ബസിൽ നിന്നു ഇറങ്ങേണ്ട സമയം സ്വപ്നലോകത്ത് നിന്നു പുറത്ത് വരാത്തതിനാൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോ വിളിച്ചു വരിക എന്നത് എന്റെ സ്ഥിരം കലാപരിപാടി ആകുന്നു.

മറവിരോഗം

രചന: Daniya Najiha

ഇതൊരു അനുഭവകഥയാണ്. ജനിച്ചു വീണത് മുതൽ ഞാൻ അനുഭവിക്കുന്ന ഭീകരമായ പ്രശ്നമാണ് ഇതിവൃത്തം. മറവി എന്ന് അതിനെ വിളിക്കാമോ എന്നറിയില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു തരം അബോധാവസ്ഥ. എന്തു ചെയ്യുമ്പോഴും മനസ്സിന് ചിന്തിക്കാൻ 100 കൂട്ടം കാര്യങ്ങളുണ്ടാവും. ഒരു ബസ്സിൽ കയറി എന്ന് കരുതുക. അപ്പുറത്തുള്ള ബസ്സിന്റെ ബോർഡിൽ “കോഴിക്കോട് ” എന്നെഴുതി കാണും. ഞാൻ കോഴിക്കോടൻ ഹൽവയെ കുറിച്ചാലോചിക്കും.. കഴിഞ്ഞ വട്ടം കോഴിക്കോട് ബീച്ചിൽ പോയതോർക്കും.. കോഴിക്കോട് ബീച്ച് ആണോ തിരുവനന്തപുരം ബീച്ച് ആണോ നല്ലത് എന്ന് അനലൈസ് ചെയ്യും… ചുരുക്കി പറഞ്ഞാൽ പരശുരാമന്റെ മഴുവിന്റെ കളർ വരെ ആലോചിക്കുമ്പോഴാവും കണ്ടക്ടറുടെ വരവ്.

“എങ്ങോട്ടാ? “

ഞാൻ ആരാണ് എന്ന് പോലും ഓർമയില്ലാതെ ഇരിക്കുന്ന ഞാൻ.

“അത് പിന്നെ… വ… വ.. വാണിയമ്പലം.”

വളരെ സ്പീഡിൽ കാശ് വാങ്ങി ടിക്കറ്റ് നൽകുന്ന കണ്ടക്ടർ ഒരു നോട്ടം നോക്കും.

ഇനി ആ കടമ്പ കഴിഞ്ഞെന്ന് വെച്ചോളൂ, ബസിൽ നിന്നു ഇറങ്ങേണ്ട സമയം സ്വപ്നലോകത്ത് നിന്നു പുറത്ത് വരാത്തതിനാൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോ വിളിച്ചു വരിക എന്നത് എന്റെ സ്ഥിരം കലാപരിപാടി ആകുന്നു. പാരമ്പര്യമായി എന്റെ കുടുംബത്തിൽ ചിലർക്കൊക്കെ ഈ അസുഖം ഉള്ളതുകൊണ്ടും പഠനത്തിൽ മോശമല്ലാതിരുന്നതിനാലും വീട്ടുകാരും നാട്ടുകാരും ഇക്കാര്യം വല്ലാതെയങ്ങു ശ്രദ്ധിച്ചിരുന്നില്ല. ഓരോ അബദ്ധങ്ങൾ കഴിയുമ്പോഴും ആ രഹസ്യം എന്റെ കൂടെ മണ്ണിൽ അലിഞ്ഞോട്ടെന്നു വെച്ച് ഞാനും ആരോടും പറഞ്ഞില്ല.

അങ്ങനൊക്കെ അങ്ങ് പോവുമ്പോൾ ആണ് ഞാൻ ഒരു ഹിമാലയൻ ബോധക്കേട് കാണിക്കുന്നത്. ബിടെക്കിനു പഠിക്കുന്ന സമയം. ബോധക്കേടിനൊപ്പം അല്ലർജിയും എന്റെ കൂടപ്പിറപ്പായിരുന്നു. തുമ്മലും ജലദോഷവും കൂടുമ്പോൾ “Montair LC” എന്ന മരുന്ന് കഴിക്കും. അങ്ങനെ തുമ്മി തുമ്മി, പണ്ടാരമടങ്ങിയ ഒരു വൈകുന്നേരം ഞാൻ മരുന്ന് വാങ്ങാൻ ഹോസ്റ്റലിൽ നിന്നു പുറപ്പെട്ടു. മെഡിക്കൽ ഷോപ്പിലേക്ക് 10 മിനുട്ട് നടക്കാനേ ഉള്ളു. നടന്നോണ്ടിരുന്നപ്പോൾ എപ്പോഴത്തെയും പോലെ ഞാൻ അഗാധമായ ചിന്തയിലാണ്ടു. മൂന്നാം ലോകമഹായുദ്ധത്തിൽ ഏതൊക്കെ ടീം ഉണ്ടാവുമെന്നും അതിന്റെ പര്യവസാനം എന്താകുമെന്നൊക്കെ ചിന്തിച്ചു നടക്കുമ്പോഴേക്ക് മെഡിക്കൽ ഷോപ്പിൽ എത്തി.

“Montair LC… ഒരു 10 എണ്ണം”

അവിടെ ഇരുന്ന അത്യാവശ്യം പ്രായമുള്ള ഫർമസിസ്റ് മനസ്സിലാവാത്ത പോലെ എന്നെ നോക്കി. ഇയാൾ എന്താ പൊട്ടനാണോ എന്നാലോചിച്ച് ഞാൻ ഒന്നൂടെ മരുന്നിന്റെ പേര് പറഞ്ഞു. അപ്പോൾ എന്റെ ഹൃദയം കീറിമുറിച്ചുകൊണ്ട് അയാളുടെ അടുത്ത ചോദ്യം.

“Monocco ബിസ്ക്കറ്റ് ano”

കുറച്ചു നേരം ഞാൻ വണ്ടറടിച്ച് “ഇയാൾ എന്ത് തേങ്ങയാ ഈ പറയണേ ” എന്നുള്ള എക്സ്പ്രെഷൻ ഇട്ടു നിന്നു.

പിന്നെയാണ് ഞാൻ ആ കട ശരിക്കും ഒന്ന് നോക്കിയത്. എന്റെ തൊട്ടുമുന്നിലായി ഒരു വാഴക്കുല തൂങ്ങി കിടക്കുന്നു. അതിനപ്പുറത്ത് ചിപ്സ്, മിക്‌സ്ചർ, തേൻ മിട്ടായി വിക്സ് ഒക്കെ. മെഡിക്കൽ ഷോപ്പ് ന്റെ അടുത്തുള്ള ചെറിയൊരു ബേക്കറിയിലാണ് ഞാൻ മരുന്ന് വാങ്ങാൻ ചെന്നത്.

ആ കടക്കാരൻ എന്നെ നോക്കി അന്തം വിട്ടു നിൽകുമ്പോൾ “ഇത്രേം ഗതികെട്ടവളായിട്ട് ആരേലും ഉണ്ടാവുമോ ഈ ലോകത്ത്” എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ അവിടുന്ന് ഒരൊറ്റ പോക്കങ്ങു വെച്ച് കൊടുത്തു.

അതിനു മുൻപും ശേഷവും എത്രയെത്ര സംഭവങ്ങൾ. ഓരോ അബദ്ധങ്ങളിൽ നിന്നു അടുത്തവയിലേക്ക് ഞാൻ എന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. ബൈ ദ ബൈ നിങ്ങളുടെ അഭിപ്രായത്തിൽ മൂന്നാം ലോക മഹായുദ്ധം ഈ അടുത്ത കാലത്തെങ്ങാനും വരുമോ?