അനിതയെ കണ്ടു പഠിക്കണം അല്ലേ….
രചന: R Muraleedharan Pillai
എന്തിനാടീ ഞങ്ങളോട് ഈ പത്രാസ്?! ഞങ്ങടെ കൂടിരുന്നു കഴിച്ചാ നിന്റെ അന്തസ്സു കുറഞ്ഞുപോവോ?
ക്ലാസ് മുറിയിൽ അമക്കിപിടിച്ച ചിരി.
അതു പറഞ്ഞ വിജയലക്ഷ്മിയുടെ താടിക്കു, അരുമയോടെ പിച്ചി, അനിത, ക്ലാസ് മുറിയിൽനിന്നും കടന്നുപോയി. ചോറ്റുപാത്രം ആട്ടി അവൾ വെളിയിലിറങ്ങി. കോമ്പൗണ്ട് ഭിത്തിക്കു വെളിയിൽ നിന്നും അകത്തേക്ക് ഉയർന്നു നീണ്ടു നിൽക്കുന്ന മരങ്ങളുടെ ശിഖിരങ്ങളിലേക്കു നോക്കി അങ്ങോട്ടും ഇങ്ങോട്ടുംനടന്നു. ഇടതു കൈവെള്ളയിൽ മലർത്തിവച്ച അടപ്പും, അതിൽ ഭദ്രമായി അടിഭാഗം ഉറപ്പിച്ച തുറന്ന ചോറ്റുപാത്രവും… അവൾ ശിഖിരങ്ങളിലെ പക്ഷികളെയും നോക്കി അതിൽ നിന്നും ഭക്ഷണം കഴിച്ചു തുടങ്ങി. ഭക്ഷണം കഴിച്ച ശേഷം കോമ്പൗണ്ടിലെ കിണറ്റിൽനിന്നും വെള്ളം കോരി ചോറ്റുപാത്രം കഴുകി. അതിൽ കുറച്ചു വെള്ളമൊഴിച്ചു കുടിച്ചു. തിരിയെ അവൾ ക്ലാസ്സുമുറിയിലേക്കു കടന്നു. അവളുടെ കൂട്ടുകാരികൾ ഒന്നിച്ചിരുന്നു ചോറ്റുപാത്രങ്ങളിലെ കറികൾ ഷെയർ ചെയ്തു കഴിക്കയാണ് പതിവ്. അതിൽ അനിത പെടില്ല. അവൾ ഒറ്റക്കേ കഴിക്കൂ. അവൾ ക്ലാസ്സുമുറിയിൽ തിരിയെ കയറുമ്പോഴും കൂട്ടുകാരികൾ സമയമെടുത്ത് കഴിക്കുകയായിരുന്നു.
‘നീ ഇത്രക്കും വേഗം കഴിച്ചു തീർത്തോ അനിതാ…’ കൂട്ടത്തിൽ നിന്നും നിഷ ചോദിച്ചു. അനിത പുഞ്ചിരിച്ചു. ‘എനിക്ക് കുറച്ചു സമയം മതി കഴിക്കാൻ!’ അവൾ പറഞ്ഞു.
‘അവളെ ശൈശവ കാലം മുതലേ കാക്കയെയും, കൊക്കിനേയും, കൈ ചുണ്ടി കാണിച്ചാരുന്നു അവളുടെ അമ്മ ചോറ് വാരി കൊടുത്തിരുന്നത്. അനിതകുഞ്ഞ് ഇപ്പോഴും അവറ്റകളെ നോക്കിയേ കഴിക്കൂ…’ വിജയലക്ഷ്മി പറഞ്ഞു.
കൂട്ടച്ചിരി കിടുകിടെ പൊട്ടി. അനിത തലയും കാലുകളും ആട്ടിക്കൊണ്ടു പുസ്തകം നോക്കി പേജുകൾ മറിക്കുന്നു.
‘ഇച്ചിരി സമയമുണ്ടെങ്കിൽ പുസ്തകം നോക്കി ഇരിക്കുന്ന പുസ്തക പുഴു.’ റോസാ പറഞ്ഞു. കൂട്ടത്തിൽ കൂടി, ഭക്ഷണ കഴിച്ചില്ലേലും എല്ലാവർക്കും അനിതയെ വലിയ ഇഷ്ടമാണ്. അവൾക്ക് എല്ലാരോടും സ്നേഹമാണ്, വാത്സല്യമാണ്. അവളെ എന്തു പറഞ്ഞാലും ഒരു പരാതിയും പറയില്ല. രണ്ടു കിലോമീറ്ററോളം കാൽനടയായാണ് അവൾ സ്കൂളിൽ പോകുക. ഇടവഴികളിൽ കൂടിയുള്ള നടത്തം.
ഒരു ദിവസം സ്കൂളിൽനിന്നും തിരിയെ വീട്ടുമുറ്റത്തേക്കു കാൽവയ്ക്കുമ്പോൾ ചീറിപാഞ്ഞുവരുന്ന അവളുടെ നോട്ടുബുക്കാണ് അവളെ എതിരേറ്റത്.
‘ഈശ്വര അച്ഛൻ ഇന്നു നേരുത്തേ വന്നോ?’ അവൾ ചിന്തിച്ചതും അവളുടെ പുസ്തകങ്ങളും തുണ്ടു കടലാസുകളും മുറ്റത്തേക്ക് പറന്നെത്തി.
‘മോൾ അകത്തേക്ക് പോണ്ട. അയാൾ കലി തുള്ളി നിക്കയാണ്. എന്നെ അടിച്ചു. ഇനി മോളെ അടിച്ചാലോ?’ നനഞ്ഞു കരി പറ്റിയ കൈലിയും ഉടുത്തു, കക്ഷം കീറിയ ഇരുണ്ട ബ്ലൗസും ധരിച്ചു നിൽക്കുന്ന അവളുടെ അമ്മ. മുഷിഞ്ഞ ഈരെഴയാൻ തോർത്ത് മാറു മറച്ചിരിക്കുന്നു. പാറിപ്പറന്ന മുടിയുമായി നിൽക്കുന്ന അവളുടെ അമ്മയെ നോക്കി അവൾ കണ്ണീർ പൊഴിച്ചു. എന്റെ അമ്മ! എന്നെയും ഇളയവനെയും തീറ്റിപോറ്റുന്ന എന്റെ അമ്മ! അച്ഛൻരണ്ടു ദിവസം, കയ്യിൽ കിട്ടുന്നതിൽ എന്തെങ്കിലും കൊടുത്താൽ മൂന്നാം ദിവസം മുതൽ കുറെ ദിവസം വീട്ടിലുള്ളതും, അമ്മയുടെ കയ്യിലുള്ളതും നുള്ളിപ്പെറുക്കി കൊണ്ടുപോയി മ ദ്യപിക്കും. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കാലം കടന്നു പോന്നു. മ ദ്യത്തിന്റെ മത്തുവിടുമ്പോൾ അടുത്ത് പിടിച്ചിരുത്തി സ്നേഹിക്കും. മോളു പഠിച്ചു വലിയവളാകണമെന്നു പറയും. അന്ന് തന്നെ രാത്രി കയറിവന്ന് ദേഹോപദ്രവം ചെയ്യും. പിന്നെ പുസ്തകവും നോട്ടുബുക്കും വലിച്ചു കീറി കാറ്റിൽപ്പറത്തും. എന്റച്ഛൻ കുടിനിർത്തി ഒന്നു കണ്ടാൽ മതിയാരുന്നു.
എടീ…എടീ …**** *** ** *** ****!
അവൾ കാതുകൾ പൊത്തി. പച്ചത്തെറികേട്ടു കാതു മരവിച്ചു. പ്രായമായ ഒരു മകൾ കേൾക്കാൻ കൊള്ളാത്ത തെറി…അതെങ്ങനാ ബോധമുണ്ടങ്കിലല്ലേ അങ്ങനെ പറയാതിരിക്കുക…
എത്ര ദിവസം അവൾ നോട്ടുകൾ പുതുതായി തയ്യാറാക്കി…വീടിന്റെ ഒരു മുറിയുടെ മൂലയിൽ ഒരു തുരുമ്പുപിടിച്ച ട്രങ്കിനു അകത്തും പുറത്തുമായി വച്ചിരിക്കുന്ന പുസ്തകങ്ങളും ബുക്കുകളും. ഇരിക്കാൻ ഈ അടുത്ത കാലത്താണ് ഒരു പ്ലാസ്റ്റിക് കസേര ഉണ്ടായത്. ചെരുപ്പിട്ടിട്ടേ ഇല്ല. കുപ്പിച്ചില്ലു കയറി കാലു പഴുത്ത ഒരാഴ്ച സ്കൂളിൽ പോകാതിരുന്നിട്ടുണ്ട്.
ഒരു സിനിമ കണ്ടിട്ടില്ല. ‘തുറക്കാത്ത വാതിൽ’ ആ സിനിമ കാണാൻ എന്താഗ്രഹമായിരുന്നു. കാണാൻ കഴിഞ്ഞില്ല. എങ്ങനെ കാണാൻ പട്ടിണിക്കാലമല്ലേ?
പിന്നെ അച്ഛന്റെ തെറിപറച്ചിലും വീട്ടിലെ ബഹളവും! ഒന്നും കാണണ്ടേ…! എന്റെ അമ്മയുടെ മുഖം ഒന്നു ചിരിച്ചു കണ്ടാൽ മതിയേ എനിക്ക്.
പല ദിവസങ്ങളിലും അവൾ അമ്മയോടു പറയും. ചോറ്റുപാത്രത്തിൽ രണ്ടു കഷ്ണം മാത്രമിട്ടാൽ മതി. ബാക്കി വന്നാൽ അതവിടെയെങ്ങും ഉപേക്ഷിക്കാൻ കഴിയില്ല, പാത്രത്തിൽ തന്നെ ഇട്ടേക്കാമെന്നു വച്ചാൽ അതതിൽ കിടന്നുരുളുന്ന ശബ്ദം ഒരു പക്ഷേ കൂട്ടുകാരികൾ കേട്ടാലോ?!!!
അവളുടെ അച്ഛൻ ബോധാവസ്ഥയിലുള്ളപ്പോൾ അവൾ പറയും ‘എന്റെ അച്ഛൻ ഇനി കുടിക്കല്ലേ…’
‘ഇല്ല മോടെ അച്ഛൻ ഇനി കുടിക്കില്ല. അവളുടെ തലയിൽ തൊട്ടു സത്യം ചെയ്യും. നെറ്റിയിൽ ഉമ്മ വയ്ക്കും. പക്ഷെ, അന്ന് രാത്രി അച്ഛൻ കൂടുതൽ ബഹളം വയ്ക്കും. ‘നീ എന്നെ കുടിക്കരുതെന്നു ഉപദേശിക്കാറായോടീ…’ അവളുടെ ചെകിട്ടത്തടിച്ചു പുസ്തകങ്ങൾ വലിച്ചുകീറി മുറ്റത്തേക്കെറിയും. അവളുടെ പുസ്തകങ്ങളും നോട്ടു ബുക്കുകളും ആരെയും കാണിക്കാറില്ല. പലയിടങ്ങളിലും തുണ്ടു കടലാസുവച്ചു വട്ടമരത്തിന്റെ കറ ഒട്ടിച്ചിരിക്കും. ചോറുള്ളപ്പോൾ ചോറുവച്ചൊട്ടിക്കും.
S. S. L. C. ഉയർന്ന മാർക്കോടെ പാസ്സായി. അറുനൂറിൽ അഞ്ഞൂറ്റി എഴുപത്തെട്ടു മാർക്ക്. സ്കൂളിൽ ഒന്നാമത്തവൾ. അടുത്തുള്ള സ്കൂളുകളിൽ വച്ചും ഒന്നാമത്തവൾ! അർത്ഥവത്തായ വാശിയും, ക്ഷമയും, സഹപാഠികളോട് സ്നേഹവും വാത്സല്യവും ഉള്ളവൾ. ആത്മ ധൈര്യവും, പെർസീവറെൻസും, ആത്മവിശ്വാസവും, ദൃഢനിശ്ചയവും ഉള്ളവൾ. തോൽവിക്ക് അടിയറവു പറയാത്തവൾ. അവളുടെ മനസ്സിൽ എന്തോ ഒന്നുണ്ട്.
അവളുടെ ആഗ്രഹമായിരുന്നു കോളേജിൽ ചേരാൻ. അഡ്മിഷൻ കൊടുക്കാൻ എല്ലാ കോളേജുകളും റെഡി. അവളുടെ അമ്മ ഒരു വീട്ടിലുംകൂടി പോയി വേലചെയ്തു. ഫീസ് കൊടുക്കാൻ വേറെ വശമൊന്നും ഇല്ല. പഠിത്തവും വീട്ടുജോലികളും അനിത ഒന്നിച്ചു കൊണ്ടുപോയി. വിശ്രമമില്ലാതെ വീട്ടിൽ തിരിയെ എത്തുന്ന മ്മയെക്കൊണ്ട് അവൾ ഒരു ജോലിയും വീട്ടിൽ ചെയ്യിക്കില്ല.
കോളേജിൽ അഡ്മിഷൻ എടുത്തു. ചില അയൽക്കാർ പുച്ഛിച്ചു നോക്കി. ‘പട്ടിണി കിടന്നുകൊണ്ട് അവൾ എങ്ങനെ പഠിക്കാനാ???!’ B.Sc ഫസ്റ്റ് ക്ലാസ്. നല്ല മാർക്ക്. അവൾ അടുത്തുള്ള ലൈബ്രറി അംഗമായി. അവൾ പല പല പുസ്തകങ്ങളും വീട്ടിലേക്കു കൊണ്ടു വന്നു. അച്ഛന്റെ ശല്യം കൂടുന്നതേയുള്ളൂ. ലൈബ്രറി ബൂക്കുകൾ അവൾ എവിടെയോ ഒളിപ്പിക്കും. പക്ഷേ അവളുടെ പഠനം തുടർന്നു.
**** **** **** ****
സിവിൽ സെർവിസ്സ് എഴുത്തു പരീക്ഷകൾ അവൾ നന്നായി ചെയ്തു. ഇന്റർവ്യൂ കാൾ വന്നപ്പോൾ അവൾ ശരിക്കും ഞെട്ടി. അവളുടെ അമ്മക്ക് ഒന്നും മനസ്സിലാകുന്നില്ല.
ഇന്റർവ്യൂവിനു പോകാൻ റെയിൽവേ കൂലി വേണം. ഒരു സാരി വേണം. ബ്ലൗസ് വേണം. പിന്നെ അത്യാവശ്യം ഒരു പെണ്ണിന് വേണ്ട എല്ലാം വേണം.
ഈശ്വരൻ അവളെ സഹായിച്ചു. എല്ലാം അവൾക്കുണ്ടായി. P.S.C ഇന്റർവ്യൂ. ആത്മവിശ്വാസവും, ആത്മധൈര്യവും അവൾക്ക് ഒരു മുതൽക്കൂട്ടായിരുന്നു. അവൾ വിറച്ചില്ല. ശാന്തമായി ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. സംവാദത്തിൽ അവളുടെ അറിവ് പ്രകാശിച്ചു. പിന്നെ അവൾക്കു നേരെ വന്ന അവസാന ചോദ്യം!
‘ആസ് എ വുമൺ, വാട്ട് ഹാസ് ചലൻജ്ജ്ഡ് യു മോസ്റ്റ് ഇൻ ലൈഫ്?? അവൾ മടിച്ചില്ല. അവൾക്കുത്തരം ഉണ്ട്.
‘മൈ ഫാദർ ഹു ലിവ്സ് ഇൻ ഒൺസ് ലിക്കർ, ആൻഡ് അബ്ജക്ട് പോവെർട്ടി, സർസ്.
ഐ എ എസ്സ് സെലക്ഷൻ വന്നപ്പോൾ അവൾ ആദ്യത്തെ മുപ്പതു പേരിൽ ഒരാൾ…
പിന്നോട്ടില്ലെങ്കിൽ മുന്നോട്ടു തന്നെ… അതു മാമിനു നന്നേ അറിയാം…