അത് കേട്ട് ബസ്റ്റോപ്പില്‍ വായ തോളിലിട്ടിരിക്കുന്ന ആങ്ങളമാരെല്ലാം സഡന്‍ലി സടകുടഞ്ഞെഴുന്നേറ്റു…

ഫ്രീക്ക് ഫെമിനു

രചന: നൗഷാദ് കണ്ണേരി

ബ്യൂട്ടീഷോപ്പില്‍ നിന്നും ധൃതിയില്‍ പുറത്തിറങ്ങിയ ദിയയും കൂട്ടുകാരി ശാലുവും തങ്ങളുടെ സ്കൂട്ടിയുടെ അരികിലേക്ക് നടക്കുമ്പോള്‍ പുറകില്‍ നിന്നും തുടരെതുടരെയുളള ചൂളംവിളികേട്ട് തിരിഞ്ഞുനോക്കി..

ഒരു പയ്യനാണ്, റോഡില്‍ മറ്റാരുംതന്നെയില്ല.. ചൂളംവിളിച്ച് അവന്‍ സൈറ്റടിക്കുന്നത് തങ്ങളെയാണെന്ന് അവര്‍ക്കുമനസിലായി.. പയ്യന്‍ തങ്ങളേക്കാള്‍ ഇളയതാണെന്ന് മനസിലായ ദിയ ശാലുവിനോട് പറഞ്ഞു..

”മുട്ടേന്ന് വിരിഞ്ഞിട്ടില്ല കോഴിക്കുട്ടി.. അവനിങ്ങ് വരട്ടെ..ശരിയാക്കികൊടുക്കുന്നുണ്ട് ഞാന്‍..”

തന്‍റെ കൂട്ടുകാരിയെ ശരിക്കറിയുന്ന ശാലു ഭയപ്പെട്ടു.

”നീ ഒന്ന് അടങ്ങ് ദിയാ.. വെറുതെ എന്തിനാണ് നമ്മളായിട്ട് ഒരു പ്രശ്നത്തിന് നില്‍ക്കുന്നത്.?”

”പേടിക്കാതെടീ.. പെണ്‍കുട്ടികളായാല്‍ ഇത്തിരി ഗഡ്സൊക്കെവേണം അല്ലെങ്കില്‍ ഈ കാലത്ത് ജീവിക്കാന്‍ പറ്റില്ല.”

അപ്പോളേക്കും പുറകില്‍ നിന്നും പയ്യന്‍ നടന്ന് അടുത്തിരുന്നു. ഒരു അംഗത്തിത്തിനായി ദിയ റെഡിയായി നിന്നു

”കുറേനേരമായല്ലോടാ നീ ചൂളംവിളിക്കാന്‍ തുടങ്ങിയിട്ട്.. നിനക്ക് എന്തിന്‍റെ ഏനക്കേടാണ്..? സുന്ദരിയായ പെണ്‍കുട്ടികള്‍കൊന്നും പുറത്തിറങ്ങി നടക്കാനും പറ്റാത്ത അവസ്ഥയായല്ലോ.?”

നടന്നടുത്ത പയ്യന്‍ ദിയയെ അടിമുടി ഒന്നുനോക്കിയതിന് ശേഷം ശാലുവിനോട് ദേഷ്യത്തോടെ ചോദിച്ചു

”ഏതാണ് ഈ കൂറ.. ഒരു അധോലോകസുന്ദരി വന്നിരിക്കുന്നു.. ഇവളെ ആരാണു വിളിച്ചത്.? ഞാന്‍ എന്‍റെ കൂട്ടുകാരനെയാണ് വിളിച്ചത്.. രാവിലെതന്നെ ഒരോന്ന് ഇറങ്ങിക്കോളും.”

റോഡിലെ ബഹളംകേട്ട് തൊട്ടപ്പുറത്തെ മരത്തിന് പുറകില്‍ ഒളിഞ്ഞു നിന്ന് വലിച്ചിരുന്ന സികരറ്റ് കുറ്റിനിലത്തിട്ട് ചവിട്ടിക്കെടുത്തി അവന്‍റെ കൂട്ടുകാരന്‍ അങ്ങോട്ടെത്തി.

കാര്യംമനസിലായി ഉളളിലുളള ജാള്യത മറച്ചുവെക്കാനായി ദിയ അടവൊന്ന് മാറ്റിപ്പിടിച്ചു..

”അതു ശരി.. ഒളിഞ്ഞുനിന്ന് സികരറ്റ് വലിക്കുകയായിരുന്നു അല്ലേ.? നിങ്ങളുടെ വീട്ടിലറിയുമോ ഇത്.?”

”ഒഞ്ഞ് പോയെടീ അവിടുന്ന്.. നീ നിന്‍റെ തരത്തില്‍പോയി കളിക്ക്..” പയ്യന്‍മാര്‍ രണ്ടും ദിയയെ ഭിത്തിയില്‍ തേച്ചൊട്ടിച്ച് നടന്നുനീങ്ങി.

ചമ്മിനില്‍ക്കുന്ന ദിയയെ കണ്ട് ശാലുവിന് ചിരി അടക്കാന്‍ കഴിഞ്ഞില്ല.

”വയറു നിറച്ച് കിട്ടിയില്ലേ..? ബാ ഇനി പുവാം.. കാര്യമറിയാതെ എടുത്തുചാടിയാല്‍ ഇങ്ങനെയിരിക്കും.”

ഹാന്‍റ് ബാഗില്‍ നിന്നും കീയെടുത്ത് ദിയ മുറുമുറുപ്പോടെ സ്കൂട്ടി സ്റ്റാര്‍ട്ടാക്കി..ഉളളില്‍ പതഞ്ഞ് പൊങ്ങിയ ദേഷ്യം അവള്‍ സ്കൂട്ടിയുടെ ആക്സിലേറ്ററിലാണ് തീര്‍ത്തത്.. രണ്ട്പേരേയും വഹിച്ച് സ്കൂട്ടി മുന്നോട്ട് കുതിച്ചു.

”ഇനി സമയത്തിന് അങ്ങ് എത്തുമോ അവോ.. ഇപ്പോള്‍ തന്നെ നേരംവൈകി കല്ല്യാണത്തിനെത്താന്‍..”

”നീ പേടിക്കണ്ടടീ.. ഞാനല്ലേ ഡ്രൈവര്‍ പിന്നെയെന്തിന് നീ പേടിക്കണം.?”

”അതു തന്നെയാണെന്‍റെ പേടിയും. നിന്‍റെ നാക്ക് പോലെതന്നെയാണ് നിന്‍റെ പോക്കും.. ഒരു ബെല്ലും ബ്രേക്കുമില്ല.. പതുക്കെ പോയാല്‍ മതീട്ടോ.. അതല്ലെങ്കില്‍ ഞാന്‍ ബസ്സില്‍ വന്നോളാം എനിക്ക് പേടിയാണ്..”

”പെണ്ണുങ്ങളായാല്‍ അത്യാവശ്യം ധൈര്യം വേണമെടീ.. നിന്നെപ്പോലെ പ്രതികരണ ശേഷി ഇല്ലാത്ത പേടിത്തൂറി പെണ്ണുങ്ങള്‍ക്കൊന്നും ഇക്കാലത്ത് ജീവിക്കാന്‍ തന്നെ അവകാശമില്ല.”

സ്കൂട്ടി രണ്ട് സുന്ദരികളേയും വഹിച്ച് ഗമയില്‍ പരമാവതി സ്പീടില്‍ മുന്നോട്ടു നീങ്ങി. പതുക്കെ പോയാല്‍ മതിയെന്ന് പറഞ്ഞ് ശാലു ഭയത്തോടെ ദിയയെയെ മുറുകെപിടിച്ചെങ്കിലും സ്കൂട്ടിയുടെ സ്പീഡ്മാത്രം കുറഞ്ഞില്ല.

നിരത്തിലൂടെ പിങ്ക് കളറിലുളള സ്കൂട്ടി പലവാഹനങ്ങളേയും പിറകിലാക്കി മുന്നേറികൊണ്ടിരുന്നു.

ഒരു ഫ്രീക്കന്‍ ചെക്കന്‍െ ബൈക്കിനെ ഓവര്‍ ടേക്ക് ചെയ്തു കയറിമുന്നേറിയപ്പോള്‍ ഫ്രീക്കന്‍ അവരെ വിടാതെ പിന്‍തുടരുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടു..

തങ്ങള്‍ക്കു നേരെ കൈ ഉയര്‍ത്തി കൊണ്ട് എന്തെല്ലാമോ ആക്ഷന്‍ കാണിക്കുന്ന ചെത്ത് പയ്യനെ സൈഡ് മിററിലൂടെ കണ്ട ദിയയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

അവള്‍ ഇടത് സൈഡിലുളള തന്‍റെ നേര്‍ക്ക് തിരിച്ച് വച്ച കണ്ണാടിയിലേക്ക് നോക്കി തന്‍റെ സൗന്ദര്യം ഒന്നുകൂടി ആസ്വദിച്ച് സ്വയം ആത്മഗതം ചെയ്തു.

‘സുന്ദരി തന്നെ.. ഈ സൗന്ദര്യത്തില്‍ വീഴാത്ത പയ്യന്‍മാരുണ്ടാവുമോ.?’

ഫ്രീക്കന്‍ പരിസരബോധമില്ലാതെ ഹോണ്‍ മുഴക്കി വിടാതെ സ്കൂട്ടിയുടെ പിറകേകൂടിയിരിക്കുകയാണെന്ന് മനസിലായപ്പോള്‍ ദിയക്ക് അതൊരു ശല്ല്യമായിതോന്നി.

മുന്‍പ് ഉണ്ടായ നാണക്കേടിന് ഒരു പ്രതികാരം തീര്‍ക്കല്‍കൂടിയാവുമെന്ന് അവള്‍ കരുതി.

”ഇവന്‍മാരെയൊന്നും വെറുതെ വിടാന്‍ പാടില്ല ശാലൂ.. അവനിട്ടൊരു പണി കൊടുക്കണം. പെണ്‍കുട്ടികള്‍ക്കും ഇവിടെ ജീവിക്കണ്ടേ.?”

ശാലു തലയില്‍ കൈവച്ചുകൊണ്ട് പറഞ്ഞു..

”നിന്‍റെ കൂടെ എങ്ങോട്ടെങ്കിലും ഇറങ്ങിയാലുളള കുഴപ്പം ഇതാണ് ആവശ്യമില്ലാത്ത ഏടാകൂടത്തിലെല്ലാം ചെന്ന് തലയിടും.”

പോകുന്ന വഴിയിലെ ബസ്റ്റോപ്പില്‍ സ്ഥിര ശല്ല്യക്കാരായ കുറച്ച് പൂവന്‍മാരുണ്ട് അവരെവച്ച് ഈ പൂവന് പണികൊടുക്കണമെന്നാണ് ദിയയുടെ ലക്ഷ്യം.

”മുളളിനെ മുളളുകൊണ്ടെടുക്കണമെന്നാണ് ചൊല്ല്. നീ ഒന്ന് മിണ്ടാതിരുന്നാല്‍ മതി ബാക്കികാര്യം ഞാനേറ്റു.”

”നീ എന്ത് ഭാവിച്ചാണ് നിയ.? വേണ്ടാത്ത പ്രശ്നങ്ങള്‍ക്കൊന്നും നില്‍ക്കണ്ട.. നേരം വൈകും.?”

”ഇതൊക്കെയല്ലേടീ ജീവിതത്തിലെ ഒരു ത്രില്ലെന്ന് പറയുന്നത്..”

ബസ്റ്റോപ്പ് ദൂരെ കണ്ടപ്പോള്‍ അവള്‍ ഗ്ലാസിലൂടെ പിറകെ വരുന്ന ഫ്രീക്കനെ ഒന്ന് കൂടി നോക്കി. ദിയയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

ബാ മോനെ സുന്ദരക്കുട്ടാ നിനക്ക് വച്ചിട്ടുണ്ടെന്ന് മനസില്‍പറഞ്ഞു.

സ്കൂട്ടി ബസ്റ്റ് സ്റ്റോപ്പിന് അടുത്തതോട് കൂടി സൈഡൊതുക്കി പിറകിലേക്ക് നോക്കി അവള്‍ വിളിച്ച് പറഞ്ഞു.

”നിനക്കൊന്നും അമ്മ പെങ്ങന്‍മാരില്ലെടാ.. നാറി.?”

അത് കേട്ട് ബസ്റ്റോപ്പില്‍ വായ തോളിലിട്ടിരിക്കുന്ന ആങ്ങളമാരെല്ലാം സഡന്‍ലി സടകുടഞ്ഞെഴുന്നേറ്റു.

”എന്താ പെങ്ങളെ.? എന്താണ് പ്രഷ്നം.?”

പിറകിലേക്ക് നോക്കി ദിയ പറഞ്ഞു.

”ആ നാറി പിറകേ വന്ന് ഹോണടിച്ച് ശല്ല്യം ചെയ്യുകയാണ്. കുറേനേരമായി ക്ഷമിക്കുന്നു..”

അപ്പോഴേക്കും പിറകില്‍ വന്ന ഫ്രീക്കനുമുന്‍പില്‍ ആങ്ങളാമാരെല്ലാം ചാടിവീണിരുന്നു.

ചോദ്യമൊന്നും മുണ്ടായില്ല. ഫ്രീക്കന്‍റെ കവിളില്‍ ആദ്യ അടി പൊട്ടി. ഫ്രീക്കനും ബൈക്കും ഒന്നിച്ച് ദാ കിടക്കുന്നു താഴെ. വീണിടത്തുനിന്നും ഫ്രീക്കനെ ഒരുത്തന്‍ കോളറില്‍പിടിച്ച് പിടിച്ചെഴുന്നേല്‍പ്പിച്ചു.

”ഓന്‍റെ അളിഞ്ഞ ഒരു ഗ്ലാസും.. പഴുത്ത കരിമ്പനത്തേങ്ങ പശു കടിച്ചീമ്പിയ പോലുളള താടിയും.. എന്താടാ നിനക്ക് വേണ്ടത്..?”

ഫ്രീക്കന് ഒന്നും പറയാനുളള സമയം കിട്ടുന്നതിന് മുമ്പ് തന്നെ മറ്റുളളവരില്‍ നിന്നും വേണ്ടത് കിട്ടിയിരുന്നു.. അവന്‍ കരഞ്ഞ് കൊണ്ട് പറഞ്ഞു.

”ഏട്ടന്‍ മാരെ ഞാന്‍ പറയുന്നത് നിങ്ങളൊന്ന് കേള്‍ക്ക്..”

”നീ പറയെടാ മോനെ.. എന്നിട്ട് വേണം നിനക്ക് രണ്ടുകൂടി തരാന്‍.”

”ഞാന്‍ അവരെ പിന്‍തുടര്‍ന്നത് ശല്ല്യം ചെയ്യാനല്ല… സ്കൂട്ടിയുടെ പിറകിലിരുന്ന കുട്ടിയുടെ കഴുത്തിലുളള ഷോള്‍ ടയറിലേക്ക് താഴ്ന്ന് കിടന്നിരുന്നു. ഷോള്‍ ടയറില്‍ ചുറ്റി അപകടം സംഭവിക്കണ്ട എന്നു കരുതി അവരോട് പറയാന്‍ പിറകേ കൂടിയതാണ്. ഓവര്‍ സ്പീടിലായിരുന്നു അവര്‍.”

അത് കേട്ട് ദിയ പതുക്കെ ശാലുവിനോട് പറഞ്ഞു.

”പണി പാളീട്ടോ മോളെ.. വേഗം സ്കൂട്ടാവുന്നതാണ് ബുദ്ധി.”

”നേരം വൈകി ഞങ്ങള്‍ പോവുകയാണ്.. അവനൊരു അബദ്ധം പറ്റിയതാണ് പാവം.. വിട്ട് കള ചേട്ടന്‍മാരെ.”

അത് കേട്ട് തല്ല് കൊണ്ട ഫ്രീക്കന്‍ കരയാന്‍ തുടങ്ങി.

”ഏട്ടന്‍മാരെ.. കൂട്ടുകാരന്‍റെ ബൈക്കും കണ്ണടയും ഷര്‍ട്ടുമാണിത്. താഴെ വീണപ്പോള്‍ കണ്ണാടിയും കണ്ണടയും പൊട്ടി പിടിവലിയില്‍ ഷര്‍ട്ടും കീറി. എന്‍റടുത്ത് ഒരു പൈസയുമില്ല.”

അത് കേട്ട് മറ്റൊരുത്തന്‍ ചോദിച്ചു.

”ജട്ടി നിന്‍റെതാണോടാ? ഒരു ഓഞ്ഞ ഫ്രീക്കന്‍ വന്നിരിക്കുന്നു.”

അതേയെന്ന അര്‍ത്ഥത്തില്‍ അവന്‍ തലകുലുക്കി.

”ഭാഗ്യം”

ഒരു നിമിഷം കൊണ്ട് ആങ്ങളമാര്‍ വില്ലന്‍മാരായി. ദിയയുടെ സ്കൂട്ടിയുടെ ചാവി ഊരി ഒരുത്തന്‍ പറഞ്ഞു.

”അങ്ങനെയങ്ങ് പോകാന്‍ വരട്ടേ.. രാലിലെ തന്നെ ഒരോരോ ഫെമിനു കൊച്ചമ്മമാര്‍ സ്കൂട്ടിയും കൊണ്ടിറങ്ങും മനുഷ്യനെ മിനക്കെടുത്താന്‍. അവനുളള നഷ്ട പരിഹാരം കൊടുത്തിട്ട് പോയാല്‍ മതി.”

”നഷ്ട പരിഹാരമോ.. നിങ്ങളല്ലേ അവനെ ഉപദ്രവിച്ചത്.?”

”നീയല്ലേ ഞങ്ങളെയിതാ റോടിലിട്ട് പീഡിപ്പിക്കണേന്ന് പറഞ്ഞ് നിലവിളിച്ചത്.?
നമ്പറിറക്കാതെ വേഗം പണം കൊടുക്ക്.”?

വാക്കുതര്‍ക്കങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പില്ലാത്തത്കൊണ്ട് ദിയ പറഞ്ഞു.

”കൈയ്യില്‍ ഇപ്പോള്‍ നൂറു രൂപമാത്രമെയുളളൂ.”

”നൂറു ഉലുവയോ.?”

”വണ്ടിടെ ഗ്ലാസ്.. റൈബണ്‍ കണ്ണട.. പൂമയുടെ ഷര്‍ട്ട്, ടോട്ടല്‍ മുവ്വായിരം രൂപ ഇങ്ങെടുക്ക്..”

മൂവ്വായിരം രൂപയെന്ന് കേട്ട് ദിയയുടെ കണ്ണ് ബുള്‍സൈ പോലെ പുറത്തേക്ക് തളളി..

”മുവ്വായിരം രൂപയോ.? ഇരുനൂറ്റമ്പത് രൂപതരും..”

”അതു പറ്റിയ മൂവായിരം രൂപയൊന്നും ഞങ്ങളുടെ കൈയിലില്ല..”

”ഓക്കെ ഇപ്പോള്‍ ഇരുനൂറ്റമ്പത് രൂപകൊടുക്ക് രണ്ടുപേരുടേയും അഡ്രസും ഫോണ്‍ നമ്പര്‍ തന്ന് പോയിക്കോളൂ.. വീട്ടിലെ നമ്പര്‍ പോരാ നിങ്ങളുടെ നമ്പര്‍ തരണം. കാരണം നിങ്ങള്‍ പണം കൊടുക്കുമെന്ന് ഞങ്ങള്‍ക്കും ഒരു വിശ്വാസം വേണ്ടേ പൈസകിട്ടുന്നത് വരെ ഞങ്ങള്‍ ഇടക്കിടക്ക് വിളിച്ചോളാം.”

മൊത്തത്തില്‍ കുടുങ്ങിപ്പോയി രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലെന്ന് രണ്ടു പേര്‍ക്കും മനസിലായി.. രണ്ട് പേരുടേയും ഹാന്‍റ് ബാഗ് അരിച്ച് പെറുക്കി ഉണ്ടായിരുന്ന രണ്ടായിരം രൂപയും എടുത്ത് കൊടുത്ത് ദിയയും ശാലുവും പെട്ടന്ന് സ്ഥലം കാലിയാക്കി.

കിട്ടിയപൈസ ഫ്രീക്കന് കൊടുത്ത് അവര്‍ പറഞ്ഞു.

”സോറിയളിയാ അബദ്ധം പറ്റിയതാണ്. മനസിലൊന്നും വെക്കണ്ട. മുന്നൂറ്റമ്പത് രൂപയുടെ ഷര്‍ട്ട് നൂറ്റമ്പത് രൂപയുടെ ഗ്ലാസ് ഇരുനൂറ്റമ്പത് വണ്ടിയുടെ ഗ്ലാസ് മാറ്റാന്. എങ്ങനെപോയാലും നിനക്ക് ലാഭക്കച്ചവടമാണ്. കിട്ടിയ അടി അത് നീ ക്ഷമിച്ചോളണം അതിനുംകൂടിയുളള പണം ഇതിലുണ്ട്.”

ഫ്രീക്കന്‍ ബൈക്ക് ഓടിച്ചുപോയപ്പോള്‍ കൂട്ടത്തിലുളള ഒരുവന്‍ നിരാശയോടെ പറഞ്ഞു..

”നമ്മളിട്ട നമ്പര്‍ പാളിയളിയാ..എന്നാലും അവളുടെ നമ്പര്‍ കിട്ടിയിരുന്നെങ്കില്‍ പൊളിച്ചേനെ. അവളൊരു ഫ്രീക്കത്തി തന്നെയാണ്.”