ഞാന്‍ ഒരു രാജകുമാരിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ നീ എന്നെ സ്വീകരിക്കുമായിരുന്നോ മാഹിയാന്‍…

മാഹിയാന്‍

രചന: ആദി വിഹാന്‍

തന്‍റെകുടിലില്‍ ഇത്രയുംകാലം ഒരു സാധാരണ പെണ്‍കുട്ടിയായി തന്നോടൊപ്പം കഴിഞ്ഞത് ഖാലിയയുടെ രാജകുമാരി നേവയാണെന്ന് മാഹിയാന് ഉള്‍കൊളളാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. തലകുനിച്ച് നില്‍ക്കുന്ന നേവയുടെ ഇരുചുമലുകളിലും പിടിച്ച് വിശ്വാസംവരാതെ മാഹിയാന്‍ വേദനയോടെ ചോദിച്ചു.

”അപ്പോള്‍ ഇത്രയും കാലം നീ എന്നെ ചതിക്കുകയായിരുന്നോ നേവ.? നിനക്ക് എങ്ങനെ കഴിഞ്ഞു ഇതിന്.? നീ ഒരു രാജകുമാരിയാണെന്നുളളത് മറച്ചുവച്ച് എന്നോടൊപ്പം ഈ കുടിലില്‍ കഴിഞ്ഞതെന്തിന്.?”

”ഞാന്‍ ഒരു രാജകുമാരിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ നീ എന്നെ സ്വീകരിക്കുമായിരുന്നോ മാഹിയാന്‍.?” തളര്‍ന്നസ്വരത്തില്‍ അവള്‍ മറുചോദ്യം ഉന്നയിച്ചു.

മാഹിയാന്‍റെ ശിരസ്കുനിഞ്ഞു. ”ഇല്ല എനിക്കതിന് കഴിയുമായിരുന്നില്ല നേവ, ഞാന്‍ വെറും ഒരു ആട്ടിടയന്‍ മാത്രമല്ലേ.?”

മാഹിയാന്‍റെ കുടിലിന് വെളിയില്‍ നേവാരാജകുമാരിക്ക് തന്‍റെ രാജ്യമായ ഖാലിയയിലേക്ക് പോകാനായി അലങ്കരിച്ച പല്ലക്കും കുമാരിയെ ആനയിക്കാനുളള തോഴിമാരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ഇതെങ്ങനെ സംഭവിച്ചു.? മാഹിയാന്‍ കാര്യങ്ങളുടെ പൊരുളറിയാതെ പരിഭ്രമിച്ചു. മനോവേദനക്കിടയിലും മാഹിയാന്‍ സൗമ്യനായ് ചോദിച്ചു.

”കാടിനുളളില്‍ താമസിക്കുന്ന ആട്ടിടയനായ എന്നെതേടി സുന്ദരിയും വിവേകവതിയുമായ രാജകുമാരി ഒരു സാധാരണ പരിചാരികയുടെ വേഷത്തില്‍ വരണമെങ്കില്‍ അതിനുപുറകില്‍ വ്യക്തമായ ഒരു കാരണമുണ്ടായിരിക്കണമല്ലോ.. അതെന്താണ്.?”

”വിധിയാണ് മാഹിയാന്‍, വിധിയാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചത്. പക്ഷേ എന്‍റെ വിധിയില്‍ ഞാന്‍ ഒരിക്കലും ഖേദിക്കുന്നില്ല നിരാശയിലേക്ക് വീണിട്ടുമില്ല. നിനക്ക് എന്നോടുളള പ്രണയവും കരുതലും മറ്റെല്ലാസ്ഥാനമാനങ്ങളേക്കാള്‍ ഉന്നതിയിലാണ് നിലകൊളളുന്നത്.”

”ഇത്രയും വിരൂപമായിമാറിയ ആ വിധി എന്താണെന്ന്കൂടി പറയൂ.? എനിക്ക്കൂടി അറിയേണ്ടതുണ്ട് രാജകുമാരീ അതിനെകുറിച്ച്.”

എന്തുകൊണ്ടാണ് നേവാരാജകുമാരി ഖാലിയയില്‍നിന്നും വിദൂരത്തുളള മറ്റൊരുരാജ്യാതിര്‍ത്തിക്കുളളിലെ കൊടുങ്കാട്ടില്‍ താമസിക്കുന്ന മാഹിയാനെ തേടിയെത്തി എന്നുളളതിന്‍റെ പൊരുള്‍ അവള്‍ വ്യക്തമാക്കി.

ഖാലിയയുടെ രാജാവിന് ഒരു പെണ്‍കുഞ്ഞുപിറക്കുമെന്ന് കൊട്ടാരജോതിഷികള്‍ പ്രവചിച്ചിരുന്നു. അവള്‍ അടിമത്വത്തിലുളള ഖാലിയ ജനതക്ക് അനുഗ്രമായാണ് പിറക്കുക. അവള്‍ക്ക് നേവ എന്ന് നാമകരണം ചെയ്യപ്പെടണമെന്നും കൂടാതെ
കിഴക്കുദിക്കിലുളള ചുവന്ന കുളളന്‍ നക്ഷത്രമാണ് ജനനംമുതല്‍ വിവാഹം വരെയുളള അവളുടെ ജീവിതത്തിന്‍റെ വഴികാട്ടിയെന്നും എഴുതിവെക്കപ്പെട്ടിരുന്നു.

നേവാരാജകുമാരിയുടെ ഇരുപത്തി മൂന്നാംവയസ് തികയുന്ന ദിനത്തില്‍ കിഴക്ക് ദിക്കിലെ ചുവന്ന കുളളന്‍ നക്ഷത്രത്തിന്‍റെ സ്ഥാനം നിര്‍ണ്ണയിക്കുന്ന ഭൂപ്രദേശത്ത് വസിക്കുന്നയാളെ കുമാരി വരിക്കണമെന്നും എഴുതപ്പെട്ടിരുന്നു. അങ്ങിനെയാണ് നേവരാജകുമാരി മാഹിയാനെ തേടിയെത്തിയത്.

അയല്‍ രാജ്യത്തെ പേരുകേട്ട രാജകുമാരന്‍മാരെല്ലാം വരിക്കാന്‍ ആഗ്രഹിച്ചിരുന്ന സുന്ദരിയായ നേവരാജകുമാരിക്ക് വിധി സമ്മാനിച്ചത് ആട്ടിടയനായ മാഹിയാനെയായിരുന്നു.

കുമാരിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ മാഹിയാന്‍ അവശനായും നിരാശനായും കാണപ്പെട്ടു.

”എത്ര വിചിത്രമായ വിധിയായിരിക്കുന്നു ഇത്. ഇപ്പോള്‍ എന്നെ നിരാശയുടെ കയത്തിലേക്ക് തളളിയിട്ട് തിരികെ പോവാന്‍ കാരണമായതെന്താണെന്ന് കൂടി അറിയാന്‍ ആഗ്രഹമുണ്ടെനിക്ക്.”

നേവ മാഹിയാന്‍റെ കൈകള്‍ അവളുടെ ഇരുകൈകള്‍ക്കുളളില്‍ അമര്‍ത്തിപ്പിടിച്ച് അവളുടെ നെഞ്ചോട് ചേര്‍ത്തു.

”എനിക്ക് തിരിച്ചുപോകാതിരിക്കാന്‍ നിര്‍വ്വാഹമില്ല മാഹിയാന്‍.. കാരണം എന്‍റെ ജനത അപകടകരമായൊരു ഘട്ടത്തിലാണുളളത്. അയല്‍ രാജ്യം എന്‍റെ രാജ്യത്തിനുമേല്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നെന്ന ദുഃഖ വാര്‍ത്ത എത്തിയിരിക്കുന്നു. ഞാന്‍ ഖാലിയയുടെ രാജകുമാരിയാണ്. എന്‍റെ പ്രണയത്തേക്കാള്‍ ഞാന്‍ വിലകല്‍പ്പിക്കേണ്ടത് എന്‍റെ ജനങ്ങളുടെ സംരക്ഷണത്തിനാണ്. എന്നോട് ക്ഷമിക്കൂ. എന്നെ പോകാന്‍ അനുവദിക്കൂ മാഹിയാന്‍.”

”കുമാരീ എന്തുകൊണ്ടാണ് എന്നെയും കൂടെ ക്ഷണിക്കാത്തത്..? ഞാനും വരുന്നു നിനക്കുവേണ്ടി നിന്‍റെ രാജ്യത്തിനായി യുദ്ധംചെയ്യാന്‍. നിന്‍റെ ശത്രു എന്‍റെയുംകൂടി ശത്രുവാണ്.”

”നിന്‍റെ ഈ തീരുമാനം ആത്മഹത്യാപരമാണ് മാഹിയാന്‍. യുദ്ധം എന്നത് നിന്‍റെ പ്രണയകവിതകളെപ്പോലെ മനോഹരമല്ല. നമ്മള്‍ കണ്ടുമുട്ടിയ ഒരു വര്‍ഷകാലത്തിനിടക്ക് നീ എന്നെകുറിച്ച് പാടിയ മനോഹര കവിതകളല്ലാതെ ഒരിക്കല്‍പോലും ഒരു വാള്‍ അവസരത്തിനൊത്ത് ഉപയോഗിക്കുന്നതോ ഒരു വില്ലുകുലക്കുന്നതോ എന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. യോദ്ധാവല്ലാത്ത നീ ആയുധ പരിശീലനമില്ലാതെ ഒരു യുദ്ധത്തില്‍ പങ്കെടുക്കുന്നതെങ്ങനെ.?അറിഞ്ഞുകൊണ്ട് നിന്നെ ഒരു അപകടത്തിലേക്ക് കൊണ്ടുപോകുവാന്‍ എനിക്കാവില്ല. എന്‍റെ പ്രാണന്‍ ഇവിടെ നിന്നില്‍ ഭദ്രമായി ഇരിക്കട്ടേ. ഈ ഹൃദയത്തില്‍ എനിക്കുളളസ്ഥാനം ഭദ്രമായിരിക്കണം മാഹിയാന്‍.”

യാത്രപറഞ്ഞ് കുടിലില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ നേവയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. മാഹിയാന്‍റെ കവിളില്‍ സ്നേഹത്തോടെ തലോടികൊണ്ട് അവള്‍ പറഞ്ഞു.

”ഞാന്‍ നിന്നെ ചതിക്കുകയായിരുന്നില്ല മാഹിയാന്‍. എന്‍റെ പ്രണയം പരിശുദ്ധമാണ്. എന്‍റെ ജീവനേക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട്. വിധി അനുകൂലമാണെങ്കില്‍ വീണ്ടും ഞാന്‍ തിരികെയെത്തും. എനിക്കായി കാത്തിരിക്കുമോ നീ മാഹിയാന്‍.?”

നേവ രാജകുമാരിയെ ആശ്വസിപ്പിച്ച് അവളുടെ കണ്ണുനീര്‍തുടച്ച് മാഹിയാന്‍ പറഞ്ഞു.

”നീ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു കുമാരീ.. അത് നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തിരികെഎത്തുന്നത് വരെ നിന്‍റെ ഇഷ്ടങ്ങളെ പിന്‍തുടര്‍ന്ന് ഞാനിടെതന്നെ ഉണ്ടാകും. അത് ഞാന്‍ നല്‍കുന്ന വാക്കാണ്.”

രാജകുമാരിയും പരിവാരങ്ങളും മാഹിയാന്‍റെ കുടിലിനെവിട്ട് ഖാലിയയിലേക്ക് തിരിച്ചു. തന്‍റെ പ്രേമഭാജനത്തിന്‍റെ അവിചാരിതമായ മടക്കം മാഹിയാനെ ഏറെ തളര്‍ത്തി. ദുഃഖഭാരത്താല്‍ കുനിഞ്ഞശിരസുമായി എല്ലാം നഷ്ടമായവനെപ്പോലെ അയാള്‍ കുടിലില്‍ ഏകാകിയായിരുന്നു.

**********************

ഖാലിയയിലെ അവസ്ഥ ഏറെ പരിതാപകരമായ നിലയിലായിരുന്നു. ശക്തമായ ശത്രുസൈന്യത്തിന്‍റെ കടന്നുകയറ്റത്തില്‍ ഖാലിയ അടിപതറിയിരുന്നു.

നേവാരാജകുമാരിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്‍റെ വിവിധ ദിശകളിലുളള പടയാളികളെ ഏകോപിപ്പിച്ചു യുദ്ധമുഖത്തേക്കാനയിച്ചു.

യുദ്ധമുഖത്തുനിന്നുകൊണ്ട് തന്നെ രാജകുമാരി സൈന്യാധിപന്‍മാരുമായി യുദ്ധതന്ത്രങ്ങളെകുറിച്ചുളള ചര്‍ച്ചകള്‍ നടത്തുകയും അവരില്‍ ഒരാളായിനിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുംചെയ്തു.

അധികം താമസിയാതെ ഖാലിയയുടെ രണഭൂമിയില്‍ യുദ്ധകാഹളംമുഴങ്ങി. വാള്‍തലപ്പുകളുടെയും പരിചകളുടേയും സീല്‍ക്കാര ശബ്ദങ്ങള്‍ യുദ്ധഭൂമിയെ പ്രകമ്പനംകൊളളിച്ചു. കുതിരക്കുളമ്പടി ശബ്ദങ്ങളും അട്ടഹാസങ്ങളും ദീനരോദനങ്ങളും മുഴങ്ങിക്കേട്ടു. താമസിയാതെ യുദ്ധഭൂമി പടയാളികളുടെ ശവപ്പറമ്പായിമാറികൊണ്ടിരുന്നു.

അംഗബലംകൊണ്ടും കായികശേഷികൊണ്ടും ശക്തരായ ശത്രുസൈന്യത്തിനുമുന്‍പില്‍ ഖാലിയക്ക് കൂടുതല്‍ ദിനങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പരാജയ ഭീതിയെതുടര്‍ന്ന് സ്വയരക്ഷക്കായി ഖാലിയയുടെ സൈന്യം നാലുപാടും ചിതറിയോടി.

ഒരു യുദ്ധം പരാജയപ്പെട്ടാല്‍ ഒന്നുകില്‍ ആ രാജ്യത്തെ രാജകുടുംബങ്ങളെമുഴുവനും യുദ്ധത്തടവുകാരായി പിടിക്കപ്പെടാം.. അല്ലെങ്കില്‍ കൊലചെയ്യപ്പെടാം.. അതുമല്ലെങ്കില്‍ വെറുതെവിടാം.. അത് യുദ്ധനിയമങ്ങളുടെ ഭാഗമാണ്.

സുന്ദരിയായ തനിക്ക് നിര്‍ബന്ധിതമായി മറ്റാരുടെയെങ്കിലും ഭാര്യയായി ജീവിതം തളളിനീക്കേണ്ടിവരുമെന്നോര്‍ത്തപ്പോള്‍ രാജകുമാരിയുടെ മനസില്‍ മാഹിയാന്‍റെ നിഷ്കളങ്കമായ മുഖം തെളിഞ്ഞുവന്നു. കുമാരിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

സൈന്യം പരാജയപ്പെട്ട് പിന്‍തിരിഞ്ഞോടിയിരിക്കുന്നു. എല്ലാ പ്രതീക്ഷകളും നഷ്ടമായ രാജകുമാരി ഖാലിയയുടെ മാറില്‍നിന്നും ഒരു പിടപിടിമണ്ണെടുത്ത് നെഞ്ചോട് ചേര്‍ത്തു പിടിച്ചു.

”തിരികെയെത്താം എന്ന വാക്ക് നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തിയിരിക്കുന്നു ഞാന്‍.. എന്നോട് പൊറുക്കൂ മാഹിയാന്‍..”

ഉറയില്‍ നിന്നു കഠാരി ഊരിയെടുത്ത നേവാരാജകുമാരി അത് തന്‍റെ ഇടനെഞ്ചിലേക്ക് കുത്തിയിറക്കാനായി കൈഉയര്‍ത്തി.

എല്ലാം അവസാനിച്ചെന്ന് കരുതിയ സമയത്താണ് യുദ്ധഭൂമിയുടെ വലത് ഭാഗത്ത് ഉയര്‍ന്നുനില്‍ക്കുന്ന കുന്നിന്‍ ചരിവിലൂടെ ചില കുതിരക്കുളമ്പടി ശബ്ദങ്ങള്‍ അലയടിച്ചത്.

നിമിഷങ്ങള്‍ക്കകം മുഖംമൂടിയുമണിഞ്ഞവരും കറുത്തപടച്ചട്ടധരിച്ചവരുമായ കരുത്തരായ വലിയ ഒരു കുതിരപ്പട ഊരിപ്പിടിച്ച വാളുകളുമായി ആക്രോഷത്തോടെ ശത്രുസൈന്യത്തിനുളളിലേക്ക് ഇരച്ചുകയറി ആക്രമണം തുടങ്ങിയത്. അപ്രതീക്ഷികമായ കടന്നുകയറ്റത്തില്‍ ശത്രുസൈനികവ്യൂഹം ഇരു ചേരികളായി വിഭജിക്കപ്പെട്ടു.

ആ മുന്നേറ്റം ശത്രുസൈന്യത്തിമേല്‍ മേല്‍ക്കൈനേടാനുളള കുതിരപ്പടയുടെ നേതാവിന്‍റെ യുദ്ധതന്ത്രമായിരുന്നു.

നേവാരാജകുമാരി ദൂരെ നിന്നും ഇതെല്ലാം അത്ഭുതത്തോടെ നോക്കിക്കാണുന്നുണ്ടായിരുന്നു.

കുതിരപ്പടയുടേയും അതിനെ നയിക്കുന്ന നേതാവിന്റേയും പോരാട്ടമികവ് ഏവരേയും അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു.

പോരാട്ടത്തിനിടക്ക് കരുത്തനായ നേതാവിന് അമ്പേറ്റു. പുറംചട്ടയെ പിളര്‍ത്ത് മുതുകിലാണ് അമ്പ് തറച്ച്കയറിയത്. പക്ഷേ മുതുകില്‍തറച്ച അമ്പിനെ വകവെക്കാതെ പോരാട്ടവീര്യം ഒട്ടുംചോരാതെ രണാങ്കണത്തില്‍ അയാള്‍ അജയ്യനായിതന്നെനിലകൊണ്ടു.

യുദ്ധഭൂമിയില്‍ ഖാലിയയുടെ കൊടിവീണ്ടും ഉയര്‍ന്നു. രാജകുമാരിയുടെ നിര്‍ദ്ദേശപ്രകാരം ആവേശത്തോടെ യുദ്ധകാഹളം വീണ്ടും ഊതപ്പെട്ടു. പിന്‍തിരിഞ്ഞോടുന്ന ഖാലിയയുടെ പടയാളികള്‍ തിരിഞ്ഞു നോക്കി. അജ്ഞാതരായ ഒരു കുതിരപ്പട തങ്ങളുടെ ശത്രുപക്ഷത്തിനുമേല്‍ ആധിപത്യം നേടി മുന്നേറുന്നതാണവര്‍ കാണുന്നത്.

ചിതറിയോടിയ ഖാലിയയുടെ പടയാളികള്‍ ആരവത്തോടെ ആയുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശത്രുക്കള്‍ക്കെതിരെ യുദ്ധക്കളത്തിലേക്ക് വീണ്ടും ഇരച്ചുകയറി.

ഇരു വശങ്ങളിലായിപ്പിരിഞ്ഞ ശത്രുസൈന്യത്തിന്‍റെ ശക്തി ക്രമേണെ ദുര്‍ബലമായി. കുതിച്ചെത്തിയ കുതിരപ്പടയും ഖാലിയയുടെ സൈന്യവും അവര്‍ക്കുമുകളില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു.

അവസാനത്തില്‍ ശത്രുസൈന്യത്തിലെ പ്രമുഖരെയെല്ലാം യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടു. മറ്റുളളവര്‍ ജീവനുംകൊണ്ട് പിന്‍തിരിഞ്ഞോടി.

ഖാലിയ വിജയക്കൊടിഉയര്‍ത്തിയ നിമിഷത്തില്‍ മുഖംമൂടിയണിഞ്ഞെത്തിയ കുതിരപ്പടയുടെ നേതാവും മറ്റ്നാല് യോദ്ധാക്കളും നേവാരാജകുമാരി നില്‍ക്കുന്നതിന് അഭിമുഖമായി വന്നുനിന്നു. കുതിരപ്പട തങ്ങളുടെ പടവാളുകള്‍ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചു.

തലയുയര്‍ത്തിനില്‍ക്കുന്ന കരുത്തനായ നേതാവ് തന്‍റെ പടവാള്‍ നേവാരാജകുമാരിയുടെ മുഖത്തിനുനേര്‍ക്ക് ഒരു വെല്ലുവിളിയേന്നപോലെ ഏതാനും നിമിഷങ്ങള്‍ നീട്ടിപ്പിടിച്ചു.

കൂടെയുളള അണികള്‍മുഴുവനും ആ സമയം ഹര്‍ഷാരവംമുഴക്കി. എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് കുമാരിക്ക് മനസിലായില്ല. അടുത്തനിമിഷത്തില്‍ പടവാളുകള്‍ താഴ്ത്തിനേതാവും മറ്റുനാലു അനുയായികളും കുന്നിന്‍ ചരിവിലൂടെ അപ്രത്യക്ഷമായി. മറ്റുളളവര്‍ യുദ്ധഭൂമിയില്‍തന്നെ നിലകൊണ്ടു.

************************

ആപത്തില്‍ സഹായിച്ച കുതിരപ്പടയേയും അതിന്‍റെ പരാക്രമിയായ ധീരനേതാവിനേയും ഖാലിയയുടെതെരുവുകള്‍ വാനോളം പുകഴ്ത്തിപ്പാടി.

ഖാലിയയുടെ രാജാവ് സന്തോഷാധിക്യത്താൽ തങ്ങളെ സഹായിച്ച കുതിരപ്പടക്ക് അവര്‍ ആവശ്യപ്പെടുന്നതെന്തും, രാജ്യം നല്‍കാമെന്നുളള വിളംമ്പരം പ്രഖ്യാപിച്ചു.

എന്നാല്‍ ഖാലിയയുടെ രാജകുമാരി നേവയെ തങ്ങളുടെ നേതാവിന് വിവാഹം ചെയ്തു കൊടുക്കുക എന്ന ആവശ്യമാണ് അവര്‍ മുമ്പോട്ടുവച്ചത്. അതില്ലെങ്കില്‍ മറ്റൊന്നും സ്വീകരിക്കാതെ സന്തോഷത്തോടെ മടങ്ങുമെന്നും കുതിരപ്പട ദൂതന്‍മാര്‍മുഖേന അറിയിച്ചു.

കൊടുത്ത വാക്ക് പാലിക്കാന്‍ ഖാലിയ നിവാസികൾ നിര്‍ബന്ധിതരായി. നേവ രാജകുമാരിക്ക് മാഹിയാന്‍റെ സ്ഥാനത്തേക്ക് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലുമാവുമായിരുന്നില്ല. അവള്‍ അതിനെ എതിര്‍ത്തെങ്കിലും കാര്യമുണ്ടായില്ല. രാജകല്‍പ്പനയും രാജ്യത്തിന്‍റെ അഭിമാനവും കാത്തുസൂക്ഷിക്കേണ്ടത് ഏതൊരു രാജകുമാരിയുടെയും കര്‍ത്തവ്യമാണെന്ന് മറ്റാരേക്കാളും നേവക്ക് അറിയാമായിരുന്നു.

ഒന്നുരണ്ടു ദിനങ്ങള്‍ കഴിഞ്ഞു. ഉറച്ച ഒരു തീരുമാനത്തിലെത്തിയ നേവ മാഹിയാനോട് യാത്രപറയാന്‍ പകിട്ടുകള്‍ ഊരിവച്ച് മാഹിയാന്‍റെ കുടിലിലേക്കെത്തി.

കണ്ണീരോടെ കുടിലിലേക്ക് കയറിയ നേവ കണ്ടത് ജോലികഴിഞ്ഞ് തിരികെയെത്തി ക്ഷീണത്താല്‍ മൂടിപ്പുതച്ചുറങ്ങുന്ന മാഹിയാനെയാണ്. മാഹിയാന്‍റെ ഉറക്കത്തിന് ഭംഗംവരാതെ പുതപ്പുയര്‍ത്തി അവള്‍ മാഹിയാന്‍റെ അരികിലേക്ക് ഇഴുകിച്ചേര്‍ന്ന്, മാഹിയാനെ വാരിപ്പുണര്‍ന്നു പൊട്ടിക്കരഞ്ഞു.

നിദ്രയിലാണെങ്കിലും മാഹിയാനില്‍നിന്നും വേദനയോടെയുളള ചില ഞരക്കങ്ങൾ കേട്ട് നേവ പരിഭ്രമിച്ചു. നിദ്രയില്‍നിന്നും ഞെട്ടിയുണര്‍ന്ന മാഹിയാന്‍ അരികില്‍ നേവയെകണ്ടപ്പോള്‍ പരിഭ്രമത്തോടെ തന്‍റെ ശരീരത്തിലെ മുറിപ്പാടുകള്‍ പുതപ്പുകൊണ്ട് മറച്ചുപിടിച്ചു.

കാട്ടുകൊളളകാരുടെ ആക്രമണത്തിന് ഇരയായി എന്ന കളളമാണ് മാഹിയാന്‍ നേവയോടു പറഞ്ഞത്. നേവാരാജകുമാരിക്ക് അത് വിശ്വസിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

നേവ തന്‍റെ ഹൃദയവേദനകളെല്ലാം മാഹിയാനുമുന്‍പില്‍ ഓരോന്നായി തുറന്നുവിട്ടു. മാഹിയാന്‍ അവളെ നല്ലവാക്കുകള്‍കൊണ്ട് ആശ്വസിപ്പിച്ചു.

”എന്നോട് പൊറുക്കൂ മാഹിയാന്‍.. എന്‍റെ മുന്‍പില്‍ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ല. എന്‍റെ മരണംപോലും എന്‍റെ ജനതയെ അപമാനത്തിലേക്ക് വലിച്ചിടും. പക്ഷേ നിങ്ങളുടെ സമ്മതമില്ലെങ്കില്‍ ഒരിക്കലും ഞാന്‍ തിരിച്ചുപോകില്ല മാഹിയാന്‍.”

”ഒരു രാജകുമാരി സ്വന്തം താല്‍പര്യങ്ങളേക്കാള്‍ വിലകല്‍പ്പിക്കേണ്ടത് രാജ്യതാല്‍പര്യങ്ങള്‍ക്കാണ്. നേവക്ക് അനുയോജ്യമായവന്‍ ഒരു ആട്ടിടയനല്ല. തീര്‍ച്ചയായും അത് ധീരനായ ഒരുയോദ്ധാവ് തന്നെയാണത്. ശക്തയായിരിക്കുക, സമധാനത്തോടെ മടങ്ങുക. ഒരു ജനതയെ നയിക്കേണ്ടവളാണ് നീ.”

പ്രാണന്‍ വേര്‍പ്പെടുന്ന വേദനയോടെയാണ് രാജകുമാരി മാഹിയാന്‍റെ കുടിലില്‍ നിന്നും വിടപറഞ്ഞത്.

തങ്ങളുടെ പ്രിയരാജകുമാരി ധീരനായ ഒരു യോദ്ധാവിനെ വരിക്കുന്നു എന്നതില്‍ ആഹ്ളാദരായ ഖാലിയയുടെ തെരുവുകള്‍ ആഘോഷത്തിന് തിരികൊളുത്തി. എങ്ങും കൊടിതോരണങ്ങളും ചെണ്ടമേളങ്ങളും പ്രകീര്‍ത്ഥനങ്ങളുമായി ഖാലിയ സജീവമായി.

പക്ഷേ നാള്‍ക്കുനാള്‍ നേവാരാജകുമാരിയുടെ അവസ്ഥ പരിതാപകരമായിവന്നു. ഭക്ഷണമില്ല സംസാരമില്ല എല്ലായ്പ്പോളും അവള്‍ മാഹിയാനെ ഓര്‍ത്തു കരഞ്ഞുകൊണ്ടിരുന്നു. തന്‍റെ വിധിയെപഴിച്ച് നേവ ഓരോ ദിനവും തളളി നീക്കി.

അങ്ങനെ ഖാലിയയുടെ ദിനംവന്നണഞ്ഞു.

വരന് കടന്നുവരാനായി തെരുവില്‍ ചുവന്നപരവതാനികള്‍ വിരിക്കപ്പെട്ടു. ധീരനായ യോദ്ധാവിനെ വരവേല്‍ക്കാന്‍ രാജ്യാതിര്‍ത്തിയില്‍ അലങ്കരിച്ച രഥങ്ങളും വാദ്യോപകരണങ്ങളുമായി രാജാവും പരിവാരങ്ങളും ഖാലിയയുടെ ജനതയും കാത്തുനിന്നു.

നേവരാജകുമാരിയെ രാജകീയവേഷമണിഞ്ഞ് സുന്ദരിയായിചമയിക്കപ്പെട്ടു. പക്ഷേ ദുഃഖവും ക്ഷീണവും അവളെ ഏറെ തളര്‍ത്തിയിരുന്നു.

വരനും സംഘവും ഖാലിയയിലേക്കെത്തി. മുന്തിയഇനം കുതിരകള്‍ വഹിക്കുന്ന അലങ്കരിച്ച പല്ലെക്കിനുളളില്‍ ഇരിക്കുന്ന വരന്‍റെമുഖം കാണാന്‍ ഖാലിയ നിവാസികള്‍ തിക്കുംതിരക്കും കൂട്ടി. മുഖംമൂടിയണിഞ്ഞ് പടക്കളത്തിലെത്തിയ നേതാവിന്‍റെ മുഖം ഖാലിയക്ക് അറിയുമായിരുന്നില്ല.

വരന്‍ പല്ലക്കില്‍ നിന്നിറങ്ങി. സുമുഖനും സുന്ദരനുമായ തങ്ങളുടെ കുമാരിയുടെ നായകനെ കണ്ട് ഖാലിയനിവാസികള്‍ കരഘോഷങ്ങള്‍ മുഴക്കി.

നേവരാജകുമാരി ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അവള്‍ കൊട്ടാരത്തിൽ സജ്ജമാക്കിയ വേദിയില്‍ വിരഹത്തിന്‍റെ വേദനതിന്ന് തലതാഴ്ത്തി കണ്ണീര്‍പൊഴിച്ചുകൊണ്ടിരുന്നു.

വരനെ പൂത്താലങ്ങളും വാദ്യോപകരണങ്ങളുമായി രാജകുമാരിയുടെ മുന്‍പിലേക്ക് ആനയിച്ചു. പക്ഷേ രാജകുമാരി ഒരിക്കല്‍ പോലും തലയുയര്‍ത്തി വരനെ നോക്കിയതേയില്ല. കുമാരിയുടെ അതൃപ്തിമനസിലാക്കിയ വരന്‍ പുഞ്ചിരിയോടെ ചോദിച്ചു.

”നേവാരാജകുമാരിക്ക് ഈ വിവാഹത്തിന് സമ്മതമല്ലെ.?”

ആ ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞ നേവ ഞെട്ടി തലയുയര്‍ത്തിനോക്കി. തന്‍റെ കണ്ണുകളെ അവള്‍ക്ക് വിശ്വസിക്കാനായില്ല.

”മാഹിയാന്‍… നിങ്ങള്‍.? നിങ്ങള്‍തന്നെയാണോ ഇത്.? അതോ ഞാന്‍ കാണുന്നത് വെറും ഒരു ചിത്തഭ്രമംമാത്രമാണോ.?”

”അല്ല കുമാരി ഇത് ചിത്തഭ്രമമല്ല.. യാഥാർഥ്യം തന്നെയാണ്. ഞാന്‍ മാഹിയാന്‍..ഖുറസാന്‍റെ രാജകുമാരന്‍. നേവരാജകുമാരിക്ക് അനുയോജ്യമായവന്‍ വെറും ആട്ടിടയനായ മാഹിയാനല്ല. ഈ രാജകുമാരനെ വരിക്കാന്‍ കുമാരിക്ക് സമ്മതമാണോ.?”

അതകേട്ട് ഖാലിയ ജനങ്ങള്‍ ഒരേസമയം ഒരുമിച്ച് ആര്‍പ്പുവിളിച്ചു.

”സമ്മതമാണ്.. സമ്മതമാണ്.. സമ്മതമാണ്.”

”മാഹിയാന്‍ നിനക്കെങ്ങനെ കഴിഞ്ഞു ഇതിന്.?” പരിസരബോധം മറന്ന് നേവ ദുര്‍ബലമായി മാഹിയാന്‍റെ നെഞ്ചിലേക്ക് ഇരുകൈകളും ഉയര്‍ത്തി പ്രഹരിച്ച്കൊണ്ട് മാഹിയാന്‍റെ നെഞ്ചില്‍ മോഹാലസ്യപ്പെട്ട് വീണു. മാഹിയാന്‍ നേവയെ താഴെ വീഴാതെ ഇരു കൈകള്‍കൊണ്ടും കോരിയെടുത്തു.

അത് കണ്ട ഖാലിയയുടെ ജനങ്ങള്‍ സന്തോഷത്തോടെ വധൂവരന്‍മാരെ അനുഗ്രഹിച്ച് കുരവയിട്ട് ആര്‍പ്പുവിളികള്‍ നടത്തി.