ഇടം കണ്ണിൽ ഒരു ചെറു പുഞ്ചിരി മാത്രം നൽകി കൊണ്ട് അയാൾ പോയി. അയാളുടെ സാമീപ്യം ഞാൻ ഒത്തിരി കൊതിച്ചെന്ന് തോന്നുന്നു…

ചൊമന്ന ഉടൽ

രചന : അനു സാദ്

“നഗരത്തിലെ വേവുന്ന പകലിൽ അവൻ വന്നിറങ്ങിയതും അവനെ കടന്നുപോയ വരണ്ട ശീതക്കാറ്റിന് അങ്ങിങ്ങായി കുമിഞ്ഞു കൂടിയ മാലിന്യത്തിന്റെയും അതിലുപരി പച്ച മാം സത്തിന്റെയും ഗ ന്ധമായിരുന്നു!!”

നിറം മങ്ങിയ ചില നേർ കാഴ്ചകളിലൂടെ അവൻ യാത്ര തുടർന്നു..മുംബൈ..,മിഥ്യയിൽ പോലും ശാന്തമാവാത്ത നഗരം എന്ന് അവന് തോന്നി.തെരുവോരങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നു… ഓരോ കോണിലും വ ശ്യമായൊരു ചതി നിഴലിക്കുന്നത് പോലെ!”മുംബൈ യുടെ ഉള്ളറകൾ പിടിതരാതെ ഓടിയൊളിക്കുവാണെന്ന് അവൻ തിരിച്ചറിഞ്ഞു..!”

“നാളേറെയായുള്ള ഈ യാത്ര അത്രയേറെ പ്രിയപ്പെട്ട ഒരാളെ തേടിയാണ്…വർഷങ്ങളായി എവിടെന്നില്ലാതെ ചുറ്റിതിരിയുവാണ്.. മനസ്സിലും ചിന്തയിലും ഒരേയൊരുവൾ മാത്രം.. ആ ഒരുവൾക്ക് വേണ്ടി പല നാടുകളും കാണാപ്പുറങ്ങളും കയറിയിറങ്ങി.. അവളിൽ എന്ന് എത്തിച്ചേരുമെന്നറിയില്ല!.. എങ്കിലും ആ ഒരു നിമിഷത്തിനായി ഓരോ കാൽവെപ്പിലും കൊതികൊള്ളുവാണ് ഞാൻ…”

അലഞ്ഞു തിരിഞ്ഞു ഒടുവിൽ ഈ നഗരത്തിന്റെ നെറുകയിൽ ഏവരും ചെന്നെത്തുന്നയിടം ഞാനുമെത്തി… ഇവിടെ ചോ രയിറ്റിയ മാം സം ചൂടോടെ വി ൽക്കപ്പെടുന്നു!..

ഓരോരുത്തരുടേം ഡിമാൻഡ് ന് അനുസരിച്ച്!” തരം തരമായി ഏതും തിരഞ്ഞെടുക്കാം”!!മുഖങ്ങളോരോന്നും എന്നെ കടന്നു പോയി.. ആരിലും തൃപ്തി കൊണ്ടില്ല…എന്നെ മുഴുവനായി പങ്കിട്ടെടുക്കുന്ന ഒരുവളെയാണ് എനിക്ക് വേണ്ടതെന്നു മനസ്സ് പറഞ്ഞു.. പക്ഷെ അവിടെം എനിക്ക് നിരാശ മാത്രമായിരുന്നു ഫലം…!

വഴികൾ പലതരം ഞാൻ പിന്നിട്ടു പോയി.. ദിനങ്ങൾക്കപ്പുറം നഗരത്തിന്റെ ഒരു മൂലയിൽ ഒരു കൂരക്കുള്ളിൽ ഒരുവളെ കാണാൻ ഇടയായി..ഇന്ന് ഈ രാത്രിയിൽ ആ കൂരയിൽ ഇടം കൊള്ളാൻ മനസ്സ് മന്ത്രിച്ചു…

“ഇന്ന് കുറച്ച് ആള് കൂടുതലുണ്ടായിരുന്നു!.. പലരും വന്നതും പോയതും അറിഞ്ഞില്ല!!.. മനുഷ്യനെ ചതച്ചരച്ചു”!! ഇതിലും അല്പം ക്ഷമയില്ലെങ്കിൽ പിന്നെന്തിന് ഈ പണിക്ക് വരുന്നു?? ഒരു ജീവനുള്ളവളെയാണ് ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതെന്ന് ഒരുവനും ഓർക്കില്ല!! വന്ന് കാര്യം നടത്തി പോവ്വാ അത്രേയുള്ളു…!! ഇന്നിനി ഒന്നിനും വയ്യ ഒന്ന് കിടക്കട്ടെ എന്ന് കരുതി ചുരുണ്ടു കൂടാനൊരുങ്ങുമ്പോഴാണ് മാമൻ വീണ്ടും വരുന്നത്… ഒരുത്തനൂടെ വന്ന് കയറീട്ടുണ്ടെന്ന്!..

ഒരു കിഴങ്ങനാണെന്ന് തോന്നുന്നു.. വലിയ പണിയൊന്നും എടുക്കേണ്ടി വരില്ല.. ചിലപ്പോ വലിയ മെച്ചവും ഉണ്ടാവില്ല… എങ്കിലും കിട്ടുന്നത് ആവുമല്ലോ??.. എന്ന് മാമന്റെ വക!….! ഹോ!… എന്തൊരു വിരോതാഭാസം!”” ഒരുങ്ങാനൊന്നും നിന്നില്ല.. കുറച്ചു പൂവ് ചൂടി… നേരത്തോട് നേരം വരുന്നവന് ഇനി കുറേ ഒരുങ്ങിയിട്ടെന്തിനാ??!..

“അവളുടെ ആ മുഖം പാതി മറഞ്ഞിരുന്നു.. എങ്കിലും ഉടയാടകൾ എല്ലാം അങ്ങിങായി കിടന്ന്.. ശരീര ഭാഗങ്ങളോരോന്നും വെളിവായി കാണുന്നു…എനിക്കായി തുറന്നിട്ട പോലെ! ഒരു മണ്ണെണ്ണ വിളക്കിന്റെ തിരിയേ ഉള്ളുവെങ്കിലും എനിക്കത് ധാരാളമായിരുന്നു…! തറയിൽ ഒരു പിന്നിയ പായ നിവർത്തിയിട്ടിരിക്കുന്നു.. അലങ്കാരമായി ഒരു പഴകിയ വിരിപ്പും.. ഇന്ന് നന്നേ മെനങ്ങിയ ക്ഷീണവും അമർഷവും അവളുടെ മുഖത്ത് നല്ലോണം നിഴലിക്കുന്നുണ്ട്!..

“എന്താ പേര്??

“പേരും നാളും അറിഞ്ഞിട്ടെന്തിനാ?? കല്യാണം കഴിക്കുന്നോ??

അടികിട്ടിയ പോലെ മറുപടി വന്നു..

” ഒന്ന് അടുത്ത് വന്നെ, ചോദിക്കട്ടെ..”

“വാചകടിയൊന്നും വേണ്ടാ.. വന്നതെന്തിനോ!? അത് കഴിച്ച് പോവാം..!”

“ഞാൻ വന്നത് എന്തെങ്കിലുമൊക്കെ ഒന്ന് മിണ്ടാനാ…”

“തനിക്കെന്താ വട്ടുണ്ടോ?? പാതിരാക്ക് എന്നെ പോലെ ഒരുത്തിടട്ത്ത് വന്ന് കിന്നാരം പറയാൻ??!..” അവൾ നിന്ന് കത്തുന്ന പോലെ…

അവളുടെ നെ ഞ്ച് ഉയർന്നു പൊങ്ങുന്നുണ്ട്… വിയർപ്പ് കണങ്ങൾ അവളെ വിടാതെ അള്ളിപ്പിടിച്ചിരിക്കുന്നു.. മുടിയിലെ മുല്ലപ്പൂ പോലും തോറ്റുപോയി.. ആ വിയർപ്പിൽ മത്തുപിടിച്ചിരിക്കുന്ന എന്നെ കണ്ട്!! അവളുടെ മിനുസമേറിയ മടിശ്ശീല അവൾക്കൊരു ഭാരമാണെന്ന് എനിക്ക് തോന്നി!.. ഒട്ടിയ കവിളിൽ ചൊമപ്പ് കനത്തിരിക്കുന്നു.. മങ്ങി തുടങ്ങിയ അവളുടെ കരിമഷിയോടൊപ്പം കൺപീലികളും നിദ്ര തൂകാൻ ഒരുങ്ങി നിൽക്കുന്നു… ചുണ്ടുപൊട്ടി അവിടിവിടെ ചോ ര തങ്ങിയിട്ടുണ്ട്.. ഇനിയതിലൂറിയെടുക്കാൻ ഒന്നുമില്ലെന്നവണ്ണം! ബ്ലൗ സ് ന്റെ ഹുക് മേൽകീഴായി നിൽക്കുന്നു.. മാ റിടം ഇടിഞ്ഞു തൂങ്ങിയിരിക്കുന്നു. വയറൊതുങ്ങി കിടക്കാണ്.. ആ വിശപ്പടക്കാൻ അവൾക്കിന്ന് കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു!..

ഞാൻ അവളെ പിടിച്ചു വലിച്ചു എന്റെ അടുത്തിരുത്തി. അവൾ ഒരു ഞെട്ടലോടെ തുറിച്ചു നോക്കി.. ഒന്നും മനസ്സിലാകാഞ്ഞിട്ട് അന്തം വിട്ട് ഇരിക്ക്യ…

“ഇയാൾ ഇതെന്തു പ്രാന്താ കാണിക്കുന്നേ?? കണ്ടിട്ട് കിറുക്ക് ഉണ്ടെന്നൊന്നും തോന്നുന്നില്ല.. മെലിഞ്ഞു വെളുത്ത ചെറിയ കുറ്റിത്താടിയുള്ള മുഖം.. വൃത്തിയില്ലാത്ത വേഷം..പരുക്കനൊന്നുമല്ല.. അയാളുടെ മനസ്സും എവിടൊക്കെയോ അലയാണെന്ന് തോന്നുന്നു… ആ കണ്ണുകൾ തന്നോടെന്തോ പറയാതെ പറയുന്നുണ്ട്…” വെറുതെ ചിന്തകളിൽ കൂനികൂടി ഞാൻ.

“നിവർന്നു നിൽക്കാൻ പോലും ശേഷി ഇല്ലാത്ത നിന്റെ ശരീരത്തിൽ നീയിനി ഇന്ന് എന്നെകൂടി താങ്ങണ്ട…! ഞാൻ വന്നതും അതിനല്ല.. എനിക്കൊന്നും രണ്ടും പറഞ്ഞു മിണ്ടിയിരിക്കാൻ ഒരുവളെ വേണമായിരുന്നു!.. അങ്ങനെയൊരുവളെ തിരഞ്ഞെത്തിയതാ ഞാൻ..!”

“ഇവിടേ തനിക്കതിന് ആളെ കിട്ടിയുള്ളൂ???ശരിക്കും തന്റെ ഉദ്ദേശം എന്താ?? തനിക്കെന്താ വേണ്ടത്?? ഞാനിന്ന് ജലപാനം കഴിച്ചിട്ടില്ല…! ഇനി നേരം പുലരും മുന്നേ വീണ്ടും തുടങ്ങും ഓരോരുത്തന്മാർ വന്ന് കേറി നിരങ്ങാൻ!! അതിനൊന്നു കെടന്നു കൊടുക്കണമെങ്കി എനിക്ക് കുറച്ച് നേരമെങ്കിലും ഒന്ന് കിടന്നുറങ്ങണം!..നിങ്ങൾ ഒന്ന് പോ…”

അയാൾ അയാളുടെ മുഷിഞ്ഞ സഞ്ചിയിൽ നിന്നും ഒരു പൊതി എടുത്തു കൊടുത്തു..

“കുറച്ച് ഭക്ഷണമാണ്.. കഴിച്ചോ”

അവൾ ഇമ ചിമ്മാതെ അയാളെ നോക്കി.. ഒരു പിടച്ചിൽ ചങ്കിൽ കൊണ്ടത് പോലെ… എല്ലാവരും തനിക് വെച്ചുനീട്ടുന്നത് മോഹങ്ങളും വാഗ്ധാനങ്ങളും വേദനകളും നിർവികാരമായ ശരീര സുഖവുമാണ്..! ആദ്യമായിട്ടാണൊരാൾ അല്പം ഭക്ഷണം നീട്ടുന്നത്!.. അത് നിരസിക്കാൻ അവൾക്കായില്ല.. അവൾ കെട്ടടക്കിയ വിശപ്പിന്നാളൽ അപ്പോഴേക്കും മുറവിളി കൂട്ടിതുടങ്ങിയിരുന്നു”””

കഴിച്ച് കഴിയും വരെ അയാൾ എന്നെത്തന്നെ നോക്കിയിരുന്നു.. പതിയെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. പരസ്പരം എന്തൊക്കെയോ സംസാര വിഷയമാക്കി. ഒരുവന്റെ കൂടെ വാക്കുകൾ മാത്രം പങ്കുവെച്ചുള്ളൊരു രാത്രി ജീവിതത്തിലാദ്യം എന്ന് അവൾ ഓർത്തു!..! ഒടുവിൽ അവൾ ചോദിച്ചു.

“ആരെയെങ്കിലും പ്രണയിച്ചിരുന്നോ??”

തെല്ലൊരു വകഭേദമില്ലാതെ മറുപടി വന്നു..

“ഇപ്പോഴും പ്രണയിക്കുന്നു””

“ആരെ???”

“ഒരുത്തിയെ… ഹൃദയത്തിലെ അകത്തളത്തിൽ പണിതു വെച്ച ഒരു സ്വപ്നക്കൂടുണ്ട്.. ആ കൂട്ടിലെ നാല് വേലിക്കുള്ളിൽ പറിച്ചുമാറ്റാനാവാത്ത വിധം കുടിയിരുത്തിയ ഒരുവളുണ്ട്.. അവളെ!ജീവിതത്തിൽ ആകെ കുറച്ച് നിമിഷങ്ങൾ മാത്രം എനിക്ക് സമ്മാനിച്ച് ഒരു വാക്ക് പോലും പറയാതെ എങ്ങോ പോയ ഒരുവൾ!.. ഇന്ന് ഓരോ ചുവടിലും അവളെ തിരഞ്ഞുള്ള യാത്രയാണെന്റെ ജീവിതം..!”

“അവളെ അത്രയും സ്നേഹിക്കുന്നോ???”

“മ്മ്..”

അയാളോടൊരു ആദരവ് തോന്നി. ഞാൻ ചോദിച്ചത് അയാൾ തിരിച്ചെന്നോടും ആവർത്തിച്ചു. ആരെയെങ്കിലും സ്നേഹിച്ചിരുന്നോ???

“ഒന്നല്ല.. മൂന്ന് പേരെ!! ഞാൻ മറുപടി കൊടുത്തു. അയാൾ ഒന്ന് ചിരിച്ചു. എനിക്കതൊരു കുറവായി തോന്നിയില്ല കാരണം ഞാൻ പറഞ്ഞത് സത്യമാണ്..!

“പഠിക്കുന്ന കാലത്ത് അതൊരു ഹരമായി തോന്നി… ഓരോരുത്തരും പ്രണയിച്ച് മത്സരിക്കുമ്പോൾ ഞാൻ മാത്രം പിന്തിരിഞ്ഞൂടാ എന്ന ചിന്ത! പലരെയും നോക്കാം അതിൽ പറ്റിയൊരാളെ മാത്രം തിരഞ്ഞെടുക്കാം എന്ന എന്റെ അതിവിധഗ്ധമായ ബുദ്ധി…

അതിൽ ഒരുത്തൻ ഒരു ചവറായിരുന്നു.. തുടക്കത്തിലേ വേണ്ടെന്ന് വെച്ചു. പിന്നെ വേറൊരുത്തൻ വല്ല്യ കൊണവൊന്നും ഉണ്ടായില്ല.. എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കും വട്ടുകേസ്സാണെന്ന് തോന്നുന്നു.. പക്ഷെ അവനെ എന്റെ കയ്യിലിട്ട് കറക്കാൻ നല്ല രസമായിരുന്നു!” പിന്നെ മറ്റൊരുത്തൻ, അവനായിരുന്നു എന്റെ എല്ലാം.. എന്റെ സ്വപ്നത്തിലെ അതേ പുരുഷൻ.. കളിയും തമാശയും മോഹങ്ങളും പറഞ് എന്നെ ഇക്കിളിപ്പെടുത്തുന്ന എല്ലാ സുഖങ്ങളും തന്ന്.. ഒരു പെണ്ണിന് വേണ്ടതെല്ലാം ചൊരിഞ് എന്നെ സന്തോഷിപ്പിച്ചവൻ..! അവന്റെ കൂടെയാണ് സ്വർഗം എന്ന് കണ്ട് ഞാൻ ഇറങ്ങിത്തിരിച്ചു…. ഇപ്പോഴിതാ ആ സ്വർഗത്തിൽ ഞാൻ ജീവിക്കുന്നു!” കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ!… “

എന്റെ കഥ കേട്ട് കഴിഞ്ഞപ്പോഴേക്കും അയാൾ പോവാൻ ഒരുങ്ങിയിരുന്നു..എന്തോ അയാൾ പോകുന്നതിൽ സത്യത്തിൽ എനിക്ക് വിഷമം തോന്നി.

“ഇന്ന് പോവാതിരുന്നൂടെ?? ഞാൻ ചോദിച്ചു

“ഇല്ലാ പോണം…” ആ കയ്യിൽ ഒളിപ്പിച്ചതെന്തോ പായവിരിപ്പിൽ മടക്കിവെച്ചത് പോലെ എനിക്ക് തോന്നി..

“പണിയെടുക്കാത്തവൾക് കാശ് വേണ്ട..!”

എന്റെ അഭിമാനം ഞാൻ തുറന്നു കാട്ടി.. കുറച്ച് നേരം കൂടി അയാൾ എനിക്ക് കൂട്ടിരിക്കാത്തതിന്റെ വേദനയും എന്റെ വാക്കുകളിലുണ്ടായിരുന്നു…! ഇടം കണ്ണിൽ ഒരു ചെറു പുഞ്ചിരി മാത്രം നൽകി കൊണ്ട് അയാൾ പോയി…അയാളുടെ സാമീപ്യം ഞാൻ ഒത്തിരി കൊതിച്ചെന്ന് തോന്നുന്നു.. ഉള്ളു വല്ലാതെ പിടയുന്നു! ഈ ആണുങ്ങളൊക്കെയും ഇങ്ങനെ തന്നെയാ.. കൊതിപ്പിച് കടന്നുകളയും!!നമ്മൾ മൂക്കുംകുത്തി വീഴുന്നത് വരെ അവർ പിന്മാറില്ല!..!” എന്നോട് തന്നെ പരിഭവം പറഞ്ഞോണ്ടിരുന്നു ഞാൻ…

ഞാൻ പായയിൽ ഒന്ന് കൈ പരതി. അത് നോട്ട് തുണ്ടുകളല്ല എന്ന് മനസ്സിലായി. പിന്നെയെന്താ?? അത് എടുത്തു നോക്കിയതും കൺകോണിൽ എന്തെല്ലാമോ നട്ടം തിരിയുന്നു… ഓർമ്മകൾ എങ്ങോട്ടെന്നില്ലാതെ പായുന്നു…എവിടെയോ എന്നോ മറന്നുവെച്ച ഞാൻ തന്നെയായിരുന്നു അതിലെ മുഖം!! എന്റെ യൗവ്വന കാലത്തിലെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ മുഖം!! ഈ ഫോട്ടോ എവിടെയാണ് കളഞ്ഞു പോയത്?? ഞാനിതാർക്കോ സമ്മാനിച്ചതല്ലേ???..

അതേ…പ്രണയചുഴിയിൽ വീണപ്പോൾ എന്നേ കാണണമെന്നും മിണ്ടണം എന്നും പറഞ്ഞു ശല്യം സഹിക്കാതെയായപ്പോൾ… ഒരു ഫോട്ടോ എങ്കിലും തരണമെന്ന് പറഞ്ഞ് കെഞ്ചി പിന്നാലെ നടന്നപ്പോൾ… വട്ടുകേസെന്നും പറഞ്ഞ് ഞാൻ എന്നും പുച്ഛിക്കുകയും വെറുക്കുകയും ചെയ്തിരുന്ന ആ ഒരുത്തന് അയച്ചു കൊടുത്ത എന്റെ ഫോട്ടോ..!! അന്ന് ഇത് മാത്രമേ എന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളു. എന്റെ ആവശ്യങ്ങൾ നടക്കാൻ വേണ്ടി മാത്രം.. ഒരു ഫോട്ടോ അല്ലെ എന്ന പേരിൽ അയച്ചു കൊടുത്തതാണ്..!! ഇത് അയാളുടെ കയ്യിൽ… അപ്പോൾ… അയാൾ…!..!”???

“അയാളുടെ ഓരോ വാക്കുകളും എന്റെ തലയ്ക്കുള്ളിൽ പ്രഹരം കൊണ്ടു…..നനവ് കെട്ടിയ ആ മിഴിത്തടം….. കൊത്തിവലിക്കുന്ന പോലെ എന്റെ ഹൃദയത്തിലേക്ക് ചൂഴ്ന്നു കൊണ്ടുള്ള ആ നോട്ടം…. “”” ഓർക്കുമ്മ്തോറും ഭ്രാന്ത് പിടിക്കുംപോലെ….ആ ഒരുത്തി….. ഞാനായിരുന്നോ..??!!! ദൈവമേ…..!!!! അകം നുറുങ്ങുന്നല്ലോ……!!! വീണ്ടും ഒരു മഹാ അപരാധം കൂടി എന്റെ തലയിൽ….ഇനിയേത് നരകത്തിൽ ഞാനിതിനു പ്രതിവിധി കാണണം…???എനിക്കറിയില്ലാ….. “” പൊട്ടികരയാൻ പോലും ത്രാണിയില്ലാതായി പോയല്ലോ….!!ഇനിയൊരു നേരത്തേക്ക് പോലും അയാളെ വീണ്ടും കാണാൻ എനിക്ക് കഴിയില്ലാ… എത്രയും വേഗം ഇവിടെ നിന്നും പോണം…. അവൾ തീരുമാനിച്ചുറപ്പിച്ചു… നേരം പുലരുവാനായി അവൾ കാത്തു നിന്നു…. ആ മൺതറയിൽ അവൾ കമിഴ്ന്നടിച്ചു കിടന്നു… കണ്ണീര് കൂട്ടിരിപ്പാക്കികൊണ്ട്…!!!”

നേരം പുലർന്നതും അവൾ പിന്നെ മറുത്തൊന്നും ആലോചിച്ചില്ല. കണ്ണീരൊട്ടിയ കവിൾ നന്നായൊന്നു തുടച്ചു. മനസ്സ് വേച്ചു പോവുകയായിരുന്നു..ഒരു പഴംതുണി കെട്ടും എടുത്തോണ്ട് ഇറങ്ങി… പക്ഷേ… ഉമ്മറപ്പടിയിൽ അയാൾ ഇരിപ്പുണ്ടായിരുന്നു….! കാലുറക്കാതെ അവൾ അവിടെ ഇരുന്നുപോയി….പുറത്തേതോ വിദൂരതയിലേക്ക് നോക്കികൊണ്ട് തന്നെ അയാൾ ചോദിച്ചു.

“”വീണ്ടും ഓടിയൊളിക്കുവാൻ നോക്കുവാണോ?? ഏത് അറ്റം വരെയാണ് ഈ പോക്ക്??? ഇനിയും ഞാൻ നിന്നെ കൈയ്യെത്തി പിടിക്കില്ലെന്ന് നിനക്കുറപ്പുണ്ടോ???? എങ്കിൽ പോകാം എന്നെ കണ്ടുമുട്ടുന്ന നാൾ കണക്ക് കൂട്ടിതന്നെ…!

“ഞാൻ നിന്നെ തേടിയെത്തിയത് നിന്നോട് പക പോക്കാനോ പ്രതികാരം തീർക്കാനോ അല്ലാ..നിന്നെ എന്റെ കൂടെകൂട്ടാനാണ്…!”

അയാളുടെ ആ വാക്കുകൾ എന്നെ ഒത്തിരി തളർത്തിയിരുന്നു…

“കുറച്ച് നാൾ കൊണ്ട് ഞാൻ അനുഭവിച്ച സന്തോഷവും സ്നേഹവും എനിക്ക് തിരികെ തന്നെ വേണം… അതിലാണെന്റെ പ്രാണൻ..! അയാളുടെ തൊണ്ട ഇടറുന്നു!..

“എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടിരുന്നു… ആ മുഖത്ത് നോക്കാൻ പോലും ഞാൻ അർഹയല്ല എന്ന് തോന്നി…. എന്നിട്ടും ഞാൻ ചോദിച്ചു..

” എന്നെ പോലൊരു പെണ്ണിനെ ഇനി നിങ്ങൾക്കെന്തിനാ???? സ്നേഹമെന്തെന്നോ ചതിയെന്തെന്നോ തിരിച്ചറിയാൻ ഉള്ള വിവേകം പോലും ഇല്ലാതെ സർവ്വവും നഷ്ടപ്പെട്ടവളാണ് ഞാൻ…. മറ്റുള്ളവരുടെ സ്വപ്നങ്ങളിൽ ചതി പകർന്നവൾ..യാതൊരു മനോവേദനയുമില്ലാതെ മറ്റുള്ളവരെ കണ്ണീരിലാഴ്ത്തിയവൾ..ഇനിയേതെങ്കിലും ഒരു മൂലയിൽ അഴുകപ്പെട്ട ജഡമായി കിടക്കാനെ എനിക്ക് യോഗ്യതയുള്ളൂ…!! ഇനി എന്തുണ്ട് നിങ്ങൾക് പറയാൻ???

എന്നെ ഒന്ന് നോക്കികൊണ്ട് അയാൾ തുടർന്നു. എന്റെയുള്ളിലെ പേമാരിയിൽ മുങ്ങിതാഴ്ന്നത് നീയല്ലലോ?? ഞാനല്ലേ…

“”ആരോരുമില്ലാതെ ഏതോ അനാദാലയ മുറ്റത്ത് ഉപേക്ഷിക്കപ്പെട്ടവനാണ് ഞാൻ… ജീവിക്കുന്നത് പോലും എന്തിനെന്നറിയാതെ വളർന്നവൻ…ആരുടെയൊക്കെയോ കാരുണ്യത്തിൽ അന്നവും വെള്ളവും മുടങ്ങാതെ കിട്ടി.. പ്രതീക്ഷകളേതുമില്ലാതെയുള്ള പാഴ്ദിനങ്ങൾ.. മരണം വന്ന് കൈത്തൊടും വരെ എങ്ങനെങ്കിലും കാലം കഴിക്കാൻ തീരുമാനിച്ചവൻ..ആ എന്നിലേക്ക് ജീവിക്കാനുള്ള മോഹം തൊടുത്തുവിട്ടവളാണ് നീ…..!” ഒരു മിസ്സ്ഡ് കോളിലൂടെ വന്ന് എന്റെ ജീവിതത്തിന്റെ കടിഞ്ഞാണ് കയ്യിലേന്തി പോയവളാണ് നീ….! ഈ എന്നിലും ജീവനുറ്റ ഒരു മനസ്സുണ്ടെന്ന് ബോധ്യപ്പെടുത്തിയവൾ …ആരോടെങ്കിലും ഒരു വാക്ക് ശബ്ദമിടറാതെ പറയാൻ അറിയില്ലായിരുന്നു എനിക്ക്… ആ എന്നെ സംസാരിക്കാൻ പഠിപ്പിച്ചവളാണ് നീ… ഓരോ കാര്യവും എങ്ങനെ.. എപ്പോൾ.. എന്തെല്ലാം നോക്കി ചെയ്യണമെന്ന് നീയെന്നെ പഠിപ്പിച്ചു… ഞാൻ അന്ന് വരെ ജീവിതത്തിൽ കണ്ട് പോലും പരിചയമില്ലാത്തതെല്ലാം… ഓരോ അനുഭവങ്ങളായി.. അനുഭൂതികളായി.. എന്റെ വാതായനങ്ങളിലേക്ക് വഴിതെളിച്ചവളാണ് നീ… ആത്മാവറിഞ്ഞ പ്രണയിനിയായി നീയെന്നിൽ ഒരു പുതു യുഗം എഴുതിവെച്ചു….!”” നിന്റെ സ്നേഹവും കുറുമ്പും കുസൃതിയും ശകാരങ്ങളും എല്ലാം.. എന്റെ പ്രണയത്തിന് മാറ്റ് കൂട്ടിക്കൊണ്ടേയിരുന്നു….നിനക്കപ്പുറം ഒരു ലോകം എന്റെ മനസ്സിൽ കുറിച്ചിടാൻ എനിക്ക് കഴിയുമായിരുന്നില്ല… ഓരോ നൈമിഷികവും നിനക്ക് വേണ്ടി ഉടലെടുത്തതായിരുന്നു… എന്റെ മനം ഒഴുകിപ്പടർന്നത് നിന്നോടൊപ്പമുള്ള ജീവിതം ദാഹിച്ചു കൊണ്ടായിരുന്നു…!!!

എകാന്തമായൊരു ജീവിതത്തിൽ എന്നെ അറിയാനും സ്നേഹിക്കാനും ഒരുവളെ കിട്ടിയവന്റെ ആനന്ദം നിനക്ക് ഊഹിക്കാൻപോലും കഴിയില്ലാ…! ഒന്ന് കാണാൻ കനവ് കൂട്ടിയിരുന്ന ഞാൻ നിന്റെ ഫോട്ടോ കയ്യിൽ കിട്ടിയ നിമിഷം കരഞ്ഞു പോയി… പലപ്പോഴും ഞാൻ എന്നോട് തന്നെ എന്തിനു ജീവിക്കുന്നു എന്ന് ചോദിക്കുന്നതിനുള്ള ഉത്തരമാണ് എനിക്കന്നേരം കിട്ടിയത്!! നിന്റെയുടല് പേറാൻ.. നിന്നോടലിയാൻ മാത്രം…””

ഒടുവിൽ അത്രയേറെ നിന്നോട് കെഞ്ചി നീ പറഞ്ഞുതന്ന അഡ്രസ്സിൽ നിന്നെ തേടിവന്നപ്പോഴാണ് നീ അന്ന് മറ്റൊരുത്തന്റെ കൂടെ പോയെന്ന വിവരം ഞാനറിയുന്നത്….!!അന്ന് എന്റെയുള്ളിൽ കത്തിക്കയറിയ തീ എന്നെ ജീവനോടെ വെണ്ണീറാക്കുവായിരുന്നു….!! ഒരു തുള്ളി ചോര പൊടിക്കാതെ എന്റെ ജീവനെടുത്തു കൊണ്ട് നീ കടന്നുകളഞ്ഞു…! വിങിപ്പൊട്ടി.. ഉള്ളെരിഞ്… ഞാൻ പതംപറഞ്ഞതും പിറുപിറുത്തതും എവിടെയൊക്കെയോ ഓടിനടന്നതും..എന്തുകൊണ്ടാണെന്നോ?? ഞാൻ ജീവിച്ച് തീർത്ത നിമിഷങ്ങളൊക്കെയും വൃഥാവിലാണെന്ന് വിശ്വസിക്കാൻ എന്റെ ഉൾബോധം പോലും ഒരുക്കമായിരുന്നില്ല… അതോണ്ട് തന്നെ ദ്രവിച്ചു തുടങ്ങിയ ഓർമ്മകളിൽ നിന്ന് നിന്നെ മാത്രം തേടിപ്പിടിച്ച്.. നിർത്താതെ പെയ്ത കണ്ണീരിനെ മറനീക്കി ആരോ കൊണ്ടിട്ട ആ ഇരുളറക്കുള്ളിൽ നിന്ന് ഞാൻ ഇറങ്ങിപുറപ്പെട്ടത് നിന്നോട് ഓടിയടുക്കാനാണ്.. ഒന്നിനും വേണ്ടിയല്ല ഇനിയെങ്കിലും എന്റെ കൂടെ പോരില്ലേ എന്ന് നിന്നോട് യാചിക്കാൻ…!!കിടപ്പുറക്കാതെ ഇരിപ്പുറക്കാതെ അറിയാതെങ്കിലും ഉറങ്ങിപ്പോയി നിന്റെയടുത്ത് എത്താൻ വൈകിയാലോ എന്ന് പേടിച്ചു ഞാൻ കഴിച്ചുകൂട്ടിയ ആ രാത്രിയാണ് അവസാനമായി ഞാൻ സന്തോഷിച്ചത്… ഇന്നലെ നിന്നെയിവിടെ കണ്ടുമുട്ടും വരെ ഉറങ്ങാൻ പോലും എനിക്ക് ഭയമായിരുന്നു അറിയാതെങ്കിലും നീ വീണ്ടും വഴുതിപോവുമോ എന്ന ഭയം….

“കുറ്റബോധം കൊണ്ട് എന്റെ പ്രാണൻ പറിയുംപോലെ… കരയാൻ പോലും ഞാൻ നന്നേ ബുദ്ധിമുട്ടുന്നു.. ആ കണ്ണീര് പോലും എന്റെ മുന്നിൽ മുട്ടുകുത്താൻ മടിക്കുവാണെന്ന് തോന്നുന്നു.. അത്രമേൽ വെറുക്കപ്പെട്ടവളായി ഞാൻ…!”

“ഇങ്ങനെ കണ്ടുമുട്ടാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.. പ്രതീക്ഷിച്ചതുമില്ല.. ഓരോ ആൾക്കൂട്ടത്തിലും.. അകലങ്ങളിലും..നിന്റെ മുഖം തിരഞ്ഞെന്ന് മാത്രം….!!എന്റെ പ്രണയം എന്റെ ധൈര്യമായിരുന്നു…അതുകൊണ്ടാണ്‌ കാലം ഒരുപാട് താണ്ടിയെങ്കിലും ഒടുക്കം ഞാൻ നിന്റടുത്തെത്തിയത്..!”

“ഇനിയും ഞാൻ എങ്ങനെ നിന്നെ പിരിയും???..എന്നെയും നിന്നേയും ഈ ഒരോളത്തിൽ കൊണ്ടെത്തിച്ച് നമ്മുടെ പ്രണയം നമുക്ക് വേണ്ടി കാത്തുനിൽകുമ്പോൾ നമ്മൾ മാത്രമെന്തിനു പിന്തിരിയണം??? നീ എങ്ങനെ ആരുടെ കൂടെ ജീവിച്ചെന്നൊ ഏത് അവസ്ഥയിലായെന്നോ എനിക്ക് അറിയണ്ട…ഒരുപക്ഷെ നീ വിരൂപയായിരുന്നെങ്കിലും എന്റെ എല്ലാമെല്ലാമായേനെ….എന്റെ അന്തരങ്ങളിലേക്ക് കൂട്ടിച്ചേർത്തുവെക്കാൻ… എന്റെ ഹൃദയത്തോട് പകുക്കാൻ ഇന്ന് നിനക്കൊരു മനസ്സുണ്ടെങ്കിൽ… നിനക്കെന്റെ കൈപിടിക്കാം…!””

“ആ നെഞ്ചിലേക്ക് ഇറുകെപ്പുണരാൻ ഒരു നിമിഷമെ വേണ്ടിവന്നുള്ളു… അകം വെമ്പിയതെല്ലാം കണ്ണീരായി ആ നെഞ്ചിൽ പറ്റിപ്പിടിച്ചു… ഇനിയങ്ങോട്ട്.. ചെയ്തു പോയ തെറ്റിന് മറുപുറമെന്നോണം..കടമായി ഈ ജീവിതമെങ്കിലും ബാക്കിവെക്കണം…അതിലേറെ ഞാൻ നഷ്ടപ്പെടുത്തിയ ഈ സ്നേഹം അതിന്നിരട്ടിയായി എനിക്ക് അനുഭവിച്ചെടുക്കണം…ഈ ഹൃദയത്തിലെ ഇനിയും എഴുതാത്ത കവിതകളിൽ… ഓരോ വരിയായി എനിക്ക് കൂടിച്ചേരണം…”” എന്റെ ഉടലിൽ മാറിമറിയുന്ന ഋതുക്കളിൽ നിന്റെ ശ്വാസം കൊണ്ട് ഉതിരുന്ന ഓരോ കാവ്യങ്ങളായി തന്നെ…!! ആ ചുണ്ടിൽ മുറ്റി യതൊക്കെയും എന്റെ മൂ ർദ്ധാവിൽ പടരുന്നത് ഞാൻ അറിഞ്ഞു..!”””

( കുറെ നാൾക്ക് ശേഷം വീണ്ടും ഒരു സ്റ്റോറി എഴുത്തണമെന്ന് തോന്നി. ഒരു സിമ്പിൾ സബ്ജെക്ട് ഞാൻ എന്റെതായ രീതിയിൽ എഴുതിയെന്ന് മാത്രം. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. ഒത്തിരി സ്നേഹത്തോടെ)