ഓർമ്മകളുടെ നീർച്ചുഴികൾക്കിടയിൽ പെട്ട് നിലാവിനോടൊപ്പമങ്ങനെ അലയുകയായിരുന്നു അയാളുടെ മനസ്സ്…

സലവാസിലെ പരവതാനികൾ

രചന: Daniya Najiha

സ്റ്റീൽ പാത്രത്തിൽ നിർത്താതെയുള്ള മുട്ടുകൾ കേട്ടാണ് അലക്സ് രാവിലെയെഴുന്നേറ്റത്. കണ്ണ് തിരുമ്മി ചെന്ന് നോക്കിയപ്പോൾ ഒരു പെൺകുട്ടിയാണ് . റാംജിയുടെ മകളായിരിക്കണം. ചുവപ്പിൽ മഞ്ഞപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന സാരി പോലൊരു വേഷം അണിഞ്ഞിട്ടുണ്ട്.

“ഖാബാ.. ആ ” മർവാരി ഭാഷയിൽ അവൾ എന്തോ പറഞ്ഞു.

മനസ്സിലാകാതെ ഒരു നിമിഷം അയാളങ്ങനെ നിന്നു. ഏകദേശം പതിനാലു വയസ്സ് തോന്നിക്കുന്ന പെൺകൊടി. ഇരുനിറത്തിൽ മെലിഞ്ഞ ശരീരത്തിലിരുന്ന് നീണ്ട രണ്ട് കണ്ണുകൾ നിഷ്കളങ്കമായി പുഞ്ചിരിച്ചു. കൈകൾ കൊണ്ട് ആംഗ്യം കാണിച്ച് അവൾ വീണ്ടും പറഞ്ഞു,

“ഘാനാ.. ആ.. “

മുഖം കഴുകി അയാൾ ഭക്ഷണം കഴിക്കാനിരുന്നു. പെൺകുട്ടി അയാളുടെ മുന്നിലേക്ക് ചപ്പാത്തിയും കൂടെ തൈരും അച്ചാറും നീക്കിവെച്ചു. ഒരു ചെറിയ കുടത്തിൽ കുറച്ച് വെള്ളവും. വെള്ളം വളരെ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്നയാൾ അവിടെയെത്തിയ ആദ്യ ദിവസം തന്നെ മനസ്സിലാക്കിയതാണ്. അതിരാവിലെ ഗാവിലെ പെണ്ണുങ്ങളെല്ലാം രണ്ടും മൂന്നും കുടങ്ങൾ തലയിലേറ്റി ദൂരെയുള്ള കുഴൽക്കിണറിൽ നിന്നും നിറച്ചാണ് സലവാസിൽ വെള്ളമെത്തിക്കുന്നത്.

ഇന്നലെ എപ്പോഴാണുറങ്ങിയതെന്നോർക്കാൻ അലക്സ് ശ്രമിച്ചു. ഓർമ്മകളുടെ നീർച്ചുഴികൾക്കിടയിൽ പെട്ട് നിലാവിനോടൊപ്പമങ്ങനെ അലയുകയായിരുന്നു അയാളുടെ മനസ്സ്.

നാട്…വീട്… ഒക്കെയും സ്വപ്നം പോലെ അന്യമായി തോന്നി അലക്സിന്. മരണക്കിണറിനുള്ളിലെ അഭ്യാസം പോലെ വിരസതയിൽ കുതിർന്ന നാളുകളിൽ നിന്ന് മോചനം തേടിപ്പുറപ്പെടുമ്പോൾ എങ്ങോട്ടെന്നറിയില്ലായിരുന്നു. ഒരു നിമിഷത്തിന്റെ ബലത്തിൽ അന്ന് കിട്ടിയതൊക്കെയെടുത്ത് വീട്ടിൽ നിന്നുമിറങ്ങി

എല്ലാ മനുഷ്യരുടെയും ജീവിതം അതുപോലൊരു നിമിഷത്തിന്റെ ഘടികാരത്തിൽ ചേർന്ന് സ്പന്ദിക്കുന്നു… ആ നിമിഷത്തിന്റെ മുനമ്പിലവർ സ്വയം കണ്ടെടുക്കുന്നു…

എത്ര യാദൃശ്ചികമായാണ് “ചേതന”യിലെത്തിപ്പെട്ടത്!! ഇന്ത്യയിലെ കുഗ്രാമങ്ങളിൽ വിദ്യാഭ്യാസമെത്തിക്കാൻ പരിശ്രമിക്കുന്ന ഈ എൻജിഒയെക്കുറിച്ചറിഞ്ഞത് ഒരു സുഹൃത്ത് വഴിയാണ് .അന്നവിടെ ജോയിൻ ചെയ്യുമ്പോൾ കുറച്ച് കാലത്തേക്കെങ്കിലും ജീവിതത്തിലൊരു മാറ്റം വേണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. മാറ്റങ്ങളില്ലാത്ത ജീവിതം ഒരു തരത്തിൽ മരണം തന്നെയാണല്ലോ!!

രാജസ്ഥാനിലെ ഈ ഗ്രാമത്തിലെത്തിയപ്പോൾ വളരെ വർഷം പിറകോട്ടു യാത്ര ചെയ്തത് പോലെയാണ് അലെക്സിന് തോന്നിയത്. റാംജി എന്നുപേരുള്ള ഒരാളുടെ വീട്ടിൽ അയാൾക്ക് താമസസൗകര്യമൊരുക്കിയിരുന്നു. വീടെന്നു പറയാനാവില്ല, ഒരു ചെറിയ കുടിൽ. ജീവച്ഛവമായ ഒരു ബൾബ് കത്തിയും മങ്ങിയും ജീവിച്ചു തീർക്കുന്ന ആ ഒറ്റ മുറിവീട്ടിൽ ഒരു ചെറിയ കട്ടിലും മേശയുമിട്ടിരിക്കുന്നു. സഹായത്തിനായി ഗ്രാമവാസിയായ ഓം സദാ സമയം കൂടെയുണ്ട് . ഓം +2 വരെ പഠിച്ചതാണ്. സലവാസിലെ സ്കൂളിന്റെ പ്രധാന നടത്തിപ്പുകാരനാണ് ഓം.

അന്ന് വൈകീട്ട് തന്നെ അലക്സ് ഗ്രാമമുഖ്യന്റെ ഒത്താശയോടെ ഗ്രാമസഭ വിളിച്ചുകൂട്ടി. ആവി പെയ്യുന്ന തണൽമരത്തിനു ചുവട്ടിലിരുന്ന് കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ സ്ഥിരമായിട്ട് സ്കൂളിൽ വിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അയാൾ സംസാരിച്ചു. ഹിന്ദി അറിയാത്തവർക്കായി ഓം മർവാരിയിൽ വിശദീകരിക്കുന്നുണ്ടായിരുന്നു. എല്ലാം കേട്ടതിന് ശേഷം ഗ്രാമമുഖ്യനായ കുനാൽ എഴുന്നേറ്റ് അലെക്സിന് നേരെ തിരിഞ്ഞു.

“പകൽ കുട്ടികളെ സ്കൂളിൽ വിടുക എന്നത് പല വീട്ടിലും ബുദ്ധിമുട്ടാണ്. കുടുംബത്തിലെ എല്ലാവരും ചേർന്ന് നെയ്താലെ “ധൂരി” യുടെ പണികൾ വേഗത്തിലാവുകയുള്ളു. വൈകുന്നേരം ക്ലാസ് നടത്തിയാൽ കൂടുതൽ കുട്ടികൾ വരും…” പച്ചയും മഞ്ഞയും കലർന്ന തലപ്പാവ് ഒന്ന് ശരിപ്പെടുത്തി കരിപിടിച്ച പല്ലുകൾക്കിടയിലൂടെ അയാളത് പറയുമ്പോൾ ഒരു ചുവന്നതുള്ളി മണലിൽ തെറിച്ചു മുങ്ങുന്നത് അലക്സ് കണ്ടിരുന്നു. “ധൂരി” എന്നറിയപ്പെടുന്ന പരവതാനികൾ നെയ്ത് വിറ്റാണ് അവിടെയുള്ള ഒട്ടുമിക്ക കുടുംബങ്ങളും ജീവിച്ചു പോരുന്നത്. പല നിറത്തിലും ഡിസൈനിലുമുള്ള ധൂരികൾ നെയ്യുന്നതിൽ ഗാവിലുള്ള കൊച്ചു കുട്ടികൾ പോലും പ്രാവീണ്യം നേടിയിട്ടുണ്ട്. അവർ ധൂരി നെയ്ത്തുകാരായി ജനിക്കുന്നു.. ജീവിക്കുന്നു.. ധൂരികൾ നെയ്ത് തന്നെ മരണമടയുന്നു.

അന്ന് രാത്രി ഭക്ഷണം കൊണ്ട് വന്ന റാംജിയുടെ മകൾ അയാളോട് മുറിഹിന്ദിയിൽ നന്ദി പറഞ്ഞു..

“സ്കൂൾ എനിക്കിഷ്ടമാണ്. പെൺകുട്ടികൾ പോവുന്നത് കുടുംബത്തിന് ശാപമാണെന്നായിരുന്നു പപ്പാജി പറയാറ്. നിങ്ങളുടെ സംസാരം കേട്ട് പപ്പാജി നാളെ മുതൽ സ്കൂളിൽ പൊയ്ക്കോളാൻ പറഞ്ഞിട്ടുണ്ട്.”

“നാം ക്യാ? “

“ഹിമാനി.. “

പാടപോലെ നേർത്ത ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ ഓടിമറഞ്ഞു.

ഈവെനിംഗ് സ്കൂൾ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കുട്ടികളുടെ എണ്ണം കൂടിവന്നു. ഗ്രാമീണരൊക്കെയും “സോർ ” എന്നാണയാളെ വിളിക്കുന്നത്. അവിടെയുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് ഹിമാനിക്ക് പഠിക്കാൻ വളരെ ഉത്സാഹമുണ്ട്. സ്കൂൾ കഴിഞ്ഞു വന്നാലും ഒരുപാട് നേരമിരുന്ന് ഉറക്കെ വായിക്കുന്നത് കേൾക്കാം. ഇടക്കിടെ അയാളോട് സംശയങ്ങൾ ചോദിക്കും.

“സോർ പ്രജാപതിയാണോ? “

ദക്ഷന്റെ പിൻതലമുറക്കാരാണ് തങ്ങളെന്ന് വിശ്വസിക്കുന്നവരാണ് അവിടുത്തെ ഗ്രാമവാസികൾ. പ്രജാപതികൾ എന്നവർ സ്വയം വിശേഷിപ്പിക്കുന്നു.

അലക്സ് അല്ലെന്നു തലയാട്ടി…

“ബ്രാമിൺ? ജൈൻ?” അതിനപ്പുറമുള്ള വിഭാഗങ്ങളെക്കുറിച്ചോ വിഭജനങ്ങളെക്കുറിച്ചോ യാതൊരറിവും ഹിമാനിക്കില്ല.

“എനിക്ക് ദൈവത്തിൽ വിശ്വാസമില്ല “

“ഭഗവാൻ… ” അവൾ അരുതാത്തതെന്തോ കെട്ട മട്ടിൽ അകത്തേക്കോടിപ്പോയി.
പിറ്റേന്ന് ഉറക്കമെഴുന്നേറ്റ അലക്സ് കണ്ടത് അയാളുടെ കട്ടിലിന്റെ അരികിൽ, തുറന്നിട്ട ജനാലക്കരികിൽ ചാരി വെച്ചിരിക്കുന്ന ശിവന്റെ ചിത്രമാണ്. അതെങ്ങനെ അവിടെ വന്നു എന്നതിൽ അയാൾക്ക് സന്ദേഹമൊന്നുമില്ലായിരുന്നു. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയതും ഹിമാനി ഓടിപ്പോകുന്നത് കണ്ട് അലെക്സിന് ചിരി വന്നു. അയാളുടെ കാര്യങ്ങളിൽ അവൾക്കൊരു പ്രത്യേക ശ്രദ്ധയുണ്ട്. അയാൾക്ക് വേണ്ട വെള്ളം അവൾ രാവിലെ തന്നെ കുടങ്ങളിൽ നിറച്ചു വെക്കും. കൃത്യമായ ഇടവേളകളിൽ ഭക്ഷണമെത്തിക്കും. അയാൾ കഴിക്കുന്നുണ്ടോ എന്ന് വീട്ടിലെ ജനാലയിലൂടെ ഒളികണ്ണിട്ട് നോക്കി ഉറപ്പുവരുത്തും. മറഞ്ഞിരുന്നും തെന്നിമാറിയും ഹിമാനി അയാളെ കരുതലോടെ ശുശ്രൂഷിച്ചു പോന്നു .

അങ്ങനെയിരിക്കെ ഗ്രാമത്തിൽ ശൈത്യം വന്ന് പിണഞ്ഞു. ആദ്യം മെല്ലെയും പിന്നെ വേഗത്തിലും അത് ഗ്രാമത്തെ കീഴടക്കുകയായിരുന്നു. തണുപ്പിന്റെ പുതപ്പിനുള്ളിൽ അവിടമൊന്നാകെ വിറച്ചു മരവിച്ചു. ക്ലാസ്സിൽ വരുന്ന കുട്ടികളുടെ എണ്ണവും നാൾക്കുനാൾ കുറഞ്ഞു വന്നു. നീർക്കുമിളയുടെ ലാഘവത്തോടെ ദാരിദ്യം സലവാസിലങ്ങനെ പറന്നു നടന്നു. ചുമയും വലിവും കാരണം റാംജിക്ക് “ധൂരി ” നെയ്യാൻ കഴിയാതായിരിക്കുന്നു. പല ദിവസങ്ങളിലും ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു വരുന്നത് അലക്സ് ശ്രദ്ധിച്ചിരുന്നു. റാംജിയുടെ സമ്മതത്തോടെ പകൽ സമയങ്ങളിൽ അയാളും മാ ജി യുടെയും ഹിമാനിയുടെയും കൂടെ നെയ്ത്തിൽ പങ്കു ചേർന്നു .

“സോർ സലവാസിലെ കല്യാണം കണ്ടിട്ടില്ലല്ലോ!!? ” ഒരിക്കൽ ഹിമാനി അയാളോട് ചോദിച്ചു. നൂലുകൾ ഇഴയടുപ്പിക്കുന്നതിൽ വാപൃതനായിരുന്നു അലക്സ് അപ്പോൾ.

“ചുവന്ന പരുത്തിനൂലുകൾ കൊണ്ട് നെയ്ത് സ്വർണ്ണനിറത്തിലുള്ള പൂക്കൾ തുന്നിപ്പിടിപ്പിച്ച പ്രത്യേകതരം ഷാൾ കല്യാണ ദിവസം വധു വരനെ അണിയിക്കും. ‘കൻവാർ ഖുല്ല’ എന്നാണതിന്റെ പേര്. നിറഞ്ഞ മനസ്സോടെ വരന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ച് ഈ ആചാരം അനുഷ്ഠിക്കുന്ന പെൺകുട്ടികൾ ദീർഘസുമംഗലികളായിരിക്കും എന്നാണ് സ്വാമിജി പറയാറ്.. “

“വിവാഹം കഴിഞ്ഞ സ്ത്രീകൾ ഖൂൻഘട്ട് കൊണ്ട് മുഖം മറയ്ക്കും.. മാജിയെപ്പോലെ…” സലവാസിലുള്ള സ്ത്രീകളധികവും സാരിയുടെ അഗ്രം കൊണ്ട് മുഖം മറക്കുന്നവരാണ് . ഭർത്താവിനോടുള്ള സ്നേഹത്തിന്റെ ചിഹ്നമെന്നോണം ഗ്രാമവാസികൾ ഖൂൻഘടട്ടിനെ അംഗീകരിച്ചു പോരുന്നു.

മരത്തണ്ടിലേക്ക് വലിച്ച് കെട്ടിയ ഊടിലേക്ക് അവൾ ഖനമുള്ള പരുത്തി നൂലുകൾ നെയ്തു ചേർത്തു.

“ഹിമാനിക്ക് പഠിച്ചിട്ട് ആരാകാനാണ് താല്പര്യം? “

അവൾ തെല്ലുനേരം ഒന്നാലോച്ചിച്ചു.

“സോർ നെ പോലെ ആയാൽ മതി. എന്നിട്ട് ഞാൻ ഗാവിലെ കുട്ടികളെ പഠിപ്പിക്കും “
ഒരുൾപ്രേരണയെന്ന പോലെ പെട്ടെന്ന് തന്നെയവൾ വാ പൊത്തി.

“മാ ജി കേട്ടാൽ അടികിട്ടും. ഞാൻ ഭർത്താവിനെ നന്നായി നോക്കുന്ന പെണ്ണവണം എന്നാണ് മാ ജിയുടെ ഇഷ്ടം. “

“ഭർത്താവ് ഉപേക്ഷിക്കുന്ന പെണ്ണുങ്ങൾ ഗാവിന് ദുശ്ശകുനമാണ്. അവരെ ബന്ധു വീട്ടിലേക്കോ കല്യാണങ്ങൾക്കോ ക്ഷണിക്കില്ല. അവരെ കണ്ടാൽ തന്നെ മറ്റുള്ളവരുടെ ഐശ്വര്യം ഇല്ലാതാവും “

അവളുടെ സ്വരത്തിൽ ഉൽകണ്ഠ നിറഞ്ഞിരുന്നു. പതിനാലാം വയസ്സിൽ അവളെ വേവലാതിപ്പെടുത്തുന്ന കാര്യങ്ങൾ കേട്ട് അലക്സിന്റെ മനസ്സിൽ ഒരേ സമയം അത്ഭുതവും നോവും പടർന്നു.

“ഹിമാനിക്ക് എന്റെ നാട് കാണാൻ താല്പര്യമുണ്ടോ? ” വിഷയത്തിൽ നിന്നും തെന്നിമാറാൻ എന്നവണ്ണം അലക്സവളോട് ചോദിച്ചു.

“നിങ്ങളുടെ നാട്ടിൽ എന്തൊക്കെയുണ്ട്? “

“വലിയ കെട്ടിടങ്ങളുണ്ട്, കടലുണ്ട്, പുഴയുണ്ട്, മഴയുണ്ട്, നിറയെ മരങ്ങളുണ്ട്, നല്ല ഭംഗിയുള്ള പൂന്തോട്ടങ്ങളുമുണ്ട്..വെള്ളം ഒക്കെ വീട്ടിലേക്ക് നേരിട്ട് വരും. വേറെ ഒരു ലോകം തന്നെയാണ്.. “

അവൾ കൗതുകത്തോടെ കേട്ടിരുന്നു.താല്പര്യമുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. ഉണ്ടായാലെന്ത്, ഇല്ലെങ്കിലെന്ത്‌ !! അലക്സ് അവൾക്കൊരുപാട് കഥകൾ പറഞ്ഞുകൊടുക്കും. ലോകത്തിലെ മഹാന്മാരായവരുടെയും ഉന്നതിയിലെത്തിയ സ്ത്രീകളുടെയെല്ലാം ചരിത്രങ്ങൾ അസംഖ്യം ധൂരികൾക്കൊപ്പം അയാൾ അവളിലേക്ക് നെയ്ത് ചേർത്തു. അവളെല്ലാം ശ്രദ്ധയോടെ കേട്ടിരിക്കും, ഇടക്കിടെ അവൾക്കറിയാവുന്ന കഥകളൊക്കെ പ്രത്യേകമായ ശബ്ദവ്യതിയാനങ്ങളോടെ അലെക്സിനെ പറഞ്ഞു കേൾപ്പിക്കും.

“സോർ… ഞങ്ങൾ പ്രജാപതികൾ പണ്ട് ധനികരായിരുന്നു.”

“എന്നിട്ട്? “

അയാൾ അങ്ങേയറ്റം ആകാംഷയുള്ളതു പോലെ ചോദിക്കും. അതുകാണുമ്പോൾ കഥ പറയാനുള്ള ഹിമാനിയുടെ ആവേശം പതിന്മടങ്ങ് വർധിക്കും.

“ദക്ഷപ്രജാപതി പണ്ടൊരു മഹായാഗം നടത്തി. സകല ദേവകളും മുനിമാരും പങ്കെടുത്ത സത്രയാഗം. അവിടെ വെച്ച് എന്തോ കാര്യത്തിൽ കോപിഷ്‌ടനായ ദക്ഷൻ പരമശിവനെ അപമാനിക്കാനിടയായി. അതിൽ മനം നൊന്ത് ശിവവാഹനമായിരുന്ന നന്തി ദക്ഷനെ ശപിച്ചു. അങ്ങനെയാണ് പ്രജാപതികൾക്ക് ദാരിദ്ര്യം വന്ന് ഭവിച്ചത്. ഇന്നും ആ ശാപത്തിൽ നിന്നും ഞങ്ങൾ മുക്തരായിട്ടില്ല. “

അവളുടെ ശബ്ദത്തിൽ വ്യസനം നിഴലിച്ചു.

” ദൈവത്തെ നിന്ദിക്കുന്നവർക്ക് ഒരിക്കലും മോക്ഷം ലഭിക്കില്ലെന്നാണ് സ്വാമിജി പറയാറ്” അവൾ ഒളികണ്ണിട്ട് നോക്കുന്നത് അലക്സ് ഒരു ചെറുമന്ദഹാസത്തോടെ നോക്കി നിന്നു.

ദിവസങ്ങളുടെ നൂലിഴ ചേർത്തുവെച്ച് കാലവും പട്ടുടയാടകൾ നെയ്തുകൊണ്ടിരുന്നു. അയാൾ അവിടെയെത്തിയതിനു ശേഷം ഗാവിലെ സ്കൂൾ പൂർണ്ണമായും പ്രവർത്തിച്ച് തുടങ്ങി. രണ്ട് ടീച്ചർമാർ ജോധ്പുരിൽ നിന്നു വന്നു സ്ഥിരം ക്ലാസ് എടുക്കുന്നുണ്ട്. നിരന്തരമായ ഉൽബോധനങ്ങളിലൂടെ ഗ്രാമീണർക്കിടയിൽ വിദ്യാഭ്യാസത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ അയാൾക്ക് കഴിഞ്ഞിരുന്നു. അലക്സിനോട് പ്രൊജക്റ്റ്‌ അവസാനിപ്പിച്ച് തിരികെ ചെല്ലാൻ “ചേതന”യിൽ നിന്നും വിളിവന്നു. റാംജിയും ഹിമാനിയും സ്‌കൂളും അവിടുത്തെ നാട്ടുകാരുമെല്ലാം അയാളുടെ ജീവിതത്തിന്റെ മരുപ്പച്ചയായിരുന്നു. ഇനി മറ്റേതെങ്കിലും ഗ്രാമത്തിലേക്ക്, പുതിയ ആളുകളിലേക്ക്…പറഞ്ഞറിയിക്കാനാവാത്ത ഒരു നഷ്ടബോധം അയാളെ വേട്ടയാടി. സ്കൂളിലെ അവസാന ദിവസം അയാൾ കുട്ടികളെ ആശംസിച്ചു, നല്ലതു വരട്ടെ എന്നാശിർവദിച്ചു. ഗാവിലാകെ ഒരു തരം മ്ലാനത നിറഞ്ഞു നിന്നിരുന്നു.

ഹിമാനിയന്ന് സ്കൂളിൽ വന്നിരുന്നില്ല. ഭക്ഷണവുമായി മുറിയിൽ വന്നപ്പോളവൾ പറഞ്ഞു,

“സോർ, ഒരു കാര്യം പറയാനുണ്ട് “

“രണ്ടാഴ്ച്ച കഴിഞ്ഞാൽ എന്റെ കല്യാണമാണ്. സോർ വരണം. ഇനി സ്കൂളിൽ വരണ്ട എന്ന് പപ്പാജി പറഞ്ഞു “

അവളുടെ ശബ്ദം ഇടറിയിരുന്നു. വല്ലാത്ത ഒരു നടുക്കം അലക്സിന് അനുഭവപ്പെട്ടു. അയാളുടെ മനസ്സിൽ അവളോട് തോന്നിയിരുന്ന വാത്സല്യവും പഠിക്കാനുള്ള അവളുടെ ആസക്തിയും അയാളെ വേദനിപ്പിച്ചുകൊണ്ടിരുന്നു

“പതി ? “

“ഗാവിന്റെ വടക്കാണ് വീട്. പേര് റാംലാൽ.. 19 വയസ്സുണ്ട്.. ധൂരി നെയ്ത്ത് തന്നെ ജോലി “

അയാൾ തെല്ലു നേരത്തിനു ശേഷം ചോദിച്ചു “ഹിമാനിക്ക് പഠിക്കണ്ടേ? “

അവൾ മൗനിയായി നിന്നതേയുള്ളൂ. അവളുടെ അഭിപ്രായത്തിന് എന്ത് വിലയാണുള്ളത്? !! അവളെപ്പോലുള്ള പെൺകുട്ടികളുടെ വാക്കുകളൊക്കെയും നിർജീവമായി ജനിക്കുന്നവയാണ്. ആരിലും ഒന്നിലും പ്രതിഫലങ്ങളുണ്ടാക്കാതെ മണ്ണിലാഴ്ന്നു പോകുന്നവയുമാണ്.

അലക്സ് മുറിയിൽ നിന്ന് ഒരു പറ്റം പുസ്തകങ്ങൾ എടുത്തുകൊണ്ടു വന്നു.

“സമയം കിട്ടുമ്പോൾ സ്വന്തമായി വായിച്ച് പഠിക്കണം “

തന്റെ അഡ്രസ്സ് ഒരു കടലാസ് കഷ്ണത്തിലെഴുതി അലക്സ് അവൾക്ക് നേരെ നീട്ടി..

” പറ്റുമെങ്കിൽ എനിക്ക് കത്തെഴുതണം, ഫോൺ കിട്ടിയാൽ വിളിക്കണം”

അവൾ എഴുതുകയോ വിളിക്കുകയോ ഇല്ല എന്നയാൾക്കുറപ്പായിരുന്നു. എങ്കിലും കൊടുത്തുവെന്നു മാത്രം.

“ഹിമാനി.. “

“ഹാ.. “

“ഞാൻ നാളെ നാട്ടിലേക്ക് പോവുകയാണ്. ഇനി ഇങ്ങോട്ട് വരുമോ എന്നറിയില്ല.. നന്നായി വരട്ടെ.. “

അവൾ കുറച്ച് നേരം കൂടെ നിശബ്ദയായി അവിടെ നിന്നു. പിന്നെ ഒരായിരം മൗനങ്ങളുടെ അകമ്പടിയോടെ മെല്ലെ തിരിഞ്ഞു നടന്നു.

അലെക്സിന് അവിടെ നിന്നെത്രയും പെട്ടെന്ന് പോയാൽ മതിയെന്ന് തോന്നി. കുട്ടിത്തം മാറാത്ത അവളുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനേ അയാൾക്ക് കഴിഞ്ഞില്ല. അവൾ എന്നെന്നും സന്തോഷവതിയായിരിക്കട്ടെ എന്നാഗ്രഹിച്ചു.. അല്ലാതെ അയാൾക്കെന്ത് ചെയ്യാനാവും !!

പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ ജനാലക്കടുത്തായി ഒരു പൊതി താഴെ കിടക്കുന്നതായാൾ കണ്ടു. കൂടെ ഒരു കുറിപ്പും.

“എന്റെ ഓർമ്മക്കായി സോർ ഇതെടുത്ത് വെക്കണം. പുഴയും കടലുമൊക്കെയുള്ള സോറിൻറെ നാട്ടിൽ വെച്ച് തുറന്നാൽ മതി. ഞാനെന്നും പ്രാർത്ഥിക്കും..ഹിമാനി “

അയാളുടെ മനസ്സിൽ ആർദ്രത നിറഞ്ഞു. ഒരാവർത്തി കൂടെ വായിച്ച് ആ പൊതിയും ശിവന്റെ ചിത്രവും മറ്റുള്ള സാധനങ്ങളോടൊപ്പം പെട്ടിയിലെടുത്ത് വെച്ചു .

സ്കൂളിന്റെ ചുമതലകളെല്ലാം ഓമിനെ ഏല്പിച്ച് അലക്സ് അവിടെനിന്നിറങ്ങി. അയാളെ യാത്രയാക്കാൻ ഗ്രാമമുഖ്യനും റാംജിയും കുറച്ച് ദൂരം കൂടെ ചെന്നു. എന്തിൽനിന്നെല്ലാമോ ഓടിയൊളിക്കുന്നതു പോലെ അയാളുടെ മനസ്സ് അസ്വസ്ഥപ്പെട്ടുകൊണ്ടിരുന്നു. ജോധ്പുരിൽ നിന്നു ട്രെയിൻ കയറിയപ്പോഴാണ് ഹിമാനി തന്നയച്ച പൊതിയെക്കുറിച്ച് ഓർത്തത്. ആകാംഷയോടെ അയാളത് തുറന്നു നോക്കി. നാലഞ്ചു പത്രക്കടലാസ് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു ചുവന്ന പട്ടിന്റെ ഷാൾ. അതിൽ സ്വർണ്ണനിറത്തിലുള്ള പൂക്കളുടെ ഡിസൈൻ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. അത് “കൻവാർ ഖുല്ല”യാണെന്ന് അയാൾക്കൊറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി.

എങ്കിലും ഹിമാനി !!! അവൾക്ക് തന്നോടുള്ള ഇഷ്ടത്തിന്റെ അർത്ഥാന്തരങ്ങളെ കുറിച്ചാലോചിച്ച് അലെക്സിന് നടുക്കം അനുഭവപ്പെട്ടു. അവളുടെ ഓരോ നോട്ടവും ചിരിയും ചൂളം വിളിച്ച് അയാളിലൂടെ കടന്ന് പോയി.

സലവാസിനെ പിന്നിലാക്കി താളത്തിലോടുന്ന തീവണ്ടിയിലിരുന്ന് അയാൾ അവളെക്കുറിച്ചോർത്തു..ഗാവിനെ കുറിച്ചോർത്തു.. അവിടുത്തെ ദിനരാത്രങ്ങളെക്കുറിച്ചോർത്തു..

ഹിമാനിയെക്കുറിച്ചാലോചിക്കുമ്പോൾ അയാൾക്കൊരു പറ്റം നിറങ്ങൾ മാത്രമേ മനസ്സിൽ തെളിഞ്ഞുള്ളു. കണ്ണുകൾ കൊണ്ടവൾ പറഞ്ഞിരുന്ന കഥകൾക്കൊപ്പം പച്ചയും ചുവപ്പും മഞ്ഞയും കലർന്ന സാറിനിറങ്ങൾ…അവളുടെ കൈകളിൽ കിടന്ന് ചിരിച്ചുമറിഞ്ഞ കുപ്പിവളകൾ…മരുഭൂവിൽ ബാക്കി നിൽക്കുന്ന വസന്തം പോലെ അവൾ…ഹിമാനി…

Pic courtesy : Google