പ്രവാസിയുടെ ഭാര്യ – രചന:ജോസ്ബിൻ
റൂമിൽ കട്ടനടിയ്‌ക്കാനുള്ള (മദ്യപാനം) തിരക്കിനിടയിലാണ് അരുൺ എന്നെ വിളിച്ച് അവർക്കൊപ്പം ചേരാൻ പറഞ്ഞത്. പക്ഷേ അവർക്കൊപ്പം ചേരാൻ ഞാൻ വിസമതിച്ചു..
എന്റെ അച്ചായോ ഈ മണലാരത്തിൽ വന്ന് കഷ്ട്ടപ്പെട്ടു പണം മുഴുവൻ നാട്ടിലോട്ട് അയക്കാതെ ഇടയ്ക്കൊന്നു ആഘോഷിച്ചുകൂടെ. വെറുതെയല്ല നിങ്ങളെ എല്ലാവരും കഞ്ഞി എന്നു വിളിയ്ക്കുന്നത്.
ആണായാൽ ഒരു ലഹരി എങ്കിലും കാണാതിരിക്കില്ല ഒന്നുങ്കിൽ കട്ടൻ അതല്ലങ്കിൽ പെണ്ണ് ഇതൊന്നുമില്ലാത്ത നിങ്ങളെ കഞ്ഞിന്നല്ല പഴംകഞ്ഞിന്നാണു വിളിക്കേണ്ടത്.
അവന് മറുപടിയായി ഞാൻ പറഞ്ഞു മോനെ ഈ ജീവിതം തന്നെ നമുക്ക് ലഹരിയാണ് മധുരവും കയ്പ്പും നിറഞ്ഞ ഒരുതരം ലഹരിയാണ് ജീവിതം.
ഓക്കെ, നിങ്ങൾ കട്ടനു ചേരുന്നില്ലങ്കിൽ വേണ്ട ഞങ്ങൾ ഇന്ന് മറ്റേ സെറ്റപ്പിന്റെ അടുത്ത് പോകുന്നുണ്ട് നിങ്ങൾ അതിനും നോ പറയരുത്.
അതിനും നോ തന്നെയാണ് മോനെ ഞാൻ.. കുറച്ചു നിമിഷത്തിന് വേണ്ടി ഈ ജീവിതാവസാനംവരെ കുറ്റഭാരം ചുമക്കാൻ എനിയ്ക്കു കഴിയില്ല. ഒരു പുരുഷൻ എന്ന നിലയിൽ എന്റെ ഭാര്യ എന്നിൽ നിന്ന് സ്വീകരിക്കാൻ കാത്തിരിക്കുന്നതൊന്നും ഒരു സെറ്റപ്പിനും നല്ക്കാൻ എനിയ്ക്കു കഴിയില്ല. അവളുടെ കഴുത്തിൽ ഞാൻ താലിചാർത്തിയ നിമിഷം മുതൽ ഞാനും അവളും തമ്മിലുള്ള വിശ്വാസമാണ് സ്നേഹമാണ് പങ്കുവയ്ക്കലാണ് ഞങ്ങളുടെ ജീവിതം. അവൾ എനിയ്ക്കായി മാത്രം ജീവിയ്ക്കുമ്പോൾ ഞാനും അവൾക്കു വേണ്ടി ജീവിയ്ക്കണ്ടേ? നമ്മൾ പ്രവാസികളിൽ കുറച്ചുപേർ ഭാര്യമാരെ മറന്ന് സ്വന്തം സന്തോഷത്തിനു വേണ്ടി പോകുമ്പോൾ നമ്മൾ അവരെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? നമ്മൾ തിരിച്ചു വരുന്നതും കാത്ത് നമ്മുടെ ഓർമ്മകൾ പേറി ജീവിയ്ക്കുന്ന പാവങ്ങൾ?
എന്റെ അച്ചായോ അതൊക്കെ പണ്ടാണ്. ഇപ്പോൾ ആരും അറിയില്ലങ്കിൽ ഏതു പെണ്ണാണ് നമ്മൾ ചിന്തിക്കുന്നപ്പോലെ ചിന്തിക്കാത്തത്..
നീ..അങ്ങനെ പലരേയും കണ്ടിട്ടുണ്ടാകും പക്ഷേ എന്റെ ഭാര്യ അങ്ങനെയല്ല.
അച്ചായന് അത്രയ്ക്കു വിശ്വാസമാണോ?
അതെ എനിയ്ക്കു അവളെ പൂർണ്ണ വിശ്വാസമാണ്.
ഓഹ്. എന്നാൽ ചേച്ചിയുടെ നമ്പർ ഒന്നു താ ഞാൻ ചേച്ചിയെ വളയ്ക്കുന്നത് അച്ചായന് കാണിച്ചു തരാം. .മോനെ എനിയ്ക്കു നിന്റെ മുന്നിൽ എന്റെ ഭാര്യയുടെ പരുശുദ്ധി തെളിയ്ക്കണ്ട ഗതികേടില്ല..അവളിൽ എനിയ്ക്കു പൂർണ്ണ വിശ്വാസമാണ്.
ഒന്നു പോ.. അച്ചായ പേടിയാണങ്കിൽ അത് പറ.. നിങ്ങൾക്കു ധൈര്യമുണ്ടങ്കിൽ ചേച്ചിയുടെ നമ്പർ താ ഞാൻ ഒരു മാസം കൊണ്ട് വളച്ചു കാണിയ്ക്കാം.
അവന്റെ വെല്ലുവിളിയ്ക്കു മുന്നിൽ എന്റെ അഭിമാനം പണയം വയ്ക്കാൻ കഴിയാതെ ഞാൻ അവന് അവളുടെ നമ്പർ കൊടുത്തു. അവർ തമ്മിൽ ചാറ്റാൻ തുടങ്ങി. അവൻ പറഞ്ഞ ഒരു മാസം കഴിഞ്ഞപ്പോൾ. ഞാൻ അവനോട് ചോദിച്ചു.
എന്തായി നീ അവളെ വളച്ചോ?
സോറി അച്ചായ, ഞാൻ മനസ്സിൽ കണ്ട, വിലയിരുത്തിയ ഒരു സ്ത്രിയല്ല അച്ചായന്റെ ഭാര്യ. സ്ത്രീ എന്ന സങ്കല്പ്പത്തിന് പുതിയ മാനം നല്കി അച്ചായന്റെ ഭാര്യ. ജന്മം തന്ന സ്ത്രീ അപമാനം ഭയന്ന് എന്നെ അനാഥനായി വലിച്ചെറിഞ്ഞു. മനസ്സു ശരീരവും കൊടുത്ത് സ്നേഹിച്ചവൾ ആവിശ്യം കഴിഞ്ഞപ്പോൾ അനാഥനായ എന്നെ സ്വീകരിക്കാൻ കഴിയില്ല എന്നു പറഞ്ഞു ഉപേക്ഷിച്ചുപോയി. ജനിച്ച നിമിഷം മുതൽ തുടങ്ങിയ എന്റെ അപമാനത്തിന് ഒരു അവസാനം മരുഭൂമിയിലെ സ്വയം മറന്നുള്ള ആഘോഷങ്ങളാണ്. ഇതാണ് അച്ചായാ ഞാൻ ചേച്ചിയ്ക്കു അയച്ച മെസേജ്.
ചേച്ചിയെപ്പോലെ ഒരു സ്ത്രിയെ എന്റെ ജീവിതത്തിൽ മുമ്പ് ഞാൻ കണ്ടിരുന്നങ്കിൽ അവരുടെ ഉപദ്ദേശം എനിയ്ക്കു കിട്ടിയിരുന്നങ്കിൽ ഞാൻ ഇങ്ങനെ ആവില്ലായിരുന്നു അച്ചായ. അവർ തമ്മിലുള്ള മെസേജ് അവൻ എന്നെ കാണിച്ചു.
നാലഞ്ചു തവണ അവൻ ഹായ് അയച്ചതിന് ശേഷമാണ് ജസ്റ്റ് ആ മെസേജ് അവൾ കാണുന്നത്. ആരാണ് എന്ന് അവളുടെ ചോദ്യത്തിന് അരുൺ എന്ന് അവൻ മറുപടി കൊടുത്തു. ഒന്നു രണ്ട് ദിവസം അവൻ ഗുഡ് മോണിംങ്ങും ഗുഡ് നൈറ്റും അയച്ചു പക്ഷേ അവൾ മറുപടി കൊടുത്തിട്ടില്ല. പിന്നെ അവൻ അവളെ പറ്റി ചോദിക്കാൻ തുടങ്ങി ഭർത്താവ് എന്തു ചെയ്യുന്നു, മക്കളുടെ വിശേഷം അങ്ങനെ പലതും.
എല്ലാം നോക്കും പക്ഷേ മറുപടിയില്ല. വളയക്കാനുള്ള അവന്റെ തന്ത്രത്തിന്റെ അടുത്ത നമ്പർ അവൻ അവൾക്കു മുന്നിൽ ഇറക്കി. ചേച്ചി ഞാൻ മെസേജ് അയക്കുന്നത് ചേച്ചിയ്ക്കു ശല്യമായി തോന്നിയോ? ചേച്ചി എനിയ്ക്കു എന്റെ ചേച്ചിയ്ക്കു തുല്ല്യമാണ് വെറെ ഒരു അർത്ഥത്തിലും ഞാൻ ചേച്ചിയേ കണ്ടിട്ടില്ല. ചേച്ചിയുടെ ഭർത്താവ് എന്താണ് ചെയ്യുന്നത്?
അതിന് മറുപടിയായി അവൾ പറഞ്ഞു പ്രവാസിയാണന്ന്. മാന്യത നിറഞ്ഞ സംഭാഷണത്തിലൂടെ അവൻ അവളെ വശത്താക്കാൻ ശ്രമിച്ചു. അവന്റെ മെസേജിന് അവളും മറുപടി കൊടുത്തു തുടങ്ങി. അനിയനിൽ നിന്ന് മാറി കാമുകനിലേയ്ക്കുള്ള അവന്റെ സഞ്ചാരത്തിന്, അവൾ തടസ്സമായി.
ചേട്ടൻ പ്രവാസിയല്ലേ ചേച്ചിയ്ക്കും കാണില്ലേ ആഗ്രഹങ്ങൾ ചേച്ചിയ്ക്കു എന്തും എന്നോട് ചോദിക്കാം. പിന്നെ എല്ലാ പ്രവാസികളും അത്ര ശുദ്ധന്മാരാണന്നു വിചാരിക്കണ്ട. ചേച്ചിയല്ലങ്കിൽ മറ്റൊരു പെണ്ണ് ചേട്ടനവിടെയുണ്ടാകും. ചേട്ടനു മാത്രമായി കാത്തിരുന്ന് ചേച്ചി മണ്ടത്തിയാവണ്ട. അവന്റെ മെസേജിന് അവളുടെ മറുപടി ഇങ്ങനെയായിരുന്നു.
നീ എന്താണ് എന്നെപ്പറ്റി വിചാരിച്ചത് കാമം അടക്കാൻ കഴിയാത്ത പിഴച്ചവൾ എന്നോ? എന്റെ കഴുത്തിൽ കിടക്കുന്ന താലിയുണ്ടല്ലോ അത് കെട്ടിയ മനുഷ്യൻ എന്റെ ഹൃദയത്തിന്റെ ഇടിപ്പാണ്. ആ മനുഷ്യന് എന്നെയോ എനിയ്ക്കു ആ മനുഷ്യനെയോ ചതിക്കാൻ കഴിയില്ല. പ്രവാസിയായ ഭർത്താവിനായി കാത്തിരിക്കുന്ന ഓരോ ഭാര്യമാരുടെയും നെഞ്ചിലെ ആതി പറഞ്ഞാൽ മനസ്സിലാകില്ല. അത് വെറും കാമം മാത്രമല്ല , ഞങ്ങളുടെയെല്ലാം പ്രാണൻ ഞങ്ങൾക്കായി മണലാരത്തിൽ വെന്തുരുകുമ്പോൾ എങ്ങനാടോ ഞങ്ങൾക്കിവിടെ ഒന്നുറങ്ങാൻ കഴിയുക, ഉണ്ണാൻ കഴിയുക. നിനക്കു ജന്മം തന്ന സ്ത്രിയില്ലേ അവരോടും നീ ചോദിക്കണം വെറും കാമത്തിനു വേണ്ടിയാണോ നിന്നെ പ്രസവിച്ചതെന്ന്. ഒരു നൂറു വർഷം വേണമെങ്കിലും ഞാൻ കാത്തിരിക്കും എന്റെ പാതിയ്ക്കു വേണ്ടി പക്ഷേ എനിയ്ക്കു ജീവനുള്ള കാലത്തോളം ഒരു നിമിഷത്തേയ്ക്കുപ്പോലും ഒരു അന്യ പുരുഷനും എന്റെ ശരീരത്തിൽ തൊടില്ല. ഒരു അനിയൻ എന്ന പരിഗണനയിൽ മാത്രമാണ് ഞാൻ ഇന്നുവരെ നിന്നോട് ചാറ്റിയത് ഇനിയും നിന്നോട് സംസാരിക്കാൻ നിന്നാൽ എനിയ്ക്കു വേണ്ടി മരുഭൂമിയിൽ വെന്തുരുകുന്ന ആ മനുഷ്യനോട് ഞാൻ കാണിയ്ക്കുന്ന വഞ്ചനയായിരിക്കും. അത്രയും പറഞ്ഞ് അവൾ അവനെ ബ്ലോക്കാക്കി.
ഫോൺ തിരിച്ചു അവന്റെ കൈയിൽ കൊടുത്തപ്പോൾ അവൻ പറഞ്ഞു ചേട്ടന്റെ ഭാഗ്യമാണ് ചേച്ചി. മാലാഖ കൂടെയുള്ളപ്പോൾ എങ്ങനെയാണല്ലേ തെറ്റിലേയ്ക്കു വഴുതി വീഴുക? എന്നാൽ മോനെ എന്റെ ആദ്യ മാലാഖ എന്റെ അമ്മയാണ്. തെറ്റും ശരിയും എനിയ്ക്കു പറഞ്ഞു തന്ന് എന്നെ നേർവഴിയ്ക്കു നടത്താൻ പഠിപ്പിച്ചത് എന്റെ അമ്മയാണ്.
എന്റെ ജീവിതത്തിൽ ഞാൻ അറിഞ്ഞ മനസ്സിലാക്കിയ സ്ത്രികൾ എന്റെ വഴിയിൽ നന്മയായി തീർന്നവരാണ്. പിന്നെ നീ മെസേജ് അയച്ചപ്പോൾ മുതൽ അവൾ എല്ലാം എന്നോട് പറഞ്ഞു പക്ഷേ നിന്നെ അറിയാമെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നില്ല.
സോറി ചേട്ടാ കൂടെ ചേർക്കാൻ ആരുമില്ലാത്ത എനിയ്ക്കു തോന്നിയപ്പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു ഈ മരുഭൂമി അങ്ങനെ പല തെറ്റിലും ഞാൻ പങ്കാളിയായി. പക്ഷേ ചേട്ടന്റെയും ചേച്ചിയുടെയും ജീവിതം കാണുമ്പോൾ എനിയ്ക്കും നന്നാകണം എന്നു തോന്നുന്നുണ്ട്. പഴയ തെറ്റിന്റെ വഴികൾ വലിച്ചെറിയണം.
മോനെ തെറ്റു ചെയ്യാത്തവർ ഈ ലോകത്തുണ്ടാകില്ല പക്ഷേ അത് തെറ്റാണന്നു മനസ്സിലാക്കി തിരുത്താൻ തയ്യാറാകുന്നവരാണ് നന്മയുള്ള മനുഷ്യരായി തീരുന്നത്! എനിയ്ക്കു നീ അനിയന് തുല്ല്യനാണ്. നന്മയുടെ വഴിയിലൂടെ നീ നടക്കുമ്പോൾ ഈ എട്ടന്റെ മനസ്സുനിറയും എന്നെ കെട്ടിപ്പിടിച്ചു അവൻ വിങ്ങിപ്പൊട്ടി. വിങ്ങിപ്പൊട്ടുന്ന ആ ഹൃദയത്തിൽ നന്മയുടെ പുതുവസന്തങ്ങൾ വിരിഞ്ഞു തുടങ്ങി!