ഒരു നിയോഗം – രചന: NKR മട്ടന്നൂർ
ചേച്ചീ…ഇവിടാരും ഇല്ലേ….?
ഒരു കിളി നാദം കേട്ടു ഞാന്‍ അകത്തൂന്ന് ഇറങ്ങി വന്നു. മുറ്റത്ത് ഒരു വലിയ ബാഗ് ചുമലിലും കയ്യിലൊരു കാര്‍ട്ടൂണ്‍ പെട്ടിയുമായ് ഒരു പെണ്ണ് നില്‍ക്കുന്നു. കാണാന്‍ അത്ര മോശമല്ലാത്ത മെലിഞ്ഞൊരു പെണ്ണ്. വെയിലു കൊണ്ട് കരുവാളിച്ച മുഖം. എന്നെ കണ്ടപ്പോള്‍ അവളൊന്നു ചിരിച്ചു. ഓ…ഇപ്പോള്‍ നല്ല ഭംഗിയുണ്ട് കാണാൻ.
ആരാ….? ഞാന്‍ ചോദിച്ചു.
ഞാന്‍…!! അവള്‍ പെട്ടെന്ന് മറുപടി പറഞ്ഞു.
ഞാന്‍ എന്നു വെച്ചാല്‍….?
ഞാനെന്ന് വെച്ചാല്‍ ഈ ഞാന്‍…!! അവള്‍ പിന്നെയും.
ഇയാള്‍ക്ക് പേരില്ലേ….? ഞാന്‍ പിന്നെയും ചോദിച്ചു.
ഓ, അതാണോ ചോദിച്ചേ? അവള്‍ വീണ്ടും അതേ കൊതിപ്പിക്കുന്ന ചിരി. ഏട്ടാ ഇവിടെ വേറാരുമില്ലേ? അവള്‍ പിന്നെയും.
ഇയാള്‍ക്കെന്താ വേണ്ടേ? ഞാന്‍ ഇത്തിരി കടുപ്പിച്ചു ചോദിച്ചു.
ചേച്ചിയില്ലേ ഇവിടെ? അവള്‍ അകത്തേക്ക് നോക്കിക്കൊണ്ട് വീണ്ടും എന്നോട് തന്നെ.
ദേ പെണ്ണേ ഇവിടെ വേറാരും ഇല്ല. അച്ഛനും അമ്മയും പുറത്തേക്ക് പോയതാ. അവരെയാ വേണ്ടതെങ്കില്‍ വൈകിട്ട് ആറുമണിക്കു വന്നാല്‍ കാണാം. അത്രയും പറഞ്ഞു ഞാന്‍ അകത്തേക്ക് പോവാനൊരുങ്ങുമ്പോള്‍ അവള്‍ വീണ്ടും…ഏട്ടാ….ഓ…..ആ വിളിയാണ് സഹിക്കാന്‍ മേലാത്തത്. എന്തൊരു സ്നേഹാ ആ വിളിയില്‍. എന്നെങ്കിലും ഒരു കല്യാണ യോഗമുണ്ടായാല്‍ കെട്ടിയ പെണ്ണിനെ കൊണ്ടു വിളിപ്പിക്കാന്‍ കൊതിക്കുന്നതാ…ഏട്ടാന്ന്…അതിതാ ഒരു മുന്‍കാല പരിചയം പോലുമില്ലാത്ത പെണ്ണു കേറി വിളിക്കുന്നു. മനസ്സില്‍ അഞ്ചു ലഡ്ഡുവാ ഒന്നിച്ചു പൊട്ടിയത്. ഈശ്വരാ……ഇവിളെയെങ്ങാനുമാണോ അങ്ങ് എനിക്കായ് കരുതി വെച്ചിരിക്കുന്നേ? ഏട്ടനെന്താ ആലോചിക്കുന്നെ? എന്‍റെ മുഖഭാവം കണ്ടിട്ടാവും അവള്‍ ഒരു ചിരിയോടെ അടുത്ത ചോദ്യം.
ഓ…ഒന്നുമില്ല. ഞാനും ചിരിച്ചു. അതൊക്കെ പോട്ടെ. എന്താ ഇയാളുടെ പേര്. അശ്വതി….അവള്‍ പറഞ്ഞു. എവിടുന്നാ അശ്വതി ഈ നേരത്ത്? ഞാന്‍ കുറച്ചു ദൂരേന്നാ. ഏട്ടന്ന് കുട്ടികളുണ്ടോ? ഞാന്‍ ഞെട്ടി…കുട്ടികളോ…? അയ്യോ ഞാന്‍ കല്യാണമൊന്നും കഴിച്ചില്ല പെണ്ണേ..!അതിനെന്തിനാ ഏട്ടന്‍ ഞെട്ടുന്നത്? ഞാനും കല്യാണം കഴിച്ചിട്ടില്ലാലോ. അവളെന്നെ ആകെയൊന്ന് നോക്കി.
ഏട്ടാ ഞാന്‍ ഒരു കമ്മീഷന്‍ ഏജന്‍റാണ്. എന്‍റെ കയ്യില്‍ ആറു പുസ്തകങ്ങളടങ്ങിയ ഒരു പായ്ക്കറ്റിന്ന് ആയിരത്തി ഇരുന്നൂറ് രൂപയാണ് വില. അതിന്‍റെ പരമാവധി വില അയിരത്തി അഞ്ഞൂറ് രൂപയാണ്. ഒരു സ്പെഷ്യൽ ഓഫര്‍ പ്രകാരം ഞങ്ങള്‍ മുന്നൂറ് രൂപ ഡിസ്ക്കൗണ്ടില്‍ വില്‍ക്കുന്നു. അതും പറഞ്ഞവള്‍ കയ്യിലെ പാക്കറ്റീന്ന് ആറു പുസ്തകങ്ങള്‍ പുറത്തെടുത്തു കാട്ടിത്തന്നു. അത് ലോകത്തിലെ സകല കാര്യങ്ങളും അടങ്ങിയതായിരുന്നു. കൊള്ളാം ആ പൈസയ്ക്ക് നഷ്ടമില്ല. ഞാന്‍ മനസ്സിലോര്‍ത്തു. അവള്‍ പ്രതീക്ഷയോടെ എന്നെ തന്നെ നോക്കി നില്‍ക്കുകയാ. ദൈവമേ കുടുങ്ങിയോ.
അത്ര പൈസയ്ക്കാന്നും ഇല്ല ഈ പുസ്തകങ്ങള്‍. ഞാന്‍ വെറുതേ അവളെ ഒഴിവാക്കാനായി പറഞ്ഞു…മം….എങ്കില്‍ ഏട്ടന്‍ എത്ര തരും. അവള്‍ വിടാന്‍ ഭാവമില്ല. ഞാനൊരു തൊള്ളായിരം രൂപ തരാം. ഒഴിഞ്ഞു പോവുന്നെങ്കില്‍ പോവട്ടെന്നും കരുതി ഞാന്‍ വെറുതേ പറഞ്ഞു. അവള്‍ പെട്ടെന്ന് മൂകമായ് എന്തോ ഓര്‍ത്തു. പിന്നെ പറഞ്ഞു. ശരി ഏട്ടനെടുത്തോളൂ. അവള്‍ പുസ്തകങ്ങള്‍ എന്‍റെ നേര്‍ക്കു നീട്ടി….
ശ്ശോ….പറഞ്ഞത് അധികമായി പോയോ. ഇനി എടുക്കാതെ ഒരു രക്ഷയുമില്ല. ഞാന്‍ പുസ്തകങ്ങള്‍ വാങ്ങി അകത്തു പോയി കാശുമായ് വന്നു. അശ്വതി എനിക്കു കുട്ടികളൊന്നും ആയിട്ടില്ലായിരുന്നു. ഒഴിവാക്കാനായ് ഒരടവു കൂടി നോക്കി ഞാന്‍. ഓ…സാരോല്ല ഏട്ടാ. എന്നെങ്കിലും ആയാല്‍ കൊടുക്കാലോ. ഒരിക്കലും ആവശ്യം വരാതിരിക്കില്ലാ ഈ പുസ്തകങ്ങള്‍. അതാ അതിന്‍റെ പ്രത്യേകത. ഈ ഭൂമിയും മനുഷ്യരും ഉള്ള കാലത്തോളം ഉപകരിക്കും. അശ്വതി അവസാനത്തെ ആണിയും അടിച്ചു.
ഞാന്‍ അവളെത്തന്നെ നോക്കുന്നത് കണ്ടപ്പോള്‍ അവള്‍ ചിരിച്ചു. എന്താ ഇങ്ങനെ നോക്കുന്നെ. ഏയ്…ഒന്നൂല്ല. അശ്വതി സുന്ദരിയാണല്ലോന്ന് ഓര്‍ത്തതാ. ഒന്നു പോ ഏട്ടാ. ഏട്ടനെത്ര നല്ലയാളാ. ഓരൊ വീട്ടില്‍ പോയാല്‍ അവിടുള്ളവരൊക്കെ എന്തൊക്കെയാ ചോദിക്കുന്നെ. വൃത്തികേടൊക്കെ മുഖത്ത് നോക്കി പറയും. പ്രായമായ അച്ഛനും അമ്മയും മാത്രേ ഉള്ളൂ വീട്ടില്‍. ഇതാ ഞങ്ങളുടെ ആകെയുള്ള ജീവിതമാര്‍ഗ്ഗം. അവരുടെ മുഖം ഓര്‍മ്മ വരുമ്പോള്‍ എല്ലാം സഹിക്കും. ഒന്നും കേട്ടില്ലാന്നും വിചാരിച്ച് നടക്കും. അവള്‍ അതും പറഞ്ഞ് ബേഗെടുത്ത് തോളിലിട്ടു.
അല്ല അശ്വതി പോവുകയാണോ..? ഞാന്‍ വിടാന്‍ ഭാവമില്ലാത്തപോലെ ചോദിച്ചു. അല്ലാതെ പിന്നെ..!! ഒരു സെറ്റുപുസ്തകങ്ങള്‍ കൂടി വില്‍ക്കണം ഇന്ന്. എനിക്കവളോട് എന്തൊക്കെയോ ചോദിക്കണം, പക്ഷേ…ഒന്നും പുറത്തേക്ക് വരുന്നില്ല. പെട്ടെന്ന് കിട്ടിയ ഒരു ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു. ഇയാളുടെ മൊബൈല്‍ നമ്പര്‍ തരുന്നതില്‍ വിഷമമുണ്ടോ…? അവള്‍ എന്നെ നോക്കി പിന്നെയും ആ ചിരി ചിരിച്ചു. ഒരു കുസൃതി നിറഞ്ഞ ഭാവത്തോടെ ചോദിച്ചു. ഏട്ടനെന്നെ കല്യാണം കഴിക്കാമോ ഏട്ടാ…
മോന് ആനയുടെ ചിത്രം കാണണം പോലും. ഒന്നിതു തുറന്നു കാട്ടിക്കൊടുക്ക്വോ..? കയ്യിലൊരു പൊതിയുമായി അവള്‍ നിന്നു ചിരിക്കുന്നു. ആറു വര്‍ഷങ്ങള്‍ക്കു മുന്നേ കണ്ടു മയങ്ങിപോയ അതേ ചിരി. എടീ പെണ്ണേ, അന്നേ നീ പറഞ്ഞത് ഇത് വിചാരിച്ചു തന്നെയായിരുന്നു അല്ലേ..? എപ്പോഴെങ്കിലും കുട്ടികളാവുമ്പോള്‍ കൊടുക്കാംന്ന്. അന്ന് തൊള്ളായിരം രൂപയ്ക്ക് തന്ന പുസ്തകങ്ങള്‍ അതാ അവളുടെ കയ്യില്‍. ദൈവമേ ആറു വര്‍ഷങ്ങള്‍ ഇത്ര പെട്ടെന്ന് പോയോ…?
(ഓ…ഒരു കാര്യം പറയാന്‍ വിട്ടു പോയി……..യാതൊരു ദുഃശ്ശീലങ്ങളുമില്ലാത്ത വെറുമൊരു കൂലിപ്പണിക്കാരനായിരുന്ന ഞാന്‍ പെണ്ണുകെട്ടാന്‍ വേണ്ടി ഒരുപാട് വീട്ടില്‍ കയറിപ്പോയി. ഒരു ഗതീം പരഗതീം ഇല്ലാത്തതും ഒന്നിനും കൊള്ളാത്തവള്‍ക്കു പോലും ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനെ മതീന്നും പറഞ്ഞ് എന്നെ നിരാശയുടെ പടുകുഴിയില്‍ ചവിട്ടി താഴ്ത്തിക്കൊണ്ടിരിക്കുമ്പോഴാ ദൈവം അശ്വതിയെ എനിക്കു മുന്നിലെത്തിച്ചത്. അവള്‍ക്കു പണമില്ലാത്തൊരു കുറവേ ഞാന്‍ കണ്ടുള്ളൂ. അതുകൊണ്ട് യാതൊരഹങ്കാരവും കാണിക്കാതെ ഞാനവളുടെ പിറകേ അന്നു തന്നെ കൂടി. നമ്മള്‍ക്കു ജീവിക്കാനുള്ളതിനായ് ഞാന്‍ അധ്വാനിക്കുന്നില്ലേ….അല്ല പിന്നെ…..)