രചന: NKR മട്ടന്നൂർ
‘നീതയെ ഒന്നു തനിച്ചു കാണണായിരുന്നു’. ഹരിമാഷ് അങ്ങനെ പറഞ്ഞപ്പോള്‍ ആദ്യം അവളൊന്നു പകച്ചെങ്കിലും അല്‍പസമയത്തിനുള്ളില്‍ തന്നെ നീത ഉണര്‍വ്വോടെ മാഷിന്‍റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
എന്താ മാഷെ കാര്യം?
മാഷ് ഒരു ചെറു ചിരിയോടെ പറഞ്ഞു. ഒരു അത്യാവശ്യ കാര്യാടോ, എന്താ തനിക്ക് വിഷമമായോ. എങ്കില്‍ വേണ്ടാ, പിന്നെ ആവാം. അത്രയും പറഞ്ഞു പോകാനൊരുങ്ങിയ ഹരിയോടവള്‍ പറഞ്ഞു. നാളെ ഞാന്‍ കടല്‍ തീരത്തു വന്നാല്‍ മതിയോ? ‘ഉം’ എന്നു മൂളിക്കൊണ്ട് മാഷ് നടന്നകന്നു പോവുന്നതും നോക്കി നിന്ന നീതയുടെ ഉള്ളില്‍ ഒരു ചോദ്യം ഉയര്‍ന്നു.എന്തിനാവും മാഷെന്നെ കാണണം എന്നു പറഞ്ഞത്.
നഗരത്തിലെ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരാണ് നീതയും ഹരിയും. ഹരി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും നീത യു.പി. വിഭാഗത്തിലും ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നു. സ്കൂളീന്ന് വല്ലപ്പോഴും കാണുമ്പോള്‍ ഒരു ചെറു പുഞ്ചിരി കൈമാറുന്നതൊഴിച്ചാല്‍ വേറൊരു സൗഹൃദവും നമ്മള്‍ തമ്മില്‍ ഇല്ലല്ലോ എന്ന് നീത വെറുതേ ഓര്‍ത്തു.
നീത ആ സ്കൂളില്‍ പ്രവേശിച്ചിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. അപ്പോള്‍ ഹരി മാഷും അവിടുണ്ടായിരുന്നു. നല്ല പോലെ പഠിക്കുമായിരുന്ന നീത സ്വപ്രയത്നം കൊണ്ട് നേടിയെടുത്തതായിരുന്നു ആ ജോലി. പാടത്തും പറമ്പിലും ജോലി ചെയ്തായിരുന്നു അച്ഛനും അമ്മയും തന്നെയും അനുജത്തി ബേണിയെയും പഠിപ്പിക്കുന്നത് എന്ന ബോധം നീതയില്‍ പ്രകടമായിരുന്നു. അത്ര കണ്ട് ബേണി പഠിക്കാത്തതിനാല്‍ അവള്‍ +2 കഴിഞ്ഞു വീട്ടിലിരിപ്പായി. അപ്പോഴേക്കും അച്ഛന്‍ അസുഖബാധിതനായിരുന്നു. പിന്നെ അമ്മയുടെ വരുമാനം കൊണ്ടും ബേണി തുന്നല്‍ പഠിച്ച് അത്യാവശ്യം തയ്ച്ചു കിട്ടുന്നതും കൊണ്ടും നീതയുടെ പഠനവും വീട്ടുകാര്യങ്ങളും അച്ഛന്‍റെ മരുന്നു വാങ്ങലും ഒക്കെ അങ്ങൊപ്പിച്ചു കൊണ്ടു പോയി. എങ്കിലും ഇത്തിരി കടവുമൊക്കെ വന്നു ചേര്‍ന്നിരുന്നു.
നീതയ്ക്ക് ജോലി കിട്ടിയതോടെയാണ് ആ വിഷമങ്ങളെല്ലാം ഒന്നു മാറിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ബേണിയെ വില്ലേജ് ഓഫീസിലെ ക്ളാര്‍ക്കായ വിനോദിന് കെട്ടിച്ചു കൊടുത്തതോടെ നീതയുടെ ഇതുവരെയുള്ള സ്വരുക്കൂട്ടലുകളെല്ലാം തീരുകയും കുറച്ചു കടംവന്നു കൂടുകയും ചെയ്തു. ഇനി ആ കടങ്ങള്‍ തീര്‍ന്നിട്ടു വേണം അവള്‍ക്ക് അച്ഛനുമമ്മയ്ക്കും വേണ്ടി ഒരു ചെറിയ ബാങ്ക്ബാലന്‍സ് ഉണ്ടാക്കാന്‍. അതിന്നിടയില്‍ നീതയ്ക്ക് ഒരുപാട് വിവാഹാലോചനകള്‍ വരുന്നുണ്ടായിരുന്നു. എല്ലാമവൾ വേണ്ടാന്നും, സമയമായിട്ടില്ലാന്നും, പിന്നീടാവാമെന്നുമൊക്കെയുള്ള ഒഴിവുകഴിവുകളില്‍ നിയന്ത്രിച്ചു.
തനിക്കൊരു വിവാഹം ഈ ജന്മത്തില്‍ സാധ്യമാവാനുള്ള സാഹചര്യം ഇനിയും ഒരുപാട് അകലെയാണെന്നറിവിനെ മാത്രം അവള്‍ സ്നേഹിച്ചു. സഹപ്രവര്‍ത്തകരായ അധ്യാപകരില്‍ ഒന്നിലധികം പേര്‍ അവള്‍ക്കുമുന്നില്‍ പ്രണയവും ജീവിതവും വെച്ചു നീട്ടി പരാജിതരായി. ആയിടയ്ക്ക് നീതയുടെ അച്ഛന്‍റെ രോഗം മൂര്‍ച്ഛിച്ച് ഒരുപാട് ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ മരണത്തിന്ന് കീഴടങ്ങി. കരഞ്ഞു തളര്‍ന്ന അമ്മയ്ക്കും ബേണിക്കും താങ്ങായി മരവിച്ച മനസ്സുമായി അപ്പോഴും നീത നിന്നു. പിന്നെയുള്ള നാളുകള്‍ അമ്മയ്ക്കും ബേണിക്കും വേണ്ടിയായിരുന്നു നീതയുടെ നിമിഷങ്ങള്‍. ബേണി ഗര്‍ഭിണിയായതോടെ നീതയുടെ ഉത്തരവാദിത്തങ്ങളേറി.
ഹരിക്ക് കല്യാണാലോചനകള്‍ അച്ഛനും അമ്മയും തകൃതിയായ് നോക്കുന്നുണ്ടായിരുന്നു. അച്ഛനു ബാങ്കിലായിരുന്നു ജോലി. അമ്മ ടീച്ചറും. ഒറ്റ മകനായ ഹരിയെ അധ്യാപകനാക്കാനുള്ള തീരുമാനം അവന്‍റെ അമ്മയുടേതായിരുന്നു. ചെറുപ്പം മുതലേ നല്ല പോലെ പുസ്തകം വായിക്കുമായിരുന്ന ഹരി നല്ല പോലെ പഠിച്ചിരുന്നു. പരിഷ്ക്കാരങ്ങളിലോ പൊങ്ങച്ചങ്ങളിലോ ശ്രദ്ധിക്കാത്ത ഹരിക്ക് സൗഹൃദങ്ങള്‍ കുറവായിരുന്നെങ്കിലും ഉള്ളത് ദൃഢവുമായിരുന്നു.
ആ സ്കൂളിലെ അധ്യാപകര്‍ക്കിടയില്‍ ഹരിക്കെന്നുമൊരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. മാതൃഭാഷയോടുള്ള ഹരിയുടെ സ്നേഹം തന്നെയാണയാളെ കുട്ടികളുടെ പ്രിയ മലയാളം അധ്യാപകനാക്കിയതും. പല ടീച്ചേസിനും ഹരിയോടുള്ള ഇഷ്ടം ആ വ്യക്തിത്വത്തിനു മുന്നില്‍ ചൂളി നിന്നു. സ്കൂളില്‍ പോവുന്നത് മികച്ചൊരു ഭാവി തലമുറയെ വാര്‍ത്തെടുക്കുവാനാണെന്ന ബോധം ഹരിയുടെ ഉള്ളില്‍ എന്നുംഒരു വിളക്കായ് പ്രകാശിച്ചു.
നീത കണ്ടു, ദൂരേ നിന്നും നടന്നു വരുന്ന ഹരിയെ. അവള്‍ ഹരിയോട് പറഞ്ഞ സമയത്തു തന്നെ ആ കടല്‍തീരത്തെത്തിയിരുന്നു. ഇപ്പോള്‍ അഞ്ചു മിനിറ്റ് കഴിഞ്ഞു അവളെത്തിയിട്ട്. സോറി ഞാന്‍ അഞ്ചു മിനിറ്റ് ലേറ്റായിപോയി. നീതയുടെ അടുത്തെത്തിയപ്പോള്‍ ഹരി പറഞ്ഞു. ഓ അതു സാരോല്ലെന്‍റെ മാഷെ. ചിരിച്ചു കൊണ്ട് നീതയും പറഞ്ഞു. സമയം രാവിലെ പത്തു കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആ കടല്‍തീരത്തു ആളുകള്‍ കുറവായിരുന്നു. ഒന്നു രണ്ടു കുടുംബങ്ങള്‍ കുട്ടികളോടൊത്ത് തിരയിലിറങ്ങി കളിക്കുന്നുണ്ട്. കുട്ടികള്‍ മിക്കവരും ആസ്വദിച്ചു കുളിക്കയാണ്. മുതിര്‍ന്നവര്‍ അവരെ പിടിക്കാനായി പിറകേ ഓടുന്നു.
നമുക്കാ മരത്തണലില്‍ ഇരുന്നു കൂടെ ഇത്തിരിനേരം.
മാഷിന്‍റെ ചോദ്യം കേട്ട് നീത തലയാട്ടി. രണ്ടുപേരും മരച്ചോട്ടിലെ ബെഞ്ചിലിരുന്നു. കുറച്ചകന്നിരുന്ന നീതയെ നോക്കി ഹരി പറഞ്ഞു.
ഇത്തിരി കൂടി അടുത്തിരിക്കാമോ?
നീത മടി കൂടാതെ ഇത്തിരി കൂടി അടുത്തിരുന്നു. ഹരി അവളുടെ കണ്ണുകളിലേക്ക് നോക്കി. നീതയും ആ നോട്ടത്തെ എതിരിട്ടു. ആ മിഴികളും മുഖവും എത്ര മനോഹമാണെന്ന് നീത ഉള്ളിലോര്‍ത്തു.
ഇങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാനാണോ മാഷ് എന്നോട് വരാന്‍ പറഞ്ഞേ? നീത ചോദിച്ചു.
അതേ, ഇനിയുള്ള കാലം എന്നെ അതിന്നനുവദിക്കാമോ?
ഹരിയുടെ വെട്ടിത്തുറന്നുള്ള ചോദ്യം കേട്ടപ്പോള്‍ നീത വല്ലാതായി. അവള്‍ തല തിരിച്ച് തിരമാലകളിലേക്ക് നോക്കി. അവളുടെ ഉള്ളില്‍ അപ്പോള്‍ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. എന്താ മാഷിനോട് പറയുക എന്നറിയാനായവള്‍ ഉള്ളം നിറയെ തിരഞ്ഞു. ഒരു വിവാഹ ജീവിതം തനിക്ക് അനുവദിച്ചിട്ടില്ല ഇനിയും എന്നവള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
എന്താ നീതയ്ക്കെന്നെ ഇഷ്ടമാവില്ലെ. ഹരിയുടെ വീണ്ടുമുള്ള ചോദ്യം. നീത ഹരിയെ നോക്കി. ആ മുഖത്ത് പ്രതീക്ഷ കണ്ടപ്പോള്‍ അവളുടെ ഉള്ളം ശൂന്യമായി. അത് ഹരിയേട്ടാ എനിക്കിപ്പോള്‍ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാനേ ആവില്ല. കാരണം എന്‍റെ അമ്മയ്ക്ക് ഞാന്‍ മാത്രേ ഉള്ളൂ. പിന്നെ അനിയത്തി ബേണി അവള്‍ക്കും ഒരാശ്രയമായി ഞാന്‍ മാത്രം. അതിന്നിടയില്‍ ഞാന്‍ ഒരു വിവാഹ ജീവിതം കൊതിക്കുന്നതേ തെറ്റാണ്. അമ്മയും അനിയത്തിയും എന്നും സന്തോഷമായിരിക്കണം എന്നു മാത്രേ ഞാനെപ്പോഴും ചിന്തിക്കാറുള്ളൂ. എനിക്കതു മതി. അതു മാത്രം..
ഹരി നീതയുടെ കണ്ണുകളിലേക്ക് നോക്കി. അവള്‍ കടലിലേക്ക് നോക്കി പുറം കൈകൊണ്ട് നിറഞ്ഞു വന്ന മിഴികള്‍ തുടച്ചു. നീതാ, എനിക്കു തന്‍റെ കാര്യങ്ങള്‍ എല്ലാമറിയാം. തന്നെ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു. അല്ല ആ സ്കൂളില്‍ തന്നെ മാത്രേ ശ്രദ്ധിക്കാറുണ്ടായിരുന്നുള്ളൂ എന്നു പറയുന്നതാവും ശരി. ഒരു കുടുംബം താന്‍ എന്തുമാത്രം കരുതലും സ്നേഹവും കൊടുത്താടോ കൊണ്ടു പോവുന്നത്. തന്നെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്കുമാവില്ലെടോ. എന്നിട്ടും താന്‍ ഇതൊന്നും അറിയാതെ ഇതൊന്നും ശ്രദ്ധിക്കാതെ നമുക്കിടയില്‍ തന്നെ ജീവിക്കുന്നു. അതാണത്ഭുതം!
എന്‍റെ വീട്ടില്‍ എനിക്ക് വിവാഹാലോചനകള്‍ ഒത്തിരി നടക്കുന്നു. എനിക്കൊരിക്കലും അതിന്ന് പറ്റിയൊരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാലു വര്‍ഷമായും ഞാന്‍ തന്നെ മാത്രാ ശ്രദ്ധിച്ചോണ്ടിരുന്നത് അതു കൊണ്ടാവും മറ്റൊരു പെണ്ണിനേയും എനിക്കിഷ്ടമാവാതിരുന്നത്. ഹരി പറഞ്ഞു നിര്‍ത്തി.
വേണ്ട ഹരിയേട്ടാ അതു ശരിയാവില്ല ഒരിക്കലും. ഹരിയേട്ടന്‍ ശരിയാവില്ലാന്നല്ല. ഞാന്‍ ശരിയാവില്ല ഒരിക്കലും. അമ്മയും അനിയത്തിക്കുമപ്പുറം എനിക്കാരുമില്ല. എനിക്കാരേയും സ്നേഹിക്കാനുമാവില്ല. ഹരി ആ ബെഞ്ചില്‍ നിന്നെഴുന്നേറ്റു നീതയ്ക്കരികില്‍ വന്നു നിന്നു. നീതയും എഴുന്നേറ്റു. ഹരി നീതയുടെ മിഴികളിലേക്ക് നോക്കി. ആ മിഴികളില്‍ ഒരു സ്നേഹക്കടല്‍ തിരയടിക്കുന്നത് നീതയ്ക്കു കണാമായിരുന്നു. അവള്‍ മിഴികള്‍ താഴ്ത്തി.
എടോ തന്നെ ഞാനൊന്ന് ചേര്‍ത്തു പിടിച്ചോട്ടെ ഒരുവട്ടം.
അവള്‍ സമ്മതത്തോടെ ഹരിയോട് ചേര്‍ന്നു നിന്നു. ഹരി മൃദുവായ് അവളെ ചേര്‍ത്തു പിടച്ചിട്ട് പറഞ്ഞു. എന്‍റെ ജീവിതത്തില്‍ എന്നെങ്കിലും ഒരു കൂട്ടുണ്ടാവുന്നുവെങ്കില്‍ അതു നീതയാവും. തന്‍റെ ജീവിതത്തിലെ ബാധ്യതകളെല്ലാം തീരുന്നതുവരെ ഞാന്‍ കാത്തിരിക്കാം. നീതയെ തന്നില്‍ നിന്നും മെല്ലെ അടര്‍ത്തിമാറ്റിയിട്ട് ഹരി നടന്നകന്നു.
നീത ഹരി പോവുന്നതും നോക്കി കുറേ നേരം അവിടെത്തന്നെയിരുന്നു. പാവം മാഷ്. ആ മാഷിനെ ദൈവം തനിക്കായ് കാത്തുവച്ചതാവും ഇനിയും ആ മനസ്സ് വേദനിപ്പിക്കരുത്. അവളുടെ മനസ്സ് മന്ത്രിച്ചു. ഒരു പുതിയ ഉന്‍മേഷത്തോടെ നീത എഴുന്നേറ്റു ഹരിയുടെ പിറകേ നടന്നു.