കാറിലിരിക്കുമ്പോഴും സകല ഈശ്വരൻമാരെയും കൂടി പിടിച്ചു പ്രാത്ഥിച്ചു കൊണ്ടിരുന്നു…

ലേബർ റൂം ~ രചന: ആതിര പി ദിലീപ്

ഞാൻ രാധിക കിങ്ങിണി മറ്റത്തെ ദിവാകര കയ്മളുടെയും സീതയുടെയും രണ്ടാമത്തെ മകൾ…

മോൾക്ക് ഒന്നര വയസ്സ് ആവാറായപ്പോഴാണ് ഞാൻ രണ്ടാമത് ഗർഭിണി ആയത്. പ്ലാൻ ചെയ്ത് ഉണ്ടായതാണെങ്കിലും ഗർഭിണി ആണെന്നറിഞ്ഞപ്പോൾ രണ്ടു വീട്ടിലും ചെറിയ വിഷമം ആയി മോളു കുഞ്ഞായത് ആണ് എല്ലാവരെയും വിഷമിപ്പിച്ചത് . മകൾ ചെറുതായത് കൊണ്ടും ഭർത്താവിന്റെ അമ്മ ഹെർട്ടിനു സുഖമില്ലാത്ത ആളായത് കൊണ്ടും മോളെ നോക്കാൻ പറ്റുമായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രേഗ്നെൻസി കിറ്റിൽ രണ്ടു ചുവന്ന വര തെളിഞ്ഞപ്പോഴേ കിട്ടിയതൊക്കെ കെട്ടും കെട്ടി സ്വന്തം വീട്ടിലേക്ക് പോയി. വീട്ടിൽ അമ്മയും അച്ഛനും ചേട്ടനും ആണ് ഉള്ളത്. ഒന്നര വയസായ കുഞ്ഞിക്കു അവരെ കണ്ടാൽ പിന്നെ സ്വന്തം തള്ളയെ വേണ്ട അതുകൊണ്ട് എന്ത് കൊണ്ടും വീട്ടിൽ നിൽക്കുന്നത് തന്നെയാണ് നല്ലതെന്ന എന്റെ അഭിപ്രയം കെട്ടിയവനും ശരി വെച്ചു അതുകൊണ്ടും കൂടിയാണ് ഞാൻ വീട്ടിലേക്ക് പോന്നത്.അങ്ങനെ വീട്ടിലേക്ക് പോന്നിട്ട് മൂന്നുമാസമായി വൈകുന്നേരം ഉള്ള മനം പുരട്ടൽ ഒഴിച്ച് കാര്യമായ ആസ്വസ്ഥതകൾ ഒന്നും തന്നെ എനിക്ക് ഉണ്ടായിരുന്നില്ല.

പണിയെടുക്കാൻ പറഞ്ഞുകൊണ്ട് എന്നും അമ്മ ഒച്ചപ്പാടാണെങ്കിലും എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടി ആയിരുന്നു. മാത്രമല്ല കുറച്ചു നേരം നിൽക്കുകയോ നടക്കുകയോ ചെയ്‌താൽ പിന്നെ വല്ലാത്ത അസ്വസ്ഥതയും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ പണികളിൽ നിന്നും നൈസ് ആയി ഒഴിവായിക്കൊണ്ടിരുന്നു. ഗർഭിണിയാണ് എന്ന് അറിയുമ്പോൾ തന്നെ ഏതൊരമ്മക്കും ഉണ്ടാകുന്നത് പോലെ സ്വപ്‌നങ്ങൾ എനിക്കും ഉണ്ടായിരുന്നു എല്ലാം കൊണ്ടും സന്തോഷം ആയിരുന്നു ആ സമയത്ത് . അങ്ങനെ പതിവ് പോലെ വൈകീട് കുഞ്ഞിയുടെ കുസൃതികൾ ആസ്വദിച്ചും മൊബൈലിൽ കുത്തിയും ഇരിക്കുവായിരുന്നു ഞാൻ . മനം പുരട്ടാൽ ഉള്ളത് കൊണ്ട് അത്താഴം കഴിച്ചുമില്ല. കളിയൊക്കെ കഴിഞ്ഞ് മോളുറങ്ങിയതും എനിക്ക് വിശപ്പിന്റെ വിളി വന്നു പെട്ടെന്നു തന്നെ കുറച്ചു ചോറും കറിയും എടുത്ത് കഴിക്കാനിരുന്നു. രണ്ടുരുള വായിലേക്ക് വെച്ചതും എന്തോ ഒരു ഡൌട്ട് പെട്ടെന്ന് തന്നെ ചോറ് അവിടെ വെച്ചു വാഷ് റൂമിലേക്ക് പോയി. ചുവന്ന അടയാളം കണ്ടതും എന്റെ സപ്ത നാടികളും തകർന്നു.

“ഈശ്വര എന്റെ കുഞ്ഞ് “

ഉള്ളിൽ എരിഞ്ഞു വന്ന ആന്തലോടെ വിളിച്ചുകൊണ്ടു ഞാൻ പുറത്തിറങ്ങി അമ്മയോട് വിവരം പറഞ്ഞു അപ്പോഴൊക്കെ വല്ലാത്ത വിറയൽ ആയിരുന്നു എനിക്ക് ഒരു വിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. ബ്ലീഡിങ് എന്ന ഒറ്റ വാക്കുകൊണ്ട് തന്നെ കാര്യത്തിന്റെ ഗൗരവം അമ്മക് മനസ്സിലായി പിന്നെ എല്ലാം ശട പടെ ശട പടെന്നായിരുന്നു. ഉറങ്ങിയ മോളെ അച്ഛനെ ഏല്പിച്ചു അമ്മാവന്റെ മകനോടു പോയി വിവരം പറഞ്ഞു. ആള് കയ്യിൽ കിട്ടിയത് വലിച്ചു വാരി എടുത്തിട്ടു പെട്ടെന്ന് കാർ എടുത്തു. കാറിൽ കയറിയപ്പോൾ തൊട്ട് ഞാൻ ലോകത്തുള്ള സകല ദൈവങ്ങളിലൂടെയും ഓട്ട പ്രദക്ഷിണം നടത്തി. അപ്പോഴൊക്കെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു

“ഈശ്വര എന്റെ കുഞ്ഞ് “

കാറിലിരിക്കുമ്പോഴും സകല ഈശ്വരൻമാരെയും കൂടി പിടിച്ചു പ്രാത്ഥിച്ചു കൊണ്ടിരുന്നു. ചേട്ടൻ ഡ്രൈവിങ്ങിന് ഇടയിൽ എന്നെ അശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ചേട്ടന്റെ അനിയത്തിക്ക് ഉണ്ടായാതൊക്കെ പറഞ്ഞു എന്റെ ടെൻഷൻ കുറക്കാൻ നോക്കുന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴും എന്റെ മനസ്സിൽ എന്റെ കുഞ്ഞിന് ഒന്നും വരുത്തല്ലേ എന്നു മാത്രം ഉരുവിട്ട് കൊണ്ടിരുന്നു. കാർ കാഷ്വലിറ്റിയിൽ എത്തിയതും വയറും താങ്ങി ഓടി ഉള്ളിൽ കയറി പിന്നാലെ അമ്മയും. അവിടെ ചെന്നപ്പോൾ അതാ പനി ചെക്ക് ചെയ്യുന്ന മെഷീനുമായി ദേ ഒരു സിസ്റ്റർ. അതിന്റെ മുന്നിൽ നിൽക്കുമ്പോ തീവ്രവാദിയുടെ തോക്കിനു മുന്നിൽ നിൽക്കുന്ന പോലാണ് തോന്നിയത് ആ സാധനം കാരണം ഡോക്ടറുടെ അടുത്തെത്താൻ ഒരുനിമിഷം താമസിക്കുമല്ലോ എന്നതായിരുന്നു എന്റെ ചിന്ത ആ സമയത്ത് ഒരു സെക്കന്റ്‌ പോലും എനിക്ക് അത്ര വിലപ്പെട്ടതായിരുന്നു.

ആ മഷിൻ കണ്ടു പിടിച്ചവനെയും കൊറോണയെയും കൂട്ടിപിടിച്ചങ് പ്രാകി. അപ്പോഴേക്കും ഒരു മാലാഖ എന്നെ അകത്തേക്ക് കൂട്ടികൊണ്ട് പോയി കിടക്കാനുള്ള ബെഡ് കാണിച്ചു തന്നു അപ്പോഴേക്കും കുറച്ചു ആദി കുറഞ്ഞിരുന്നു. ഹോസ്പിറ്റലിൽ എത്തിയല്ലോ എന്ന ആശ്വാസം. ഞായറാഴ്ച്ച ആയത് കൊണ്ട് അവിടെ ആളു കുറവായിരുന്നത് വേറൊരു ആശ്വാസം. ബെഡിൽ കയറി നീണ്ടു നിവർന്നു കിടന്നു അത്രയും ദിവസം തുള്ളിച്ചടി നടന്ന ഞാൻ ഒറ്റ നിമിഷം കൊണ്ട് അവാർഡ് പടമായി മാറി. കിടന്നപ്പോഴും ഒരു ധൈര്യത്തിന് ഒരു കൈ വയറിൽ വെച്ചു . സിസ്റ്റർ വന്നു ബിപിയും പൾസും ഒക്കെ നോക്കി. ബിപി റോക്കറ്റ് പോലെ പോകുന്നത് കണ്ടത് കൊണ്ടാവണം ആ സിസ്റ്റർ ചോദിച്ചു.

“ടെൻഷൻ ഉണ്ടോ “

സ്നേഹത്തോടെ ആണ് അവരത് പറഞ്ഞെങ്കിലും ആ ചോദ്യത്തോട് എനിക്ക് പുച്ഛം തോന്നി ടെൻഷൻ ഉണ്ടോ എന്ന് അതെ ഒള്ളു എന്ന് പറയണം എന്നുണ്ടായിരുന്നു പിന്നെ എന്ത്കൊണ്ടോ പറഞ്ഞില്ല. എങ്ങനാണ് അവിടെ വരെ തട്ടി പോകാതെ എത്തിയത് എന്ന് ദൈവത്തിന് മാത്രേ അറിയും. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ഡോക്ടർ വന്നു വിവരം അന്വേഷിച്ചു ചെറുപ്പക്കാരൻ ആയ ഡോക്ടറോട് ബ്ലീ ഡിങ് എന്നൊക്കെ പറയാൻ നാണം തോന്നിയെങ്കിലും കുഞ്ഞിനെ ഓർത്തു വള്ളിപുള്ളി വിടാതെ. പറഞ്ഞു. ആ നിമിഷം ഞാൻ ദൈവത്തിനേക്കാൾ കൂടുതൽ കാണാൻ ആഗ്രഹിച്ചത് ഞാൻ കാണുന്ന ലക്ഷ്മി ഡോക്ടറെയാണ്. എന്തെങ്കിലും ഒരത്യാവശ്യം വന്ന് അളിവിടെ എത്താൻ ആത്മാർഥമായി തന്നെ ഞാൻ പ്രാത്ഥിച്ചു.

അതിന്റെ കൂടെ ഇടക്കിടക്ക് പേടി കൊണ്ട് വരുന്ന മൂത്രശങ്കയും. ഓരോ തവണ വാഷ്റൂമിൽ പോകുമ്പോഴും സകല ദൈവങ്ങളെയും വിളിക്കും അമ്പലത്തിൽ പോലും ഞാൻ അത്രക്ക് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കാണില്ല. കാരണം ആ ചുവന്ന തുള്ളികൾ ഞാൻ അത്രക്ക് പേടിച്ചിരുന്നു. ഓരോ തവണ പോകുമ്പോഴും ഒരാശ്വാസത്തോടെയാണ് പുറത്തു വരുന്നത് കാരണം പിന്നെ അങ്ങനെ ഒന്നും ഉണ്ടായില്ല. എന്നാൽ എന്റെ ഷട്ടിൽ സർവീസ് കണ്ട് ഒടുവിൽ ഒരു സിസ്റ്റർ എന്നെ പിടിച്ചു ബെഡിൽ കിടത്തി.

“അതികം എഴുന്നേറ്റ് നടക്കല്ലേ രാധികേ “

മറുപടി ആയി ഞാനൊന്നു ഇളിച്ചു കാണിച്ചു അപ്പോഴേക്കും നേരത്തെ വന്ന ഡോക്ടർ അടുത്തു വന്നിട്ട് പറഞ്ഞു.

“രാധിക മാടത്തെ വിളിച്ചു അപ്പോൾ ആള് പറഞ്ഞത് ഇങ്ങനൊരു കാര്യം ഉണ്ടായത് കൊണ്ട് മരുന്ന് തന്നു വീട്ടിൽ വിടാൻ പറ്റില്ല ഇന്ന് അഡ്മിറ്റ്‌ ആവണം “

അഡ്‌മിറ്റെങ്കിൽ അഡ്മിറ്റ് എന്നും ചിന്തിച്ചു. ഓക്കേ പറഞ്ഞു. അഡ്മിറ്റ് ആവാൻ പറഞ്ഞതുകൊണ്ട് കെട്ടിയവനെ വിളിച്ചു കാര്യം പറഞ്ഞു കേട്ട പാതി കേൾക്കാത്ത പാതി ആംബുലൻസിനെക്കാൾ സ്പീഡിൽ ആളവിടന്ന് പൊന്നു. അപ്പോഴാണ് അടുത്ത വള്ളിക്കെട്ട് പഷ്യന്റ്റും കൂടെ നിൽക്കുന്ന ആളും കോവിഡ് ആന്റിജൻ ടെസ്റ്റ്‌ ചെയ്യണം എന്ന്. അത് കേട്ടതും അതുവരെ ടെൻഷൻ അടിച്ചിരുന്ന എന്നേക്കാൾ വായു അമ്മക്ക് കയറി. ടെസ്റ്റിനെ പറ്റി കേട്ടറിവ് മാത്രേ അമ്മക്കുള്ളു മൂക്കിൽ കോലിട്ട് കുത്തിയാണ് സാമ്പിൾ എടുക്കുന്നത് എന്ന് അറിവ് ആരിൽ നിന്നോ കിട്ടിയത് കൊണ്ടോ എന്തോ പൊതുവെ പേടിയുള്ള അമ്മ ഒന്നും കൂടി പേടിച്ചു. കൊച്ചു പിള്ളേരെ പോലുള്ള അമ്മയുടെ കാട്ടയം ആ ടെൻഷന്റെ ഇടയിലും ചിരി വന്നു. അവിടുള്ള സിസ്റ്റർസിനോട് ഞാൻ വാക്‌സിനേഷൻ എടുത്തത് ആണെന്നൊക്കെ പുള്ളിക്കാരി പറഞ്ഞു നോക്കുന്നുണ്ട് അതോണ്ട് കാര്യമില്ല ചെയ്യണം എന്ന് അവരും പറഞ്ഞു. അതോടെ അടുത്ത അഭിപ്രായം വന്നു അമ്മേടെ വക

“കൊച്ചു ഒറ്റക്കല്ലേ അതോണ്ട് ഞാൻ വീട്ടിലേക്ക് പോവാം പ്രതീപിനോട് ടെസ്റ്റ്‌ ചെയ്ത് ഇവിടെ നിൽക്കാൻ പറയാൻ “

ആന്റിജൻ ടെസ്റ്റിനെ പേടിച്ചാണ് പുള്ളിക്കാരി അത് പറഞ്ഞത് അപ്പൊ പിന്നെ ഞാനും വിചാരിച്ചു അങ്ങാനാവട്ടെ എന്ന് അപ്പോഴേക്കും പുള്ളിക്കാരി പിന്നെയും അഭിപ്രായം മാറ്റി അല്ലേൽ ഞാൻ തന്നെ നിക്കാം അവനു പറ്റിയില്ലെങ്കിലോ എന്നും പറഞ്ഞു. അപ്പോഴേക്കും രണ്ട് ഫോംമും ആയി ഒരു സിസ്റ്റർ പിന്നെയും വന്നു.

“കൊറോണ ടെസ്റ്റിനുള്ള സമ്മത പത്രം പൂരിപ്പിക്കണം “

സത്യത്തിൽ അതിലെന്തൊക്കെ പൂരിപ്പിക്കണം എന്ന് എനിക്ക് വല്യ ധാരണ ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ കിടക്കുവല്ലേ പുറത്ത് നിൽക്കുന്ന ചേട്ടനോട് പൂരിപ്പിക്കാൻ പറയാൻ പറഞ്ഞു ഞാൻ തടി തപ്പി. അമ്മ പാവം അത് വിശ്വസിച്ചു ചേട്ടനെ കൊണ്ട് പൂരിപ്പിച്ചു.ആ കടമ്പ കഴിഞ്ഞപ്പോൾ തന്നെ ടെസ്റ്റിനുള്ള സാമാഗ്രഹികളും ആയി അടുത്ത ആൾ വന്നു. ആ സിസ്റ്റർ ചെവിയിലിടുന്ന ബഡ്‌സ് പോലെ ഉള്ള നീണ്ട സാധനവുമായി എന്റെ മുഖത്തിന് നേരെ വന്നു എന്നിട്ട് അത് മൂക്കിലേക്ക് കയറ്റി അതെന്റെ ശിരസ്സ് വരെ എത്തിയോ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു പോയി ഒപ്പം ഒരു തുമ്മലും. അത് കഴിഞ്ഞപ്പോഴേക്കും എനിക്ക് പിന്നെയും വന്നു അത്. ഏത് മൂത്രശങ്ക അല്ലാതെന്ത്. പോയിട്ട് തിരികെ വന്നപ്പോ അംഗം ജയിച്ച ചേകവനെ പോലെ ഇരിപ്പുണ്ട് നമ്മുടെ മാതശ്രീ പുള്ളിക്കാരീടെ സാമ്പിൾ എടുത്തു കഴിഞ്ഞു അതാണ്.

അപ്പോഴേക്കും കെട്ടിയവൻ അങ്ങോട്ടേക്ക് എത്തി. പുള്ളിയെ കണ്ടപ്പോഴാണ് എനിക്ക് വിശക്കനുണ്ട്‌ എന്ന് ഓർമ വന്നത്. ടെൻഷൻ കാരണം മറന്നിരിക്കുവായിരുന്നു ആവശ്യം അറിയിച്ചു.ആ നിമിഷം അങ്ങേര് മനസ്സിൽ പ്രാകി കാണണം. കാരണം വേറൊന്നുമല്ല സമയം രാത്രി 11.30 ആയിരുന്നു അതുകൊണ്ട് ഗ്രാമ പ്രദേശത്തെ ഹോസ്പിറ്റൽ ആയത് കൊണ്ട് കടകൾ ഒന്നും ഇല്ലായിരുന്നു. പക്ഷെ സ്നേഹ നിധിയായ കെട്ടിയവന് എന്റെ ആവശ്യത്തിന്റെ ആഴം മനസ്സിലായത് കൊണ്ട് 8കിലോമീറ്റർ ദൂരെയുള്ള ടൗണിൽ പോയി ഫുഡ് വാങ്ങാം എന്ന കഠിന പ്രയത്നം ഏറ്റെടുത്ത് പുറപ്പെട്ടു. ഏട്ടൻ പോയതും ഒരു സിസ്റ്റർ വന്നു ലേബർ റൂമിൽ ആണ് അഡ്മിറ്റ്‌ എന്നും പറഞ്ഞു വീൽ ചെയർ വിളിച്ചു. ശെടാ അപ്പൊ എന്റെ ഫുഡ്. ഞാൻ മനസ്സിൽ ചിന്തിച്ചു എന്നിട്ട് പറഞ്ഞു.

“സിസ്റ്ററെ എനിക്ക് നല്ല വിശപ്പ് ഉണ്ട് ഏട്ടൻ ഫുഡ് വാങ്ങാൻ പോയേക്കുവാ “

എന്റെ ദയനീയത കണ്ടിട്ടാവണം ആ കുട്ടി പറഞ്ഞു..

“അത് സാരമില്ല ഫുഡ് കൊണ്ടുവരുമ്പോ അറ്റന്ററുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞാൽ മതി “

അറ്റെൻഡറുടെ കയ്യിൽ കൊടുത്ത എന്റെ വിശപ്പ് മാറുന്നതെങ്ങനാ എന്നു മനസ്സിൽ ഓർത്തപ്പോഴേക്കും പുള്ളിക്കാരി പറഞ്ഞു.

“അറ്റെൻഡർ ലേബർ റൂമിലേക്ക് കൊണ്ട് തന്നോളും എന്ന് “

സീറിജിലേക്ക് മരുന്ന് നിറച്ചു കൊണ്ട് ചിരിയോടെ പറഞ്ഞപ്പോൾ ഞാനും ചിരിച്ചു. സിറിഞ്ചു നിറച്ചു എന്റെ എളിയിൽ കുത്തി. നല്ല വേദന ഉണ്ടായിരുന്നു അത് സിസ്റ്റർ പറയുകയും ചെയ്തു ബ്ലീഡിങ് ഉണ്ടാവാതിരിക്കാൻ ആണ് എന്ന് പറഞ്ഞപ്പോൾ ആ ഇൻജെക്ഷൻ തലോടലായി തോന്നി എനിക്ക്.

എന്റെ മുഖം തെളിഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ എനിക്ക് പോകാനുള്ള വാഹനം വന്നു വേറൊന്നുമല്ല വീൽ ചെയർ. സിംഹസനത്തിൽ ഇരിക്കുന്ന ഗമയിൽ ഞാൻ അതിൽ കയറി ഇരുന്നു. പൊതുവെ അതിലിരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാണ് നമ്മൾ ചുമ്മാ ഇരുന്നു കൊടുക്കുമ്പോഴേക്കും നമ്മളെ വേറൊരാൾ ഉന്തിക്കൊണ്ട് പോകുന്നത് നല്ല രസല്ലേ. വീൽ ചെയറിനു പിന്നാലെ അമ്മയും ലേബർ റൂമിൽ നിന്നും വന്ന സിസ്റ്ററും അഗമ്പടി സേവിച്ചു. അധികം ദൂരെ അല്ലാതിരുന്നത് കൊണ്ട് പെട്ടെന്നു ലക്ഷ്യ സ്ഥാനത് എത്തി . വീൽചെയറിൽ ഇരുന്നുള്ള യാത്രയുടെ ആ സുഖം പെട്ടെന്ന് തീർന്ന് പോയി അതിൽ ഉള്ള നിരാശയോടെ ഇറങ്ങി നിൽക്കുന്ന റൂമിന്റെ മുകളിലേക്ക് നോക്കി അവിടെ വല്യ അക്ഷരത്തിൽ എഴുതിയിരിക്കുന്നു.

“ലേബർ റൂം “

ഞാൻ ആ പേരിലേക്കൊന്നു നോക്കി ആദ്യത്തെ സിസ്സേറിയൻ ആയത് കൊണ്ട് ഞാൻ ആദ്യമായാണ് ലേബർ റൂം കാണുന്നത് അതിന്റെ എല്ലാ ആകാംഷയും എനിക്കുണ്ടായിരുന്നു. അമ്മയെ വാർഡിലേക്ക് പറഞ്ഞു വിട്ട് സിസ്റ്റർ എന്നെയും കൊണ്ട് ആ മുറിക്കുളിലേക്ക് കയറി. മ്യൂസിയം വിസിറ്റ് ചെയ്യുന്ന അതെ ത്വരയോടെ ഞാൻ അവരോടൊപ്പം ഉള്ളിലേക്ക് കയറി. അതിനുള്ളിൽ കേറിയപ്പോഴുണ്ട് ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു ഹാൾ അഞ്ചാറു ബെഡും അവിടമാകെ ഒരു ശ്മശാന മൂകത വേറൊന്നും കൊണ്ടല്ല ആ വലിയ ഹാൾ പോലുള്ളിടത് ആകെ ഞാനും എന്റൊപ്പം വന്ന സിസ്റ്ററും മാത്രേ ഉണ്ടായിരുന്നുള്ളു.

“അയ്യോ ഇവിടെ ഞാൻ മാത്രോള്ളു “

ഞാൻ അറിയാതെ ചോദിച്ചു പോയി. അതിനു മറുപടിയായി പുഞ്ചിരിയോടെ ആ സിസ്റ്റർ മറുപടി പറഞ്ഞു

“അതെ ഇന്ന് ഞായറാഴ്ച അല്ലെ നാളെ അഞ്ചു മണി ആവുമ്പോ കൂട്ട് വരും “

ആദ്യം തന്നെ ഞാൻ എനിക്ക് വേണ്ടപ്പെട്ട സ്ഥലം ചോദിച്ചു മനസ്സിലാക്കി വേറൊന്നുമല്ല ബാത് റൂം. കണ്ടു പിടിച്ച ഉടനെ അങ്ങോട്ട് പോയി തിരിച്ചതിറങ്ങിയപ്പോ അവിടം മൊത്തം ഒന്ന് നോക്കി എന്നെ കിടത്തിയേക്കുന്ന സ്ഥലത്ത് ചുമരിൽ സ്റ്റേജ് 1 എന്നും അതിനുള്ളിൽ തന്നെ ഉള്ള റൂമിന്റെ മുന്നിൽ സ്റ്റേജ് 2 എന്നും ചുവന്ന അക്ഷരത്തിൽ എഴുതിയിട്ടുണ്ടായിരുന്നു. അവിടെയവും പ്രസവം നടക്കുന്നത് എന്ന് ഞാൻ ഊഹിച്ചു. പിന്നെ എന്റെ ബെഡിൽ വന്നിരുന്നു. അവിടത്തെ സിസ്റ്ററിനോട് കുശലം പറഞ്ഞിരുന്നു.അപ്പോഴേക്കും വിശപ്പ് പിന്നെയും തലപൊക്കി. എന്റെ മുഖഭാവം കണ്ട് സിസ്റ്റർ പറഞ്ഞു

“ഫുഡ് വന്നില്ല അല്ലെ “

ഞാൻ വിഷമത്തോടെ മൂളി. ആ സമയത്ത് ലേബർ റൂമിലെ കാളിംഗ് ബെൽ മുഴങ്ങി എന്റെ ഫുഡ് കൊണ്ടുവന്നതായിരുന്നു. ബണ്ണു പ്രദീക്ഷിച്ച എന്റെ മുന്നിൽ ദേ ഇരിക്കണു ചപ്പാത്തിയും ചിക്കനും ഹോ എന്റെ സാറെ ആ നിമിഷം എന്റെ കെട്ടിയവനോട് എനിക്ക് വല്ലാത്ത പ്രേമം തോന്നി. സമയം 12 കഴിഞ്ഞിരുന്നു അതൊന്നും എന്നെ ബാധിച്ചില്ല ഞാൻ നല്ല തട്ട് തട്ടി എന്നിട്ട് ഒന്ന്കൂടി വാഷ് റൂമിൽ പോയി കിടക്കാൻ നോക്കി അപ്പോഴാണ് അടുത്ത പ്രോബ്ലം വീട്ടിൽ അല്ലാത്തത് കൊണ്ട് നിദ്ര ദേവി എന്റൊപ്പം വന്നില്ല കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് മയങ്ങി.വെളുപ്പിന് 4.45 ആയപ്പോഴേക്കും ഉറക്കം കഴിഞ്ഞു എഴുന്നേറ്റ് വീട്ടിലാണേൽ 9 മണി ആയാലും എഴുനേൽക്കാത്ത എനിക്ക് എന്നെ ഓർത്തു വല്ലാത്ത വിഷമം തോന്നി.ഫോൺ കയറ്റാൻ പറ്റാത്തത് കൊണ്ട് നേരം പൊക്കുമില്ല. പിന്നെ അവിടത്തെ ട്യൂബും ബൾബും സ്ഥാവരെ ജംഗമങ്ങൾ ഒക്കെ നോക്കി ഇരുന്നു. ഇന്നലെ അനുഭവിച്ച ടെൻഷൻ എന്നെ പൂർണമായും വിട്ടു മാറിയിരുന്നു. അഞ്ചുമണിയായപ്പോഴേക്കും എനിക്ക് കൂട്ട് വരും എന്ന് പറഞ്ഞ കുട്ടി വന്നു. അവൾക് ഇന്ന് ഡെലിവറി ആണ്. അവൾ എന്റെ തൊട്ടടുത്ത ബെഡിൽ ആണ് കിടന്നത് മിണ്ടാൻ കൂട്ടായല്ലോ എന്നോർത്ത് എനിക്കും കുറച്ചാശ്വാസമായിരുന്നു.

ആദ്യമായി കാണുന്നവരെ പരിചയപ്പെടാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഞാൻ അവളുടെ ഊരും പേരും കുടിം ജീവ ചരിത്രം വരെ ചോദിച്ചു. അവളുടെ പേര് അനു അവളുടെ മൂത്ത കുട്ടിക്കും ഒന്നരവയസ്സേ ആയിട്ടുള്ളു എന്ന് കേട്ടപ്പോൾ എനിക്ക് ചെറിയൊരു സമാധാനം കിട്ടി കാര്യം പ്ലാൻ ചെയ്തതാണെങ്കിലും ഞാൻ മാത്രമാണോ ഇങ്ങനെ പ്ലാനിങ് നടത്തിയത് എന്നൊരു വിഷമം ഉണ്ടായിരുന്നു. അവൾ അത് പറഞ്ഞപ്പോൾ എന്റെ വിഷമം മാറി കിട്ടി. ഈ സമയം കൊണ്ട് പുറമെ എന്റമ്മയും അവളുടെ അമ്മയും കൂട്ടായി. അതോടെ ആ കാര്യത്തിലും സമാധാനമായി. അവൾക്ക് മരുന്ന് വച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചെറിയ നടു വേദനയൊക്കെ തുടങ്ങിയിരുന്നു. നോർമൽ ഡെലിവറിയെ പറ്റി എനിക്ക് കേട്ടറിവ് മാത്രേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ അതിന്റെ ലക്ഷണങ്ങൾ ഞാൻ ആകാംഷയോടെ നോക്കി. പിന്നെയും ഓരോന്ന് സംസാരിച്ചിരുന്നപ്പോഴേക്കും എന്നെ നോക്കുന്ന ഡോക്ടർ അവിടേക്ക് വന്നു അവളെയും ആ ഡോക്ടർ തന്നെയാണ് നോക്കുന്നത്. ഡോക്ടറെ കണ്ടതും എനിക്ക് വല്ലാത്തോരു ആശ്വാസം തോന്നി. സിസ്റ്റർ എന്റെ വിവരങ്ങൾ ഡോക്ടറോട് പറഞ്ഞു. സ്കാൻ ചെയ്ത് നോക്കിയിട്ട് പറയാട്ടോ മോളെ എന്ന് സ്നേഹത്തോടെ പറഞ്ഞു. അതുകേട്ടപ്പോ ഉള്ളിൽ മഞ്ഞു പെയ്ത സുഖം. അനുവിനെ നോക്കിയിട്ട് അവൾക്ക് ഉച്ചക്ക് മുൻപ് ആവും എന്ന് പറഞ്ഞു. അപ്പോൾ മുതൽ എനിക്ക് വല്ലാത്തൊരു ജിജ്ഞാസ ആയിരുന്നു .

വേദന എടുക്കണു എന്ന് ഇടക്കിടക്കു അവൾ പറയണുണ്ടായിരുന്നു അപ്പോഴൊക്കെ തുടങ്ങീട്ടല്ലേ ഒള്ളു എന്നും പറഞ്ഞു സിസ്റ്റർ അവളെ ആശ്വസിപ്പിച്ചു. പക്ഷെ അതുകൊണ്ടെന്ത്‌ കാര്യം അവനവന്റെ വേദന അവനവനല്ലേ അറിയൂ എന്നാണ് ഞാൻ മനസ്സിൽ ചിന്തിച്ചത് . ബാത്ത് റൂമിൽ പോയി തിരിച്ചുവന്ന അവൾ വല്ലാത്ത ടെൻഷനിൽ ആയിരുന്നു. സിസ്റ്ററിനോട് പറയുന്ന കേട്ടു വെള്ളം പോവുന്നുണ്ട് എന്ന്.അവളോട്‌ കിടക്കാൻ പറഞ്ഞു സിസ്റ്റർ പരിശോധിച്ചിട്ട് അത് ശരി വെച്ചു. തുടങ്ങിട്ടൊള്ളു എന്ന് അശ്വസിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും മോർണിംഗ് ഷിഫ്റ്റിൽ ഉള്ളവർ എത്തി.ആ നഴ്സ് സീനിയർ ആണെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി ഡ്യൂട്ടി കയ്മാറി അവിടെ ഉണ്ടായിരുന്ന ആൾ പോയി. അനുവിന് വേദന പയ്യെ കൂടി കൂടി വന്നു അവൾക്കാശ്വാസമാവട്ടെ എന്ന് കരുതി ഞാൻ അവളോട് സംസാരിച്ചു കൊണ്ടിരുന്നു. പക്ഷെ വേദന വരണത് കൊണ്ട് അവൾ മറുപടി മൂളലിൽ ഒതുക്കി. അവളുടെ വേദന മനസിലാക്കിയത് ക്കൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. സിസ്റ്റർ അവളോട് ഡ്രസ്സ്‌ മാറി ഡെലിവറിക്കുള്ള ഡ്രസ്സ്‌ ധരിക്കാൻ പറഞ്ഞു. അവൾ പെട്ടെന്ന് തന്നെ ഡ്രസ്സ്‌ മാറി പുറത്തേക്ക് വന്നു.പുറമെ സ്ത്രീകളുടെ മുന്നിൽ വെച്ചു പോലും ഡ്രസ്സ്‌ ഒന്ന് തെന്നി മാറിയാൽ നാണക്കേട് അനുഭവിക്കുന്ന നമ്മൾ എങ്ങനാണ് ലേബർ റൂമിൽ എത്തുമ്പോൾ നമ്മുടെ ന ഗ്നതയെ മറക്കുന്നത് എന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു. അന്ന് കണ്ട പരിചയമുള്ളൂ എങ്കിലും അവളെ ആ വേഷത്തിൽ കണ്ടപ്പോൾ എന്തോ മനസ്സിൽ വല്ലാതെ വിഷമം. സീനിയർ സിസ്റ്റർ പരിശോധിച്ചിട്ട് ആവാറായി എന്ന് മനസിലായപ്പോൾ തന്നെ അവളെ സ്റ്റേജ് 2 എന്ന് എഴുതിയിട്ടുള്ള റൂമിലേക്ക് മാറ്റി.

അവളരികിൽ നിന്നു പോയപ്പോൾ വല്ലാത്തൊരു വിഷമം തോന്നി. എങ്കിലും എങ്ങനാണ് ഒരു നോർമൽ ഡെലിവറിക്ക് മുൻപുള്ള ഒരാളുടെ അവസ്ഥ എന്നറിയാൻ എനിക്ക് വല്ലാത്ത ആകാംഷ ആയിരുന്നു. അവളെ അകത്തേക്കും കയറ്റി കുറച്ചു നേരത്തേക്ക് ഒരനക്കവും ഉണ്ടായില്ല. ഞാൻ അവളുടെ അവസ്ഥ എന്താണ് എന്നോർത്ത് എന്റെ ബെഡിൽ കിടന്നു കുറച്ചു കഴിഞ്ഞതും അവളുടെ കരച്ചിൽ പുറത്തേക്ക് കേട്ടു തുടങ്ങി അതോടെ എന്റെ നെഞ്ചു ശക്തിയിൽ ഇടിക്കാൻ തുടങ്ങി. അവളുടെ നിലവിളി ഉയരുന്തോറും എന്റെ നെഞ്ചിടിപ്പും കൂടാൻ തുടങ്ങി.അവൾക്ക് വേദന കൂടിയിട്ടും ഡോക്ടർ വരുന്നത് കാണാഞ്ഞപ്പോൾ ആദ്യമായി എനിക്കെന്റെ ലക്ഷ്മി ഡോക്ടറോട് ദേഷ്യം തോന്നി. അപ്പോഴേക്കും ഓടിപാഞ്ഞു വരുന്ന ഡോക്ടറെ കണ്ടതും അപ്പോൾ തോന്നിയ ദേഷ്യം ആരാധനയായി. ദൈവത്തിന്റെ കൈകൾ എത്തി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഉള്ളിൽ നിന്നും ഉള്ള അവളുടെ കരച്ചിൽ കൂടുന്തോറും ഞാനിവിടെ ദൈവങ്ങളെ വിളിക്കുന്നതിന്റെ ശക്തി കൂട്ടി. ഇന്നലെ എനിക്ക് ബ്ലീഡിങ് വന്നതിനേക്കാൾ ടെൻഷൻ ആയിരുന്നു എനിക്കപ്പോൾ. രണ്ടാൾക്കും ഒന്നും വരുത്തരുതേ എന്ന് നെഞ്ചുരുകി പ്രാർത്ഥിച്ചു. എന്റെ ആരുമല്ലാതിരുന്നിട്ട് കൂടി അവളുടെ ആ കരച്ചിൽ എന്റെ ആരെല്ലാമോ ആക്കി മാറ്റിയിരുന്നു.

ഒരു പക്ഷെ ഞാനും ഒരമ്മയായത് കൊണ്ടാവും. ഉള്ളിൽ അവളുടെ കരച്ചിൽനൊപ്പം തമ്പുരാനെ എന്നുള്ള സിസ്റ്റേഴ്സിന്റെ വിളിയും മുഴങ്ങി കൊണ്ടിരുന്നു. അപ്പോഴൊക്കെ എന്റെ കാതുകൾ ആ കരച്ചിനപ്പുറം ഒരു പുതു പിറവിയുടെ ശബ്ദത്തിന് വേണ്ടി കാതോർത്തു. അകത്തു അവർ അനുഭവിച്ച അതെ ടെൻഷൻ എനിക്കും അനുഭവപ്പെട്ടു ഞാനെന്റെ വയറിൽ മുറുകെ പിടിച്ചു. അല്പം കഴിഞ്ഞു ആ കുഞ്ഞ് കരച്ചിൽ കാതിലെത്തുകയും അനുവിന്റെ കരച്ചിൽ അടങ്ങുകയും ചെയ്തപ്പോൾ ഒരു പേമാരി തീർന്ന് വസന്തം വന്നത് പോലെ തോന്നി. എനിക്ക്. എന്തുകൊണ്ടോ ആ കുഞ്ഞിനെ കാണാൻ വല്ലാത്ത മോഹം തോന്നി. ഞാൻ മെല്ലെ ബാത്‌റൂമിന്റെ വാതിൽക്കൽ ചെന്നു നിന്നു ഉള്ളിലേക്ക് നോക്കി. അവിടെ നിന്നും നോക്കിയാൽ കുഞ്ഞിനെ കിടത്തുന്ന സ്ഥലം കാണാൻ പറ്റുമെന്ന് നേരത്തെ മനസിലായിരുന്നു. അങ്ങനെ ആ കുഞ്ഞിനെ ഞാൻ കണ്ടു. ചെറിയ ചിണുങ്ങലോടെ കയ്കാലുകൾ അനക്കുന്നുണ്ടായിരുന്നു അവൻ. കുറച്ചു കഴിഞ്ഞ് സിസ്റ്റർ അവനെ ഒരു വെള്ള തുണിയിൽ ചുറ്റി പുറത്തേക്ക് കൊണ്ട് പോകുന്നത് കണ്ടു അവന്റെ മുത്തശ്ശിയെ ഏല്പിക്കാൻ പോകുന്ന വഴി ഞാനൊന്ന് എത്തി നോക്കി മുഖം കാണാൻ ഉള്ള കൗതുകം കൊണ്ട് പക്ഷെ പറ്റിയില്ല. കുറച്ചു നേരം കൂടി ലേബർ റൂമിനുള്ളിൽ നിന്നു അവളുടെ വേദന കൊണ്ടുള്ള ചെറിയ കരച്ചിൽ കേട്ടിരുന്നു. സ്റ്റിച് ഇടുന്നതവം എന്ന് ഞാൻ ഊഹിച്ചു എന്നിട്ട് എന്റെ ബെഡിൽ ഒരാശ്വാസത്തോടെ കിടന്നു.കുറച്ചു കഴിഞ്ഞതും അവൾ പുറത്തേക്ക് വന്നു. അകത്തു അത്രയും നേരം നിലവിളിച്ച ആളാണ് അതെന്ന് തോന്നില്ലായിരുന്നു.

“പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് “

എന്ന വാക്ക് എത്രമാത്രം അർത്ഥവത്താണെന്ന് ഓർക്കുകയായിരുന്നു ഞാൻ.പക്ഷെ കുറച്ചു കഴിഞ്ഞ് അവൾ സുഖമായി തന്നെ എഴുന്നേറ്റിരിക്കുന്നതും നടക്കുന്നതും കണ്ടപ്പോൾ എനിക്ക് തോന്നി വെറുതെ അല്ല ഇതിനെ സുഖ പ്രസവം എന്ന് പറയുന്നത് എന്ന് വേറൊന്നും കൊണ്ടല്ല ഓപ്പറേഷൻ കഴിഞ്ഞ എനിക്ക് അന്നത്തെ ദിവസം ഒന്നെഴുന്നേൽക്കാനോ തിരിയാനോ സാധിച്ചിരുന്നില്ല. പിറ്റേന്ന് രണ്ടാളുടെ സഹായമില്ലാതെ തന്നെ എഴുന്നേൽക്കാനോ ഒരടി നടക്കുവാനോ പറ്റിയിരുന്നില്ല. എല്ലാവരും പറയുന്നത് ശരിയാണെന്ന് തോന്നി നോർമൽ ഡെലിവെറിയിൽ അപ്പോഴത്തെ വേദനയെ ഒള്ളു പക്ഷെ സിസേറിയന്റെ ബുദ്ധിമുട്ടുകൾ നമ്മെ ജീവിത കാലം മുഴുവൻ അലട്ടും. പെട്ടെന്ന് അവളുടെ കരച്ചിൽ ഓർത്തപ്പോൾ എന്റെ മനസ്സ് പറഞ്ഞു നോർമൽ ആയാലും സിസേറിയൻ ആയാൽ രണ്ടിനും അതിന്റെതായ ബുദ്ധിമുട്ടുണ്ട്.

പക്ഷെ ഇത് രണ്ടായാലും ഇതിൽ നിന്നും വെളിവാകുന്ന ഒരേ ഒരു സത്യം എന്തെന്നാൽ. എന്തും മറികടക്കാൻ ഒരമ്മക്ക് പറ്റും എന്ന കലർപ്പില്ലാത്ത സത്യം.

അങ്ങനെ ഓരോന്നോർത്തു കൊണ്ടിരുന്നപ്പോഴാണ് എന്നെ സ്കാനിങ്ങിന് കൊണ്ട് പോകാൻ വീൽ ചെയർ വന്നത് സ്കാനിംഗ് എല്ലാം കഴിഞ്ഞു തിരികെ ലേബർ റൂമിലേക്ക് ചെന്നപ്പോൾ എന്നെ നോക്കുന്ന ഡോക്ടർ അവിടുണ്ടായിരുന്നു. എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല എന്നും ഒന്നുകൊണ്ടും പേടിക്കണ്ട എന്നും ഇന്ന് വാർഡിലേക്ക് മാറ്റമെന്നും പുഞ്ചിരിയോടെ പറഞ്ഞു. എന്റെ ആശ്വാസത്തിനും സന്തോഷത്തിനും അതിരില്ലായിരുന്നു. മറ്റൊരാമ്മക്കും കുഞ്ഞിനും വേണ്ടി മനമുരുകി ഞാൻ പ്രാർത്ഥിച്ചത് കൊണ്ടാവും എന്റെ ഉള്ളിൽ ഉള്ള ജീവനെ ദൈവം കാത്തത് എന്ന് ഞാൻ മനസ്സിൽ ഉറച്ചു വിശ്വസിച്ചു. അനുവിനോട് യാത്ര പറഞ്ഞു ആ റൂമിൽ നിന്നിറങ്ങുമ്പോൾ വെള്ളയിൽ ചുവന്ന നിറത്തിൽ എഴുതിയ ആ പേര് ഞാൻ ഒരിക്കൽ കൂടി വായിച്ചു.

“ലേബർ റൂം”

അവസാനിച്ചു

ഇത് ചെറിയൊരു അനുഭവ കഥയാണ് ഇഷ്ടപെട്ടാൽ കമന്റ്‌ ചെയ്യണേ ❤

Scroll to Top