വീടു വൃത്തിയാക്കി കൊണ്ടിരിക്കുമ്പോഴാണ് അമ്മുവിനോട് മാഡം വിളിച്ചുപറഞ്ഞത്…

വിഷാദത്തിന്റെ നീലമേഘങ്ങള്‍

രചന: Sangeetha K H

അമ്മൂ ,നിനക്കൊരു ഫോൺ വന്നിട്ടുണ്ട്”.

വീടു വൃത്തിയാക്കി കൊണ്ടിരിക്കുമ്പോഴാണ് അമ്മുവിനോട് മാഡം വിളിച്ചുപറഞ്ഞത്. ആരാ തന്നെ ഈ നേരത്ത് വിളിക്കാൻ എന്ന് കരുതി ഫോൺ റിസീവർ എടുത്തപ്പോൾ അമ്മാവന്റെ ശബ്ദമാണ് കേട്ടത്.

“അമ്മുവേ നീ അത്യാവശ്യായി ഇവിടെ വരണം.. കാര്യങ്ങളൊക്കെ വന്നിട്ട് പറയാം.”

പറയലും വെക്കലും ഒരുമിച്ചു കഴിഞ്ഞു. അല്ലെങ്കിലും അമ്മാവൻ അങ്ങനെയാണ്. വാക്കുകൾ അളന്നു തൂക്കി മാത്രം സംസാരിക്കുന്ന ആൾ. അമ്മായിക്ക് ഇനി വയ്യായ്ക വല്ലതും ഉണ്ടോ ആവോ. പലവിധ ചിന്തകളുമായി ആണ് അന്ന് അവൾ പണിയെടുത്തത്.

ജോലി കഴിഞ്ഞു ഇറങ്ങാൻ നേരം മാഡത്തോട് കുറച്ചു പൈസ അഡ്വാൻസായി ആവശ്യപ്പെട്ടു. രണ്ടു ദിവസത്തെ ലീവ് പറഞ്ഞു അവൾ വീട്ടിലേക്ക് പുറപ്പെട്ടു.

പിറ്റേന്ന് അതിരാവിലെ തന്നെ അവൾ നാട്ടിലേക്ക് യാത്രതിരിച്ചു .ചിന്താഭാരവും യാത്രാക്ഷീണവും അവളെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു. ഗ്രാമത്തിൽ എത്തിയപ്പോൾ ഇരുട്ടിയിരുന്നു.

തന്നെ കാത്ത് ചിന്നൻ അവിടെ കാണും എന്ന് അവൾ വ്യാമോഹിച്ചു. പക്ഷേ അടുത്ത വീട്ടിലെ പയ്യൻ ആയിരുന്നു അവളെ കൂട്ടിക്കൊണ്ടുപോകാൻ വന്നത്. അമ്മാവന്റെ വീട്ടിൽ എത്തിയപ്പോൾ നേരം നന്നേ വൈകിയിരുന്നു. ചിന്നനെ മാത്രം എവിടെയും കണ്ടില്ല.

” നീ എത്തിയോ ഒരുപാട് ദൂരം യാത്ര ചെയ്തതല്ലേ. എന്തെങ്കിലും കഴിച്ചു വിശ്രമിക്കൂ, നാളെ സംസാരിക്കാം”

ബസ് ഓടവേ അതിവേഗത്തിൽ പിന്നിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന മരങ്ങളും കാഴ്ചകളും പോലെ തന്റെ ജീവിതവും വല്ലാതെ പിന്നിലേക്ക് പോകുന്നതുപോലെ അവൾക്ക് തോന്നി.

തന്റെ തോളിൽ തലചായ്ച്ച് ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന ചിന്നനെ കണ്ടപ്പോൾ അവളിൽ അമ്മത്തം ഉണർന്നു. അവനെ തന്നിലേക്ക് ചേർത്ത് പിടിക്കവേ അമ്മാവന്റെ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി.

” ഇക്കണ്ട കാലം ചിന്നനിവിടെ തന്നെയായിരുന്നു. വയ്യാണ്ട് ആയപ്പോ തള്ളിക്കളഞ്ഞത് ആണെന്ന് നീ ഒരിക്കലും വിചാരിക്കരുത്.അവൻ ഇല്ലാതെ ഇനി എങ്ങനെ എന്ന് എനിക്കറിയില്ല. എങ്കിലും ഈയൊരു അവസ്ഥയിൽ എനിക്കോ അമ്മായിക്കോ അവനെ നോക്കാൻ പറ്റ്വോ. ടൗണിൽ ആവുമ്പോ നല്ല ഡോക്ടർമാർ ഒക്കെ ഉണ്ടാവൂലോ. അവൻ പഴയപടി ആവട്ടെ.ആവും. “

തണുത്ത കാറ്റ് മുടിയിഴകളിൽ വികൃതി കാട്ടിയപ്പോൾ അവൾ ചിന്തകളിൽ നിന്നുണർന്നു. തന്റെ മുഖത്തേക്ക് ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്ന ചിന്നനെ അപ്പോഴാണ് കണ്ടത്. എത്ര ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ ചേർന്ന് ഇരുന്നു ഒരു യാത്ര.

ദേവ്യേ… ഒരു തേങ്ങൽ തൊണ്ടക്കുഴിയിൽ ഉരുണ്ടു കൂടുന്നു . കൂട്ടിനുള്ളിൽ നിന്ന് പുറത്തു കടക്കാനുള്ള കിളികുഞ്ഞിന്റെ വിഫലശ്രമം പോലെ അത് അവിടെ തന്നെ ഒടുങ്ങുന്നു.

പിന്നോക്കം പോകുന്ന കാഴ്ചകൾക്കൊപ്പം അവളുടെ മനസ്സും പിന്നോട്ടുപോയി. ചിന്നനുമായുള്ള മംഗലവും വല്ലപ്പോഴും മാത്രം ലഭിച്ച സന്തോഷങ്ങളും ഒക്കെ അവളുടെ മനസ്സിലൂടെ അതിവേഗം കടന്നു പോയി. ചിന്നൻ എന്നെങ്കിലും ഒരു ഭാര്യ എന്ന നിലയ്ക്ക് തന്നെ സ്നേഹിച്ചിട്ടുണ്ടാവുമോ. ചിന്നന്റെ മനസ്സിൽ കൃഷിക്കും കന്നുകാലികൾക്കും അല്ലാതെ തനിക്ക് ഒരു സ്ഥാനവും ഇല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

കല്യാണത്തിന് ശേഷം പട്ടണത്തിൽ ചിന്നന്റെ അമ്മയ്ക്കൊപ്പം തന്നെ നിർത്തി അമ്മാവന്റെ അടുക്കലേക്ക് പോയപ്പോൾ ആദ്യം വലിയ സങ്കടം ആയിരുന്നു.

പിന്നീട് അമ്മയ്ക്ക് വയ്യാണ്ടായപ്പോൾ മാഡം ആണ് ഫ്ലാറ്റിൽ വരാൻ ആവശ്യപ്പെട്ടത്. അന്നതൊരു അനുഗ്രഹം ആയിരുന്നു.

ഇടക്ക് ഗ്രാമത്തിലേക്ക് പോകുമ്പോൾ ചിന്നനൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ആ മനസ്സിന്റെ കളങ്കമില്ലായ്മ വ്യക്തമാക്കിയിരുന്നു.

പക്ഷേ കുഞ്ഞന്റെ ജനനം തന്നിൽ വാശിയാണ് ഉണ്ടാക്കിയത്. മറ്റൊരു ചിന്നന്നായി തന്റെ മകൻ മാറരുത് എന്ന വാശി. അവൻ വിദ്യാഭ്യാസം നേടണം, ഉയർന്ന ജോലിക്കാരനാവണം എന്ന ചിന്തയാണ് തന്നെ അമ്മയുടെ മരണശേഷവും പട്ടണത്തിൽ പിടിച്ചു നിർത്തിയത്.

ചിന്നനെ പല തവണ വിളിച്ചുവെങ്കിലും അമ്മാവനെയും അമ്മായിയെയും വിട്ട് വരാൻ പറ്റില്ല എന്ന കാരണവും പറഞ്ഞു കൂട്ടാക്കിയില്ല.

ഇന്ന് തീരെ പ്രതീക്ഷിക്കാതെ മടക്കയാത്ര ചിന്നനൊപ്പം..

കുറച്ചു നാളായത്രേ അവനിൽ മാറ്റം തുടങ്ങിയിട്ട്. പൊതുവെ സംസാരം കുറഞ്ഞ ആൾ മൂകനായത് ആർക്കും പിടി കിട്ടിയതുമി ല്ല. പാടത്തേക്ക് പോകാതെ കുളിയും തേവാരവും ഇല്ലാതെ വാതിൽ അടച്ചു ഇരുപ്പ് ആയപ്പോഴാണ് ചിന്നനിൽവന്ന മാറ്റം അവർ ശ്രദ്ധിച്ചത്. ഒരു ദിവസം മുഴുവൻ കാണാതായ ചിന്നനെ കണ്ടെത്തിയത് അമ്മാവന്റെ കട്ടിലിനടിയിൽ നിന്നായിരുന്നു.

അസമയത്ത് തൊഴുത്തിൽ നിന്നുള്ള കന്നാലികളുടെ കരച്ചിൽ കേട്ട് ചെന്ന അമ്മാവൻ കണ്ടത് എല്ലാത്തിനെയും കയർ അഴിച്ചു വിടുന്ന ചിന്നനെ ആയിരുന്നു.

ചിന്നന്റെ മനസ്സിന്റെ താളം തെറ്റിയത് മക്കളില്ലാത്ത അവരെ സംബന്ധിച്ച് വിഷമം തന്നെ ആയിരുന്നു. എങ്കിലും ഈ ഒരവസ്ഥ കൈകാര്യം ചെയ്യാൻ കഴിയാതെ വന്നപ്പോൾ ആണ് തന്നെ അറിയിച്ചത്.

കുഞ്ഞനെ ഹോസ്റ്റലിൽ ആക്കിയത് നന്നായി. മാഡം ആണ്അങ്ങനെ ഒരു സ്കൂളും സൗകര്യവും ഒരുക്കി തന്നത്. ഈ ഒരു അവസ്ഥയിൽ അവൻ അച്ഛനെ കാണണ്ട.

കണ്ടക്ടർ അവർക്കിറങ്ങേണ്ട സ്റ്റോപ്പ്‌ എത്തി എന്ന് അടുത്തെത്തി ഓർമിപ്പിച്ചു.

ചിന്തകൾക്ക് താല്കാലിക വിരാമം ഇട്ട് അവൾ ചിന്നനെ എഴുന്നേൽപ്പിച്ചു.
അനുസരണയുള്ള കുട്ടിയെ പോലെ അവൻ അവൾക്കൊപ്പം നടന്നു.

രാവിലെ അവൻ ഉറക്കമുണരുന്നതിനു മുൻപ് അടുത്തുള്ള കോയിൻ ഫോണിൽ നിന്ന് മാഡത്തെ വിളിച്ചു വിവരം അറിയിച്ചു

പിന്നീടുള്ള ദിവസങ്ങൾ അവൾ വീണ്ടും ഒരു അമ്മ ആകുകയായിരുന്നു. അതെ ചിന്നന്റെ അമ്മ. മടുപ്പേതുമില്ലാതെ അവൾ അവനെ കുളിപ്പിച്ചു ഊട്ടി ഉറക്കി.

വിദൂരതയിൽ നോക്കി ഇരിക്കുമ്പോഴും അവൻ അവളുടെ കൈ മുറുകെ പിടിച്ചിരിക്കും. ബോധത്തിന്റെയും അ ബോധത്തിന്റെയും നൂൽപ്പാലങ്ങൾ ക്കിടയിൽ സഞ്ചരിക്കുമ്പോഴും തന്റെ സാമീപ്യം അവൻ തിരിച്ചറിയുന്നു എന്നത് അവളുടെ മനസ്സിൽ തണുപ്പ് പടർത്തി.

ദിവസങ്ങൾ ഏറെ കൊഴിഞ്ഞു

ഇപ്പോൾ അവൾ ജോലിക്ക് പോകുന്നില്ല. ചേരിയിലെ ഒരു N. G. O വഴി വീട്ടിൽ ഇരുന്ന് തന്നെ ചെറിയ തൊഴിൽ ചെയ്യുന്നു.

മാഡം പറഞ്ഞ പ്രകാരം ചിന്നനെ ഒരു ഡോക്ടറെ കാണിച്ചിരുന്നു. ചില മരുന്നുകളും കൊടുത്തു.

ആയിടെയാണ് അടുത്തുള്ള പളനി ചേട്ടൻ അവളുടെ സുഖവിവരം അന്വേഷിച്ച് വന്നത്.

ചോദ്യങ്ങൾ അതിരു വിട്ടപ്പോഴാണ് വിദൂരതയിൽ നോക്കിയിരുന്ന ചിന്നൻ എഴുന്നേറ്റത്. ഒരടിയിൽ ഒന്നും പിന്നെ നിന്നില്ല.

ഒരു കണക്കിനാണ് അവൾ ചിന്നനെ പിടിച്ചു മാറ്റിയത്. അന്ന് അവൾ അവനെ കുറേ വഴക്ക് പറഞ്ഞു.

അവൻ ഉറങ്ങി എന്ന് കണ്ടു അവൾ എഴുന്നേറ്റു. മനസ്സ് കൊണ്ട് ക്ഷമ ചോദിച്ചു.

സത്യത്തിൽ അത്തരം വഴക്കുകൾ അവരുടെ അവിടത്തെ സ്വൈര്യം ഇല്ലാണ്ടാക്കും എന്ന ഭയമായിരുന്നു അവൾക്ക്‌ .

രാത്രി ഉറക്കം ശെരിക്ക് കിട്ടാതിരുന്നത് കൊണ്ടാണെന്നു തോന്നുന്നു രാവിലെ കുറച്ചേറെ നേരം കഴിഞ്ഞാണ് അമ്മു കണ്ണ് തുറന്നത്.

കിടക്കയിൽ ചിന്നന്നില്ല എന്ന് ഒരു നിമിഷം കഴിഞ്ഞാണ് അവൾ തിരിച്ചറിഞ്ഞത്. പുറത്തേക്കുള്ള വാതിൽ ചാരിയിട്ട നിലയിലാണ്. ഒരു നിമിഷം കൊണ്ട് അവൾ പുറത്തേക്ക് കുതിച്ചു.

ഭയം തുടി കൊട്ടുന്ന മനസ്സുമായി കിണറ്റിലേക്ക് നോക്കി.

ഇല്ല

തെളിഞ്ഞ വെള്ളം അടിത്തട്ടിനെ അനാവൃതമാക്കി.

വിവരം അറിഞ്ഞു അയൽവാസികൾ എല്ലാവരും എത്തി. സഹതാപവും അടക്കംപറച്ചിലുകളും അവൾക്ക് ചുറ്റും തങ്ങിനിന്നു .

അന്വേഷണം സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു.

വൈകുന്നേരം ആയിട്ടും ജലപാനം ഇല്ലാതെ ഇരുന്നു കരയുന്ന അവളുടെ നോട്ടം ചുമരിലൂടെ വരിയിട്ട് കട്ടിലിനടിയിലേക്ക്‌ പോകുന്ന ചുവന്ന ഉറുമ്പുകളിലേക്ക്‌ പാളി വീണു.ഒരു ഭ്രാന്തിയെ പോലെ ചാടി എണീറ്റ അവൾ കട്ടിലിനടിയിലേക്ക് നോക്കി.

ചിന്നൻ അവിടെ ഉറങ്ങികിടക്കുകയാ യിരുന്നു. ഒരിക്കലും ഉണരേണ്ടാത്ത ഉറക്കം….