പുണ്യം
രചന: Vijay Lalitwilloli Sathya
“മാഡം ഈ കൊച്ചു മതി”
ഒരുപാട് കൊച്ചുകുട്ടികളുടെ ഇടയിൽ നിന്നും മീനു മോളുടെ മുഖം മിയായ്ക്ക് ഇഷ്ടമായി..
ഭർത്താവു അഭിയേട്ടനു മൊത്ത് ഓർഫനേജിൽ കുട്ടിയെ ദത്തെടുക്കാൻ വന്നതായിരുന്നു മിയ
വിവാഹം കഴിഞ്ഞ് ഏഴുവർഷമായി കുട്ടികളില്ല. പല ടെസ്റ്റ്കളുംചെയ്തു.ഐ വി എഫ്നു പോലും സാധ്യത ഇല്ലാത്തവിധം യൂ ട്രസിന് തകരാറു ഉണ്ടത്രേ!
അതോടെ ചികിത്സയും നിർത്തി. അഭി ദത്തെടുക്കാം എന്ന് ആശയം മുന്നോട്ടുവച്ചപ്പോൾ സന്തോഷമായി മിയായ്‌ക്ക്.
ഒരുപാട് അനാഥാലയങ്ങളിൽ അന്വേഷിച്ചപ്പോൾ ഇൻഡിമിനിറ്റി ബോണ്ട്, പ്രോപ്പർട്ടി രജിസ്റ്റർ, സുരക്ഷാ ഇൻഷുറൻസ് തുടങ്ങിയ പല തടസ്സവാദങ്ങൾ അവരെ അലസോരപ്പെടുത്തി .
ഒടുവിൽ ഈ ഓർഫനേജിൽ അവസരം തെളിഞ്ഞുവന്നു. അവർക്ക് വേണ്ട പേപ്പേഴ്സ് ഒക്കെ റെഡിയാക്കി നൽകി.
ഇന്നാണ് വിളിക്കുന്നത് കുഞ്ഞിനെ സെലെക്ട് ചെയ്യാൻ. അവിടെ ചെന്ന് ഓരോരോ കുട്ടികളെ നോക്കുകയാണ് മിയ.
ഒന്നാംക്ലാസിൽ പഠിക്കുന്ന മീനു മോളെ അവൾക്ക് ഇഷ്ടപ്പെട്ടു..
സിസ്റ്റർ മീനുവിനെയും കൂട്ടി മുന്നിൽ വന്നു. മിയ ചിരിച്ചപ്പോൾ മീനു ഭയം കൊണ്ട് സിസ്റ്ററിന്റെ പിറകിൽ പോയി ഒളിച്ചു. മിയ പതുക്കെ തലയിട്ട് മീനുമോളെ നോക്കി വീണ്ടും ചിരിച്ചു. അതുകണ്ടപ്പോൾ മീനുമോളും ചിരിച്ചു. മിയ മീനുമോൾടെ അടുത്തുപോയി മുട്ടുകുത്തി നിന്നു അവളുടെ മുഖം നോക്കി പുഞ്ചിരിച്ചു. അവളും അത് കണ്ടു പുഞ്ചിരിച്ചു.മിയ അവളെ കെട്ടിപ്പിടിച്ചു.
മീനു മോൾക്ക് സന്തോഷമായി. തുടർന്ന് എല്ലാം പെട്ടെന്നായിരുന്നു പേപ്പറുകളിൽ ഒക്കെ രണ്ടു പേരുംചേർന്ന് ഒപ്പിട്ടു കൊടുത്തു. മിയയും അഭിയും മീനുമോളെയും കൊണ്ട് കാറിൽ വീട്ടിലേക്ക് തിരിച്ചു
അഭി ഓർക്കുകയായിരുന്നു. മിയയ്ക്ക് ബാംഗ്ലൂർ പഠിക്കുന്ന കാലത്തു ഒരു പ്രേമം ഉണ്ടായിരുന്നു. ആ ബന്ധത്തിൽ അവൾ ഗർഭിണി ആയി. വിവരമറിഞ്ഞു കോളേജ് പ്രൊഫസറായ അമ്മ വിമലാദേവി ബാംഗ്ലൂർക്ക് വെച്ചു പിടിച്ചു.
ഡെലിവറിക്ക് ശേഷം മിയയും കുഞ്ഞുമായി വരുന്ന വഴിയിൽ ആ കുഞ്ഞിനെ ഒരു അനാഥാലയത്തിൻറെ തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു.വിവാഹ ശേഷം ആണ് താനീ വിവരം അറിയുന്നത്.
വളരെ ശ്രമപ്പെട്ടു ആ കുഞ്ഞിനെ താൻ കണ്ടെത്തി അതിന്റെ ചിലവുകൾ വഹിച്ചു വളർത്തുകയായിരുന്നു.
മിയാക്ക് ഇക്കാര്യം അറിയില്ല. തികച്ചും പരിചയമില്ലാത്ത ഒരു കുഞ്ഞിനെ ദത്തു എടുക്കുന്നതിനേക്കാൾ നല്ലത് മീനു മോൾ തന്നെ മതിയെന്നു തോന്നി.
തന്റെ മിയായുടെ കുരുന്നല്ലേ, അതിനെ അതിന്റെ മാതാവിനോട് ചേർക്കുന്ന പുണ്യം മതി തനിക്ക് ഈ ജന്മം ആശ്വസിക്കാൻ!!മിയയെ അത്ര ഏറെ താൻ സ്നേഹിക്കുന്നു.
❤❤