ചോളൂ..

പാര്‍വ്വതിയമ്മ കൂടുതലൊന്നും പറയാതെ അടുക്കളയിലേക്ക് പോയി…

*******************

ആതിരയുടെ വീട്ടില്‍നിന്നും സ്വന്തം വീട്ടിലേക്ക് തിരിക്കുമ്പോള്‍ പാര്‍വ്വതിയമ്മയുടെ കൈയില്‍ മുറുകെപിടിച്ച് കാറിന്‍റെ പുറകിലെ സീറ്റില്‍ ആതിരയുമുണ്ടായിരുന്നു..

ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന അതുല്‍ ആരോടെന്നില്ലാതെ പറഞ്ഞു..

അമ്മക്കും ഭ്രാന്തുപിടിച്ചോന്നാണ് ഇപ്പോള്‍ എന്‍റെ സംശയം.. കല്ല്യാണം നിശ്ചയിച്ച ഒരു പെണ്ണിനെ വീണ്ടും പെണ്ണന്വേഷിച്ച് ചെല്ലുക.. പെണ്‍വീട്ടുകാര്‍ സമ്മതിക്കാതിരുന്നപ്പോള്‍ പെണ്ണിനേയും കൊണ്ട് ഇറങ്ങിപ്പോരുക.. അമ്മേ നിങ്ങളെന്താ ഈ നാട്ടിലെ റൗഡിയാണോ.?

നീ പോടാ..

അതുല്‍ ആതിരയോടായി ചോദിച്ചു..

നീ എന്തെല്ലാം നുണകള്‍പറഞ്ഞാണ് കര്‍ക്കശക്കാരിയും തറവാട്ടുകൊച്ചമ്മയുമായ എന്‍റെ പാര്‍വ്വതിയമ്മയെ വീഴ്ത്തിയത്..?

ഇരുകൈകള്‍കൊണ്ടും പാര്‍വ്വതിയമ്മയുടെ കൈകള്‍ തന്‍റെ കൈക്കുളളളിലാക്കി മുറകെപിടിച്ചു അവള്‍…

എന്നെ കിച്ചുവേട്ടന്‍ കെട്ടിയില്ലെങ്കില്‍ നിങ്ങളുടെ വീട്ടിനുളളില്‍ ആരുംകാണാതെ വന്ന് തുങ്ങിച്ചാവും എന്നു പറഞ്ഞപ്പോള്‍ പാവം അമ്മ പേടിച്ചുപോയി..

അങ്ങിനെയുളള ചീളു ഭീഷണികളിലൊന്നും വീഴുന്നവളല്ലല്ലോ എന്‍റെ മംഗലത്തു പാര്‍വ്വതിയമ്മ..

ഡാ ഡാാ.. നീ കൂടുതലൊന്നും വാചകമടിക്കേണ്ട.. ഇഷ്ടമുളള പെണ്ണിനോട് പ്രണയം തുറന്ന് പറയാന്‍ കഴിയാത്ത നീ എന്ത് കാമുകനാണടാ..

ഞാനോ.?

നീ കൂടുതലൊന്നും പറയണ്ട.. നീ ഒളിപ്പിച്ച് വച്ച ഇവളുടെ ഫോട്ടോയും അതിന് പുറകില്‍ നീ എഴുതിവച്ച വിരഹകാവ്യവും ഞാന്‍ കണ്ടിട്ടില്ലാന്ന് നീ കരുതിയോ.?

അമ്മേ.! നിങ്ങള്‍ അതും എടുത്തുനോക്കിയോ.? അതുല്‍ പരിഭവം പറഞ്ഞു..

ആതിരക്ക് ഒരു പുതിയ അറിവായിരുന്നു അത്.. തന്നോടുളള ഇഷ്ടം ഇതുവരെ കിച്ചു തുറന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല.. അമ്മക്കിഷ്ടമാവില്ലെന്നോര്‍ത്താണ് എന്ന് അവള്‍ക്ക് അറിയാമായിരുന്നു..

പാര്‍വ്വതിയമ്മ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു..

എന്‍റെ മകന്‍റെ ഇഷ്ടങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഒരു മൂരാച്ഛി അമ്മയാണ് ഞാന്‍ എന്നു കരുതിയോ മോനെ നീ..?

അതുലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല..

പാര്‍വ്വതിയമ്മ ആതിരെനോക്കി അവളുടെ തലയില്‍ തലോടി പുഞ്ചിരിയോടെ ചോദിച്ചു..

എങ്ങനെയുണ്ട് നിന്‍റെ കിച്ചൂന്‍റെ മമ്മി..? പൊളിയല്ലേ മൊളെ..?”

ഇരു കൈകൊണ്ടും പാര്‍വ്വതിയമ്മയുടെ ഇരു കവിളുകളിലും പിച്ചിവലിച്ച്കൊണ്ട് ആതിര പറഞ്ഞു..

പൊളിയല്ല ഈ മമ്മി പൊപ്പൊളിയാണല്ലോ കിച്ചുവേട്ടാ…