രചന: NKR മട്ടന്നൂർ
ഞാന്‍ അനുപമ, അനൂന്ന് വിളിക്കും.
ആരൊക്കെയാണെന്നോ..? ഉണ്ണിയേട്ടനും ഉണ്ണിയേട്ടന്‍റെ അമ്മയും. അവരു മാത്രം വിളിച്ചാല്‍ മതീട്ടോ…അതാ എനിക്കും ഇഷ്ടം.
ഇനി എനിക്കു പറയാനുളള കാര്യം ഇച്ചിരി കഷ്ടാണ് ട്ടോ. കഴിഞ്ഞ 32 ദിവസങ്ങളായി ഞാന്‍ എന്‍റെ ദേവീടെ നടയില്‍ തന്നെയാ. എന്താണ് കാരണം എന്നല്ലേ പറയാം. ഇപ്പോള്‍ വരും എന്‍റെ ഉണ്ണിയേട്ടന്‍. അല്ല കൊണ്ടുവരും ഉണ്ണിയേട്ടനെ. പാവമാണ് എന്‍റെ ഉണ്ണിയേട്ടന്‍. ആരെയും വേദനിപ്പിക്കാത്ത ആരുടെ കാര്യത്തിലും ഇടപെടാതെ അമ്മയ്ക്ക് വേണ്ടി മാത്രം ജീവിച്ച ആ ഉണ്ണിയേട്ടനെ ദൈവം എന്തിനാ ഈ വിധി കൊടുത്തത്. കഴിഞ്ഞ 32 നാളുകളിലും ഞാന്‍ കാവിലമ്മയോട് ചോദിച്ചതും ഇതു തന്നെയാ.
ഞാനും അമ്മയും മാത്രമാ ഇവിടെ. അച്ചന്‍ 4 വര്‍ഷം മുന്നേ മരിച്ചു. ഒരുപാട് കിടന്നു വേദനിച്ചാ മരിച്ചത്. അച്ഛനെ ചികിത്സിച്ച വകയില്‍ കുറേ കടം വന്നപ്പോള്‍ താമസിക്കുന്ന വീടും 10 സെന്‍റ് പുരയിടവും വില്‍ക്കേണ്ടിവന്നു. അച്ഛനെ പൊതു ശ്മശാനത്തിലായിരുന്നു ദഹിപ്പിച്ചത്. ആ നാട്‌വിട്ട് പോവാമെന്ന് അമ്മ പറഞ്ഞപ്പോള്‍ എനിക്കും അതാണ് നല്ലതെന്ന് തോന്നി. വീടും പുരയിടവും വിറ്റ് അച്ഛനു വേണ്ടി വന്ന കടങ്ങളെല്ലാം തീര്‍ത്തപ്പോള്‍ കുറച്ചു പൈസ മിച്ചം വന്നതും കൊണ്ട് ഈ നാട്ടിലെത്തി. ഒരു വീട് വാടകയ്ക്ക് തരപ്പെടുത്തി തന്നത് എന്‍റെ ഒരു കോളജ്മേറ്റായിരുന്നു. അവരുടെ അമ്മയുടെ കൂട്ടുകാരിയായിരുന്നു ഉണ്ണിയേട്ടന്‍റെ അമ്മ. ഉണ്ണിയേട്ടനും അമ്മയും പുതിയ വീട്ടിലേക്ക് താമസം മാറ്റിയപ്പോള്‍ ഒഴിഞ്ഞു കിടന്നു ആ വീട്. പഴയതെങ്കിലും നല്ല വൃത്തിയിലും വെടുപ്പിലും സൂക്ഷിച്ച വീട് ആര്‍ക്കും കൊടുത്തിരുന്നില്ല. ഞാനും അമ്മയും തനിച്ചേ ഉള്ളൂവെന്നും സന്ദര്‍ശകരോ ശല്യമോ ഉണ്ടാവില്ലാന്നും ഉള്ള ഒരുറപ്പ് മാത്രം വാങ്ങിയാ ഉണ്ണിയേട്ടന്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ മാസവാടകയ്ക്ക് ആ വീട് തന്നത്.
നോക്കിയാല്‍ കാണുന്ന ദൂരത്ത് തന്നെ അവരുള്ളത് എനിക്കും അമ്മയ്ക്കും വലിയൊരു ആശ്വാസമായിരുന്നു. ബാക്കി വന്ന പണം കൊണ്ടു ജീവിക്കാനൊരു മാര്‍ഗ്ഗമെന്നതിനായ് ടൗണില്‍ ഒരു കമ്പ്യൂട്ടര്‍ സെന്‍റര്‍ തുടങ്ങിയതും ഉണ്ണിയേട്ടന്‍റെ സഹായം കൊണ്ടും കൂടി ആയിരുന്നു. ഒരു പ്രത്യേക സ്വഭാവമായിരുന്നു ഉണ്ണിയേട്ടനും അമ്മയ്ക്കും. ആദ്യം നമ്മളോടും വലിയ അടുപ്പമൊന്നും കാട്ടിയിരുന്നില്ല. ആ അമ്മയും മകനും മാത്രം ആയ ഒരു ചെറിയ ലോകം. രാവിലെ 8 മണിക്കു മുന്നേ വീട്ടീന്ന് പോയാല്‍ എന്നും ഉച്ചയ്ക്കും അമ്മയുടെ കൂടെ ഊണിനെത്തുന്നതും രാത്രി 8 മണിക്കു വീട്ടിലെത്തുന്നതും പതിവായിരുന്നു. ടൗണില്‍ ഒരു മൊബൈല്‍ ഷോപ്പാണ് അവരുടെ അവരുടെ ജീവിതമാര്‍ഗ്ഗം. അതു നല്ലപോലെ നോക്കി നടത്തുന്നതില്‍ ഉണ്ണിയേട്ടന്‍ മിടുക്കനായിരുന്നു.
എന്‍റെ അമ്മയും ഞാനും കുറച്ചു തവണ മാത്രേ അവിടെ പോയിട്ടുണ്ടാവൂ. രാവിലെ ഉണരുകയും നടുത്തളത്തില്‍ ദീപം തെളിയിക്കുകയും ചെയ്തിരുന്ന ആ വീട്ടീന്ന് എന്നും ഭക്തി ഗാനം കേട്ടായിരുന്നു ഞാനുണരാറ്. ചെറിയ ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കുന്നതീന്ന് ഞാന്‍ ഒന്നു മനസ്സിലാക്കിയിരുന്നു. ഉണ്ണിയേട്ടന്‍ ഒരു യേശുദാസിന്‍റെ ഫാനാണെന്ന്. അമ്മ പറഞ്ഞപ്പോള്‍ അറിഞ്ഞ മറ്റൊരു കാര്യം. ലാലേട്ടനും ദാസേട്ടനും ചിത്രചേച്ചിയും അമ്മയും പിന്നെ ഉണ്ണിയേട്ടനും. ആ ലോകത്തീന്ന് ഉണ്ണിയേട്ടനെ മറ്റൊരു ശക്തിക്കും കൊണ്ടുപോവാന്‍ കഴിയില്ലെന്ന് തോന്നിയിട്ടുണ്ട് എനിക്കു പലപ്പോഴും.
രാവിലെ പോവുമ്പോള്‍ ഉമ്മറത്തു നിന്ന് ‘അമ്മേ ഞാൻ പോവുന്നു’ എന്നു പറയാതെ പോവുന്ന ഉണ്ണിയേട്ടനെ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. ആ സമയത്ത് ഞാനും എന്നും കുളിച്ച് ഈറന്‍ മുടിയില്‍ തോര്‍ത്തു ചുറ്റി വരാന്തയില്‍ വന്നു നില്‍ക്കുമായിരുന്നു. ഒരു നോട്ടം കൊതിച്ചാ നില്‍ക്കുന്നതെങ്കിലും നിരാശയായിരുന്നു മിക്കപ്പോഴും ഫലം. അതില്‍ ആദ്യം പരിഭവംതോന്നിയെങ്കിലും ഇപ്പോള്‍ അതൊരു ശീലമായീട്ടോ. ഞായറാഴ്ചകളില്‍ മൊബൈല്‍ ഷോപ്പിന് അവധി കൊടുത്ത് ഉണ്ണിയേട്ടന്‍ ബൈക്കില്‍ അമ്മയെ കയറ്റി ടൗണില്‍ പോവുമായിരുന്നു. അന്നത്തെ ഭക്ഷണമെല്ലാം ടൗണില്‍ തന്നെയാ. എവിടെയാ പോണേന്ന് ഞാന്‍ എന്‍റമ്മയോട് ചോദിച്ചാ അറിഞ്ഞത്. രാവിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ പിന്നെ സിനിമയ്ക്ക്. മോഹന്‍ലാലിന്‍റെ ഒരു സിനിമ പോലും ഉണ്ണിയേട്ടന്‍ ഒഴിവാക്കിയിരുന്നില്ല. അതാണവരുടെ ലോകം.
ഇതൊക്കെ കണ്ട് ഞാന്‍ കൊതിച്ചു പോയിട്ടുണ്ട് പലപ്പോഴും. എന്‍റെ മനസ്സ് വായിക്കുവാന്‍ എന്‍റെമ്മയ്ക്ക് കഴിഞ്ഞതു കൊണ്ടാവാം ഒരു ദിവസം അമ്മ എന്നോട് പറഞ്ഞത് ഉണ്ണിയെയും അമ്മയെയും കണ്ട് കൊതിക്കേണ്ടാന്ന്. കാണാന്‍ സുന്ദരിയായിരുന്ന എനിക്കു ഒരുപാട് വിവാഹാലോചനകള്‍ വന്നെങ്കിലും എല്ലാത്തീന്നും ഞാന്‍ തഞ്ചത്തില്‍ വഴുതി മാറി. അമ്മയ്ക്കതില്‍ പരിഭവം തുടങ്ങിയപ്പോള്‍ ഒരു ദിവസം ഞാന്‍ അമ്മയോട് തുറന്നു പറഞ്ഞു. ‘എനിക്കൊരു ജീവിതം ഉണ്ടെങ്കില്‍ അത് ഉണ്ണിയേട്ടനോടൊപ്പം ആയാല്‍ മതീന്ന്’. അതു നടക്കുമോ എന്ന അമ്മയുടെ ആശങ്കയ്ക്കും ഞാന്‍ മറുപടി കൊടുത്തു. ഉണ്ണിയേട്ടന്‍ അമ്മയ്ക്കു വേണ്ടി മാത്രാ എന്നും ജീവക്കുന്നതെങ്കില്‍ നമ്മളും അങ്ങനെ ജീവിക്കും. ഞാനും അമ്മയും മാത്രം ഉള്ളൊരു ലോകം. അതു മതിയമ്മേ എനിക്കും. അതില്‍ പിന്നെ അമ്മ എന്നോടൊന്നും പറയാറില്ല വിവാഹകാര്യം.
ഇതിന്നിടയില്‍ പലപ്പോഴും ഞാന്‍ ഉണ്ണിയേട്ടനോട് അടുത്തിടപഴകാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു പുഞ്ചിരിയിലോ രണ്ടു വാക്കിലോ എന്നെ പറഞ്ഞുവിടും കക്ഷി. എന്നോട് വെറുപ്പും ഇല്ല ഞാന്‍ കൊതിക്കുന്ന ഇഷ്ടവും ഇല്ല. ‘മാറണം ഈ ഉണ്ണിയേട്ടന്‍, മാറ്റണം ഈ ഞാന്‍’ അങ്ങനെ ഒരു മുദ്രാവാക്യം എന്‍റുള്ളില്‍ ഞാന്‍ എഴുതി. ഉണ്ണിയേട്ടന്‍റെ വീട്ടിലേക്കുള്ള സന്ദര്‍ശനത്തിന്‍റെ എണ്ണം കൂട്ടി. കുളിച്ചു സുന്ദരിയായി ഉണ്ണിയേട്ടന്‍റെ അമ്മ ഉപയോഗിക്കുന്ന തരം കോട്ടന്‍ സാരിയായി പിന്നെ എന്‍റെ വേഷം. ചെറുതായി എന്നെ ശ്രദ്ധിക്കാനും അത്യാവശ്യം സംസാരിക്കുന്ന ലെവലിലും ഒരുവിധം ഞാന്‍ എത്തിച്ചും. ഫേസ്ബുക്കോ വാട്സാപ്പോ ഉയോഗിക്കാത്ത ആ ഉണ്ണിയേട്ടനു വേണ്ടി ഞാനും അതെല്ലാം ഉപേക്ഷിച്ചു. അതെല്ലാം നാശത്തിന്‍റ വഴികാട്ടികളാന്ന് ഒരു തവണ പറഞ്ഞു ഉണ്ണിയേട്ടന്‍. കയ്യില്‍ ഒരു പഴയ മോഡല്‍ കീപാട് ഫോണ്‍ മാത്രം ഉപയോഗിക്കുന്ന ആ മനുഷ്യന്‍ ഈ നൂറ്റാണ്ടിലൊന്നും ജീവിക്കേണ്ടതല്ലാന്നും, അതെല്ലാം നല്ലതാണല്ലോന്നും എനിക്കും തോന്നി പലപ്പോഴായിട്ട്.
ഇനി പറയാം കഴിഞ്ഞ 32 നാളുകളായി ഞാന്‍ തീ തിന്നുന്ന കാര്യം. പതിവു പോലെ അന്നു രാത്രി കട പൂട്ടി വീട്ടിലേക്ക് വരികയായിരുന്ന ഉണ്ണിയേട്ടന്‍റ ബൈക്കില്‍ ഒരു ലോറിയിടിച്ചു. ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നു പോലും. റോഡില്‍ തെറിച്ചു വീണ ഉണ്ണിയേട്ടന്‍റെ രണ്ടു കാലിലൂടെയും ലോറി കയറിയിറങ്ങി. ഈ അമ്മയെന്തിനാ ഇങ്ങനെ കരയുന്നേ? കാലില്‍ കെട്ടിപ്പിടിച്ചു കരയുന്ന അമ്മയെ മാറ്റാന്‍ ഉണ്ണി ആവുന്നതും ശ്രമിച്ചു നോക്കി. അവന്‍റ നിറഞ്ഞ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ അവന്‍ ടവ്വല്‍ കൊണ്ടു മുഖം തുടച്ചു. ഉണ്ണിയുടെ കൂട്ടുകാരായ വിഷ്ണുവും വിജയും വെളിയിലുണ്ടായിരുന്നു അപ്പോഴും. അമ്മയും മകനും കരഞ്ഞു തീര്‍ക്കട്ടേ സങ്കടങ്ങളെന്നും വിചാരിച്ച് മാറി നിന്നതാണവര്‍. അല്ലെങ്കിലും കഴിഞ്ഞ 32 നാളുകളായ് ആ അമ്മയുടെ മിഴികള്‍ തോര്‍ന്നിട്ടേ ഉണ്ടായില്ലായിരുന്നല്ലോ.
അമ്മേ ഒന്നു നിര്‍ത്തുന്നുണ്ടോ ഈ കരച്ചില്‍, എനിക്കൊന്നും സംഭവിച്ചിട്ടില്ല. അങ്ങനെ പറയുമ്പോഴും അവന്നറിയാമായിരുന്നു. വലതു കാല്‍ മുട്ടിന്നു താഴെ വച്ഛ് നഷ്ടമായിരിക്കുന്നു എന്ന്. ഞാന്‍ കൂടി തളര്‍ന്നാല്‍ എന്‍റമ്മ ഒരു ജീവച്ഛവമായി തീരും എന്ന സത്യവും. വിഷ്ണൂ.., ഉണ്ണി വിളിച്ചു. വിഷ്ണു അകത്തേക്ക് കയറി വന്നു. നീ ഈ അമ്മയെ കൂട്ടി അപ്പുറത്തെ റൂമില്‍ കൊണ്ടു കിടത്തുവോ.
‘മം’. വിഷ്ണു മൂളി.
അവന്‍ അമ്മയെ കൂട്ടി അപ്പുറത്തെ മുറിയിലേക്ക് പോയി. നിറഞ്ഞു വന്ന മിഴികള്‍ അവന്‍ പിന്നെയും തുടച്ചു.
വാതില്‍ പടിക്കല്‍ കാല്‍ പെരുമാറ്റം കേട്ട് ഉണ്ണി അങ്ങോട്ട് നോക്കി.
ഓ ഇയാളോ, കയറി വാ.
അനു മടിച്ചു മടിച്ച് അകത്തേക്ക് കയറി. ആ കഴ്ച അവള്‍ക്ക് ഒരിക്കലും കാണേണ്ടിയിരുന്നില്ല. കട്ടിലില്‍ ചാരിയിരിക്കുകയാണ് അവളുടെ ഉണ്ണിയേട്ടന്‍. അരയ്ക്കു താഴെ പുതപ്പു കൊണ്ടു മൂടിയിരിക്കുന്നു. കാലിലാ അവളുടെ നോട്ടം എന്നറിഞ്ഞ ഉണ്ണി പറഞ്ഞു.
ഓ വലതു കാലിന്‍റ ഒരു കഷ്ണം അവരെടുത്തു.
അനുവിന്‍റെ മിഴികള്‍ നിറഞ്ഞൊഴുകുന്നതു കണ്ടപ്പോള്‍ ഉണ്ണി പറഞ്ഞു.
അനുവും കരയാനാ വന്നതെങ്കില്‍ പൊയ്ക്കോളൂ. അമ്മയിപ്പോള്‍ പോയതേ ഉള്ളൂ. എനിക്കു കാണേണ്ടാ ആരുടെയും കരച്ചില്‍. ഈ ഒറ്റക്കാലും കൊണ്ട് ഞാനും അമ്മയും ഇവിടങ്ങ് ജീവിച്ചോളാം.
അവള്‍ ഉണ്ണിയുടെ അടുത്തേക്ക് നീങ്ങി നിന്നു. സാരിത്തലപ്പ് കൊണ്ട് കണ്ണും മുഖവും തുടച്ചു. ഉണ്ണിയേട്ടാ ഞാന്‍ ഒരുപാട്. സ്നേഹിക്കുന്നുണ്ടായിരുന്നു നിങ്ങളെ. പേടി കൊണ്ടാ അതിത്ര നാളും തുറന്നു പറയാതിരുന്നത്. ഇപ്പോഴും ആ ഇഷ്ടം എനിക്കു കൂടിയിട്ടേ ഉള്ളൂ.ഈ ഏട്ടനേയും അമ്മയേയും ഞാന്‍ നോക്കിക്കൊളളാം ഇനിയുള്ള കാലം. അതിനെന്നെ അനുവദിക്കണം ഉണ്ണിയേട്ടന്‍. അതും പറഞ്ഞവള്‍ പൊട്ടിക്കരഞ്ഞു. എന്തു പറയണമെന്നറിയാതെ പകച്ചു നിന്ന ഉണ്ണിയുടെ അടുത്തേക്ക് വിഷ്ണുവും വിജയും കയറി വന്നു.
വിഷ്ണു പറഞ്ഞു. ഉണ്ണീ നീ പറഞ്ഞതിലും കൂടുതല്‍ സ്നേഹം ഇവളിലുണ്ടെടാ. അല്ലെങ്കില്‍ കാലു മുറിച്ചു കളഞ്ഞിട്ടും നിന്നെ തേടി വരില്ലായിരുന്നു ഇവള്‍. ഉണ്ണി അവളുടെ കയ്യില്‍ പിടിച്ചു തന്നോട് ചേര്‍ത്തു നിര്‍ത്തി. അനു ആ മാറില്‍ വീണു പൊട്ടിക്കരഞ്ഞു. നിറഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ട് വിഷ്ണുവും വിജയും റൂം വിട്ടിറങ്ങി.